ആകാശത്തിലെ നക്ഷത്രങ്ങൾ

ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിലുള്ളവര്‍ക്ക് കൗതുക കാഴ്ചയാണ്, അവര്‍ ഏത് പ്രായക്കാരാണെങ്കിലും ഏത് തരക്കാരാണെങ്കിലും, അവര്‍ അതിനെ കുറിച്ച് പഠിച്ച് മനസ്സിലാക്കിയവരാണെങ്കിലും അല്ലാത്തവരാണെങ്കിലും. രാത്രിയിൽ  നക്ഷത്രങ്ങള നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുന്നു. പകൽ സമയത്ത് സൂര്യപ്രകാശം മൂലം  അത് സാധ്യമല്ല.  പ്രപഞ്ചത്തിൽ അല്ലാഹുവിന്റെ അത്ഭുതപ്പെടുത്തുന്ന സൃഷ്ടിയും പ്രതിഭാസവുമാണ് നക്ഷത്രങ്ങൾ. വിശുദ്ധ ഖുർആനിൽ നക്ഷത്രങ്ങള സംബന്ധിച്ച് നിരവധി പരാമർശങ്ങൾ കാണുവാൻ സാധിക്കും. അതിലൂടെ ഉന്നതമായ വിജ്ഞാനങ്ങൾ പങ്കുവെക്കപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ആകാശത്ത് നക്ഷത്രങ്ങളെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. അതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.

تَبَارَكَ ٱلَّذِى جَعَلَ فِى ٱلسَّمَآءِ بُرُوجًا وَجَعَلَ فِيهَا سِرَٰجًا وَقَمَرًا مُّنِيرًا

ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും (സൂര്യന്‍) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു. (ഖുര്‍ആൻ:25/61)

വമ്പിച്ച നക്ഷത്രഗോളങ്ങളായി ആകാശത്തില്‍ ഏറെക്കുറെ 1000 എണ്ണമാണുള്ളതെന്നത്രെ മുന്‍കാലത്ത് ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇന്നാകട്ടെ, പരിഷ്കരിച്ച ടെലസ്കോപ്പ് (ദൂരദര്‍ശിനി)കളുടെ സഹായത്താല്‍ രണ്ട് കോടിയിലധികം മഹാനക്ഷത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എനിയും, പുതിയ നിരീക്ഷണങ്ങള്‍ അവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു പ്രസ്താവിച്ചുകൊണ്ടിരിക്കും. നിരീക്ഷണമാര്‍ഗ്ഗങ്ങളും, നിരീക്ഷണസാമഗ്രികളും എത്ര പുരോഗമിച്ചാലും, അവയുടെ ഏറ്റവും സൂക്ഷ്മമായ വിവരവും, കൃത്യമായ എണ്ണവണ്ണവും അവയുടെ സൃഷ്ടാവായ സര്‍വ്വജ്ഞനു മാത്രമേ കണക്കാക്കുവാന്‍ കഴിയുകയുള്ളു. (അമാനി തഫ്സീര്‍)

وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتُۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ

രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുര്‍ആൻ:16/12)

أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ

ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (ഖുര്‍ആൻ:22/18)

وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًا

സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. (ഖു൪ആന്‍:41/12)

നക്ഷത്രഗോളങ്ങൾ ഓരോന്നും നമ്മുടെ ഭൂമിയേക്കാൾ എത്രയോ മടങ്ങു വലുതാണെങ്കിലും നമ്മുടെ ദൃഷ്ടിയിൽ അവ ഒരു മേൽപുരയിൽ മിന്നിത്തിളങ്ങുന്ന വൈദ്യുതവിളക്കുകൾ പോലെയാണല്ലോ. അതുകൊണ്ടാണ്‌ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ (കൂടുതൽ അടുത്ത ആകാശത്തെ വിളക്കുകൾ കൊണ്ട്‌ അലങ്കരിച്ചു) എന്നു പറഞ്ഞിരിക്കുന്നത്‌. (അമാനി തഫ്സീര്‍)

وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ

ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. (ഖു൪ആന്‍:67/5)

അത് നക്ഷത്രങ്ങളാണ്. വെളിച്ചത്തിലും പ്രകാശത്തിലും അവക്ക് ഏറെ വ്യത്യാസങ്ങളുണ്ട്. ആകാശത്ത് നക്ഷത്രങ്ങളില്ലെങ്കില്‍ അത് ഇരുട്ടിയ മേല്‍ക്കൂരയാകും. ഭംഗിയോ മോഡിയോ ഇല്ലാത്ത. എന്നാല്‍ അല്ലാഹു ഈ നക്ഷത്രങ്ങളെ ആകാശത്തിന് അലങ്കാരമാക്കി. ഭംഗിയും വെളിച്ചവുമാക്കി. കടലിന്റെയും കരയുടെയും ഇരുട്ടുകളില്‍ വഴി കണ്ടെത്താനുള്ള വഴികാട്ടികളും. ധാരാളം നക്ഷത്രങ്ങള്‍ ഏഴാകാശത്തിന് അപ്പുറത്താണെന്നുള്ളത്. എന്നാല്‍ ഒരിക്കലും അടുത്ത ആകാശത്തെ നക്ഷത്രങ്ങളെ കൊണ്ട് അലങ്കരിച്ചു എന്നു പറയുന്നതിന് എതിരാകുന്നില്ല. കാരണം ആകാശം സുതാര്യമാണ്. അതിനാല്‍ നക്ഷത്രങ്ങള്‍ ഒന്നാനാകാശത്തല്ലെങ്കിലും അതിന്റെ ഭംഗി അതില്‍ ദര്‍ശിക്കാന്‍ സാധിക്കും. (തഫ്സീറുസ്സഅ്ദി)

പരിഷ്കൃത രീതിയിലുള്ള ഇന്നത്തെ നിരീക്ഷണ സമ്പ്രദായങ്ങള്‍ നിലവില്‍ വരും മുമ്പ് പ്രാകൃത രൂപത്തില്‍ മനുഷ്യന്‍ ആകാശത്തെ നിരീക്ഷണം ചെയ്‌വാന്‍ തുടങ്ങിയ കാലം മുതല്‍ക്കുതന്നെ, നക്ഷത്രങ്ങള്‍ മുഖേന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ പലതും മനസ്സിലാക്കുവാന്‍ മനുഷ്യനു കഴിയുമായിരുന്നു. കണക്കറ്റ നക്ഷത്ര ഗോളങ്ങള്‍ ദിനം പ്രതി ഉദിക്കുന്നു, അസ്തമിക്കുന്നു, മുന്നോട്ടുവരുന്നു, പിന്നോട്ടു പോകുന്നു, ശോഭിക്കുന്നു, പ്രകാശിക്കുന്നു…..! വലുപ്പത്തിലും ഗതിവിഗതിയിലും വ്യത്യസ്തങ്ങളെങ്കിലും ഓരോന്നും ഒരു വ്യവസ്ഥാപിതമായ പരിപാടിയനുസരിച്ചു നിലകൊള്ളുന്നു. ഘടികാരവും, വടക്കുനോക്കിയന്ത്രവും കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് ദിക്കു നിര്‍ണ്ണയത്തിലും, നക്ഷത്രങ്ങള്‍ക്കുള്ള സ്ഥാനം വമ്പിച്ചതായിരുന്നു. സമുദ്രത്തിലും മരുഭൂമിയിലും യാത്ര ചെയ്യുന്നവര്‍ക്കു നക്ഷത്രമാര്‍ഗ്ഗങ്ങളെപ്പറ്റി സാമാന്യമായ അറിവെങ്കിലും ഒഴിച്ചു കൂടാത്തതായിരുന്നു. നക്ഷത്രങ്ങളായിരുന്നു അവരുടെ പ്രധാന മാര്‍ഗ്ഗദര്‍ശകന്മാര്‍. (അമാനി തഫ്സീര്‍-സൂറ:അന്നജ്മ്)

ഈ മഹാമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കണക്കറ്റ നക്ഷത്ര ഗോളങ്ങളെപ്പറ്റി മുമ്പില്ലാത്ത വിവരങ്ങള്‍ എത്രതന്നെ ഇന്ന് മനുഷ്യനു കരസ്ഥമായിട്ടുണ്ടെങ്കിലും ശരി, അവനു കിട്ടുന്ന ഓരോ അറിവും, അവയെപ്പറ്റി അവനു അറിയുവാന്‍ കഴിയാത്ത അജ്ഞാത യാഥാര്‍ത്ഥ്യങ്ങളുടെ വിസ്തൃതി വലുതാക്കിക്കാട്ടുകയാണ് ചെയ്യുന്നത്. പക്ഷേ, ഒളിഞ്ഞു കിടപ്പുള്ള അദൃശ്യ ശക്തികളിലേക്കൊന്നും ഹൃദയം കൊണ്ടു നോക്കാതെ, വെളിയില്‍ കണ്ട പദാര്‍ത്ഥങ്ങളിലേക്കു മാത്രം കണ്ണുകൊണ്ടു നോക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഏതൊരു മഹാദൃഷ്ടാന്തവും ‘പ്രകൃതിയുടെ പ്രക്രിയ’യെന്ന ഒരൊറ്റ വാക്കിലൊതുക്കി അവന്‍ വിധി കല്‍പ്പിച്ചു സംതൃപ്തിയടഞ്ഞേക്കും. അതേ സമയത്തു സത്യവിശ്വാസിയുടെ വിശ്വാസത്തെ അവ മേല്‍ക്കുമേല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. (അമാനി തഫ്സീര്‍-സൂറ:അന്നജ്മ്)

അല്ലാഹു വിശുദ്ധ ഖുര്‍ആനിൽ നക്ഷത്രങ്ങളെകൊണ്ട് സത്യം ചെയ്യുന്നുണ്ട്. അല്ലാഹു ഏതെങ്കിലും വസ്തുവിന്റെ പേരില്‍ സത്യം ചെയ്തു പറയുമ്പോള്‍, അതില്‍ ചില രഹസ്യങ്ങളും ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങളെ സ്ഥിരീകരിക്കുന്ന ചില ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുമെന്നു തീര്‍ച്ചയാണ്.

وَٱلنَّجْمِ إِذَا هَوَىٰ

നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം. (ഖുര്‍ആൻ:53/1)

സത്യം ചെയ്തുപറയാന്‍ മാത്രം മഹത്തായൊരു ദൃഷ്ടാന്തമാണത്. ഇവിടെ നക്ഷത്രമെന്നത് നക്ഷത്ര സമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു വര്‍ഗനാമമാണെന്നതാണ് ശരി. നക്ഷത്രങ്ങളെക്കൊണ്ട് സത്യം ചെയ്തുകൊണ്ട് സ്ഥാപിക്കുന്നത് ദൈവിക സന്ദേശമായി നബി ﷺ കൊണ്ടുവന്നതിന്റെ സത്യതയാണ്. അവ തമ്മില്‍ അത്ഭുതകരമായ ബന്ധമുണ്ട്. അല്ലാഹു നക്ഷത്രങ്ങളെ ആകാശത്തിന് അലങ്കാരമാക്കി. ദിവ്യസന്ദേശവും അതിന്റെ ഫലങ്ങളും ഭൂമിക്കുള്ള അലങ്കാരവുമാക്കി. പ്രവാചകന്മാര്‍ അനന്തരമാക്കിയ അറിവില്ലായിരുന്നുവെങ്കില്‍ ജനങ്ങള്‍ കൂരിരുട്ടുള്ള രാത്രിയുടെ അന്ധകാരത്തെക്കാള്‍ വലിയ ഇരുട്ടിലാകുമായിരുന്നു. (തഫ്സീറുസ്സഅ്ദി)

فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ ‎﴿٧٥﴾‏ وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ ‎﴿٧٦﴾‏

അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌. (ഖുര്‍ആൻ:56/75-76)

ഇവിടെ നക്ഷത്രങ്ങളെക്കൊണ്ടും അവയുടെ അസ്തമയ സ്ഥാനങ്ങളെക്കൊണ്ടും അല്ലാഹു സത്യംചെയ്തു പറയുന്നു. അസ്തമയ സ്ഥാനങ്ങളിലെ പതനസ്ഥാനങ്ങള്‍, ആ സമയങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിന്‍റെ ഏകത്വത്തെയും മഹത്ത്വത്തെയും പ്രതാപത്തെയും അറിയിക്കുന്നു. സത്യം ചെയ്യുന്ന കാര്യവും മഹത്ത്വമേറിയതായിരിക്കുമല്ലോ. {തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍ അതൊരു വമ്പിച്ച സത്യം തന്നെയാണ്} തീര്‍ച്ചയായും സത്യം, ഒരു വമ്പിച്ച കാര്യം തന്നെ. കാരണം നക്ഷത്രങ്ങളിലും അതിന്‍റെ സഞ്ചാരത്തിലും അസ്തമയ സ്ഥാനത്തുള്ള പതനത്തിലും എണ്ണിക്കണക്കാക്കാനാവാത്ത ഗുണപാഠങ്ങളുണ്ട്. (തഫ്സീറുസ്സഅ്ദി)

നക്ഷത്രങ്ങളെ കൊണ്ട് ലഭിക്കുന്ന 3 പ്രയോജനങ്ങൾ

നക്ഷത്രങ്ങളെ കൊണ്ട് ലഭിക്കുന്ന 3 പ്രയോജനങ്ങൾ അല്ലാഹു ഖുർആനിൽ വിവരിച്ചിട്ടുണ്ട്.

(ഒന്ന്) നക്ഷത്രങ്ങൾ ആകാശത്തിന് അലങ്കാരമാണ്. ആകാശത്ത് നക്ഷത്രങ്ങളില്ലെങ്കില്‍ അത് ഭംഗിയോ മോഡിയോ ഇല്ലാത്ത ഇരുട്ടിയ മേല്‍ക്കൂരയാകും. എന്നാല്‍ അല്ലാഹു ഈ നക്ഷത്രങ്ങളെ ആകാശത്തിന് അലങ്കാരമാക്കുകയും ഭംഗിയും വെളിച്ചവുമാക്കുകയും ചെയ്തു.

(രണ്ട്) ആകാശത്തിന്റെ സംരക്ഷണം. ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ കട്ടുകേട്ട് ഭൂമിയലെത്തിക്കുന്ന പിശാചുക്കളില്‍ നിന്നുള്ള സംരക്ഷണത്തിന് അല്ലാഹു നക്ഷത്രങ്ങളെ നിശ്ചയിച്ചു. അവർ കട്ടുകേൾക്കാൻ ശ്രമിക്കുമ്പോൾ നക്ഷത്രങ്ങൾ മുഖേനെ എറിഞ്ഞ് ഓടിക്കപ്പെടും.

وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُومًا لِّلشَّيَٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ

ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:67/5)

{അതിനെ നാം ആക്കിയിരിക്കുന്നു} അതായത് വിളക്കുകളെ {പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ളവ} ആകാശ വര്‍ത്തമാനങ്ങള്‍ കട്ടുകേള്‍ക്കാന്‍ ഉദ്ദേശിക്കുന്നവരായ ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ സ്വീകരിച്ച് ഭൂമിയലെത്തിക്കുന്ന പിശാചുക്കളില്‍ നിന്നുള്ള സംരക്ഷണത്തിനാണ് അല്ലാഹു നക്ഷത്രങ്ങളെ നിശ്ചയിച്ചത്. അതായത്, നക്ഷത്രത്തില്‍ നിന്ന് പതിക്കുന്ന ഈ ഉല്‍ക്കകള്‍. ഈ ലോകത്ത് പിശാചുക്കള്‍ക്ക് വേണ്ടി അല്ലാഹു തയ്യാറാക്കിയതാണത്. (തഫ്സീറുസ്സഅ്ദി)

നക്ഷത്രങ്ങള്‍ കൊണ്ട് പിശാചുകളെ എറിഞ്ഞോടിക്കുന്നുവെന്ന് പറയുമ്പോള്‍, ‘എല്ലാ നക്ഷത്രങ്ങളെ കൊണ്ടുമല്ല ഇങ്ങനെ ചെയ്യുന്നത്, നക്ഷത്രങ്ങളിൽ ചിലതിനെ കൊണ്ടാണ് അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ ചില ഭാഗങ്ങള്‍ കൊണ്ടാണ് ‘ എന്നാണ്.. الله أعلم

وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّٰهَا لِلنَّٰظِرِينَ ‎﴿١٦﴾‏ وَحَفِظْنَٰهَا مِن كُلِّ شَيْطَٰنٍ رَّجِيمٍ ‎﴿١٧﴾‏ إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ ‎﴿١٨﴾

ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌. (ഖു൪ആന്‍:15/16-18)

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ ‎﴿٦﴾‏ وَحِفْظًا مِّن كُلِّ شَيْطَٰنٍ مَّارِدٍ ‎﴿٧﴾‏ لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ‎﴿٨﴾‏ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ‎﴿٩﴾‏ إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ ‎﴿١٠﴾

തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു. ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്‌) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും, ബഹിഷ്കൃതരായിക്കൊണ്ട്. അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്‌. പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.(ഖു൪ആന്‍:37/6-10)

(മൂന്ന്) കടലിന്റെയും കരയുടെയും ഇരുട്ടുകളില്‍ വഴി കണ്ടെത്താനുള്ള വഴികാട്ടി. നക്ഷത്രം മുഖേനെ മനുഷ്യ൪ വഴി കണ്ടെത്തുന്നു.

وَبِٱلنَّجْمِ هُمْ يَهْتَدُونَ

നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു. (ഖു൪ആന്‍:16/16)

وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْءَايَٰتِ لِقَوْمٍ يَعْلَمُونَ

അവനാണ് നിങ്ങള്‍ക്ക് വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് അവ മുഖേന വഴിയറിയാന്‍ പാകത്തിലാക്കിത്തന്നത്‌. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. (ഖു൪ആന്‍:6/97)

قال قتادة : إنما خلقت هذه النجوم لثلاث خصال : خلقها زينة للسماء ، ورجوما للشياطين ، وعلامات يهتدى بها ، فمن تأول فيها غير ذلك فقد قال برأيه ، وأخطأ حظه ، وأضاع نصيبه ، وتكلف ما لا علم له به

ഖത്താദഃ رحمه الله പറഞ്ഞു: ഈ നക്ഷത്രങ്ങളെ മൂന്നു കാര്യങ്ങള്‍ക്കായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു: അവ൯ അവയെ ആകാശത്തിന്ന്‍ അലങ്കാരവും, പിശാചുക്കളെ എറിയുന്നതും, മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അടയാളങ്ങളും ആക്കിയിരിക്കുന്നു. മറ്റുപ്രകാരത്തില്‍ അവയെപ്പറ്റി ആരെങ്കിലും വ്യാഖ്യാനിക്കുന്നപക്ഷം, അവന്‍ പിഴക്കുകയും തന്റെ ഓഹരി (ഭാഗ്യം) താന്‍ നഷ്ടപ്പെടുത്തുകയും, അറിയാത്ത വിഷയത്തില്‍ സാഹസപ്പെടുകയുമാണ് ചെയ്യുക.

നക്ഷത്രങ്ങളെ കൊണ്ട് വെളിച്ചം തേടപ്പെടുകയും വഴികണ്ടെത്തപ്പെടുകയും അത് ആകാശത്തിന് അലങ്കാരവും ഭംഗിയും ആയിത്തീരുകയും ചെയ്യുന്നു. ആന്തരികമായി ആകാശത്തെ വർത്തമാനങ്ങൾ കട്ടുകേൾക്കാതിരിക്കാനുള്ള സംരക്ഷണമാക്കി, പിശാചുക്കളെ എറിയാനുള്ളതുമാക്കി. (തഫ്സീറുസ്സഅ്ദി – സൂറ: ഫുസ്സിലത് 12)

നക്ഷത്രങ്ങളുടെ വിഷയത്തിൽ തെറ്റായ ധാരണകളും വിശ്വാസങ്ങളും സമൂഹം പുലര്‍ത്തുന്നതായി കാണാം. നക്ഷത്രങ്ങളുടെ ചലനങ്ങൾ കണക്കുകൂട്ടി കൊണ്ട് ഭൂമിയിലെ ഭാവിചലനങ്ങൾ കണ്ടെത്താൻ കഴിയുമെന്ന ‘ജോത്സ്യം’ ഉദാഹരണമാണ്. ഇത് നിഷിദ്ധമാണ്.

عن ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلم:مَنِ اقْتَبَسَ عِلْمًا مِنَ النُّجُومِ اقْتَبَسَ شُعْبَةً مِنَ السِّحْرِ زَادَ مَا زَادَ

ഇബ്‌നു അബ്ബാസ്  رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും നക്ഷത്രങ്ങളിൽ (ജോത്സ്യത്തിൽ) നിന്ന് എന്തെങ്കിലുമൊന്ന് നേടിയെടുത്താൽ മാരണത്തിൽ നിന്ന് ഒരു ശാഖയാണ് അവൻ നേടിയെടുത്തിരിക്കുന്നത്. അതിൽ (ജോത്സ്യത്തിൽ) വർദ്ധിക്കുന്നിടത്തോളം (മാരണവും) വർദ്ധിക്കും. (ഇബ്നുമാജഃ :3726)

ആകാശത്ത് ഭംഗിയോടെ വെളിച്ചത്തോടെ നിൽക്കുന്ന നക്ഷത്രങ്ങൾ അന്ത്യനാളിൽ ഉതിർന്നു വീഴുകയും, അതിന്റെ പ്രകാശം നഷ്ടപ്പെട്ടുപോകുകയും ചെയ്യും.

وَإِذَا ٱلنُّجُومُ ٱنكَدَرَتْ

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍. (ഖുർആൻ:81/2)

فَإِذَا ٱلنُّجُومُ طُمِسَتْ

നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും. (ഖുർആൻ:77/8)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *