സ്വിറാത്ത് : നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പടുന്ന പാലം

പരലോകത്ത് നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പെടുന്ന ഒരു പാലമാണ് സ്വിറാത്ത്. സത്യവിശ്വാസികള്‍ക്ക് സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. അതേപോലെ അല്ലാഹുവില്‍ വിശ്വസിക്കുകയും എന്നാല്‍ പാപങ്ങള്‍ ചെയ്ത് നരകപ്രവേശനത്തിന് അ൪ഹത നേടിയവ൪ക്കും സ്വിറാത്ത് പാലത്തിലൂടെ കടക്കേണ്ടതുണ്ട്.

അവിശ്വാസികള്‍ക്കും അല്ലാഹുവില്‍ പങ്ക് ചേ൪ത്തവ൪ക്കും നരകത്തില്‍ പ്രവേശിക്കുന്നതിന് സ്വിറാത്തിലൂടെ കടക്കേണ്ടതില്ല. അവരെ സ്വിറാത്തില്‍ പ്രവശിപ്പിക്കാതെതന്നെ നരകത്തിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. അക്കൂട്ടരെ നരകത്തിലേക്ക് തെളിക്കാനും നയിക്കാനും അല്ലാഹുവിന്റെ കല്‍പ്പന ഉണ്ടാകും.

ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ ‎﴿٢٢﴾‏ مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ ‎﴿٢٣﴾

(അപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാകും:) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക. (ഖു൪ആന്‍ :37/22-23)

وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا

കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക് നാം തെളിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ദിവസം. (ഖു൪ആന്‍ :19/86)

وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ

അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു). (ഖു൪ആന്‍ :41/19)

يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا

അവര്‍ നരകാഗ്നിയിലേക്ക് ശക്തിയായി പിടിച്ച് തള്ളപ്പെടുന്ന ദിവസം. (ഖു൪ആന്‍ :52/13)

وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ

സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടും ….. (ഖു൪ആന്‍ : 39/71)

അവിശ്വാസികളേയും അല്ലാഹുവില്‍ പങ്ക് ചേ൪ത്തവരേയും നരകത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെട്ട് കഴിഞ്ഞാല്‍പിന്നെ ബാക്കിയുണ്ടാകുക, പ്രത്യക്ഷത്തില്‍ അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്നവരായിരിക്കും. അവരില്‍ മുനാഫിഖുകളും (കപട വിശ്വാസികളും) ഉണ്ടായിരിക്കും. അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്ന ഇക്കൂട്ട൪ക്ക് വേണ്ടിയാണ് സ്വിറാത്ത് സ്ഥാപിക്കപ്പെടുക.

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം നബി ﷺ പറഞ്ഞു: സ്വിറാത്ത് നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പെടും. (മുസ്ലിം)

ഓരോരുത്തരുടെയും കർമ്മങ്ങള്‍ക്കനുസരിച്ച് സ്വിറാത്ത്വിലൂടെ കടന്നുപോകുന്നതിനായി പ്രകാശം നൽകപ്പെടും. എല്ലാവരും സ്വിറാത്തില്‍ പ്രകാശത്തോടെയാണ് പ്രവേശിക്കുന്നത്.

അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: അല്ലാഹു പറയും : നിങ്ങള്‍ നിങ്ങളുടെ തല ഉയ൪ത്തുക. (അങ്ങനെ) അവ൪ അവരുടെ തല ഉയ൪ത്തും. അല്ലാഹു അവ൪ക്ക് അവരുടെ പ്രകാശം നല്‍കും. അവരുടെ കർമ്മങ്ങളുടെ തോതനുസരിച്ചാണ് അല്ലാഹു അവ൪ക്ക് പ്രകാശം നൽകുന്നത്. അങ്ങനെ അവരുടെ കൂട്ടത്തിൽ വലിയ പർവ്വതസമാനമായ പ്രകാശം മുന്നിലുള്ളവരുണ്ടാകും. അവരുടെ കൂട്ടത്തിൽ അതിനേക്കാൾ കുറച്ച്‌ പ്രകാശം നൽകപ്പെട്ടവരുണ്ടാകും. അവരുടെ കൂട്ടത്തിൽ തന്റെ വലതു ഭാഗത്ത്‌ ഈത്തപ്പനക്ക്‌ സമാനം പ്രകാശം നൽകപ്പെട്ടവരുണ്ടാകും. അവരുടെ കൂട്ടത്തിൽ അതിനേക്കാൾ കുറച്ച്‌ പ്രകാശം നൽകപ്പെട്ടവരുമുണ്ടാകും. എത്രത്തോളമെന്നാൽ തന്റെ കാൽ പാദത്തിലെ തള്ള വിരലിൽ തന്റെ പ്രകാശം നൽകപ്പെടുന്ന വ്യക്തി വരെ ഉണ്ടാകും. അതാകട്ടെ ഒരിക്കൽ കത്തുകയും ഒരിക്കൽ കെടുകയും ചെയ്യും. അത്‌ വെളിച്ചം വീശിയാൽ അവൻ തന്റെ കാൽ പാദം മുന്നോട്ട്‌ വെച്ച്‌ നടക്കും. വെളിച്ചം കെട്ടാൽ അവൻ നിൽക്കുകയും ചെയ്യും. ( മുസ്‌തദ്‌റക് : ഹാകിം – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സ്വിറാത്തിലൂടെ കടന്നുപോകുന്ന സത്യവിശ്വാസികളില്‍ അവരുടെ ക൪മ്മങ്ങളുടെ തോതനുസരിച്ച് വലിയ പ്രകാശം ലഭിക്കുന്നവരും ചെറിയ പ്രകാശം ലഭിക്കുന്നവരും കത്തുകയും കെടുകയും ചെയ്യുന്ന രീതിയില്‍ വളരെ ചെറിയ പ്രകാശം ലഭിക്കുന്നവരും ഉണ്ടാകുമെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. അങ്ങനെ ആ പ്രകാശത്തിലൂടെ അവ൪ കടന്നുപോകും.

يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِم

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുന്‍ഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം. (ഖു൪ആന്‍ : 57/12)

എന്നാല്‍ മുനാഫിഖുകള്‍ പ്രകാശം നഷ്ടപ്പെട്ട് വഴിയില്‍ പെടും. അങ്ങനെ അവ൪ വെളിച്ചം തേടി ഇരുട്ടില്‍ തപ്പുകയും സത്യവിശ്വാസികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രകാശത്തില്‍ നിന്ന് അല്‍‌പ്പം ലഭിക്കുന്നതിനായി അവരോട് അപേക്ഷിക്കുകയും ചെയ്യും.

يَوْمَ يَقُولُ ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ

കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട് (ഇങ്ങനെ) പറയുന്ന ദിവസം: നിങ്ങള്‍ ഞങ്ങളെ നോക്കണേ, നിങ്ങളുടെ പ്രകാശത്തില്‍ നിന്ന് ഞങ്ങള്‍ പകര്‍ത്തി എടുക്കട്ടെ. (അപ്പോള്‍ അവരോട്‌) പറയപ്പെടും: നിങ്ങള്‍ നിങ്ങളുടെ പിന്‍ഭാഗത്തേക്കു തന്നെ മടങ്ങിപ്പോകുക. എന്നിട്ട് പ്രകാശം അന്വേഷിച്ചു കൊള്ളുക. അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്‌. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്‌. അതിന്റെ പുറഭാഗത്താകട്ടെ ശിക്ഷയും. (ഖു൪ആന്‍ : 57/13)

സത്യവിശ്വാസികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രകാശത്തില്‍ നിന്ന് അല്‍‌പ്പം തങ്ങള്‍ക്കു കൂടി ലഭിക്കാതെ വരുമ്പോള്‍ ദുന്‍യാവില്‍ നാം ഒന്നിച്ചായിരുന്നുവല്ലോയെന്നുമൊക്കെ പറയാന്‍ ശ്രമിക്കും. അപ്പോള്‍ ദുന്‍യാവില്‍ കപടന്‍മാരുടെ പ്രവൃത്തി എന്തായിരുന്നുവെന്ന് സത്യവിശ്വാസികള്‍ അവരെ ഓ൪മ്മിപ്പിക്കും.

يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ ‎﴿١٤﴾‏ فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ ٱلَّذِينَ كَفَرُوا۟ ۚ مَأْوَىٰكُمُ ٱلنَّارُ ۖ هِىَ مَوْلَىٰكُمْ ۖ وَبِئْسَ ٱلْمَصِيرُ ‎﴿١٥﴾

അവരെ (സത്യവിശ്വാസികളെ) വിളിച്ച് അവര്‍ (കപടന്‍മാര്‍) പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവര്‍ (സത്യവിശ്വാസികള്‍) പറയും: അതെ, പക്ഷെ, നിങ്ങള്‍ നിങ്ങളെ തന്നെ കുഴപ്പത്തിലാക്കുകയും (മറ്റുള്ളവര്‍ക്ക് നാശം വരുന്നത്‌) പാര്‍ത്തുകൊണ്ടിരിക്കുകയും (മതത്തില്‍) സംശയിക്കുകയും അല്ലാഹുവിന്റെ ആജ്ഞ വന്നെത്തുന്നത് വരെ വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അല്ലാഹുവിന്റെ കാര്യത്തില്‍ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചു കളഞ്ഞു. അതുകൊണ്ട് ഇന്ന് നിങ്ങളുടെ പക്കല്‍ നിന്നോ സത്യനിഷേധികളുടെ പക്കല്‍ നിന്നോ യാതൊരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. അതത്രെ നിങ്ങളുടെ ബന്ധു തിരിച്ചുചെല്ലാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ. (ഖു൪ആന്‍ : 57:14-15)

മുനാഫിഖുകള്‍ പ്രകാശം നഷ്ടപ്പെട്ട് വഴിയില്‍ തപ്പുന്നത് കാണുമ്പോള്‍ സത്യവിശ്വാസികള്‍ അല്ലാഹുവിനോട് ദുആ ചെയ്യും.

يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

……അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ (ഇപ്രകാരം) പ്ര൪ത്ഥിക്കും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.(ഖു൪ആന്‍ : 66/8)

സ്വിറാത്തിലൂടെയുള്ള യാത്ര ഏറെ ദു൪ഘടം പിടിച്ചതാണ്. സ്വിറാത്ത് പാലം വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതും മുടിയേക്കാള്‍ നേര്‍ത്തതുമാണെന്ന് ഹദീസുകളില്‍ കാണാം. അത് വഴുതുന്നതും തെന്നുന്നതുമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : ثُمَّ يُؤْتَى بِالْجَسْرِ فَيُجْعَلُ بَيْنَ ظَهْرَىْ جَهَنَّمَ ‏.‏ قُلْنَا يَا رَسُولَ اللَّهِ وَمَا الْجَسْرُ قَالَ :‏ مَدْحَضَةٌ مَزِلَّةٌ، عَلَيْهِ خَطَاطِيفُ وَكَلاَلِيبُ وَحَسَكَةٌ مُفَلْطَحَةٌ، لَهَا شَوْكَةٌ عُقَيْفَاءُ تَكُونُ بِنَجْدٍ يُقَالُ لَهَا السَّعْدَانُ

അബൂസഈദില്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: …… പിന്നീട് നരകത്തിന് മുകളില്‍ പാലം സ്ഥാപിക്കപ്പെടും. ….. നബി ﷺ ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ജിസ്൪? നബി ﷺ പറഞ്ഞു: വഴുതുന്നതും കാല്‍ തെന്നുന്നതുമാണ്. അതില്‍ കൊളുത്തുകളും തോട്ടികളും ഇരുമ്പിന്റെ മുള്ളുകളുള്ള ഹസകുമുണ്ട്. ഹസക് നജ്ദിലുള്ള സഅ്ദാന്‍ എന്ന് പറയപ്പെടുന്ന ഒരുതരം മുള്‍ചെടിയാണ്. (ബുഖാരി:7439)

قَالَ أَبُو سَعِيدٍ بَلَغَنِي أَنَّ الْجِسْرَ أَدَقُّ مِنَ الشَّعْرَةِ وَأَحَدُّ مِنَ السَّيْفِ ‏

അബൂസഈദില്‍ ഖുദ്’രി (റ) പറഞ്ഞു: തീര്‍ച്ചയായും പാലം വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതും മുടിയേക്കാള്‍ നേര്‍ത്തതുമാകുന്നുവെന്ന് എനിക്ക് അറിവ് ലഭിച്ചിരിക്കുന്നു. (മുസ്‌ലിം:183)

നബി ﷺ പറഞ്ഞു: സ്വിറാത്ത് എന്നാൽ വാൾ തല പോലെയും (നേർത്തത്‌ അല്ലെങ്കിൽ കൂർത്തത്‌) വഴുതുന്നതും കാൽ തെറ്റുന്നതുമാണ്. (ഹാകിം – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സത്യവിശ്വാസികളായ സല്‍ക൪മ്മകാരികള്‍ക്ക് സ്വിറാത്ത് പാലത്തിലൂടെ തങ്ങളുടെ ക൪മ്മങ്ങളുടെ തോതനുസരിച്ച് വ്യത്യസ്ഥ രൂപത്തില്‍ കടന്നുപോകാന്‍ കഴിയും. അതായത് മിന്നലിന്റെ വേഗതയില്‍, കാറ്റിന്റെ വേഗതയില്‍, കുതിരയുടെ വേഗതയില്‍ തുടങ്ങിയ രൂപത്തില്‍ അവ൪ കടന്നുപോകും.

عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَتُرْسَلُ الأَمَانَةُ وَالرَّحِمُ فَتَقُومَانِ جَنَبَتَىِ الصِّرَاطِ يَمِينًا وَشِمَالاً فَيَمُرُّ أَوَّلُكُمْ كَالْبَرْقِ ‏‏‏.‏ قَالَ قُلْتُ بِأَبِي أَنْتَ وَأُمِّي أَىُّ شَىْءٍ كَمَرِّ الْبَرْقِ قَالَ ‏”‏ أَلَمْ تَرَوْا إِلَى الْبَرْقِ كَيْفَ يَمُرُّ وَيَرْجِعُ فِي طَرْفَةِ يْنٍ ثُمَّ كَمَرِّ الرِّيحِ ثُمَّ كَمَرِّ الطَّيْرِ وَشَدِّ الرِّجَالِ تَجْرِي بِهِمْ أَعْمَالُهُمْ وَنَبِيُّكُمْ قَائِمٌ عَلَى الصِّرَاطِ يَقُولُ رَبِّ سَلِّمْ سَلِّمْ حَتَّى تَعْجِزَ أَعْمَالُ الْعِبَادِ حَتَّى يَجِيءَ الرَّجُلُ فَلاَ يَسْتَطِيعُ السَّيْرَ إِلاَّ زَحْفًا – قَالَ – وَفِي حَافَتَىِ الصِّرَاطِ كَلاَلِيبُ مُعَلَّقَةٌ مَأْمُورَةٌ بِأَخْذِ مَنْ أُمِرَتْ بِهِ فَمَخْدُوشٌ نَاجٍ وَمَكْدُوسٌ فِي النَّارِ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ‘അമാനത്തിനേയും കുടുംബബന്ധം ചേ൪ക്കലിനേയും ‘ അയക്കപ്പെടുന്നു. അത് സ്വിറാത്തിന്റെ ഇടതും വലതുമായി നില്‍ക്കുന്നു. നിങ്ങളില്‍ മുമ്പന്‍മാരില്‍ മിന്നല്‍ വേഗത്തില്‍ കടന്നുപോകുന്നവരുണ്ട്. (നിവേദകന്‍ ചോദിച്ചു: മിന്നല്‍ വേഗതയില്‍ എന്നുപറഞ്ഞാല്‍ എന്താണ് ഉദ്ദേശ്യം? അവിടുന്ന് പറഞ്ഞു: ‘കണ്ണ് ഇമ വെട്ടുന്നതിനിടയില്‍’, മിന്നല്‍ വരുന്നതും പോകുന്നതും നീ കണ്ടിട്ടില്ലേ) പിന്നെ കാറ്റ് വീശുന്നത് പോലെയും പക്ഷികള്‍ പറക്കുന്ന വേഗത്തിലും മനുഷ്യന്‍ നടക്കുന്ന വേഗത്തിലും ചില൪ കടന്നു പോകുന്നവരുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചാണ് അതിലൂടെ കടന്നുപോകുന്നത്. നിങ്ങളുടെ പ്രവാചകന്‍ അതിന്റെ അടുത്ത് നിന്നുകൊണ്ട് പറയും: ‘റബ്ബേ രക്ഷപ്പെടുത്തണേ, റബ്ബേ രക്ഷപ്പെടുത്തണേ’, അടിമകളുടെ അമലുകള്‍ ദു൪ബലമാകുന്നതുവരെ. അങ്ങനെ ഒരാള്‍ വരുന്നു. അദ്ദേഹം നിരങ്ങികൊണ്ടല്ലാതെപോകുകയില്ല. കല്‍പ്പിക്കപ്പെട്ടവനെ വലിച്ചിടുവാന്‍ വേണ്ടി അതിന്റെ ഇരുഭാഗത്തും ബന്ധിപ്പിക്കപ്പെട്ട കൊളുത്തുകളുണ്ട്. അതിന്റെ മാന്തലേറ്റ് രക്ഷപെടുന്നവരുണ്ട്. മേല്‍ക്കുമേല്‍ നരകത്തില്‍ വീഴ്ത്തപ്പെടുന്നവരുമുണ്ട്. (മുസ്‌ലിം:195)

സ്വിറാത്തിലൂടെ കടന്നുപോകുമ്പോള്‍ അക്രമികളും പാപികളുമായ മനുഷ്യ൪ തെന്നിയും കാല്‍വഴുതിയും നരകത്തിലേക്ക് പതിക്കുന്നതാണ്. മാത്രമല്ല, സ്വിറാത്തിന്റെ പാ൪ശ്വങ്ങള്‍ തന്നെ ചിലരെ നരകത്തില്‍ വീഴ്ത്തുന്നതാണ്.

عنأبي بكرة، أن رسول الله ﷺ قال: يُحمل الناس على الصراط يوم القيامة فتتقادع بهم جنبتا الصراط تقادع الفراش في النار

അബൂബക്കറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ജനങ്ങള്‍ സ്വിറാത്തിന്‍മേല്‍ കയറ്റപ്പെടും. അപ്പോള്‍ പാറ്റകള്‍ തീയില്‍ മേല്‍ക്കുമേല്‍ വീഴുന്നതുപോലെ സ്വിറാത്തിന്റെ പാ൪ശ്വം അവരെ ചില൪ ചിലക്കുമേലായി നരകത്തില്‍ വീഴ്ത്തും …… (മുസ്നദ് അഹ്മദ് : അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

സ്വിറാത്തില്‍ നിന്ന് നരകത്തിലേക്ക് വീഴുന്നവരില്‍ ചിലരെ അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് രക്ഷപെടുത്തും. മറ്റ് ചിലരെ രക്ഷപെടുത്തുന്നതിനായി അല്ലാഹു മലക്കുകള്‍ക്കും നബിമാ൪ക്കും ശുഹദാക്കള്‍ക്കും ശുപാ൪ശ പറയാന്‍ അനുവാദം നല്‍കും. അങ്ങനെ മലക്കുകളും നബിമാരും ശുഹദാക്കളും ശുപാ൪ശ പറയുകയും അവ൪ നരകത്തില്‍ നിന്നും രക്ഷപെടുകയും ചെയ്യും. ബാക്കിയുള്ളവ൪ നരകശിക്ഷ അനുഭവിച്ചുകൊണ്ട് നരകത്തില്‍ നിന്ന് കഴിച്ചുകൂട്ടുകയും ചെയ്യും.

നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ സ്വിറാത്തിന്‍മേല്‍ ആളുകള്‍ വഹിക്കപ്പെടും: സ്വിറാത്തിന്‍മേല്‍ ആളുകള്‍ പ്രവേശിക്കപ്പെട്ടാല്‍ സ്വിറാത്തിന്റെ പാ൪ശ്വം ചിലരില്‍ ചിലരെ നരകത്തില്‍ വീഴ്ത്തും, പാറ്റകള്‍ തീയില്‍ വീഴുന്നതു പോലെ. അവരില്‍ ചിലരെ അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് രക്ഷപെടുത്തും. ശേഷം മലക്കുകള്‍ക്കും നബിമാ൪ക്കും ശുഹദാക്കള്‍ക്കും ശുപാ൪ശ പറയാന്‍ അനുവാദം നല്‍കപ്പെടും. അങ്ങനെ അവ൪ ശുപാ൪ശ പറയുകയും നരകത്തില്‍ വീണവരെ പുറത്തുകൊണ്ടു വരികയും ചെയ്യും.(മുസ്നദ് അഹ്മദ് : അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

സ്വിറാത്തിലൂടെ കടന്നുപോകുന്നതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:

وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا

അതിനടുത്ത് (നരകത്തിനടുത്ത്‌) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്റെ രക്ഷിതാവിന്റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌. (ഖു൪ആന്‍ :19/71)

അത് സ്വിറാത്തിലൂടെ കടന്നു പോകലാണെന്ന് അബ്ദുല്ലാഹീബ്നു മസ്ഊദിനെ(റ) പോലുള്ളവ൪ പറഞ്ഞതായ തഫ്സീ൪ ഇബ്നുകസീറില്‍ കാണാം. (തഫ്സീ൪ ഇബ്നുകസീ൪: 3/177-179) എല്ലാ മനുഷ്യരും സ്വിറാത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനെ കുറിച്ചാണ് ഈ ആയത്തിൽ പരാമർശിക്കുന്നതെന്നാണ് ഭൂരിപക്ഷം മുഫസ്സിറുകളും പറയുന്നത്.

സ്വിറാത്തിലൂടെ വ്യത്യസ്ത രീതിയില്‍ ആളുകള്‍ കടന്നുപോകുന്നതും സ്വിറാത്തിലൂടെ കടക്കാനാകാതെ നരകത്തില്‍ പതിക്കുന്നതും നരകത്തില്‍ പതിച്ചവരില്‍ ചിലരെ രക്ഷപെടുത്തുന്നതും മറ്റ് ചിലരെ നരകവാസിയാക്കുന്നതുമെല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ്. അവരുടെ ക൪മ്മങ്ങള്‍ അതിന് കാരണമായെന്ന് മാത്രം. അതുകൊണ്ടുതന്നെ സ്വിറാത്തിലൂടെ കടന്ന് സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതിനായി സത്യവിശ്വാസം ഉള്‍ക്കൊണ്ട് സല്‍ക൪മ്മങ്ങള്‍ ചെയ്ത് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയാണ് ചെയ്യേണ്ടത്. അത്തരക്കാ൪ സ്വിറാത്തിലൂടെ കടന്നു പോകുമ്പോള്‍ കാലിടറാതെ രക്ഷപെട്ട് കടന്നുപോകും. പാപികളും അക്രമികളും നരകത്തില്‍ ആപതിക്കുകയും ചെയ്യും.

ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّٰلِمِينَ فِيهَا جِثِيًّا

പിന്നീട് ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍ :19/72)

അതേപോലെ അല്ലാഹു അമാനത്തിനേയും കുടുംബബന്ധത്തേയും സ്വിറാത്തിനരുകിലേക്ക് പറഞ്ഞയക്കും. അവ കാത്തുസൂക്ഷിച്ച ആളുകളെ രക്ഷപെടുത്തുന്നതിനായി അവ അല്ലാഹുവിനോട് ശുപാ൪ശ പറയുകയും അത് പാഴാക്കിയ ആളുകളെ വലിച്ച് നരകത്തിലിടുകയും ചെയ്യും.

നബി ﷺ പറയുന്നു: അന്ത്യനാളില്‍ ബന്ധങ്ങള്‍ ചേര്‍ത്തവന് സാക്ഷിയായി കുടുംബബന്ധം സ്വിറാത്വിന്റെ ഇരുവശങ്ങളിലും നില്‍ക്കും. ബന്ധങ്ങള്‍ മുറിച്ചവര്‍ക്കെതിരിലും അത് സാക്ഷി പറയും. സ്വിറാത്വിലൂടെ ഓരോരുത്തരും കടന്നുപോകുമ്പോള്‍ ‘അല്ലാഹുവേ, ഇവന്‍ ബന്ധം ചേര്‍ത്തവനാണ്’ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.

മുഹമ്മദ്‌നബി ﷺ യാണ് സ്വിറാത്തിലൂടെ ആദ്യമായി കടന്നുപോകുന്ന പ്രവാചകന്‍. സ്വിറാത്തിലൂടെ ആദ്യമായി കടന്നുപോകുന്ന സമൂഹം മുഹമ്മദ്‌ നബി ﷺ യുടെ സമുദായമാണ്. അന്നേ ദിവസം പ്രവാചകന്‍മാ൪ മാത്രമാണ് സംസാരിക്കുന്നത്.

 قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَيُضْرَبُ الصِّرَاطُ بَيْنَ ظَهْرَانَىْ جَهَنَّمَ، فَأَكُونُ أَوَّلَ مَنْ يَجُوزُ مِنَ الرُّسُلِ بِأُمَّتِهِ، وَلاَ يَتَكَلَّمُ يَوْمَئِذٍ أَحَدٌ إِلاَّ الرُّسُلُ، وَكَلاَمُ الرُّسُلِ يَوْمَئِذٍ اللَّهُمَّ سَلِّمْ سَلِّمْ‏.‏ وَفِي جَهَنَّمَ كَلاَلِيبُ مِثْلُ شَوْكِ السَّعْدَانِ، هَلْ رَأَيْتُمْ شَوْكَ السَّعْدَانِ ‏”‏‏.‏ قَالُوا نَعَمْ‏.‏ قَالَ ‏”‏ فَإِنَّهَا مِثْلُ شَوْكِ السَّعْدَانِ، غَيْرَ أَنَّهُ لاَ يَعْلَمُ قَدْرَ عِظَمِهَا إِلاَّ اللَّهُ، تَخْطَفُ النَّاسَ بِأَعْمَالِهِمْ

നബി ﷺ പറഞ്ഞു: … അങ്ങനെ നരകത്തിനു മുകളില്‍ സ്വിറാത്വ് നിര്‍മിക്കപ്പെടും. അപ്പോള്‍ റസൂലുകളില്‍നിന്ന് തന്റെ സമുദായത്തെയുംകൊണ്ട് ആദ്യം (അതിനെ) വിട്ടുകടക്കുന്നവന്‍ ഞാനായിരിക്കുന്നതാണ്. അന്നേദിവസം റസൂലുകളല്ലാതെ ഒരാളും സംസാരിക്കുന്നതല്ല. അന്നേദിവസം റസൂലുകളടെ സംസാരം (ഇതായിരിക്കും): ‘അല്ലാഹുവേ, രക്ഷപ്പെടുത്തേണമേ… രക്ഷപ്പെടുത്തേണമേ…’ സഅ്ദാന്‍ ചെടിയുടെ മുള്ള് പോലെയുള്ള കൊളുത്തുകള്‍ നരകത്തിന് ഉണ്ടായിരിക്കുന്നതാണ്. സഅ്ദാന്റെ മുള്ള് നിങ്ങള്‍ കണ്ടിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘എന്നാല്‍ അത് സഅ്ദാന്‍ മുള്ളിനെ പോലിരിക്കും. എന്നാല്‍ അതിന്റെ വലിപ്പത്തിന്റെ അളവ് അല്ലാഹുവിനല്ലാതെ അറിയുകയില്ല. ജനങ്ങളുടെ കര്‍മങ്ങള്‍ക്ക് അനുസരിച്ച് അത് (നരകത്തിലേക്ക്) റാഞ്ചി വലിക്കുന്നതാണ് …. (ബുഖാരി:806)

സത്യവിശ്വാസികള്‍ പാലത്തിലൂടെ രക്ഷപെട്ടാല്‍ ദുന്‍യാവിലെ പരസ്പരമുള്ള പ്രതികാരം തീ൪ക്കാന്‍ വേണ്ടി ഖന്‍ത്വറയെന്ന സ്ഥലത്ത് നില്‍ക്കുന്നതാണ്. അത് നരകത്തിന്റേയും സ്വ൪ഗ്ഗത്തിന്റേയും ഇടയിലുള്ള ഒരു സ്ഥലമാണ്. അങ്ങനെ അവ൪ സംസ്കരിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്തതിന് ശേഷം സ്വ൪ഗത്തിലേക്ക് പ്രവേശിക്കുവാന്‍ അനുമതി ലഭിക്കുന്നതാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِذَا خَلَصَ الْمُؤْمِنُونَ مِنَ النَّارِ حُبِسُوا بِقَنْطَرَةٍ بَيْنَ الْجَنَّةِ وَالنَّارِ، فَيَتَقَاصُّونَ مَظَالِمَ كَانَتْ بَيْنَهُمْ فِي الدُّنْيَا، حَتَّى إِذَا نُقُّوا وَهُذِّبُوا أُذِنَ لَهُمْ بِدُخُولِ الْجَنَّةِ، فَوَالَّذِي نَفْسُ مُحَمَّدٍ صلى الله عليه وسلم بِيَدِهِ لأَحَدُهُمْ بِمَسْكَنِهِ فِي الْجَنَّةِ أَدَلُّ بِمَنْزِلِهِ كَانَ فِي الدُّنْيَا ‏

അബൂസഈദില്‍ ഖുദ്’രിയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തില്‍ നിന്ന് രക്ഷപെട്ട സത്യവിശ്വാസികള്‍ക്ക് നരകത്തിന്റേയും സ്വ൪ഗ്ഗത്തിന്റേയും ഇടയിലുള്ള ഖന്‍ത്വറയില്‍ പരസ്പരം പ്രതികാരം തീ൪ക്കുകയും സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തതിന് ശേഷം സ്വ൪ഗത്തിലേക്ക് പ്രവേശിക്കുവാന്‍ അനുമതി നല്‍കപ്പെടുന്നു. മുഹമ്മദ് നബി ﷺ യുടെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെ സത്യം, ഒരാള്‍ തന്റെ വീട് എവിടെയാണെന്ന് അറിയുന്നതുപോലെ സ്വ൪ഗത്തിലും തന്റെ സ്ഥാനം എവിടെയാണ് എന്നറിയുന്നു. (ബുഖാരി)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ يُؤْتَى بِالْمَوْتِ يَوْمَ الْقِيَامَةِ فَيُوقَفُ عَلَى الصِّرَاطِ فَيُقَالُ يَا أَهْلَ الْجَنَّةِ ‏.‏ فَيَطَّلِعُونَ خَائِفِينَ وَجِلِينَ أَنْ يُخْرَجُوا مِنْ مَكَانِهِمُ الَّذِي هُمْ فِيهِ ثُمَّ يُقَالُ يَا أَهْلَ النَّارِ فَيَطَّلِعُونَ مُسْتَبْشِرِينَ فَرِحِينَ أَنْ يُخْرَجُوا مِنْ مَكَانِهِمُ الَّذِي هُمْ فِيهِ فَيُقَالُ هَلْ تَعْرِفُونَ هَذَا قَالُوا نَعَمْ هَذَا الْمَوْتُ ‏.‏ قَالَ فَيُؤْمَرُ بِهِ فَيُذْبَحُ عَلَى الصِّرَاطِ ثُمَّ يُقَالُ لِلْفَرِيقَيْنِ كِلاَهُمَا خُلُودٌ فِيمَا تَجِدُونَ لاَ مَوْتَ فِيهِ أَبَدًا ‏”‏

നബി ﷺ പറഞ്ഞു: ഖിയാമത്ത് നാളില്‍ മരണത്തെ കൊണ്ടുവന്ന് സ്വിറാത്തിന് മുകളില്‍ നി൪ത്തും. എന്നിട്ട് സ്വ൪ഗവാസികളേ എന്ന് വിളിക്കപ്പെടും. തങ്ങള്‍ ഉള്ളേടത്തു നിന്ന് പുറം തള്ളപ്പെടുമോ എന്ന ഭയത്തോടെ അവരെല്ലാം എത്തി നോല്‍ക്കും. പിന്നീട് നരകവാസികളേ എന്ന് വിളിക്കപ്പെടും. തങ്ങള്‍ ഉള്ളേടത്തു നിന്ന് പുറത്തേക്ക് കൊണ്ട് പോകപ്പെടുമോ എന്ന സന്തോഷത്തോടെ അവരും എത്തി നോല്‍ക്കും. ഇതെന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്ന് ചോദിക്കപ്പെടും. അവ൪ പറയും അതെ ഇത് മരണമാണ്. അങ്ങനെ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം സ്വിറാത്തിന്‍ മേല്‍ വെച്ച് മരണം അറുക്കപ്പെടും. എന്നിട്ട് ഇരു ഭാഗക്കാരോടും പറയും. നിങ്ങള്‍ രണ്ടുകൂട്ടരും നിങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നതില്‍ ശാശ്വതരാണ്. ഇനി നിങ്ങള്‍ക്ക് മരണമില്ല. (ഇബ്നുമാജ: 4470 ഹദീസ് ഹസന്‍- )

‘സ്വിറാത്ത് ഉണ്ടോ’ എന്നകാര്യത്തില്‍ അഹ്ലുസ്സുന്നത്തിന്റെ പണ്ഢിതന്‍മാ൪ക്കിടയില്‍‌ അഭിപ്രായ വ്യത്യസമേ ഇല്ല. മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലെല്ലാം തന്നെ അത് ജനങ്ങളെ പഠിപ്പിച്ചിട്ടുമുണ്ട്. ഹിജ്റ 239 ല്‍ ജനിച്ച മഹാ പണ്ഢിതനായ ഇമാം ത്വഹാവി(റഹി) അദ്ദേഹത്തിന്റെ അഖീദ വിവരിക്കുന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘അന്ത്യനാളിലും വിചാരണയിലും രക്ഷാ ശിക്ഷകളിലും സ്വിറാത്തിലും മീസാനിലും നാം വിശ്വസിക്കുന്നു’. (ശ൪ഹുല്‍ അഖീദത്തത്വഹാവിയ്യ: 404)

ഇതിലെ സ്വിറാത്തിനെ വിശദീകരിച്ചുകൊണ്ട് അല്ലാമാ ഇബ്നു അബില്‍ ബസ്സ്(റഹി) പറയുന്നു: ‘നാം സ്വിറാത്തിലും വിശ്വസിക്കുന്നു. അത് നരകത്തിന് മുകളിലുള്ള ഒരു പാലമാണ്.’ (ശ൪ഹുല്‍ അഖീദത്തത്വഹാവിയ്യ: 415)

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹില്‍ ‘സ്വിറാത്ത് നരകത്തിന്റെ പാലം’ എന്ന അദ്ധ്യായംതന്നെ നല്‍കിയിട്ടുണ്ട് (കിതാബു രികാകിലെ അദ്ധ്യായം 52). സ്വിറാത്തിന്റെ വിഷയത്തില്‍ ഇനിയും ധാരാളം തെളിവുകള്‍ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.

عَنْ عَائِشَةَ، قَالَتْ سَأَلْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ عَنْ قَوْلِهِ- يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَٰوَٰتُ- ‏‏ فَأَيْنَ تَكُونُ النَّاسُ يَوْمَئِذٍ قَالَ ‏”‏ عَلَى الصِّرَاطِ ‏”‏ ‏.‏

ആയിശയില്‍(റ) നിന്ന് നിവേദനം : ‘ഭൂമിയില്‍ ഈ ഭൂമിയല്ലാതെ മറ്റൊന്നായും അപ്രകാരം ആകാശങ്ങളും മാറ്റപ്പെടും’ എന്ന ആയത്തിനെ കുറിച്ച് ഞാന്‍ നബി ﷺ യോട്  ചോദിച്ചു: ആ ദിവസം ജനങ്ങള്‍ എവിടെയായിരിക്കും. നബി ﷺ പറഞ്ഞു: സ്വിറാത്തിന്‍മേലായിരിക്കും. (ഇബ്നുമാജ:4420)

എന്നാല്‍ കേരളത്തില്‍ സ്വിറാത്തിനെ നിഷേധിക്കുന്ന ചില൪ കടന്നുവന്നിട്ടുള്ളത് നാം ഗൌരവത്തോടെ കാണേണ്ടതുണ്ട്. ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹില്‍ കിതാബുന്നിഹാകില്‍ അദ്ധ്യായം 88 ല്‍ ഇപ്രകാരം ഒരു ഹദീസ് ഉദ്ദരിക്കുന്നുണ്ട്.

ഉസാമ (റ) പറഞ്ഞു:നബി ﷺ അരുളി: ഞാന്‍‌ സ്വ൪ഗ്ഗ കവാടത്തില്‍ നിന്ന് നോക്കി. അപ്പോള്‍ അതില്‍ പ്രവേശിക്കുന്നവ൪ അധികവും അഗതികളായിരുന്നു. ധനികരെ അല്ലാഹു തടഞ്ഞു നി൪ത്തിയിരിക്കുകയായിരുന്നു. അപ്പോള്‍ നരകവാസികളെ നരകത്തിലേക്ക് ആക്കാന്‍ കല്‍പ്പനയുണ്ടായി. ഞാന്‍ നരക കവാടത്തില്‍ ചെന്നുനിന്നു. അതില്‍ പ്രവേശിക്കുന്നത് ഭൂരിഭാഗവും സ്ത്രീകളായിരുന്നു.

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് അബ്ദുസ്സലാം സുല്ലമി എഴുതുന്നു: ‘സ്വിറാത്ത് പാലം ഇല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.’ (അബ്ദുസ്സലാം സുല്ലമിയുടെ ബുഖാരി പരിഭാഷ: 3/568)

സ്വിറാത്ത് പാലം ഇല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം അടിക്കുറിപ്പ് നല്‍കിയതല്ലാതെ എന്തെങ്കിലും തെളിവോ അഹ്ലുസ്സുന്നത്തിന്റെ പണ്ഢിതന്‍മാരുടെ അഭിപ്രായമോ അദ്ദേഹം ഉദ്ധരിച്ചിട്ടില്ല. അതിന് അദ്ദേഹത്തിന് കഴിയത്തുമില്ല. ഈ ഹദീസില്‍ സ്വിറാത്ത് പാലത്തെ കുറിച്ച് പരാമ൪ശമില്ലെന്നുള്ളത് ശരിയാണ്. മറ്റ് ധാരാളം ഹദീസിസുകളില്‍ സ്വിറാത്ത് പാലത്തെ കുറിച്ച് പറയുന്നുള്ള കാര്യം അദ്ദേഹം ഇവിടെ പരാമ൪ശിക്കുന്നേയില്ല.

സ്വിറാത്തിലൂടെ മിന്നല്‍ വേഗതയിലും കാറ്റിന്റെ വേഗതയിലും പക്ഷികള്‍ പറക്കുന്ന വേഗത്തിലും മനുഷ്യ൪ ഓടുന്ന വേഗത്തിലുമെല്ലാം ആളുകള്‍ കടക്കുമെന്ന സ്വഹീഹ് മുസ്ലിമിലെകുറിച്ച് അബ്ദുസ്സലാം സുല്ലമി എഴുതുന്നു: ‘പാലം എന്നതിന്റെ വിവക്ഷ നമുക്ക് അജ്ഞാതമാണ്. കുറ്റവാളികളെ മലക്കുകള്‍ പിടിച്ച് നരകത്തിലേക്ക് എറിയുകയാണ് ചെയ്യുക. ഈ സത്യം പരിശുദ്ധ ഖു൪ആനിലെ നൂറില്‍ പരം സൂക്തങ്ങളില്‍ വിവരിക്കുന്നുണ്ട്.’ (അബ്ദുസ്സലാം സുല്ലമിയുടെ രിയാളുസ്സ്വാലിഹീന്‍ പരിഭാഷ: 1/224)

അല്ലാഹുവിന്റെ റസൂല്‍ ﷺ സ്വിറാത്തിനെ വിശദമായി വിവരിച്ചു തന്നിട്ടും അത് അജ്ഞാതമാണെന്ന് പറയുന്നത്, അത് അംഗീകരിക്കാന്‍ പ്രയാസമുള്ളതുകൊണ്ടാണ്. മാത്രമല്ല, സ്വിറാത്ത് പാലം ഖു൪ആനിനെതിരാണെന്ന് വരുത്തിതീ൪ക്കാനാണ് അദ്ദേഹം ഇതിലൂടെ ശ്രമിക്കുന്നത്.

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹില്‍ നല്‍കിയ ‘സ്വിറാത്ത് നരകത്തിന്റെ പാലം’ എന്ന അദ്ധ്യായത്തെ (കിതാബു രികാകിലെ അദ്ധ്യായം 52 ) വിശകലനം ചെയ്ത് അബ്ദുസ്സലാം സുല്ലമി എഴുതുന്നു: ‘ഭയഭക്തന്‍മാരെ സ്വ൪ഗ്ഗത്തിലേക്ക് സംഘമായും പാപികളെ നരകത്തിലേക്ക് സംഘവുമായാണ് കൊണ്ടുപോകുക എന്ന് ഖു൪ആന്‍ പറയുന്നു. അതുപോലെ പാപികളെ ചങ്ങലകളില്‍ ബന്ധിച്ച് മലക്കുകളോട് നരകത്തിലേക്ക് എറിയുവാന്‍ അല്ലാഹു കല്‍പ്പിക്കുന്നത് ഖു൪ആന്‍ പ്രസ്താവിക്കുന്നു. വിശ്വാസകാര്യങ്ങള്‍ക്ക് അവലംബം ഖു൪ആനും മുതവാത്വിറായ ഹദീസുമാണ്.(ജൌഹറുതൌഹീദ്)’. (സുല്ലമിയുടെ ബുഖാരി പരിഭാഷ 3/838)

പ്രസ്തുത അദ്ധ്യായത്തിന് ‘സ്വിറാത്ത് നരകത്തിന്റെ പാലം’ എന്ന് പേര് നല്‍കുകയും സ്വിറാത്ത് എന്നത് നരകത്തിന്റെ പാലമാണെന്നതിന് രണ്ട് ഹദീസുകള്‍ നല്‍കി കൃത്യമായി വിവരിച്ചിട്ടും അത് അംഗീകരിക്കാതെ മറ്റ് ന്യായങ്ങള്‍ പറയുന്നത് ഹദീസുകളെ തങ്ങളുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നതിനാലാണ്.

ഈ അദ്ധ്യായത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു ഹജ൪ അസ്കലാനി എഴുതുന്നു: വിശ്വാസികള്‍ സ്വ൪ഗ്ഗത്തിലേക്ക് കടന്നുപോകാന്‍ വേണ്ടി നരകത്തിന് മുകളില്‍ സ്ഥാപിക്കപ്പെടുന്ന ഒരു പാലമാണത്. (ഫത്ഹുല്‍ ബാരി: 11/64)

അബ്ദുസ്സലാം സുല്ലമി വീണ്ടും എഴുതുന്നു: പാലം എന്നതിന്റെ വിവക്ഷ വ്യാഖ്യാനിക്കപ്പെടുന്നതാണ്. തുലാസ് എന്നതിനെ പണ്ഢിതന്‍മാ൪ വ്യാഖ്യാനിക്കുന്നതുപോലെ. (അബ്ദുസ്സലാം സുല്ലമിയുടെ രിയാളുസ്സ്വാലിഹീന്‍ പരിഭാഷ:3/65)

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവും അവന്റെ റസൂലും ഈ വിഷയത്തില്‍ എന്തുപറഞ്ഞിട്ടുണ്ടോ അതു കൂട്ടാതെ കുറക്കാതെ അംഗീകരിക്കുയാണ് വേണ്ടത്. സ്വിറാത്തിനെ എതി൪ക്കുകയോ നിഷേധിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാതെ അത് അംഗീകരിക്കുകയും സ്വിറാത്തിലൂടെ സുരക്ഷിതമായി സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനുതകുന്ന ക൪മ്മങ്ങള്‍ ചെയ്യുകയും അതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുകയുമാണ് വേണ്ടത്.

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.