ഇരുന്നുള്ള നമസ്കാരം : ചില പാഠങ്ങൾ

നിർബന്ധ നമസ്കാരങ്ങൾ ഇരുന്നു നിർവഹിക്കൽ

നിർബന്ധ നമസ്കാരത്തിൽ യാതൊരു കാരണവുമില്ലാതെ ഇരുന്ന് നമസ്കരിക്കൽ പാടുള്ളതല്ല

നിൽക്കാൻ കഴിവുള്ളവർ നിർബന്ധ നമസ്കാരം നിന്ന് നിർവഹിക്കണമെന്ന് കർമ്മ ശാസ്ത്ര പണ്ഡിതന്മാർ ഏകോപിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിൽക്കാൻ കഴിവുള്ളവർക്ക് എന്തെങ്കിലും താങ്ങോ കസേരയോ നിൽക്കുന്നതിന് പകരമായി ഉപയോഗിക്കാൻ പാടുള്ളതല്ല.

حَٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَٰنِتِينَ

പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. (ഖുര്‍ആന്‍:2/238)

عَنْ جَابِرٍ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم أَىُّ الصَّلاَةِ أَفْضَلُ قَالَ ‏ “‏ طُولُ الْقُنُوتِ ‏”‏ ‏.‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പെട്ടു: ‘ഏത് നമസ്കാരമാണ് ഏറ്റവും ശ്രേഷ്ഠകരമായത്?’ നബി ﷺ പറഞ്ഞു :’ദീർഘമായി നിന്ന് നമസ്കരിക്കൽ. (മുസ്ലിം:756)

ഖുനൂത്ത് എന്നതിന് ഖിയാം (നിറുത്തം) എന്നാണ് അർത്ഥം കൽപ്പിക്കപ്പെട്ടത്.

عَنْ عِمْرَانَ بْنِ حُصَيْنٍ ـ رضى الله عنه ـ قَالَ كَانَتْ بِي بَوَاسِيرُ فَسَأَلْتُ النَّبِيَّ صلى الله عليه وسلم عَنِ الصَّلاَةِ فَقَالَ ‏ “‏ صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ ‏”‏‏.‏

ഇംറാൻ ബ്നു ഹുസ്വയ്ൻ رَضِيَ اللَّهُ عَنْهُ പറയുന്നു:എനിക്ക് പൈൽസ് (രോഗം) ഉണ്ടായിരുന്നു. അതിനാൽ ഞാൻ നബി ﷺ യോട്  നമസ്കാരത്തെ കുറിച്ച് ചോദിച്ചു. നബി ﷺ പറഞ്ഞു :(നീ) നിന്ന് നമസ്കരിക്കുക. അതിനു നിനക്ക് സാധിച്ചില്ലെങ്കിൽ ഇരുന്നു നമസ്കരിക്കുക. അതിനും നിനക്ക് കഴിയില്ലെങ്കിൽ കിടന്നു നമസ്കരിക്കുക. (ബുഖാരി:1117)

കഴിവുള്ളവൻ നിർബന്ധ നമസ്കാരങ്ങൾ നിന്ന് നമസ്കരിക്കൽ നിർബന്ധമാണെന്ന് ഇതിൽ നിന്ന് വ്യക്തം. നിർബന്ധ നമസ്കാരം കഴിവുള്ളവൻ നിന്ന് നമസ്കരിക്കണമെന്നത് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാണ്. നിൽക്കാൻ കഴിവുള്ളവൻ നിർബന്ധ നമസ്കാരം ഇരുന്നു നമസ്കരിച്ചാൽ കുറ്റക്കാരനാകും. നിന്നുകൊണ്ട് അയാൾ വീണ്ടും നമസ്കരിക്കണം.

എന്തെങ്കിലും കാരണങ്ങൾ ഉള്ളതുകൊണ്ട് നിർബന്ധ നമസ്കാരം ഇരുന്ന് നിർവഹിക്കാവുന്നതാണ്

നിൽക്കാൻ കഴിവില്ലാത്തവന് നിർബന്ധ നമസ്കാരം ഇരുന്നു നമസ്കരിക്കാം എന്നത് കർമ്മ ശാസ്ത്ര പണ്ഡിതന്മാർ ഏകോപിച്ചിട്ടുള്ള കാര്യമാണ്. പൂർണ്ണമായും ഇരുന്നു നമസ്കരിക്കൽ ആയാലും, കഴിവിനനുസരിച്ച് നിന്നും ഇരുന്നും നമസ്കരിക്കൽ ആയാലും രണ്ടും അനുവദനീയമാണ്.

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. (ഖുര്‍ആന്‍:64/16)

لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (ഖുര്‍ആന്‍:2/286)

عَنْ عِمْرَانَ بْنِ حُصَيْنٍ ـ رضى الله عنه ـ قَالَ كَانَتْ بِي بَوَاسِيرُ فَسَأَلْتُ النَّبِيَّ صلى الله عليه وسلم عَنِ الصَّلاَةِ فَقَالَ ‏ “‏ صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ ‏”‏‏.‏

ഇംറാൻ ബ്നു ഹുസ്വയ്ൻ رَضِيَ اللَّهُ عَنْهُ പറയുന്നു:എനിക്ക് പൈൽസ് (രോഗം) ഉണ്ടായിരുന്നു. അതിനാൽ ഞാൻ നബി ﷺ യോട്  നമസ്കാരത്തെ കുറിച്ച് ചോദിച്ചു. നബി ﷺ പറഞ്ഞു : (നീ) നിന്ന് നമസ്കരിക്കുക. അതിനു നിനക്ക് സാധിച്ചില്ലെങ്കിൽ ഇരുന്നു നമസ്കരിക്കുക. അതിനും നിനക്ക് കഴിയില്ലെങ്കിൽ കിടന്നു നമസ്കരിക്കുക. (ബുഖാരി:1117)

ابن قدامة رحمه الله : قال : أجمع أهل العلم على أن من لا يطيق القيام له أن يصلي جالسا

ഇബ്നു ഖുദാമ  رحمه الله പറഞ്ഞു: നിന്ന് നമസ്കരിക്കാൻ കഴിവില്ലാത്തവന് ഇരുന്ന് നമസ്കരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. (അൽമുഗ്നി)

قال النووي رحمه الله :  أجمعت الأمة على أن من عجز عن القيام في الفريضة صلاها قاعدا ولا إعادة عليه

ഇമാം നവവി  رحمه الله പറഞ്ഞു: നിർബന്ധം നമസ്കാരം നിന്ന് നമസ്കരിക്കാൻ കഴിവില്ലാത്തവൻ ഇരുന്നു നമസ്കരിക്കാം. അത് മടക്കി നമസ്കരിക്കേണ്ടതില്ല എന്നതിൽ ഈ ഉമ്മത്ത് ഏകോപിച്ചിട്ടുണ്ട്. (ശറഹുൽ മുബദ്ദബ്)

സുന്നത്ത് നമസ്കാരങ്ങൾ ഇരുന്നു നിർവഹിക്കൽ

നിൽക്കാൻ കഴിവുള്ളവൻ നിന്ന് നമസ്കരിക്കൽ

അവന് പൂർണമായ പ്രതിഫലം ലഭിക്കും. കാരണം കൂടാതെ ഇരുന്നു നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠത കരസ്ഥമാക്കാനും സാധിക്കും.

عَنْ عِمْرَانَ، قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم عَنْ صَلاَةِ الرَّجُلِ وَهْوَ قَاعِدٌ فَقَالَ ‏ “‏ مَنْ صَلَّى قَائِمًا فَهْوَ أَفْضَلُ، وَمَنْ صَلَّى قَاعِدًا فَلَهُ نِصْفُ أَجْرِ الْقَائِمِ، وَمَنْ صَلَّى نَائِمًا فَلَهُ نِصْفُ أَجْرِ الْقَاعِدِ ‏”‏‏.

ഇംറാൻ ബ്നു ഹുസ്വയ്ൻ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ നബി ﷺ യോട് ഇരുന്നു നമസ്കരിക്കുന്നതിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: ആരെങ്കിലും നിന്നു നമസ്കരിച്ചാൽ അവന് അതാണ് ഏറ്റവും ശ്രേഷ്ഠം. ആരെങ്കിലും ഇരുന്നു നമസ്കരിച്ചാൽ അവന് നിന്ന് നമസ്കരിച്ചതിന്റെ പകുതി പ്രതിഫലം ലഭിക്കും. ആരെങ്കിലും കിടന്നു നമസ്കരിച്ചാൽ അവന് ഇരുന്ന് നമസ്കരിച്ചതിന്റെ പകുതി പ്രതിഫലം ലഭിക്കും. (ബുഖാരി: 1116)

ഈ ഹദീസ് സുന്നത്ത് നമസ്കാരത്തിന് മാത്രമുള്ളതാണ് എന്നാണ് പണ്ഡിത പക്ഷം.

قال النووي رحمه الله : قال العلماء: هذا في صلاة النافلة، وأما الفرض فلا يجوز القعود فيه مع القدرة على القيام بالإجماع ، فإن عجز لم ينقص ثوابه

ഇമാം നവവി رحمه الله പറഞ്ഞു: പണ്ഡിതന്മാർ പറഞ്ഞു: ഇത് സുന്നത്ത് നമസ്കാരത്തിലാണ്. നിർബന്ധ നമസ്കാരങ്ങളിൽ കഴിവുള്ളവൻ ഇരുന്നു നമസ്കരിക്കൽ അനുവദനീയമല്ല എന്നതിൽ ഇജ്മാഅ് ഉണ്ട്. എന്നാൽ തീരെ നിൽക്കാൻ കഴിവില്ലാത്തവന് പ്രതിഫലം കുറയുകയുമില്ല.

എന്തെങ്കിലും കാരണങ്ങൾ ഉള്ളതുകൊണ്ട് സുന്നത്ത് നമസ്കാരം ഇരുന്ന് നിർവഹിക്കാവുന്നതാണ്

നിൽക്കാൻ കഴിവില്ലാത്തവൻ സുന്നത്ത് നമസ്കാരത്തിലും ഇരുന്ന് നമസ്കരിച്ചാൽ പൂർണ്ണ പ്രതിഫലം ലഭിക്കും

ഭയം, രോഗം അതല്ലാത്ത മറ്റു കാരണങ്ങൾ മുഖേനെ നിൽക്കാൻ കഴിവില്ലാത്തവൻ സുന്നത്ത് നിസ്കാരം ഇരുന്നു നമസ്കരിക്കാം. അങ്ങനെ ചെയ്താലും അവന് പൂർണമായി ലഭിക്കും.

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. (ഖുര്‍ആന്‍:64/16)

لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (ഖുര്‍ആന്‍:2/286)

وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ

മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. (ഖുര്‍ആന്‍:22/78)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا مَرِضَ الْعَبْدُ أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا

നബി ﷺ പറഞ്ഞു: ഒരു ദാസൻ രോഗിയാവുകയോ യാത്രയിലാവുകയോ ആണെങ്കിൽപോലും ആരോഗ്യവാനായിരിക്കുമ്പോഴും യാത്രയിലല്ലാതിരിക്കുമ്പോഴും ചെയ്യാറുള്ള സൽകർമ്മങ്ങൾക്ക്‌ സമാനമായ പ്രതിഫലം അദ്ദേഹത്തിന്‌ ലഭിക്കുന്നതാണ്‌. (ബുഖാരി‌‌ 2996)

ഇരിക്കുന്നതിന്റെ രൂപം

നിൽക്കാൻ കഴിയാത്തവൻ നമസ്കാരത്തിൽ ഇരിക്കുന്നത് ശറഇൽ വന്ന രീതി ചമ്രം പടിഞ്ഞിരിക്കൽ അല്ലെങ്കിൽ ഇഫ്തിറാശിന്റെ ഇരുത്തം അല്ലെങ്കിൽ തവർറുക്കിന്റെ ഇരുത്തം ആണ്.

നിൽക്കാൻ കഴിവില്ലാത്തവന് ഏറ്റവും അഭികാമ്യമായത് ചമ്രം പടിഞ്ഞിരിക്കലാണ് അതിന് കഴിയാത്തവൻ കഴിയുന്ന രീതിയിൽ ഇരിക്കുക. ചമ്രം പടിഞ്ഞിരിക്കുന്നതിന് تربع എന്ന് പറയും.

ചമ്രം പടിഞ്ഞിരിക്കുക എന്നത് നിൽക്കുന്നതിന് പകരം ഉള്ളതാണ്. രണ്ട് സുജൂദുകളുടെ ഇടയിലുള്ള ഇരുത്തവും തശഹുദിലെ ഇരുത്തവും ഇഫ്തിറാശിന്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. നിൽക്കുന്നതിനു പകരമുള്ള ഇരുത്തവും സ്ഥായിയായുള്ള ഇരുത്തവും വേർതിരിക്കാൻ നല്ലത് നിന്നുകൊണ്ട് നിർവഹിക്കേണ്ട കർമ്മങ്ങൾക്ക് ഇരിക്കുമ്പോൾ ചമ്രം പടിഞ്ഞിരിക്കലും അല്ലാത്തപ്പോൾ ഇഫ്തിറാശിന്റെ ഇരുത്തവുമാണ് നല്ലത്.

ചമ്രം പടിഞ്ഞിരിക്കുന്നത് നിൽക്കുന്നതിന് പകരമായുള്ളതിനാൽ നമസ്കാരത്തിലെ മറ്റുള്ള ഇരുത്തത്തിൽ നിന്നും സാദൃശ്യം ഇല്ലാതിരിക്കാനും മറവി സംഭവിക്കാതിരിക്കാനും അത് നല്ലതാണ്.

ഇഫ്തിറാഷിന്റെ ഇരുത്തത്തെക്കാൾ ചമ്രം പടിഞ്ഞിരിക്കുന്നതിൽ കൂടുതൽ സമാധാനവും സാവകാശവും ലഭിക്കും. കാരണം നിറുത്തത്തിലാണ് ഖുർആൻ പാരായണം ഉള്ളത്, കൂടുതൽ ദൈർഘ്യവും. അത് സൗകര്യമുള്ള ഇരുത്തത്തിൽ ചെയ്യലാണ് ചമ്രം പടിഞ്ഞിരിക്കുന്നതിലൂടെ ലഭിക്കുന്നത്.

ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹുൽ ഉസൈമീൻ رحمه الله പറഞ്ഞു:

وهل التربع واجب ؟ لا ، التربع سنة ، فلو صلى مفترشا ، فلا بأس ، ولو صلى محتبيا فلا بأس ؛ لعموم قول النبي صلى الله عليه وسلم : ( فإن لم تستطع فقاعدا ) ولم يبين كيفية قعوده .

ചമ്രം പടിഞ്ഞിരിക്കൽ നിർബന്ധമാണോ? അല്ല, ചമ്രം പടിഞ്ഞിരിക്കൽ സുന്നത്താണ്. ഇഫ്തിറാഷിന്റെ ഇരുത്തത്തിൽ നമസ്കരിച്ചാലോ മുട്ടുകെട്ടിയിരുന്ന് നമസ്കരിച്ചാലോ കുഴപ്പമില്ല. {നിനക്ക് സാധിച്ചില്ലെങ്കിൽ ഇരുന്നു നമസ്കരിക്കുക} എന്ന ഹദീസിന്റെ പൊതുവായ അര്‍ത്ഥത്തിന്റെ അടിസ്ഥാനത്തിലാണിത്. എങ്ങനെ ഇരിക്കണമെന്ന് നബി ﷺ വിവരിച്ചിട്ടില്ല. (الشرح الممتع)

നിൽക്കാൻ കഴിവില്ലാത്തവന് ചമ്രം പടിഞ്ഞിരിക്കലോ അതല്ലാത്തതോ തെരഞ്ഞെടുക്കാവുന്നതാണ്. ഇമാം അബൂഹനീഫ അതിന് തെളിവായി പറഞ്ഞത് രോഗമെന്ന കാരണമുണ്ടാകുമ്പോൾ അര്‍കാനുകൾ അവനിൽ നിന്നൊഴിയും എന്നാണ്. നിൽക്കാൻ കഴിവില്ലാത്തവൻ എല്ലാ അവസ്ഥയിലും ഇഫ്തിറാഷിന്റെ ഇരുത്തം ഇരിക്കണമെന്നാണ് ശാഫിഈ മദ്ഹബ്. തശഹുദിൽ ഇരിക്കുന്നതുപോലെ ഇരിക്കണമെന്നാണ് പിൽക്കാലക്കാരായ മാലികി പണ്ഢിതൻമാരുടെ അഭിപ്രായം. തെളിവുകളിൽ ഏറ്റവും പ്രബലമായത് ചമ്രം പടിഞ്ഞിരിക്കലാണ്.

കസേരയിൽ ഇരുന്നു നമസ്കരിക്കൽ

കസേരയിൽ ഇരുന്നു നമസ്കരിക്കുന്നവന് മൂന്ന് അവസ്ഥകൾ ഉണ്ടായേക്കാം

(1) തക്ബീറത്തുൽ ഇഹ്റാം നിന്നുകൊണ്ട് നിർവഹിക്കാൻ കഴിവുള്ളവൻ

ഈ അവസ്ഥയിൽ നിന്നുകൊണ്ട് തക്ബീറത്തുൽ ഇഹ്റാം നിർവഹിക്കൽ നിർബന്ധമാണെന്ന് കാര്യത്തിൽ കർമശാസ്ത്ര പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. നിൽക്കുക എന്ന റുക്ന് പൂർത്തിയാക്കാൻ കഴിയാത്തവന് തക്ബീറിന് ശേഷം ഇരിക്കാവുന്നതാണ്. എന്നാൽ നിന്ന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലാൻ കഴിവുണ്ടായിരിക്കെ ഇരുന്ന് തക്ബീർ ചൊല്ലാൻ പാടുള്ളതല്ല

إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ

നീ നമസ്കാരത്തിനായി നിന്നാല്‍ തക്ബീ൪ ചൊല്ലുക (ബുഖാരി:1162)

തക്ബീറിനു മുമ്പ് നിൽക്കണമെന്നതിന് ഹദീസിൽ തെളിവുണ്ട്. നമസ്കാരം ശരിയാക്കാനുള്ള നിബന്ധനയിൽ പെട്ടതാണ് തക്ബീർ ചൊല്ലൽ നിന്നുകൊണ്ടാകണം എന്നത് . നിന്നുകൊണ്ട് തക്ബീർ ചൊല്ലാൻ കഴിയാതിരുന്നാൽ അതിനു ശേഷം ഇരിക്കാവുന്നതാണ്

(2) പൂർണ്ണമായും നിൽക്കാൻ കഴിയാത്ത അവസ്ഥ

ഈ അവസ്ഥയിൽ ഇരുന്നുകൊണ്ട് തക്ബീറത്തുൽ ഇഹ്റാം നിർവഹിക്കൽ അനുവദനീയമാണ്

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. (ഖുര്‍ആന്‍:64/16)

(3) ഇരുന്നു നമസ്കരിക്കുന്നവൻ നിൽക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ നിൽക്കുകയും ആ സമയം കസേര പിന്നിൽ വയ്ക്കുകയും ചെയ്യുക. ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കസേരയിൽ ഇരിക്കുകയും ആവാം ഫിഖ്ഹിന്റെ അംഗീകൃത തത്വമാണത്.

الضرورة تقدر بقدرها

നിർബന്ധിതവസ്ഥ പരിഗണിക്കുന്നത് അതിൻറെ തോതനുസരിച്ചാണ്

നിൽക്കാൻ കഴിവുള്ളവന് ഏത് കർമ്മമാണോ നിന്ന് നിർവഹിക്കാൻ കഴിയുന്നത് അത് നിന്നു തന്നെ നിർവഹിക്കണം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം

ഇരുന്നു നമസ്കരിക്കുന്നവൻ പാലിക്കേണ്ട കാര്യങ്ങൾ

നമസ്കാരത്തിന് റുക്നുകളിലും വാജിബാത്തുകളിലും, അത് വാക്കുകളാകട്ടെ പ്രവർത്തിയാകട്ടെ കഴിയുന്നവൻ കഴിവിന്റെ പരമാവധി ചെയ്യണം. അതിന് കഴിവില്ലാത്തവൻ അതിനുപകരമായി എന്തെങ്കിലും പറഞ്ഞതുണ്ടെങ്കിൽ അത് ചെയ്യുക. കഴിവുണ്ടായിട്ടും ഒരു പ്രവർത്തി ഒഴിവാക്കാവതല്ല.

قال ابن قدامة رحمه الله المقدسي : ومن قدر على القيام وعجز عن الركوع أو السجود : لم يسقط عنه القيام ، ويصلي قائماً فيومئ بالركوع ، ثم يجلس فيومئ بالسجود ، وبهذا قال الشافعي لقول الله تعالى : {وَقُومُوا لِلَّهِ قَانِتِينَ} ، وقول النبي صلى الله عليه وسلم : {صل قائماً} ؛ ولأن القيام ركن لمن قدر عليه ، فلزمه الإتيان به كالقراءة ، والعجز عن غيره لا يقتضي سقوطه كما لو عجز عن القراءة .

ഇബ്നു ഖുദാമ  رحمه الله പറഞ്ഞു: ഒരാൾക്ക് നിൽക്കാൻ കഴിവുണ്ട്, റുകൂഓ സുജൂദോ ചെയ്യാൻ കഴിയില്ല. എങ്കിൽ അവനിൽ നിന്ന് നിറുത്തം ഒഴിവാകുകയില്ല, അവൻ നിന്നുകൊണ്ട് നമസ്കരിക്കുകയും ആംഗ്യം കാണിച്ച് റുകൂഅ് ചെയ്യുകയും ആംഗ്യം കാണിച്ച് സുജൂദ് ചെയ്യുകയും ചെയ്യുക. ഇതാണ് ഇമാം ശാഫിഈ رحمه الله {ഭക്തിയുള്ളവരായ നിലയിൽ അല്ലാഹുവിനു വേണ്ടി നിൽക്കുകയും ചെയ്യുക} എന്ന ആയത്ത് ഉദ്ധരിച്ചു പറഞ്ഞത്. നബി ﷺ പറഞ്ഞു: {നിന്ന് നമസ്കരിക്കുക} കഴിവുള്ളവൻ നിൽക്കുക എന്നത് നമസ്കാരത്തിൻറെ റുക്നാണ്, ഖിറാഅത്ത് പോലെ. മറ്റുള്ളവ ചെയ്യുന്നതിനുള്ള അശക്തത നിൽക്കുന്നതിനെ ഒഴിവാക്കുന്നില്ല, ഖിറാഅത്ത് അശക്തതയുള്ളത് പോലെ. (അൽമുഗ്നി)

ഒരുവന് നിൽക്കാൻ കഴിവുള്ളവനാണെങ്കിൽ അത് പ്രവർത്തിക്കൽ നിർബന്ധമാണ്. അവൻ നമസ്കാരത്തിന്റെ തുടക്കത്തിൽ തന്നെ ഇരുന്നു നമസ്കരിക്കൽ അനുവദനീയമല്ല. ഇരിക്കുന്നവന് റുകൂഅ്, സുജൂദ് എന്നിവ നിർവഹിക്കാൻ കഴിവുള്ളവനാണെങ്കിൽ അത് പ്രവർത്തിക്കൽ നിർബന്ധമാണ്. നിൽക്കാനോ റുകൂഓ സുജൂദോ ചെയ്യാനോ കഴിവുണ്ടായിരിക്കെ ആ അവസ്ഥയിൽ ഇരിക്കൽ അനുവദനീയമല്ല. കഴിവുള്ളവനായിരിക്കെ മേൽപ്പറഞ്ഞതിൽ ഏതെങ്കിലും ഒന്നിൽ ഇരുന്നാൽ അവന്റെ നമസ്കാരം നിഷ്ഫലമായി. പക്ഷേ അധിക ആളുകളും ഇത് ശ്രദ്ധിക്കാതെ നിൽക്കാൻ കഴിവുള്ളവനും തുടക്കത്തിൽ തന്നെ ഇരുന്നു നമസ്കരിക്കാറുണ്ട്. അത് തീർത്തും തെറ്റാണ്. നബി ﷺ പറഞ്ഞു:

وإذا أمرتكم بأمر ، فأتوا منه ما استطعتم

 നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ അതിനെ കൊണ്ടുവരിക.

ഒരുവൻ നിൽക്കാൻ കഴിവില്ലാത്തവനാണെങ്കിൽ അവന് ഭൂമിയിൽ ഇരിക്കൽ അനുവദനീയമാണ്. അതിന് സാധിക്കുന്നില്ലെങ്കിൽ നിൽക്കുന്നതിനു പകരം ഇരിക്കാവുന്നതും റുകൂഉം സുജൂദും അതിന്റെ രൂപത്തിൽ നിർവഹിക്കേണ്ടതുമാണ്. ഇനി ഒരാൾക്ക് നിൽക്കാൻ കഴിയും, റുകൂഉം സുജൂദും ചെയ്യാൻ അശക്തനാണ് എങ്കിൽ നിൽക്കേണ്ട സമയത്ത് നിൽക്കുകയും റുകൂഇന്റെയും സുജൂദിന്റെയും സമയത്ത് കസേരയിലോ മറ്റോ ഇരിക്കുകയും ചെയ്യുക. ആ സമയത്ത് റുകൂഇനേക്കാൾ സുജൂദിൽ ശരീരം കൂടുതൽ കുനിയുകയും ചെയ്യണം.

عن جابر بن عبد الله:عاد مريضًا فرآه يصلي على وِسادةٍ، فأخذها فرمى بها، فأخذ عودًا ليصليَ عليه، فأخذه فرمى به، وقال: صلِّ على الأرضِ إنِ استطعتَ، وإلا فأوْمِ إيماءً، واجعلْ سجودَك أخفضَ منْ رُكوعِك.

ജാബിർ ബ്നു അബ്ദില്ലാ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ ഒരു രോഗിയെ സന്ദര്‍ശിച്ചപ്പോ( രോഗി തലയിണയിൽ നമസ്കരിക്കുന്നത് കണ്ടു. നബി ﷺ പറഞ്ഞു: നിനക്ക് കഴിയുന്ന രീതിയിൽ ഭൂമിയിൽ നമസ്കരിക്കുക. അതിന് സാധിക്കില്ലെങ്കിൽ ആംഗ്യം കാണിക്കുക. നിൻറെ സുജൂദിനെ റുകൂഇനേക്കാൾ താഴ്ത്തുക. (ബൈഹഖി)

ഈ ഹദീസിൽ റുകുഉം സുജൂദും ചെയ്യാൻ കഴിയില്ലെങ്കിൽ ആംഗ്യം കാണിച്ചാലും മതി എന്നും സുജൂദ് റുകൂഇനേക്കാൾ തല താഴ്ത്തികൊണ്ടായിരിക്കണം നിർവഹിക്കേണ്ടത് എന്നും ലഭിക്കും. സുജൂദ് ചെയ്യുന്ന സ്ഥലത്ത് തലയിണ പോലുള്ളവ വെക്കാൻ പാടുള്ളതല്ല. കൈ ഭൂമിയിൽ വയ്ക്കുക എന്നത് മേൽ സന്ദർഭങ്ങളിൽ നിർബന്ധമില്ല. മറിച്ച് കാൽ മുട്ടുകളിൽ വെച്ചാൽ മതി.

عَنِ ابْنِ عُمَرَ :‏ إِنَّ الْيَدَيْنِ تَسْجُدَانِ كَمَا يَسْجُدُ الْوَجْهُ فَإِذَا وَضَعَ أَحَدُكُمْ وَجْهَهُ فَلْيَضَعْ يَدَيْهِ وَإِذَا رَفَعَ فَلْيَرْفَعْهُمَا

ഇബ്നു ഉമര്‍ رضي الله عنه വിൽ നിന്ന് നിവേദനം: മുഖം സുജൂദ് ചെയ്യുന്നതുപോലെ രണ്ട് കരങ്ങൾ സുജൂദ് ചെയ്യുന്നുണ്ട്. നിങ്ങളിൽ ആരെങ്കിലും മുഖം നിലത്ത് വയ്ക്കുന്നുണ്ടെങ്കിൽ അവന്റെ കൈകളും വെക്കട്ടെ. മുഖം ഉയർത്തിയാൽ കൈകളും ഉയർത്തട്ടെ. (അബൂദാവൂദ്:892)

قال الشيخ عبد العزيز بن باز رحمه الله: الواجب على من صلى جالسًا على الأرض، أو على الكرسي، أن يجعل سجوده أخفض من ركوعه، والسنة له أن يجعل يديه على ركبتيه في حال الركوع، أما في حال السجود فالواجب أن يجعلهما على الأرض إن استطاع، فإن لم يستطع جعلهما على ركبتيه، لما ثبت عن النبي ﷺ أنه قال: أمرت أن أسجد على سبعة أعظم الجبهة وأشار إلى أنفه واليدين والركبتين وأطراف القدمين

ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു: ഭൂമിയിലോ കസേരയിലോ ഇരുന്ന് നമസ്കരിക്കുന്നവന് റുകൂഇനേക്കാൾ സുജൂദ് താഴ്ന്ന് നിർവഹിക്കൽ നിർബന്ധമാണ്. റുകൂഇന്റെ സന്ദർഭത്തിൽ കൈകൾ കാൽമുട്ടിൽ വെക്കൽ സുന്നത്താണ്. സുജൂദിന്റെ സന്ദർഭത്തിൽ കഴിയുന്ന രീതിയിൽ കൈകൾ ഭൂമിയിൽ വെക്കൽ നിർബന്ധമാണ്. അതിന് സാധിക്കില്ലെങ്കിൽ കാൽമുട്ടിൽ വെക്കുക. നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ട ഹദീസിൽ ഇപ്രകാരം കാണാം: ഏഴ് അസ്ഥികള്‍ നിലത്ത് വെച്ചുകൊണ്ട് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി – തന്റെ കൈ മൂക്കിന് നേരെ ചൂണ്ടിക്കൊണ്ട് അവിടുന്ന് കാണിച്ചു – രണ്ട് കൈകള്‍ (അഥവാ രണ്ട് കൈപ്പടങ്ങള്‍) – രണ്ട് കാലുകള്‍ (അഥവാ രണ്ട് കാല്‍മുട്ടുകള്‍) – രണ്ട് കാല്‍വിരലുകള്‍ (എന്നിവയാണവ). (മജ്മൂഉൽ ഫതാവാ)

സ്വഫിന്റെ രൂപം

തറയിൽ ഇരുന്ന് നമസ്കരിക്കുന്നയാളുടെ പിറക് വശമാണ് സ്വഫിനൊപ്പമാകേണ്ടത്, കാലല്ല.

കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവരുടെ സ്വഫിന്റെ കാര്യം,  ഇരുന്ന് കൊണ്ട് നിസ്കരിക്കുന്നവർ രണ്ട് തരത്തിലാണുണ്ടാവുക. ഒന്ന്: നിന്ന് കൊണ്ട് നിസ്കരിക്കാൻ തുടങ്ങും, ശേഷം റുകൂഅ്‌, സുജൂദ് ചെയ്യുന്നതിന് വേണ്ടി കസേരയിൽ ഇരിക്കും. അപ്പോൾ നിൽക്കേണ്ട സമയത്ത് നിന്നുകൊണ്ടാണുള്ളത്. ഈ അവസരത്തിൽ സ്വഫ്ഫിനോടൊപ്പം ചേർന്നു നിൽക്കുകയാണ് വേണ്ടത്. അപ്പോൾ അവൻ നിൽക്കുന്ന സമയത്ത് അവന്റെ കസേര അവന്റെ പിറകിലാണുണ്ടാവുക, അവൻ സ്വഫിനോടൊപ്പവും. ചില സഹോദരങ്ങൾ ചെയ്യുന്നത് പോലെ മുൻപോട്ട് കയറി നിൽക്കരുത്. അങ്ങനെ അവൻ റുകൂഇൽ നിന്നുയരുകയും ഇരിക്കാൻ ഉദ്ദേശിക്കുകയും ചെയ്‌താൽ അവൻ കസേര മുന്നിലേക്ക് വലിച്ചു കൊണ്ട് കസേരയുടെ പിൻവശം സ്വഫിനോടൊപ്പം ആക്കുക. അഥവാ നിൽക്കുന്ന സമയത്ത് അവൻ സ്വഫിനോടൊപ്പവും ഇരിക്കുമ്പോൾ കസേര മുന്നിലേക്ക് വലിക്കുകയും ചെയ്യുക. എന്തെന്നാൽ ഇരിക്കുന്ന സമയത്ത് അവന്റെ മുതുകാണ് മറ്റുള്ളവരോടൊപ്പമാകേണ്ടത്. അപ്പോൾ പുറകിലുള്ള ആളുകൾക്ക് അത് ബുദ്ധിമുട്ടുണ്ടാവുകയുമില്ല.

രണ്ടാമത്തെ ആളുകൾ അവർ നിസ്കാരത്തിൽ മുഴുവൻ ഇരിക്കുന്നവരാണ്. നിൽക്കാൻ തീരെ സാധിക്കാത്തവർക്കും, നിന്നാൽ തന്റെ രോഗം വർദ്ധിക്കുമെന്ന് ഭയപ്പെടുന്നവർക്കും ഇപ്രകാരം നിർബന്ധ നിസ്കാരങ്ങളിൽ ഇരിക്കാവുന്നതാണ്. ഇങ്ങനെ നിസ്കാരത്തിൽ മുഴുവൻ ഇരുന്ന് കൊണ്ട് നിസ്കരിക്കുന്നവർ അവരുടെ കസേരയുടെ പിൻവശം സ്വഫിനോടൊപ്പമാക്കുക. ഈ അവസരത്തിൽ അവന്റെ കാലുകൾ സ്വഫിന്റ മുന്നിലേക്കും, അവന്റെ മുതുക് മറ്റുള്ളവരോടൊപ്പം സ്വഫ്ഫിലും ആയിരിക്കുന്നതാണ്. ഇപ്രകാരമാണ് അവൻ നിസ്കരിക്കേണ്ടത്. (കസേരയിൽ ഇരുന്നു നിസ്കരിക്കേണ്ട വിഷയത്തിൽ ശൈഖ് സുലൈമാൻ അർറുഹൈലി നൽകിയ ഫത് വയിൽ നിന്ന്)

سئل فضيلة الشَّيخ محمد بن صالح العثيمين -رحمه الله: الَّذي يصلِّي على الكرسي في المسجد هل يجعل أرجل الكرسي الخلفيَّة بمحاذاة أرجل المصلِّين أم يجعل أرجله الأماميَّة بمحاذاة أرجل المصلِّين؟ فأجاب رحمه الله: يجعل أرجل الكرسي الخلفيَّة بمحاذاة أرجل المصلِّين.

ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: കസേരയിൽ ഇരുന്ന് നിസ്കരിക്കുന്ന വ്യക്തി തന്റെ കൂടെ നിസ്കരിക്കുന്നവരുടെ കാൽപാദങ്ങൾക്ക് നേരെ തന്റെ കസേരയുടെ പിൻകാലുകളാണോ, മുൻകാലുകളാണോ വെക്കേണ്ടത്? അദ്ദേഹം പറഞ്ഞു: കസേരയുടെ പിൻകാലുകളാണ് കൂടെ നിസ്കരിക്കുന്നവരുടെ കാൽ പാദങ്ങൾക്ക് നേരെ വെക്കേണ്ടത്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *