“അത് സുന്നത്തല്ലേ”, സാധാരണ മുസ്ലിംകൾക്കിടയിൽ പറഞ്ഞു കേൾക്കാറുള്ള വാക്കാണിത്. മതപരമായ ചില കാര്യങ്ങൾ ഒഴിവാക്കാൻ ആളുകൾ പറയുന്ന ന്യായമാണത്. “സുന്നത്ത്” എന്നുപറഞ്ഞാൽ വലിയ പ്രാധാന്യമുള്ളതൊന്നുമല്ല എന്ന ധാരണ സമൂഹത്തിലുണ്ട്. എന്നാൽ ഇത് തെറ്റായൊരു ധാരണയാണ്.
എന്താണ് സുന്നത്ത്?
സുന്നത്ത് എന്നാൽ ഭാഷയിൽ മാർഗം എന്നാണർത്ഥം. അല്ലാഹു പറയുന്നു:
فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ
അപ്പോള്‍ പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ ഉണ്ടായ നടപടിക്രമമല്ലാതെ എന്താണവര്‍ കാത്തിരിക്കുന്നത്? (ഖു൪ആന്‍:35/43)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ
നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും ……. (ബുഖാരി:7320)
കര്‍മശാസ്ത്ര ഭാഷയില്‍ ‘സുന്നത്ത്’ എന്ന പദം ഉപയോഗിക്കുന്നത് ‘എടുത്താല്‍ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമായ’ ഐഛികമായ കാര്യ ങ്ങള്‍ക്കാണ്. എന്നാല്‍ ഹദീഥ് നിദാന ശാസ്ത്രപണ്ഡിതന്മാര്‍ സുന്നത്തിനെ നിര്‍വചിക്കുന്നത് ‘നബി ﷺ യുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവക്ക് മൊത്തത്തില്‍ പറയുന്ന പേരാണ് സുന്നത്ത്’ എന്നാണ്.
വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് എങ്ങനെ ജീവിക്കണമെന്നാണോ നബി ﷺ തന്റെ ഇരുപത്തിമൂന്ന് വര്‍ഷ ജീവിതത്തില്‍ നമുക്ക് കാണിച്ച് തന്നത്, ആ ജീവിതചര്യക്കാണ് സുന്നത്ത് എന്ന് സാങ്കേതികമായി പറയുന്നത്.
ഇന്ന് സമൂഹത്തിൽ പൊതുവെ സുന്നത്തുകളോട് ആളുകൾക്ക് താല്പര്യം കുറവാണ്. വിവാഹം, ജീവിതം, മരണം, ഇബാദത്തുകൾ, ഇടപാടുകൾ തുടങ്ങി ജീവിതത്തിന്റെ സകല മേഖലകളിൽ സുന്നത്ത് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന കാര്യത്തിലെ സുന്നത്ത് എന്താണ് എന്ന് ആളുകൾ പൊതുവേ അന്വേഷിക്കാറില്ല. ബിദ്അത്തുകളുടെയും നാട്ടാചാരങ്ങളുടെയും സ്വാധീനമാണ് ഇതിന്റെ പ്രധാന കാരണം. ഏതൊരു കാര്യത്തിലും ബിദ്അത്തുകളും നാട്ടാചാരങ്ങളും പിടിമുറുക്കുമ്പോൾ ആ കാര്യത്തിലെ സുന്നത്ത് വിസ്മരിക്കപ്പെടുന്നു.
സുന്നത്തുകൾക്ക് ഇസ്ലാമിലുള്ള സ്ഥാനം ഉന്നതാണ്. അത് മനസ്സിലാക്കുന്നത് സുന്നത്തുകൾ ജീവിതത്തിൽ നടപ്പാക്കാൻ സഹായകരമാണ്.
ഒന്നാമതായി, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് സുന്നത്ത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഇസ്ലാമിന്റെ രണ്ടാം പ്രമാണമായി സുന്നത്ത് നിൽക്കുന്നു. തെളിവിന്റെ കാര്യത്തിൽ വിശുദ്ധ ഖുർആനിനും ഹദീസുകൾക്കും തുല്ല്യ പ്രാധാന്യമാണുള്ളത്. ഉദാഹരണത്തിന് വിശുദ്ധ ഖുർആൻ ഒരു കാര്യം നിഷിദ്ധമാക്കി, ഹദീസിൽ മറ്റൊരു കാര്യം നിഷിദ്ധമാക്കി. അത് രണ്ടും ഒരേപോലെ നിഷിദ്ധമാണ്. വിശുദ്ധ ഖുർആൻ നിഷിദ്ധമാക്കിയ കാര്യത്തിന് കൂടുതൽ പ്രാധാന്യമോ സുന്നത്തിലൂടെ നിഷിദ്ധമാക്കിയ കാര്യത്തിന് കുറച്ച് പ്രാധാന്യമോ ഇല്ല. കാരണം രണ്ടും അല്ലാഹുതന്നെയാണ് നിഷിദ്ധമാക്കിയിട്ടുള്ളത്.
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ
നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. (ഖു൪ആന്‍:59/7)
{وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا} وَهَذَا شَامِلٌ لِأُصُولِ الدِّينِ وَفُرُوعِهِ، ظَاهِرِهِ وَبَاطِنِهِ، وَأَنَّ مَا جَاءَ بِهِ الرَّسُولُ يَتَعَيَّنُ عَلَى الْعِبَادِ الْأَخْذُ بِهِ وَاتِّبَاعُهُ، وَلَا تَحِلُّ مُخَالَفَتُهُ، وَأَنَّ نَصَّ الرَّسُولِ عَلَى حُكْمِ الشَّيْءِ كَنَصِّ اللَّهِ تَعَالَى، لَا رُخْصَةَ لِأَحَدٍ وَلَا عُذْرَ لَهُ فِي تَرْكِهِ، وَلَا يَجُوزُ تَقْدِيمُ قَوْلِ أَحَدٍ عَلَى قَوْلِهِ،
{നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക}മതത്തിന്റെ അടിസ്ഥാന നിയമങ്ങളും ശാഖകളും പ്രത്യക്ഷമായതും പരോക്ഷമായതുമെല്ലാം ഈ വചനം ഉള്‍ക്കൊള്ളുന്നുണ്ട്. റസൂല്‍ കൊണ്ടുവന്നത് സ്വീകരിക്കിലും പിന്‍പറ്റലും ദാസന്മാരുടെമേല്‍ നിശ്ചയിക്കപ്പെട്ടതാണ്. അതിന് എതിരു പ്രവര്‍ത്തിക്കല്‍ പാടില്ലാത്തതാണ്. ഒരു കാര്യത്തില്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ വിധിപോലെ തന്നെയാണ്. അത് ഉപേക്ഷിക്കാന്‍ ഒരാള്‍ക്കും ഒരു ന്യായമോ ഇളവോ ഇല്ല. റസൂലിന്റെ വാക്കിനെക്കാള്‍ ഒരാളുടെ വാക്കിനും മുന്‍ഗണന നല്‍കാവതല്ല. (തഫ്സീറുസ്സഅ്ദി)
വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെങ്കിൽ സുന്നത്ത് അല്ലാഹുവിന്റെ വഹ്‌യിന്റെ (ദിവ്യബാധനം) അടിസ്ഥാനത്തിലുള്ള നബി ﷺ യുടെ സംസാരമാണ്.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴿٤﴾
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.(ഖു൪ആന്‍:53/3-4)
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ
മിഖ്ദാമി ബ്നു മഅ്ദീകരിബ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിയുക; നിശ്ചയം, എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു (അബൂദാവൂദ് : 4604 – സ്വഹീഹ് അല്‍ബാനി)
അതുകൊണ്ടുതന്നെ സുന്നത്തായ ഏതൊരു കാര്യവും നിസ്സാരവൽക്കരുത്. അത് ഇസ്ലാമിക പ്രമാണങ്ങളിൽ പെട്ടതും നിർവ്വഹിക്കാൻ ബാധ്യതപ്പെട്ടതുമാണ്.
രണ്ടാമതായി, സുന്നത്ത് തെളിമയാര്‍ന്ന മാതൃകയാണ്. അല്ലാഹു അവന്റെ അവസാന പ്രവാചകനിലൂടെ ലോകത്തിന് മുന്നില്‍ തുറന്ന് വെച്ചിട്ടുള്ള മാതൃക തെളിമയുള്ളതും പ്രകാശപൂര്‍ണവുമാണ്.
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍ :33/21)
ചില വിധികൾ പ്രവാചകന് മാത്രം ബാധകമാണെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ഇല്ലെങ്കിൽ അത്തരം നിയമങ്ങൾ മതനിയമങ്ങൾ തന്നെയാണ്. മാതൃക രണ്ടുവിധമുണ്ട്. നല്ല മാതൃകയും ചീത്ത മാതൃകയും. നല്ല മാതൃക പ്രവാചകനിൽ കാണുന്നതാണ്. അത് പിന്തുടരുന്നവൻ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് എത്തിക്കുന്ന പാതയിലായിരിക്കും. അതാണ് നേരായ പാത. നബിചര്യക്ക് എതിരായുള്ള മാതൃകയാണ് ചീത്ത മാതൃക. പ്രവാചകൻമാരെ പിൻപറ്റാൻ അവർ ബഹുദൈവ വിശ്വാസികളെ ക്ഷണിച്ചപ്പോൾ അവർ പറഞ്ഞത്:
بَلْ قَالُوا إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِم مُّهْتَدُونَ
ഞങ്ങളുടെ പിതാക്കൾ ഒരു മാർഗത്തിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളിൽ നേർമാർഗം കണ്ടെത്തിയിരിക്കുകയാണ്. (43:22)
ഈ നല്ല മാതൃക പിന്തുടരുന്നതും അതിന് പ്രാപ്തരാകുന്നതും അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവർ മാത്രമാണ്. കാരണം അവർക്ക് വിശ്വാസവും അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും അവന്റെ പ്രതിഫലത്തിൽ പ്രതീക്ഷയും അവന്റെ ശിക്ഷയിൽ ഭയവും ഉണ്ട്. അതവരെ റസൂലിനെ പിൻപറ്റാൻ പ്രേരിപ്പിക്കുന്നു. (തഫ്സീറുസ്സഅ്ദി)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَقَدْ تَرَكْتُكُمْ عَلَى مِثْلِ الْبَيْضَاءِ لَيْلُهَا وَنَهَارُهَا سَوَاءٌ
നബി ﷺ പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം, നിങ്ങളെ ഞാന്‍ വിട്ടേച്ച് പോകുന്നത് തെളിമയാര്‍ന്ന ഒരു മാര്‍ഗത്തിലാകുന്നു, അതിന്റെ രാവും പകലും ഒരുപോലെയാകുന്നു. എന്റെ കാലശേഷം അതിൽ നിന്ന് നാശകാരിയല്ലാതെ തെറ്റുകയില്ല. (ഇബ്‌നുമാജ)
ഈ ഉത്തമമായ മാതൃക പിന്‍പറ്റുകയാണെങ്കില്‍ ഒരിക്കലും ഒരാളും വഴിതെറ്റുകയില്ല.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ
നബി ﷺ പറഞ്ഞു : നിങ്ങള്‍ക്ക് ഞാന്‍ രണ്ട് കാര്യങ്ങള്‍ വിട്ടേച്ച് കൊണ്ടാകുന്നു പോകുന്നത്. അത് മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ സുന്നത്തുമാകുന്നു. (മുവത്വ)
മൂന്നാമതായി, സുന്നത്തുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. സുന്നത്ത് സ്വീകരിക്കാതെ വെറും ഖുര്‍ആന്‍ മാത്രം സ്വീകരിച്ചുകൊണ്ട് സത്യവിശ്വാസിയായി ജീവിക്കുവാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. കാരണം വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ് പ്രവാചക സുന്നത്ത്. ഖുര്‍ആനില്‍ പറഞ്ഞ പല കാര്യങ്ങളും വിശദമാക്കുന്നത് നബി ﷺ യുടെ സുന്നത്താകുന്നു. നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തണം എന്ന് അടിക്കടി ഖുര്‍ആന്‍ ജനങ്ങളെ ഉല്‍ബോധിപ്പിക്കുന്നു, എന്നാല്‍ എങ്ങനെ നമസ്‌കരിക്കണമെന്നത് സുന്നത്തില്‍ നിന്ന് മാത്രമെ ഒരു വിശ്വാസിക്ക് ലഭിക്കുകയുള്ളു. ഇസ്‌ലാമിന്റെ ഏകദേശമെല്ലാ ആരാധനാ കര്‍മങ്ങളും ഖുര്‍ആന്‍ മൊത്തത്തിലാണ് പറഞ്ഞിട്ടുള്ളത്. അതിന്റെ രൂപവും മറ്റും നബി ﷺ തന്റെ സുന്നത്തിലൂടെയാണ് വിവരിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:
بِٱلْبَيِّنَٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)
وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവാ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്. (ഖു൪ആന്‍:16/644)
നാലാമതായി, സുന്നത്ത് ജീവിതത്തിൽ സ്വീകരിക്കുന്നതുവഴി ഒരാൾ അല്ലാഹുവിനെ അനുസരിക്കുകയാണ് ചെയ്യുന്നത്.
مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ
(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവിനെ അനുസരിച്ചു.(ഖു൪ആന്‍:4/80)
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ
അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. (ഖു൪ആന്‍:4/64)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَنْ أَطَاعَنِي فَقَدْ أَطَاعَ اللَّهَ، وَمَنْ عَصَانِي فَقَدْ عَصَى اللَّهَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും എന്നെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് ധിക്കരിച്ചത്. (ബുഖാരി: 7137)
അഞ്ചാമതായി, സുന്നത്ത് സമ്പൂര്‍ണ്ണമാണ്. ഇസ്‌ലാമിക ശരീഅത്ത് സമ്പൂര്‍ണമാക്കിയിട്ടാണ് പ്രവാചകൻ ﷺ ഇഹലോകത്ത് നിന്ന് വിടപറഞ്ഞിട്ടുള്ളത്. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും പ്രവാചകന്റെ സുന്നത്ത് നമുക്ക് കാണാനാവും. നാം വളരെ നിസ്സാരമായി കരുതുകയും അവഗണിക്കുകയും ചെയ്യുന്നതുമായ മേഖലയില്‍ പോലും പ്രവാചകന്റെ സുന്നത്ത് തെളിച്ചം നല്‍കുന്നതായി കാണാവുന്നതാണ്.
عَنْ سَلْمَانَ، قَالَ قِيلَ لَهُ قَدْ عَلَّمَكُمْ نَبِيُّكُمْ صلى الله عليه وسلم كُلَّ شَىْءٍ حَتَّى الْخِرَاءَةَ . قَالَ فَقَالَ أَجَلْ لَقَدْ نَهَانَا أَنْ نَسْتَقْبِلَ الْقِبْلَةَ لِغَائِطٍ أَوْ بَوْلٍ أَوْ أَنْ نَسْتَنْجِيَ بِالْيَمِينِ أَوْ أَنْ نَسْتَنْجِيَ بِأَقَلَّ مِنْ ثَلاَثَةِ أَحْجَارٍ أَوْ أَنْ نَسْتَنْجِيَ بِرَجِيعٍ أَوْ بِعَظْمٍ .
സല്‍മാന്‍ رَضِيَ اللَّهُ عَنْهُ ചോദിക്കപ്പെട്ടു: ‘നിങ്ങളുടെ ദൂതന്‍ നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പഠിപ്പിച്ച് തന്നിട്ടുണ്ടോ, വിസര്‍ജന മര്യാദകള്‍വരെ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതെ, ക്വിബ്‌ലക്ക് അഭിമുഖമായി വിസര്‍ജനം ചെയ്യുന്നതിനെയും മൂന്ന് കല്ലിനെക്കാള്‍ കുറഞ്ഞ എണ്ണം കൊണ്ട് ശൗച്യം ചെയ്യുന്നതിനെയും കാഷ്ഠം, എല്ല് എന്നിവകൊണ്ട് ശൗച്യം ചെയ്യുന്നതിനെയും വിലക്കിയിട്ടുണ്ട്. (മുസ്‌ലിം:262)
ഈ സുന്നത്തില്‍ യാതൊന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുവാന്‍ ആര്‍ക്കും അവകാശമില്ല.
ആറാമതായി, ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ സുന്നത്ത് അനുസരിച്ച് ആയിരിക്കൽ അത് സ്വീകരിക്കപ്പെടുന്നതിന്റെ നിബന്ധനയാണ്. ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇഖ്ലാസിനോടൊപ്പം ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബിﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
ഇമാം ഇബ്നു റജബ് رحمه الله പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്യുന്ന പ്രവ൪ത്തനങ്ങള്‍ക്ക് യാതൊരു കൂലിയുമില്ല എന്നതുപോലെതന്നെ അല്ലാഹുവിന്റേയും റസൂല്‍ ﷺ യുടെയും കല്‍പ്പനയില്ലാത്ത ഏതൊരു പ്രവൃത്തിയും പ്രസ്തുത പ്രവ൪ത്തനം ചെയ്തവനിലേക്ക് തള്ളപ്പെടുന്നതാണ്. അല്ലാഹുവും റസൂൽ ﷺ യും കല്‍പ്പന നല്‍കാത്ത ഒരു കാര്യം ദീനില്‍ ആരൊക്കെ പുതുതായി നി൪മ്മിക്കുന്നുവോ അവന് ദീനില്‍ ഒരു സ്ഥാനവുമില്ല. (ഇമാം ഇബ്നു റജബ് ജാമിഉല്‍ ഉലൂമി വല്‍ ഹികം : 1/176)
ഇമാം ഹസനുല്‍ ബസ്വരി رحمه الله പറഞ്ഞു: പ്രവൃത്തിപഥത്തിലുണ്ടെങ്കിലേ പറയുന്ന വാക്കുകള്‍ ശരിയാകൂ. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും നിയത്തുണ്ടെങ്കിലേ ശരിയാകൂ. ഖല്‍ബിലെ നിയത്തും പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും സുന്നത്തിന് (നബിചര്യക്ക്) അനുസരിച്ച് ആയെങ്കിലേ ശരിയാകൂ. (ഇമാം മാലിക്കാഇ – ശറഹു ഉസൂലി ഇഅ്തികാദി അഹ്ലുസ്സുന്ന 1:54)
قَالَ الْفُضَيْل بْنُ عِيَاضٍ : أَخْلَصُهُ وَأَصْوَبُهُ ، قَالُوا : يَا أَبَا عَلِيٍّ مَا أَخْلَصُهُ وَأَصْوَبُهُ ؟ قَالَ : إنَّ الْعَمَلَ إذَا كَانَ خَالِصًا ، وَلَمْ يَكُنْ صَوَابًا ، لَمْ يُقْبَلْ ، وَإِذَا كَانَ صَوَابًا وَلَمْ يَكُنْ خَالِصًا لَمْ يُقْبَلْ ، حَتَّى يَكُونَ خَالِصًا صَوَابًا- .وَالْخَالِصُ : أَنْ يَكُونَ لِلَّهِ ، وَالصَّوَابُ : أَنْ يَكُونَ عَلَى السُّنَّةِ
ഫുളൈല്‍ ഇബ്നു ഇയാദ് رحمه الله പറഞ്ഞു:ഒരു അമല്‍ ഇഖ്ലാസുള്ളതും ശരിയായതുമായിരിക്കണം. അവ൪ ചോദിച്ചു: ഹേ, അബൂ അലീ, ഇഖ്ലാസുള്ളതും ശരിയായതും എന്നാല്‍ എന്താണ്? അദ്ദേഹം പറഞ്ഞു:തീര്‍ച്ചയായും അമല്‍ ഇഖ്ലാസുള്ളതും, ശരിയായല്ലാത്തതുമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുകയില്ല. (ഇനി) അത് ശരിയായതും ഇഖ്ലാസില്ലാത്തതുമാണെങ്കില്‍ അതും സ്വീകരിക്കപ്പെടുകയില്ല. ഒരു അമല്‍ ഇഖ്ലാസുള്ളതും ശരിയായതുമായിരിക്കണം. ഇഖ്ലാസ് എന്നാല്‍ : അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ, ശരിയായത് : സുന്നത്തിനോട് യോജിച്ചതായിരിക്കല്‍ (ജാമിഉല്‍ ഉലൂം വല്‍ഹകം)
قَال الإمَام الألبَاني – رَحمه الله: أكثَـر النّـاس اليَـوم لَا يَعبدُون اللهَ باتِّباع سُنة الرسُـول ﷺ ،إنّمَا يَعبدون
الله بأهْـوائهِـم
ശൈഖ് അല്‍ബാനി رَحمه الله പറഞ്ഞു: ഇന്ന് ജനങ്ങളിലധികവും നബി ﷺ യുടെ സുന്നത്ത് പിന്‍പറ്റിക്കൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നില്ല.അവര്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നത് അവരുടെ ഇച്ഛകള്‍ക്കനുസരിച്ച് മാത്രമാണ്. [سِلسلة الهُدى والنّور رقم 190 د16]
ഏഴാമതായി, അല്ലാഹുവിന്റെ ഇഷ്‌ടവും ലഭിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് ജീവതത്തിലുടനീളം അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സുന്നത്ത് നടപ്പിലാക്കുക എന്നുള്ളത്.
ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31)
ഇബ്നുല്‍ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹു നിന്നെ ഇഷ്ടപ്പെടുകയില്ല. നീ അവന്‍റെ ഹബീബിനെ, പ്രത്യക്ഷത്തിലും, പരോക്ഷത്തിലും പിന്‍പറ്റുകയും, അവിടുത്തെ കല്‍പന അനുസരിക്കുകയും, അവിടുത്തെ സംസാരം സത്യപെടുത്തുകയും ചെയ്തിട്ടല്ലാതെ. (മദാരിജുസ്സാലികീന്‍ -3/37)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : കൂടുതൽ ശ്രദ്ധയൂന്നൽ അനിവാര്യമായ സംഗതികളിൽപെട്ടതത്രെ വിശുദ്ധ ഖുർആനിലെ ഈ വാക്യം. (നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്. (ഖു൪ആന്‍ : 3/31) സലഫുകളിൽ ഒരു വിഭാഗം പറഞ്ഞു: ഒരു വിഭാഗം ആളുകൾ റസൂൽ സ്വ യുടെ കാലത്ത്, അല്ലാഹുവിനെ സ്നേഹിക്കുന്നുവെന്ന് ജൽപ്പിച്ചു. അപ്പോഴാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ ഈ വചനം ഇറക്കിയത്. അതോടെ തന്നോടുള്ള സ്നേഹം പ്രവചകൻ (സ) യെ അനുഗമിക്കൽ നിർബന്ധമാക്കുന്നുവെന്നും റസൂൽ (സ) യെ ഇത്തിബാഅ് ചെയ്യൽ അടിമയോടുള്ള അല്ലാഹുവിന്റെ സ്നേഹം അനിവാര്യമാക്കുന്നുവെന്നും അല്ലാഹു വ്യക്തമാക്കി. പ്രസ്തുത സ്നേഹത്തിലൂടെ അല്ലാഹു തന്നെ സ്നേഹിക്കുന്നുവെന്ന് വീമ്പ് പറയുന്ന ആളെ പരീക്ഷിക്കുകയാണ്. കാരണം ഈ വിഷയത്തിൽ ജൽപ്പനങ്ങളും അസ്പഷ്ടതകളും കൂടുതലാണ്. (മജ്മൂഉൽ ഫതാവാ: 10/81)
എട്ടാമതായി, സുന്നത്ത് സ്വർഗ പ്രവേശനത്തിന് സഹായകരമാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ، إِلاَّ مَنْ أَبَى ”. قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ ” مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ. അപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതിച്ചവര്‍? നബി ﷺ പറഞ്ഞു: ആര് എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു. (ബുഖാരി: 7820)
ഒമ്പതാമതായി, അഭിപ്രായ വ്യത്യാസങ്ങളാൽ മാർഗ തടസ്സമുണ്ടാകുമ്പോൾ നേർവഴി കാണിക്കുന്നതാണ് സുന്നത്ത്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി ﷺ പറഞ്ഞു: എനിക്ക് ശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു മുറുകെ പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്. (അബൂദാവൂദ് : 4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പത്താമതായി, സുന്നത്തിനെ അവഗണിക്കുവാന്‍ പാടില്ല. ഒരു വിഷയത്തില്‍ പ്രവാചകന്റെ സുന്നത്ത് സ്ഥിരപ്പെട്ടാല്‍ അതിനെ അവഗണിക്കാന്‍ ഒരു വിശ്വാസിക്ക് പാടില്ല. അത് തനിക്ക് ഇഷ്ടമില്ലെങ്കിലും ശരി.
فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
നബി ﷺ പറഞ്ഞു: എന്‍റെ സുന്നത്തിനോട് ആരെങ്കിലും വിമുഖത കാണിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല. (ബുഖാരി: 5063)
ഈ ഹദീസിനെ വിശദീകരിച്ച് ഇമാം ഇബ്നു ഹജര്ർ അസ്ഖലാനി رحمه الله പറഞ്ഞു: ഹദീസിൽ സുന്നത്ത് കൊണ്ടുള്ള വിവക്ഷ മാർഗം എന്നാണ്. അല്ലാതെ ഫർളിന് അഭിമുഖമായ (ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതും എന്ന വിവക്ഷയുള്ള) സുന്നത്തല്ല. ഒരു വസ്തുവിനോട് വിമുഖനാകുകയെന്നാൽ അതിൽ നിന്നും വേറൊന്നിലേക്ക് തിരിയുകയെന്നാണ്. ആര് എന്റെ മാർഗം ഉപേക്ഷിക്കുകയും എന്റേതല്ലാത്തവരുടെ മാർഗം സ്വീകരിക്കുകയും ചെയ്തോ അവൻ എന്നിൽ പെട്ടവനല്ല എന്നാണ് ഹദീസിന്റെ ഉദ്ദേശ്യം. (ഫത്ഹുൽബാരി)
عَنْ سَلَمَةَ بْنِ الأَكْوَعِ أَنَّ رَجُلاً أَكَلَ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم بِشِمَالِهِ فَقَالَ ” كُلْ بِيَمِينِكَ ” . قَالَ لاَ أَسْتَطِيعُ قَالَ ” لاَ اسْتَطَعْتَ ” . مَا مَنَعَهُ إِلاَّ الْكِبْرُ . قَالَ فَمَا رَفَعَهَا إِلَى فِيهِ .
സലമ ഇബ്നുല്‍ അഖഇ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നിശ്ചയം, ഒരാൾ നബി ﷺ യുടെ സമീപത്തുവെച്ച് ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അന്നേരം നബി ﷺ അവനോട് നിർദ്ദേശിച്ചു. നിന്റെ വലതുകൈകൊണ്ട് നീ തിന്നുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയുകയില്ല. നബി ﷺ പറഞ്ഞു: എന്നാൽ നിനക്കൊരിക്കലും കഴിയാതിരിക്കട്ടെ. അഹങ്കാരം മാത്രമായിരുന്നു അവനെ അതിൽ നിന്നും തടുത്തുനിർത്തിയത്. റാവി പറയുന്നു. പിന്നീടൊരിക്കലും ആ (വലതു) കൈ തന്റെ വായിലേക്കുയർത്താൻ അവന് സാധിച്ചിട്ടില്ല. (മുസ്ലിം:2021);
പതിനൊന്നാമതായി, സമ്പൂർണ്ണമായി സുന്നത്തിന് മുമ്പിൽ കീഴടങ്ങാൻ കഴിയണം. തന്റെ ബുദ്ധിക്ക് യോജിക്കുന്നില്ല, അതല്ലെങ്കില്‍ ആധുനിക നൂറ്റാണ്ടിന് യോജിച്ചതല്ല എന്നൊക്കെ പറഞ്ഞ്‌കൊണ്ട് അതിനെ അവഗണിക്കുകയോ, തള്ളുകയോ ചെയ്യരുത്. അവിടെ ബുദ്ധിക്ക് പ്രാധാന്യമില്ല. അതിന്റെ ഹിക്മത്ത് അന്വേഷിക്കേണ്ടതുമില്ല.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)
ആയിശ(റ) ഒരിക്കൽ ചോദിക്കപ്പെട്ടു: ആർത്തവകാരിയുടെ കാര്യം എന്താണ്? അവൾ നോമ്പ് ഖളാഅ് വീട്ടണം, നമസ്കാരം ഖളാഅ് വീട്ടേണ്ടതില്ല. ആയിശ(റ) പറഞ്ഞു: നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാകാറുണ്ടായിരുന്നു. അപ്പോൾ നോമ്പ് ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെടാറുണ്ടായിരുന്നു. നമസ്കാരം ഖളാഅ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെടാറില്ലായിരുന്നു. (ബുഖാരി)
ശൈഖ് ഇബ്മു ഉഥൈമീൻ رحمه الله പറഞ്ഞു: ഇവിടെ ആയിശ സുന്നത്ത് കൊണ്ട് തെളിവ് പിടിച്ചു. കാരണം എന്തെന്ന് അവർ ഉണർത്തിയില്ല. ഇതത്രെ യഥാർത്ഥ സമർപ്പണവും കീഴൊതുക്കവും. വിധിവിലക്കുകൾക്ക് പിന്നിലെ ഹിക്മത്ത് എന്തെന്ന് അറിഞ്ഞാലും ഇല്ലെങ്കിലും അല്ലാഹുവും റസൂൽ (സ) യും കൽപ്പിച്ചത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുക. ആ ഹിക്മത്ത് എന്തെന്ന് അറിഞ്ഞിട്ടേ ഞാൻ വിശ്വസിക്കൂ എന്ന രീതിയിലാണ് ഒരാളെങ്കിൽ നാം അയാളോട് പറയുന്നു: താങ്കൾ തന്നിഷ്ടത്തെ പിന്തുടരുന്നവനാണ്. ദീനിന്റെ യാതൊരു കാര്യവും നിങ്ങൾ പ്രാവർത്തികമാക്കില്ല, പ്രാവർത്തികമാക്കലാണ് നിങ്ങൾക്ക് ഗുണകരം എന്ന് നിങ്ങൾക്ക് വെളിപ്പെടുന്നിടത്തല്ലാതെ. (അശ്ശറഹുൽ മുംതിഅ് :4/165-166)
عَنْ زَيْدِ بْنِ أَسْلَمَ، عَنْ أَبِيهِ، قَالَ سَمِعْتُ عُمَرَ بْنَ الْخَطَّابِ، يَقُولُ فِيمَ الرَّمَلاَنُ الْيَوْمَ وَالْكَشْفُ عَنِ الْمَنَاكِبِ، وَقَدْ أَطَّأَ اللَّهُ الإِسْلاَمَ وَنَفَى الْكُفْرَ وَأَهْلَهُ مَعَ ذَلِكَ لاَ نَدَعُ شَيْئًا كُنَّا نَفْعَلُهُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم .
സൈദ് ബ്നു അസ്ലം رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമർ رَضِيَ اللَّهُ عَنْهُ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു ഇസ്ലാമിന് സ്വാധീനമുണ്ടാക്കുകയും കുഫ്റിനെയും ശിർക്കിനെയും അവിശ്വാസികളെയും മക്കയിൽ നിന്ന് തുടച്ച് നീക്കുകയും ചെയ്തതിൽ പിന്നെ ത്വവാഫ് ചെയ്യുമ്പോൾ എന്തിനാണ് റമൽ (കാലടുപ്പിച്ച് കൊണ്ടുള്ള ഓട്ടം)? എന്തിനാണ് ഇഹ്റാമിലെ വസ്ത്രം ധരിക്കുമ്പോൾ വലം ചുമൽ വെളിപ്പെടുത്തുന്നത്? (ഇപ്പോൾ അതിന്റെ ആവശ്യമില്ല). എന്നാലും റസൂൽ (സ)യുടെ കാലത്ത് ചെയ്ത ഒന്നുമേ നാം ഉപേക്ഷിക്കുകയില്ലതന്നെ. (അബൂദാവൂദ്:1887 – സ്വഹീഹ് അൽബാനി)
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى خَاتَمًا مِنْ ذَهَبٍ فِي يَدِ رَجُلٍ فَنَزَعَهُ فَطَرَحَهُ وَقَالَ “ يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ ” . فَقِيلَ لِلرَّجُلِ بَعْدَ مَا ذَهَبَ رَسُولُ اللَّهِ صلى الله عليه وسلم خُذْ خَاتَمَكَ انْتَفِعْ بِهِ . قَالَ لاَ وَاللَّهِ لاَ آخُذُهُ أَبَدًا وَقَدْ طَرَحَهُ رَسُولُ اللَّهِ صلى الله عليه وسلم .
അബ്‌ദുല്ലാഹിബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: ഒരാളുടെ വിരലില്‍ സ്വര്‍ണ്ണമോതിരം അണിഞ്ഞതായി നബി ﷺ കണ്ടു. അവിടുന്ന് അത് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങളില്‍ ആരെങ്കിലും തീക്കനല്‍ തന്റെ കയ്യില്‍വെക്കാന്‍ ഇഷ്‌ടപ്പെടുമോ? നബി ﷺ (സദസ്സിൽ നിന്ന്) എഴുന്നേറ്റ് പോയപ്പോൾ അയാളോട് പറഞ്ഞു: നിന്റെ മോതിരം എടുക്കുക, നിനക്കത് ഉപകാരപ്പെട്ടേക്കാം. അദ്ദേഹം പറഞ്ഞു: ഇല്ല, അല്ലാഹുവിനെ തന്നെയാണെ സത്യം, നബി ﷺ വലിച്ചെറിഞ്ഞത് ഞാൻ ഒരിക്കലും എടുക്കുകയില്ല. (മുസ്‌ലിം:2090)
قال شيخ الإسلام ابن تيمية رحمه الله: أهل السنة يموتون ويحيى ذكرهم ، وأهل البدعة يموتون ويموت ذكرهم ؛ لأن أهل السنة أحيوا ما جاء به الرسول ﷺ فكان لهم نصيب من قوله : « ورفعنا لك ذكرك » ، وأهل البدعة شنأوا ما جاء به الرسول -صلى الله عليه وسلم- فكان لهم نصيب من قوله : « إن شانئك هو الأبتر » .
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ(റഹ്) പറയുന്നു: “സുന്നത്തിന്റെ ആളുകൾ മരിക്കുകയും അവരുടെ സ്മരണ ജീവിക്കുകയും ചെയ്യും. ബിദ്അത്തുക്കാർ മരിക്കുന്നതോടെ അവരുടെ ഓർമയും മരിക്കും. നിശ്ചയം സുന്നത്തിന്റെ വക്താക്കൾ റസൂൽ ﷺ കൊണ്ടുവന്നതിനെ ജീവിപ്പിച്ചതിനാൽ അവർക്ക് അല്ലാഹുവിൽനിന്ന് ‘നിനക്ക് നിന്റെകീർത്തി നാം ഉയർത്തിത്തരികയും ചെയ്തിരിക്കുന്നു’(94:4) എന്ന വിഹിതമുണ്ട്. പുത്തനാശയക്കാർ നബി ﷺ കൊണ്ടുവന്നതിനെ വെറുത്തതിനാൽ ‘തീർച്ചയായും നിന്നോട് വിദ്വേഷം വെച്ചുപുലർത്തുന്നവൻ തന്നെയാകുന്നു വാലറ്റവൻ (ഭാവിയില്ലാത്തവൻ)’(108:3) എന്ന ഓഹരിയുമുണ്ട്. (മജ്മൂഉൽ ഫതാവാ)
kanzululoom.com