സ്വൂഫികളും വിശ്വാസ വ്യതിയാനവും

ഡോ: സഅ്ദ്ബ്‌നു നാസ്വിറുബ്‌നു അബ്ദുല്‍ അസീസ് അബൂഹബീബ് അശ്ശത്‌രി حَفِظَهُ اللَّهُ രചിച്ച آراء الصوفية في أركان الإيمان എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനം

ഗ്രന്ഥകാരനെ കുറിച്ച് : ഡോ: സഅ്ദ്ബ്‌നു നാസ്വിറുബ്‌നു അബ്ദുല്‍ അസീസ് അബൂഹബീബ് അശ്ശത്‌രി. സുഊദി അറേബ്യയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ജനിച്ച അദ്ദേഹം രിയാദിലെ ശരീഅ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ഹിജ്റ1417ല്‍ ഉസ്വൂലുല്‍ ഫിക്വ്ഹില്‍ ഡോക്ടറേറ്റ് നേടി. സുഊദി അറേബ്യയിലെ ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നുബാസ് رحمه الله, ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് മുതലായവര്‍ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്. ചെറുതും വലുതുമായി ഇരുപതില്‍പരം ഗ്രന്ഥങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

പരക്കെ അറിയപ്പെടുന്ന ഒരു കക്ഷിയാണ് സ്വൂഫിയാക്കള്‍. അതുകൊണ്ട് തന്നെ അവരുടെ ചിന്താഗതികളും വിശ്വാസ-ആദര്‍ശങ്ങളും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പഠന വിധേയമാക്കുന്നത് നന്നായിരിക്കും. അതുകൊണ്ടാണ് വിശ്വാസ കാര്യങ്ങളിലെ സ്വൂഫി ചിന്താഗതികള്‍ എന്ന പേരില്‍ ഇത്തരമൊരു ചര്‍ച്ചക്ക് തയ്യാറായത്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സുപ്രധാനങ്ങളായ രണ്ട് കാര്യങ്ങളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു.

ഒന്ന്: സ്വൂഫികള്‍ ഇന്ന് നിലവിലുണ്ടോ? അവരുടെ പ്രകടമായ രീതിശാസ്ത്രങ്ങളും അടയാളങ്ങളും എന്തൊക്കെയാണ്?

രണ്ട്: തസ്വവ്വുഫിന്റെ തുടക്കമെങ്ങനെയായിരുന്നു? സ്വൂഫിസത്തിന്റെ പ്രകടമായ അടയാളങ്ങളും രീതിശാസ്ത്രങ്ങളും എന്തൊക്കെയാണ്?

മറുപടി: സ്വൂഫിസത്തിലേക്ക് ചേര്‍ത്തു പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നിരവധി കക്ഷികളുണ്ട്. മൊറോക്കോ, സുഡാന്‍, ലിബിയ, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളിലുള്ള ‘ശാദുലിയ്യാ” വിഭാഗവും, സുഡാന്‍, നൈജീരിയ, സിനഗല്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ള ‘തീജാനിയ്യ’ വിഭാഗവും അതിനുദാഹരണങ്ങളാണ്. മാത്രമല്ല, നൈജീരിയ്യയില്‍ മാത്രമുള്ള ‘തീജാനിയ്യാ’ക്കള്‍ പത്ത് ദശലക്ഷത്തിലധികം വരുമെന്നാണ് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സ്വൂഫി വിഭാഗത്തില്‍ തന്നെ പെട്ട മറ്റൊരു കക്ഷിയാണ് സുഡാനിലെ ‘ഖത്മിയ്യ”ത്വരീക്വത്ത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലെ ‘ബറേല്‍വി’കളും, ‘നഖ്ശബന്ദിയ്യ’, ‘മൗലവിയ്യ’, ‘ക്വാദിരിയ്യ’,”രിഫാഇയ്യ’, ‘കത്താനിയ്യ’, ‘അഹ്മദിയ്യത്തുല്‍ ഇദ്‌രീസിയ്യ’ തുടങ്ങിയവയും സ്വൂഫി വിഭാഗങ്ങളാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ‘ദയൂബന്ദി’കളെ പോലെയും തുര്‍ക്കിയിലെ ‘നൂര്‍സിയ്യാ’ക്കളെ പോലെയും സ്വൂഫിസത്തിന്റെ സ്വാധീനമുള്ള, അവരുടെ ആദര്‍ശങ്ങള്‍ സ്വീകരിച്ചതുമായ വേറെ ചില കക്ഷികളും വിഭാഗങ്ങളുമുണ്ട്. അതുകൊണ്ട്തന്നെ ഈ വിഷയത്തെ കുറിച്ചുള്ള പഠനം കാലാഹരണപ്പെട്ടുപോയ വല്ലതിനും ജീവന്‍ നല്‍കി അവതരിപ്പിക്കുന്നതല്ല; പ്രത്യുത നമ്മുടെ സമകാലിക യാഥാര്‍ഥ്യങ്ങളെ കുറിച്ചുള്ള പഠനമാണെന്നത് വ്യക്തമാണ്.

സ്വൂഫിസത്തിന്റെ തുടക്കം ഭൗതിക വിരക്തിയും (സുഹ്ദ്) ആരാധനക്കായി ഒഴിഞ്ഞിരിക്കലും ഇസ്‌ലാമിക സമൂഹത്തില്‍ വ്യാപിച്ചിരുന്ന ആഡംഭരത്തിന്റെ ഭാവങ്ങള്‍ ഉപേക്ഷിക്കലുമൊക്കെയായിരുന്നു. പരുക്കന്‍ രോമവസ്ത്രങ്ങള്‍ ധരിക്കല്‍ അതാണറിയിക്കുന്നത്. വിജ്ഞാനങ്ങളില്‍ നിന്നകന്ന് ആരാധനകളിലും മറ്റു കര്‍മങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചതിലൂടെ വ്യത്യസ്തങ്ങളായ വിശ്വാസ ആദര്‍ശങ്ങള്‍ അവരിലേക്ക് എളുപ്പത്തില്‍ കടന്നുകൂടുവാന്‍ സഹായകമായി. കാരണം അത്തരം വ്യതിയാനങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും വിധത്തിലുള്ള മതപരമായ അറിവ് അവര്‍ക്കുണ്ടായിരുന്നില്ല.

‘തസ്വവ്വുഫി’ന്റെ ചരിത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍, സ്വഹാബത്തിന്റെ കാലഘട്ടം മുതല്‍ അതിന്റെ തുടക്കമുണ്ടായിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. സ്വഹാബികള്‍ അപ്പോള്‍ തന്നെ അതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. തന്റെയും കുടുംബത്തിന്റെയും ഉപജീവനത്തിനായി ജോലി ചെയ്യാതെ ആരാധനക്കായി ഒഴിഞ്ഞിരിക്കുന്നവരെ ഉമര്‍ رَضِيَ اللَّهُ عَنْهُ ആക്ഷേപിക്കുകയുണ്ടായി. കൂഫയിലെ പള്ളിയില്‍ ഒരുമിച്ചുകൂടി സംഘമായി ദിക്ര്‍ ചൊല്ലിയവരെ ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വും എതിര്‍ത്തിട്ടുണ്ട്. ചില മലകളില്‍ ആരാധനക്കായി പ്രത്യേക ഭവനങ്ങളുണ്ടാക്കിയവരെയും അദ്ദേഹം ആക്ഷേപിച്ചു. തസ്വവ്വുഫിന്റെ പ്രകടരൂപങ്ങള്‍ ഏതാനും കൊച്ചു കൊച്ചു ബിദ്അത്തുകള്‍ കൊണ്ടാണ് തുടങ്ങിയത്. പിന്നീട് കാലാന്തരത്തില്‍ അത് വളര്‍ന്ന് വലുതായി. ശരീഅത്തിന് വിരുദ്ധമായ പല ഗുരുതര സംഗതികളും അവരുടെ പക്കല്‍ രൂപപ്പെട്ടു തുടങ്ങി.

സ്വൂഫികള്‍ വ്യത്യസ്തങ്ങളായ നിരവധി കക്ഷികളാണ്. അവര്‍ക്കിടയില്‍ തന്നെ പരസ്പര ഭിന്നതയും എതിര്‍പ്പുകളുമുണ്ട്. പരസ്പര മാത്സര്യങ്ങളും ആക്ഷേപശരങ്ങള്‍ വര്‍ഷിക്കലുമൊക്കെയുണ്ട്. തസ്വവ്വുഫിന്റെ കാര്യത്തിലും ബിദ്അത്തുകളിലും അവരൊക്കെയും ഒരേ നിലവാരത്തിലല്ല. വിശ്വാസ കാര്യങ്ങളില്‍ ഏതിലെങ്കിലുമുള്ള സ്വൂഫി ചിന്താഗതികളെ കുറിച്ച് നാം സംസാരിക്കുമ്പോള്‍ അത് അവരിലെ എല്ലാ കക്ഷികളിലുമുണ്ട് എന്ന അര്‍ഥത്തിലല്ല. അപ്രകാരം തന്നെ ആധുനിക സൗകര്യങ്ങളും വാര്‍ത്താവിനിമയ മാര്‍ഗങ്ങളുമൊക്കെ വ്യാപിച്ച ഈ കാലഘട്ടത്തില്‍ ധാരാളക്കണക്കിന് സ്വൂഫികള്‍ തങ്ങളുടെ മുന്‍കാല ചിന്താഗതികളില്‍ ചിലതില്‍ നിന്നൊക്കെ മാറാന്‍ തുടങ്ങിയതായും കണ്ടിട്ടുണ്ട്. തങ്ങളുടെ ബിദ്അത്തുകളെയും ചില വിശ്വാസങ്ങളെയും നിരാകരിക്കുന്ന വ്യക്തമായ തെളിവുകള്‍ കണ്ടതുകൊണ്ടായിരിക്കാമത്.

ഈ വാക്കുകള്‍ കൊണ്ട് ഏതെങ്കിലും വ്യക്തികളെ ആക്ഷേപിക്കല്‍ എന്റെ ലക്ഷ്യമല്ല. മറിച്ച് സ്വൂഫികളുടെ ചില വിശ്വാസങ്ങള്‍ ക്വുര്‍ആനും സുന്നത്തുമായി തട്ടിച്ചുനോക്കി സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിനത്തില്‍ എന്റെയും അവരുടെയും രക്ഷയാഗ്രഹിച്ചുകൊണ്ടും നസ്വീഹത്തിന്റെ (ഗുണകാംക്ഷ) താല്‍പര്യത്താലുമുള്ള അല്ലാഹുവിന്റെ പൊരുത്തത്തിനായുള്ള ശ്രമം മാത്രമാണിത്. ഈമാന്‍ കാര്യങ്ങളുടെ ക്രമത്തില്‍ തന്നെ എന്റെ വാക്കുകളെ ഞാന്‍ ക്രമീകരിക്കുകയാണ്. അതായത്, ഈമാനിനെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് വിശദീകരിച്ചതായി സ്വഹീഹായ ഹദീഥുകളില്‍ വന്ന ക്രമത്തില്‍ തന്നെ. നബി ﷺ പറഞ്ഞു:

عَن الإيمَانِ قَالَ: أن تؤمن بالله وملائكته وكتبه ورسله واليوم الآخر والقدر خيره وشره

ഈമാന്‍ അഥവാ വിശ്വാസമെന്നത്, അല്ലാഹുവിലും അവന്റെ മലക്കുകളിലും കിതാബുകളിലും ദൂതന്‍മാരിലും അന്ത്യദിനത്തിലും വിധിയിലും അഥവാ അതിന്റെ നന്മ-തിന്മകളിലും നീ വിശ്വസിക്കലാണ്. (മുസ്‌ലിം)

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹുവില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്ന് നിരവധി തെളിവുകള്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَٰلَۢا بَعِيدًا

സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവരും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.  (ഖു൪ആന്‍:4/136)

ആ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അല്ലാഹുവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടവയെ മൂന്ന് വിഭാഗങ്ങളായി തിരിക്കുവാന്‍ സാധിക്കും.

ഒന്ന്, അല്ലാഹുവിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട വിശ്വാസം. അഥവാ അവനാണ് ഉപജീവനം നല്‍കുന്നവനും (അര്‍റാസിക്വ്) കാര്യങ്ങള്‍ നിയന്ത്രിക്കുന്നവനും (അല്‍മുദബ്ബിര്‍) ആയ സ്രഷ്ടാവ് (അല്‍ഖാലിക്വ്). ഇതാണ് തൗഹീദുര്‍റുബൂബിയ്യ (സൃഷ്ടി പരിപാലനത്തിലുള്ള ഏകത്വം) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

രണ്ടാമത്തേത്, ആരാധനാകര്‍മങ്ങള്‍ മുഴുവനും അവന് മാത്രം അര്‍പ്പിക്കുകയെന്ന നമ്മുടെ ബാധ്യതയുമായി ബന്ധപ്പെട്ടതാണ്. മറ്റാരും ആരാധനക്കര്‍ഹരല്ല. ഇതാണ് തൗഹീദുല്‍ ഉലൂഹിയ്യ അഥവാ ആരാധനയിലുള്ള ഏകത്വം.

മൂന്നാമത്തേത്, അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസമാണ് (അഥവാ തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത്). അല്ലാഹു അവനെ സ്വയം പരിചയപ്പെടുത്തിയതോ അവന്റെ റസൂല്‍  ﷺ അവനെക്കുറിച്ച് അറിയിച്ചതോ ആയ സര്‍വവിശേഷണങ്ങളും യാതൊരു ഭേദഗതിയോ (തഹ്‌രീഫ്) നിഷേധമോ (തഅ്ത്വീല്‍) ഉപമയോ (തംഥീല്‍) രൂപം ആവിഷ്‌കരിക്കലോ (തക്‌യീഫ്) ഒന്നും കൂടാതെ തന്നെ അവന്റെ ഔന്നത്യത്തിനും മഹത്ത്വത്തിനും യോജിക്കുന്ന വിധത്തില്‍ നാം അംഗീകരിക്കേണ്ടതുണ്ട്.അല്ലാഹു പറയുന്നു:

رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ നീ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അവന്നു പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?. (ഖു൪ആന്‍:19/65)

ഈ സൂക്തത്തിലെ ‘ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍’ എന്ന ഭാഗം തൗഹീദുര്‍റുബൂബിയ്യത്താണ്. ‘അതിനാല്‍ അവനെ നീ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക’ എന്നത് തൗഹീദുല്‍ ഉലൂഹിയ്യത്തും ‘അവന്നു പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?’ എന്നത് തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്തുമാണ്.

ഒന്ന്: തൗഹീദുര്‍റുബുബിയ്യത്തിനെ കുറിച്ചുള്ള സ്വൂഫി ചിന്താഗതികള്‍

അല്ലാഹു താനുദ്ദേശിക്കുന്നത് ചെയ്യുന്നവനാണെന്നും അവന്റെ തീരുമാനങ്ങളെ തടുക്കാനാരുമില്ലെന്നും അവന്റെ വിധിയെ ചോദ്യം ചെയ്യാനാര്‍ക്കുമാകില്ലെന്നും അവന്റെ ആധിപത്യത്തില്‍ അവന്‍ നിര്‍ണയിച്ചതും സൃഷ്ടിച്ചതുമല്ലാതെ യാതൊന്നും സംഭവിക്കുകയില്ലെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അനവധി തെളിവുകളിലൂടെ ഖണ്ഡിതമായി സ്ഥിരപ്പെട്ട സംഗതികളാണ്. അല്ലാഹു പറയുന്നു:

إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ

താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. (ഖുർആൻ:36/82)

قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നതാരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? അവര്‍ പറയും; അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുർആൻ:10/31)

വസ്തുത ഇതായിരിക്കെ സ്വൂഫികളിലെ ഒരു വിഭാഗം വാദിക്കുന്നത് ഔലിയാക്കള്‍ പ്രപഞ്ചത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവരാണെന്നും അവര്‍രുഉദ്ദേശിക്കുന്നവര്‍ക്ക് അവര്‍ ഉപകാരം ചെയ്ത് കൊടുക്കുമെന്നും അവരുദ്ദേശിന്നവര്‍ക്ക് അവര്‍ ഉപദ്രവം ചെയ്യുമെന്നുമൊക്കെയാണ്. എത്രത്തോളമെന്നാല്‍ ഉപജീവനം (രിസ്‌ക്വ്) അവരുടെ കരങ്ങളിലാണ് എന്നും അവര്‍ ജല്‍പിക്കുന്നു! എന്തൊരു വിചിത്രമായ വാദമാണിത്!

ചുരുക്കത്തില്‍, അല്ലാഹുവിന്റെതു മാത്രമായ പല പ്രവര്‍ത്തനങ്ങളെയും അവര്‍ ഔലിയാക്കളില്‍ ആരോപിച്ചു. അങ്ങനെ സൃഷ്ടികര്‍മത്തിലും ഉപജീവനം നല്‍കുന്നതിലും മറ്റും ഔലിയാക്കളെ അവര്‍ അല്ലാഹുവിന് സമന്മാരും പങ്കാളികളുമാക്കി. അബദ്ധജഡിലമായ ഒരു വിശ്വാസമാണ് ഇതെന്നതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവായ അല്ലാഹു തന്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യോട് (അദ്ദേഹത്തിന്റെ ഉന്നതമായ സ്ഥാനമാനങ്ങളുള്ളതോടൊപ്പം തന്നെ) അഭിസംബോധന ചെയ്തത് ഇത്തരുണത്തില്‍ ശ്രദ്ധിക്കുക.

ﻗُﻞ ﻻَّٓ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻰ ﻧَﻔْﻌًﺎ ﻭَﻻَ ﺿَﺮًّا ﺇِﻻَّ ﻣَﺎ ﺷَﺎٓءَ ٱﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨﺖُ ﺃَﻋْﻠَﻢُ ٱﻟْﻐَﻴْﺐَ ﻟَﭑﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ٱﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻰَ ٱﻟﺴُّﻮٓءُ ۚ ﺇِﻥْ ﺃَﻧَﺎ۠ ﺇِﻻَّ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِّﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ

(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം ഗുണങ്ങള്‍ നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരുരുതാക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങ ള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്. .(ഖു൪ആന്‍: 7/188)

അല്ലാഹു, അവന്‍ മാത്രമാണ് സ്രഷ്ടാവ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ തടയുന്നു. അല്ലാഹു പറയുന്നു:

قُلِ ٱللَّهُمَّ مَٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:3/26)

تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۖ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ ۖ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍ

രാവിനെ നീ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതില്‍ നിന്ന് നീ ജീവിയെ പുറത്തു വരുത്തുന്നു. ജീവിയില്‍ നിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നീ നല്‍കുകയും ചെയ്യുന്നു. (ഖു൪ആന്‍:3/27)

ٱللَّهُ ٱلَّذِى خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَآئِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَىْءٍ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരുരുകാര്യം ചെയ്യുന്ന വല്ലവനും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അവന്‍ അത്യുന്നതനായിരിക്കുന്നു. (ഖു൪ആന്‍:30/40)

അതായത്, ഇപ്പറഞ്ഞവയൊന്നും ചെയ്യാന്‍ സര്‍വലോകരക്ഷിതാവായ അല്ലാഹുവല്ലാതെ മറ്റാരും ഇല്ല തന്നെ. പ്രപഞ്ചത്തിലെ കൈകാര്യകര്‍തൃത്വം, ജീവിപ്പിക്കലും മരിപ്പിക്കലും, ഉപജീവനം നല്‍കല്‍ ഇവയൊക്കെ അല്ലാഹുവിലേക്ക് മാത്രം മടങ്ങുന്ന കാര്യങ്ങളാണ്. എന്നാല്‍ അമ്പിയാക്കളും ഔലിയാക്കളുമൊക്കെ അവര്‍ എത്രതന്നെ ഉന്നത പദവികളിലെത്തിയാലും അവരൊരിക്കലും പ്രപഞ്ചത്തിലെ കാര്യങ്ങള്‍ നടത്തുന്നവരോ അല്ലാഹുവിന്റെ അനുമതിയോടും നിര്‍ദേശത്തോടും കൂടിയല്ലാതെ മറ്റെന്തെങ്കിലും ചെയ്യുന്നവരോ അല്ല. അല്ലാഹു പറയുന്നു:

أَمَّنْ هَٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّ وَنُفُورٍ

അതല്ലെങ്കില്‍ അല്ലാഹു തന്റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവനായി ആരുണ്ട്? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു. (ഖു൪ആന്‍:67/21)

إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ

തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും. (ഖു൪ആന്‍:51/58)

‏ إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ

നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാകുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്. (ഖു൪ആന്‍:29/17)

لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)

മഴ വര്‍ഷിപ്പിക്കലും സസ്യലതാദികള്‍ മുളപ്പിക്കലുമൊക്കെ ലോകരക്ഷിതാവായ അല്ലാഹു മാത്രമാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ‎﴿٢١﴾‏ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ‎﴿٢٢﴾

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌. (ഖു൪ആന്‍ : 2/21-22)

ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦ ﻧَّﺰَّﻝَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻓَﺄَﺣْﻴَﺎ ﺑِﻪِ ٱﻷَْﺭْﺽَ ﻣِﻦۢ ﺑَﻌْﺪِ ﻣَﻮْﺗِﻬَﺎ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۚ ﻗُﻞِ ٱﻟْﺤَﻤْﺪُ ﻟِﻠَّﻪِ ۚ ﺑَﻞْ ﺃَﻛْﺜَﺮُﻫُﻢْ ﻻَ ﻳَﻌْﻘِﻠُﻮﻥَ

ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:29/63)

وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ ۚ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ

മനുഷ്യര്‍ നിരാശപ്പെട്ടുകഴിഞ്ഞ ശേഷം മഴ വര്‍ഷിപ്പിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍ അവന്‍ തന്നെയാകുന്നു. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി. (ഖു൪ആന്‍:42/28)

ഔലിയാക്കളില്‍ ചിലരെ ദുന്‍യാവിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അച്ചുതണ്ട് (ഖുതുബ്) എന്നോ അടിമകളെ രക്ഷിക്കുന്ന രക്ഷകന്‍ (ഗൗഥ്) എന്നോ ഒക്കെ വിശേഷിപ്പിക്കുന്നതിലെ അബദ്ധവും അപകടവും ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

(മുഹിയുദ്ദീന്‍ ശൈഖ് رحمه الله യെ അല്‍ക്വുതുബ്, ക്വുതുബുല്‍ അക്വ്താബ്, അല്‍ഗൗഥുല്‍അഅ്‌ളം എന്നൊക്കെയാണ് സ്വൂഫീ ത്വരീക്വത്തുകാര്‍ പരിചയപ്പെടുത്തുന്നത്. മാലമൗലൂദുകള്‍ അത്തരം അതിരുവിട്ട ശിര്‍ക്കന്‍ പ്രയോഗങ്ങള്‍ കൊണ്ട് നിറഞ്ഞു കിടക്കുന്നതായി കാണാം. അതുകൊണ്ടൊക്കെയാണ് ഇത്തരം മാലകളും മൗലീദുകളും ഇസ്‌ലാമിന്റെ കടക്കല്‍ കത്തിവെക്കുന്നവയാണെന്ന് പറയുന്നത് – വിവര്‍ത്തകൻ)

അല്ലാഹുവിന്റെ റുബൂബിയ്യത്തെന്ന മഹത്തായ പദവിക്ക് നേരെയുള്ള കയ്യേറ്റമാണിതൊക്കെ എന്നതില്‍ സംശയമില്ല. പ്രപഞ്ചത്തിന്റെ നിയന്ത്രണവും അതിലെ കൈകാര്യകര്‍തൃത്വവും അല്ലാഹുവിനു മാത്രമാണുള്ളതെന്ന് വ്യക്തമാക്കുന്ന, മുമ്പ് പറഞ്ഞതു പോലെയുള്ള നിരവധി ആയത്തുകള്‍ക്കും ഹദീഥുകള്‍ക്കും കടകവിരുദ്ധമാണീ ചിന്താഗതി.

അപ്രകാരം തന്നെ തൗഹീദുര്‍റുബൂബിയ്യത്തിന് എതിരാകുന്ന മറ്റൊരു സംഗതിയാണ് ഔലിയാക്കളില്‍ ചിലര്‍ ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയുമെന്ന സ്വൂഫിയ്യാക്കളുടെ വാദം. അല്ലാഹു തആലാ തന്റെ പ്രവാചകന്‍ മുഹമ്മദ് നബി ﷺ യോട് പറഞ്ഞ വാക്കുകള്‍ ഇവര്‍ കണ്ടിട്ടില്ലേ? അല്ലാഹു പറയുന്നു:’

ﻗُﻞ ﻻَّٓ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻰ ﻧَﻔْﻌًﺎ ﻭَﻻَ ﺿَﺮًّا ﺇِﻻَّ ﻣَﺎ ﺷَﺎٓءَ ٱﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨﺖُ ﺃَﻋْﻠَﻢُ ٱﻟْﻐَﻴْﺐَ ﻟَﭑﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ٱﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻰَ ٱﻟﺴُّﻮٓءُ ۚ ﺇِﻥْ ﺃَﻧَﺎ۠ ﺇِﻻَّ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِّﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ

(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം ഗുണങ്ങള്‍ നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരുരുതാക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങ ള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്. .(ഖു൪ആന്‍: 7/188 )

قُل لَّآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ لَكُمْ إِنِّى مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ

പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌? (ഖു൪ആന്‍:6/50)

മറഞ്ഞ കാര്യങ്ങള്‍ (ഗൈബ്) അറിയല്‍ സര്‍വലോകരക്ഷിതാവായ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. അല്ലാഹു പറയുന്നു:

وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَٰبٍ مُّبِينٍ

അവന്റെ പക്കലാകുന്നു മറഞ്ഞ കാര്യങ്ങളുടെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. (ഖു൪ആന്‍:6/59)

ഉന്നതനും മഹാനുമായ അല്ലാഹു പറയുന്നു:

وَيَقُولُونَ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۖ فَقُلْ إِنَّمَا ٱلْغَيْبُ لِلَّهِ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ

അവര്‍ പറയുന്നു: അദ്ദേഹത്തിന് (നബിക്ക്) തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു തെളിവ് (നേരിട്ട്) ഇറക്കിക്കൊടുക്കപ്പെടാത്തതെന്തുകൊണ്ട്? (നബിയേ,) പറയുക; മറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:10/20)

وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ

ആകാശ-ഭൂമികളിലെ മറഞ്ഞ യാഥാര്‍ഥ്യങ്ങളെപ്പറ്റിയുള്ള അറിവ് അല്ലാഹുവിന്നാണുള്ളത്. അവങ്കലേക്ക് തന്നെ കാര്യങ്ങളെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും അവന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്റെ രക്ഷിതാവ് അശ്രദ്ധനല്ല. (ഖു൪ആന്‍:11/123)

قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും മറഞ്ഞ കാര്യങ്ങള്‍ അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (ഖു൪ആന്‍:27/65)

എന്നു മത്രമല്ല, അല്ലാഹു നിശ്ചയിച്ച കാര്യങ്ങളും (ക്വദാ-ക്വദ്ര്‍) ലൗഹുല്‍മഹ്ഫൂളിലെ ചില കാര്യങ്ങള്‍ പോലും തിരുത്താനും കൈകാര്യം ചെയ്യാനുമൊക്കെ അവര്‍ക്ക് സാധിക്കുമെന്ന് വരെ അക്കൂട്ടര്‍ ജല്‍പിക്കുന്നു. അല്ലാഹുവിന്റെ വചനങ്ങളോട് എന്തുമാത്രം എതിര്‍പ്പിലാണ് ഈ നിരര്‍ഥകവാദം നിലകൊള്ളുന്നത്!അല്ലാഹു പറയുന്നു:

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ‎﴿٢٢﴾‏ لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿٢٣﴾

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:57/22-23)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: قدر الله تعالى مقادير الخلق قبل أن يخلق السموات والأرض بخمسين ألف سنة وكان عرشه على الماء

നബി ﷺ പറയുന്നു: ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പേ സൃഷ്ടികളുടെ കാര്യങ്ങളെല്ലാം അല്ലാഹു നിര്‍ണയിച്ചുകഴിഞ്ഞു. അവന്റെ സിംഹാസനം (അര്‍ശ്) വെള്ളത്തിന്മേലായിരുന്നു. (മുസ്‌ലിം).

മറ്റു ചില റിപ്പോര്‍ട്ടുകളിലൂടെ ഇപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്:

إنَّ أولَ ما خلق اللهُ القلمُ، فقال لهُ : اكتبْ، قال : ربِّ وماذا أكتبُ ؟ قال : اكتُبْ مقاديرَ كلِّ شيءٍ حتى تقومَ الساعةُ .

അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പേനയാണ്. എന്നിട്ടതിനോട് അവന്‍ എഴുതാന്‍ കല്‍പിച്ചു. അത് ചോദിച്ചു: ‘എന്റെ രക്ഷിതാവേ, എന്താണ് ഞാന്‍ എഴുതേണ്ടത്?’ അവന്‍ പറഞ്ഞു: അന്ത്യസമയം വരെയുള്ള എല്ലാറ്റിന്റെയും വിധിനിര്‍ണയങ്ങള്‍ (ഖദ്ര്‍) നീ രേഖപ്പെടുത്തുക. (അബൂദാവൂദ്)

അതായത്, ഗുണവും ദോഷവും അല്ലാഹുവിന്റെ കൈകളില്‍ മാത്രമാണ്. (അഥവാ അവനാണ് കാര്യങ്ങളൊക്കെ നിശ്ചയിക്കുന്നതും നടത്തുന്നതും). അല്ലാഹു പറയുന്നു:

وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ

നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖുർആൻ:10/107)

സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ തിര്‍മിദി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു. നബി ﷺ പറഞ്ഞു:

وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ‏

നീ അറിയുക! സമൂഹം ഒന്നടങ്കം നിനക്ക് വല്ല ഉപകാരവും ചെയ്തുതരുന്നതിനുവേണ്ടി ഒരുമിച്ചു കൂടിയാല്‍ പോലും അല്ലാഹു നിനക്ക് വിധിച്ചിട്ടില്ലാത്ത യതൊരു ഉപകാരവും ചെയ്തു തരുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. വല്ല തരത്തിലുമുള്ള ബുദ്ധിമുട്ടും നിനക്ക് വരുത്താന്‍ അവരൊന്നടങ്കം ഒരുമിച്ചുകൂടിയാലും അല്ലാഹു നിനക്ക് വിധിച്ചിട്ടില്ലാത്ത ഒന്നും വരുത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു. ഏടുകള്‍ ഉണങ്ങി.(അഥവാ വിധികള്‍ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു).

അപ്രകാരം തന്നെ റുബൂബിയ്യത്തിന്റെ വിഷയത്തില്‍ സ്വൂഫികള്‍ക്ക് പറ്റിയ മറ്റൊരു ഭീമാബദ്ധമാണ് അദ്വൈത സങ്കല്‍പം. അതായത്, അല്ലാഹുവല്ലാത്ത ഒന്നും തന്നെയില്ല എന്ന വിശ്വാസം. പ്രപഞ്ചത്തില്‍ കാണപ്പെടുന്നതൊക്കെയും അല്ലാഹുവാണത്രെ! നാം ഈ കാണുന്ന ദൃശ്യ പ്രപഞ്ചങ്ങളെല്ലാം തന്നെ ദൈവത്തിന്റെ പ്രകടരൂപങ്ങളാണത്രെ! സര്‍വലോക രക്ഷിതാവാണത്രെ ഈ കാണുന്ന സൃഷ്ടിജാലങ്ങളത്രയും! സത്യനിഷേധികളും മാലിന്യങ്ങളും അടക്കമുള്ള എല്ലാം ദൈവത്തിന്റെ ദൃശ്യരൂപങ്ങളാണെന്ന ഇത്തരം കുഫ്‌റിന്റെ (സത്യനിഷേധത്തിന്റെ) വാക്കുകള്‍ ഒരാളും പറയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അവരുടെയടുക്കല്‍ കാണപ്പെടുന്നതൊക്കെയും ദൈവമാണ്. എന്നാല്‍ ഞാന്‍ പറയട്ടെ; ഈ കാലത്ത് മതനിയമങ്ങളെ ആദരിക്കുന്ന ബുദ്ധിയുള്ള ഒരാളും അങ്ങനെ പറയുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. പക്ഷേ, അങ്ങനെയിരിക്കെയാണ് ആധുനികരായ ചില സ്വൂഫികളുടെ കൃതികളില്‍ അങ്ങനെ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായി ഞാന്‍ കാണുന്നത്. അങ്ങനെ ഞാനും അവരില്‍ ചിലരും തമ്മില്‍ തദ്‌വിഷയകമായി വാഗ്വാദങ്ങള്‍ നടന്നു. ഈ ഒരൊറ്റ കാര്യത്തെക്കുറിച്ച് ആലോചിച്ചാല്‍ മതി അതിന്റെ നിരര്‍ഥകത മനസ്സിലാക്കാന്‍. ഈ വാദമനുസരിച്ച് ‘ഞാനാണ് നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവ്’ എന്ന് ഫിര്‍ഔന്‍ പറഞ്ഞതും സത്യമാണെന്ന് അംഗീകരിക്കേണ്ടിവരും. മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവമാണെന്ന് പറഞ്ഞവരെക്കുറിച്ച് അവിശ്വാസികളെന്ന് പറയാന്‍ പറ്റില്ല എന്നുമാകും. അല്ലാഹു പറയുന്നതാകട്ടെ ഇപ്രകാരമാണ്:

لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٍ ۘ وَمَا مِنْ إِلَٰهٍ إِلَّآ إِلَٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ

അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (ഖുർആൻ:5/73)

അപ്പോള്‍ സൃഷ്ടികള്‍ മുഴുവനും അല്ലാഹുവാണ് എന്ന് പറയുന്നവരുടെ സ്ഥിതി എന്തായിരിക്കും?!

മലക്കുകളിലുള്ള വിശ്വാസം

മലക്കുകളില്‍ വിശ്വസിക്കലും നിര്‍ബന്ധമാണെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു:

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ

തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരുരുവിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്). അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. (ഖുർആൻ:2/285)

മലക്കുകള്‍ അല്ലാഹുവിന്റെ സൃഷ്ടികളാണ്. പ്രകാശത്താലാണ് അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ കല്‍പനകള്‍ക്കെതിരില്‍ അവര്‍ പ്രവര്‍ത്തിക്കുകയില്ല. അല്ലാഹുവിന്റെ വിധികളെയും നിര്‍ദേശങ്ങളെയും ലംഘിച്ച് അവര്‍ അവര്‍ പുറത്തുകടക്കുകയില്ല. അവരുടെ സര്‍വ കാര്യങ്ങളും സ്ഥിതിഗതികളും അല്ലാഹുവിനറിയാം. അവരില്‍ ചിലരുടെ പേരുകള്‍ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. ഉദാഹരണത്തിന്, ജിബ്‌രീല്‍. അവരില്‍ ചിലരുടെ ജോലിയെക്കുറിച്ചും അല്ലാഹു പറഞ്ഞു തന്നിട്ടുണ്ട്. മരണത്തിന്റെ ചുമതലയേല്‍പിക്കപ്പെട്ട മലക്കും ഗര്‍ഭസ്ഥശിശുവിന്റെ ചുമതലയേല്‍പിക്കപ്പെട്ട മലക്കുമൊക്കെ അതിനുദാഹരണങ്ങളാണ്.

എന്നാല്‍ ചില സൂഫിയ്യാക്കള്‍ മലക്കുകളെ വിളിച്ചു പ്രാര്‍ഥിക്കുന്നു! മുമ്പ് വിശദമാക്കിയതു പോലെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു തന്നെ പുറത്താകുന്ന ഗുരുതരമായ പാപമാകുന്നു അത്.അല്ലാഹു പറയുന്നു:

ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്. (ഖു൪ആന്‍ : 72/18)

وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَٰٓئِكَةَ وَٱلنَّبِيِّـۧنَ أَرْبَابًا ۗ أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ

മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പിക്കാവുന്നതുമല്ല. നിങ്ങള്‍ മുസ്‌ലിംകളായിക്കഴിഞ്ഞതിനു ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്?). (ഖു൪ആന്‍ : 3/80)

وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَٰٓئِكَةِ أَهَٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ ‎﴿٤٠﴾‏ قَالُوا۟ سُبْحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ ‎﴿٤١﴾

അവരെ മുഴുവന്‍ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു). എന്നിട്ട് അവന്‍ മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഈ കൂട്ടര്‍ ആരാധിച്ചിരുന്നത്? അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്. അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരത്രെ. (ഖു൪ആന്‍ : 34/40-41)

ജിന്നുകളുടെ ചില പ്രവര്‍ത്തനങ്ങളെ മലക്കുകളുടെ പ്രവര്‍ത്തനങ്ങളായി ചിലപ്പോള്‍ മനുഷ്യര്‍ ധരിച്ചേക്കുമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഇതാണ് സൂഫിയ്യാക്കളില്‍ കൂടുതലായി സംഭവിക്കുന്നതും. ജിന്നുകളിലാരെങ്കിലും ചെന്ന് വല്ല സംസാരങ്ങളും ഇത്തരക്കാരുടെ മനസ്സുകളിലോ കാതുകളിലോ ഇട്ടുകൊടുക്കുന്നു. അപ്പോള്‍ അത് മലക്കുകളില്‍ നിന്നുള്ള സന്ദേശങ്ങളും ‘കശ്ഫും’ ‘ഇല്‍ഹാമും’ ആയിരിക്കുമെന്ന് അയാള്‍ വിചാരിക്കുകയും ചെയ്യുന്നു. പരിശുദ്ധ ഇസ്‌ലാമിന്റെ നിയമ സംഹിതകളും വിധിവിലക്കുകളുമടങ്ങുന്ന ശരീഅത്ത് ക്വുര്‍ആന്‍കൊണ്ടും സുന്നത്ത്‌കൊണ്ടും സമ്പൂര്‍ണമാണ്. അതുകൊണ്ട് തന്നെ എന്താണെന്ന് പോലും അറിയാത്ത ഇത്തരത്തിലുള്ള യാതൊന്നും നമുക്ക് ആവശ്യമേയില്ല. മാത്രമല്ല, ജിന്നുകളും പിശാചുക്കളും ചിലരുടെ മനസ്സുകളിലേക്ക് ദുര്‍ബോധനങ്ങള്‍ ഇട്ടുകൊടുക്കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ‎

അപ്രകാരം ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക. (ഖുർആൻ :6/112)

وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌ ۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ

അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും. (ഖു൪ആന്‍ :6/121)

ഇതാണ് ‘റൂഹ് ഹാളിറാകല്‍’ (ആത്മാവ് ഹാജരാകല്‍) എന്ന പേരില്‍ സൂഫിയ്യാക്കള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ മരണപ്പെട്ടവരുടെ സ്വരത്തില്‍ ജിന്ന് സംസാരിക്കുകയാണ്. അങ്ങനെ തങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി അവര്‍ ജിന്നുകളോട് സഹായാര്‍ഥന നടത്തുന്നു. ഇത് പാടില്ലാത്തതാണ്. കാരണം, ഇത്തരം സാഹചര്യങ്ങളും സഹായാര്‍ഥനയും നബി ﷺ യുടെ കാലത്ത് നിലവിലുണ്ടായിന്നിട്ടും നബി ﷺ അപ്രകാരം ചെയ്തിട്ടില്ല. അതിനാല്‍ അത് മതം അനുവദിക്കുന്നില്ല. മാത്രമല്ല, ജിന്നുകള്‍ എന്തെങ്കിലും നേട്ടങ്ങള്‍ അവര്‍ക്ക് തിരിച്ചു കിട്ടിയിട്ടല്ലാതെ എന്തെങ്കിലും ചെയ്തു തരികയുമില്ല.

[ജിന്ന്‌സേവ, ചാത്തന്‍സേവ എന്നീ പേരുകളില്‍ നമ്മുടെ നാടുകളില്‍ നടക്കുന്നതൊക്കെയും ഇത്തരത്തിലുള്ള പൈശാചിക കര്‍മങ്ങളും ബഹുദൈവാരാധനകളുമാണ്. അല്ലാഹുവിന്റെ കോപവും പശാചിന്റെ പ്രീതിയുമാണ് അവയിലൂടെ സമ്പാദിക്കുന്നത് എന്ന വസ്തുത അധികമാരും അറിയുന്നില്ല. മനുഷ്യപിശാചുക്കളും ജിന്നുപിശാചുക്കളും തമ്മിലുള്ള ഇത്തരം അവിഹിത ബന്ധത്തിലൂടെ ധാരാളം ആളുകള്‍ വഴി തെറ്റിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. (വിവര്‍ത്തകന്‍)]

وَيَوْمَ يَحْشُرُهُمْ جَمِيعًا يَٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ

അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റു ചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമാകുന്നു. (ഖു൪ആന്‍:6/128)

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം

അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കലും നിര്‍ബന്ധമാണെന്ന് നിരവധി പ്രാമാണിക വചനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَٰلَۢا بَعِيدًا

സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു. (ഖു൪ആന്‍:4/136)

وَقُلْ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٍ ۖ

നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏതു ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. (ഖു൪ആന്‍:42/15)

അവ അല്ലാഹുവിങ്കല്‍ നിന്ന് അവതരിച്ചതാണെന്നും യാഥാര്‍ഥ്യമായി തന്നെ അല്ലാഹു സംസാരിച്ച വചനങ്ങളാണ് അവയെന്നും നാം വിശ്വസിക്കുന്നു.

വേദഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട സൂഫീ ചിന്താഗതികളിലൊന്നാണ് വിശുദ്ധ ക്വുര്‍ആനിന് ബാഹ്യവും (ദാഹിര്‍) ആന്തരികവും (ബാത്വിന്‍) എന്നിങ്ങനെ രണ്ട് വശങ്ങളുണ്ട് എന്ന വാദം. ബാഹ്യജ്ഞാനമാണത്രെ മതനിയമങ്ങളെ സംബന്ധിച്ചുള്ള (ശരീഅത്ത്) അറിവ്. എന്നാല്‍ ഉല്‍കൃഷ്ട ജ്ഞാനമാകട്ടെ, അത് ആന്തരിക ജ്ഞാനമാണ്. പ്രത്യേക ഔലിയാക്കള്‍ക്കല്ലാതെ അറിയാന്‍ കഴിയാത്ത യഥാര്‍ഥ ജ്ഞാനം (ഇല്‍മുല്‍ ഹക്വീക്വത്ത്) അതാണെന്നാണ് അവര്‍ പറയുന്നത്. എന്നിട്ട് ക്വുര്‍ആനിന്റെ ബാഹ്യാര്‍ഥത്തിന് നിരക്കാത്ത പല വ്യാഖാനങ്ങളിലേക്കും അതിലൂടെ അവര്‍ എത്തിച്ചേരുന്നു. അറബി ഭാഷയനുസരിച്ചുള്ള ആശയങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായ വിവരണങ്ങള്‍ ക്വുര്‍ആന്‍ സൂക്തങ്ങള്‍ക്ക് അവര്‍ നല്‍കുകയും ചെയ്യുന്നു. പക്ഷേ, ക്വുര്‍ആന്‍ അറബി ഭാഷയിലാണ് അവതരിച്ചതെന്ന് ക്വുര്‍ആനിക സൂക്തങ്ങള്‍ തന്നെ തുടരെ തുടരെ വ്യക്തമാക്കിയതാണ്. അപ്പോള്‍ തീര്‍ച്ചയായും ക്വുര്‍ആന്‍ ഗ്രഹിക്കേണ്ടത് ഈ ഭാഷയനുസരിച്ച് തന്നെയായിരിക്കണം.

إِنَّآ أَنزَلْنَٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

നിങ്ങള്‍ ഗ്രഹിക്കുന്നതിനുവേണ്ടി അത് അറബി ഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു” (ഖു൪ആന്‍:12/2)

إِنَّا جَعَلْنَٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ക്വുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു. (ഖുര്‍ആൻ:43/3)

وَهَٰذَا لِسَانٌ عَرَبِىٌّ مُّبِينٌ ‎

ഇതാകട്ടെ, സ്പഷ്ടമായ അറബി ഭാഷയാകുന്നു. (ഖു൪ആന്‍:16/103)

كِتَٰبٌ فُصِّلَتْ ءَايَٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ ‎

വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം). (ഖുര്‍ആൻ:41/3)

ക്വുര്‍ആനിന്റെ ശരിയായ ആശയത്തെ മാറ്റിമറിക്കുന്ന ഒന്നാണ് ‘ദൗക്വ്’ (അഭിരുചി), ‘കശ്ഫ്’ (വെളിപ്പെടുത്തല്‍) എന്നീ പേരുകളിലുള്ള സ്വൂഫീ ചിന്താഗതികള്‍. (*) അതുകൊണ്ടു തന്നെ വിജ്ഞാനം അന്വേഷിക്കുന്നതിലും മതത്തില്‍ അറിവ് നേടുന്നതിലുമൊക്കെ അവര്‍ തല്‍പരരല്ല. ക്വുര്‍ആനിനെക്കാളും നബി ﷺ യില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന ദിക്ര്‍-ദുആകളെക്കാളുമൊക്കെ ഉല്‍കൃഷ്ടമാണ് തങ്ങള്‍ പടച്ചുണ്ടാക്കിയ നൂതന ദിക്‌റുകള്‍ എന്ന് പറയുന്നതുവരെയെത്തി അവരില്‍ ചിലരുടെ സ്ഥിതി! എത്രത്തോളമെന്നാല്‍ സ്വൂഫിയ്യാക്കളില്‍ ചിലര്‍ പറയുന്നു ‘ക്വുര്‍ആന്‍ പാരായണത്തെക്കാള്‍ ഉത്തമമാണ് ശാദുലി വിര്‍ദുകള്‍ എന്ന്. മറ്റുചിലര്‍ പറയുന്നു ‘ക്വുര്‍ആന്‍ മുഴുവനും ആറായിരം തവണ പാരായണം ചെയ്യുന്നതിന് തുല്യമാണ് സ്വലാത്തുല്‍ ഫാതിഹ്’ (അഥവാ സ്വൂഫിയ്യാക്കളുണ്ടാക്കിയ ഒരു ബിദ്ഈ സ്വലാത്ത്) എന്ന്. അങ്ങനെ അവര്‍ ജനങ്ങളെ ക്വുര്‍ആനിനെ കയ്യൊഴിക്കുന്ന തരത്തിലാക്കിത്തീര്‍ത്തു. (**)

(*) വെളിപാടിലൂടെ സ്വൂഫീ ശൈഖുമാര്‍ക്ക് പല സന്ദേശങ്ങളും അറിവുകളും കിട്ടിക്കൊണ്ടിരിക്കുന്നുവെന്നും അവയാണ് സുപ്രധാന ജ്ഞാനങ്ങള്‍ എന്നുമാണ് അവരുടെ വിശ്വാസം. അത്തരത്തിലുള്ള അറിവുകള്‍ക്ക് അവര്‍ നല്‍കിയിരിക്കുന്ന സാങ്കേതിക നാമങ്ങളാണ് ‘കശ്ഫ്,’ ‘ദൗക്വ്’ പോലുള്ളവ. (വിവര്‍ത്തകന്‍)

(**) മുഹ്‌യുദ്ദീന്‍ മാല തെറ്റൊന്നും കൂടാതെ പാരായണം ചെയ്താല്‍ മഹത്തായ പ്രതിഫലമുണ്ടെന്ന് മാലകളിലൂടെയും മറ്റും നമ്മുടെ നാട്ടിലെ സ്വൂഫിയ്യാക്കള്‍ പ്രചരിപ്പിക്കുന്നതും ഇതിനോട് ചേര്‍ത്തു വായിക്കുക. (വിവര്‍ത്തകന്‍)

وَقَالَ ٱلرَّسُولُ يَٰرَبِّ إِنَّ قَوْمِى ٱتَّخَذُوا۟ هَٰذَا ٱلْقُرْءَانَ مَهْجُورًا

(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു. (ഖുർആൻ :25/30)

قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَ لَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. (ഖുര്‍ആന്‍:17/88)

ഒരു ക്വുദ്‌സിയായ ഹദീഥിലൂടെ അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്നു:

مَنْ شَغَلَهُ الْقُرْآنُ عَنْ ذِكْرِي وَ مَسْأَلَتِي أَعْطَيْتُهُ أَفْضَلَ مَا أُعْطِي السَّائِلِينَ وَفَضْلُ كَلاَمِ اللَّهِ عَلَى سَائِرِ الْكَلاَمِ كَفَضْلِ اللَّهِ عَلَى خَلْقِهِ

എന്നോട് ചോദിക്കുന്നതില്‍ നിന്നും ആരെയെങ്കിലും ക്വുര്‍ആനും എന്റെ ദിക്‌റുകളും വ്യാപൃതനാക്കിയാല്‍, എന്നോട് ചോദിച്ചവര്‍ക്ക് നല്‍കിയതില്‍ ഏറ്റവും ഉത്തമമായത് ഞാനവന് നല്‍കുന്നതാണ്. മറ്റു വചനങ്ങളുടെ മേല്‍ അല്ലാഹുവിന്റെ വചനത്തിനുള്ള ശ്രേഷ്ഠത സൃഷ്ടികളുടെമേല്‍ അല്ലാഹുവിനുള്ള ശ്രേഷ്ഠത പോലെയാണ്. (തിര്‍മിദി ഉദ്ധരിക്കുകയും ഹസനാണെന്ന് വിധിക്കുകയും ചെയ്തത്).

അപ്രകാരം തന്നെ അവര്‍ മറ്റു പലതിനും ക്വുര്‍ആനെക്കാള്‍ സ്ഥാനം നല്‍കുന്നവരാണ്. സ്വഹീഹായ ഹദീഥിലൂടെ നബി ﷺ പഠിപ്പിച്ച ഈ വചനവും അവരും എവിടെ നില്‍ക്കുന്നു എന്ന് ആലോചിക്കുക.

قال رسول الله صلى الله عليه وسلم :‏ خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

നബി ﷺ പറയുന്നു: നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ ക്വുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്. (ബുഖാരി).

പ്രവാചകന്‍മാരിലുള്ള വിശ്വാസം

മനുഷ്യരെ നന്മയിലേക്ക് നയിക്കുന്നതിനും സന്മാര്‍ഗ ദര്‍ശനത്തിനുമായി അല്ലാഹു നിരവധി ദൂതന്മാരെ യും പ്രവാചകന്മാരെയും മനുഷ്യവര്‍ഗത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന അനവധി തെളിവുകളുണ്ട്.അല്ലാഹു പറയുന്നു:

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി). എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചു തള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നുവെന്ന് നോക്കുക. (ഖുര്‍ആന്‍:16/36)

അവര്‍ അറിയിക്കുന്ന കാര്യങ്ങള്‍ സത്യപ്പെടുത്തി അംഗീകരിക്കലും അവര്‍ കല്‍പിക്കുന്ന കാര്യങ്ങളില്‍ അവരെ അനുസരിക്കലും അല്ലാഹു നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് നബി ﷺ മനുഷ്യരില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടനും അന്ത്യപ്രവാചകനുമാണെന്ന് നാം വിശ്വസിക്കുന്നു. നമ്മുടെ സ്വന്തം ശരീരത്തെക്കാളും മറ്റു സര്‍വ സൃഷ്ടികളേക്കാളുമെല്ലാമുപരിയായി നാം അദ്ദേഹത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ ആദരിക്കുകയും മഹത്തരമായ പല പ്രത്യേകതകളും നല്‍കി അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. പരലോകത്തുവെച്ചുള്ള ശുപാര്‍ശയും (ശഫാഅത്ത്)ഹൗളുല്‍ കൗഥറുമൊക്കെ അവയില്‍പെട്ടതാണ്.

എന്നാല്‍ നബിമാരിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റുപല ചിന്താഗതികളുമാണ് സ്വൂഫികള്‍ക്കള്‍ക്കുള്ളത്. അവരില്‍ ഭൂരിഭാഗവും പറയാറുള്ളതുപോലെ, മുഹമ്മദ് നബി ﷺ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതും  അദ്ദേഹത്തിന്റെ പ്രകാശമാണ് ‘ആദ്യസൃഷ്ടി’ എന്നതുമൊക്കെ അത്തരത്തിലുള്ള ചിലതു മാത്രമാണ്. എന്നാല്‍ അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ

പറയുക: തീര്‍ച്ചയായും ഞാന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം(വഹ്‌യ്) നല്‍കപ്പെട്ടിരിക്കുന്നു. (ഖുര്‍ആന്‍:18/110)

അല്ലാഹുവിന്റെ ഈ വചനങ്ങളും അവരുടെ വാദത്തിന് മറുപടി നല്‍കുന്നുണ്ട്.

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ ‎﴿١٢﴾‏ ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ‎﴿١٣﴾

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. (ഖുര്‍ആന്‍:23/12-13)

إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا ‎

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (ഖുര്‍ആന്‍:76/2)

അറിയപ്പെട്ട രണ്ട് ക്വുറൈശീ മാതാപിതാക്കള്‍ക്ക് ജനിച്ച സന്തതിയാണ് മുഹമ്മദ് നബി ﷺ എന്നതും സുപ്രസിദ്ധമാണ്. അല്ലാഹു പറയുന്നു:

وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّٰكِرِينَ

മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്നപക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്” (ഖുര്‍ആന്‍:3/144)

അവരില്‍ ചിലര്‍ നബി ﷺ യിലേക്ക് ഒരു കള്ളവാര്‍ത്ത ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. അതായത് അവിടുന്ന് ഇങ്ങനെ പറഞ്ഞു പോലും: ”ആദം കളിമണ്ണിനും വെള്ളത്തിനുമിടയില്‍ ആയിരിക്കെത്തന്നെ ഞാന്‍ നബിയായിരുന്നു.”

യാതൊരടിസ്ഥാനവുമില്ലാത്ത ഇത് നിര്‍മിതമായ, വ്യാജ ഹദീഥാണെന്ന വസ്തുത അനവധി പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ആശയം നിരര്‍ഥകവുമാണ്. ആദം عليه السلام കളിമണ്ണിനും വെള്ളത്തിനുമിടയില്‍ ആയിരുന്ന ഒരവസ്ഥ ഉണ്ടായിട്ടേയില്ല. കളിമണ്ണ് എന്നതു തന്നെ മണ്ണും വെള്ളവും ചേര്‍ന്നതാണ്. തീര്‍ച്ചയായും ആദം عليه السلام ആകട്ടെ, ശരീരവും ആത്മാവും ചേര്‍ന്നതാണ്.

ലൗഹുല്‍ മഹ്ഫൂളിൽ ഉള്ളതൊക്കെയും നബി ﷺ ക്ക് അറിയുമെന്നും അദ്ദേഹത്തിന്റെ ഔദാര്യമാണ് ദുന്‍യാവെന്നുമൊക്കെ അവരില്‍ ചിലര്‍ ജല്‍പിക്കുന്നു. അല്ലാഹു നബി ﷺ യോട് പറയുന്നത് കാണുക:

ﻗُﻞ ﻻَّٓ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻰ ﻧَﻔْﻌًﺎ ﻭَﻻَ ﺿَﺮًّا ﺇِﻻَّ ﻣَﺎ ﺷَﺎٓءَ ٱﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨﺖُ ﺃَﻋْﻠَﻢُ ٱﻟْﻐَﻴْﺐَ ﻟَﭑﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ٱﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻰَ ٱﻟﺴُّﻮٓءُ ۚ ﺇِﻥْ ﺃَﻧَﺎ۠ ﺇِﻻَّ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِّﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ

(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം ഗുണങ്ങള്‍ നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരുരുതാക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങ ള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്. (ഖു൪ആന്‍: 7/188)

അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താന്‍ എനിക്ക് ഒരു വിധത്തിലും സാധിക്കുകയില്ലെന്ന് നബി ﷺ തന്റെ അടുത്ത ബന്ധുക്കളോടു പോലും പറഞ്ഞിരുന്നതായി സ്വഹീഹായ ഹദീഥുകളില്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:

قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ ‎

(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങ ളെക്കൊണ്ടോ എന്ത് ചെയ്യപ്പെടുമെന്ന് എനിക്കറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍തുടരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു. (ഖു൪ആന്‍: 46/9)

സ്വൂഫികളുടെ പിഴവുകളില്‍ പെട്ട മറ്റൊന്നാണ് നബി ﷺ യോടുള്ള പ്രാര്‍ഥന. വാസ്തവത്തില്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു തന്നെ പുറത്തു പോകുന്ന വന്‍പാപമായ ശിര്‍ക്കാകുന്നു അത്. അവരില്‍ ചിലര്‍ അല്ലാഹുവിന്റെ റസൂലേ, എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരേണമേ, റബ്ബിന്റെയടുക്കല്‍ എനിക്കുവേണ്ടി അങ്ങ് ശഫാഅത്ത് ചെയ്യേണമേ...” എന്നിങ്ങനെ പ്രാര്‍ഥിക്കുന്നതായി കാണാം. പ്രാര്‍ഥനയാകട്ടെ, അല്ലാഹുവല്ലാത്ത ഒരാളോടും പാടില്ല താനും. കാരണം അത് ഇബാദത്ത് അഥവാ ആരാധനയാണ്. ഇബാദത്ത് അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കല്‍ ഇസ്‌ലാമില്‍ നിന്നുതന്നെ പുറത്താകുന്ന ശിര്‍ക്കാകുന്നു. അല്ലാഹു പറയുന്നു:

ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ

നിന്നോട് നിന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. (ഖു൪ആന്‍ : 2/186)

ഈ സന്തോഷവാര്‍ത്ത ഉണ്ടായിരിക്കെ അല്ലാഹുവല്ലാത്ത ഒരാളോടും ദുആ ചെയ്യേണ്ട യാതൊരാവശ്യവും നമുക്കില്ല.

സ്വൂഫികളില്‍ ചിലരുടെ വിശ്വാസം, ഭൗതികലോകത്തെ ഒരാളുടെ ജീവിതം പോലെ തന്നെ നബി ﷺ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുമാണ്. അല്ലാഹു പറയുന്നതാകട്ടെ ഇപ്രകാരമാണ്:

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ

തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. (ഖു൪ആന്‍:39/30)

നബി ﷺ മരണപ്പെട്ടുപോയി. അവിടുന്ന് തന്റെ ക്വബ്‌റില്‍ ബര്‍സഖിയായ ലോകത്ത് ശുഹദാക്കളെക്കാ ള്‍ ഉന്നതമായ നിലയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. അതൊരിക്കലും ഭൗതികലോകത്തെ ജീവിതം പോലെയല്ല. അതില്‍നിന്നു തന്നെ നബി ﷺ യെ കണ്ടുവെന്നും അവരുടെ സദസ്സുകളിലും യോഗങ്ങളിലുമൊക്കെ സന്നിഹിതരായി എന്നുമൊക്കെ പറയുന്ന സ്വൂഫികളില്‍ ചിലരുടെ വാദത്തിന്റെ നിരര്‍ഥകതയും മനസ്സിലാക്കാവുന്നതാണ്. അവരില്‍ ചിലര്‍ നബിയോട് പാപമോചനത്തിനര്‍പിക്കാറുമുണ്ട്!

(മന്‍ഖൂസ് മൗലൂദിലെ ഈ വരികള്‍ അതിനൊരു ഉദാഹരണമാണ്: ”ഇര്‍തകബ്തു അലല്‍ ഖതാ ഗൈറ ഹസ്വ്‌രിന്‍ വഅദദ്, ലക അശ്ൂ ഫീഹി യാ സയ്യിദീ ഖൈറന്നബീ” അര്‍ഥം: ‘പാപമാകുന്ന വാഹനത്തില്‍ ഞാന്‍ കയറിപ്പോയി. കയ്യും കണക്കുമില്ലാത്തത്ര തെറ്റുകള്‍ ചെയ്തുപോയി. പ്രവാചകന്മാരില്‍ ശ്രേഷ്ഠനായ (മുഹമ്മദ് നബിയേ,) അതില്‍ ഞാനങ്ങയോട് ആവലാതി ബോധിപ്പിക്കുന്നു‘-വിവര്‍ത്തകൻ).

എന്നാല്‍ മഹാനും പ്രതാപിയുമായ അല്ലാഹു ചോദിക്കുന്നത് കാണുക:

وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ

അല്ലാഹുവല്ലാതെ പാപങ്ങള്‍ പൊറുക്കാന്‍ മറ്റാരുണ്ട്? (ഖു൪ആന്‍:3/135)

നബി ﷺ യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വരുന്ന മറ്റൊരു വിഷയമാണ് തവസ്സുല്‍. നബി ﷺ യെ കൊണ്ടുള്ള തവസ്സുല്‍ മൂന്ന് തരത്തിലാണ്.

ഒന്ന് : നബി ﷺ യോടുള്ള സ്‌നേഹവും അനുസരണവും അവിടുത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍പറ്റലും കൊണ്ടൊക്കെ അല്ലാഹുവിലേക്ക് അടുക്കല്‍. ഇത് മതത്തില്‍ അനുവദിക്കപ്പെട്ടതാണ്. കാരണം സല്‍കര്‍മങ്ങള്‍ മുഖേന അല്ലാഹുവിലേക്ക് അടുക്കല്‍ അനുവദിക്കപ്പെട്ട തവസ്സുലാണ്. സത്യവിശ്വാസികളുടെ പ്രാര്‍ഥനയായി അല്ലാഹു പറയുന്നു:

رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ ‎﴿١٩٣﴾‏ رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَٰمَةِ ۗ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ ‎﴿١٩٤﴾‏فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ثَوَابًا مِّنْ عِندِ ٱللَّهِ ۗ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ ‎﴿١٩٥﴾‏

ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറു ത്തുതരികയും ഞങ്ങളുടെ തിന്മകള്‍ ഞങ്ങളില്‍ നിന്ന് നീ മാച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ ദൂതന്മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച. അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. ആകയാല്‍ സ്വന്തം നാടു വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും യുദ്ധത്തിലേര്‍പ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്മകള്‍ മായ്ച്ചുകൊടുക്കുന്നതും താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിനക്കുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്. (ഖു൪ആന്‍:3/193-195)

നബി ﷺ യില്‍ വിശ്വസിക്കുകയും നബി ﷺ യെ അനുസരിക്കുകയും ചെയ്യുന്നതിലൂടെയല്ലാതെ സര്‍വലോകരക്ഷിതാവായ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാനും സ്വര്‍ഗപ്രവേശനത്തിനും സാധിക്കുകയില്ല.

രണ്ട് : നബി ﷺ യുടെ പ്രാര്‍ഥന കൊണ്ടുള്ള തവസ്സുല്‍. അതായത് തനിക്കുവേണ്ടി പ്രാര്‍ഥിക്കാനായി ഒരാള്‍ നബി ﷺ യോട് ആവശ്യപ്പെടുകയും അതനുസരിച്ച് അയാള്‍ അല്ലാഹുവോട് ഇപ്രകാരം പറയുകയും ചെയ്യുക: ”എന്റെ രക്ഷിതാവേ, നിന്റെ പ്രവാചകന്‍ എനിക്കു വേണ്ടി ദുആ ചെയ്തിരിക്കുന്നു എന്നത് മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുന്നു…”

നബി ﷺ യുടെ കാലത്ത് ജീവിച്ചിരുന്ന, പ്രവാചക സന്നിധിയില്‍ ചെന്ന് നേരിട്ട് സംസാരിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ഇത് സാധുവാണ്. എന്നാല്‍ നബി ﷺ യുടെ മരണശേഷം തനിക്കുവേണ്ടി പ്രാര്‍ഥിക്കണേ എന്ന് അവിടത്തോട് അപേക്ഷിക്കുന്ന ഒരാള്‍ തീര്‍ച്ചയായും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. പ്രാര്‍ഥനയാകട്ടെ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അത് മറ്റൊരാളിലേക്കും തിരിക്കാന്‍ പാടില്ല. അതുകൊണ്ടാണ് സ്വഹാബികള്‍ നബി ﷺ യുടെ ജീവിതകാലത്ത് നബി ﷺ യോട് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുകയും എന്നാല്‍ മരണശേഷം അത്തരത്തില്‍ യാതൊന്നും ആവശ്യപ്പെടാതിരിക്കുകയും ചെയ്തത്. അതിനാല്‍ ഉമര്‍ رضى الله عنه തന്റെ ഭരണകാലത്ത് മഴയില്ലാതായപ്പോള്‍ ഇപ്രകാരം അല്ലാഹുവോട് പ്രാര്‍ഥിച്ചു:

അല്ലാഹുവേ, ഞങ്ങള്‍ (നബി ﷺ യുടെ കാലത്ത്) നിന്റെ പ്രവാചകനെ കൊണ്ട് മഴക്കു വേണ്ടി പ്രാര്‍ഥിക്കുകയും അങ്ങനെ നീ ഞങ്ങള്‍ക്ക് മഴതരികയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ (നബി ﷺ യുടെ മരണശേഷം) ഞങ്ങള്‍ നിന്റെ പ്രവാചകന്റെ പിതൃവ്യനെ കൊണ്ട് നിന്നോട് മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്നു… (ബുഖാരി).

നബി ﷺ യുടെ മരണശേഷവും പ്രാര്‍ഥിക്കാന്‍ വേണ്ടി നബി ﷺ യോട് അദ്ദേഹം ആവശ്യപ്പെട്ടില്ല; പ്രത്യുത ജീവിച്ചിരിക്കുന്ന ഒരാളോട് പ്രാര്‍ഥനക്ക് നേതൃത്വം കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. അതായത്, അബ്ബാസ് رضى الله عنه  വിന്റെ പ്രാര്‍ഥന കൊണ്ട് തവസ്സുലാക്കി. മുമ്പ് പ്രവാചകന്റെ കാലത്ത് ചെയ്തിരുന്ന പോലെ നബി ﷺ യുടെ പ്രാര്‍ഥന കൊണ്ട് തങ്ങള്‍ തവസ്സുലാക്കിയില്ല; കാരണം നബി ﷺ മരണപ്പെട്ടുപോയി. ഇതൊക്കെയാണ് ഉമര്‍ رضى الله عنه വിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ അന്ധന്റെ സംഭവം വിവരിക്കുന്ന ഹദീഥില്‍ വന്ന ‘അല്ലാഹുവേ, നിന്റെ പ്രവാചകനെ കൊണ്ട് ഞാന്‍ നിന്നിലേക്ക് തിരിയുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു’ എന്ന റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് സങ്കല്‍പിച്ചാല്‍ തന്നെയും അതിന്റെ വിവക്ഷ, ‘അല്ലാഹുവേ, നിന്റെ പ്രവാചകന്റെ പ്രാര്‍ഥനയുമായി ഞാന്‍ നിന്നിലേക്ക് തിരിയുകയും നിന്നോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു’ എന്നാണ്. കാരണം അയാള്‍ നബി ﷺ യുടെ ജീവിതകാലത്ത് നബി ﷺ യുടെ സന്നിധിയില്‍ ചെന്ന് തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പ്രാര്‍ഥനകൊണ്ടല്ലാതെ നബി ﷺ യുടെ ദാത്ത്'(അസ്തിത്വം) കൊണ്ടാണ് അദ്ദേഹം തവസ്സുലാക്കിയത് എങ്കില്‍ നബി ﷺ യുടെ അടുത്തേക്ക് പോവുകയും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയില്ലായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ”അല്ലാഹുവേ, എന്റെ കാര്യത്തില്‍ നബി ﷺ യെ നീ ശുപാര്‍ശകനാക്കേണമേ, (അഥവാ നബി ﷺ എനിക്കു വേണ്ടി പ്രാര്‍ഥിച്ചത് നീ സ്വീകരിക്കേണമേ). നബി ﷺ യുടെ അസ്തിത്വം (ദാത്ത്) കൊണ്ടായിരുന്നു അദ്ദേഹം തവസ്സുല്‍ ചെയ്തതെങ്കില്‍ ഈ വാക്കിന് യാതൊരു അര്‍ഥവും ഉണ്ടാവുകയില്ല. ചിലര്‍ ഇത് നബി ﷺ യെയും വിട്ട് ഔലിയാക്കളെ കൊണ്ടും ചെയ്യുന്നു.

മൂന്ന് : നബി ﷺ യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലാത്ത ബിദ്ഈ തവസ്സുല്‍. ബിദ്ഈ തവസ്സുലുകളുടെ കൂട്ടത്തില്‍ പെട്ടതുതന്നെയാണ് നബി ﷺ യുടെ അസ്തിത്വം (ദാത്ത്) കൊണ്ടും ശരീരം (ജസദ്) കൊണ്ടും സ്ഥാനം (ജാഹ്) കൊണ്ടുമൊക്കെയുള്ള പ്രാര്‍ഥനകള്‍. ഇവ നൂതനാചരവും അനനുവ ദനീയവുമാണ്. എന്തുകൊണ്ടെന്നാല്‍ നബി ﷺ യോ സ്വഹാബത്തോ അങ്ങനെ ചെയ്തിട്ടില്ല. അവര്‍ ചെയ്തിട്ടില്ലാത്ത ഇത്തരത്തിലുള്ള ഇബാദത്തുകള്‍ അഖിലവും ബിദ്അത്തുകളാണ്. ചിലര്‍ നബി ﷺ യോട് വിളിച്ചുപ്രാര്‍ഥിക്കുന്നതിന് ‘തവസ്സുല്‍’ എന്ന ഓമനപ്പേര് നല്‍കി. അങ്ങനെ ഒരാള്‍ ‘നബിയേ, എന്റെ രോഗിയുടെ അസുഖം ഭേദമാക്കേണമേ…’എന്ന് പ്രാര്‍ഥിച്ചാല്‍ അവര്‍ അതിന് പറയുന്ന പേര് നബി ﷺ യെ കൊണ്ടുള്ള തവസ്സുല്‍ എന്നാണ്. അറബിഭാഷ അറിയുന്ന ഏതൊരാള്‍ക്കും, അല്ലെങ്കില്‍ പദങ്ങള്‍ ഗ്രഹിക്കാനുള്ള ഗ്രാഹ്യശേഷിയെങ്കിലുമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതാണ് ഇത് നബി ﷺ യോടുള്ള ശുദ്ധപ്രാര്‍ഥനയാണ്; തവസ്സുലല്ല എന്നത്. അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥന ശിര്‍ക്കും മതം വിലക്കിയതുമാണ് എന്ന കാര്യം മുമ്പ് വ്യക്തമാക്കിയതാണല്ലൊ. ഇതും തവസ്സുലെന്ന പേരില്‍ പറയപ്പെടുന്ന മറ്റൊരു തരമാണ്.

നബിമാരിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട സ്വൂഫി വിശ്വാസങ്ങളില്‍പെട്ട മറ്റൊന്നാണ്, ചിലയാളുകള്‍ക്ക് ശരീഅത്തിന്റെ നിയമശാസനകള്‍ ബാധകമല്ല എന്നും നബി ﷺ യുടെ മാതൃകയനുസരിച്ചല്ലാതെയും അല്ലാഹുവിന് ഇബാദത്ത് ചെയ്യാം എന്നുമൊക്കെയുള്ള വാദങ്ങള്‍. വലിയ്യായ ഖിള്‌റ്  عليه السلام ക്ക് (ഖിള്ര്‍ عليه السلام അല്ലാഹുവിന്റെ പ്രവാചകനാണ് എന്നതാണ് പ്രബലമായ അഭിപ്രായം – വിവര്‍ത്തകന്‍) മൂസാനബി عليه السلام യുടെ ശരീഅത്ത് ബാധകമായിരുന്നില്ല. ഖിള്ര്‍ عليه السلام ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം മുഹമ്മദ് നബി ﷺ പഠിപ്പിച്ച ഇസ്‌ലാമിക ശരീഅത്തനുസരിച്ചല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഔലിയാക്കള്‍ അദ്ദേഹത്തെ കണ്ടുമുട്ടുകയും അറിവ് സ്വീകരിക്കുകയും ഒക്കെ ചെയ്യാറുണ്ട് തുടങ്ങിയ വിശ്വാസങ്ങള്‍ ഇസ്‌ലാം ദീനിന് കടകവിരുദ്ധമാണ്. മുഹമ്മദ് നബി ﷺ യുടെ നിയോഗമന ദൗത്യം സര്‍വ മനുഷ്യരിലേക്കു മാണെന്നും സര്‍വമനുഷ്യരും അദ്ദേഹത്തെ പിന്‍പറ്റാന്‍ ബാധ്യസ്ഥരുമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

قُل لَّكُم مِّيعَادُ يَوْمٍ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ ‎

പറയുക: നിങ്ങള്‍ക്കൊരു നിശ്ചിത ദിവസമുണ്ട്. അതു വിട്ട് ഒരു നിമിഷം പോലും നിങ്ങള്‍ പിന്നോട്ട് പോകുകയോ മുന്നോട്ട് പോകുകയോ ഇല്ല. (ഖു൪ആന്‍:34/30)

അല്ലാഹു തന്റെ പ്രവാചകനോട് പ്രഖ്യാപിക്കുവാന്‍ പറയുന്നു:

قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلْأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ

പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വ സിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം. (ഖു൪ആന്‍:7/158)

ഖിള്ര്‍ عليه السلام മരണപ്പെട്ടു. അദ്ദേഹമെങ്ങാനും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ പ്രവാചക സന്നിധിയില്‍ വന്ന് സ്വഹാബിയായി സഹവാസത്തിന്റെ ശ്രേഷ്ഠത കൈവരിക്കുമായിരുന്നു. അല്ലാഹു പറയുന്നു:

وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓا۟ أَقْرَرْنَا ۚ قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّٰهِدِينَ

അല്ലാഹു പ്രവാചകന്മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക): ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്. (ഖു൪ആന്‍:3/81)

وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَٰلِدُونَ

(നബിയേ,) നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (ഖു൪ആന്‍:21/34)

നബി ﷺ ഒരു രാത്രി ഇപ്രകാരം പറയുണ്ടായി:

ഈ രാത്രിയില്‍ ഭൂമുഖത്തുള്ള ഏതൊരാളും നൂറു വര്‍ഷം കഴിയുന്നതിനു മുമ്പായി മരണപ്പെടുന്നതാണ്. (ബുഖാരി, മുസ്‌ലിം)

മേല്‍പറഞ്ഞ കാര്യങ്ങളില്‍ നിന്നും മനസ്സിലാകുന്ന മറ്റൊരു സംഗതിയാണ് സ്വൂഫിയ്യാക്കള്‍ ഔലിയാക്കള്‍ക്ക് അമ്പിയാക്കന്മാരെക്കാള്‍ ഉന്നതസ്ഥാനം കല്‍പിക്കുന്നു എന്നത്. അവരത് അങ്ങനെ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നബി ﷺ പറയുന്നത് കാണുക.

അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവായിരിക്കും ഞാന്‍. അഭിമാനം പറയുകയല്ല. (തിര്‍മിദി).

ഇത്തരം വാദഗതികളുമായി നടക്കുന്നവര്‍ നബി ﷺ യുടെ സ്ഥാനം കുറച്ചു കാണിക്കുന്നവരായിപ്പോകുന്നതിനെ ഭയക്കേണ്ടതുണ്ട്. അങ്ങനെ അല്ലാഹു ആക്ഷേപിച്ചു പറഞ്ഞ ഇക്കൂട്ടരില്‍ പെട്ടുപോകുന്നതും ഭയക്കണം.

إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ

തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍). (ഖു൪ആന്‍:108/3)

ഔലിയാക്കള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വഹ്‌യ് ലഭിക്കുന്നുന്നെും അവര്‍ സ്വപ്‌നങ്ങളിലൂടെയും വെളിപാടുകളിലൂടെയും മതവിധികള്‍ സ്വീകരിക്കുന്നുവെന്നുമൊക്കെയുള്ള വിശ്വാസങ്ങള്‍ ചില സ്വൂഫിയ്യാക്കളുടെ പിഴച്ച വിശ്വാസങ്ങളില്‍പെട്ടതാണ്. അവരില്‍ ചിലര്‍ ഇത്രവരെ പറയുകയുണ്ടായി: ‘നിങ്ങള്‍ നിങ്ങളുടെ വിജ്ഞാനങ്ങള്‍ മരണപ്പെട്ടവരില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഞങ്ങളാകട്ടെ എന്നെന്നും ജീവിച്ചിരിക്കുന്ന, ഒരിക്കലും മരിക്കാത്ത അല്ലാഹുവില്‍നിന്ന് നേരിട്ടാണ് അറിവുകള്‍ സ്വീകരിക്കുന്നത്.’

അനവധി തെളിവുകളിലൂടെ അനിഷേധ്യമായി സ്ഥിരപ്പെട്ട സംഗതിയാണ് പ്രവാചക പരിസമാപ്തിയും മതത്തിന്റെ സമ്പൂര്‍ണതയും. അല്ലാഹു പറയുന്നു:

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا

മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’. (ഖു൪ആന്‍:33/40)

ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ

ഇന്നേദിവസം ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു’. (ഖു൪ആന്‍:5/3)

ഇസ്‌ലാം സമ്പൂര്‍ണമാണെന്നിരിക്കെ മതവിധികള്‍ സ്വീകരിക്കുന്നതിന് ഇത്തരം സ്വപ്‌നങ്ങളുടെയും വെളിപാടുകളുടെയും ആവശ്യമേയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ മൂലപ്രമാണമായി നമ്മുടെ മുമ്പിലുണ്ട്. അല്ലാഹു പറയുന്നു:

وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰٓؤُلَآءِ ۚ وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ

ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്നുതന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ട് വരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത (ഖു൪ആന്‍:16/89)

അല്ലാഹുവിന്റെ ഗ്രന്ഥമാകട്ടെ പരിശുദ്ധവും അന്യൂനവുമാണ്. അല്ലാഹു പറയുന്നു:

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ

തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌. (ഖു൪ആന്‍:15/9)

لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ

അതിന്റെ മുമ്പിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിക്കപ്പെട്ടതത്രെ അത്. (ഖു൪ആന്‍:41/42)

എന്നാല്‍ ഇത്തരം സ്വപ്‌നങ്ങളുടെയും വെളിപാടുകളുടെയും സ്ഥിതിയതല്ല. അവയെ സംബന്ധി ച്ചിടത്തോളം പിശാചുക്കളുടെയും ജിന്നുകളുടെയും കളികളില്‍ നിന്നും മനുഷ്യര്‍ നിര്‍ഭയനല്ല. അല്ലാഹു പറഞ്ഞതുപോലെ:

وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌ ۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ

അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും. (ഖു൪ആന്‍ :6/121)

فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ

വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. (ഖു൪ആന്‍ :4/59)

അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുര്‍ആനും നബി ﷺ യുടെ ചര്യയായ സുന്നത്തുമാണ് ഇതിന്റെ വിവക്ഷയെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.

നബി ﷺ യുടെ മാര്‍ഗദര്‍ശനങ്ങള്‍ക്ക് എതിരായ പല ആരാധനാകര്‍മങ്ങളിലൂടെയും അല്ലാഹുവിലേക്ക് അടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതും സ്വൂഫിയ്യാക്കളുടെ വ്യതിയാനങ്ങളിലൊന്നാണ്. ആരാധനയുടെയും അല്ലാഹുവിലേക്കുള്ള സാമീപ്യത്തിന്റെയും പേരുപറഞ്ഞ് സമ്പാദനമാര്‍ഗങ്ങള്‍ ഒഴിവാക്കുന്നത് അതിനാലാണ്. എന്നാല്‍ ഇസ്‌ലാമിക ശരീഅത്താകട്ടെ അധ്വാനത്തെയും സമ്പാദനത്തെ യും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ

അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍ :62/10)

നബി ﷺ പറഞ്ഞതായി സ്വഹീഹായ ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു:

ഒരാളും തന്റെ സ്വന്തം കൈകള്‍ കൊണ്ട് അധ്വാനിച്ചുണ്ടാക്കിയതില്‍ നിന്ന് ഭക്ഷിക്കുന്നതിനെക്കാള്‍ ഉത്തമമായ ഭക്ഷണം കഴിക്കുന്നില്ല. (ബുഖാരി)

ഇതുപോലുള്ള വേറെയും വചനങ്ങള്‍ കാണാവുന്നതാണ്. അപ്രകാരം തന്നെ വേറെ ചിലര്‍ വിവാഹം ഉപേക്ഷിച്ചുകൊണ്ടാണ് (ബ്രഹ്മചര്യം സ്വീകരിച്ചുകൊണ്ടാണ്) അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബ്രഹ്മചര്യത്തെ എതിര്‍ത്തുകൊണ്ട് നബി ﷺ പറഞ്ഞു:

തീര്‍ച്ചയായും ഞാന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നു. എന്നാല്‍ ആരെങ്കിലും എന്റെ ചര്യയെ വെറുക്കുന്നുവെങ്കില്‍ അയാള്‍ എന്നില്‍പ്പെട്ടവനല്ല. (ബുഖാരി, മുസ്‌ലിം)

മാത്രമല്ല, ഇത് പ്രവാചകന്മാരുടെ സന്മാര്‍ഗ സമ്പ്രദായമായിരുന്നു. അല്ലാഹു പറയുന്നു:

وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ

നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്. ഒരു ദൂതനും അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്. (ഖു൪ആന്‍ :13/38)

വേറെ ചിലര്‍ മതപരമായ അറിവുതേടല്‍ ഉപേക്ഷിച്ചുകൊണ്ടാണ് അല്ലാഹുവിലേക്ക് അടുക്കാന്‍ നോക്കുന്നത്. സ്വൂഫിജ്ഞാനം തേടലാണ് മതപരമായ അറിവുനേടുന്നതിനെക്കാള്‍ ഏറ്റവും അര്‍ഹവും ഉല്‍കൃഷ്ടവും എന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ അറിവിന്റെയും മതവിജ്ഞാനങ്ങള്‍ പഠിപ്പിക്കുന്നതിന്റെയും ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്ന എത്രയോ പ്രമാണവചനങ്ങളാണുള്ളത്. അല്ലാഹു പറയുന്നു:

وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ‎

മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :35/28)

أَمَّنْ هُوَ قَٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ ‎

അതല്ല, പരലോകത്തെപ്പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുക യും ചെയ്തുകൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാര്‍ഥിച്ചും രാത്രിസമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?). പറയുക: അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍ :39/9)

നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പി ക്കുകയും ചെയ്യുന്നവരാണ്. (ബുഖാരി)

അവിടുന്ന് മറ്റൊരിക്കല്‍ പറഞ്ഞു:

അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അയാളെ മതത്തില്‍ ജ്ഞാനമുള്ളവനാക്കും. (ബുഖാരി).

ആരെങ്കിലും അറിവന്വേഷിച്ച് വല്ല വഴിയിലും പ്രവേശിച്ചാല്‍ അതുവഴി അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള പാത സുഗമമാക്കി കൊടുക്കും. (മുസ്‌ലിം).

നബി ﷺ പറഞ്ഞു: നിശ്ചയം! മലക്കുകള്‍ തങ്ങളുടെ ചിറകുകള്‍ വിജ്ഞാനാന്വേഷികള്‍ക്കായി താഴ്ത്തിക്കൊടുക്കും. അവരുടെ പ്രവര്‍ത്തനത്തിലുള്ള സംതൃപ്തിയാലാണത്. തീര്‍ച്ചയായും അറിവു ള്ളവര്‍ക്കു വേണ്ടി ആകാശങ്ങളിലും ഭൂമിയിലുള്ളവരൊക്കെയും പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നതാണ്; വെള്ളത്തിലെ മത്സ്യങ്ങള്‍ പോലും. ഭക്തനെക്കാള്‍ പണ്ഡിതനുള്ള ശ്രേഷ്ഠത മറ്റു നക്ഷത്ര ങ്ങളെക്കാള്‍ പതിനാലാം രാവിലെ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ്. നിശ്ചയം! പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാര്‍ ദീനാറോ, ദിര്‍ഹമോ അല്ല അനന്തരമായി നല്‍കിയിട്ടുള്ളത്. പ്രത്യുത വിജ്ഞാനമത്രെ അവരുടെ അനന്തര സ്വത്ത്. ആര്‍ക്ക് അത് കിട്ടിയോ മഹത്തായ ഓഹരിയാണ് അയാള്‍ക്ക് കിട്ടിയത്. (അബൂദാവൂദ്).

സ്വൂഫികള്‍ പണ്ഡിതന്മാരുടെ സ്ഥാനം കുറച്ചുകാണുന്നവരും അവരുടെ ശ്രേഷ്ഠത മനസ്സിലാക്കാത്തവരുമാണ്. എന്നാല്‍ അനവധി സൂക്തങ്ങളിലൂടെ അവരുടെ ഉന്നതമായ സ്ഥാനവും പദവിയും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്.

وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

നിനക്കു മുമ്പ് മനുഷ്യന്മാരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്ക് അറിഞ്ഞുകൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ചു നോക്കുക. (ഖു൪ആന്‍ :16/43)

وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَٰنَ إِلَّا قَلِيلًا

സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു. (ഖു൪ആന്‍:4/83)

ഔലിയാക്കളുടെ ക്വബ്‌റുകള്‍ക്കുക്കുമീതെ ശവകുടീരങ്ങള്‍ പടുത്തുയര്‍ത്തലും സൂഫികളുടെ ഒരു ആചാരമാണ്. എന്നാല്‍ നബി ﷺ യാകട്ടെ ക്വബ്‌റുകള്‍ക്കു മീതെ കെട്ടിടം നിര്‍മിക്കുന്നതിനെ വിരോധിക്കുകയാ ണ് ചെയ്തിട്ടുള്ളത്. സ്വഹീഹു മുസ്‌ലിമില്‍ വന്ന ജാബിര്‍ رضي الله عنه വിന്റെ ഹദീഥില്‍നിന്നും ഇക്കാര്യം വ്യക്തമാണ്.

(സ്വഹീഹു മുസ്‌ലിമില്‍ ”ക്വബ്ര്‍ കുമ്മായമിടുന്നതും അതിന്മേല്‍ കെട്ടിടം നിര്‍മിക്കുന്നതും വിരോധി ക്കല്‍’ എന്ന ശീര്‍ഷകത്തിലാണ് ഈ ഹദീഥുള്ളത്. പ്രസ്തുത ഹദീഥ് ഇപ്രകാരമാണ്: ജാബിര്‍ رضي الله عنه പറയുന്നു: ”ക്വബ്ര്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും ക്വബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു” -വിവര്‍ത്തകന്‍)

അമീറുല്‍ മുഅ്മിനീന്‍ അലിയ്യുബ്‌നു അബീത്വാലിബ് رضي الله عنه അബുല്‍ ഹയ്യാജ് അല്‍അസദ് رضي الله عنه വിനോട് പറഞ്ഞു:

ألا أبعثك على ما بعثني عليه رسول الله صلى الله عليه وسلم أن لا تدع تمثالا إلا طمسته ولا قبرا مشرفا إلا سويته

അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നെ നിയോഗിച്ചയച്ച ഒരു കാര്യത്തിന് ഞാന്‍ നിന്നെ നിയോഗിക്കട്ടെയോ? അതായത്, ഉയര്‍ന്നുനില്‍ക്കുന്ന ഒരു ക്വബ്‌റും നിരപ്പാക്കാതെ നീ വിട്ടുകളയരുത്. (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ).

ജിഹാദ് (ധര്‍മ സമരം), നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും, മതവിധികള്‍ ജനങ്ങളെ പഠിപ്പിക്കല്‍ തുടങ്ങി ഇസ്‌ലാം നിര്‍ദേശിച്ചതും മഹത്ത്വം വിവരിച്ചതുമായ ഉല്‍കൃഷ്ട കര്‍മങ്ങള്‍ ഉപേക്ഷിക്കലും സ്വൂഫികളുടെ മറ്റൊരു രീതിയാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَغَدوةٌ في سبيلِ اللهِ أو رَوحةٌ خيرٌ مِن الدُّنيا وما فيها

നബി ﷺ പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാവിലെയോ വൈകുന്നേരമോ സഞ്ചരിക്കല്‍ ഈലോകത്തെയും അതിലുള്ളതിനെക്കാളുമൊക്കെ ഉത്തമമാണ്. (ബുഖാരി, മുസ്‌ലിം).

قَالَ رَسُولُ اللَّهِ صلى الله عليه وسلم :ما اغْبَرَّتْ قدَما عَبْدٍ في سبيلِ اللَّه فتَمسَّه النَّارُ

നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു ദാസന്റെ കാല്‍പാദങ്ങളില്‍ മണ്ണു പുരളുന്നുവോ അയാളെ നരകാഗ്നി സ്പര്‍ശിക്കുകയില്ല. (ബുഖാരി).

ഈ ഹദീഥുകളൊക്കെ ഇമാം ബുഖാരി ഉദ്ധരിച്ച പ്രബലമായ റിപ്പോര്‍ട്ടുകളാണ്. നന്മ കല്‍പിക്കുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്‌. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു. (ഖു൪ആന്‍:3/110)

وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ سَيَرْحَمُهُمُ ٱللَّهُ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌. (ഖു൪ആന്‍:9/71)

സ്വഹീഹു മുസ്‌ലിമില്‍ അബൂസഈദ് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീഥില്‍ ഇപ്രകാരം കാണാം. നബി ﷺ പറഞ്ഞു:

مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ‏

നിങ്ങളിലാരെങ്കിലും വല്ല തിന്മയും കാണുന്നുവെങ്കില്‍ തന്റെ കൈകൊണ്ട് അതിനെ തടുക്കട്ടെ, അതിന് കഴിയുന്നില്ലെങ്കില്‍ തന്റെ നാവുകൊണ്ടും അതിനും സാധിക്കുന്നില്ലെങ്കില്‍ തന്റെ ഹൃദയംകൊണ്ടും. അത് ഈമാനിന്റെ ഏറ്റവും ദുര്‍ബലാവസ്ഥയാണ്. (മുസ്‌ലിം:49)

നല്ല പരമ്പരയോടെ സുനനുകളില്‍ ഇപ്രകാരം വന്നിക്കുന്നു: നബി ﷺ പറയുന്നു:

 إن الناس إذا رأوا الظالم فلم يأخذوا على يديه أوشك أن يعمهم الله بعقاب منه

ജനങ്ങള്‍ അക്രമിയെ കണ്ടിട്ടും അയാളുടെ കൈകള്‍ക്ക് പിടിക്കുന്നില്ലെങ്കില്‍ അല്ലാഹു അവര്‍ക്ക് മൊത്തത്തില്‍ ശിക്ഷയിറക്കുന്നതാണ്. (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ)

ജനങ്ങളെ പഠിപ്പിക്കുന്നതിന്റെയും ഇസ്‌ലാമിക പ്രബോധനത്തിന്റെയും പ്രാധാന്യവും മഹത്ത്വവും സംബന്ധിച്ച് നബി ﷺ യുടെ ഈ വാക്കുകള്‍ കാണുക:

لأن يهدي الله بك رجلا واحدا خير لك من حمر النعم

നീ മുഖേന ഒരാളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുന്നത് മുന്തിയതരം ചുവന്ന ഒട്ടകങ്ങള്‍ നിനക്കുണ്ടാകുന്നതിനെക്കാള്‍ ഉത്തമമാണ്. (ബുഖാരി, മുസ്‌ലിം).

مَن دعا إلى هُدًى كان له مِن الأجرِ مِثْلُ أجورِ مَن تبِعهُ لا ينقُصُ ذلك مِن أجورِهم شيئًا،

ആരെങ്കിലും ഒരാളെ ഒരു സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അത് പിന്‍പറ്റുന്നവരുടേതിനൊക്കെയും സമാനമായ പ്രതിഫലം അയാള്‍ക്കുണ്ടായിരിക്കും. അത് അവരുടെ പ്രതിഫലത്തില്‍ നിന്നും യാതൊരു കുറവും വരുത്തുകയുമില്ല. (മുസ്‌ലിം).

പ്രബലമായ പരമ്പരയോടുകൂടി തിര്‍മിദി ഉദ്ധരിക്കുന്ന അബൂഉമാമ رضى الله عنه വിന്റെ ഹദീഥില്‍ നബി ﷺ പറയുന്നു:

فَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِي عَلَى أَدْنَاكُمْ ‏ ‏.وَإِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ

ഭക്തനെ അപേക്ഷിച്ച് ഒരു പണ്ഡിതന്റെ ശ്രേഷ്ഠത, നിങ്ങളില്‍ ഏറ്റവും താഴെയുള്ള ഒരാളെയപേക്ഷിച്ച് എന്റെ ശ്രേഷ്ഠത പോലെയാണ്. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശങ്ങളിലും ഭൂമിയിലുമള്ളവരും മാളത്തിലുള്ള ഉറുമ്പും മത്സ്യം വരെയും ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുന്നവര്‍ക്കായി അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതാണ്.

(അല്ലാഹു അനുഗ്രഹം ചെയ്യുമെന്നും മറ്റുള്ളവര്‍ അനുഗ്രഹത്തിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുമെന്നും വിവക്ഷ -വിവര്‍ത്തകന്‍)

ഇബ്‌നു മസ്ഊദ് رضى الله عنه വിന്റെ ഹദീഥില്‍ നബി ﷺ പറയുന്നു:

نَضَّرَ اللهُ امرأً سمِعَ منَّا شيئًا فبلَّغَهُ كما سمِعَهُ ، فرُبَّ مُبَلَّغٍ أوْعَى من سامِعٍ

നമ്മില്‍ നിന്നും വല്ലതും കേള്‍ക്കുകയും എന്നിട്ട് അതു കേട്ടപ്രകാരം തന്നെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തയാളെ അല്ലാഹു പ്രശോഭിപ്പിക്കട്ടെ! നേരിട്ട് കേള്‍ക്കുന്നവരെക്കാള്‍ വാര്‍ത്തയെത്തുന്ന എത്രയോ ആളുകള്‍ കൂടുതലായി അത് ഉള്‍ക്കൊള്ളുന്നുണ്ടാവും. (തിര്‍മിദി).

എന്നാല്‍ സ്വൂഫികളെ കുറിച്ച് നിങ്ങളന്വേഷിച്ചുനോക്കിയാല്‍ നബി ﷺ യുടെ ഹദീഥുകള്‍ പഠിക്കുന്ന രീതി അവര്‍ക്കിടയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

അന്യ സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള പരസ്പര സമ്പര്‍ക്കവും അവരില്‍ കാണുന്ന മറ്റൊരു ദുഷ്പ്രവണതയാണ്.

(അന്യസ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ പാലിക്കേണ്ട ഇസ്‌ലാം പഠിപ്പിച്ച വിധത്തിലുള്ള മറയും അകല്‍ച്ചയുമൊന്നും അവര്‍ ശ്രദ്ധിക്കുകയോ പാലിക്കുകയോ ചെയ്യാറില്ല എന്നര്‍ഥം-വിവര്‍ത്തകന്‍).

എന്നാല്‍ നബി ﷺ പറയുന്നത് കാണുക:

لا يخلون رجل بامرأة

ഒരു പുരുഷനും അന്യസ്ത്രീയുമായി തനിച്ചാകരുത്. (ബുഖാരി, മുസ്‌ലിം).

إياكم والدخول على النساء

നിങ്ങള്‍ അന്യസ്ത്രീകളുടെയടുക്കല്‍ പ്രവേശിക്കുന്നത് സൂക്ഷിക്കുക. (ബുഖാരി, മുസ്‌ലിം).

നബി ﷺ കൊണ്ടുവന്ന മാതൃകയനുസരിച്ചല്ലാതെ ഒരു ആരാധനാകര്‍മവും നാം ചെയ്തുകൂടാ എന്നാണ് പ്രമാണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. അതായത്, നബി ﷺ യുടെ മാതൃകയില്ലാത്ത ഏതൊരു ആരാധനാകര്‍മവും നൂതനാചാരവും (ബിദ്അത്ത്) വഴികേടുമായിരിക്കും.

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)

أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ

അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ?  (ഖുര്‍ആൻ:42/21)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَنْ أَحْدَثَ فِيْ أَمْرِنَا مَا لَيْسَ مِنْهُ فَهُوَ رَدٌّ

നബി ﷺ പറയുന്നു: നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) ആരെങ്കിലും അതിലില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാല്‍ അത് തിരസ്‌കരിക്കപ്പെടുന്നതാണ്. (ബുഖാരി, മുസ്‌ലിം)

إن خير الحديث كتاب الله، وخير الهديِ هديُ محمد، وشر الأمور محدَثاتها، وكل بدعة ضلالة

വചനങ്ങളില്‍ ഉത്തമം അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുര്‍ആനാണ്. മാതൃകകളില്‍ ഉത്തമം മുഹമ്മദ് നബി ﷺ യുടെ മാതൃകയാണ്. കാര്യങ്ങളില്‍ ഏറ്റവും ചീത്തയായത് നൂതന നിര്‍മിതികളാണ്. എല്ലാ നൂതന ആചാരങ്ങളും വഴികേടാണ്. (മുസ്‌ലിം).

فعليكم بسُنَّتي وسُنَّةِ الخُلَفاءِ الرَّاشِدينَ من بعدي، تمسكوا بها  وعضوا عليها بالنواجذ، وإياكم ومحدثات الأمور؛ فإن كل بدعة ضلالة

നിങ്ങള്‍ എന്റെ സുന്നത്തും എനിക്കു ശേഷം സച്ചരിതരായ ഖലീഫമാരുടെ ചര്യയും പിന്‍പറ്റുക. അവ നിങ്ങള്‍ മുറുകെപിടിക്കുക. അണപ്പല്ലുകള്‍ കൊണ്ടവയെ നിങ്ങള്‍ കടിച്ചുപിടിക്കുക. പുതു നിര്‍മിതങ്ങളായ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും പുത്തനാചാരങ്ങളൊക്കെയും വഴികേടാണ്. (സില്‍സിലത്തുസ്‌സ്വഹീഹ: 2735)

നസാഇയുടെ റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:

وَكُلَّ ضَلاَلَةٍ فِي النَّارِ

എല്ലാ വഴികേടും നരകത്തിലുമാണ്. (നസാഈ)

ഇത്രയൊക്കെ പ്രമാണവചനങ്ങള്‍ ഉണ്ടായിട്ടും സൂഫികള്‍ ദീനില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്തതും നബി ﷺ യുടെ സ്വഹാബികള്‍ ചെയ്തിട്ടില്ലാത്തതുമായ എത്രയോ ആചാരങ്ങള്‍ പടച്ചുണ്ടാക്കിയിരിക്കുന്നു! പള്ളികള്‍ക്കു പുറമെ ആരാധനകള്‍ക്കായി പ്രത്യേക കേന്ദ്രങ്ങളുണ്ടാക്കുന്നതും പാട്ടും കൂത്തും നൃത്ത മേളങ്ങളും ഒക്കെ സംഘടിപ്പിക്കലും ഇത്തരം പുത്തനാചാരങ്ങളാണ്. ദിക്‌റുകള്‍ കേട്ടുകൊണ്ട് മസ്തും ബുദ്ധിഭ്രംശവും പ്രകടിപ്പിക്കലും അല്ലാഹുവിനോടുള്ള അനുരാഗ ജല്‍പനവും പ്രവാചകന്മാരുടെയും ഔലിയാക്കന്മാരുടെയും ജന്മദിനങ്ങള്‍ ആഘോഷിക്കലും സ്വൂഫീ ശൈഖുമാര്‍ക്കുള്ള ബൈഅത്തും അല്ലാഹുവിന്റെ വെറും പേരു മാത്രം കൊണ്ട് അല്ലാഹ്, അല്ലാഹ്… അല്ലെങ്കില്‍ ഹു, ഹു’എന്നിങ്ങനെ ദിക്ര്‍ ചൊല്ലലും ശവകുടീരങ്ങളിലേക്കുള്ള തീര്‍ഥയാത്രകളും ഒക്കെ വഴിപിഴച്ച നൂതനാചാരങ്ങളാണ്. മാത്രമല്ല, ഹജ്ജുപോലെ വര്‍ഷത്തില്‍ ഇത്തരം സിയാറത്തിനായി പ്രത്യേക ദിവസങ്ങള്‍ നിശ്ചയിക്കുകകയും ലക്ഷങ്ങള്‍ ചെലവഴിച്ചുകൊണ്ട് അതിനായി ഒരുമിച്ചുകൂടുന്നതും നിങ്ങള്‍ക്ക് കാണാം. നബി ﷺ യാകട്ടെ ഹജ്ജിലല്ലാതെ ഇത്തരമൊരു വാര്‍ഷിക സംഗമം സമുദായത്തിന് മതപരമാക്കി മാതൃക കാണിച്ചിട്ടില്ല.

നബിമാരുടേതുപോലെ ഔലിയാക്കന്മാരുടെ ‘ആഥാറുകള്‍”കൊണ്ടും ബര്‍കത്തെടുക്കുന്ന രീതി സ്വൂഫികള്‍ക്കിടയിലുണ്ട്. (അവരുടെ ശേഷിപ്പുകള്‍ എന്ന് സാരം. അഥവാ അവര്‍ ഉപയോഗിച്ചതും ഉപേക്ഷിച്ചു പോയതുമായ വസ്തുക്കള്‍-വിവര്‍ത്തകന്‍).

പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടുവന്ന വസ്തുക്കള്‍ കൊണ്ട് മാത്രമെ ബര്‍കത്തെടുക്കാന്‍ പാടുള്ളൂ. അതുകൊണ്ടാണ് അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ വിന്റെയും ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്റെയും ‘ആഥാറു’കള്‍ കൊണ്ട് സ്വഹാബികള്‍ ആരും ബര്‍കത്തെടുക്കാതിരുന്നത്. അവരാകട്ടെ, നബി ﷺ ക്കു ശേഷം ഈ ഉമ്മത്തിലെ ഏറ്റവും ഉല്‍കൃഷ്ടരായ വ്യക്തിത്വങ്ങളാണ്.

അപ്രകാരം തന്നെ ഔലിയാക്കളെ കൊണ്ട് സത്യം ചെയ്യലും പാടുള്ളതല്ല. ‘സയ്യിദ് ബദവിയുടെ ജീവിതം തന്നെയാണെ സത്യം!’ എന്നിങ്ങനെ പറയല്‍ അനുവദനീയമല്ല. (നമ്മുടെ നാട്ടില്‍ മുഹ്‌യുദ്ദീന്‍ ശൈഖ് തന്നെയാണെ സത്യം, ബദ്‌രീങ്ങള്‍ തന്നെയാണെ സത്യം എന്നൊക്കെ പറയാറുള്ളതും ഇതുപോലെ യാണ്-വിവര്‍ത്തകന്‍). കാരണം, നബി ﷺ പറയുന്നു:

من كان حالفًا فليحلف بالله أو ليصمت

ആരെങ്കിലും സത്യം ചെയ്യുകയാണെങ്കില്‍ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യട്ടെ! അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ! (ബുഖാരി, മുസ്‌ലിം).

مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ

ആരെങ്കിലും അല്ലമാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്താല്‍, തീര്‍ച്ചയായും അയാള്‍ അവിശ്വാസി (കാഫിര്‍) ആയി. അല്ലെങ്കില്‍ ബഹുദൈവ വിശ്വാസി (മുശ്‌രിക്ക്) ആയി. (അഹ്മദ്, തിര്‍മിദി)

പ്രവാചക കാലഘട്ടത്തിലെയും സ്വഹാബത്തിന്റെ കാലഘട്ടത്തിലെയും സ്ഥിതിവിശേഷങ്ങളെ കുറിച്ച് എന്താണ് മനസ്സിലാക്കിയത്? പില്‍കാലക്കാരായ ഈ സൂഫികള്‍ ആ കാലക്കാരെക്കാള്‍ ഉല്‍കൃഷ്ടരാണെന്നാണോ? അതുമാത്രമല്ല ചിന്തയും ബുദ്ധിയുമൊക്കെ ഒഴിവാക്കണമെന്നും തങ്ങളുടെ പക്കലുള്ള മത നിയമങ്ങളിലേക്കൊന്നും നോക്കരുതെന്നും ഔലിയാക്കളെന്ന് തങ്ങള്‍ പറയുന്ന ആളുകളെ അനുസരിക്കുകയാണ് വേണ്ടതെന്നുമാണ് മുരീദുമാരോട് ഇവര്‍ ആവശ്യപ്പെടുന്നത്.

കറാമത്തുകളെക്കുറിച്ച് പറയുകയാണെങ്കില്‍; നാം അവയില്‍ വിശ്വസിക്കുന്നു. പക്ഷേ, കറാമത്തു നല്‍കപ്പെടാത്തവരെക്കാള്‍ അത് നല്‍കപ്പെട്ടവരാണ് ഏറ്റവും ഉത്തമര്‍ എന്നില്ല. ചിലപ്പോള്‍ ഏറ്റവും ഉത്തമരായവര്‍ക്ക് നല്‍കാതെ അവര്‍ക്ക് താഴെയുള്ള ഉത്തമര്‍ക്ക് അത് നല്‍കപ്പെട്ടേക്കാം. ചിലപ്പോള്‍ അത് ഒരു പരീക്ഷണവുമായേക്കാം. അതായത്, അതുണ്ടായതിന് ശേഷവും അയാള്‍ നബി ﷺ യുടെ മാതൃക മുറുകെപിടിച്ച് ജീവിക്കുണ്ടോ അതല്ല അഹംഭാവം നടിച്ച് തന്റെ സ്ഥിതിയില്‍ വഞ്ചിതനാവുകയാണോ എന്ന പരീക്ഷണം. പിന്നെ, കറാമത്തുണ്ടാവുകയെന്നത് ലക്ഷ്യമല്ല. കറാമത്തുകൊണ്ട് ഒരാളുടെ സ്ഥാനം അല്ലാഹുവിന്റെയടുക്കല്‍ വര്‍ധിക്കുന്നില്ല. പ്രത്യുത അല്ലാഹുവിനെ അനുസരിച്ച്, അവന് വഴിപ്പെട്ട് ജീവിക്കുന്നതിലൂടെയാണ് ഒരാളുടെ പദവി അധികരിക്കുന്നത്. അതുകൊണ്ടാണിങ്ങനെ പറയുന്നത്: ”നീ നേര്‍മാര്‍ഗത്തിലുറച്ച് നില്‍ക്കാനായി പ്രാര്‍ഥിക്കുക, അല്ലാതെ കറാമത്തിന് വേണ്ടിയല്ല പ്രാര്‍ഥിക്കേണ്ടത്. നിന്റെ റബ്ബ് നിന്നില്‍നിന്ന് നേരെ ചൊവ്വെ നിലനില്‍ക്കലാണ് (ഇസ്തിക്വാമത്ത്)ആവശ്യപ്പെടുന്നത്. കറാമത്തുണ്ടാവുക എന്നതല്ല ഒരാള്‍ വലിയ്യാകുന്നതിനുള്ള മാനദണ്ഡം. ‘വിലായത്ത്’ സത്യവിശ്വാസം കൊണ്ടും തക്വ്‌വ കൊണ്ടുമാണ് ഉണ്ടാകുന്നത്. അല്ലാതെ കറാമത്തുകള്‍ കൊണ്ടല്ല.”

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿٦٢﴾‏ ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ‎﴿٦٣﴾

ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (ഖു൪ആന്‍:10/62-63)

അസാധാരണ സംഭവങ്ങളുണ്ടായില്ല എന്നതുകൊണ്ട് ഒരു സത്യവിശ്വാസിക്ക് യാതൊരു തകരാറുമില്ല. അല്ലാഹുവിന്റെയടുക്കല്‍ അയാളുടെ പദവിക്ക് യാതൊരു കുറവും സംഭവിക്കുകയില്ല. എന്നാല്‍ പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്നതിനെ കുറിച്ചാണെങ്കില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് അവന്‍ ഉത്തരം ചെയ്യും എന്നതാണ് അടിസ്ഥാനം. എന്നാല്‍ പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്നതിന് ചില പ്രതിബന്ധങ്ങള്‍ ഒരുപക്ഷേ, ഉണ്ടായേക്കാം. അതല്ലെങ്കില്‍ ചിലപ്പോള്‍ ആ പ്രാര്‍ഥനക്ക് ഉത്തരം കിട്ടാതിരിക്കലായിരിക്കും ആ അടിമയെ സംബന്ധിച്ചിടത്തോളം നന്നായിട്ടുള്ളത്. അങ്ങനെ അതിന്റെ പ്രതിഫലം അല്ലാഹു അയാള്‍ക്ക് പരലോകത്തേക്ക് സൂക്ഷിച്ചുവെക്കും. അല്ലാതെ ഒരാളുടെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടി എന്നതുകൊണ്ട് മറ്റുള്ളവരെക്കാളൊക്കെ ഉല്‍കൃഷ്ടനാണ് ആ വ്യക്തി എന്നോ, അല്ലാഹുവിനോട് അനുസരണക്കേടാവുന്ന കാര്യങ്ങളിലും അയാളെ അനുസരിക്കാമെന്നോ അതിനര്‍ഥമില്ല. ‘പുനരുത്ഥാനനാള്‍ വരേക്കും ആയുസ്സ് നല്‍കേണമേ’ എന്ന ഇബ്‌ലീസിന്റെ പ്രാര്‍ഥനക്കും ഉത്തരം നല്‍കപ്പെട്ടിട്ടുണ്ടല്ലൊ! മഹാനായ മുഹമ്മദ് നബി ﷺ അല്ലാഹുവിനോട് പ്രാര്‍ഥിച്ച അനവധി പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടിയിട്ടുണ്ട് എന്നതിനോടൊപ്പം തന്നെ തന്റെ പിതൃവ്യനായ അബൂത്വാലിബിന് വേണ്ടി പ്രാര്‍ഥിച്ചതിന് ഉത്തരം കിട്ടിയില്ല. എന്നു മാത്രമല്ല അല്ലാഹുവിന്റെ ഈ വചനം അവതരിക്കുകയാണ് ചെയ്തത്.

إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:28/56)

അന്ത്യദിനത്തിലുള്ള വിശ്വാസം

മനുഷ്യരുടെ കര്‍മങ്ങളെ വിചാരണ ചെയ്യുന്നതിനും നീതിയുക്തമായ പ്രതിഫലം നല്‍കുന്നതിനും വേണ്ടി അല്ലാഹു ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. ആ അന്ത്യസമയത്തിന്റെ ആസന്നതയെ അറിയിക്കുന്ന ചില അടയാളങ്ങളുമുണ്ട്. മനുഷ്യര്‍ തങ്ങളുടെ ക്വബ്‌റുകളില്‍വച്ച് ചോദ്യം ചെയ്യപ്പെടുകയും അവിടെ സുഖാനുഗ്രഹങ്ങള്‍ നല്‍കപ്പെടുകയോ അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതുമാണ്. എന്നിട്ട് മനുഷ്യരുടെ മടക്കം ഒന്നുകില്‍ സ്വര്‍ഗത്തിലേക്കോ അല്ലെങ്കില്‍ നരകത്തിലേക്കോ ആയിരിക്കുകയും ചെയ്യും. അന്ത്യദിനത്തിലെ സംഭവവികാസങ്ങളെയും ഭയാനകതയെയും വിശദമാക്കുന്ന നിരവധി പ്രമാണവചനങ്ങള്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു:

وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍ :2/281)

‏ إِنَّ فِي ذَٰلِكَ لَآيَةً لِّمَنْ خَافَ عَذَابَ الْآخِرَةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ النَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ‎﴿١٠٣﴾‏ وَمَا نُؤَخِّرُهُ إِلَّا لِأَجَلٍ مَّعْدُودٍ ‎﴿١٠٤﴾‏

പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. സര്‍വമനുഷ്യരും സമ്മേളിക്കപ്പെടുന്ന ഒരു ദിവസമാണത്. (സര്‍വരുടെയും) സാന്നിധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്. നിര്‍ണിതമായ ഒരവധി വരെ മാത്രമാണ് നാമത് നീട്ടി വെക്കുന്നത്. (ഖു൪ആന്‍ :11/103-104)

പരലോകവുമായി ബന്ധപ്പെട്ടുള്ള സ്വൂഫി വിശ്വാസങ്ങളിലൊന്നാണ് ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത് അല്ലാഹുവിനോടുള്ള സ്‌നേഹം കാരണത്താല്‍ മാത്രമായിരിക്കണമെന്നത്. അല്ലാഹുവിനെ കണ്ടുമുട്ടണമെന്നത് മാത്രമായിരിക്കണം ഒരു ദാസന്റെ ലക്ഷ്യമെന്നും സ്വര്‍ഗപ്രവേശന മോഹവും നരകത്തില്‍നിന്നുമുള്ള രക്ഷയുമൊന്നും കര്‍മങ്ങള്‍ക്കു പിന്നില്‍ ഉണ്ടായിക്കൂടെന്നും അവര്‍ പറയുന്നു! തന്റെ ആരാധനാകര്‍മങ്ങളിലൂടെ സ്വര്‍ഗം ആഗ്രഹിക്കുന്നവരെ കുറിച്ച് വിവരമില്ലാത്ത സാധാരണക്കാരെന്ന വീക്ഷണമാണ് അവര്‍ക്കുള്ളത്! എത്രത്തോളമെന്നാല്‍ സ്വര്‍ഗത്തെ സംബന്ധിച്ച് വളരെ നിസ്സാരമായ കാഴ്ചപ്പാടിലേക്കും അവഗണനയിലേക്കും അവരില്‍ ചിലരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. എന്നാല്‍ മതപരമായ തെളിവുകള്‍ പരിശോധിക്കുന്ന ഏതൊരു മുസ്‌ലിമിനും മനസ്സിലാക്കുവാന്‍ സാധിക്കുന്നത് സ്വര്‍ഗമാഗ്രഹിച്ചും നരകത്തെ ഭയന്നുമുള്ള ആരാധനാകര്‍മങ്ങള്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണെന്നതിന് എതിരല്ല എന്ന വസ്തുതയാണ്. അതുകൊണ്ട് തന്നെ നരകത്തെ കുറിച്ച് പേടിപ്പെടുത്തുന്ന വചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്.

فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَٰفِرِينَ ‎﴿٢٤﴾‏

മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌. (ഖുര്‍ആന്‍: 2/23-24)

അപ്രകാരം തന്നെ സ്വര്‍ഗത്തെ കുറിച്ച് ആഗ്രഹം ജനിപ്പിക്കുന്ന സൂക്തങ്ങളും കാണാം:

وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ

നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (ഖുര്‍ആന്‍: 3/133)

മനുഷ്യരില്‍ ഏറ്റവും ഉല്‍കൃഷ്ടരായ നബിമാരെക്കുറിച്ച് (സ്വര്‍ഗ)പ്രതീക്ഷയോടും (നരകത്തെ സംബന്ധിച്ച) ഭയപ്പാടോടും കൂടി അല്ലാഹുവിന് ആരാധന ചെയ്യുന്നവരാണെന്ന് അല്ലാഹു തന്നെ പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു:

فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ ۚ إِنَّهُمْ كَانُوا۟ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا۟ لَنَا خَٰشِعِينَ

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (ഖുര്‍ആന്‍: 21/90)

ഭയഭക്തിയുള്ളവര്‍ക്ക് അല്ലാഹു ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. അല്ലാഹു പറയുന്നു:

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌. (ഖു൪ആന്‍ :55/46)

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ‎﴿٤٠﴾‏ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ‎﴿٤١﴾

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖു൪ആന്‍:79/40-41)

ഉന്നതമായ പദവികളുള്ള മുഹമ്മദ് നബി ﷺ പരലോകശിക്ഷ ഭയന്നുകൊണ്ട് അല്ലാഹുവിനെ അനുസരിച്ചു: അല്ലാഹു പറയുന്നു:

قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ ‎

പറയുക: ഞാന്‍ എന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. (ഖുർആൻ :6/15)

നബിമാര്‍ തങ്ങളുടെ ജനങ്ങളെ അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് പേടിപ്പെടുത്തിക്കൊണ്ട് കൂടിയാണ് പ്രബോധനം ചെയ്തിരുന്നത്. അവരിലൊരാളായ നൂഹ് നബി(അ) പറഞ്ഞത് കാണുക.

لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു. (ഖുർആൻ :7/59)

ആരെങ്കിലും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടാതെ സ്‌നേഹംകൊണ്ട് മാത്രം അവനെ ആരാധിക്കുന്നുവെങ്കില്‍ പ്രവാചകന്മാരുടെ പാതക്കെതിരിലാണ് അയാള്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹുവിന്റെ കല്‍പനകള്‍ക്കും എതിരിലാണ് അയാള്‍ നിലകൊള്ളുന്നത്. അല്ലാഹു പറയുന്നു:

خَافُونِ إِن كُنتُم مُّؤْمِنِينَ

നിങ്ങള്‍ എന്നെ ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍. ഖുർആൻ :3/175)

അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ആര്‍ക്കെങ്കിലും ഇല്ലെങ്കില്‍ അയാള്‍ സത്യവിശ്വാസികളില്‍പെട്ടവനല്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. പ്രതീക്ഷയോടും ഭയപ്പാടോടുംകൂടി അല്ലാഹുവിന് ആരാധന ചെയ്യുന്ന സത്യവിശ്വാസികളെ അല്ലാഹു പ്രശംസിക്കുന്നത് കാണുക. അല്ലാഹു പറയുന്നു:

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ‎﴿١٧﴾

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍ :32/16-17)

അല്ലാഹു സ്വര്‍ഗം തങ്ങള്‍ക്കായി തയ്യാറാക്കിവച്ചിരിക്കുകയാണെന്നും സ്വൂഫികള്‍ പറയുന്നു. ഉദാഹരണത്തിന്, തന്റെ അനുയായികള്‍ എത്രതന്നെ തെറ്റുകുറ്റങ്ങള്‍ പ്രവര്‍ത്തിച്ചാലും വിചാരണയോ ശിക്ഷയോ കൂടാതെ സ്വര്‍ഗത്തില്‍ കടക്കുമെന്ന് തനിക്ക നബി ﷺ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് ‘തീജാനി’ പറയുന്നത്. ‘ഖത്മിയ്യ’ ത്വരീക്വത്തിന്റെ വക്താവായ മീര്‍ഗനി പറയുന്നതാകട്ടെ, നബി ﷺ സ്വര്‍ഗത്തിന്റെ കാവല്‍ക്കാരനായ രിദ്‌വാന്‍ എന്ന മലക്കിനോട് തനിക്കും തന്റെ അനുയായികള്‍ക്കുമായി തോട്ടങ്ങളും വനങ്ങളും നിര്‍മിക്കാന്‍ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെന്നാണ്! നരകത്തിന്റെ കാവല്‍ക്കാരനായ മലക്കിനോട് നരകത്തില്‍ പ്രത്യേകമായ സ്ഥലങ്ങള്‍ തന്റെ ശത്രുക്കള്‍ക്കായി ഒരുക്കുവാനും പറഞ്ഞിട്ടുണ്ടത്രെ! സ്വൂഫികളിലെ പല വിഭാഗങ്ങളും ഇതുപോലെ പറഞ്ഞിട്ടുണ്ട്. (*) എത്രത്തോളമെന്നാല്‍ അവരിലെ ഒരു നേതാവ് പറഞ്ഞത് ‘തന്നെ കണ്ടവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും” എന്നാണ്. ഇത്തരം വിടുവായിത്തങ്ങള്‍ക്ക് അല്ലാഹുവിന്റെ ക്വുര്‍ആനില്‍ നിന്നോ നബി ﷺ യുടെ സുന്നത്തില്‍ നിന്നോ യാതൊരു രേഖയും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെമേല്‍ കളവ് പറയലായിരിക്കും അത്. അല്ലാഹു പറയുന്നു:

وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَٰتِهِۦٓ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍ :6/21)

وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا

നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖു൪ആന്‍ :17/36)

നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അതില്‍ ഇതുകൂടി അല്ലാഹു പറഞ്ഞു:

ﺇِﻧَّﻤَﺎ ﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟﺴُّﻮٓءِ ﻭَٱﻟْﻔَﺤْﺸَﺎٓءِ ﻭَﺃَﻥ ﺗَﻘُﻮﻟُﻮا۟ ﻋَﻠَﻰ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﺗَﻌْﻠَﻤُﻮﻥَ

ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്‌. (ഖു൪ആന്‍:2/169)

അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് നബി ﷺ പറയുന്നത് കാണുക:

അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ ദൂതനായ എന്നെ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. (ബുഖാരി). (**)

(*) എന്റെ മുരീദുകളാരും നരകത്തിലില്ലെന്ന് നരകത്തെ കാക്കുന്ന മലക്ക് പറഞ്ഞിട്ടുണ്ടെന്ന് മുഹ്‌യുദ്ദീന്‍ മാലയിലും മറ്റു മാല-മൗലൂദുകളിലും പറയുന്നത് ഇതിന് ഉദാഹരണമാണ്.

(**) വിശുദ്ധ ക്വുര്‍ആനിലും ഇതുപോലെ കാണാം. അല്ലാഹു പറയുന്നു:

قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ

(നബിയേ) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു. (ഖു൪ആന്‍:46/9)

വിധിയിലുള്ള വിശ്വാസം

നന്മ, തിന്മകളായി ലോകത്ത് എന്തെല്ലാം നടക്കുന്നുണ്ടോ അവയെല്ലാം അല്ലാഹുവിന്റെ അറിവോടും തീരുമാനത്തോടും കൂടിയാണ് സംഭവിക്കുന്നത്. അതൊക്കെയും അല്ലാഹു’ലൗഹുല്‍ മഹ്ഫൂളില്‍’ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയെ സൃഷ്ടിച്ചതും അല്ലാഹുവാണ്. ഈ സംഗതികള്‍ ഈമാന്‍ കാര്യങ്ങളിലെ വിധിവിശ്വാസത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു:

إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു. (ഖു൪ആന്‍:54/49)

ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا ‎

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവന്‍). അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:25/2)

പക്ഷേ, മനുഷ്യര്‍ കാര്യകാരണ ബന്ധങ്ങളെ സമീപിക്കുന്നത് ഇതിന് എതിരല്ല. മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമില്ല എന്നും ഇതിനര്‍ഥമില്ല. മറിച്ച് അതുണ്ട്. പക്ഷേ, മനുഷ്യന്റെ ഉദ്ദേശ്യങ്ങളും ആഗ്രഹങ്ങളുമൊക്കെ അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അല്ലാഹു പറയുന്നു:

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ‎

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. (ഖുർആൻ:81/27-29)

സ്വൂഫിയ്യാക്കളില്‍ ചിലര്‍ തെറ്റുകളെ ന്യായീകരിക്കാന്‍ വിധിയെ തെളിവാക്കാറുണ്ട്. അത് അല്ലാഹുവിന്റെ സൃഷ്ടിയാണെന്നിരിക്കെ അവന്‍ തൃപ്തിപ്പെടാത്തത് അവന്‍ എങ്ങനെ സൃഷ്ടിക്കും എന്നാണ് അവരുടെ ചോദ്യം. എന്നാല്‍ മനുഷ്യര്‍ ചെയ്യാന്‍ അല്ലാഹു താല്‍പര്യപ്പെടാത്ത പലതും അല്ലാഹു ചിലപ്പോള്‍ സൃഷ്ടിച്ചേക്കുമെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. അല്ലാഹു പറയുന്നു:

ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَٰلَهُمْ

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും അവന്റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു. (ഖുർആൻ:47/28)

ഉപരിസൂചിത വാദഗതിക്കാരെ ഖണ്ഡിച്ചുകൊണ്ട് അല്ലാഹു പറഞ്ഞത് കാണുക:

سَيَقُولُ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن شَىْءٍ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا۟ بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَآ ۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ ‎﴿١٤٨﴾‏ قُلْ فَلِلَّهِ ٱلْحُجَّةُ ٱلْبَٰلِغَةُ ۖ فَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ ‎﴿١٤٩﴾

ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്. പറയുക: ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു. (ഖുർആൻ:6/148-149)

അതിനാല്‍ ഒരാള്‍ക്കും തന്നെ, അല്ലാഹു ദൂതന്മാരെ അയച്ച് കാര്യങ്ങള്‍ വ്യക്തമാക്കിത്തരികയും നന്മ പ്രവര്‍ത്തിക്കാന്‍ സാധ്യമാക്കുകയും ചെയ്തശേഷം ‘ക്വളാ-ക്വദ്‌റി’നെ (വിധിയെ) തെളിവാക്കാന്‍ പാടുള്ളതല്ല. അല്ലാഹു പറയുന്നു:

‏ رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖുർആൻ:4/165)

ജോലിയും ചികില്‍സയും പോലുള്ള കാര്യകാരണ ബന്ധങ്ങളെ ഉപേക്ഷിക്കലായി തവക്കുലിനെ അധിക സ്വൂഫിയ്യാക്കളും വിശദീകരിച്ചിട്ടുണ്ട്. എന്നിട്ട് അത് അവരെ യാചനയിലേക്ക് നയിച്ചു. എന്നാല്‍ അതാകട്ടെ കാര്യകാരണ ബന്ധങ്ങളിലെ ഏറ്റവും നിന്ദ്യമായ ഒന്നാണ് താനും! മാത്രമല്ല കാര്യകാരണ ബന്ധങ്ങള്‍ സ്വീകരിക്കുവാനും കര്‍മങ്ങള്‍ ചെയ്യുവാനും പ്രേരിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ക്ക് എതിരുമാണത്. അല്ലാഹു പറയുന്നു:

هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ

അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ്‌. (ഖുർആൻ:4/165)

قال رسول الله صلى الله عليه وسلم :‏ لَأَنْ يَحْتَطِبَ أَحَدُكُمْ حُزْمَةً علَى ظَهْرِهِ، خَيْرٌ له مِن أَنْ يَسْأَلَ أَحَدًا فيُعْطِيَهُ أَوْ يَمْنَعَهُ

നബി ﷺ പറയുന്നു:നിങ്ങളിലൊരാള്‍ ഒരുകെട്ട് വിറക് ശേഖരിച്ച് (ഉപജീവനം തേടലാണ്) ആളുകളോട് യാചിക്കുന്നതിനെക്കാള്‍ അവന് ഉത്തമം. അവര്‍ അവന് നല്‍കട്ടെ, അല്ലെങ്കില്‍ നല്‍കാതിരിക്കട്ടെ. (ബുഖാരി)

അതുകൊണ്ടുതന്നെ അമ്പിയാക്കന്മാര്‍ ജോലിചെയ്ത് ജീവിക്കുന്നവരായിരുന്നു. സ്വഹാബത്തിന്റെ ഏകകണ്‌ഠേനയുള്ള നിലപാടും അതുതന്നെയാണ്.

അവസാനമായി….

അവസാനമായി രണ്ട് കാര്യങ്ങള്‍ ഞാന്‍ സൂചിപ്പിക്കട്ടെ:

(ഒന്ന്) തൗബയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ലോകരക്ഷിതാവായ അല്ലാഹു അതിലേക്ക് നമ്മെ വിളിക്കുന്നു:

وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

…സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍: 24/31)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈകൊണ്ട് മടങ്ങുക. (ഖു൪ആന്‍: 66/8)

തൗബ അതിനു മുമ്പുള്ള പാപങ്ങളെ തുടച്ചുനീക്കും. അല്ലാഹു പറയുന്നു:

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ‎﴿٥٣﴾‏ وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ ‎﴿٥٤﴾

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം)നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല. (ഖുർആൻ:39/53-54)

സത്യനിഷേധം (കുഫ്ര്‍), ബഹുദൈവ വിശ്വാസം (ശിര്‍ക്ക്) എന്നീ ഗുരുതരങ്ങളായ തെറ്റുകളില്‍ നിന്നു പോലും തൗബ ചെയ്താല്‍ ഉപകരിക്കുമെന്ന് അഥവാ പൊറുത്തുകൊടുക്കുമെന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

قُل لِّلَّذِينَ كَفَرُوٓا۟ إِن يَنتَهُوا۟ يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا۟ فَقَدْ مَضَتْ سُنَّتُ ٱلْأَوَّلِينَ

സത്യനിഷേധികളോട് നീ പറയുക! അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാണ് എന്ന്. (ഖുർആൻ:8/38)

അല്ലാഹു മൂന്നില്‍ ഒരുവനാണ് (ത്രിത്വം) എന്ന് പറഞ്ഞ് അവിശ്വാസികളായവരുടെ മുമ്പിലും അല്ലാഹു തൗബയെ പരിചയപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു:

لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَٰثَةٍ ۘ وَمَا مِنْ إِلَٰهٍ إِلَّآ إِلَٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ ‎﴿٧٣﴾‏ أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ‎﴿٧٤﴾‏

അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖുർആൻ:5/73-74)

നബി ﷺ പറഞ്ഞപോലെ:

لله أفرح بتوبة عبده من أحدكم سقط على بعيره وقد أضله في أرض فلاة

പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം കാരണമായി അല്ലാഹു സന്തോഷിക്കുന്നതാണ്. മരുഭൂമിയില്‍ വഴിതെറ്റി യാത്രാവാഹനവും ഭക്ഷണവും നഷ്ടപ്പെട്ട ശേഷം അവ തിരിച്ചുകിട്ടിയാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സന്തോഷമെത്രയാണോ അതിനെക്കാള്‍ കൂടുതലായി അല്ലാഹു തന്റെ അടിമയുടെ പശ്ചാത്താപം കാരണമായി സന്തോഷിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം)

മരണത്തിന്റെ മലക്ക് (മലക്കുല്‍ മൗത്ത്) ആരുടെയടുക്കലും ഏതു നിമിഷവും കടന്നുവരാം. എത്രയെത്ര സെറിബ്രല്‍ ത്രോംബോസിസുകളെയും (മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിക്കുന്ന രോഗം) ഹാര്‍ട്ട് അറ്റാക്കുകളെയും വാഹനാപകടങ്ങളെയും കുറിച്ച് നാം കേട്ടതാണ്. പകലില്‍ തെറ്റ് ചെയ്തയാളുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനായി രാത്രിയിലും, രാത്രിയില്‍ തെറ്റ് ചെയ്തയാള്‍ പശ്ചാത്തപിക്കുന്നതിനായി പകലിലും അല്ലാഹു തന്റെ കൈ നീട്ടിയിരിക്കുകയാണ്. റൂഹ് (ആത്മാവ്) തൊണ്ടക്കുഴിയില്‍ എത്തുന്നതുവരെ അല്ലാഹു അടിമയുടെ തൗബ സ്വീകരിക്കുന്നതാണ്. അതുകൊണ്ടു തന്നെ സ്വൂഫി ചിന്താഗതികളിലകപ്പെട്ടുപോയ എല്ലാവരോടുമായി, തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഏകാഗ്ര മനസ്സോടെ ഗൗരവതരമായി ചിന്തിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. വ്യക്തിതാല്‍പര്യങ്ങളും മറ്റു വ്യാകുലതകളുമെല്ലാം മാറ്റിവെച്ചുകൊണ്ട്, പടച്ചവനെ കണ്ടുമുട്ടേണ്ടതുണ്ട് എന്ന ബോധത്തോടെ നിഷ്പക്ഷമായി ചിന്തിക്കുക. എന്നിട്ട് ക്വുര്‍ആനിലും സുന്നത്തിലും വന്ന വിധിവിലക്കുകളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും തമ്മില്‍ താരതമ്യം നടത്തുകയും ചെയ്യുക.

(രണ്ട്) പരിശുദ്ധമായ ക്വുര്‍ആനും സുന്നത്തും നമ്മുടെ മുമ്പിലുണ്ട്. അവ പ്രിന്റ് ചെയ്തും പഠിച്ചും പഠിപ്പിച്ചും ചിന്തിച്ചും പ്രവര്‍ത്തിച്ചുമൊക്കെയായിട്ട് നാനാവിധേന അത് പ്രചരിപ്പിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ബിദ്അത്തിന്റെ ദിക്‌റുകളുടെ സ്ഥാനത്ത് ക്വുര്‍ആനില്‍ നിന്നും സ്ഥിരപ്പെട്ട ഹദീഥുകളില്‍ നിന്നും ദിക്‌റുകളും ദുആകളും സ്വീകരിക്കാനും പ്രചരിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വിശുദ്ധ ക്വുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും ഗ്രഹിച്ചെടുക്കാവുന്ന ശരിയായ അക്വീദ (വിശ്വാസം)യിലേക്ക് ക്ഷണിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും നാം ഉപയോഗപ്പെടുത്തണം. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും മദ്‌റസകള്‍ സ്ഥാപിച്ചും അധ്യാപകരെ വാര്‍ത്തെടുത്തും ആധുനിക സൗകര്യങ്ങളും മാധ്യമങ്ങളും ഒക്കെ ഉപയോഗപ്പെടുത്തികൊണ്ട് ദഅ്‌വത്ത് സജീവമാക്കണം. അപ്രകാരം തന്നെ വ്യക്തികളുടെ കാര്യത്തില്‍- അവര്‍ അമ്പിയാക്കന്മാരോ ഔലിയാക്കന്മാരോ ആയിരുന്നാല്‍ പോലും-അതിരു കവിയാന്‍ പാടില്ലെന്നും നാം ബോധവല്‍കരിക്കേണ്ടതുണ്ട്. മറിച്ച് അവര്‍ക്ക് അര്‍ഹമായ സ്ഥാനത്ത് അവരെ അവരോധിക്കുകയാണ് ചെയ്യേണ്ടത്. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് (ശരീഅത്തിന്) എതിരായ സ്വൂഫി വേഷ-ഭൂഷാദികള്‍ കയ്യൊഴിക്കാനും ജനങ്ങളെ നാം ഉപദേശിക്കണം.

മുസ്‌ലിം ഉമ്മത്തിന്റെ സ്ഥിതിഗതികള്‍ നന്നാക്കുവാനും വഴിതെറ്റിയവരെ നേര്‍മാര്‍ഗത്തിലാക്കുവാനും സര്‍വശക്തനായ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. സ്വന്തം തിന്മകളില്‍ നിന്നും ദുഷ്പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷിക്കുവാനും ശിര്‍ക്ക് ബിദ്അത്തുകളെയും അതിന്റെ വഴികളെയും അകറ്റിക്കളയുവാനും മുസ്‌ലിംകളെ സത്യമാര്‍ഗത്തിലായിക്കൊണ്ട് ഐക്യപ്പെടുത്തുവാനും അവരിലെ നേതാക്കന്മാരെ നന്നാക്കുവാനും അവരെക്കൊണ്ട് ദീനിനെ സഹായിക്കുവാനും ദീനിന്റെ യശസ്സ് ഉയര്‍ത്തുവാനും അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി ﷺ യിലും അവിടുത്തെ കുടുംബത്തിലും അനുചരന്മാരിലുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കുമാറകട്ടെ! (ആമീന്‍)

 

വിവർത്തനം: ശമീര്‍ മദീനി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *