ഒന്ന് : സത്യനിഷേധിയായ കൂട്ടുകാരൻ
സ്വര്‍ഗത്തിൽ വിവിധ തരത്തിലുള്ള ആനന്ദ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നതിനിടെ സ്വര്‍ഗവാസികളിൽ നടക്കുന്ന ഒരു സംഭാഷണ രംഗം അല്ലാഹു വിവരിക്കുന്നു:
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ﴿٥٠﴾ قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ ﴿٥١﴾
ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും. അവരില്‍ നിന്ന് ഒരു വക്താവ് പറയും: തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. (ഖുർആൻ:37/50-51)
തനിക്ക് ഇഹത്തില്‍ വെച്ചുണ്ടായിരുന്ന ഒരു സ്നേഹിതനെപ്പറ്റി അദ്ദേഹം ഓര്‍ക്കുകയാണ്. മരണാനന്തര ജീവിതത്തെ നിഷേധിക്കുകയും അതിൽ വിശ്വസിച്ചതിന് എന്നെ വിമർശിക്കുകയും ചെയ്ത ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. അവൻ എന്നോട് പറയാറുണ്ടായിരുന്നു:
يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ ﴿٥٢﴾ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَدِينُونَ ﴿٥٣﴾
അവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ? നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ? (ഖുർആൻ:37/52-53)
അതായത് : നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമോ?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ അവിശ്വാസിയായ സുഹൃത്ത് ചോദിച്ചു: വളരെ വിചിത്രമായ അത്തരമൊരു വിദൂര സങ്കൽപം നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും? നമ്മൾ ശിഥിലമാക്കപ്പെടുകയും മണ്ണും അസ്ഥിയും ആയിത്തീരുകയും ചെയ്താൽ നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരപ്പെടുകയും നമ്മുടെ പ്രവൃത്തികൾ കണക്കിലെടുത്ത് പ്രതിഫലം നൽകപ്പെടുകയും ചെയ്യുകയോ?
സ്വർഗക്കാരൻ തന്റെ സഹോദരനോട് പറയും: ഇതാണെന്റെ കഥ. ഇതാണ് എനിക്കും എന്റെ സുഹൃത്തിനും സംഭവിച്ചത്. ഞാൻ ഒരു യഥാർഥ വിശ്വാസിയായിരുന്നു. അതേസമയം, അദ്ദേഹം പുനരുത്ഥാനത്തിൽ അവിശ്വസിക്കുകയും മരിക്കുന്നതുവരെ അതിനെ നിഷേധിക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ ഉയിർത്തെഴുന്നേറ്റ് വന്നു. ദൂതന്മാർ ഞങ്ങളോട് പറഞ്ഞ സ്വർഗത്തിലെത്തി. സംശയമില്ല, അവൻ നരകത്തിലും.
തുടർന്ന് ആ വക്താവ് കൂടെയുള്ളവരോട് പറയും:
قَالَ هَلْ أَنتُم مُّطَّلِعُونَ
അദ്ദേഹം പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? (ഖുർആൻ:37/54)
അവന് എന്തു സംഭവിച്ചു എന്ന് നോക്കുന്നത് നാം ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തോടൊപ്പം വീണ്ടും സന്തോഷം വർധിപ്പിക്കും; അത് നമ്മുടെ സ്വന്തം കണ്ണുകൾകൊണ്ട് കാണുമ്പോൾ.
ഈ സ്നേഹിതന്റെ ഇപ്പോഴത്തെ സ്ഥിതിഗതിയെന്താണെന്നറിയുവാന്‍ അദ്ദേഹം ആഗ്രഹിക്കുകയും, അതിനായി തന്റെ കൂട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്വർഗക്കാരെ കാണുന്നത് പരസ്പര സന്തോഷത്തിലും യോജിപ്പിലുമാണ്. അവൻ പറയുന്നതിനോട് അവർ പ്രതികരിക്കുകയും അവന്റെ സുഹൃത്തിനെ നോക്കാൻ അവനോടൊപ്പം പോകുകയും ചെയ്യും.
فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ
എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും. (ഖുർആൻ:37/55)
അയാൾ നരക മധ്യത്തിൽ പീഡനത്തിന്റെ നടുവിൽ ശിക്ഷയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.
ഇഹലോകത്ത് വെച്ചുതന്നെ തെറ്റിദ്ധരിപ്പിക്കാനുള്ള സുഹൃത്തിന്റെ ശ്രമത്തിൽനിന്ന് അവനെ രക്ഷിച്ച അല്ലാഹുവിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം അവനോട് പറയും:
قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ
അദ്ദേഹം (അവനോട്) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു. (ഖുർആൻ:37/56)
സംശയമുണ്ടാക്കുന്ന വാദങ്ങൾ ഉന്നയിച്ച് എന്നെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചതിലൂടെ നിങ്ങൾ എന്നെ നശിപ്പിക്കുമായിരുന്നു.
وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ
എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു. (ഖുർആൻ:37/57)
അല്ലാഹു എന്നെ ഇസ്ലാമിൽ ഉറപ്പിച്ചു നിർത്തിയില്ലായിരുന്നുവെങ്കിൽ ഞാനും നരകത്തിൽ അകപ്പെട്ടേനെ.
തന്റെ നിര്‍ഭാഗ്യവാനായ ആ ചങ്ങാതിയുടെ സ്ഥിതിഗതികള്‍ കണ്ടപ്പോള്‍, തനിക്കും കൂട്ടുകാര്‍ക്കും അല്ലാഹു നൽകുന്ന അനുഗ്രഹത്തിൽ ആഹ്ലാദഭരിതനായി വിശ്വാസി കൂട്ടുകാരോടു പറയുന്നു:
أَفَمَا نَحْنُ بِمَيِّتِينَ ﴿٥٨﴾ إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ ﴿٥٩﴾
(സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ. നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല. (ഖുർആൻ:37/58-59)
സ്വർഗത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രോത്സാഹനം നൽകിക്കൊണ്ട് അല്ലാഹു പറയുന്നു:
إِنَّ هَٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ
തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം. (ഖുർആൻ:37/60)
അതിലൂടെ എല്ലാ നന്മയും അവർ കൈവരിച്ചു. ഹൃദയം ആഗ്രഹിക്കുന്നതെല്ലാം നേടിയെടുത്തു. അനിഷ്ടകരമായും ഭയപ്പെടുന്നതുമെല്ലാം വിട്ടൊഴിഞ്ഞു. ഇതിലുപരി ഒരു വിജയമുണ്ടോ? അതോ ഇത് പരമമായ ലക്ഷ്യമോ അന്തിമ വിജയമോ? ആകാശത്തിലും ഭൂമിയിലും അവരുടെ മേൽ രക്ഷിതാവിന്റെ തൃപ്തിയിറങ്ങി. അവന്റെ സാമീപ്യത്താൽ അവർ സന്തുഷ്ടരായി. അവന്റെ അടുത്തായിരിക്കുകയും അവനെ അറിയുകയും കാണുകയും കേൾക്കുകയും ചെയ്യുന്നതിലൂടെ അവർ സന്തോഷമനുഭവിക്കുന്നു. അവന്റെ വാക്കുകൾ അവരെ ആനന്ദിപ്പിക്കുന്നു.
لِمِثْلِ هَٰذَا فَلْيَعْمَلِ ٱلْعَٰمِلُونَ
പ്രയത്നിക്കുന്ന ആളുകള്‍ ഇതുപോലെയുള്ളതിനു വേണ്ടി പ്രയത്നിച്ചുകൊള്ളട്ടെ. (ഖുർആൻ:37/61)
ചെലവഴിക്കുന്നവരുടെ ഏറ്റവും മൂല്യവത്തായ കാര്യങ്ങൾ ചെലവഴിക്കാൻ ഏറ്റവും അർഹതപ്പെട്ടത് അതാകുന്നു. അറിവുള്ളവർ ധൃതിയിൽ പ്രവർത്തിക്കാൻ അനുയോജ്യമായിട്ടുള്ളതും അതാകുന്നു. അത് നഷ്ടപ്പെടുത്തുക എന്നത് വലിയ നഷ്ടമാകുന്നു. മറ്റുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകാതെ ഈ ഭവനത്തിലേക്ക് അടുപ്പിക്കുന്നതായ കാര്യങ്ങളെകൊണ്ട് ഒരുവന്റെ സമയത്തിൽ നിന്ന് ഉറപ്പോടെ കഴിച്ചുകൂട്ടേണ്ടത് അതിനാണ്. അപ്പോൾ അവൻ തന്റെ പാപങ്ങളുമായി നാശത്തിന്റെ വാസസ്ഥലത്തേക്ക് സഞ്ചരിച്ചാലോ?
ഇങ്ങിനെയുള്ള മഹത്തായ ഭാഗ്യം ലഭിക്കുവാനും, അതിനുവേണ്ടി യത്നിക്കുവാനും അല്ലാഹു നമ്മെ തുണക്കട്ടെ. ആമീന്‍.
രണ്ട് : ഭയഭക്തിയും പ്രാര്‍ത്ഥനയും
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
പരസ്പരം പലതും ചോദിച്ചു കൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. (ഖുര്‍ആൻ:52/25)
അതായത് : ഇഹലോകത്തെ കാര്യങ്ങളും അവസ്ഥകളുമെല്ലാം.
ഇന്നവര്‍ അനുഭവിക്കുന്ന സന്തോഷാഹ്ലാദങ്ങളിലേക്ക് എത്തിയതിനെക്കുറിച്ച് അവര്‍ വിശദീകരിക്കും:
قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ
അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. (ഖുര്‍ആൻ:52/26)
അതായത് ഇഹലോകത്ത് വെച്ച് നാം അല്ലാഹുവിനെ ഭയപ്പെടുന്നവരും ആ ഭയത്താല്‍ പാപങ്ങൾ ഉപേക്ഷിക്കുന്നവരുമായിരുന്നു.
فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ
അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. (ഖുര്‍ആൻ:52/27)
സന്മാര്‍ഗം സ്വീകരിക്കാൻ തൗഫീഖ് ലഭിച്ചപ്പോൾ നരകത്തിന്റെ കഠിന ചൂടില്‍നിന്ന് രക്ഷ ലഭിച്ചു.
إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ
തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും. (ഖുര്‍ആൻ:52/28)
ഇതില്‍ ആരാധനയായി ചെയ്യുന്ന പ്രാര്‍ഥനയും ആവശ്യങ്ങള്‍ക്കായി ചോദിക്കുന്ന പ്രാര്‍ഥനയും ഉള്‍ക്കൊള്ളും.
അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവും നമുക്ക് നല്‍കുക എന്നത് നമുക്കവന്‍ നല്‍കുന്ന കാരുണ്യവും ഔദാര്യവുമാകുന്നു. നരകത്തില്‍ നിന്നും അവന്റെ കോപത്തില്‍ നിന്നും കാത്തുരക്ഷിക്കുന്നതും.
അവര്‍ അന്യോന്യം പലതും സംസാരിച്ചും ചോദ്യോത്തരങ്ങള്‍ നടത്തിയും കൊണ്ടിരിക്കുമ്പോള്‍, തങ്ങള്‍ ഐഹിക ജീവിതത്തില്‍ തങ്ങളുടെ സ്വന്തക്കാര്‍ക്കിടയില്‍ കഴിഞ്ഞു കൂടിയ കാലത്തു അല്ലാഹുവിനെ ഭയന്നും, അവന്റെ ശിക്ഷയെ പേടിച്ചും, അവനെ വിളിച്ചു പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്നതിന്റെ ഫലമായിട്ടാണ് തങ്ങള്‍ക്കു ഈ ഉന്നത പദവികളെല്ലാം ലഭിച്ചതെന്ന് അനുസ്മരിച്ചു സന്തോഷിക്കുകയാണ്.
മൂന്ന് : നൻമകൾ ഒഴിവാക്കി തിൻമകൾ ചെയ്തവര്‍
فِى جَنَّٰتٍ يَتَسَآءَلُونَ ﴿٤٠﴾ عَنِ ٱلْمُجْرِمِينَ ﴿٤١﴾
ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും; കുറ്റവാളികളെപ്പറ്റി. (ഖുര്‍ആൻ:74/40-41)
സ്വര്‍ത്തില്‍ അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുകയും സമാധാനാവും സന്തോഷവും പൂര്‍ണമാവുകയും ചെയ്യും. അങ്ങനെ അവര്‍ അന്വേഷിച്ചുകൊണ്ട് വരും. കുറ്റവാളികളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന സംഭാഷണങ്ങള്‍ അവര്‍ക്കിടയില്‍ നടക്കും. ഏത് അവസ്ഥയിലാണ് അവര്‍ അവിടേക്ക് എത്തിയത്? അല്ലാഹു അവരോട് കരാര്‍ ചെയ്തത് അവര്‍ക്ക് ലഭിച്ചോ? അപ്പോള്‍ അവരില്‍ ചിലര്‍ ചിലരോട് പറയും: നിങ്ങള്‍ നരകത്തിലേക്ക് നോക്കുന്നില്ലേ? അപ്പോള്‍ അവരെ നരക മധ്യത്തില്‍ ശിക്ഷിക്കപ്പെടുന്നവരായി കണ്ടെത്തും. അപ്പോള്‍ അവര്‍ അവരോട് ചോദിക്കും:
مَا سَلَكَكُمْ فِى سَقَرَ
നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. (ഖുര്‍ആൻ:74/42)
അതായത് നരകത്തില്‍ പ്രവേശിക്കാന്‍ കാരണമെന്താണ്? അതിനു അര്‍ഹമാക്കിയ തെറ്റെന്താണ്? അവര്‍ മറുപടി പറയും:
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ ﴿٤٣﴾ وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ ﴿٤٤﴾
അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല. (ഖുര്‍ആൻ:74/43-44)
ആരാധ്യനോട് ആത്മാര്‍ഥതയോ നന്മയോ ചെയ്തില്ല. ആവശ്യക്കാരായ സൃഷ്ടികള്‍ക്ക് ഉപകാരവും ചെയ്തില്ല. പിന്നെയവര്‍ ചെയ്തിരുന്നത് എന്തായിരുന്നുവെന്ന് പറയുന്നു:
وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ
തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. (ഖുര്‍ആൻ:74/45)
അതായത് സത്യത്തോട് തര്‍ക്കിക്കുകയും അസത്യത്തില്‍ മുഴുകുകയും ചെയ്തു.
وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ
പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു. (ഖുര്‍ആൻ:74/46)
ഇത് അസത്യത്തില്‍ മുഴുകുന്നതിന്റെ അനന്തരഫലങ്ങളാണ്. അതായത് സത്യത്തെ കളവാക്കുക. ഏറ്റവും വലിയ സത്യം പ്രതിഫല നടപടിയുടെ ദിനമാണ്. അത് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്ന, മറ്റു സൃഷ്ടികളോട് അല്ലാഹുവിന്റെ ആധിപത്യവും നീതിപൂര്‍വകമായ തീരുമാനവും വ്യക്തമാകുന്ന സ്ഥാനവുമാണ്. അസത്യമായ ആശയങ്ങളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ:
حَتَّىٰٓ أَتَىٰنَا ٱلْيَقِينُ
അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി. (ഖുര്‍ആൻ:74/47)
അങ്ങനെ അവര്‍ അവിശ്വാസത്തിലായി മരണപ്പെട്ടപ്പോള്‍ അവരുടെ സൂത്രങ്ങളെല്ലാം വൃഥാവിലായി. അവരുടെ മുഖത്തെ പ്രതീക്ഷകളടഞ്ഞു.
فَمَا تَنفَعُهُمْ شَفَٰعَةُ ٱلشَّٰفِعِينَ
ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല. (ഖുര്‍ആൻ:74/48)
കാരണം അവര്‍ അല്ലാഹു തൃപ്തിപ്പെട്ടവര്‍ക്ക് മാത്രമേ ശുപാര്‍ശ ചെയ്യൂ. ഇത്തരം ആളുകളുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു തൃപ്തിപ്പെടുത്തുകയില്ല.
അവലംബം : തഫ്സീറുസ്സഅ്ദി
kanzululoom.com