ഇബ്‌റാഹിം നബി عليه السلام യുടെ പൗത്രനായ യഅ്ക്വൂബ് നബി عليه السلام യുടെ സന്താന പരമ്പരയിൽ ഏതാണ്ട് ആയിരത്തോളം വർഷങ്ങൾക്കുശേഷമാണ് ദാവൂദ് നബി عليه السلام ജനിക്കുന്നത്. ഇസ്രാഈൽ ജനതയിലേക്ക് പ്രവാചകനായി നിയോഗിച്ചതോടൊപ്പം രാജാധിപത്യവും നൽകികൊണ്ട് അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിച്ചു. ഈ മഹാനായ പ്രവാചകന്റെ പുത്രനാണ് സുലൈമാൻ നബി عليه السلام. പ്രവാചകത്വത്തോടൊപ്പം രാജാധിപത്യം നൽകിക്കൊണ്ട് അദ്ദേഹത്തെയും അല്ലാഹു അനുഗ്രഹിച്ചു.
മനുഷ്യന് സ്വതന്ത്രമായി ഒരിക്കലും ചെയ്യാൻ സാധിക്കാത്തതും നേടിയെടുക്കാൻ സാധിക്കാത്തതുമായ കാര്യങ്ങളാണ് അല്ലാഹു അവന്റെ ദൃഷ്ടാന്തമായി (മുഅ്ജിസത്തായി) പ്രവാചകൻമാരിലൂടെ പ്രകടമാക്കിയിട്ടുളളത്. പ്രാവാചകൻമാരുടെ കാലഘട്ടത്തിൽ ജീവിച്ച ജനങ്ങളുടെ അവസ്ഥയും ഗ്രാഹ്യതയും പരിഗണിച്ചായിരിക്കും അവർക്ക് ആവശ്യമുള്ള രൂപത്തിൽ അല്ലാഹു അവിടേക്ക് നിയോഗിച്ച പ്രവാചകന് ദൃഷ്ടാന്തങ്ങൾ നൽകുന്നത്. സുലൈമാൻ നബി عليه السلام യുടെ പിതാവായ ദാവൂദ് നബി عليه السلام ക്ക് രാജാധിപത്വം നൽകിയത് അത്ഭുതകരമായ പല ദൃഷ്ടാന്തങ്ങളിലൂടെയുമായിരുന്നു. ശേഷം സുലൈമാൻ നബി عليه السلام ഒരു രാജാവ് എന്ന നിലയ്ക്കും അല്ലാഹുവിന്റെ ഒരു പ്രവാചകൻ എന്ന നിലയ്ക്കും ജനങ്ങളെ അഭിസംബോധന ചെയ്യുകയുണ്ടായി. അദ്ദേഹം ജനങ്ങളെ ഉപദേശിക്കുന്നതെല്ലാം അല്ലാഹുവിൽനിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലാണെന്ന് ജനങ്ങൾക്ക് ശരിക്കും ബോധ്യമാകേണ്ടതുമുണ്ട്. അതുകൊണ്ടാണ്, സിഹ്‌റിന്റെയും മാന്ത്രികവിദ്യയുടെയുമൊക്കെ അതിപ്രസരം നിലനിന്ന കാലത്ത്, അതിനെയെല്ലാം അതിജയിക്കുന്ന രൂപത്തിലുളള വലിയ ദൃഷ്ടാന്തങ്ങൾ അല്ലാഹു സുലൈമാൻ നബി عليه السلام യിലൂടെ ജനങ്ങൾക്ക് കാണിച്ചുകൊടുത്തത്.
പക്ഷികളെ ഉപയോഗപ്പെടുത്തി ആവശ്യമുളള ചില കാര്യങ്ങൾ നേടിയെടുത്തിരുന്ന ഒരു കാലഘട്ടത്തിലാണ് സാധാരണ ഒരു മനുഷ്യന് ചിന്തിക്കാൻപോലും കഴിയാത്ത രൂപത്തിൽ അതിനെ സുലൈമാൻ നബി عليه السلام ക്ക് അല്ലാഹു കീഴ്‌പ്പെടുത്തികൊടുക്കുന്നത്. പക്ഷികളും ഉറുമ്പുകളുമായി സംസാരിക്കുന്നതടക്കം നിരവധി അത്ഭുതദൃഷ്ടാന്തങ്ങൾ സുലൈമാൻ നബി عليه السلامക്ക് നൽകിയതായി ക്വുർആൻ ചൂണ്ടികാണിക്കുന്നുണ്ട്. ഇന്നത്തെ യമനിന്റെ പുരാതന സംസ്ഥാനമായ സബഅ് പ്രദേശത്ത് വസിക്കുന്നവർ സൂര്യനെ ആരാധിച്ചിരുന്നത് വിട്ടുകൊണ്ട് ഏകദൈവ ആരാധനയിലേക്ക് കടന്നുവന്നത് ഹുദ്ഹുദ് എന്ന് പേരുളള ഒരു മരംകൊത്തി പക്ഷിയുമായി സുലൈമാൻ നബിعليه السلام നടത്തിയ സംഭാഷണത്തിന്റെ ഭാഗമായിട്ടാണ്. ഇതേ പക്ഷിയെ തന്നെയാണ് സുലൈമാൻ നബി عليه السلام അവരെ തൗഹീദിലേക്ക് ക്ഷണിക്കാനുളള ദൂതുമായി നിയോഗിച്ചയക്കുന്നതും.
സുലൈമാൻ നബി عليه السلام പക്ഷിയെ ഉപയോഗപ്പെടുത്തിയത് പോലെ, അല്ലാഹു അദ്ദേഹത്തിന് കാറ്റിനെയും ജിന്നുകളെയുമൊക്കെ കീഴ്‌പെടുത്തി കൊടുത്തിരുന്നു. അല്ലാഹു പറഞ്ഞു:
وَلِسُلَيْمَٰنَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ ۖ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ
സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു). അതിന്റെ പ്രഭാതസഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്‌ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന് നാം ചെമ്പിന്റെ ഒരു ഉറവ് ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രക്ഷിതാവിന്റെ കൽപനപ്രകാരം അദ്ദേഹത്തിന്റെ മുമ്പാകെ ജിന്നുകളിൽ ചിലർ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ആരെങ്കിലും നമ്മുടെ കൽപനക്ക് എതിരുപ്രവർത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്. (ഖു൪ആന്‍:34/12)
ശക്തിയായി അടിച്ചുവിശൂന്ന കാറ്റിനെ സുലൈമാൻ നബി عليه السلام യുടെ ഇഷ്ടമനുസരിച്ച് ഈ ഭൂമിയിൽ ആവശ്യമുള്ളേടത്തേക്ക് സഞ്ചരിക്കുന്ന വിധത്തിൽ കീഴ്‌പെടുത്തിക്കൊടുത്തു. ഈ ദുനിയാവിലുള്ള ഒരു മനുഷ്യനും സാധിക്കാത്ത രൂപത്തിൽ വേഗത്തിലും സൗകര്യത്തിലും യാത്രചെയ്യുവാൻ സുലൈമാൻ നബി عليه السلام ക്ക് സാധിച്ചു.
കാറ്റിന്റെ സഹായത്താൽ അദ്ദേഹം തേരിൽ കയറി ഉച്ചയാകുമ്പോഴേക്കു തലസ്ഥാനമായ ദിമിശ്ഖി(ഡമസ്‌കസി)ൽനിന്നു ഇസ്തഖ്‌റിലേക്കും രാത്രിയാകുമ്പോഴേക്ക് അവിടെനിന്നു കാബൂളിലേക്കും എത്തിയിരുന്നുവെന്നു ഹസൻ ബസ്വരീ رحمه الله പ്രസ്താവിച്ചുകാണുന്നു. (അമാനി തഫ്‌സീർ, സബഅ് 12ന്റെ വ്യാഖ്യാനം)
ചെമ്പുദ്രാവകത്തിന്റെ ഉറവൊഴുക്കിക്കൊടുത്തതാണ് സുലൈമാൻ നബി عليه السلام ക്കു നൽകപ്പെട്ട മറ്റൊരു അനുഗ്രഹം. ധാരാളം ചെമ്പ് ലഭിക്കുന്ന ഖനികൾ ഏർപ്പെടുത്തിക്കൊടുക്കുകയും ഉറവുജലം പോലെ ഉദ്ദേശപ്രകാരം അതു ഉപയോഗപ്പെടുത്താൻ സൗകര്യം നൽകുകയും ചെയ്തിരുന്നുവെന്നു സാരം. പിതാവിന്റെ കാലത്തു പല പ്രകാരത്തിലും ഇരുമ്പു നിഷ്പ്രയാസം ഉപയോഗിക്കുവാൻ സാധിപ്പിച്ചതുപോലെ, ചെമ്പുകൊണ്ടുള്ള പലതും അതീശീഘ്രം നിർമിക്കുവാൻ പുത്രന്റെ കാലത്തും അല്ലാഹു സൗകര്യപ്പെടുത്തിക്കൊടുത്തു. (അമാനി തഫ്‌സീർ, സബഅ് 12ന്റെ വ്യാഖ്യാനം)
അതുപോലെ ജിന്നുകളെയും, വിശിഷ്യാ ജിന്നുവിഭാഗത്തിൽപെട്ട പിശാചുക്കളെയും അല്ലാഹു സുലൈമാൻ നബി عليه السلام ക്ക് കീഴ്‌പെടുത്തികൊടുത്തിരുന്നു. അവരെ ഉപയോഗപ്പെടുത്തി അദ്ദേഹം വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുകയും മറ്റു ഭാരിച്ച പല ജോലികളിലും ഉത്സുകമാക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞു:
يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٍ كَٱلْجَوَابِ وَقُدُورٍ رَّاسِيَٰتٍ ۚ
അദ്ദേഹത്തിനുവേണ്ടി ഉന്നത സൗധങ്ങൾ, ശിൽപങ്ങൾ, വലിയ ജലസംഭരണിപോലെയുള്ള തളികകൾ, നിലത്ത് ഉറപ്പിച്ച് നിർത്തിയിട്ടുള്ള പാചക പാത്രങ്ങൾ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവർ (ജിന്നുകൾ) നിർമിച്ചിരുന്നു. (ഖു൪ആന്‍:34/13)
സുലൈമാൻ നബി عليه السلام യുടെ സൈന്യത്തിൽ മനുഷ്യവിഭാഗം മാത്രമല്ല ജിന്നുവിഭാഗവും പക്ഷികളും ഉണ്ടായിരുന്നതായി അല്ലാഹു പറയുന്നു:
وَحُشِرَ لِسُلَيْمَٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ
സുലൈമാന്ന് ജിന്ന്, മനുഷ്യൻ, പക്ഷി എന്നിവയിൽനിന്നുള്ള അദ്ദേഹത്തിന്റെ സൈന്യങ്ങൾ ശേഖരിക്കപ്പെട്ടു. (ഖു൪ആന്‍:27/17)
ഭൗതികമായ ഒരു അനുഗ്രഹമെന്ന നിലയ്ക്ക് സമുദ്രത്തിൽ മുങ്ങി മുത്തുകൾ എടുത്തുകൊണ്ടുവരുന്നതടക്കമുളള പല പ്രവൃത്തികളും സുലൈമാൻ നബി عليه السلام ഈ പിശാചുക്കളെകൊണ്ട് ചെയ്യിപ്പിച്ചിരുന്നു. ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞതായി മുഫസ്സിറുകൾ രേഖപ്പേടുത്തുന്നുണ്ട്; മരുഭൂമിയിൽ യാത്ര ചെയ്യുന്ന സമയത്ത് സുലൈമാൻ നബി عليه السلام ക്ക് വെള്ളം ആവശ്യമായി വന്നാൽ ഭൂമിക്കടിയിൽ ഏത് പ്രദേശത്താണ് വെള്ളം സ്ഥിതിചെയ്യുന്നത് എന്ന് സുലൈമാൻ നബി عليه السلامക്ക് പക്ഷികൾ അറിയിച്ചുകൊടുക്കുകയും തദടിസ്ഥാനത്തിൽ ആ സ്ഥലം ജിന്നുകളെക്കൊണ്ട് അദ്ദേഹം കുഴിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
സബഇലെ രാജ്ഞിയുടെ സിംഹാസനം സുലൈമാൻ നബി عليه السلام യുടെ സദസ്സിലേക്ക് കൊണ്ടുവന്ന സംഭവത്തെ കുറിച്ച് കെ.പി. മുഹമ്മദ് മൗലവി رحمه الله എഴുതി: “സൃഷ്ടികളുടെ കഴിവിൽ പെടാത്ത കാര്യങ്ങൾ അല്ലാഹു നേരിട്ട് അവന്റെ ദൂതൻമാർ മുഖേന വെളിപ്പെടുത്തികൊടുക്കുന്നതാണല്ലോ ദൈവികദൃഷ്ടാന്തം (അഥവാ മുഅ്ജിസത്ത്). ഇവിടെ അല്ലാഹു സുലൈമാൻ നബിയിലൂടെ ഒരു ദൃഷ്ടാന്തം വെളിപ്പെടുത്തുന്നു. ബൽഖീസ് തുടങ്ങി എല്ലാവർക്കും സുലൈമാൻ നബിയിലൂടെ ദൃഷ്ടാന്തം വെളിപ്പെടുത്താൻ പോകയാണ്. അതിന്റെ തുടക്കമാണ് സുലൈമാൻ നബി ബൽഖീസിന്റെ സിംഹാസനം കൊണ്ടുവരാൻ ആർക്കെങ്കിലും കഴിയുമോ എന്നു ചോദിച്ചത്.
അവിടെയുളള മനുഷ്യർ ആരും മുന്നോട്ടുവന്നില്ല. അപ്പോൾ മനുഷ്യർക്കാർക്കും രാജ്ഞി വരുന്നതിന് മുമ്പ് സിംഹാസനം കൊണ്ടുവരാൻ സാധ്യമല്ല എന്നു വ്യക്തമായി. പിന്നെ ജിന്നുകളിലെ ശക്തനായ ഒരു മല്ലൻ പറഞ്ഞത് സുലൈമാൻ നബിയുടെ സദസ്സ് പിരിയുന്നതിന് മുമ്പായി അതു കൊണ്ടുവരാൻ എനിക്ക് കഴിയും എന്നാണ്. അപ്പോൾ ഉടൻ എത്തിക്കുവാൻ അവനും സാധ്യമല്ലെന്നു തെളിഞ്ഞു. മനുഷ്യവർഗത്തിലോ ജിന്നു വർഗത്തിലോ പെട്ട ഒരാൾക്കും ഉടൻ അതുകൊണ്ടുവരാൻ സാധ്യമല്ലെന്ന് വ്യക്തമായി. അത് സൃഷ്ടികളുടെ കഴിവിന്നപ്പുറമുളള കാര്യമാണെന്ന് സാരം. ഇവിടെയതാ സുലൈമാൻ നബി عليه السلام പ്രവാചകനാണെന്നതിനുളള വ്യക്തമായ ദൃഷ്ടാന്തം (മുഅ്ജിസത്ത്) അല്ലാഹു തെളിയിക്കുന്നു. അങ്ങനെ സുലൈമാൻ നബി عليه السلام അല്ലാഹുവിന്റെ നിർദേശകപ്രകാരം പ്രസ്താവിക്കുന്നത് കാണുക:
قَالَ ٱلَّذِى عِندَهُۥ عِلْمٌ مِّنَ ٱلْكِتَٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ
വേദത്തിൽനിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആൾ (സുലൈമാൻ നബി) പറഞ്ഞു: താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കൾക്ക് (മല്ലന്) കൊണ്ടുവന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കൽ സ്ഥിതി ചെയ്യുന്നതായി (സുലൈമാൻ നബി) കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ നന്ദികാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നൽകിയ അനുഗ്രഹത്തിൽപെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവൻ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീർച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉൽകൃഷ്ടനുമാകുന്നു. (ഖു൪ആന്‍:27/40)
ഇവിടെ കണ്ണുചിമ്മി തുറക്കുന്നതിനു മുമ്പായി സിംഹാസനം കൊണ്ടുവന്നത് സുലൈമാൻ നബിക്ക് അല്ലാഹു നൽകിയ ഒരു ദൃഷ്ടാന്തമാണ്. അത് അവിടെയുളള എല്ലാവർക്കും ബോധ്യപ്പെടുന്നതുപോലെ ബൽഖീസിനും അവിടെ വരുമ്പോൾ ബോധ്യപ്പെടുമല്ലോ. അങ്ങനെ സൃഷ്ടികളുടെ കഴിവിന്നതീതമായ ഈ ദൃഷ്ടാന്തത്തിലൂടെ സുലൈമാൻനബിയുടെ ദൈവിക ദൗത്യം വ്യക്തമായിക്കഴിഞ്ഞു. (വിശ്വാസം; ഭാഗം 2, പേജ് 135,136)
ആലോചിക്കുക! ഫലസ്തീൻ പ്രദേശം ഭരിച്ചിരുന്ന ഒരു രാജാവ് അല്ലാഹുവിന്റെ പ്രവാചകനാണ്. അല്ലാഹു ആ പ്രവാചകനിലൂടെ വെളിപ്പെടുത്തിത് മഹാഅത്ഭുതങ്ങളാണ്. ഈ ദുനിയാവിൽ ആർക്കും ലഭിക്കാത്തത്ര ഭൗതികമായ വിഭവങ്ങളാണ് സുലൈമാൻ നബി عليه السلامയുടെ രാജവാഴ്ചയിൽ അല്ലാഹു അദ്ദേഹത്തിന് നൽകിയത്. എന്നാൽ ഈ അനുഗ്രഹങ്ങളെല്ലാം സുലൈമാൻ നബി عليه السلام ക്ക് ലഭിച്ചതിനെ കുറിച്ച് പിൽകാലത്ത് പിശാചുക്കൾ തെറ്റായ രൂപത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചു. സിഹ്‌റിലൂടെയാണത്രെ സുലൈമാൻ നബി عليه السلام ഇതെല്ലാം നേടിയെടുത്തത്. യഹൂദികൾ ഈ കള്ളവാർത്ത സ്വീകരിക്കുകയും ചെയ്തു. അതിനെ വിമർശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ
സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കൾ പറഞ്ഞു പരത്തികൊണ്ടിരുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു. (ഖു൪ആന്‍:2/102)
കെ. ഉമർ മൗലവി رحمه الله എഴുതി: മനുഷ്യരുടെ വിശ്വാസവും നടപടിയും സ്വഭാവവും ദുഷിപ്പിക്കുവാൻ പ്രയത്‌നിക്കുന്നവരാണ് പിശാചുക്കൾ. അത്തരക്കാരായ മനുഷ്യരും ജിന്നുകളും പിശാചുക്കളാകുന്നു. സുലൈമാൻ നബി عليه السلام രാജാവായതും ജിന്നുകളും പറവകളും കാറ്റുമെല്ലാം അദ്ദേഹത്തിന് സ്വാധീനമായതും കൂടോത്രവും മന്ത്രവാദവും കൊണ്ടാണെന്നും, അദ്ദേഹം ഏറ്റവും വലിയ സാഹിറും (ആഭിചാരകനും) മന്ത്രവാദിയുമായിരുന്നു എന്നും ഇസ്രാഈല്യർ പ്രചരിപ്പിച്ചു. ആഭിചാരത്തിന്റെ വക്താക്കൾ ഇന്നും ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു. സുലൈമാൻ നബിക്ക് ഒരു മാന്ത്രികമോതിരമുണ്ടായി രുന്നുവെന്നും ആ മോതിരം മുഖേനയാണ് രാജവാഴ്ച നിലനിന്നുപോന്നതെന്നും, ഒരിക്കൽ കക്കൂസിൽ പോയപ്പോൾ മോതിരം ഊരി വെള്ളാട്ടിയുടെ പക്കൽ കൊടുത്തേൽപിച്ചത് നബിയുടെ വേഷത്തിൽ ഇബ്‌ലീസ് വന്ന് വാങ്ങികൊണ്ടുപോയെന്നും, അതിനാൽ നബിയുടെ രാജവാഴ്ച നഷ്ടപ്പെട്ടുപോയെന്നും മറ്റും യഹൂദികൾ പറയുന്നു. ‘ഖാതമു സുലൈമാൻ’ എന്ന് മന്ത്രവാദികൾ പറയുന്നത് ഇതിനെപ്പറ്റിയാണ്. പിശാചുക്കളുടെ പ്രചാരവേല പിൻതുടർന്നു എന്നുവെച്ചാൽ സിഹ്‌റും (ആഭിചാരം) മന്ത്രവാദവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്തു എന്നുതന്നെ. ഈ യഹൂദി മാതൃക മുസ്‌ലിം സമുദായത്തിലും പ്രചരിച്ചിരിക്കുന്നു. (തർജുമാനുൽ ക്വുർആൻ, അൽബക്വറഃ 102ന്റെ വ്യാഖ്യാനം)
സുലൈമാൻ നബി عليه السلام ക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഭൂലോകത്ത് ആർക്കും ലഭിക്കാത്തതും അത്ഭുതകരവും അതിമഹത്തരവുമായിരുന്നു. സുലൈമാൻ നബി عليه السلامയുടെ രാജവാഴ്ച സിഹ്‌റിലൂടെ നേടിയെടുത്തതാണെന്ന് പിശാചുക്കൾ പ്രചരിപ്പിച്ചു. ജനങ്ങൾക്കിടയിൽ അത്രമാത്രം സ്വീകാര്യത ലഭിച്ച ഒരു ദുഷിച്ച ഏർപ്പാടായിരുന്നു സിഹ്ർ. യഹൂദികൾ സിഹ്‌റിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും സുലൈമാൻ നബി عليه السلام യെ മാരണം കൈകാര്യ ചെയ്തിരുന്ന വിദഗ്ധനായ ഒരു രാജാവായി പരിചയപ്പെടുത്തുകയും ചെയ്തു. അല്ലാഹു കൊടുത്ത മികച്ച ദൃഷ്ടാന്തങ്ങളെ സിഹ്‌റിലൂടെ നേടിയെടുത്ത കഴിവുകളായി ചിത്രീകരിച്ചുകൊണ്ട് പിശാചുക്കളാണ് ജനങ്ങൾക്കിടയിൽ ഈ തെറ്റായ വാർത്ത ആദ്യം പ്രചരിപ്പിച്ചത്.
സംഭവം ഇങ്ങനെ: സുലൈമാൻ നബി عليه السلام യുടെ രാജവാഴ്ചക്ക് മുമ്പ് ജനങ്ങൾ സിഹ്‌റിന്റെ പ്രവർത്തനങ്ങളിൽ ധാരാളമായി മുഴുകിയിരുന്നു. ഈയൊരു കൃത്യം ജനങ്ങൾക്കിടയിൽ വ്യാപകമാക്കുന്നതിന് ആവശ്യമായുളള എല്ലാ സഹായങ്ങളും പിശാചുക്കൾ മാരണം ചെയ്തുകൊടുക്കുന്നവർക്ക് ചെയ്തുകൊടുത്തിരുന്നു. പൊതുവിൽ ഇതെങ്ങനെ സംഭവിക്കുന്നു എന്നത് നബി ﷺ പഠിപ്പിച്ചു തന്നിട്ടുളളതാണ്.
عَنْ أَبِي هُرَيْرَةَ رضي الله عنه أن النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (إِذَا قَضَى اللَّهُ الْأَمْرَ فِي السَّمَاءِ ضَرَبَتْ الْمَلَائِكَةُ بِأَجْنِحَتِهَا خُضْعَانًا ؛ لِقَوْلِه كَالسِّلْسِلَةِ عَلَى صَفْوَانٍ ، قَالَ عَلِيٌّ (أي : على ابن المديني) ، وَقَالَ غَيْرُهُ : صَفْوَانٍ يَنْفُذُهُمْ ذَلِكَ ( فَإِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ قَالُوا لِلَّذِي قَالَ الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ) ، فَيَسْمَعُهَا مُسْتَرِقُو السَّمْعِ وَمُسْتَرِقُو السَّمْعِ هَكَذَا وَاحِدٌ فَوْقَ آخَرَ ، وَوَصَفَ سُفْيَانُ (أي : سفيان ابن عيينة ) بِيَدِهِ وَفَرَّجَ بَيْنَ أَصَابِعِ يَدِهِ الْيُمْنَى نَصَبَهَا بَعْضَهَا فَوْقَ بَعْضٍ فَرُبَّمَا أَدْرَكَ الشِّهَابُ الْمُسْتَمِعَ قَبْلَ أَنْ يَرْمِيَ بِهَا إِلَى صَاحِبِهِ فَيُحْرِقَهُ وَرُبَّمَا لَمْ يُدْرِكْهُ حَتَّى يَرْمِيَ بِهَا إِلَى الَّذِي يَلِيهِ إِلَى الَّذِي هُوَ أَسْفَلَ مِنْهُ حَتَّى يُلْقُوهَا إِلَى الْأَرْضِ ، فَتُلْقَى عَلَى فَمِ السَّاحِرِ فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ فَيُصَدَّقُ فَيَقُولُونَ : أَلَمْ يُخْبِرْنَا يَوْمَ كَذَا وَكَذَا يَكُونُ كَذَا وَكَذَا فَوَجَدْنَاهُ حَقًّا لِلْكَلِمَةِ الَّتِي سُمِعَتْ مِنَ السَّمَاءِ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആകാശത്തിൽവെച്ച് ഒരു കാര്യം തീരുമാനിക്കുകയും ആ തീരുമാനം മലക്കുകളെ അറിയിക്കുകയും ചെയ്താൽ, മലക്കുകൾ അവന്റെ കൽപനക്ക് വിധേയത്വം കാണിച്ചുകൊണ്ട് ചിറകുകൾ അടിക്കും. ഒരു മിനുസായ വെള്ളക്കല്ലിൻമേൽ ചങ്ങല വലിക്കുന്ന ശബ്ദം പോലെയായിരിക്കുമത്. മലക്കുകളുടെ ഹൃദയങ്ങളിൽ നിന്ന് നടുക്കം നീങ്ങിപ്പോയാൽ അവർ പരസ്പരം ചോദിക്കും: ‘എന്താണ് നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത്?’ അല്ലാഹുവിന്റെ കൽപന ചൂണ്ടിക്കാട്ടികൊണ്ട് അവർ പറയും: ‘സത്യമാണ് അവൻ കൽപിച്ചിരിക്കുന്നത്. അവൻ അത്യുന്നതനും മഹാനുമത്രെ.’ കട്ടുകേൾക്കാനിരിക്കുന്ന പിശാചുക്കൾ ഈ സംഭാഷണം കേൾക്കും. കട്ടുകേൾക്കുന്നവർ ഒരുത്തന്റെ മീതെ മറ്റൊരുത്തനായി നിലകൊണ്ടാണ് അപ്രകാരം ചെയ്യുക. നിവേദകൻ (സുഫ്‌യാൻ) തന്റെ വിരലുകൾകൊണ്ട് ഈ രീതി വിവരിച്ചു. ചിലപ്പോൾ ഏറ്റവും മുകളിലിരുന്നു കട്ടുകേൾക്കുന്നവന് താൻ കേട്ടത് തന്റെ അടുത്തിരിക്കുന്ന പിശാചിന് എത്തിച്ചുകൊടുക്കും മുമ്പുതന്നെ അഗ്‌നികൊണ്ടുളള ഏറ് കിട്ടും. അപ്പോൾ അവർ കത്തിക്കരിഞ്ഞുപോകും. ചിലപ്പോൾ അവൻ തന്റെ അടുത്ത ആൾക്ക് കൊടുത്തുകഴിഞ്ഞ ശേഷമായിരിക്കും അവന് അഗ്‌നികൊണ്ടുളള ഏറ് കിട്ടുക. അപ്പോഴേക്കും ആ വിവരം അടുത്തുളളവർക്ക് അവൻ പകർന്ന് അവസാനം ഭൂമിയിലേക്ക് ആ വാർത്ത എത്തിക്കും. അവസാനം അത് മാരണക്കാരന് നൽകും. അവൻ അതിന്റെ കൂടെ നൂറ് നുണകൾ കൂട്ടിപ്പറയും. അന്നേരം ജനങ്ങൾ അവന്റെ വാക്ക് വിശ്വസിക്കും. ‘ഇന്നദിവസം ഇന്നത് സംഭവിക്കുമെന്ന് അയാൾ നമ്മോട് പ്രവചിച്ചിരുന്നില്ലേ? അത് സത്യമായി ഇപ്പോൾ പുലർന്നത് നാം കണ്ടു കഴിഞ്ഞല്ലോ’ എന്ന് ജനങ്ങൾ പറയാൻ തുടങ്ങും. വാസ്തവത്തിൽ ആകാശത്തുനിന്ന് പിശാചുക്കൾ കട്ടുകേട്ട വാർത്തയായിരിക്കും അത്. (ബുഖാരി 4701)
സുലൈമാൻ നബി عليه السلام യുടെ കാലഘട്ടത്തിലും, നേരത്തെ സൂചിപ്പിച്ച സംഭവങ്ങൾ പിശാചുക്കളുടെ ഇടപെടലിൽ തുടരുകയും ശക്തിപ്പെടുകയും ചെയ്തു. പിശാചുകൾ നൽകുന്ന കെട്ടുകഥകളും സാഹിറുകൾ സ്വന്തം കൈകൊണ്ട് കെട്ടിച്ചമച്ച കള്ളങ്ങളും ജനങ്ങൾ എഴുതിവെച്ച് പലതരത്തിലാക്കി. ഇതുവഴി, സിഹ്‌റിന്റെ പ്രവർത്തനമേഖലയും സ്വാധീനവുമെല്ലാം അവർ വിപുലീകരിച്ചു. എത്രത്തോളമെന്നാൽ, ഗ്വൈബിയായ (അദൃശ്യ) കാര്യങ്ങൾ ജിന്നുകൾക്കും മാരണക്കാരനുമൊക്കെ അറിയാമെന്ന ജൽപനങ്ങൾ ഇസ്രാഈൽ ജനതയിൽപെട്ട സാഹിറുകൾ സാധാരണക്കാരിലേക്ക് ഇട്ടുകൊടുത്തു. ഈ തെറ്റായ വിശ്വാസം ബാബിലോണിലെ ജനങ്ങളിൽ അധികം വൈകാതെ ആഴത്തിൽതന്നെ വേരൂന്നി. അതിന്റെ ഫലമായി, സത്യനിഷേധം നിറഞ്ഞ തെറ്റായ ഉപദേശങ്ങൾ അനുസരിച്ച് ജീവിതം നയിച്ച ഒരു വഴിതെറ്റിയ സമൂഹം അവിടെയുണ്ടായി.
ഈ കാലഘട്ടത്തിൽ സുലൈമാൻ നബി عليه السلام അവരിലേക്കും പ്രവാചകനായി നിയോഗിക്കപ്പെട്ടു. സിഹ്‌റിനെക്കുറിച്ച് രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളും മറ്റും സുലൈമാൻ നബി عليه السلام തന്റെ എല്ലാ അധികാരങ്ങളും ശക്തിയും ഉപയോഗപ്പെടുത്തി ശേഖരിച്ചു. അവ ഒരിക്കലും ജനങ്ങളുടെ കൈകളിൽ എത്താതിരിക്കാൻ, അദ്ദേഹം അവയെല്ലാം ഭൂമിക്കടിയിൽ കുഴിച്ചിടുകയും ചെയ്തു. അതിനുശേഷം, പ്രവാചകനും രാജാവുമായ സുലൈമാൻ നബി عليه السلام ജനങ്ങളോട് പ്രഖ്യാപിച്ചു: ‘ആരെങ്കിലും പിശാചുകൾക്ക് (ഗ്വൈബ്) അദൃശ്യജ്ഞാനം അറിയാം എന്ന് വാദിച്ചാൽ, ഞാൻ അവരുടെ തല കൊയ്‌തെടുക്കും!’ ഈ ശക്തമായ നടപടിയിലൂടെ, ആ കാലഘട്ടത്തിലെ ജനങ്ങളെ സിഹ്‌റിന്റെ ആപത്തുകളിൽനിന്ന് രക്ഷപ്പെടുത്താൻ സുലൈമാൻ നബി عليه السلام ക്ക് സാധിച്ചു.
സുലൈമാൻ നബി عليه السلام യുടെ മരണശേഷം, പിശാചുക്കൾ വീണ്ടും ജനങ്ങളെ വഴിതെറ്റിക്കാൻ സിഹ്‌റിന്റെ അതേ പ്രവർത്തനങ്ങളുമായി രംഗത്തെത്തി. സുലൈമാൻ നബി عليه السلام യുടെ രാജവാഴ്ചയ്ക്കിടെ, ജിന്നുകൾ അദ്ദേഹത്തിന് കീഴടങ്ങിയതും കാറ്റിനെയും പക്ഷികളെയുമെല്ലാം നിയന്ത്രിക്കാൻ കഴിഞ്ഞതുമെതെല്ലാം സുലൈമാൻ നബി عليه السلام പഠിച്ച സിഹ്‌റിന്റെ ഫലമാണെന്ന് പിശാചുകൾ പ്രചരിപ്പിച്ചു. സുലൈമാൻ നബി عليه السلام ഭൂമിക്കടിയിൽ കുഴിച്ചിട്ടത്, അദ്ദേഹം പഠിച്ച വിജ്ഞാനങ്ങളാണെന്ന് പിശാചുകൾ ജനങ്ങളിൽ പ്രചരിപ്പിച്ചു. അവയെ വീണ്ടും പുറത്തെടുക്കാൻ കഴിയുമെങ്കിൽ, സുലൈമാൻ നബി عليه السلام യെപ്പോലെ മറ്റുളളവർക്കും അതേ ശക്തിയും പ്രയോജനങ്ങളും ലഭിക്കുമെന്ന് അവർ ജനങ്ങളെ വിശ്വസിപ്പിച്ചു. ഈ പ്രചാരണത്തിന്റെ ഫലമായി, സുലൈമാൻ നബി عليه السلام കുഴിച്ചുമൂടിയ സിഹ്‌റിന്റെ ഭാണ്ഡങ്ങൾ വീണ്ടും ജനങ്ങൾ കൈമാറിത്തുടങ്ങി. അങ്ങനെ, സിഹ്ർ യഹൂദർക്കിടയിൽ വീണ്ടും വ്യാപകമായി, ജനങ്ങൾ കൂട്ടത്തോടെ അതിൽ ആസക്തരാവുകയും കുഫ്‌റിലേക്ക് വഴുതിപ്പോകുകയും ചെയ്തു. അതാണ് അല്ലാഹു പറഞ്ഞത്:
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ
സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കൾ പറഞ്ഞുപരത്തികൊണ്ടിരുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു. (ഖു൪ആന്‍:2/102)
ഇവിടെ എന്താണ് സംഭവിച്ചത്? ഇസ്രാഈൽ ജനതയെ വഴിതെറ്റിക്കാൻ പിശാചുക്കൾ പണിയെടുക്കുകയായിരുന്നു. സുലൈമാൻ നബി عليه السلام യുടെ ഭരണകൂടവും അല്ലാഹു അദ്ദേഹത്തിന് നൽകിയ മറ്റു അനുഗ്രഹങ്ങളും സിഹ്‌റിലൂടെ നേടിയെടുത്തതാണെന്ന് പിശാചുക്കൾ വ്യാജ ആരോപണം നടത്തുകയും ജനങ്ങൾ ഈ തെറ്റായ പ്രചാരണത്തിന് അടിമപ്പെടുകയും സിഹ്ർ എന്ന വഞ്ചനയിലേക്ക് വീണ്ടും വഴുതിപ്പോകുകയും ചെയ്തു. എന്നാൽ അല്ലാഹു അവന്റെ ദാസനായ സുലൈമാൻ നബി عليه السلام യെ പരിശുദ്ധനാക്കികൊണ്ട് പറഞ്ഞു:
وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ
സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് ‘സിഹ്ർ’ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. (ഖു൪ആന്‍:2/102)
അൻവർ അബൂബക്കർ
www.kanzululoom.com