ഇമാം അഹ്മദ് رحمه الله, തിര്‍മിദി رحمه الله മുതലായവര്‍ അബുമൂസല്‍ അശ്അരി رضي الله عنه വിന്റെ ഹദീഥായി ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു:
عن النبي صلى الله عليه و سلم أنه قال [ إن الله سبحانه وتعالى أمر يحي بن زكريا صلى الله عليه و سلم بخمس كلمات أن يعمل بها ويأمر بني إسرائيل أن يعلموا بها وأنه كاد أن يبطيء بها فقال له عيسى عليه السلام : إن الله تعالى أمرك بخمس كلمات لتعمل بها وتأمر بني إسرائيل أن يعملوا بها فإما أن تأمرهم وإما أن آمرهم فقال يحي : أخشى إن سبقتني بها أن يخسف بي وأعذب فجمع يحي الناس في بيت المقدس فامتلأ المسجد وقعد على الشرف فقال : إن الله تبارك وتعالى أمرني بخمس كلمات أن أعملهن وآمركم أن تعملوا بهن : أولهن أن تعبدوا الله ولا تشركوا به شيئا وإن من أشرك بالله كمثل رجل اشترى عبدا من خالص ماله بذهب أو ورق فقال : هذه داري وهذا عملي فاعمل وأد إلي فكان يعمل ويؤدي إلى غير سيده فأيكم يرضى أن يكون عبده كذلك ؟ وإن الله أمركم بالصلاة فإذا صليتم فلا تلتفتوا فإن الله ينصب وجهه لوجه عبده في صلاته ما لم يكن يلتفت وأمركم بالصيام فإن مثل ذلك كمثل رجل في عصابة معه صرة فيها مسك كلهم يعجب أو يعجبه ريحه وأن ريح الصائم أطيب عند الله تعالى من ريح المسك وأمركم بالصدقة فإن مثل ذلك مثل رجل أسره العدو فأوثقوا يديه إلى عنقه وقدموه ليضربوا عنقه فقال : أنا أفتدي منكم بالقليل والكثير ففدى نفسه منهم وأمركم أن تذكروا الله تعالى فإن مثل ذلك كمثل رجل خرج العدو في أثره سراعا حتى إذا أتى على حصن حصين فأحرز نفسه منهم كذلك العبد لا يحرز نفسه من الشيطان إلا بذكر الله تعالى
”നിശ്ചയം, അല്ലാഹു യഹ്യ നബി عليه السلام യോട് അഞ്ച് കാര്യങ്ങള്‍ കല്പിച്ചു. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുവാനും ബനൂ ഇസ്റാഈല്യര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവരോടു കല്പിക്കുന്നതിനും വേണ്ടി. എന്നാല്‍ അദ്ദേഹം അതില്‍ താമസം വരുത്തിയപ്പോള്‍ ഈസാ നബി عليه السلام അദ്ദേഹത്തോട് പറഞ്ഞു: ”നിശ്ചയം, താങ്കള്‍ കര്‍മപഥത്തില്‍ കൊണ്ടുവരുന്നതിനും ബനൂ ഇസ്റാഈല്യരോട് അതിനായി കല്പിക്കുന്നതിനും അല്ലാഹു അഞ്ച് കാര്യങ്ങള്‍ താങ്കളോട് കല്പിക്കുകയുണ്ടായി. ഒന്നുകില്‍ താങ്കളത് അവരോടു കല്പിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരോട് പറയാം.” അപ്പോള്‍ യഹ്യ عليه السلام പറഞ്ഞു: ”താങ്കള്‍ എന്നെ മുന്‍കടന്ന് അങ്ങനെ ചെയ്താല്‍ ഞാന്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ മറ്റു വല്ല ശിക്ഷയും എന്നെ പിടികൂടുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു.” അങ്ങനെ യഹ്യ عليه السلام ആളുകളെ ബൈത്തുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. ആളുകളെക്കൊണ്ട് പള്ളി തിങ്ങി നിറഞ്ഞു. അതിന്റെ വരാന്തകളിലടക്കം ആളുകള്‍ ഇരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിശ്ചയം, ഞാന്‍ എന്റെ കര്‍മപഥത്തില്‍ കൊണ്ടുവരുവാനും നിങ്ങളോട് അതിനു കല്‍പിക്കുവാനുമായി അഞ്ച് കാര്യങ്ങള്‍ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അതില്‍ ഒന്നാമത്തെത്; നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്റെ ഉപമ, സ്വന്തം സമ്പാദ്യമായ സ്വര്‍ണവും വെള്ളിയും ചെലവഴിച്ച് ഒരു അടിമയെ വിലയ്ക്ക് വാങ്ങിയവനെ പോലെയാണ്. എന്നിട്ടയാള്‍ ആ അടിമയോട് പറഞ്ഞു: ‘ഇതാണ് എന്റെ ഭവനം. ഇതാണ് എനിക്ക് വേണ്ടി നീ ചെയ്യേണ്ട ജോലിയും. അതിനാല്‍ നീ എനിക്കുവേണ്ടി ജോലി ചെയ്യുക.’ എന്നാല്‍ ആ അടിമ തന്റെ യജമാനനല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയാണു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്! നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇപ്രകാരമായിരിക്കുന്നത് ഇഷ്ടപ്പെടുക?
നിശ്ചയം, അല്ലാഹു നിങ്ങളോടു നമസ്കരിക്കുവാന്‍ കല്പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്കരിക്കാന്‍ നില്ക്കുമ്പോള് തിരിഞ്ഞുനോക്കരുത്. ഒരു അടിമ തന്റെ നമസ്കാരത്തില്‍ മുഖം തിരിക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖത്തെ ആ അടിമയുടെ നേരെ തിരിച്ചു നിര്‍ത്തുന്നതാണ്.
അല്ലാഹു നിങ്ങളോടു വ്രതമനുഷ്ഠിക്കാന്‍ കല്പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ആള്‍ക്കൂട്ടത്തിലെ ഒരാളുടെത് പോലെയാണ്. അയാളുടെ കയ്യില്‍ ഒരു പൊതിയുണ്ട്. അതില്‍ കസ്തൂരിയാണ്. എല്ലാവരും അതിന്റെ സുഗന്ധത്തില്‍ അത്ഭുതം കൂറുന്നു. നിശ്ചയം, നോമ്പുകാരന്റെ വായുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമാണ്.
അവന് നിങ്ങളോടു ദാനധര്‍മത്തിനു കല്പിച്ചു. അതിന്റെ ഉപമയാകട്ടെ ശത്രുവിന്റെ പിടിയില്‍പെട്ട ഒരാളെ പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി. എന്നിട്ട് അയാളുടെ കഴുത്തുവെട്ടാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ ചെറുതും വലുതുമായ എല്ലാം (സര്‍വസ്വവും) നിങ്ങള്‍ക്കു നല്‍കാം, നിങ്ങളെന്നെവിടൂ.’ അങ്ങനെ അയാള്‍ സ്വയം അവരില്‍ നിന്ന് മോചിതനായി.
അവന് നിങ്ങളോടു ‘ദിക്ര്’ ചെയ്യാന്‍ കല്പിച്ചു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ പിന്നാലെ കൂടി ഓടിച്ച ഒരാളുടെത് പോലെയാണ്. അങ്ങനെ അയാള്‍ സുരക്ഷിതമായ ഒരു കോട്ടയില്‍ എത്തി. അവരില്‍നിന്ന് രക്ഷപ്പെട്ടു. അപ്രകാരമാണ് ഒരു ആള്‍ക്ക് അയാളെ പിശാചില്നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ (ദിക്ര്) അല്ലാതെ സാധിക്കുകയില്ല. (അഹ്മദ്,തിര്‍മിദി)
قال النبي صلي الله عليه وسلم وأنا آمركم بخمس الله أمرني بهن : السمع والطاعة والجهاد والهجرة والجماعة فإنه من فارق الجماعة قيد شبر فقد خلع ربقة الإسلام من عنقه إلا أن يراجع ومن ادعى دعوى الجاهلية فإنه من جثى جهنم فقال رجل : يارسول الله وإن صلى وصام ؟ قال وإن صلى وصام فادعوا بدعوا الله الذي سماكم المسلمين المؤمنين عباد الله
നബി ﷺ പറഞ്ഞു: ”ഞാന്‍ നിങ്ങളോട് അഞ്ച് കാര്യങ്ങള്‍ കല്പിക്കുന്നു; അല്ലാഹു അവ എന്നോട് കല്പിച്ചതാണ്. കേള്‍ക്കല്‍ (സംഅ്), അനുസരിക്കല്‍ (ത്വാഅത്ത്), ധര്‍മസമരം (ജിഹാദ്), ദേശപരിത്യാഗം(ഹിജ്റ), സംഘടിച്ച് നില്ക്കല് (അല്‍ജമാഅഃ) എന്നിവയാണവ. അല്‍ജമാഅ (സത്യസംഘം) യെ വിട്ട് അല്പമെങ്കിലും ആരെങ്കിലും അകന്നാല്‍ അയാള്‍ തന്റെ കഴുത്തില്‍നിന്ന് ഇസ്ലാമിനെ അഴിച്ചുവെക്കുകയാണ് ചെയ്തത്; തിരിച്ചുവരുന്നത് വരെ. അനിസ്ലാമികമായ വല്ല വാദങ്ങളും ആരെങ്കിലും വാദിച്ചാല്‍ നിശ്ചയം അയാള്‍ നരകാവകാശികളില്‍ പെട്ടവനായി.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”നബിയേ, അയാള്‍ നമസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും?” അവിടുന്ന് പറഞ്ഞു: ”അയാള്‍ നമസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും! അതിനാല്‍, അല്ലാഹുവിന്റെ അടിമകളായ വിശ്വാസികളേ, നിങ്ങളെ മുസ്ലിംകള് എന്ന് പേരുവിളിച്ച അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളെ നിങ്ങള്‍ പുല്കുക” (തിര്‍മിദി. ഇത് ഹസനും സ്വഹീഹുമായ ഹദീഥ് ആണെന്ന് അദ്ദേഹം പറഞ്ഞു. അഹ്മദ്, ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാന്‍, ഹാകിം മുതലായവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്).
ഓരോ മുസ്ലിമും ശരിക്ക് ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യേണ്ടതായ ഈ വിലപ്പെട്ട ഹദീഥിലൂടെ നബി ﷺ പറഞ്ഞത്; പിശാചിന്റെ ഉപദ്രവത്തില്‍നിന്നും ഒരാളെ രക്ഷപ്പെടുത്തുന്ന കാര്യങ്ങളും ഒരാള്‍ക്ക് ഇഹപര വിജയം നേടിക്കൊടുക്കുന്ന കാര്യങ്ങളുമാണ്.
ഏകദൈവ വിശ്വാസിയുടെയും (മുവഹ്ഹിദ്) ബഹുദൈവ വിശ്വാസിയുടെയും (മുശ്രിക്ക്) ഉപമ പറഞ്ഞത് ശ്രദ്ധേയമാണ്. ഏകദൈവ വിശ്വാസി തന്റെ യജമാനന്റെ വീട്ടില്‍ യജമാനന് വേണ്ടി ജോലി ചെയ്തവനെ പോലെയാണ്. യജമാനന് അയാളെ ഏല്പിച്ച പണികള്‍ അയാള്‍ ചെയ്തു. എന്നാല്‍ ബഹുദൈവ വിശ്വാസിയാകട്ടെ യജമാനന് തന്റെ വീട്ടില്‍ ജോലിക്ക് നിശ്ചയിച്ചവനെ പോലെയാണ്. എന്നിട്ടയാള്‍ ജോലി ചെയ്തതും തന്റെ വരുമാനമേല്‍പിച്ചതും യജമാനനല്ലാത്ത മറ്റൊരാള്‍ക്കാണ്! ഇതുപോലെയാണ് ബഹുദൈവാരാധകന്; അല്ലാഹുവിന്റെ ഭവനത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി പണിയെടുക്കുന്നു. അല്ലാഹു നല്കിയ അനുഗ്രഹങ്ങളുമായി അല്ലാഹുവിന്റെ ശത്രുവിലേക്ക് അയാള്‍ അടുത്തുകൊണ്ടിരിക്കുകയാണ്!
മനുഷ്യന്മാര്‍ക്കാര്‍ക്കെങ്കിലും ഇതുപോലെ ഒരു ഭൃത്യനോ ദാസനോ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഇവനോട് ഏറ്റവും വെറുപ്പും ദേഷ്യവുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അയാള്‍ അവനോട് അങ്ങേയറ്റം ദേഷ്യപ്പെടുകയും അവനെ ആട്ടിയകറ്റുകയും ചെയ്യും. രണ്ടുപേരും ഒരേപോലെ സൃഷ്ടികളാണ്; രണ്ടുപേരും തങ്ങളുടെതല്ലാത്ത സൗകര്യങ്ങളിലും അനുഗ്രഹങ്ങളിലും. എന്നിരിക്കെ സര്‍വലോക രക്ഷിതാവായ, ഏതൊരാള്‍ക്കും ഏതേത് അനുഗ്രഹങ്ങളും നല്കിയ ഏകനായ രക്ഷിതാവ്, അവനിലൂടെയാണ് ഓരോരുത്തര്‍ക്കുള്ള നന്മകളെല്ലാം വന്നെത്തുന്നതും ദോഷങ്ങളെല്ലാം അകറ്റുന്നതും. അവന് മാത്രമാണ് തന്റെ അടിമയെ സൃഷ്ടിച്ചതും അവനു കരുണ ചെയ്യുന്നതും അവനെ നിയന്ത്രിക്കുന്നതും ഉപജീവനം നല്‍കുന്നതും അവനു സൗഖ്യം നല്‍കുന്നതും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതും, എന്നിരിക്കെ എന്തുമാത്രം അക്രമമാണ് ബഹുദൈവത്വത്തിലൂടെ അവന് ചെയ്യുന്നത്!
എങ്ങനെയാണ് അവന് തന്റെ രക്ഷിതാവിനോട് സ്നേഹത്തിലും ഭയത്തിലും പ്രതീക്ഷയിലും സത്യം ചെയ്യലിലും നേര്‍ച്ചനേരുന്നതിലും ഇടപാടുകളിലുമൊക്കെ മറ്റുള്ളവരെ തുല്യരാക്കാനും പങ്കുചേര്‍ക്കാനും പറ്റുക? അങ്ങനെ അവന് പടച്ചവനെ സ്നേഹിക്കുന്നതുപോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ ഉപരിയായി മറ്റുള്ളവരെ സ്നേഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു!
അവരുടെ സ്ഥിതിഗതികളും വാക്കുകളും പ്രവൃത്തികളുമെല്ലാം സാക്ഷികളായി സ്വയം വിളിച്ചു പറയുന്നുണ്ട്; അവര്‍ തങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പങ്കാളികളെ ഭയപ്പെടുകയും അവരില്‍നിന്ന് പ്രതീക്ഷിക്കുകയും അവരുടെ തൃപ്തി നേടുകയും അവരുടെ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുകയും അവരോടു സഹവര്‍ത്തിത്വത്തിനൊരുങ്ങുകയും ചെയ്യുന്നു എന്ന്.
ഇത് തന്നെയാണ് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ‘ശിര്‍ക്ക്’ അഥവാ പങ്കുചേര്‍ക്കല്‍. അല്ലാഹു പറയുന്നു:
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا
തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. (ഖുർആൻ:4/48)
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلَٰلَۢا بَعِيدًا
തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന് ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖുർആൻ:4/116)
മനുഷ്യരുടെ അന്യായങ്ങളുടെയും അക്രമങ്ങളുടെയും മൂന്ന് തരം ഏടുകളാണ് അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പക്കലുണ്ടാവുക:
(1) അല്ലാഹു പൊറുക്കാത്ത അക്രമങ്ങളുടെ ഏട്. അത് ബഹുദൈവത്വത്തിന്റെതാണ് (ശിര്‍ക്ക്). നിശ്ചയം അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നത് അവന് ഒരിക്കലും പൊറുക്കുകയില്ല.
(2) ഒന്നും അല്ലാഹു ഒഴിവാക്കി വിട്ടുകളയാത്തതായ അക്രമങ്ങളുടെ ഏട്. സൃഷ്ടികള്‍ പരസ്പരം ചെയ്ത അന്യായങ്ങളും അക്രമങ്ങളും രേഖപ്പെടുത്തിയ ഏടാണ് അത്. അല്ലാഹു അവയെല്ലാം വിധി പറഞ്ഞു തീര്‍പ്പുകല്‍പിക്കുന്നതാണ്.
(3) അല്ലാഹു പരിഗണിക്കാത്ത അന്യായങ്ങളുടെ ഏട്. അതായത് ഒരു അടിമ തനിക്കും തന്റെ രക്ഷിതാവിനും ഇടയില്‍ ചെയ്തതായ അന്യായങ്ങളാണത്. തീര്‍ച്ചയായും ഈ രേഖയായിരിക്കും ഏറ്റവും ഗൗരവം കുറഞ്ഞതും പെട്ടെന്ന് മറന്നുപോകുന്നതും. നിശ്ചയം, അത് തൗബ (പശ്ചാത്താപം), ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍), തിന്മയെ മായ്ക്കുന്ന നന്മകള്, പാപം പൊറുക്കുവാനുതകുന്ന പ്രയാസങ്ങള്‍ മുതലായവയിലൂടെയെല്ലാം മായ്ച്ചുകളയാവുന്നതാണ്. എന്നാല്‍ ബഹുദൈവാരാധനയുടെ (ശിര്‍ക്കിന്റെ) ഏട് ഇതുപോലെയല്ല. അത് ഏകദൈവാരാധന(തൗഹീദ്)യിലൂടെയല്ലാതെ മായ്ച്ചുകളയാന്‍ പറ്റില്ല. അപ്രകാരം തന്നെ സഹജീവികളോട് ചെയ്ത അന്യായങ്ങളും പൊറുക്കപ്പെടണമെങ്കില്‍ അവയില്‍ നിന്ന് ഒഴിവായി അതിന്റെ ഉടമയെ അറിയിക്കുകയും പൊരുത്തപ്പെടുവിക്കുകയും ചെയ്യേണ്ടതുണ്ട്.
ഈ മൂന്നു ഏടുകളിലും അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഗൗരവമേറിയത് ബഹുദൈവാരാധന (ശിര്‍ക്ക്) ആയതിനാല്‍ അതിന്റെ വക്താക്കള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കി. ബഹുദൈവാരാധകരായ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പ്രത്യുത ഏകദൈവാരാധകരാണ് സ്വര്‍ഗത്തില്‍ കടക്കുക. ഏകദൈവ വിശ്വാസം (തൗഹീദ്) ആണ് സ്വര്‍ഗ കവാടത്തിന്റെ താക്കോല്‍. പ്രസ്തുത താക്കോലില്ലാത്തവര്‍ക്ക് സ്വര്‍ഗീയ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയില്ല. അപ്രകാരം തന്നെ താക്കോലുമായി വരികയും എന്നാല്‍ അതിന്റെ പല്ലുകള്‍ ഇല്ലാതിരിക്കുകയും ചെയ്താലും അതുപയോഗിച്ചു സ്വര്‍ഗവാതിലുകള്‍ തുറക്കാന്‍ സാധിക്കുകയില്ല.
താക്കോലിന്റെ പല്ലുകളെന്നു പറഞ്ഞത് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ധര്‍മ സമരം (ജിഹാദ്), നന്മ കല്പിക്കല്, സംസാരത്തിലെ സത്യത, വിശ്വസ്തത പാലിക്കല്‍, കുടുംബബന്ധം ചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളെയാണ്. അതിനാല്‍ ഏതൊരാള്‍ ഈ ലോകത്തുവെച്ച് തൗഹീദിന്റെ ശരിയായ ഒരു താക്കോല്‍ ഉണ്ടാക്കിയെടുക്കുകയും പടച്ചവന്റെ കല്‍പനകളുടെതായ പല്ലുകള്‍ അതിനു പിടിപ്പിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ സ്വര്‍ഗകവാടത്തിലെത്തി ആ താക്കോലു കൊണ്ട് വാതില്‍ തുറക്കാന്‍ കഴിയും. അതിനു യാതൊരു തടസ്സവുമുണ്ടായിരിക്കില്ല. എന്നാല്‍ അയാള്‍ ചെയ്ത പാപങ്ങളുടെയും തെറ്റുകുറ്റങ്ങളുടെയും അടയാളങ്ങള്‍ നിഷ്കളങ്കമായ പശ്ചാത്താപത്തിലൂടെയും പാപമോചന തേട്ടത്തിലൂടെയും നീക്കിക്കളയാനായില്ലെങ്കില്‍ പ്രശ്നമാണ്. അപ്പോള്‍ സ്വര്ഗത്തിന് മുമ്പില്‍ അയാള്‍ തടയപ്പെടുകയും ശുദ്ധീകരണ നടപടികളെടുക്കുകയും ചെയ്യും. മഹ്ശറിലെ ദീര്‍ഘമായ നിറുത്തവും അവിടുത്തെ ഭയാനകതകളും പ്രയാസങ്ങളും അയാളെ ശുദ്ധീകരിച്ചില്ലെങ്കില്‍ പിന്നെ തെറ്റുകുറ്റങ്ങളുടെ മാലിന്യങ്ങള്‍ നീക്കാന്‍ നരകത്തില്‍ കടക്കല്‍ അനിവാര്യമായി. അങ്ങനെ ആ പാപങ്ങളുടെ അഴുക്കുകളില്‍നിന്ന് ശുദ്ധമായി കഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്തു കൊണ്ടുവന്ന്, ശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. കാരണം, സ്വര്‍ഗമെന്നത് വിശുദ്ധരുടെ ഭവനമാണ്; വിശുദ്ധരല്ലാതെ അവിടെ പ്രവേശിക്കുകയില്ല.
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ
അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. (ഖുർആൻ:16/32)
‘നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു; അതിനാല്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക’ എന്ന് പറഞ്ഞതില്‍ നിന്ന് ആ സംശുദ്ധിയാണ് സ്വര്‍ഗപ്രവേശനത്തിന് നിമിത്തമായതെന്നു വ്യക്തമാണ്.
എന്നാല്‍ നരകമാകട്ടെ, വാക്കുകളിലും പ്രവൃത്തികളിലും അന്നപാനീയങ്ങളിലുമെല്ലാം മാലിന്യം പേറിയവരുടെ വാസസ്ഥലമാണ്; വൃത്തികെട്ടവരുടെ ഭവനം.
لِيَمِيزَ ٱللَّهُ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَيَجْعَلَ ٱلْخَبِيثَ بَعْضَهُۥ عَلَىٰ بَعْضٍ فَيَرْكُمَهُۥ جَمِيعًا فَيَجْعَلَهُۥ فِى جَهَنَّمَ ۚ أُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
അല്ലാഹു നല്ലതില്‍നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. (ഖുർആൻ:8/37)
അല്ലാഹു വൃത്തികേടുകളെയും മാലിന്യങ്ങളെയും ഒരുമിച്ചുകൂട്ടുകയും എന്നിട്ട് നരകവാസികളോടൊപ്പം നരകത്തിലാക്കുകയും ചെയ്യും. നീചരല്ലാതെ അതില്‍ ഉണ്ടാവുകയില്ല.
ജനങ്ങള്‍ മൂന്നു തരക്കാരാണ്. അവര്‍ക്കുള്ള വാസസ്ഥലങ്ങളും മൂന്നു തരമാണ്. (1) വൃത്തികേടുകള്‍ പുരളാത്ത വിശുദ്ധര്‍. (2) വിശുദ്ധി തീണ്ടിയിട്ടില്ലാത്ത മ്ലേച്ഛര്‍. (3) വിശുദ്ധിയും വൃത്തികേടുകളും കൂടിക്കലര്‍ന്ന മറ്റൊരു കൂട്ടര്.
ഒന്നാമത്തെ വിഭാഗത്തിന് തികച്ചും വിശുദ്ധമായ ഭവനമാണുള്ളത് (സ്വര്‍ഗം). രണ്ടാമത്തെ വിഭാഗത്തിനാകട്ടെ തികച്ചും മ്ലേച്ഛമായ ഭവനവും (നരകം). ഈ രണ്ടു ഭവനങ്ങളും (സ്വര്‍ഗവും നരകവും) നശിക്കുകയില്ല; ശാശ്വതമാണ്.
എന്നാല്‍ നന്മയും തിന്മയും കൂടിക്കലര്‍ന്ന മൂന്നാമത്തെ വിഭാഗത്തിന്റെ ഭവനം; അത് നശിക്കുന്നതാണ്, ശാശ്വതമല്ല. അതായത്, മറ്റു പാപങ്ങള്‍ ചെയ്തവര്‍ക്കുള്ള ശിക്ഷയുടെ ഭവനം. നിശ്ചയം (ഏകദൈവ വിശ്വാസികളില്പെട്ട ഒരാളും) നരകത്തില്‍ ശാശ്വത വാസിയാവുകയില്ല. അവര്‍ തങ്ങളുടെ കര്‍മങ്ങളുടെ തോതനുസരിച്ച് ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്ത് കൊണ്ടുവരപ്പെടുന്നതായിരിക്കും. എന്നിട്ട് അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അപ്പോള്‍ അവസാനം തികച്ചും വൃത്തികെട്ടവരുടെത് മാത്രമായ നരകം മാത്രമായിരിക്കും ശേഷിക്കുക.
ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും
വിവർത്തനം: ശമീര്‍ മദീനി
www.kanzululoom.com