ഏഴ് ആകാശങ്ങള്‍ (سَبْعَ سَمَاوَاتٍ) എന്നു ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചിട്ടുണ്ട്.

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقًا

നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. (ഖു൪ആന്‍:71/15)

كل سماء فوق الأخرى.

ഓരോ ആകാശവും മറ്റേതിന് മുകളിലായി. (തഫ്സീറുസ്സഅ്ദി)

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

നിങ്ങള്‍ക്കു മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും … (ഖു൪ആന്‍:78/12)

سبع سموات، في غاية القوة، والصلابة والشدة، وقد أمسكها الله بقدرته، وجعلها سقفا للأرض، فيها عدة منافع لهم،

അങ്ങേയറ്റം ശക്തവും ബലിഷ്ടവുമായ ഏഴ് ആകാശങ്ങള്‍. അല്ലാഹു അവന്റെ കഴിവിനാല്‍ അതിനെ പിടിച്ചുനിര്‍ത്തുകയും ഭൂമിക്ക് ഒരു മേല്‍ക്കൂരയാക്കുകയും ചെയ്തു. അതില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. (തഫ്സീറുസ്സഅ്ദി)

وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَٰفِلِينَ

തീര്‍ച്ചയായും നിങ്ങള്‍ക്ക് മീതെ നാം ഏഴു പഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല. (ഖു൪ആന്‍:23/17)

മുഹമ്മദ് അമാനി മൗലവി (റഹി) എഴുതുന്നു: طَرَائِق എന്ന പദത്തിനാണ് ‘മാര്‍ഗ്ഗങ്ങള്‍’ എന്ന് അര്‍ത്ഥം കൊടുത്തത്. ഖുര്‍ആനില്‍ ആകാശങ്ങളുടെ സൃഷ്ടിയെപ്പറ്റി സൂറത്തുല്‍ മുല്‍ക് 3ലും, സൂറത്ത് നൂഹ് 15ലും سَبْعَ سَمَاوَاتٍ طِبَاقًا (അടുക്കായി – അല്ലെങ്കില്‍ തട്ടുതട്ടായി – ഏഴാകാശങ്ങള്‍) എന്നു പറയുന്നു. 65:12; 41:12 മുതലായ പല സ്ഥലങ്ങളിലും سَبْعَ سَمَاوَات (ഏഴു ആകാശങ്ങള്‍) എന്നു പറഞ്ഞുകാണാം. ‘ഏഴു ഗ്രഹമാര്‍ഗ്ഗങ്ങളായിരുന്നു  മുന്‍കാലത്തുള്ളവര്‍ക്കു അറിയപ്പെട്ടിരുന്നത്, അതനുസരിച്ചാണ് ‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പ്രസ്താവിച്ചത്, ഇപ്പോള്‍ കൂടുതല്‍ ഗ്രഹമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ – അഥവാ ആകാശങ്ങള്‍ – ഉണ്ടെന്നു വന്നിരിക്കുന്നു.’ എന്നിങ്ങിനെയാണ് ചിലര്‍ പറയുന്നത്. ഇതൊരു സ്വീകാര്യമായ വ്യാഖ്യാനമായി എടുക്കുവാന്‍ തരമില്ല തന്നെ. ഈ ആയത്തില്‍ ‘മാര്‍ഗ്ഗങ്ങള്‍’ (طَرَائِق) എന്ന വാക്കുപയോഗിച്ചതുകൊണ്ട് ഇവിടെ ഒരുപക്ഷെ അങ്ങനെ ഒരു വ്യാഖ്യാനം കൊടുക്കാമെന്നു സമ്മതിച്ചേക്കുക, എന്നാല്‍:

‘ഏഴു ആകാശങ്ങള്‍’ എന്നു ഖുര്‍ആന്‍ പലപ്രാവശ്യം പ്രസ്താവിക്കുകയും, ചിലേടത്തു ‘അടുക്കുകളായ നിലയില്‍ ഏഴു ആകാശങ്ങള്‍’ എന്നു വ്യക്തമായിപ്പറയുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവയില്‍ ഒന്നിനെപ്പറ്റി السَّمَاءَ الدُّنْيَا (ഏറ്റവും അടുത്ത ആകാശം) എന്നും (67:5; 37:6) പറയുന്നു. ആകാശം ഒരു കെട്ടിടം (بِنَاء) പോലെയാണെന്നും (40:64; 2:22) അതു പറയുന്നു. ഇതെല്ലാം മുമ്പില്‍വെച്ചുകൊണ്ടു മേല്‍പറഞ്ഞതുപോലെയുള്ള ഒരു വ്യാഖ്യാനം ഈ ആയത്തുകള്‍ക്കെല്ലാം നല്‍കുന്നത് കേവലം കണ്ണടച്ചു ഇരുട്ടാക്കുന്നതിനു സമമാണ്. ശാസ്ത്രത്തിനു അതതു കാലത്തു ലഭിക്കുന്ന അറിവിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കുവാന്‍ തുനിയുന്നതു പലപ്പോഴും അപകടത്തിലാണ് കലാശിക്കുക. അതുകൊണ്ട് ഖുര്‍ആന്‍ പ്രസ്താവിച്ച ഏഴാകാശം കൊണ്ടുള്ള ഉദ്ദേശ്യം ശാസ്ത്രദൃഷ്ട്യാ ഇതുവരെ നമുക്കു മനസ്സിലായിട്ടില്ല. അതിന്റെ യഥാര്‍ത്ഥം അല്ലാഹുവിന്നറിയാം എന്നു പറയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഇത്തരം കാര്യങ്ങളെല്ലാം കേവലം അലങ്കാരപ്രയോഗമോ സാമാന്യവിവരണമോ മാത്രമാണെന്ന് ഊഹിച്ചു തൃപ്തിയടയുന്നതു തനി ബാലിശമാകുന്നു. ഖുര്‍ആന്‍ പ്രഖ്യാപിച്ച എത്രയോ കാര്യങ്ങള്‍, ആദ്യകാലങ്ങളില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കു വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ കഴിയാതിരുന്നതിനുശേഷം, പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി അവ സൂക്ഷ്മവും വാസ്തവവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ട്. എല്ലാം അറിയുന്ന സൃഷ്ടാവിന്റെ വചനങ്ങള്‍ അങ്ങിനെയല്ലാതെ വരുമോ?! ശാസ്ത്രനിരീക്ഷണങ്ങളും, അതിന്റെ നേട്ടങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നല്ലാതെ, ഇതേവരെ സൃഷ്ടിരഹസ്യങ്ങള്‍ മുഴുവനും അതു കണ്ടുപിടിച്ചു കഴിഞ്ഞിട്ടില്ലെന്നു തീര്‍ച്ചയാണല്ലോ. ലോകാവസാന കാലത്തോളം അതു അവസാനിക്കയുമില്ല. ആകയാല്‍;-

ശാസ്ത്രത്തിന്റെ കാഴ്ച എത്തിച്ചേര്‍ന്നിട്ടില്ലാത്ത, അല്ലെങ്കില്‍ അതിന്റെ ദൃഷ്ടിക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവണ്ണം, കൃത്യമായിത്തന്നെ ഏഴു ആകാശങ്ങള്‍. ഒന്നിനു മീതെ ഒന്നായിക്കൊണ്ട് – സ്ഥിതി ചെയ്യുന്നുണ്ടായിരിക്കുമെന്നുതന്നെ നമുക്ക് ഉറപ്പിക്കാം. ‘ഏറ്റവും (ഭൂമിയോട്) അടുത്ത ആകാശത്തെ നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിട്ടുള്ള’തായി ഖുര്‍ആന്‍ (67:5; 37:6) പ്രസ്താവിക്കുന്നു. ഇതില്‍നിന്നു, നക്ഷത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്ന ആകാശത്തിനപ്പുറത്തായി – അതിനും ഉപരിയിലായി – വേറെയും ആകാശങ്ങളുണ്ടെന്നു വരുന്നുവല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നുവരെയും അവയില്‍ ഒരു ആകാശത്തിന്റെ അവസാന അതിര്‍ത്തിവരെ മനുഷ്യന്റെ അറിവ് എത്തിക്കഴിഞ്ഞിട്ടില്ല എന്നതാണ് വസതുത. എന്നിരിക്കെ, അതിനപ്പുറമുള്ള അവസ്ഥയെപ്പറ്റി വിധി പറയുവാന്‍ മനുഷ്യന് എങ്ങിനെ കഴിയും?! ഏതു ശാസ്ത്രജ്ഞനും ഉപരിയായി അതിമഹാനായ ഒരു ശാസ്ത്രജ്ഞന്‍ നിലകൊള്ളുന്നുണ്ട് – അല്ലാഹു! വാസ്തവം അവന്നറിയാം. (وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ) ഈ ആയത്തിന്റെ അന്ത്യത്തില്‍തന്നെ ഇപ്പറഞ്ഞതിലേക്കുള്ള സൂചന കാണാം. ആകാശങ്ങള്‍, അവയിലുള്ള വസ്തുക്കള്‍ തുടങ്ങിയ സകല സൃഷ്ടികളുടെയും കാര്യങ്ങള്‍ ഗൗനിച്ചും, അറിഞ്ഞുംകൊണ്ടും തന്നെയാണ്, അവ സൃഷ്ടിച്ചിട്ടുള്ളത് എന്നത്രെ, وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ (സൃഷ്ടിയെക്കുറിച്ചു നാം അശ്രദ്ധരായിരുന്നില്ല) എന്ന വാക്യം കുറിക്കുന്നത്. (അമാനി തഫ്സീര്‍)

ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ طِبَاقًا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ

ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? (ഖു൪ആന്‍:67/3)

{ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍}  അതായത് ഓരോന്നും മറ്റൊന്നിന് മുകളിലായി. എല്ലാം ഒന്നല്ല. വ്യത്യസ്തങ്ങളാണ്. അങ്ങേയറ്റം ഭംഗിയിലും ഉറപ്പിലുമാണതിന്റെ സൃഷ്ടിപ്പ്. (തഫ്സീറുസ്സഅ്ദി)

സൂ: മുഅ്മിനൂനില്‍ വെച്ച് നാം ചൂണ്ടിക്കാട്ടിയതു പോലെ, നാളിതുവരെ ഒരു ആകാശത്തിന്‍റെ അതിര്‍ത്തിപോലും ക്ളിപ്തമായി നിര്‍ണ്ണയിക്കുവാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ആകാശങ്ങളുടെ എണ്ണത്തെക്കുറിച്ചോ അവയുടെ അടുക്കുകളുടെ സ്വഭാവത്തെക്കുറിച്ചോ ശാസ്ത്രം മുഖേന നമ്മുക്ക് സൂക്ഷ്മവിവരങ്ങള്‍ ലഭിക്കുവാനില്ല. ലോകസൃഷ്ടാവായ അല്ലാഹു സൃഷ്ടിച്ചു നിയന്ത്രിച്ചുപോരുന്ന അവയെക്കുറിച്ച് അവന്‍ വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ചിട്ടുള്ള ഏതൊരു കാര്യവും അപ്പടി വിശ്വസിക്കുവാന്‍ ശാസ്ത്രത്തിന്‍റെയോ മറ്റോ അനുമതി നമുക്ക് ആവശ്യവുമില്ല. ഭൗതികവീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍, ശാസ്ത്രത്തിന്‍റെ പുരോഗതി വളരെ വമ്പിച്ചതാണെന്ന വിഷയത്തില്‍ നമുക്ക് തര്‍ക്കമില്ല. പക്ഷേ, അല്ലാഹുവിന്‍റെ സൃഷ്ടി രഹസ്യങ്ങളാകുന്ന അനന്തയാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ അതിന്‍റെ സ്ഥാനം – അതെത്ര വമ്പിച്ചതായിരുന്നാലും – കേവലം നിസ്സരമാകുന്നു. وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا (നിങ്ങള്‍ക്ക് അറിവില്‍ നിന്നും അല്‍പമല്ലാതെ നൽകപ്പെട്ടിട്ടില്ല. 17:85) (അമാനി തഫ്സീര്‍)

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌ

അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:2/29)

ആകാശങ്ങള്‍ ഏഴെണ്ണമാണ് (سَبْعَ سَمَاوَاتٍ) എന്ന് ക്വുര്‍ആനില്‍ എട്ടുപത്തു സ്ഥലങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്. ആധുനിക ഗോള ശാസ്ത്രത്തിന് ഏഴ് ആകാശങ്ങളെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല എന്നതുകൊണ്ട് ക്വുര്‍ആനില്‍ സ്പഷ്ടമായ വാക്കുകളില്‍ ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഈ പ്രസ്താവനയെ – ചിലര്‍ ചെയ്യാറുള്ളതു പോലെ – അന്യഥാ വ്യാഖ്യാനിച്ചു കൂടാത്തതാകുന്നു. അവയുടെ സ്രഷ്ടാവ് അവ ഏഴെണ്ണമാണെന്നു ആവര്‍ത്തിച്ചു പറയുമ്പോള്‍, അതിനപ്പുറം കടന്നു വല്ലതും പറയുവാന്‍ ആര്‍ക്കും അവകാശവും അര്‍ഹതയുമില്ല. ശാസ്ത്രീയ നിഗമനങ്ങളാകട്ടെ, മാറിമാറിക്കൊണ്ടിരിക്കുന്നതും, നൂറു ശതമാനവും ശരിയെന്നു ഒരു കാലത്ത് വിശ്വസിക്കപ്പെട്ട ഒരു സിദ്ധാന്തം പിന്നൊരു കാലത്ത് നൂറുശതമാനം തെറ്റാണെന്നു അതേ ശാസ്ത്രജ്ഞന്മാര്‍തന്നെ വിധികല്‍പിക്കുമാറ് മാറ്റങ്ങള്‍ക്ക് വിധേയമായതുമാകുന്നു. എന്നാല്‍, ഏഴില്‍ ഓരോന്നിന്‍റെയും സ്വഭാവം, പ്രത്യേകത, അതിര്‍ത്തി മുതലായവയെക്കുറിച്ചൊന്നും നമുക്ക് വിധി പറയുക സാധ്യമല്ല. അല്ലാഹു തുറന്ന ഭാഷയില്‍ പറഞ്ഞത് അപ്പടി വിശ്വസിക്കുക, അതിനപ്പുറമുള്ളതിന്‍റെ വിവരം അവനറിയാമെന്നു വെച്ചു വിട്ടേക്കുക ഇതേ നമുക്ക് നിവൃത്തിയുള്ളൂ. (അമാനി തഫ്സീര്‍)

 ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمَۢا

അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖു൪ആന്‍:65/12)

ഏഴു ആകാശങ്ങള്‍ ഏതെല്ലാമാണ്, എങ്ങിനെയെല്ലാമാണ് എന്നൊന്നും നമുക്കറിഞ്ഞു കൂട. അല്ലാഹുവിനറിയാം. ഇന്നേവരെ ശാസ്ത്രജ്ഞന്‍മാര്‍ക്കും അതു കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രത്തിനു കണ്ടെത്തുവാന്‍ കഴിയാത്ത കണക്കറ്റ യാഥാര്‍ത്ഥ്യങ്ങള്‍ നിലവിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഒരിക്കല്‍ സ്വീകരിക്കപ്പെട്ട ശാസ്ത്രീയ സിദ്ധാന്തം മറ്റൊരിക്കല്‍ ശാസ്ത്രം തന്നെ തെറ്റാണെന്നു തെളിയിക്കലും അപൂര്‍വമല്ല. ഇന്നുവരെ ഉപരിമണ്ഡലത്തില്‍ ശാസ്ത്രദൃഷ്ടിക്കു കണ്ടുപിടിക്കുവാന്‍ സാധിച്ചിട്ടുള്ളതത്രയും ഒന്നാമത്തെ ആകാശാതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നവയാണെന്നും അതിനപ്പുറത്തുള്ള ബാക്കി ആറു ആകാശങ്ങളെക്കുറിച്ചും ശാസ്ത്രത്തിനു ഊഹിക്കുവാന്‍ പോലും കഴിയാതിരിക്കുകയാണെന്നും വരാം. ഏതായാലും, ആകാശങ്ങളടക്കമുള്ള എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു അവ എഴെണ്ണമാണ് എന്നു ആവര്‍ത്തിച്ചു പറഞ്ഞതിനെ മറ്റേതെങ്കിലും അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചൊപ്പിക്കുവാന്‍ ആര്‍ക്കും അര്‍ഹതയും അധികാരവുമില്ല തെന്നെ. (അമാനി തഫ്സീര്‍)

ചില ആയത്തുകൾ കൂടി:

فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ‎

അങ്ങനെ രണ്ടുദിവസ (ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. (ഖുര്‍ആൻ:41/12)

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا

ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:17/44)

قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ

നീ ചോദിക്കുക: ഏഴ് ആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? (ഖു൪ആന്‍:23/86)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *