മുസ്‌ലിം സമുദായത്തിന് ഏറെ അപകടങ്ങള്‍ വരുത്തിവച്ച് വ്യതിചലിച്ചുപോയ കക്ഷികളാണ് ശിയാക്കള്‍. ഹിജ്‌റ 61ല്‍ ഹുസൈന്‍ رضي الله عنه കര്‍ബലയില്‍വച്ച് വധിക്കപ്പെട്ടതോടെ സംഘടിത രൂപംപൂണ്ട ഈ വിഭാഗത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഇസ്‌ലാമിന്റെ മുഖംമൂടി ധരിച്ച ജൂതനായിരുന്ന അബ്ദുല്ലാഹിബിനു സബഇലേക്കാണ് എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്.
ഇറാക്ക്, ഇറാന്‍, ബഹ്‌റൈന്‍, കുവൈത്ത്, പാക്കിസ്ഥാന്‍. ലബനാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഏറ്റവും ശക്തവും സംഘടിതവുമായി ഇവര്‍ ഇന്ന് നിലകൊള്ളുന്നു. മാത്രമല്ല ലോകത്തിന്റെ മറ്റു പല ഭാഗത്തും ഇവരുടെ സാന്നിധ്യമുണ്ട്. ഇവരുടെ വിശ്വാസങ്ങള്‍ പല രാജ്യങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും അത് മുസ്‌ലിംകളുടെ വിശ്വാസ, ആചാര, അനുഷ്ഠാന മേഖലയില്‍ കടന്നുകയറി അവയെ വികലമാക്കുകയും ചെയ്തിട്ടുണ്ട് എന്നത് അനിഷേധ്യമാണ്.
ശിയാക്കള്‍ യഥാര്‍ഥ മുസ്‌ലിംകളോ?
ലോകത്തിന്റെ കണ്ണില്‍ മുസ്‌ലിംകള്‍ രണ്ടു വിഭാഗമാണ്. ഒന്ന് സുന്നികള്‍ അഥവാ അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃ, രണ്ടാമത്തെത് ശിയാക്കള്‍. സാധാരണ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന കര്‍മശാസ്ത്ര ഭിന്നതകള്‍ പോലെയുള്ള എന്തൊക്കെയോ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് അഹ്‌ലുസ്സുന്നക്കും ശിയാക്കള്‍ക്കും ഇടയിലുള്ളത് എന്ന ധാരണവച്ചുപുലര്‍ത്തുന്ന ധാരാളം ആളുകളുണ്ട്. അതുകൊണ്ട് തന്നെ എന്താണ് ശിയാ വിശ്വാസങ്ങള്‍ എന്ന് ലളിതമായി വിവരിക്കുകയാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.
വളരെ അപകടകരവും മതത്തില്‍നിന്നുതന്നെ തെറിച്ചുപോകുന്നതുമായ അഞ്ച് വികലവിശ്വാസങ്ങളാണ് ശിയാക്കള്‍ പ്രധാനമായും വച്ചുപുലര്‍ത്തുന്നത്. ഇമാമത്ത് വാദം, ഇസ്വ്മത്ത് വാദം, തക്വിയ്യത്ത്, തഹ്‌രീഫുല്‍ക്വുര്‍ആന്‍, റജ്അത്ത് എന്നിവയാണവ. ഈ അഞ്ച് കാര്യങ്ങള്‍ എന്താണെന്ന് മനസ്സിലായാല്‍ തന്നെ ഇസ്‌ലാമുമായി ശിയാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് നമുക്ക് ബോധ്യപ്പെടും.
ഇമാമത്ത് വാദം
ശിയാക്കളിലെ ഇമാമിയ്യ വിഭാഗത്തിലെ എല്ലാ കക്ഷികള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസമില്ലാത്ത തും അവരുടെ ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും നിദാനമായതുമായ കാര്യമാണ് ഇമാമത്ത് വാദം. ഇക്കൂട്ടരുടെ വിശ്വാസകാര്യങ്ങളുടെ മുഴുവന്‍ അടിത്തറയും നിലകൊള്ളുന്നതും മുസ്‌ലിംകളുമായി അവരുടെ വിയോജിപ്പുകളുടെ പ്രധാനതലവും ഇതിലാണുള്ളത്.
എന്താണ് ഇമാമത്ത് വാദം? ഒരു വ്യക്തി വിശ്വാസിയാവണമെങ്കില്‍ സാധാരണ നമ്മള്‍ വിശ്വാസ കാര്യങ്ങളായി (ഈമാന്‍ കാര്യങ്ങള്‍) പറയുന്ന; അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിധിയിലും വിശ്വസിക്കുന്നതോടൊപ്പം അലി رضي الله عنه വിന്റെ വിലായത്തിലും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. വിലായത്തിലുള്ള വിശ്വാസം ഇല്ലാതെ ബാക്കി ആറു കാര്യങ്ങള്‍ വിശ്വസിച്ചാലും ഒരാളുടെ ഈമാന്‍ പൂര്‍ണമാവില്ല എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.
‘അലി رضي الله عنه വിന്റെ വിലായത്ത്’ എന്നതുകൊണ്ട് എന്താണ് വിവക്ഷ? നബി ﷺ തന്റെ മരണത്തിനു ശേഷം അലി رضي الله عنه വിനെക്കൊണ്ട് ഈ സമുദായത്തിന്റെ ഉത്തരവാദിത്തവും ഖിലാഫത്തും വസ്വിയ്യത്ത് ചെയ്തു എന്നും അദ്ദേഹമാണ് പ്രവാചകനു ശേഷം ഇസ്‌ലാം ദീനിന്റെ പൂര്‍ത്തീകരണം നിര്‍വഹിക്കുക എന്നുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. നുബുവ്വത്ത് (പ്രവാചകത്വം) പോലെ അല്ലാഹു നല്‍കുന്ന ഒരു സ്ഥാനമായിട്ടാണ് ഇതിനെ ഇവര്‍ കണക്കാക്കുന്നത്. അല്ലാഹു തന്റെ അടിമകളില്‍നിന്ന് അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രവാചകത്വം നല്‍കുന്നതുപോലെ മറ്റുചിലര്‍ക്ക് ഇമാമത്ത് നല്‍കുമെന്നതാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. ഇത്തരം പന്ത്രണ്ട് ഇമാമുരാണ് ഇമാമിയ്യ വിശ്വാസത്തില്‍ ഉള്ളത.് ഇവരിലെല്ലാം വിശ്വസിക്കല്‍ നിര്‍ബന്ധവുമാണ്!
ഇമാമത്ത് വിശ്വാസം ഉള്‍ക്കൊള്ളാത്തവരെല്ലാം അല്ലാഹുവില്‍ അവിശ്വസിച്ചവരാണെന്നാണ് ഇവരില്‍ ഭൂരിപക്ഷത്തിന്റെയും വാദം. ബാക്കിയുള്ളവരുടെ വാദം അവര്‍ വിശ്വാസികളല്ല, മറിച്ച് അധര്‍മകാരികളാണ് (ഫാസിക്വുകള്‍) എന്നുമാണ്.
ശിയാക്കളുടെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായ ‘അല്‍കാഫി’യില്‍ പറയുന്നത് നോക്കൂ: ”നിശ്ചയം, അലി رضي الله عنه വിനോടുള്ള അനുസരണക്കേട് കുഫ്‌റാകുന്നു. അദ്ദേഹത്തെക്കാളും ഇമാമത്തിന് അര്‍ഹരായി മറ്റാരെങ്കിലും ഉണ്ടെന്ന വിശ്വാസമാവട്ടെ ശിര്‍ക്കുമാണ്”(അല്‍കാഫി 1/52).
‘ഒരാള്‍ ഇമാമുകളില്‍ ഏതെങ്കിലും ഒരു ഇമാമിനെയോ അവര്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയ അനുസരണത്തെയോ നിഷേധിച്ചാല്‍ അവന്‍ കാഫിറും ശാശ്വത നരകപ്രവേശനത്തിന് അര്‍ഹനുമാണ്’ (ബിഹാറുല്‍ അന്‍വാര്‍ 33/390).
അലി رضي الله عنه പ്രവാചകന്റെ സ്വഹാബിയും(അനുചരന്‍) ഖലീഫമാരില്‍ ഒരാളും അഹ്‌ലുബൈത്തില്‍ (നബികുടുംബം) പെട്ട വ്യക്തിയും പ്രവാചകന്റെ മരുമകനും ഇസ്‌ലാമിന്റെ യോദ്ധാവും എന്നു തുടങ്ങി ധാരാളം വിശേഷണങ്ങളുള്ള വ്യക്തിയാണല്ലോ. ഇതെല്ലാം ഉള്‍ക്കൊള്ളുകയും അദ്ദേഹത്തെ സ്‌നേഹിക്കുകയും ചെയ്താലും അദ്ദേഹത്തിന്റെമേല്‍ ഇവര്‍ കെട്ടിവച്ച വിലായത്ത് വാദം ഉള്‍ക്കൊണ്ടില്ല എന്നതുകാരണം അഹ്‌ലുസ്സുന്നയുടെ ആളുകളുടെ വിശ്വാസം പൂര്‍ണമല്ല എന്നതാണ് ശിയാക്കളുടെ വാദം.
ശിയാ നേതാവ് മുഹമ്മദ് സ്വാദിഖ് റൂഹാനിയോട് ചോദിക്കപ്പെട്ടു: ‘അഹ്‌ലുസ്സുന്നയുടെ ആളുകള്‍ അലി رضي الله عنه വിനെ വെറുക്കുന്നില്ല. അവര്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിലായത്തിനെ അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ അവരുടെമേല്‍ കുഫ്ര്‍ (സത്യനിഷേധം അഥവാ അവിശ്വാസം) വിധിക്കാമോ? അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?’
അദ്ദേഹം നല്‍കിയ മറുപടി ഇതാണ്: ‘ഇബാദത്തുകളുടെ സ്വീകാര്യതക്ക് അമീറുല്‍ മുഅ്മിനീന്‍ അലി رضي الله عنه വിന്റെ വിലായത്തിലുള്ള വിശ്വാസം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ നിബന്ധന നഷ്ടപ്പെട്ട ഒരാള്‍ക്ക് എങ്ങനെയാണ് അതിനെത്തുടര്‍ന്നുള്ളത് ലഭിക്കുക?’
അഹ്‌ലുസ്സുന്നയുടെ ആളുകളുടെ കര്‍മങ്ങള്‍ പൂര്‍ണമല്ലെന്നും ഈ വിശ്വാസം ഉള്‍ക്കൊള്ളാത്തതിന്റെ പേരില്‍ അവരുടെ ഇബാദത്തുകള്‍കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നുമാണല്ലോ ഇതില്‍നിന്ന് ഇവരുടെ വാദമായി മനസ്സിലാകുന്നത്.
ശിയാ വിശ്വാസപ്രകാരം ഒരാള്‍ മുസ്‌ലിമാകണമെന്നുണ്ടെങ്കില്‍ ശഹാദത്ത് കലിമയില്‍ (സാക്ഷ്യവാക്യം) ഈ വാദംകൂടി പറയണം:
‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വ അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്, വ അന്ന അലിയ്യന്‍ വലിയുല്ലാഹ്’ (ആരാധനക്കര്‍ഹനായി അല്ലാഹു മാത്രമാണെന്നും നിശ്ചയം മുഹമ്മദ് ﷺ അല്ലാഹുവിന്റെദൂതനാണെന്നും അലി رضي الله عنه അല്ലാഹുവിന്റെ വലിയ്യാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു).
ഈ ഇമാമത്ത് വാദത്തെ എങ്ങനെയാണ് വിശ്വാസിയായ ഒരാള്‍ കേവല അഭിപ്രായ വ്യത്യാസമായി കണക്കാക്കുക? ഇതുപോലെത്തന്നെ അപകടകരമാണ് ബാക്കിയുള്ള നാലു കാര്യങ്ങളും.
ഇസ്വ്മത്ത് വാദം
ഇസ്വ്മത്ത് (പാപസുരക്ഷിതത്വം) വാദമാണ് ശിയാക്കളും അഹ്‌ലുസ്സുന്നയുമായുള്ള വിയോജിപ്പിലെ മറ്റൊരു പ്രധാന വിഷയം. ഇതാകട്ടെ അത്യധികം അപകടകരവുമാണ്. അല്ലാഹുവില്‍നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണല്ലോ പ്രവാചകന്മാരുടെ ദൗത്യം. ഈ ദൗത്യനിര്‍വഹണത്തില്‍ അവര്‍ക്ക് പ്രത്യേകം സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും യാതൊരു വിധത്തിലുള്ള പിഴവുകളോ കുറവുകളോ സംഭവിച്ചിട്ടില്ല, അവര്‍ പാപമുക്തരാണ് എന്നുമാണ് നമ്മള്‍ വിശ്വസിച്ചു പോരുന്നത്. ഇങ്ങനെ വിശ്വസിച്ചാല്‍ മാത്രമാണ് പ്രവാചകന്മാരിലുള്ള വിശ്വാസം പൂര്‍ണമാവുക.
എന്നാല്‍ ശിയാക്കള്‍ക്ക്, ‘പ്രവാചകന്മാര്‍ക്ക് ഇസ്വ്മത്ത് ഉള്ളതുപോലെ അലി رضي الله عنه വിനും അദ്ദേഹത്തിന് ശേഷമുള്ള മുഴുവന്‍ ഇമാമുമാര്‍ക്കും റബ്ബില്‍നിന്നുള്ള ഇസ്വ്മത്ത് ലഭിച്ചിട്ടുണ്ട്, അവരെല്ലാം പ്രവാചകന്മാരെ പോലെ തന്നെ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ്, അതിനാല്‍ത്തന്നെ ഈ സംരക്ഷണം അവര്‍ക്കുമുണ്ട്’ എന്ന വിശ്വാസം നിര്‍ബന്ധമാണ്.
ഇക്കാരണത്താല്‍തന്നെ തങ്ങളുടെ ഇമാമുമാരുടെ ഓരോ വാക്കിനും നബിമാരുടെ വാക്കുകളുടെ സ്ഥാനമാണ് ഇവര്‍ നല്‍കുന്നത്.
എത്രമാത്രം അപകടകരമാണ് ഈ വാദം എന്ന് ആലോചിച്ചുനോക്കൂ! ലോകമുസ്‌ലിംകളുടെ വിശ്വാസപ്രകാരം ‘സുന്നത്ത്’ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് പ്രവാചകന്റെ ചര്യകള്‍ എന്നതാണ്. അതാവട്ടെ ക്വുര്‍ആനിന്റെ വിശദീകരണമാണ്. അതിനാല്‍ തന്നെ അത് മതത്തിന്റെ പ്രമാണമാണ്. എന്നാല്‍ ശിയാ വിശ്വാസപ്രകാരം അവരുടെ ഇമാമുമാരില്‍നിന്നും ഉദ്ധരിക്കപ്പെടുന്നതിനെയും അവര്‍ സുന്നത്തായി പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ പ്രവാചകന്റെയും അവരുടെ മറ്റു ഇമാമുമാരുടെയും ചര്യകള്‍ക്കിക്കിടയില്‍ യാതൊരു വ്യത്യാസവും കല്‍പിക്കുന്നില്ല; എല്ലാം ഒരുപോലെ സുന്നത്തായി പരിഗണിക്കുന്നു.
ഇമാമത്ത് വാദം പോലെത്തന്നെ ഇസ്വ്മത്ത് വിശ്വാസം ഉള്‍കൊള്ളാത്ത മുഴുവന്‍ ആളുകളും കാഫിറുകളാണ് എന്നും അവര്‍ വാദിക്കുന്നു. ഇക്കാരണത്താല്‍ ആദ്യ മൂന്ന് ഖലീഫമാരും ഇസ്‌ലാമിന് പുറത്തും കുഫ്‌റിലുമാണ് എന്നാണ് ഇവരുടെ വിശ്വാസം. കാരണം അവരെല്ലാം അലി رضي الله عنه വിന്റെ മേല്‍ ഇവര്‍ കെട്ടിവച്ചതും അദ്ദേഹത്തിന് അറിയാത്തതുമായ ഇസ്വ്മത്തിനെ അംഗീകരിക്കാത്തവരാണ്. അവര്‍ മാത്രമല്ല, അവരുടെ ഖിലാഫത്തിന് ബൈഅത്ത് (അനുസരണപ്രതിജ്ഞ) ചെയ്ത മറ്റു സ്വഹാബിമാരും കാഫിറുകളാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.
എന്നാല്‍ സ്വഹാബിമാരെ കുറിച്ച് എന്താണ് ക്വുര്‍ആന്‍ പറയുന്നതെന്ന് നോക്കൂ:
ﻭَٱﻟﺴَّٰﺒِﻘُﻮﻥَ ٱﻷَْﻭَّﻟُﻮﻥَ ﻣِﻦَ ٱﻟْﻤُﻬَٰﺠِﺮِﻳﻦَ ﻭَٱﻷَْﻧﺼَﺎﺭِ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَٰﻦٍ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﺗَﺤْﺘَﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۚ ﺫَٰﻟِﻚَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ
മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവ൪ അതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.(ഖു൪ആന്‍:9/100)
അല്ലാഹു ഇഷ്ടപ്പെടുന്ന, അവന്‍ സ്വര്‍ഗമുണ്ട് എന്ന് സന്തോഷവാര്‍ത്തയറിയിച്ച സ്വഹാബിമാരെ കുറിച്ച് വളരെ മോശമായ ചിന്താഗതിവച്ചുപുലര്‍ത്തുന്ന, കാഫിറുകള്‍ എന്ന് മുദ്രകുത്തുന്ന ഇവരല്ലേ യഥാര്‍ഥത്തില്‍ മതവൃത്തത്തിന്റെ പുറത്തുള്ളവര്‍?
സ്വഹാബിമാര്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും ശത്രുക്കളാണെന്ന് വാദിക്കുന്ന ഇവര്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ചരിത്രം വായിക്കുന്ന ഒരാള്‍ക്ക് ശിയാവിശ്വാസങ്ങളുടെ ബലഹീനതയും അതെല്ലാം യാഥാര്‍ഥ്യങ്ങളോട് എത്രമാത്രം പുറംതിരിഞ്ഞു നില്‍ക്കുന്നു എന്നും പെട്ടെന്ന് ബോധ്യപ്പെടും.
അലി رضي الله عنه വിന്റെ ഇമാമത്തിനെ അംഗീകരിക്കാത്തതു കാരണം ഉമര്‍ رضي الله عنه ഇസ്‌ലാമിനു പുറത്താണ് എന്ന് പറയുന്ന ഇവര്‍ക്ക് അറിയില്ലേ അലി رضي الله عنه തന്റെ മകള്‍ ഉമ്മുകുല്‍സൂമിനെ വിവാഹം ചെയ്തു കൊടുത്തത് ഉമര്‍ رضي الله عنه വിന് ആയിരുന്നു എന്ന്?
അലി رضي الله عنه ഒരിക്കലും വിശ്വസിക്കാത്ത, ഹസന്‍ رضي الله عنه, ഹുസൈന്‍ رضي الله عنه എന്നിവര്‍ വിശ്വസിക്കുകയോ അറിയുകയോ ചെയ്യാത്ത പല വികലവാദങ്ങളും പിന്നീട് അവരുടെമേല്‍ കെട്ടിവച്ച് ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിച്ചവര്‍ എങ്ങനെ ഇസ്‌ലാമിന്റെ അനുയായികളാകും? നേരത്തെ സൂചിപ്പിച്ച പോലെ ഒരു ജൂതന്റെ ദുര്‍ബുദ്ധിയില്‍നിന്നുല്‍ഭവിച്ച ആശയങ്ങള്‍ പേറുന്നവരാണ് ശിയാക്കള്‍. ശിയായിസത്തിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഇവരുടെ ഇസ്‌ലാംവിരുദ്ധ ആശയങ്ങളെയും വിശ്വാസങ്ങളെയും കേവലം അഭിപ്രായ വ്യത്യാസങ്ങളായി നാം എങ്ങനെ പരിഗണിക്കും?
തക്വിയ്യത്ത് വിശ്വാസം
തക്വിയ്യത്ത് വിശ്വാസമാണ് അഹ്‌ലുസ്സുന്നയുടെ ആദര്‍ശത്തില്‍നിന്നും വ്യതിചലിച്ചുപോയ ശിയാക്കളുടെ മറ്റൊരു പ്രധാന വികലവിശ്വാസം. ഏറെ പ്രാധാന്യത്തോടെയാണ് അവര്‍ ഇതിനെ കാണുന്നത്. എന്താണ് തക്വിയ്യത്ത്? ഒരാള്‍ തന്റെ മനസ്സിലുള്ളത് മറച്ചുവച്ച് അതിനു വിപരീതമായി സംസാരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത് വ്യക്തമായ അസംബന്ധമാണെന്ന് ആര്‍ക്കാണ് ബോധമില്ലാത്തത്? കാപട്യം, കളവ് എന്നൊക്കെയാണല്ലോ ഈ സ്വഭാവത്തിന് നമ്മള്‍ പറയാറുള്ളത്. മതത്തില്‍ തീര്‍ത്തും നിഷിദ്ധവും വലിയ പാപവുമായി കണക്കാക്കപ്പെടുന്ന കാര്യമാണിത്.
ഒരു വ്യക്തി തന്റെ വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട് ജീവനു ഭീഷണിയുണ്ടാവുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇസ്‌ലാം ഇത്തരമൊരു അനുവാദം നല്‍കുന്നത്. അതായത് ആ സന്ദര്‍ഭത്തില്‍ വേണമെങ്കില്‍ താല്‍ക്കാലിക രക്ഷക്കുവേണ്ടി ഹൃദയത്തില്‍ ഉള്‍ക്കൊള്ളാതെ കേവല വാക്കു പറയുന്നത് അനുവദനീയമാണ്; അങ്ങനെ പ്രവര്‍ത്തിക്കലാവട്ടെ നിര്‍ബന്ധവുമില്ല.
مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنُّۢ بِٱلْإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ
വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും. (ഖു൪ആന്‍:16/106)
എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ പോലും തങ്ങളുടെ വിശ്വാസം മറച്ചുവയ്ക്കാതെ ശത്രുവിന് മുന്നില്‍ തുറന്നുപറഞ്ഞ് രക്തസാക്ഷിത്വംവരിച്ച എത്രയോ സഹാബിമാരുടെ ചരിത്രം നാം വായിച്ചിട്ടില്ലേ? ഖുബൈബ് رضي الله عنه മരണം വരിക്കുന്നതും ബിലാല്‍ رضي الله عنه മക്കയില്‍ പീഡിപ്പിക്കപ്പെട്ടതും അറിയാത്തവരായി ആരാണുള്ളത്?
ശിയാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വികലവിശ്വാസങ്ങളും വൃത്തികേടുകളും സ്ഥാപിച്ചെടുക്കാനായി അവര്‍ കണ്ടെത്തിയ അടവുനയമാണ് തക്വിയ്യത്ത്. മത, ഭൗതിക കാര്യങ്ങളില്‍ പ്രയാസങ്ങള്‍ വരുത്തിവയ്ക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ശത്രുക്കളുമായി ഏറ്റുമുട്ടലിന് മുതിരാതിരിക്കുക, തങ്ങളുടെ യഥാര്‍ഥ വിശ്വാസം പുറത്ത് പ്രകടിപ്പിക്കാതിരിക്കുക, സത്യം മറച്ചുവച്ച് സംസാരിക്കുക ഇതൊക്കെയാണ് ഇവരുടെ തക്വിയ്യത്തിന്റെ പൊരുള്‍. അതായത് തങ്ങള്‍ ഇച്ഛിക്കുന്നതോ പ്രയാസമെന്ന് തോന്നുന്നതോ ആയ കാര്യങ്ങളില്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി ഏതുവിധത്തിലും കളവു പറയാനുള്ള ലൈസന്‍സ് നല്‍കുന്നതാണ് ഈ വിശ്വാസം.
അലിയ്യുബ്‌നു അബീത്വാലിബ് رضي الله عنه നാണ് പ്രവാചകന്‍ തന്റെശേഷം മതത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും വസ്വിയ്യത്ത് നല്‍കിയതെന്നും അദ്ദേഹത്തിനാണ് ഇമാമത്തും ഇസ്വ്മത്തും ലഭിച്ചത് എന്നുമാണ് ശിയാവിശ്വാസം എന്ന് നാം സൂചിപ്പിച്ചുവല്ലോ. ഇതാണ് വാസ്തവമെങ്കില്‍ എന്തുകൊണ്ടാണ് അലി رضي الله عنه അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه, ഉസ്മാന്‍ رضي الله عنه തുടങ്ങിയവരുടെ ഖിലാഫത്തിനെ (ഭരണത്തെ) അംഗീകരിച്ചതും അവര്‍ക്കു കീഴില്‍ എല്ലാ കാര്യങ്ങളിലും പൂര്‍ണമനസ്സോടെ നിലകൊണ്ടതും തന്റെ മകളെ ഉമര്‍ رضي الله عنه വിന് വിവാഹം ചെയ്തു കൊടുത്തതും എന്ന് ചോദിക്കുമ്പോള്‍ ശിയാക്കള്‍ ഈ കള്ളവാദവുമായി രംഗത്ത് വരും. അതെല്ലാം തക്വിയ്യത്തിന്റെ ഭാഗമായിരുന്നു എന്ന് ന്യായീകരിക്കും.
എന്തുമാത്രം അപരാധമാണ് സ്വഹാബികളുടെമേല്‍ ഇവര്‍ വച്ചുകെട്ടുന്നതെന്ന് ആലോചിച്ചുനോക്കൂ! അവരെല്ലാം കാഫിറുകള്‍ തന്നെയായിരുന്നു, അതെല്ലാം അലി رضي الله عنه വിന് അറിയുകയും ചെയ്തിരുന്നു, തക്വിയ്യത്തിന്റെ ഭാഗമായി അദ്ദേഹം മറച്ചുവച്ചതാണ് എന്ന് പറയുന്നതിനെ അംഗീകരിക്കാന്‍ എങ്ങനെ ഒരു സത്യവിശ്വാസിക്കു സാധിക്കും?
ഇതെല്ലാം സ്ഥാപിച്ചെടുക്കാന്‍ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിച്ചവരാണിവര്‍. സൂറത്തുല്‍ ഹുജ്‌റാത്തിലെ പതിമൂന്നാം വചനത്തില്‍ പ്രതിപാദിച്ച ‘തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയര്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവരാകുന്നു’ എന്നതിലെ ‘ആദരണീയര്‍’ എന്നതിന് ശിയാക്കളുടെ പൂര്‍വകാല പണ്ഡിതനായ ശൈഖ് അസ്സ്വദൂക്വ് എന്നറിയപ്പെടുന്ന അലി അല്‍ ക്വുമ്മി നല്‍കുന്ന വ്യാഖ്യാനം ‘നിങ്ങളില്‍ തക്വിയ്യത്തില്‍ അവഗാഹമുള്ളവരാകുന്നു’ എന്നാണ്! (അല്‍ ഇഅതിക്വാദു ഫീ ദീനില്‍ ഇമാമിയ്യ, പേജ് 108).
‘നല്ലതും ചീത്തയും സമമാവുകയില്ല’ എന്നു തുടങ്ങുന്ന സൂറത്തുല്‍ ഫുസ്സ്വിലത്തിലെ വചനത്തിലെ ‘നല്ലത്’ എന്നതിന് ശിയാവ്യാഖ്യാനം തക്വിയ്യത്ത് എന്നാണ് (ശറഹു ഉസൂലുല്‍ കാഫി, 9/118).
ഈ തികഞ്ഞ കാപട്യത്തിന് ഇവര്‍ എന്തുമാത്രം സ്ഥാനം നല്‍കുന്നുണ്ടെന്ന് അറിയാന്‍ ഒന്നുരണ്ട് ഉദ്ധരണികള്‍ കാണുക. ശിയാ സൈദ്ധാന്തികന്‍ കുലൈനി തന്റെ അല്‍കാഫിയില്‍ അബൂബസറയില്‍നിന്ന് രേഖപ്പെടുത്തുന്നു: ”അബൂഅബ്ദില്ല പറഞ്ഞു: തക്വിയ്യത്ത് അല്ലാഹുവിന്റെ ദീനില്‍ പെട്ടതാണ്.” ഞാന്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദീനില്‍ പെട്ടതാണോ?” അദ്ദേഹം പറഞ്ഞു: ”അല്ലാഹുവാണ് സത്യം, അതെ. അത് മതത്തിന്റെ ഭാഗമാണ്” (അല്‍കാഫി 2/217).
”നിശ്ചയം മതത്തിന്റെ പത്തില്‍ ഒമ്പത് ഭാഗവും തക്വിയ്യത്തില്‍ അധിഷ്ഠിതമാണ്. തക്വിയ്യത്തില്‍ വിശ്വാസം ഇല്ലാത്തവന് ദീന്‍ തന്നെയില്ല” (അല്‍കാഫി 2/217).
”ഭക്തിയില്ലാത്തവന് മത(ദീന്‍)മില്ല. തക്വിയ്യത്ത് ഇല്ലാത്തവന് ഈമാന്‍ (വിശ്വസം) ഇല്ല. നിങ്ങളുടെ കൂട്ടത്തില്‍ ദൈവസന്നിധിയില്‍ ഉത്തമരായിട്ടുള്ളത് തക്വിയ്യത്തില്‍ അവഗാഹമുഉള്ളവരാണ്” (ബിഹാറുല്‍ അന്‍വാര്‍).
ഇത്തരം അപകടകരമായ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ എങ്ങനെയാണ് മുസ്‌ലിംകളായി പരിഗണിക്കുക? എങ്ങനെയാണ് ഇതിനെയൊക്കെ നിസ്സാരമായ പ്രശ്‌നമായി കണക്കാക്കി കണ്ണടച്ച് അവഗണിക്കാന്‍ ഒരു വിശ്വാസിക്കു സാധിക്കുക?
ശിയാക്കളും ക്വുര്‍ആനും
ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുകയും എന്നാല്‍ വിശ്വാസാചാരങ്ങളില്‍ മതവുമായി ഒരുപാട് വ്യതിയാനങ്ങള്‍ നിലനിര്‍ത്തി അകന്നുനില്‍ക്കുകയും ചെയ്യുന്ന ജൂതസൃഷ്ടിയായ ശിയായിസത്തിന്റെ ചില അപകട വാദങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചത്.
ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണമായ ക്വുര്‍ആന്‍ യഥാവിധം അംഗീകരിക്കുന്ന കാര്യത്തില്‍ ശിയാക്കള്‍ അഹ്‌ലുസ്സുന്നയുമായി വ്യതിചലിച്ച് നില്‍ക്കുന്നതായി പലരും മനസ്സിലാക്കിയിട്ടില്ല.
എന്താണ് ക്വുര്‍ആനിനെക്കുറിച്ചുള്ള ശിയാ വിശ്വാസം?
ലോക മുസ്‌ലിംകള്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന, കൈവശം വച്ചുകൊണ്ടിരിക്കുന്ന ക്വുര്‍ആന്‍ യഥാര്‍ഥ ക്വുര്‍ആനല്ല എന്ന ഗുരുതരമായ വാദമാണ് ശിയാക്കള്‍ക്കുള്ളത്. അവസാന നാളില്‍ തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം മഹ്ദി കൊണ്ടുവരുന്ന ക്വുര്‍ആനാണ് അല്ലാഹു അവതരിപ്പിച്ച യഥാര്‍ഥ ക്വുര്‍ആനെന്നും ഇപ്പോഴുള്ള ക്വുര്‍ആനില്‍ ഒരുപാട് തിരിമറികള്‍ നടന്നിട്ടുണ്ട് എന്നുമാണ് ശിയാ വിശ്വാസം.
മുസ്‌ലിം ലോകം ഇമാം ബുഖാരി رحمه الله ക്ക് നല്‍കുന്ന സ്ഥാനത്ത് ഇവര്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇമാമായ കുലൈനി അല്‍കാഫിയില്‍ രേഖപ്പെടുത്തുന്നത് നോക്കൂ: ”മുഹമ്മദ് നബി ﷺ ക്ക് ജിബിരീല്‍ കൊണ്ടുവന്നു കൊടുത്ത ക്വുര്‍ആനില്‍ എഴുപതിനായിരം സൂക്തങ്ങളുണ്ട്”(അല്‍കാഫി).
എങ്ങനെയാണ് ഈ വാദത്തെ ഒരു വിശ്വാസി അംഗീകരിക്കുകയും ഇതെല്ലാം വെറും ശാഖാപരമായ വിയോജിപ്പായി കണക്കാക്കുകയും ചെയ്യുക?
ക്വുര്‍ആന്‍ ആരുടെയും കൈകടത്തലുകള്‍ക്ക് വിധേയമാവാതെ അന്ത്യദിനംവരെ നിലനില്‍ക്കും എന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയ കാര്യമല്ലേ?
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ
തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍:15/9)
لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ﴿٤٢﴾
അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (ഖു൪ആന്‍:41/42)
ഇത്ര വ്യക്തമായി ക്വുര്‍ആന്‍ പൂര്‍ണവും അന്യൂനവും കാലാതിവര്‍ത്തിയുമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടും എന്തിനാണ് ശിയാക്കള്‍ ഇത്തരമൊരു വാദം സ്വീകരിക്കുന്നത്?
തിരിമറിയുടെ കാരണം
മുസ്‌ലിം ലോകം അംഗീകരിച്ചുപോരുന്ന ക്വുര്‍ആനിനെ അതേപടി സ്വീകരിച്ചാല്‍ ശിയാ വാദങ്ങള്‍ക്ക് നിലനില്‍പില്ല എന്നതുതന്നെയാണ് ക്വുര്‍ആന്‍ തിരിമറി വാദവുമായി വരാനുള്ള കാരണം. തങ്ങളുടെ വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതില്‍ രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴാണ് ഇവര്‍ക്ക് ഇത്തരമൊരു വാദം പറയേണ്ടി വന്നത്.
ഒന്ന്: അലി رضي الله عنه വിലുള്ള ഇമാമത്ത് വിശ്വാസത്തെ കേന്ദ്രീകരിച്ചാണല്ലോ ശിയാക്കളുടെ വിശ്വാസങ്ങളെല്ലാം നിലനില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഇമാമത്തും ഇസ്വ്മത്തും അംഗീകരിച്ചാല്‍ മാത്രമെ ഒരാള്‍ക്ക് മതത്തില്‍ സ്ഥാനമുള്ളൂ. അത് ഉള്‍ക്കൊള്ളാതെ മതത്തിന്റെ മറ്റു സാരാംശങ്ങളെല്ലാം അംഗീകരിച്ചവരാണെങ്കിലും മതത്തിനു പുറത്താണെന്നതാണ് ഇവരുടെ വാദം. ഇതിന് യാതൊരു തെളിവും ക്വുര്‍ആനില്‍ കണ്ടെത്തുക സാധ്യമല്ല. എന്നാല്‍ ക്വുര്‍ആനിനെ മാറ്റിനിര്‍ത്തി ഒരു വിശ്വാസത്തെ ഇസ്‌ലാമിന്റെ പേരില്‍ പ്രചരിപ്പിക്കുക സാധ്യമവുമല്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ആകെയുള്ള പോംവഴി ക്വുര്‍ആന്‍ തിരിമറി വാദവുമായി രംഗത്തുവരിക എന്നത് മാത്രമാണ്.
രണ്ട്: മുസ്‌ലിം ലോകം ഇന്ന് അംഗീകരിച്ച് പോരുന്ന ക്വുര്‍ആനിന്റെ ക്രോഡീകരണ പ്രവര്‍ത്തനങ്ങളും പ്രചാരണവും പ്രവാചക വിയോഗാനന്തരം നടന്നപ്പോള്‍ അതിന് നേതൃത്വം നല്‍കിയതിലെ പ്രധാന രണ്ട് വ്യക്തികള്‍ അബൂബക്കര്‍ رضي الله عنه, ഉഥ്മാന്‍ رضي الله عنه എന്നിവരായിരുന്നല്ലോ. അബൂബക്കര്‍ رضي الله عنه ക്രോഡീകരിച്ച ക്വുര്‍ആന്‍ സൂക്ഷിച്ചത് ഉമര്‍ رضي الله عنه വിന്റെ മകളും പ്രവാചക പത്‌നിയുമായ ഹഫ്‌സ رضي الله عنها യുടെ അടുക്കലുമാണ്. പിന്നീട് മറ്റു പ്രദേശങ്ങളിലേക്കെല്ലാം വ്യാപകമായി ക്വുര്‍ആനിന്റെ കോപ്പികള്‍ പ്രചരിപ്പിച്ചതാവട്ടെ ഉഥ്മാന്‍ رضي الله عنه വിന്റെ കാലത്തുമാണ്. ഇത് സുന്നികളും ശിയാക്കളും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ മുകളില്‍ പറയപ്പെട്ട, സ്വഹാബിമാരും അല്ലാത്തവരുമായി ഈ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടവരെല്ലാം ശിയാ വിശ്വാസപ്രകാരം അവരുടെ ശത്രുക്കളും ഇസ്‌ലാമില്‍നിന്ന് പുറത്തുപോയ അവിശ്വാസികളുമാണ്. അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه, ഉഥ്മാന്‍ رضي الله عنه എന്നിവരുടെ പേരില്‍ ഇന്നും ശിയാക്കള്‍ ലഅ്‌നത്ത് (ശാപ പ്രാര്‍ഥന) നടത്തിവരുന്നുണ്ട്. അത്രമാത്രം അവരോട് ശത്രുത വെച്ചുപുലര്‍ത്തുന്നവരാണ് ഇവര്‍. അതുകൊണ്ടുതന്നെ അവര്‍ നേതൃത്വം നല്‍കി ക്രോഡീകരിച്ച ക്വുര്‍ആനിനെ അംഗീകരിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. എന്നാല്‍ ക്വുര്‍ആനിനെ അംഗീകരിക്കാതെ ഇസ്‌ലാമില്‍ സ്ഥാനവുമില്ല എന്നിരിക്കെ, ഇവര്‍ കണ്ടെത്തിയ ന്യായമായിരുന്നു ക്വുര്‍ആന്‍ തിരിമറി വാദം.
ക്വുര്‍ആന്‍ തിരിമറി വിവാദം രണ്ട് രൂപത്തിലാണ് ഇവര്‍ കൊണ്ടുവന്നത്:
ഒന്ന്: ‘നിലവിലുള്ള ക്വുര്‍ആന്‍ അപൂര്‍ണമാണ്. അതില്‍ അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه, ഉഥ്മാന്‍ رضي الله عنه എന്നിവരുടെ വകയായി തിരിമറികള്‍ നടന്നിട്ടുണ്ട്. യഥാര്‍ഥ ക്വുര്‍ആന്‍ ക്രോഡീകരണം നിര്‍വഹിച്ചത് അലി رضي الله عنه വാണ്. അതുമായി അവസാനകാലത്ത് മഹ്ദി ഇമാം കടന്നുവരും.’
ഈ വാദത്തെ സ്ഥിരപ്പെടുത്താന്‍ ഇവരുടെ ആചാര്യന്‍ ത്വബ്‌റസി തന്റെ ഗ്രന്ഥത്തില്‍ അബൂദര്‍റുല്‍ ഗിഫാരി رضي الله عنه വിലേക്ക് ചേര്‍ത്തി ഒരു കള്ള ഹദീഥും മെനഞ്ഞുണ്ടാക്കി. പ്രവാചകന്റെ മരണശേഷം അവിടുത്തെ നിര്‍ദേശ പ്രകാരം അലി رضي الله عنه ക്വുര്‍ആന്‍ ക്രോഡീകരിക്കുകയും അത് സ്വഹാബിമാരായ മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അബൂബക്കര്‍ رضي الله عنه അത് തുറന്നപാടെ സ്വഹാബത്തിനെ മോശമാക്കുന്ന പലതും അതില്‍ കണ്ടു. ഉടനെ ഉമര്‍ رضي الله عنه ചാടിയെണീറ്റ് പറഞ്ഞു: ‘അലീ, ഇത് കൊണ്ടുപോകൂ. ഞങ്ങള്‍ക്ക് ഇതിന്റെ ആവശ്യമില്ല.’ ഉടനെ അതും എടുത്ത് അലി رضي الله عنه തിരിച്ചുപോയി. പിന്നീട് ഉമര്‍ رضي الله عنه വിന്റെ ഭരണകാലത്ത് അന്ന് അലി رضي الله عنه കൊണ്ടുവന്ന ക്വുര്‍ആനിനെക്കുറിച്ച് അദ്ദേഹത്തോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി നല്‍കി: ‘ഇനി ഒരിക്കലും ആ ക്വുര്‍ആനിലേക്ക് എത്തിപ്പെടുക നിങ്ങള്‍ക്ക് സാധ്യമല്ല. അബുബക്കര്‍ رضي الله عنه വിന്റെ അരികില്‍ അതുമായി ഞാന്‍ വന്നത് പരലോകത്ത് നിങ്ങള്‍ക്കതൊരു തെളിവായിക്കൊണ്ടാണ്. ‘നിശ്ചയം ആദ്യം ഞങ്ങള്‍ ഇതിനെ കൊള്ളെ അശ്രദ്ധരായിരുന്നു എന്ന് അന്ത്യനാളില്‍ നിങ്ങള്‍ പറയാതിരിക്കാനും…” (അല്‍ ഇഹ്തിജാജ്).
തങ്ങളുടെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ അലി رضي الله عنه വിന്റെ പേരില്‍ ശിയാക്കള്‍ പടച്ചുണ്ടാക്കിയ കള്ളക്കഥയാണിത്. അദ്ദേഹം ഇവരുടെ ശപിക്കപ്പെട്ട വാദങ്ങളില്‍നിന്നും മുക്തനും അദ്ദേഹത്തിന്റെ മുന്‍ കഴിഞ്ഞവരുടെ ഉറ്റ സ്‌നേഹിതനുമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
അലി رضي الله عنه ക്രോഡീകരിച്ച ഈ യഥാര്‍ഥ ക്വുര്‍ആനുമായി അവസാനനാളില്‍ മഹ്ദി ഇമാം പ്രത്യക്ഷപ്പെടുമെന്നാണ് ഇവരുടെ വാദം എന്ന് സൂചിപ്പിച്ചുവല്ലോ.
തങ്ങളുടെ വിശ്വാസങ്ങളുടെ അടിത്തറ ഈ ക്വുര്‍ആനിനെ അവലംബിച്ചാണെന്നും അതിലാണ് ഇസ്‌ലാമിന്റെ പൂര്‍ണതയെന്നും പ്രചരിപ്പിക്കുകവഴി ഏത് വികല വാദങ്ങളും നിര്‍മിച്ചെടുക്കാമല്ലോ.
രണ്ട്: നിലവില്‍ അംഗീകരിക്കപ്പെടുന്ന ക്വുര്‍ആന്‍കൊണ്ട് തങ്ങളുടെ വിശ്വാസസംഹിതയെ വ്യാഖ്യാനിക്കാന്‍ അശക്തരായ ശിയാക്കള്‍ കണ്ട രണ്ടാമത്തെ മാര്‍ഗം ക്വുര്‍ആനിന് മുസ്‌ലിം ലോകം അംഗീകരിച്ചുപോരുന്ന വ്യാഖ്യാനങ്ങളെ അവഗണിച്ച് തങ്ങളുടെ ഇച്ഛക്കനുസരിച്ച് വ്യാഖ്യാനങ്ങള്‍ നല്‍കുന്ന രീതിയാണ്.
ചില ഉദാഹരണങ്ങള്‍ നോക്കൂ:
فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍:64/8)
ഈ വചനത്തില്‍ പ്രതിപാദിച്ച പ്രകാശം എന്നതിന്റെ ഉദ്ദേശ്യം ക്വുര്‍ആനാണ് എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എല്ലാവരും പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ശിയാ ആചാര്യന്‍ കുലൈനി നല്‍കുന്ന വ്യാഖ്യാനം നോക്കൂ:
”പ്രകാശം എന്നാല്‍ അതുകൊണ്ട് ഉദ്ദേശ്യം ഇമാമുമാരുടെ പ്രകാശം എന്നാകുന്നു” (അല്‍കാഫി 1/194).
തങ്ങളുടെ ഇമാമത്ത് വാദത്തെ സ്ഥാപിച്ചെടുക്കാന്‍ ക്വുര്‍ആനിലെ അനവധി ആയത്തുകളെ ഇതുപോലെ ഇവര്‍ വ്യാഖ്യാനിച്ചതായി കാണാം.
إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا
തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:17/9)
ഈ സൂക്തത്തിലെ ‘ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കും’ എന്നതിന് കുലൈനി നല്‍കുന്ന വ്യാഖ്യാനം ക്വുര്‍ആന്‍ ഇമാമിലേക്ക് വഴികാണിക്കും എന്നതാണ്” (അല്‍കാഫി 1/216)
فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ ٱلضَّلَٰلَةُ ۗ إِنَّهُمُ ٱتَّخَذُوا۟ ٱلشَّيَٰطِينَ أَوْلِيَآءَ مِن دُونِ ٱللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ
ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/30)
ഈ സൂക്തത്തില്‍ ‘അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്’ എന്നതിന് ശിയാക്കള്‍ നല്‍കുന്ന വ്യാഖ്യാനം ‘അലി رضي الله عنه വിന്റെ മുമ്പ് ഖലീഫമാരായവരെ കുറിച്ചാണ് ഇവിടെ പറയുന്നത്’ എന്നാണ്! (തഫ്‌സീര്‍ സ്വാഫി 1/571).
എത്ര പച്ചയായിട്ടാണ് ആദ്യ മൂന്ന് ഖലീഫമാരെ പിശാചുക്കള്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് നോക്കൂ! ക്വുര്‍ആന്‍ സ്വര്‍ഗാവകാശികള്‍ എന്ന് പറഞ്ഞവരെ അതേ ക്വുര്‍ആനിലെ വചനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ഇത്തരത്തില്‍ ആക്ഷേപിക്കുവാനും അത് വിശ്വസിക്കുവാനും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് കഴിയുമോ?
ശിയാക്കളും മരിച്ചവരുടെ തിരിച്ചുവരവും
ശിയാക്കളുടെ ചില ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മരിച്ചുപോയവര്‍ ഇഹലോക ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നത് അനിഷേധ്യ സത്യമാണ്. (ക്വുര്‍ആനിലും പ്രവാചകവചനങ്ങളിലും പ്രതിപാദിച്ചിട്ടുള്ള ചില പ്രത്യേക സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാണ് ഈ പറയുന്നത്).
എന്നാല്‍ ശിയാക്കളുടെ വിശ്വാസം അന്ത്യദിനത്തിനു മുമ്പ് ചിലര്‍ ഭൂമിയിലേക്ക് തിരിച്ചുവരും എന്നാണ്. ‘റജ്അത്’ എന്ന പേരിലാണ് ഈ വിശ്വാസം അറിയപ്പെടുന്നത്. കേട്ടാല്‍ തമാശയായി തോന്നുമെങ്കിലും എന്തുമാത്രം അപകടങ്ങളാണ് ഈ വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് ഇസ്‌ലാമിനെ തകര്‍ക്കാന്‍ ജൂതന്‍ പടച്ചുവിട്ട ഈ വിഷം എത്രമാത്രം വിനാശകരമെന്ന് ബോധ്യമാവുക.
ശിയാ വിശ്വാസപ്രകാരം ഭരണം നിര്‍വഹിക്കേണ്ടത് അവരുടെ ഇമാമുമാരാണ്. എന്നാല്‍ അലി رضي الله عنه, ഹസന്‍ رضي الله عنه എന്നിവരുടെ ഭരണം മാറ്റിനിര്‍ത്തിയാല്‍ ഇവര്‍ ഇമാമുമാരായി അവതരിപ്പിച്ചവരാരും ഭരണം കയ്യാളിയവരല്ല. ആദ്യത്തെ മൂന്ന് ഖലീഫമാരും അമവി, അബ്ബാസി ഭരണാധികാരികളുമെല്ലാം ഇവരുടെ വിശ്വാസപ്രകാരം അവിശ്വാസികളാണ്! അവരുടെ കീഴില്‍ ജീവിച്ച തങ്ങളുടെ ഇമാമുമാരും മറ്റു ശിയാക്കളും യഥാര്‍ഥ ഇസ്‌ലാമിക ഭരണത്തെ പുല്‍കിയവരല്ല എന്നാണ് ഇവരുടെ വാദം. ഇതിനെല്ലാം ഒരു പരിഹാരമായിക്കൊണ്ടുകൂടിയാണ് ഈ വിശ്വാസം ഇവര്‍ക്ക് കൊണ്ടുവരേണ്ടി വന്നത്. തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാമായ ഇമാം മഹ്ദി വരുന്ന നാളിലായിരിക്കും യഥാര്‍ഥ ഭരണം നിര്‍വഹിക്കപ്പെടുക എന്നതാണ് ഇവരുടെ വിശ്വാസം.
അവസാനകാലത്ത് ഇമാം മഹ്ദി വരുമെന്നുതന്നെയാണ് അഹ്‌ലുസ്സുന്നയുടെയും വിശ്വാസം. എന്നാല്‍ ശിയാക്കളുടെ മഹ്ദി ഇതല്ല, മറിച്ച് അവര്‍ പന്ത്രണ്ടാമത്തെ ഇമാമായി കണക്കാക്കുന്ന ഹസനുബ്‌നു അലി അല്‍അസ്‌കരിയാണ്. അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടുപോയി. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ല, മറിച്ച് മേഘപാളികളില്‍ മറഞ്ഞിരിക്കുകയാണെന്നും അവസാന നാളില്‍ അദ്ദേഹം യഥാര്‍ഥ ക്വു ര്‍ആനുമായി വന്ന് ഭരണം നിര്‍വഹിക്കുമെന്നും തങ്ങളുടെ മുഴുവന്‍ ഇമാമുമാരും നബിമാരും അദ്ദേഹത്തിനുകീഴില്‍ അണിനിരക്കും എന്നും ഇവര്‍ വിശ്വസിക്കുന്നു. ഈ വാദം ഇസ്‌ലാമിക പ്രമാണങ്ങളോട് ഒരുനിലയ്ക്കും യോജിക്കാത്തതാണ്. അതുകൊണ്ടുതന്നെ ഇതിനെ സ്ഥാപിച്ചെടുക്കാന്‍ അലി رضي الله عنه വിലേക്ക് ചേര്‍ത്ത് ഒരു കള്ളവാക്കും ഇവര്‍ പടച്ചുവിട്ടു. അത് ഇപ്രകാരമാണ്: ‘നമ്മുടെ മടങ്ങിവരവില്‍ വിശ്വസിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല’ (തഫ്‌സീര്‍ സ്വാഫി 1/440).
എന്നാല്‍ ക്വുര്‍ആനിന്റെ അര്‍ഥമറിയുന്നവര്‍ ഇതിനെ ഇസ്‌ലാമിക വിശ്വാസമായി എങ്ങനെ അംഗീകരിക്കും? അല്ലാഹു പറയുന്നു:
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا قَبْلَهُم مِّنَ ٱلْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ
അവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല എന്ന് അവര്‍ കണ്ടില്ലേ? (ഖു൪ആന്‍:36/31)
മരിച്ചവര്‍ തിരിച്ചുവരില്ല എന്നത് ക്വുര്‍ആനിലെ ഖണ്ഡിതമായ പ്രഖ്യാപനമായിരിക്കെ ഇതിനെ നിഷേധിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്?
ശിയാനേതാവായ മജ്‌ലിസി പറയുന്നത് നോക്കൂ: ”ഇമാമുമാരുടെ മടങ്ങിവരവ് എല്ലാ കാലഘട്ടത്തിലുമുള്ള ആളുകള്‍ യോജിച്ച കാര്യമാണ്” (ബിഹാറുല്‍ അന്‍വാര്‍).
ഈ വിചിത്രവാദത്തിനു പ്രചാരണം കിട്ടാന്‍ അലി رضي الله عنه വിന്റെ പേരില്‍ ഇവര്‍ പറഞ്ഞുകൊണ്ടിരുന്ന കളവ് നോക്കു: ”ആരെങ്കിലും മരണാനന്തരം ഭൂമിയിലേക്കുള്ള എന്റെ മടക്കത്തെ നിഷേധിച്ചാല്‍ അവന്‍ എന്നെ തള്ളിപ്പറഞ്ഞവനാണ്. എന്നെ തള്ളിപ്പറഞ്ഞവന്‍ അല്ലാഹുവിനെ തള്ളിപ്പറഞ്ഞു.”
അലി رضي الله عنه ഇവരുടെ ആരോപണങ്ങളില്‍ നിന്നും മുക്തനാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
ഈ വിശ്വാസം ശിയാക്കള്‍ക്ക് ലഭിക്കുന്നത് തങ്ങളുടെ നേതാവായ അബ്ദുല്ലാഹിബിനു സബഇല്‍ നിന്നായിരുന്നു. അലി رضي الله عنه മരിക്കില്ലന്ന വാദമായിരുന്നു അയാള്‍ക്ക്. എത്രത്തോളമെന്നാല്‍ അലി رضي الله عنه വാണ് ഇലാഹ് എന്നുവരെ വാദിച്ച് അയാള്‍ അതിരുകടന്നു.
അലി رضي الله عنه വിന്റെ മരണവാര്‍ത്തയുമായി വന്ന വ്യക്തിയോട് ഇപ്രകാരമാണ് അയാള്‍ പ്രതികരിച്ചത്: ”നീ പറഞ്ഞത് കളവാണ്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുന്നതുവരെ അദ്ദേഹം മരിക്കില്ല.”
ഈ വിശ്വാസം പിന്നീട് ശിയാക്കളില്‍ വേരോടി. തങ്ങളുടെ ഇമാമുമാരിലേക്കും അവര്‍ ഇത് ചേര്‍ത്തുവച്ചു. കൈസാനിയ വിഭാഗം തങ്ങളുടെ ഇമാം മുഹമ്മദുബ്‌നുല്‍ ഹനഫിയ്യ മരണപ്പെട്ടിട്ടില്ല, മറിച്ച് റിദ്‌വ മലനിരകളില്‍ ബന്ധിതനാണ് എന്നും അവസാന നാളില്‍ അദ്ദേഹം വരുമെന്നും വിശ്വസിക്കുന്നു. മുഹമ്മദിയ്യ വിഭാഗം തങ്ങളുടെ ഇമാം മുഹമ്മദുബ്‌നു അബ്ദുല്ലാഹിബ്‌നില്‍ ഹസന്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്നു. ഇതേവാദം തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം എന്ന് പറയപ്പെടുന്ന ആളുടെ കാര്യത്തിലും ഇമാമിയ്യാക്കള്‍ വിശ്വസിച്ചുപോരുന്നു.
അബ്ദുല്ലാഹിബ്‌നുസബഅ് തുടക്കമിട്ട ഈ ചിന്തയുടെ അനുരണനങ്ങള്‍ ആദ്യനൂറ്റാണ്ടുകളില്‍ പെട്ട ചില ദുര്‍ബല ജനങ്ങളെ സ്വാധീനിച്ചു. എന്നാല്‍ ശിയാക്കള്‍ തങ്ങളുടെ ഇമാമുമാരായി ഗണിക്കുന്ന അലി رضي الله عنه വിന്റെ മക്കളും സന്തത പരമ്പരയില്‍പെട്ട പലരുംതന്നെ നഖശിഖാന്തം അതിനെ വിമര്‍ശിച്ചതായി കാണാന്‍ കഴിയും.
ആസ്വിമുബ്‌നു ളംറ പറയുന്നു: ”ഞാന്‍ ഹസന്‍ ഇബ്‌നു അലിയോട് ചോദിച്ചു: ‘അലി رضي الله عنه മടങ്ങിവരുമെന്ന്, അദ്ദേഹത്തിന്റെ പക്ഷംചേര്‍ന്നു എന്ന് പറയപ്പെടുന്നവര്‍ വാദിക്കുന്നുണ്ടല്ലോ’ അദ്ദേഹം പറഞ്ഞു: ‘അത് കളവാണ്. അവര്‍ കളവു പറയുന്നവരാണ്’ (മുസ്‌നദു അഹ്മദ്).
ശിയാക്കള്‍ നാലാം ഇമാമായി കണക്കാക്കുന്ന അലി സൈനുല്‍ ആബിദീന്‍ പറയുന്നു: ”ബസ്വറയില്‍നിന്ന് വന്ന ഒരു വ്യക്തി എന്റെ അരികില്‍ വന്ന് പറഞ്ഞു: ‘ഞാന്‍ ഹജ്ജോ ഉംറയോ നിര്‍വഹിക്കാന്‍ വേണ്ടി വന്നതല്ല.’ ഞാന്‍ ചോദിച്ചു: ‘പിന്നെ എന്തിനാണ് താങ്കള്‍ വന്നത്?’ അദ്ദേഹം പറഞ്ഞു: ‘അലി رضي الله عنه എപ്പോഴാണ് പുനര്‍ജനിക്കുക എന്ന് നിങ്ങളോട് ചോദിക്കാനാണ് ഞാന്‍ വന്നത്.’ ഞാന്‍ പറഞ്ഞു: ‘അന്ത്യ ദിനത്തിലാണ് അലി رضي الله عنه പുനര്‍ജനിക്കുക” (മുഖ്തസ്വറു തുഹ്ഫതുല്‍ ഇസ്‌നാ അശരിയ്യ).
ഇക്കാര്യം ചോദിച്ചറിയാന്‍വേണ്ടി മാത്രം വലിയ ദൂരംതാണ്ടി വരണമെങ്കില്‍ ഈ വിശ്വാസം അക്കാലത്തുതന്നെ ജനങ്ങള്‍ക്കിടയില്‍ എന്തുമാത്രം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടാകും!
മഹ്ദിയും ശിയാക്കളുടെ സ്വപ്‌നവും
മഹ്ദി കൊണ്ടുവരുന്ന ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ഭരണം സ്ഥാപിക്കുക, ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുക, മുഴുവന്‍ ഇമാമുമാരും തിരിച്ചുവന്ന് ശിയാവിശ്വാസങ്ങള്‍ക്ക് എതിരായി നിലകൊണ്ട ഭരണാധികാരികളെയും അവരുടെ അനുയായികളെയും ശിക്ഷിക്കുക… ഇതൊക്കെയാണ് അവസാന കാലഘട്ടത്തില്‍ സംഭവിക്കാനിരിക്കുന്നത് എന്നതാണ് ശിയാക്കളുടെ സ്വപ്‌നം.
‘അല്ലാഹുവേ, അദ്ദേഹത്തിന്റെ വരവ് പെട്ടെന്ന് സംഭവിപ്പിക്കണേ’ എന്ന് ഈ സ്വപ്‌ന സാക്ഷാത്കാരത്തിനുവേണ്ടി ഓരോ ശിയാ വിശ്വാസിയും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. മഹ്ദിയുടെ പേര് ഉരുവിടുമ്പോഴെല്ലാം കൂടെ അവര്‍ ഇത് ചൊല്ലിക്കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ പേര് എഴുതുമ്പോള്‍ അറബി അക്ഷരങ്ങളായ ‘അയിന്‍, ജീം’ എന്നിവ ഈ പ്രാര്‍ഥനയുടെ ചുരുക്കം എന്നോണം രേഖപ്പെടുത്തും.
മഹ്ദിയുടെ ആദ്യപ്രവര്‍ത്തനം
മഹ്ദി വന്നാല്‍ ആദ്യം ചെയ്യുന്ന പ്രവര്‍ത്തനമായി ശിയാ ആചാര്യന്‍ മജ്‌ലിസി രേഖപ്പെടുത്തുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്: ‘അദ്ദേഹം പ്രവാചകന്റെ ക്വബ്‌റിനരികില്‍ വരും. അവിടെ തൊട്ടടുത്ത രണ്ട് ക്വബ്‌റുകള്‍ കാണുമ്പോള്‍ അവ ആരുടേതാണെന്ന് അന്വേഷിക്കും. അബൂബക്കര്‍ رضي الله عنه വിന്റെയും ഉമര്‍ رضي الله عنه വിന്റെയും ആണെന്ന് പറയപ്പെടുമ്പോള്‍ ആ രണ്ട് ക്വബ്‌റുകളും പിളര്‍ത്തി അവരെ പുറത്തെടുത്ത് രണ്ടു മരങ്ങളിലായി ക്രൂശിക്കും. അവര്‍ രണ്ടുപേരുടെയും പാപങ്ങളുടെ ആധിക്യം കാരണം ആ രണ്ട് പച്ച മരങ്ങളും ഉണങ്ങിപ്പോകും.’
പല ശിയാ ഗ്രന്ഥങ്ങളിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചക പത്‌നിയായ ആഇശ رضي الله عنها കൊണ്ടുവരപ്പെടുകയും അവര്‍ കുറ്റാരോപിതയായ വിഷയത്തില്‍ അന്ന് നടപ്പില്‍ വരുത്താത്ത ശിക്ഷ ഇമാം മഹ്ദി നടപ്പില്‍ വരുത്തുമെന്നും അവരെ എറിഞ്ഞുകൊല്ലുമെന്നും വരെ ഇവര്‍ വിശ്വസിക്കുന്നു. (അല്ലാഹുവില്‍ ശരണം).
ചിന്തിച്ചുനോക്കൂ! പ്രവാചകന്റെ ഉത്തമരായ മൂന്ന് സഹാബിമാര്‍; സ്വര്‍ഗം ഉണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവര്‍… അവരെക്കുറിച്ചാണ് ഇവര്‍ ഇത്തരം അസംബന്ധങ്ങള്‍ എഴുതിവിടുന്നത്. ക്വുര്‍ആനിലെ 24ാം സൂറത്തായ അന്നൂറിന്റെ അവതരണ പശ്ചാത്തലം തന്നെ ആഇശ رضي الله عنها യുടെ പേരില്‍ പ്രചരിക്കപ്പെട്ട കള്ളവാര്‍ത്തയാണ്. പ്രസ്തുത സൂറത്തില്‍ ആ വ്യാജവാര്‍ത്തയുടെ യാഥാര്‍ഥ്യം വ്യക്തമാക്കുകയും കപടവിശ്വാസികളുടെ കുപ്രചാരണങ്ങളില്‍നിന്ന് അവരുടെ നിരപരാധിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും മുനാഫിക്വുകളെ (കപടന്‍മാരെ) പിന്താങ്ങുന്ന ശിയാക്കള്‍ക്ക് ആരോടാണ് കൂടുതല്‍ താല്‍പര്യമെന്ന് മനസ്സിലാക്കാന്‍ ഇതിലധികം എന്തു തെളിവ് വേണം?
അഹ്‌ലുസ്സുന്നയുടെ ഭരണാധികാരികളെ അംഗീകരിച്ച ഓരോരുത്തരെയും തിരിച്ചുകൊണ്ടുവന്ന് അവര്‍ക്കെതിരില്‍ ശിക്ഷ നടപ്പാക്കുവാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്!
അഹ്‌ലുസ്സുന്നയും ശിയാക്കളും തമ്മിലുള്ള വ്യത്യാസം കേവലം അഭിപ്രായഭിന്നതയാണെന്ന വിചാരം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്തുവാന്‍ ഈ തെളിവുകള്‍ തന്നെ ധാരാളം. ശിയാ വിശ്വാസങ്ങള്‍ ഓരോന്നും ബന്ധപ്പെട്ടുകിടക്കുന്നത് ജൂതവിശ്വാസങ്ങളുമായിട്ടാണ്. അവിടെനിന്ന് തന്നെയാണല്ലോ ഇതിന്റെ ഉത്ഭവവും!
നൂറുദ്ദീന്‍ സ്വലാഹി
www.kanzululoom.com