അജ്മീർ, ഏർവാടി, നാഗൂർ തുടങ്ങിയ പല സ്ഥലങ്ങളിലേക്കും പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവരെയും അതിനായി പ്രോൽസാഹിപ്പിക്കുന്നവരെയും കാണാം. ഇത്തരം ആളുകളോട് ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.
ഒന്നാമതായി, പുണ്യം പ്രതീക്ഷിച്ചുള്ള സിയാറത്ത് യാത്ര പാടുള്ളത് മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അക്വ്‌സ എന്നീ പുണ്യകേന്ദ്രങ്ങളാണവ.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂൽ ﷺ യുടെ പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189)
അജ്മീർ, ഏർവാടി, നാഗൂർ തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലാകട്ടെ, ബീമാ പള്ളി, മമ്പുറം പള്ളി തുടങ്ങിയ കേരളത്തിലെ സ്ഥലങ്ങളിലാകട്ടെ, കേവലം ടൂർ എന്ന നിലക്കല്ല പ്രത്യുത പുണ്യകേന്ദ്രം എന്ന നിലക്കാണ് ആളുകൾ സന്ദർശനം നടത്തുന്നത്. ഇത്തരം സ്ഥലങ്ങളിൽ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവർക്ക് പുണ്യം ലഭിക്കുകയില്ലെന്നു മാത്രമല്ല നബി ﷺ യുടെ നിർദ്ദേശം തള്ളികളഞ്ഞതിന് ശിക്ഷയാണ് ലഭിക്കുക.
രണ്ടാമതായി, ഇത്തരം കേന്ദങ്ങളിലേക്ക് ചില ആളുകൾ പോകുന്നതുതന്നെ അവിടെ മറമാടപ്പെട്ടിരിക്കുന്ന മഹാൻമാരോട് പ്രാർത്ഥിക്കാനാണ്. പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്ന് വിശുദ്ധ ഖു൪ആനിലെ ഒട്ടനവധി ആയത്തുകളിലൂടെ സ്ഥിരപ്പെട്ട കാര്യമാണ്.
ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)
ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا
(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)
അവിടെ മറമാടപ്പെട്ടിരിക്കുന്ന മഹാൻമാരോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അതുവഴി അവരെ ആരാധിക്കുകയാണ് ചെയ്യുന്നത്. അജ്മീറിലെ ഖാജാ മുഇീനുദ്ദീന്‍ ചിശ്തി, ഏർവാടിയിലെ ഇബറാഹീം ബാദുഷാ തുടങ്ങി ആരെയാണോ വിളിച്ചു പ്രാർത്ഥിക്കുന്നത് അത് അവർക്കുള്ള ആരാധനയാണ്. വിളിച്ചു പ്രാര്‍ത്ഥിക്കുന്നവ൪ ഞങ്ങള്‍ ഖാജാ മുഇീനുദ്ദീന്‍ ചിശ്തിയേയും ഇബറാഹീം ബാദുഷയേയും ആരാധിക്കുന്നില്ലെന്ന് പറഞ്ഞാലും. അവരെ വിളിച്ചു പ്രാർത്ഥിക്കുന്നത് അവർക്കുള്ള ആരാധനയാണെന്നുള്ളതിന് തെളിവ് കാണുക:
عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ ثُمَّ قَرَأَ : وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നുഅ്മാനുബ്‌നു ബശീർؓ ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ് ആരാധന. ശേഷം നബി ﷺ ഓതി നിങ്ങളുടെ നാഥൻ അരുളിയരിക്കുന്നു: “എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. നിശ്ചയം, എനിക്ക് ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.”(ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്-സ്വഹീഹ്)
ഇത്രയും ദൂരെപ്പോയി അവരോട് പ്രാർത്ഥിച്ചാൽ അവർ ഉത്തരം നൽകുകയില്ലെന്ന് മാത്രമല്ല അവരത് കേൾക്കുക പോലുമില്ല.
ﺇِﻥ ﺗَﺪْﻋُﻮﻫُﻢْ ﻻَ ﻳَﺴْﻤَﻌُﻮا۟ ﺩُﻋَﺎٓءَﻛُﻢْ ﻭَﻟَﻮْ ﺳَﻤِﻌُﻮا۟ ﻣَﺎ ٱﺳْﺘَﺠَﺎﺑُﻮا۟ ﻟَﻜُﻢْ ۖ
നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്തവരോട്) പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. (ഖു൪ആന്‍ :35/14)
ഇനി പ്രാർത്ഥിച്ചത് കിട്ടിയെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ അത് അല്ലാഹു നൽകിയതാണ്. ഈ ലോകത്ത് അല്ലാഹു, അവനോട് ചോദിക്കുന്നവർക്കും അവനല്ലാത്തവരോട് ചോദിക്കുന്നവർക്കും കൊടുക്കും. വിളിച്ചു പ്രാർത്ഥിച്ചയാൾ വിചാരിക്കുന്നതോ അവിടുത്തെ മഹാൻ കൊടുത്തതാണെന്ന്. അവിടുത്തെ മഹാനോട് ചോദിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല അവരുടെ ഈ ശിർക്കൻ പ്രവൃത്തിക്ക് പരലോകത്ത് ശിക്ഷ ലഭിക്കുകയും ചെയ്യും.
മൂന്നാമതായി, ഇത്തരം കേന്ദങ്ങളിലേക്ക് ആളുകൾ പോകുന്നത് അവിടെ മറമാടപ്പെട്ടിരിക്കുന്ന മഹാൻമാരോട് പ്രാർത്ഥിക്കാനല്ലെന്നും ഞങ്ങൾ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കൂവെന്നും കാര്യസാധ്യത്തിന് മഹാൻമാരോട് അല്ലാഹുവിനോട് ശുപാർശ ചെയ്യണേയെന്ന സഹായതേട്ടം മാത്രമേ നടത്തുന്നുള്ളൂവെന്നുമാണ് ചിലർ പറയുന്നത്. അവരുടെ ഈ സഹായതേട്ടവും പ്രാർത്ഥന തന്നെയാണെന്നതാണ് സത്യം. കാരണം അവർ മരിച്ച് ബർസഖിലാണ്. നാമും അവരും തമ്മിലുള്ള ബന്ധം മുറിഞ്ഞു. അതുകൊണ്ടുതന്നെ അവരോടുള്ള സഹായതേട്ടവും പ്രാർത്ഥന തന്നെയാണ്. മാത്രമല്ല, ഇത് മക്കയിലെ മുശ്രിക്കുകളുടെ വാദവുമായിരുന്നു.
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(ഖു൪ആന്‍:10/18)
{هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ} أي: يعبدونهم ليقربوهم إلى الله، ويشفعوا لهم عنده، وهذا قول من تلقاء أنفسهم، وكلام ابتكروه هم
{ഇവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു}:അവരെ അല്ലാഹുവിനോട് അടുപ്പിക്കുന്നതിനും അവനോട് അവർക്കുവേണ്ടി ശുപാർശ ചെയ്യുന്നതിനുമായി അവർ അവർക്ക് ഇബാദത്തുകൾ അർപ്പിക്കുന്നു. ഇത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു വാക്കും അവർ നിർമ്മിച്ചുണ്ടാക്കിയ വാദവുമാകുന്നു. (തഫ്സീറുസ്സഅ്ദി)
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി رحمه الله രേഖപ്പെടുത്തിയിട്ടുള്ളത് കാണുക:
انهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم وزعموا أنهم متى اشتغلوا بعبادة هذه التماثيل فان أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله
ഈ വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും രൂപത്തിലാണ് അവര്‍ ഉണ്ടാക്കിവെച്ചത്. ഈ പ്രതിമകളുടെ ആരാധനയില്‍ തങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ ആ മഹാത്മാക്കള്‍ അല്ലാഹുവിന്റെ അരികെ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്‌തു. മഹാത്മാക്കളുടെ ഖബ്‌റുകളെ ആദരിക്കുന്നതില്‍ അനേകം `പടപ്പുകള്‍’ ഇക്കാലത്ത് ഏര്‍പ്പെട്ടിട്ടുളളത് ഇതിന് തുല്യമാണ്. തങ്ങള്‍ അവരുടെ ഖബ്‌റുകളെ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്നാണ് അവരുടെ വിശ്വാസം.’ (തഫ്സീറുല്‍ കബീ൪:6/227)
നാലാമതായി, മറ്റ് ചിലർ പറയുന്നതാകട്ടെ, ഞങ്ങൾ അവരോട് പ്രാർത്ഥിക്കുകയോ സഹായം ചോദിക്കുകയോ ചെയ്യുന്നില്ലെന്നും അവിടെ നിന്നുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണെന്നുമാണ്. മരണപ്പെട്ട ഔലിയാക്കളെ സമീപിക്കുന്നത് അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാകുന്നുവെന്ന ഈ വാദവും മക്കയിലെ മുശ്രിക്കുകളുടെ വാദത്തിന് സമാനമാണ്.
أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌ كَفَّارٌ
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും നുണയനും നന്ദികെട്ടവനു-മായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:39/3)
അഞ്ചാമതായി, മഹാൻമാരുടെ മഖ്ബറകളിൽ നിന്ന് ബറകത്ത് എടുക്കുന്നതിന് വേണ്ടിയാണ് സിയറത്ത് ചെയ്യുന്നതെന്നതും ഇക്കൂട്ടരുടെ വാദമാണ്. അവിടുത്തെ പട്ടും നൂലുമെല്ലാം ശരീരത്തിലും വാഹനത്തിലുമൊക്കെ കെട്ടുന്നതും ബറകത്ത് പ്രതീക്ഷിച്ച് കൊണ്ടാണ്. ഇതെല്ലാം ശി൪ക്കും കുഫ്റും ചേ൪ന്ന പ്രവ൪ത്തനങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
മഹാന്മാരുടെ ക്വബ്‌റുകള്‍ തേടി യാത്ര ചെയ്ത് ബറകത്തെടുക്കുക എന്ന ആശയം തന്നെ ഇസ്‌ലാമിക വിരുദ്ധമാണ്. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ വ്യക്തികളെ കൊണ്ടോ ആഥാറുകള്‍ (അടയാളങ്ങള്‍), സ്ഥലങ്ങള്‍ തുടങ്ങിയവകൊണ്ടോ ബറകത്തെടുക്കല്‍ അനുവദനീയമല്ല. കാരണം ആ വസ്തുവോ വ്യക്തിയോ ബറകത്ത് നല്‍കുമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാണ്. അല്ലെങ്കില്‍ അതിനെ സന്ദര്‍ശിക്കലും തൊട്ടുതലോടലും അല്ലാഹുവില്‍നിന്ന് ബറകത്ത് കിട്ടാനുള്ള കാരണമാണെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കിലേക്കുള്ള മാര്‍ഗമാണ്.
എന്നാല്‍ നബി ﷺ യുടെ മുടി, ഉമിനീര്‍ തുടങ്ങിയ വസ്തുക്കള്‍കൊണ്ട് ബറക്കത്തെടുത്തിരുന്നത് നബി ﷺ യിലും അവിടുത്തെ ജീവിതകാലത്തും മാത്രം ചുരുക്കപ്പെട്ടതാണ്. കാരണം നബി ﷺ യുടെ മരണശേഷം അവിടത്തെ റൂമിനെയോ ഖബ്റിനെയോ തൊട്ടുതലോടിക്കൊണ്ട് സ്വഹാബത്ത് ബറകത്തെടുത്തിരുന്നില്ല. നബി ﷺ നമസ്കരിക്കുകയോ ഇരിക്കുകയോ ചെയ്തിരുന്ന സ്ഥലങ്ങള്‍ ലക്ഷ്യംവെച്ചുകൊണ്ട് ബറകത്തുദ്ദേശിച്ച് പോവുകയും ചെയ്തിരുന്നില്ല. അതുപോലെ സ്വാലിഹുകളും ഔലിയാക്കളുമായിരുന്ന അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه തുടങ്ങിയ ഉത്തമ സ്വഹാബികളെക്കൊണ്ടും അവര്‍ ജീവിച്ചിരിക്കെയോ അവരുടെ മരണശേഷമോ ബറകത്തെടുക്കാന്‍ സ്വഹാബത്ത് ഉപയോഗപ്പെടുത്തിയിരുന്നില്ല. പ്രാര്‍ത്ഥിക്കാനോ നമസ്കരിക്കാനോ ഹിറാഗുഹയിലേക്ക് അവര്‍ പോയിരുന്നില്ല. അല്ലാഹു മൂസാനബി عليه السلام യോട് സംസാരിച്ച ത്വൂര്‍ പര്‍വതത്തിലേക്കും അവര്‍ പോയിട്ടില്ല. ഏതെങ്കിലും നബിമാരുമായി ബന്ധപ്പെട്ടതോ അവരുടെ അടയാളങ്ങളുമായി ബന്ധപ്പെട്ടതോ ആയ ഒരു മലയിലേക്കും മറ്റൊരു സ്ഥലത്തേക്കും അവരാരും പോയിട്ടില്ല.
قال الشيخ ولي الله في حجة الله البالغة : قوله – صلى الله عليه وسلم – لا تشد الرحال إلا إلى ثلاثة مساجد : المسجد الحرام والمسجد الأقصى ومسجدي هذا أقول : كان أهل الجاهلية يقصدون مواضع معظمة بزعمهم يزورونها ويتبركون بها ، وفيه من التحريف والفساد ما لا يخفى ، فسد النبي – صلى الله عليه وسلم – الفساد لئلا يلتحق غير الشعائر بالشعائر ولئلا يصير ذريعة لعبادة غير الله . والحق عندي أن القبر ومحل عبادة ولي من أولياء الله والطور كل ذلك سواء في النهي .
“മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്“ എന്ന ഹദീസ് വിശദീകരിച്ചുകൊണ്ട്ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി رحمه الله പറയുന്നു: ജാഹിലിയാക്കൾ അവരുടെ ഭാവന അനുസരിച്ചുള്ള പുണ്യസ്ഥലങ്ങൾ ലക്ഷ്യം വയ്ക്കുകയും അവിടെ സിയാറത്ത് നടത്തുകയും ബറകത്ത് എടുക്കുകയും ചെയ്യുമായിരുന്നു അതിൽ തിരിമറിയും നാശവും ഉണ്ടെന്ന് വ്യക്തമാണ്. (അല്ലാഹുവിന്റെ) ചിഹ്നങ്ങളോട് (മറ്റ്) ചിഹ്നങ്ങൾ ചേരാതിരിക്കാൻ വേണ്ടിയും അല്ലാഹു അല്ലാത്തവർക്കുള്ള ആരാധനക്കത് വഴിവെക്കാതിരിക്കാൻ വേണ്ടിയും ആ ഫസാദുതന്നെ നബി ﷺ അടച്ചു കളഞ്ഞു. ഖബ്ർ, വലിയ്യ് ഇബാദത്ത് ചെയ്തിരുന്ന സ്ഥലം, ത്വൂർ പർവ്വതം എല്ലാം ഈ നിരോധനത്തിൽ പെടുമെന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം പരമാർത്ഥമായി അഭിപ്രായം. (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ:1/192)
ആറാമതായി, ഖബ്ര്‍ സിയാറത്ത് മതത്തില്‍ സുന്നത്താക്കിയെന്നതാണ് ഇത്തരം തീർത്ഥയാത്രകൾക്ക് കാരണമായി പറയുന്നതെങ്കിൽ അതിനായി അജ്മീറിലും, ഏർവാടിയിലും, നാഗൂറിലുമൊന്നും പോകേണ്ടതില്ല. ഖബ്൪ സിയാറത്തിന് നമ്മുടെ നാട്ടിലുള്ള പള്ളികളിലെ നമ്മുടെ ബന്ധുക്കളേയും മറ്റുള്ളവരേയും അടക്കം ചെയ്തിട്ടുള്ള പൊതു ഖബ൪സ്ഥാനാണ് നല്ലത്. കാരണം ഇന്നലെ വരെ നമ്മോടൊപ്പം ഉണ്ടായിരുന്നവ൪ ഇന്ന് ഖബ്റിലാണ്, നാമും എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് എത്താവുന്നതാണ് എന്ന് ഓ൪മ്മ വരുമ്പോള്‍ മരണചിന്ത ഉണ്ടാകുന്നു. അതുപോലെ അവിടെ അടക്കം ചെയ്തിട്ടുള്ള സാധാരണക്കാ൪ക്ക് നമ്മുടെ ദുആ കൊണ്ട് പ്രയോജനവും കിട്ടുകയും ചെയ്യും.
ഇസ്ലാമില്‍ ഖബ്ർ സിയാറത്ത് സുന്നത്താക്കപ്പെട്ടത് രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഒന്നാമത്തേത്, ഖബ്ർ സിയാറത്തുകൊണ്ട് മരണചിന്തയും പരലോക ചിന്തയും ഉണ്ടാക്കും.
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا فَإِنَّهَا تُذَكِّرُكُمُ الموت
അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റുകള്‍ സന്ദ൪ശിക്കുന്നത് നിങ്ങളോട് ഞാൻ നിരോധിച്ചിരുന്നു. ഇപ്പോൾ അത് നിങ്ങൾ സന്ദർശിച്ചു കൊള്ളുക. അത് നിങ്ങളെ മരണത്തെകുറിച്ച് ഓർമ്മിപ്പിക്കും. (സ്വഹീഹുല്‍ ജാമിഅ്:6790)
عَنْ بُرَيْدَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَدْ كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَقَدْ أُذِنَ لِمُحَمَّدٍ فِي زِيَارَةِ قَبْرِ أُمِّهِ فَزُورُوهَا فَإِنَّهَا تُذَكِّرُ الآخِرَةَ
ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റുകള്‍ സന്ദ൪ശിക്കുന്നത് നിങ്ങളോട് ഞാൻ നിരോധിച്ചിരുന്നു. മുഹമ്മദിന് തന്റെ ഉമ്മയുടെ ഖബ്ര്‍ സന്ദ൪ശിക്കുവാന്‍ അനവാദം ലഭിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങൾ അത്(ഖബ്റുകള്‍) സന്ദർശിച്ചു കൊള്ളുക. അത് നിങ്ങളെ പരലോകത്തെ ഓർമ്മിപ്പിക്കും. (തി൪മിദി:1054)
ഇസ്ലാമില്‍ ഖബ്ർ സിയാറത്ത് സുന്നത്താക്കപ്പെട്ടതിന്റെ രണ്ടാമത്തെ കാരണം, ഖബ്റിലുള്ള സത്യവിശ്വാസികള്‍ക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നതിന് വേണ്ടിയാണ്.
عَنْ بُرَيْدَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ فَكَانَ قَائِلُهُمْ يَقُولُ – فِي رِوَايَةِ أَبِي بَكْرٍ – السَّلاَمُ عَلَى أَهْلِ الدِّيَارِ – وَفِي رِوَايَةِ زُهَيْرٍ – السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ.
ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഖബര്‍ സ്ഥാനിലേക്ക് പുറപ്പെട്ടാല്‍ അവിടെയെത്തി നിന്ന് ഇപ്രകാരം അവ൪ക്ക് വേണ്ടി പ്രാ൪ത്ഥിക്കാവാന്‍ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്: ഈ (ഖബര്‍) പാര്‍പ്പിടത്തിലെ മുഅ്മിനുകളെ, മുസ്‌ലിംകളെ നിങ്ങള്‍ക്ക് സലാം (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.(മുസ്ലിം:975)
അജ്മീറിലും, ഏർവാടിയിലും, നാഗൂറിലുമൊന്നും പോകുന്നവർക്ക് മരണചിന്തയോ പരലോക ചിന്തയോ അല്ല ഉണ്ടാകുന്നത്, ദുൻയാവിനെ കുറിച്ചുള്ള ചിന്തയാണ് ഉണ്ടാകുന്നത്. ദുൻയാവിലെ ആവശ്യങ്ങൾക്കാണല്ലോ ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അല്ലാതെ സ്വർഗം ചോദിക്കാനോ നരകത്തിൽ നിന്നും അകറ്റപ്പെടുന്നതിനോ അല്ലല്ലോ. മാത്രമല്ല അവിടെ ഖബ്റാളിക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നതിന് പകരം ഖബ്റിലുള്ളയാളോട് പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഖബ്ര്‍ സിയാറത്ത് മതത്തില്‍ സുന്നത്താക്കിയെന്നത് ഇത്തരം തീർത്ഥയാത്രക്കാരുടെ ന്യായം മാത്രമാണ്.
قال العلامة ابن عثيمين رحمه الله : فمن السفه أن تأتي إلى قبر إنسان صار رميمًا تدعوه وتعبده وهو بحاجة إلى دعائك
ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: നുരുമ്പിപ്പോയ ഒരാളുടെ ഖബ്റിന്നരികിൽ നീ പോവുകയും അദ്ദേഹത്തോട് പ്രാർത്ഥിക്കുകയും ആരാധനകളർപ്പിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തമാണ്.ആ ഖബ്റാളിയാണ് നിൻ്റെ പ്രാർഥനക്ക് ആവശ്യക്കാരൻ! [അൽ-ഖൗലുൽ മുഫീദ്: 15/1]
സ്ത്രീകള്‍ക്ക് നബി ﷺ ക്വബ്ര്‍ സന്ദര്‍ശനം കറാഹത്താക്കിയിട്ടുണ്ട്. അധികം സന്ദര്‍ശിക്കുന്ന സ്ത്രീകളെ ശപിച്ചിട്ടുമുണ്ട്. എന്നിട്ടും പുരോഹിതന്മാര്‍ സ്ത്രീകളെയും ഇത്തരം യാത്രകളിലൂടെ ഈ രംഗത്തേക്ക് പിടിച്ചുവലിക്കുകയാണ്.
ഏഴാമതായി, ഇത്തരം കേന്ദ്രങ്ങളിലെ ആചാരങ്ങൾ പരിശോധിച്ചാൽ അതിലൊക്കെ ശിര്‍ക്കും ബിദ്അത്തും അനാചാരങ്ങളുമാണെന്ന് കാണാൻ കഴിയും. അതിനൊന്നും ഇസ്ലാമിക പ്രമാണങ്ങളിൽ യാതൊരു തെളിവും ഇല്ലാത്തതാണ്.
സത്യം ഇതായിരിക്കെ, ആളുകൾക്ക് അത് പറഞ്ഞു കൊടുത്താൽ പലരും ഇത് അംഗീകരിക്കുകയില്ല. അതിനുള്ള കാരണങ്ങൾ പലതാണ്.മതപരമായ വിഷയങ്ങളിലെ അറിവില്ലായ്മയാണ് അതിനുള്ള പ്രധാന കാരണം. അത് പഠിക്കാൻനാകട്ടെ അവർക്ക് താല്പര്യവുമില്ല. പരലോക ജീവിതത്തിനപ്പുറം ഇഹലോക ജീവിതത്തിനായിരിക്കും അവർ പ്രാധാന്യം നൽകുക. അതുകൊണ്ടുതന്നെ ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നവരുടെ ലക്ഷ്യംതന്നെ ഐഹികമായതായിരിക്കും. ഇത്തരം കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുന്ന പുരോഹിതന്മാരുടെ കാര്യമെടുത്താലോ അവരിതിനെയൊക്കെ ഒരു വരുമാനമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഉണർത്തലുകൾ ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.
kanzululoom.com