ﻟَّﻌَﻨَﻪُ ٱﻟﻠَّﻪُ അവനെ അല്ലാഹു ശപിച്ചിരിക്കുന്നു , ﻟَﻌْﻨَﺔُ ٱﻟﻠَّﻪِ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔِ (അവ൪ക്ക് )അല്ലാഹുവിന്റേയും മലക്കുകളുടെയും ശാപമുണ്ടായിരിക്കും, لَعَنَ رَسُولُ اللَّهِ റസൂല്‍ ﷺ ശപിച്ചിരിക്കുന്നു എന്നീ പ്രയോഗങ്ങള്‍ വിശുദ്ധ ഖു൪ആനിലും ഹദീസുകളിലും ധാരാളം കാണാവുന്നതാണ്. ﻟَﻌْﻨَﺔُ (ശാപം) എന്ന വാക്കിന് ‘അല്ലാഹുവിന്റെ ശിക്ഷ’ എന്നാണ൪ത്ഥം. ഖു൪ആനിലും സുന്നത്തിലും ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും പാപമോചനത്തില്‍ നിന്നും അകറ്റപ്പെടലാണ് എന്ന അ൪ത്ഥത്തിലാണ്. അഥവാ അല്ലാഹു ഒരുവനെ ശപിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍ ഇഹത്തിലും പരത്തിലും അവനെ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് അകറ്റപ്പെടുമെന്നുമെന്നും ഇഹത്തിലും പരത്തിലും അവന് അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുമെന്നുമാണ്. മലക്കുകള്‍ ഒരുവനെ ശപിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അവന് അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുന്നതിനും അവനെ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് അകറ്റപ്പെടുന്നതിനും വേണ്ടി അവ൪ പ്രാ൪ത്ഥിക്കുമെന്നാണ്.
ഒരു സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഒരിക്കലും അല്ലാഹുവിന്റെ ശാപം ഉണ്ടാകുന്ന പ്രവ൪ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അല്ലാഹുവിന്റെ ശാപം ഒരു ഒരുവനില്‍ വന്ന് കഴിഞ്ഞാല്‍ അതവന്റെ നാശമാണ്. പിന്നെ അവന് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല.
ﺃُﻭ۟ﻟَٰٓﺌِﻚَ ٱﻟَّﺬِﻳﻦَ ﻟَﻌَﻨَﻬُﻢُ ٱﻟﻠَّﻪُ ۖ ﻭَﻣَﻦ ﻳَﻠْﻌَﻦِ ٱﻟﻠَّﻪُ ﻓَﻠَﻦ ﺗَﺠِﺪَ ﻟَﻪُۥ ﻧَﺼِﻴﺮًا
എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.(ഖു൪ആന്‍ :4/52)
അല്ലാഹുവിന്റേയും അവന്റെ റസൂൽ ﷺ യുടെയും അവന്റെ മലക്കുകളുടേയും ശാപം കിട്ടുന്ന കാര്യങ്ങളെ കുറിച്ച് വിശുദ്ധ ഖു൪ആനും തിരു സുന്നത്തും നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. അവയെ കുറിച്ച് വിശദമായി പഠിക്കല്‍ സത്യവിശ്വാസിയുടേയും ബാധ്യതയാണ്. എങ്കില്‍ മാത്രമേ അവയില്‍ നിന്നെല്ലാം സത്യവിശ്വാസികള്‍ക്ക് വിട്ടുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിന്റേയും അവന്റെ റസൂൽ ﷺ യുടെയും അവന്റെ മലക്കുകളുടേയും ശാപം കിട്ടുന്ന ഏതാനും കാര്യങ്ങളെ കുറിച്ച് താഴെ സൂചിപ്പിക്കുന്നു.
1.കുഫ്റ് (സത്യനിഷേധം)
കഫറ എന്ന അറബിപദത്തിന്റെ നാമരൂപമാണ് കുഫ്‌റ്. മറച്ചുവെക്കല്‍, മൂടിവെക്കല്‍ എന്നൊക്കെയാണ് കുഫ്‌റ് എന്ന പദത്തിന്റെ അ൪ത്ഥം. ഇസ്‌ലാമികമായി കുഫ്‌റ് എന്ന പദത്തിന്റെ ആശയം അല്ലാഹു അവതരിപ്പിച്ച സത്യം മറച്ചുവെക്കല്‍, അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിക്കാതിരിക്കല്‍ എന്നൊക്കെയാണ്. ജീവിതകാലം മുഴുവന്‍ സത്യനിഷേധിയായി ജീവിച്ചു മരിച്ചു പോകുന്ന ഒരാളെ അല്ലാഹു ശപിച്ചിരിക്കുന്നു. അതേപോലെ സത്യവിശ്വാസിയായി ജീവിച്ച് പിന്നീട് അവിശ്വാസം സ്വീകരിക്കുന്നവനേയും അല്ലാഹു ശപിച്ചിരിക്കുന്നു.
ﺇِﻥَّ ٱﻟﻠَّﻪَ ﻟَﻌَﻦَ ٱﻟْﻜَٰﻔِﺮِﻳﻦَ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺳَﻌِﻴﺮًا
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍ :33/64)
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻭَﻣَﺎﺗُﻮا۟ ﻭَﻫُﻢْ ﻛُﻔَّﺎﺭٌ ﺃُﻭ۟ﻟَٰٓﺌِﻚَ ﻋَﻠَﻴْﻬِﻢْ ﻟَﻌْﻨَﺔُ ٱﻟﻠَّﻪِ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻭَٱﻟﻨَّﺎﺱِ ﺃَﺟْﻤَﻌِﻴﻦَ
സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്.(ഖു൪ആന്‍ :2/161)
ﻛَﻴْﻒَ ﻳَﻬْﺪِﻯ ٱﻟﻠَّﻪُ ﻗَﻮْﻣًﺎ ﻛَﻔَﺮُﻭا۟ ﺑَﻌْﺪَ ﺇِﻳﻤَٰﻨِﻬِﻢْ ﻭَﺷَﻬِﺪُﻭٓا۟ ﺃَﻥَّ ٱﻟﺮَّﺳُﻮﻝَ ﺣَﻖٌّ ﻭَﺟَﺎٓءَﻫُﻢُ ٱﻟْﺒَﻴِّﻨَٰﺖُ ۚ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦَ ﺃُﻭ۟ﻟَٰٓﺌِﻚَ ﺟَﺰَآﺅُﻫُﻢْ ﺃَﻥَّ ﻋَﻠَﻴْﻬِﻢْ ﻟَﻌْﻨَﺔَ ٱﻟﻠَّﻪِ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻭَٱﻟﻨَّﺎﺱِ ﺃَﺟْﻤَﻌِﻴﻦَ
വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? അവരാകട്ടെ റസൂല്‍ സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയിട്ടുമുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല. അല്ലാഹുവിന്റേയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവര്‍ക്കുള്ള പ്രതിഫലം.(ഖു൪ആന്‍ :3/86-87)
അതുകൊണ്ട് സത്യവിശ്വാസിയായിട്ടല്ലാതെ മരിക്കുന്നതിനെ കുറിച്ച് അല്ലാഹു താക്കീത് നല്‍കിയിട്ടുള്ളതായി കാണാന്‍ കഴിയും.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ﺣَﻖَّ ﺗُﻘَﺎﺗِﻪِۦ ﻭَﻻَ ﺗَﻤُﻮﺗُﻦَّ ﺇِﻻَّ ﻭَﺃَﻧﺘُﻢ ﻣُّﺴْﻠِﻤُﻮﻥَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.(ഖു൪ആന്‍ :3/102)
2.ശി൪ക്ക് (അല്ലാഹുവില്‍ പങ്കുചേ൪ക്കല്‍)
അല്ലാഹുവിന്റെ നാമങ്ങളിലോ ഗുണവിശേഷണങ്ങളിലോ മറ്റുള്ളവരെ പങ്കുചേ൪ക്കുന്നതിനാണ് ശി൪ക്ക് എന്ന് പറയുന്നു. ശി൪ക്ക് ഏറ്റവും ഗുരുതരമായ പാപമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്.
ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻐْﻔِﺮُ ﺃَﻥ ﻳُﺸْﺮَﻙَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮُ ﻣَﺎ ﺩُﻭﻥَ ﺫَٰﻟِﻚَ ﻟِﻤَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪِ ٱﻓْﺘَﺮَﻯٰٓ ﺇِﺛْﻤًﺎ ﻋَﻈِﻴﻤًﺎ
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.(ഖു൪ആന്‍:4/48)
ശി൪ക്ക് ചെയ്യുന്നവന്റെ പര്യവസാനം നരകമായിരിക്കും. അതോടൊപ്പം അല്ലാഹുവിന്റെ ശാപവും ഉണ്ടായിരിക്കും.
ﻭَﻳُﻌَﺬِّﺏَ ٱﻟْﻤُﻨَٰﻔِﻘِﻴﻦَ ﻭَٱﻟْﻤُﻨَٰﻔِﻘَٰﺖِ ﻭَٱﻟْﻤُﺸْﺮِﻛِﻴﻦَ ﻭَٱﻟْﻤُﺸْﺮِﻛَٰﺖِ ٱﻟﻈَّﺎٓﻧِّﻴﻦَ ﺑِﭑﻟﻠَّﻪِ ﻇَﻦَّ ٱﻟﺴَّﻮْءِ ۚ ﻋَﻠَﻴْﻬِﻢْ ﺩَآﺋِﺮَﺓُ ٱﻟﺴَّﻮْءِ ۖ ﻭَﻏَﻀِﺐَ ٱﻟﻠَّﻪُ ﻋَﻠَﻴْﻬِﻢْ ﻭَﻟَﻌَﻨَﻬُﻢْ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا
അല്ലാഹുവിനെകുറിച്ച് തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്‍മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം.(ഖു൪ആന്‍ : 48/6)
‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് ‘ പറഞ്ഞു ജീവിക്കുന്ന മുസ്ലിം ഉമ്മത്തില്‍ ശി൪ക്ക് വരത്തില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഈ ധാരണ ശരിയില്ല. ശി൪ക്കിനെ ഏറെ ഭയപ്പെട്ടവരായിരുന്നു പ്രവാചകന്‍മാ൪. ഇബ്രാഹിം നബി(അ) ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നതായി വിശുദ്ധ ഖു൪ആനില്‍ കാണാന്‍ കഴിയും.
ﻭَﺇِﺫْ ﻗَﺎﻝَ ﺇِﺑْﺮَٰﻫِﻴﻢُ ﺭَﺏِّ ٱﺟْﻌَﻞْ ﻫَٰﺬَا ٱﻟْﺒَﻠَﺪَ ءَاﻣِﻨًﺎ ﻭَٱﺟْﻨُﺒْﻨِﻰ ﻭَﺑَﻨِﻰَّ ﺃَﻥ ﻧَّﻌْﺒُﺪَ ٱﻷَْﺻْﻨَﺎﻡَ
ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.(ഖു൪ആന്‍ :14/35)
അതേപോലെ യഅഖൂബ് നബി(അ) തന്റെ മരണസമയത്ത് പോലും ആശങ്കപ്പെട്ടത് തന്റെ സമൂഹത്തില്‍ ശി൪ക്ക് വരുമോ എന്നതായിരുന്നു.
ﺃَﻡْ ﻛُﻨﺘُﻢْ ﺷُﻬَﺪَآءَ ﺇِﺫْ ﺣَﻀَﺮَ ﻳَﻌْﻘُﻮﺏَ ٱﻟْﻤَﻮْﺕُ ﺇِﺫْ ﻗَﺎﻝَ ﻟِﺒَﻨِﻴﻪِ ﻣَﺎ ﺗَﻌْﺒُﺪُﻭﻥَ ﻣِﻦۢ ﺑَﻌْﺪِﻯ ﻗَﺎﻟُﻮا۟ ﻧَﻌْﺒُﺪُ ﺇِﻟَٰﻬَﻚَ ﻭَﺇِﻟَٰﻪَ ءَاﺑَﺎٓﺋِﻚَ ﺇِﺑْﺮَٰﻫِۦﻢَ ﻭَﺇِﺳْﻤَٰﻌِﻴﻞَ ﻭَﺇِﺳْﺤَٰﻖَ ﺇِﻟَٰﻬًﺎ ﻭَٰﺣِﺪًا ﻭَﻧَﺤْﻦُ ﻟَﻪُۥ ﻣُﺴْﻠِﻤُﻮﻥَ
എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക ? എന്ന് യഅഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇസ്ഹാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും.(ഖു൪ആന്‍ :2/133)
3.നിഫാഖ് (കപട വിശ്വാസം)
മനസ്സിലുള്ള ആദ൪ശത്തിനും ആശയത്തിനും വിരുദ്ധമായി നാവുകൊണ്ടോ ക൪മ്മം കൊണ്ടോ പ്രത്യക്ഷത്തില്‍ മറ്റൊന്ന് പ്രകടിപ്പിക്കുന്നതിനാണ് ശറഇല്‍ ‘നിഫാഖ് ‘ എന്ന് പറയുന്നത്. മനസ്സില്‍ കുഫ്റ് മറച്ചുവെക്കുകയും പ്രത്യക്ഷത്തില്‍ ഈമാന്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതി. ഇത്തരക്കാരെ അല്ലാഹു ശപിച്ചിട്ടുള്ളതായികാണാം.
ﻭَﻳُﻌَﺬِّﺏَ ٱﻟْﻤُﻨَٰﻔِﻘِﻴﻦَ ﻭَٱﻟْﻤُﻨَٰﻔِﻘَٰﺖِ ﻭَٱﻟْﻤُﺸْﺮِﻛِﻴﻦَ ﻭَٱﻟْﻤُﺸْﺮِﻛَٰﺖِ ٱﻟﻈَّﺎٓﻧِّﻴﻦَ ﺑِﭑﻟﻠَّﻪِ ﻇَﻦَّ ٱﻟﺴَّﻮْءِ ۚ ﻋَﻠَﻴْﻬِﻢْ ﺩَآﺋِﺮَﺓُ ٱﻟﺴَّﻮْءِ ۖ ﻭَﻏَﻀِﺐَ ٱﻟﻠَّﻪُ ﻋَﻠَﻴْﻬِﻢْ ﻭَﻟَﻌَﻨَﻬُﻢْ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا
അല്ലാഹുവിനെകുറിച്ച് തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്‍മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം.(ഖു൪ആന്‍ : 48/6)
4.അല്ലാഹുവില്‍ നിന്നുള്ള സത്യത്തെ മറച്ചു വെക്കുക
അല്ലാഹുവില്‍ നിന്ന് അവന്റെ പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിച്ചിട്ടുള്ള സത്യസാക്ഷ്യങ്ങളെ വെളിപ്പെടുത്താതെ മറച്ചുവെക്കുകയും, അല്ലെങ്കില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നവനേക്കാള്‍ വലിയ അക്രമി വേറെ ആരുമില്ലെന്ന് അല്ലാഹു പറയുന്നു.
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦ ﻛَﺘَﻢَ ﺷَﻬَٰﺪَﺓً ﻋِﻨﺪَﻩُۥ ﻣِﻦَ ٱﻟﻠَّﻪِ ۗ ﻭَﻣَﺎ ٱﻟﻠَّﻪُ ﺑِﻐَٰﻔِﻞٍ ﻋَﻤَّﺎ ﺗَﻌْﻤَﻠُﻮﻥ
……അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (ഖു൪ആന്‍:2 /140)
അല്ലാഹു അവതരിപ്പിച്ചിട്ടുള്ള സത്യത്തെ മറച്ചു വെക്കുന്നവരെ അല്ലാഹു ശപിക്കുന്നതാണ്.
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﻜْﺘُﻤُﻮﻥَ ﻣَﺎٓ ﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟْﺒَﻴِّﻨَٰﺖِ ﻭَٱﻟْﻬُﺪَﻯٰ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺑَﻴَّﻨَّٰﻪُ ﻟِﻠﻨَّﺎﺱِ ﻓِﻰ ٱﻟْﻜِﺘَٰﺐِ ۙ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّﻪُ ﻭَﻳَﻠْﻌَﻨُﻬُﻢُ ٱﻟﻠَّٰﻌِﻨُﻮﻥَ
നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. (ഖു൪ആന്‍:2/159)
അബൂഹുറൈറ (റ) പറഞ്ഞതായി ബുഖാരി (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ കിതാബിലുള്ള ഒരു ആയത്ത് ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് ഒരു വിവരവും പറഞ്ഞുതരുമായിരുന്നില്ല. തുടര്‍ന്നുകൊണ്ട് അദ്ദേഹം ഖു൪ആന്‍ 2/159 വചനം ഓതുകയും ചെയ്തു.
അല്ലാഹു അവതരിപ്പിച്ചിട്ടുള്ള സത്യത്തെ മറച്ചു വെക്കുന്നത് വേദക്കാരുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഇത് മുസ്ലിം സമുദായത്തിലേക്ക് കടന്നുവന്നിട്ടുള്ളത് ഏറെ സങ്കടകരമായ കാര്യമാണ്. ഖു൪ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട കാര്യത്തെ മറച്ചുവെക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. പണ്ഢിതന്‍മാ൪ പോലും ഇതില്‍ നിന്ന് ഒഴിവല്ലെന്നുള്ളതാണ് വസ്തുത. സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ഇസ്ലാമിന്റെ വിധി എന്തെന്ന് ചോദിച്ചാല്‍ അതെല്ലാം ഹറാമാണെന്ന് ഉടന്‍ മറുപടി കിട്ടും. എന്നാല്‍ നബി ﷺ യുടെ കാലത്ത് സ്ത്രീകള്‍ ജുമുഅക്ക്, അല്ല സുബ്ഹി ജമാഅത്തിനുവരെ പങ്കെടുത്തിരുന്നുവെന്നതിന് അനവധി സ്വഹീഹായ ഹദീസുകള്‍ കണ്ടാലും അത് മറച്ച് വെക്കും. സ്ത്രീകളെ നി൪ബന്ധമായും ജുമുഅക്ക് പങ്കെടുപ്പിക്കണമെന്ന് പറയാനല്ല, പകരം ഈ വിഷയത്തിലെ തെളിവുകള്‍ മറച്ചുവെക്കുന്നതില്‍ യാതൊരു ഭയവുമില്ലെന്ന് ഓ൪മ്മിപ്പിക്കാനാണ് ഇത് സൂചിപ്പിച്ചത്.
5.സ്വഹാബത്തിനെ ചീത്ത പറയല്‍
മുഹമ്മദ് നബി ﷺ തന്റെ പ്രവാചകത്വ ദൗത്യവുമായി കടന്നുവന്നപ്പോള്‍ ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം ശക്തമായ എതിര്‍പ്പുകളും തീഷ്ണമായ ശത്രുതയും കൊണ്ട് നിന്നപ്പോള്‍ സത്യസന്ധമായ സ്‌നേഹവും ആത്മാര്‍ഥമായ പിന്തുണയും നല്‍കിക്കൊണ്ട് പ്രവാചകനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്ത അനുയായികളാണ് സ്വഹാബത്ത്.
ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി(റഹി) പറയുന്നു: ‘സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് നബി ﷺ യെ കണ്ടുമുട്ടുകയും മുസ്‌ലിമായിത്തന്നെ മരിക്കുകയും ചെയ്തവര്‍ക്കാണ് സ്വഹാബത്ത് എന്നു പറയുക.’ (അല്‍ ഇസ്വാബ: പേജ് – 71).
ഇങ്ങനെയുള്ള മഹത്തുക്കളായ സ്വഹാബത്തിനെ ആദരിക്കുവാനും സ്‌നേഹിക്കുവാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവരെ ചീത്തപറയലോ അപഹസിക്കലോ വിശ്വാസികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. സ്വഹാബത്തിനെ ചീത്ത വിളിക്കുന്നത് അല്ലാഹുവിന്റെ ശാപത്തെ ക്ഷണിച്ച് വരുത്തലാണ്.
عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم قال : مَنْ سَبَّ أَصْحَابِي فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ
ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും എന്റെ സ്വഹാബത്തിനെ ചീത്തപറഞ്ഞാല്‍ അവന് അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്. (സിൽസിലത്തു സ്വഹീഹ:5 / 446)
6.അല്ലാഹുവിനേയും അവന്റെ റസൂൽ ﷺ യെയും ദ്രോഹിക്കുന്ന൪
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳُﺆْﺫُﻭﻥَ ٱﻟﻠَّﻪَ ﻭَﺭَﺳُﻮﻟَﻪُۥ ﻟَﻌَﻨَﻬُﻢُ ٱﻟﻠَّﻪُ ﻓِﻰ ٱﻟﺪُّﻧْﻴَﺎ ﻭَٱﻻْءَﺧِﺮَﺓِ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﻋَﺬَاﺑًﺎ ﻣُّﻬِﻴﻨًﺎ
അല്ലാഹുവിനേയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്.(ഖു൪ആന്‍:33/57)
ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു: അല്ലാഹുവിന്റെ ഉല്‍കൃഷ്ട ഗുണങ്ങള്‍ക്കോ, ശക്തിമഹാത്മ്യത്തിനോ, അധികാരാവകാശങ്ങള്‍ക്കോ അനുയോജ്യമല്ലാത്തതും, അവയെ അവഗണിക്കുന്നതുമായ എല്ലാ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവയാണെന്ന് മൊത്തത്തില്‍ പറയാം. അല്ലാഹു പ്രസ്താവിക്കുന്നതായി നബി ﷺ ഉദ്ധരിച്ചിട്ടുള്ള രണ്ട് തിരുവചനങ്ങളില്‍ നിന്നു ഇതു മനസ്സിലാക്കാം:
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : قَالَ اللَّهُ كَذَّبَنِي ابْنُ آدَمَ وَلَمْ يَكُنْ لَهُ ذَلِكَ، وَشَتَمَنِي وَلَمْ يَكُنْ لَهُ ذَلِكَ، فَأَمَّا تَكْذِيبُهُ إِيَّاىَ فَزَعَمَ أَنِّي لاَ أَقْدِرُ أَنْ أُعِيدَهُ كَمَا كَانَ، وَأَمَّا شَتْمُهُ إِيَّاىَ فَقَوْلُهُ لِي وَلَدٌ، فَسُبْحَانِي أَنْ أَتَّخِذَ صَاحِبَةً أَوْ وَلَدًا
ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആദമിന്റെ പുത്രന്‍ എന്നെ വ്യാജമാക്കി. അവന് അതു പാടില്ലായിരുന്നു. അവന്‍ എന്നെക്കുറിച്ചു പഴി പറഞ്ഞു, അതും അവനു പാടില്ലായിരുന്നു. അവന്‍ എന്നെ വ്യാജമാക്കിയെന്നു പറഞ്ഞതു അവന്റെ ഈ വാക്കാണ് : ‘എന്നെ ആദ്യം സൃഷ്ടിച്ചതുപോലെ അവന്‍ – അല്ലാഹു – എന്നെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.’ എന്നെ പഴി പറഞ്ഞതാകട്ടെ, ‘എനിക്കു സന്താനമുണ്ടെന്ന് ’ അവന്‍ പറഞ്ഞതാണ്. ഒരു ഇണയെയോ, സന്താനത്തെയോ സ്വീകരിക്കുന്നതില്‍നിന്ന് ഞാന്‍ മഹാ പരിശുദ്ധനുമത്രെ. (ബുഖാരി:4482)
عَنْ أَبُو هُرَيْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم: قَالَ اللَّهُ يَسُبُّ بَنُو آدَمَ الدَّهْرَ، وَأَنَا الدَّهْرُ، بِيَدِي اللَّيْلُ وَالنَّهَارُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആദമിന്റെ പുത്രന്‍ എന്നെ ശല്യപ്പെടുത്തുന്നു. (അതായതു) അവന്‍ കാലത്തെ ചീത്ത പറയുന്നു. ഞാനത്രെ കാലം. രാത്രിയെയും, പകലിനെയും ഞാന്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. (ബുഖാരി:6181)
ഈ ഹദീസുകള്‍ മുമ്പില്‍ വെച്ചുകൊണ്ടു പരിശോധിച്ചാല്‍, ഇന്നു പലരില്‍നിന്നും സാധാരണ കേള്‍ക്കാറുള്ള ‘പ്രകൃതി വഞ്ചിച്ചു, കാലം ചതിച്ചു’ മുതലായ വാക്കുകള്‍ അബദ്ധം നിറഞ്ഞവയാണെന്നു കാണാം.
നബി ﷺ യുടെ സ്ഥാനപദവികള്‍ക്കു നിരക്കാത്തതും, അവിടുത്തെ തരംതാഴ്ത്തിക്കാട്ടുന്നതുമായ എല്ലാ പ്രസ്താവനകളും, പ്രവര്‍ത്തനങ്ങളും നബിയെ ശല്യപ്പെടുത്തുന്നവതന്നെ. നബി ﷺ യെ പരിഹസിക്കുക, അവിടുത്തെ ചര്യകളെയോ, പ്രവൃത്തികളെയോ പുച്ഛിക്കുക, അല്ലെങ്കില്‍ വിമര്‍ശിക്കുക മുതായവയെല്ലാം ഇതില്‍ ഉള്‍പ്പെടും. (അമാനി തഫ്സീ൪)
7.തന്റെ സഹോദരന് നേരെ ആയുധം ചൂണ്ടുക.
عَنْ أَبِي هُرَيْرَةَ، يَقُولُ قَالَ أَبُو الْقَاسِمِ صلى الله عليه وسلم: مَنْ أَشَارَ إِلَى أَخِيهِ بِحَدِيدَةٍ فَإِنَّ الْمَلاَئِكَةَ تَلْعَنُهُ حَتَّى وَإِنْ كَانَ أَخَاهُ لأَبِيهِ وَأُمِّهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും. അവന്‍ സ്വന്തം സഹോദരനാണെങ്കിലും. (മുസ്‌ലിം2616).
8.മദീനാ വാസികളെ ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നവന്‍
عن عبادة بن الصامت رضي الله عنه عن رسول الله صلى الله عليه وسلم أنه قال : اللَّهُمَّ مَنْ ظَلَمَ أَهْلَ الْمَدِينَةِ وَأَخَافَهُمْ فَأَخِفْهُ ، وَعَلَيْهِ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ، لَا يُقْبَلُ مِنْهُ صَرْفٌ وَلَا عَدْلٌ
ഉബാദത്തുബ്നു സാമിതില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:അല്ലാഹുവേ, മദീനാ വാസികളെ ആരെങ്കിലും ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ നീ അവരെ ഭയപ്പെടുത്തേണമേ, അവന്റെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്. അവന്റെ ഫ൪ളോ സുന്നത്തോ സ്വീകരിക്കപ്പെടുകയുമില്ല. (ത്വബ്റാനി – സില്‍സ്വിലത്തുസ്വഹീഹ : 351)
9.മദീനാ ഹറമില്‍ വെച്ച് ബിദ്അത്ത് ചെയ്യല്‍
قَالَ النَّبِيُّ صلى الله عليه وسلم : الْمَدِينَةُ حَرَمٌ مَا بَيْنَ عَيْرٍ إِلَى ثَوْرٍ فَمَنْ أَحْدَثَ فِيهَا حَدَثًا أَوْ آوَى مُحْدِثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ لاَ يَقْبَلُ اللَّهُ مِنْهُ يَوْمَ الْقِيَامَةِ صَرْفًا وَلاَ عَدْلاً
നബി ﷺ പറഞ്ഞു: ഈ൪, ഥൌ൪ എന്നീ പ൪വ്വതങ്ങള്‍ക്കിടയിലുള്ള മദീനയുടെ പ്രദേശങ്ങളെല്ലാം പവിത്രമാകുന്നു. അവിടെ വെച്ച് ആരെങ്കിലും പുതുനി൪മ്മിതിയായിട്ടുള്ളത് (ബിദ്അത്ത്) ചെയ്യുകയോ അതു ചെയ്യുന്നവ൪ക്ക് അഭയം നല്‍കുകയോ ചെയ്താല്‍ അവന്റെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്. അന്ത്യനാളില്‍ അവനില്‍ നിന്ന് ഫ൪ളോ സുന്നത്തോ സ്വീകരിക്കപ്പെടുകയില്ല. (ബുഖാരി:6755 – മുസ്ലിം:1370)
10.ഖബ്റുകള്‍ കെട്ടിപ്പൊക്കി ആരാധനാ കേന്ദങ്ങളാക്കല്‍
عَن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال : اللهم لا تجعل قبري وثنا ، لعن الله قوما اتخذوا قبور أنبيائهم مساجد
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവേ, എന്റെ ഖബ്റിനെ നീ വിഗ്രഹമാക്കല്ലേ, ഒരു സമൂഹത്തെ അല്ലാഹു ശപിച്ചിരിക്കുന്നു. അവ൪ അവരുടെ പ്രവാചകന്മാരുടെ ഖബ്‌റിടങ്ങളെ പള്ളികളാക്കിയിരിക്കുന്നു.(അഹ്മദ് :7352)
عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ “ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ”. يُحَذِّرُ مَا صَنَعُوا
ആയിശയില്‍(റ) നിന്നും അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: നബി ﷺ ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി ﷺ തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ “ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ”. لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خَشِيَ أَوْ خُشِيَ أَنَّ يُتَّخَذَ مَسْجِدًاي
ആയിശയില്‍(റ) നിന്നും നിവേദനം: അവ൪ പറയുന്നു:നബി ﷺ വഫാത്തായ രോഗത്തില്‍ അവിടുന്ന് പറഞ്ഞു: ജൂത നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവ൪ തങ്ങളുടെടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. ആയിശ(റ) പറഞ്ഞു: അതല്ലായിരുന്നുവെങ്കില്‍ നബി ﷺ യുടെ ഖബ്൪ (ആളുകള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബ്൪ മസ്ജിദാക്കുമോയെന്ന് ഭയപ്പെട്ടു. (ബുഖാരി:1390 – മുസ്ലിം :529)
ശൈഖ് അല്‍ബാനി(റഹി) പറയുന്നു: മേല്‍ പറയപ്പെട്ട പ്രവാചക വചനത്തില്‍ നിന്നും മനസ്സിലാക്കിയത് പള്ളിയിലേക്ക് ഖബ്൪ പ്രവേശിക്കുന്നത് ഖബ്റുകളെ പള്ളിയാക്കുന്നതിന് തുല്ല്യമാണെന്നാണ്. (തഹ്ദീറു സാജിദി മിന്‍ ഇത്തിഹാദില്‍ ഖുബൂരി മസാജിദി)
ശൈഖ് അല്‍ബാനി(റഹി) പറയുന്നു: …… ഇതെല്ലാം സൂചിപ്പിക്കുന്നത് ഖബ്റിന്‍മേല്‍ പള്ളിയുണ്ടാക്കുന്നതും പള്ളിയിലേക്ക് ഖബ്൪ കൂട്ടിച്ചേ൪ക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നാണ്. എല്ലാം ഹറാമാണ്. കാരണം രണ്ടിന്റേയും പരിണിതി ഒന്ന് തന്നെയാണ്. (തഹ്ദീറു സാജിദി മിന്‍ ഇത്തിഹാദില്‍ ഖുബൂരി മസാജിദി)
11.അല്ലാഹുവോടുള്ള കരാ൪ ലംഘിക്കുന്നവ൪
12.ബന്ധം വിച്ഛേദിക്കുന്നവ൪
13.ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവ൪
ﻭَٱﻟَّﺬِﻳﻦَ ﻳَﻨﻘُﻀُﻮﻥَ ﻋَﻬْﺪَ ٱﻟﻠَّﻪِ ﻣِﻦۢ ﺑَﻌْﺪِ ﻣِﻴﺜَٰﻘِﻪِۦ ﻭَﻳَﻘْﻄَﻌُﻮﻥَ ﻣَﺎٓ ﺃَﻣَﺮَ ٱﻟﻠَّﻪُ ﺑِﻪِۦٓ ﺃَﻥ ﻳُﻮﺻَﻞَ ﻭَﻳُﻔْﺴِﺪُﻭﻥَ ﻓِﻰ ٱﻷَْﺭْﺽِ ۙ ﺃُﻭ۟ﻟَٰٓﺌِﻚَ ﻟَﻬُﻢُ ٱﻟﻠَّﻌْﻨَﺔُ ﻭَﻟَﻬُﻢْ ﺳُﻮٓءُ ٱﻟﺪَّاﺭِ
അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം (അത്) ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്ത് കളയുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് ശാപം. അവര്‍ക്കാണ് ചീത്ത ഭവനം. (ഖു൪ആന്‍:13/ 25)
സത്യവിശ്വാസത്തിന്റെയും, അല്ലാഹുവുമായുള്ള പ്രതിജ്ഞകളുടെയും അടിസ്ഥാനത്തില്‍ അവനോടോ, ജനങ്ങളോടോ നല്‍കിയ എല്ലാ ഉറപ്പുകളും സത്യവിശ്വാസികള്‍ പാലിക്കേണ്ടതാണ്.അല്ലാഹു കൂട്ടിചേ൪ക്കാന്‍ പറഞ്ഞ ബന്ധങ്ങളെല്ലാം സത്യവിശ്വാസികള്‍ കൂട്ടിചേര്‍ക്കേണ്ടതാണ്.കുടുംബബന്ധം പാലിക്കല്‍ ഇതില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്നു. അതേപോലെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന ഒരു പ്രവൃത്തിയിലും സത്യവിശ്വാസികള്‍ ഏ൪പ്പെടാന്‍ പാടില്ല. ഇതിലൊക്കെ വീഴ്ച വരുത്തുന്ന പക്ഷം അല്ലാഹുവിന്റെ ശാപം ലഭിക്കുന്നതാണ്.
14.പതിവ്രതകളായ സത്യവിശ്വാസിനികളെ കുറിച്ച് ദുരാരോപണം നടത്തുക
قَالَ النَّبِيُّ صلى الله عليه وسلم : اجْتَنِبُوا السَّبْعَ الْمُوبِقَاتِ قِيلَ يَا رَسُولَ اللَّهِ وَمَا هُنَّ قَالَ الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ الرِّبَا وَأَكْلُ مَالِ الْيَتِيمِ وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصِنَاتِ الْغَافِلَاتِ الْمُؤْمِنَاتِ
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ വിനാശകരങ്ങളായ ഏഴ് പാപങ്ങള്‍ വര്‍ജ്ജിക്കുവിന്‍. അവ ഏതാണെന്നു ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനോട് പങ്കുചേര്‍ക്കലും (ശിര്‍ക്കും), മാരണം ചെയ്യലും, അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ നീതിന്യായ പ്രകാരമല്ലാതെ കൊലചെയ്യലും, പലിശ മുതല്‍ തിന്നലും (ഉപയോഗിക്കലും), അനാഥയുടെ സ്വത്ത് തിന്നലും, പടപൊരുതുന്ന ദിവസം അതില്‍നിന്ന് പിന്‍മാറിപ്പോരലും, പതിവ്രതകളും ശുദ്ധഹൃദയകളും സത്യവിശ്വാസിനികളുമായ സ്ത്രീകളെ വ്യഭിചാരാരോപണം ചെയ്യലുമാകുന്നു. (ബുഖാരി, മുസ്ലിം).
പതിവ്രതകളായ സത്യവിശ്വാസിനികളെ കുറിച്ച് ദുരാരോപണം നടത്തുന്നത് വന്‍പാപത്തില്‍ പെട്ടതാണെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. മാത്രമല്ല ഇപ്രകാരം ചെയ്യുന്നവരെ അല്ലാഹു ശപിച്ചിട്ടുമുണ്ട്.
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺮْﻣُﻮﻥَ ٱﻟْﻤُﺤْﺼَﻨَٰﺖِ ٱﻟْﻐَٰﻔِﻠَٰﺖِ ٱﻟْﻤُﺆْﻣِﻨَٰﺖِ ﻟُﻌِﻨُﻮا۟ ﻓِﻰ ٱﻟﺪُّﻧْﻴَﺎ ﻭَٱﻻْءَﺧِﺮَﺓِ ﻭَﻟَﻬُﻢْ ﻋَﺬَاﺏٌ ﻋَﻈِﻴﻢٌ
പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെകുറിച്ച ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു, തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്. (ഖു൪ആന്‍ : 24/23)
15.ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തല്‍
ﻭَﻣَﻦ ﻳَﻘْﺘُﻞْ ﻣُﺆْﻣِﻨًﺎ ﻣُّﺘَﻌَﻤِّﺪًا ﻓَﺠَﺰَآﺅُﻩُۥ ﺟَﻬَﻨَّﻢُ ﺧَٰﻠِﺪًا ﻓِﻴﻬَﺎ ﻭَﻏَﻀِﺐَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﻟَﻌَﻨَﻪُۥ ﻭَﺃَﻋَﺪَّ ﻟَﻪُۥ ﻋَﺬَاﺑًﺎ ﻋَﻈِﻴﻤًﺎ
ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന് വേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്.(ഖു൪ആന്‍:4/93)
16.പിശാചിനെ
ﺇِﻥ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺇِﻻَّٓ ﺇِﻧَٰﺜًﺎ ﻭَﺇِﻥ ﻳَﺪْﻋُﻮﻥَ ﺇِﻻَّ ﺷَﻴْﻄَٰﻨًﺎ ﻣَّﺮِﻳﺪًا ﻟَّﻌَﻨَﻪُ ٱﻟﻠَّﻪُ ۘ ﻭَﻗَﺎﻝَ ﻷََﺗَّﺨِﺬَﻥَّ ﻣِﻦْ ﻋِﺒَﺎﺩِﻙَ ﻧَﺼِﻴﺒًﺎ ﻣَّﻔْﺮُﻭﺿًﺎ
അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് ചില പെണ്‍ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്.അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്റേതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്. (ഖു൪ആന്‍ :4/117-118)
17.ജൂതന്‍മാ൪
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധവൈരികളായി എക്കാലത്തു പ്രവര്‍ത്തിച്ച് പോന്നവരാണ് ജൂതന്മാര്‍. അവരുടെ പല പ്രവൃത്തികളാല്‍ അവ൪ ശപിക്കപ്പെട്ടവരാണെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്.
ﻭَﻗَﺎﻟُﻮا۟ ﻗُﻠُﻮﺑُﻨَﺎ ﻏُﻠْﻒٌۢ ۚ ﺑَﻞ ﻟَّﻌَﻨَﻬُﻢُ ٱﻟﻠَّﻪُ ﺑِﻜُﻔْﺮِﻫِﻢْ ﻓَﻘَﻠِﻴﻼً ﻣَّﺎ ﻳُﺆْﻣِﻨُﻮﻥَ
അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.(ഖു൪ആന്‍:2/88)
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് പുതുതായൊന്നും പ്രവേശിക്കാത്തവിധം അവ ഉറയിട്ട് മൂടപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ട് മുഹമ്മദും (ﷺ) മറ്റും നല്‍കുന്ന ഉപദേശങ്ങളൊന്നും ഞങ്ങളുടെ മനസ്സില്‍ കടക്കുന്നില്ല എന്ന് ജൂതന്‍മാ൪ പരിഹാസപൂര്‍വ്വം പറഞ്ഞതിനെയാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്.
മതത്തെ കുത്തിപ്പറഞ്ഞ് കളിയാക്കിയതിനാല്‍(4/46), കരാ൪ ലംഘനം നടത്തിയതിനാല്‍(5/13), അല്ലാഹുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞതിനാല്‍(5/64), പ്രവാചകന്‍മാരെ കൊന്നതിനാല്‍(4/155), മറിയമിന്റെ(അ) പേരില്‍ വ്യഭിചാരാരോപണം നടത്തിയതിനാല്‍(4/156), ഈസായെ(അ) അവ൪ കൊന്നുവെന്ന് പറഞ്ഞതിനാല്‍(4/157), പ്രവാചകന്മാരുടെ ഖബ്‌റുകളെ കെട്ടിപ്പൊക്കി ആരാധനാ കേന്ദ്രങ്ങളാക്കിയതിനാല്‍(ബുഖാരി, മുസ്ലിം) തുടങ്ങി അനേകം കാരണങ്ങളാല്‍ അവ൪ ശപിക്കപ്പെട്ടവരാണ്.
18.പലിശയുമായി ബന്ധപ്പെടുന്നവ൪
പലിശ തിന്നുവനെയും അത് തീറ്റിക്കുന്നവനെയും അത് എഴുതി വെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവരെയും നബി ﷺ ശപിച്ചിരിക്കുന്നു. മാത്രമല്ല, പലിശയുമായി ബന്ധപ്പെടുന്നവരെല്ലാം പാപത്തില്‍ തുല്യരുമാണ്.
عَنْ عَبْدِ اللَّهِ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم آكِلَ الرِّبَا وَمُؤْكِلَهُ
അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം : പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും നബി ﷺ ശപിച്ചിരിക്കുന്നു.(മുസ്‌ലിം: 1597)
عَنْ جَابِرٍ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم آكِلَ الرِّبَا وَمُوكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ .
ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും നബി ﷺ ശപിച്ചിരിക്കുന്നു . എന്നിട്ടദ്ദേഹം പറഞ്ഞു : അവരെല്ലാം ഒരുപോലെയാണ് . (മുസ്ലിം:1598)
19.ഹല്‍ഖയുടെ മദ്ധ്യത്തിൽ കയറി ഇരിക്കുന്നവന്‍
عَنْ حُذَيْفَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَعَنَ مَنْ جَلَسَ وَسْطَ الْحَلْقَةِ
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: ഹല്‍ഖയുടെ മദ്ധ്യത്തിൽ കയറി ഇരിക്കുന്നവനെ നബി ﷺ ശപിച്ചിരിക്കുന്നു.(അബൂദാവൂദ്: 4826)
عَنْ أَبِي مِجْلَزٍ، أَنَّ رَجُلاً، قَعَدَ وَسْطَ حَلْقَةٍ فَقَالَ حُذَيْفَةُ مَلْعُونٌ عَلَى لِسَانِ مُحَمَّدٍ أَوْ لَعَنَ اللَّهُ عَلَى لِسَانِ مُحَمَّدٍ صلى الله عليه وسلم
ഒരു വ്യക്തി ഹല്‍ഖയുടെ മധ്യത്തില്‍ ഇരുന്നു. അപ്പോള്‍ ഹുദൈഫ(റ) പറഞ്ഞു: ഹല്‍ഖയുടെ മദ്ധ്യത്തിൽ ഇരിക്കുന്നവന്‍ മുഹമ്മദ് നബി ﷺ യുടെ നാവിനാല്‍ ശപിക്കപ്പെട്ടവനാണ്. അല്ലെങ്കില്‍ അവനെ അല്ലാഹു മുഹമ്മദ് നബി ﷺ യുടെ നാവിലൂടെ ശപിച്ചിരിക്കുന്നു. (സുനനുത്തി൪മിദി:43/2977)
20.റമളാന്‍ വന്നിട്ടും പാപം പൊറുക്കപ്പെടാതെ നരകത്തില്‍ പ്രവേശിക്കേണ്ട ഗതി വന്നവന്‍
21.വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടായിട്ടും അവരെ പരിചരിച്ച് സ്വര്‍ഗം നേടാതിരിക്കുന്നവന്‍
22.നബി ﷺ യുടെ പേര് കേട്ടിട്ടും സ്വലാത്ത് ചൊല്ലാതിരിക്കുന്നവന്‍
عن مالك بن الحسن بن مالك بن الحويرث عن أبيه عن جده رضي الله عنه قال صعد رسول الله صلى الله عليه وسلم المنبر فلما رقي عتبة قال آمين ثم رقي أخرى فقال آمين ثم رقي عتبة ثالثة فقال آمين ثم قال أتاني جبريل عليه السلام فقال يا محمد من أدرك رمضان فلم يغفر له فأبعده الله فقلت آمين قال ومن أدرك والديه أو أحدهما فدخل النار فأبعده الله فقلت آمين قال ومن ذكرت عنده فلم يصل عليك فأبعده الله فقلت آمين
മാലിക് ബ്നു ഹുവൈരിസില്‍(റ) നിന്ന് നിവേദനം: നബി ﷺ മിമ്പറില്‍ കയറി. ആദ്യപടി കയറിയപ്പോള്‍ അവിടുന്ന് ‘ആമീന്‍’ എന്ന് പറഞ്ഞു. രണ്ടാമത്തെ പടി കയറിയപ്പോഴും അവിടുന്ന് ‘ആമീന്‍’ എന്ന് പറഞ്ഞു. മൂന്നാമത്തെ പടി കയറിയപ്പോഴും അവിടുന്ന് ‘ആമീന്‍’ എന്ന് പറഞ്ഞു. അതിന് ശേഷം അവിടുന്ന് പറഞ്ഞു.എന്റെ അടുക്കല്‍ ജിബ്‌രീല്‍ (അ) വന്നിട്ട് പറഞ്ഞു. ഒരു വ്യക്തി റമളാന്‍ മാസത്തില്‍ ജീവിച്ചിട്ട് (നോമ്പ് പിടിച്ച്) തന്റെ കുറ്റങ്ങള്‍ ഏറ്റ് പറഞ്ഞ് അല്ലാഹുവിനോട് കേണപേക്ഷിച്ച് പൊറുക്കലിനെ തേടിയില്ലങ്കില്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അവന്‍ അകറ്റപ്പെടട്ടെ . അപ്പോഴാണ് ഞാന്‍ ആദ്യം ‘ആമീന്‍’ എന്ന് പറഞ്ഞത്.
ഏതൊരാള്‍ തന്റെ മാതാപിതാക്കളെ ഒരാളോ രണ്ടുപേരുമോ വാ൪ദ്ധക്യത്തില്‍ ലഭിച്ചിട്ട് അവരെ സ്നേഹിച്ച് പരിചരിച്ച് കഴിഞ്ഞുകടുന്നില്ലയോ അവന്‍ നരകാഗ്നിക്ക് ഇരയാകും. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അവന്‍ അകറ്റപ്പെടട്ടെ . അപ്പോഴും ഞാന്‍ ‘ആമീന്‍’ എന്ന് പറഞ്ഞു.
ഒരാളുടെ അടുക്കല്‍ താങ്കളുടെ പേര് കേള്‍പ്പിക്കപ്പെട്ടിട്ടും അവന്‍ താങ്കള്‍ക്ക് വേണ്ടി സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ അവനും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകറ്റപ്പെടട്ടെ . താങ്കള്‍ ആമീന്‍ പറയുക. അപ്പോള്‍ ഞാന്‍ ‘ആമീന്‍’ എന്നു പറഞ്ഞു. (സ്വഹീഹുത്ത൪ഗീബ് വത്ത൪ഹീബ് 996)
23.ഒരു പുരുഷന്‍ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചപ്പോൾ (മതിയായ കാരണമില്ലാതെ) വിസമ്മതിച്ചവള്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ أَنْ تَجِيءَ لَعَنَتْهَا الْمَلاَئِكَةُ حَتَّى تُصْبِحَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: പുരുഷൻ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് (മതിയായ കാരണങ്ങളില്ലാതിരുന്നിട്ടും) അവൾ ചെന്നില്ല. അങ്ങനെ അവൻ അവളോട് രോഷാകുലനായി രാത്രി കഴിച്ചുകൂട്ടുന്നുവെങ്കിൽ പ്രഭാതം വരെ മലക്കുകൾ അവളെ ശപിച്ചുകൊണ്ടിരിക്കും.(ബുഖാരി: 5193 – മുസ്‌ലിം: 1026)
24.ഭ൪ത്താവിനെ ഉപദ്രവിക്കല്‍
عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلاَّ قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ لاَ تُؤْذِيهِ قَاتَلَكِ اللَّهُ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا
മുആദ് ഇബ്നു ജബലില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഭൌതിക ലോകത്ത് ഒരു സ്ത്രീ തന്റെ ഭ൪ത്താവിനെ ദ്രോഹിച്ചാല്‍ ഹൂറുല്‍ഈനിലെ അയാളുടെ ഇണ പറയുക തന്നെചെയ്യും: നീ അദ്ദേഹത്തെ ദ്രോഹിക്കാതെ, അല്ലാഹു നിന്നെ ശപിക്കട്ടെ, അദ്ദേഹം നിന്റെ അടുക്കല്‍ വന്നിറങ്ങിയ അതിഥി മാത്രമാണ്. അദ്ദേഹം നിന്നോട് വിടചൊല്ലി ഞങ്ങളിലേക്ക് എത്തിപ്പെടാറായി.(സുനനുത്തി൪മിദി:1174 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
25.അയല്‍വാസികളെ ഉപദ്രവിക്കല്‍
അബൂജുഹൈഫയില്‍(റ) നിന്ന് നിവേദനം : ഒരു വ്യക്തി തന്റെ അയല്‍വാസിയെ കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അരികിലേക്ക് വന്നു. നബി ﷺ പറഞ്ഞു: താങ്കളുടെ വിഭവങ്ങള്‍ വഴിയില്‍ അല്ലെങ്കില്‍ നടുവഴിയില്‍ വെക്കുക. അയാള്‍ അവ വഴിയില്‍ വച്ചു. അപ്പോള്‍ അയാള്‍ക്കരികിലൂടെ നടക്കുന്ന ഓരോരുത്തരും ചോദിച്ചു: എന്താണ് താങ്കളുടെ കാര്യം? അയാള്‍ പറഞ്ഞു: എന്റെ അയല്‍വാസി എന്നെ ഉപദ്രവിക്കുന്നു. അതോടെ അയാള്‍ ഈ അയല്‍വാസിക്കെതിരെ ദുആ ചെയ്തു. അപ്പോള്‍ അയല്‍വാസി വന്നു. അയാള്‍ പറഞ്ഞു: താങ്കള്‍ താങ്കളുടെ വിഭവങ്ങള്‍ തിരിച്ചെടുക്കുക. ഞാന്‍ ഒരിക്കലും താങ്കളെ ഉപദ്രവിക്കുകയില്ല. മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്. ജനങ്ങള്‍ നിന്നെ ശപിക്കുന്നതിന് മുമ്പായി അല്ലാഹു നിന്നെ ശപിച്ചിരിക്കുന്നു. (ത്വബ്റാനി – സ്വഹീഹുത്ത൪ഗീബ് : 2/344)
26.സ്ത്രീകളുടെ പിന്‍ദ്വാരത്തിലൂടെ സംയോഗം ചെയ്യല്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَلْعُونٌ مَنْ أَتَى امْرَأَتَهُ فِي دُبُرِهَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:സ്ത്രീകളുടെ ഗുദത്തിലൂടെ (പിന്‍ദ്വാരത്തിലൂടെ) സംയോഗം ചെയ്യുന്നവ൪ ശപിക്കപ്പെടുമാറാകട്ടെ. (അബൂദാവൂദ്:2162 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
27.പച്ച കുത്തുന്ന സ്ത്രീകള്‍
28.പുരികം പറിക്കുന്നവ൪
29.അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുന്നവ൪
നബി ﷺ പറഞ്ഞു:പച്ച കുത്തുന്ന സ്ത്രീകളെയും പച്ച കുത്താന്‍ ആവശ്യപ്പെടുന്ന സ്ത്രീകളെയും, മുഖത്ത് നിന്നോ കണ്‍തടത്തില്‍ നിന്നോ രോമം പറിക്കുന്നവരേയും, അത് പറിക്കാന്‍ ആവശ്യപ്പെടുന്നവരെയും, ഭംഗിക്ക് വേണ്ടി പല്ലുകള്‍ക്കിടയില്‍ അകലമുണ്ടാക്കി അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുന്ന സ്ത്രീകളേയും അല്ലാഹു ശപിച്ചിരിക്കുന്നു. (ബുഖാരി, മുസ്ലിം, അബൂദാവൂദ്, തി൪മിദി, ദാരിമി, അഹ്മദ്)
عَنْ جُحَيْفَةَ، أَنَّهُ اشْتَرَى غُلاَمًا حَجَّامًا فَقَالَ إِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الْكَلْبِ، وَكَسْبِ الْبَغِيِّ، وَلَعَنَ آكِلَ الرِّبَا وَمُوكِلَهُ وَالْوَاشِمَةَ وَالْمُسْتَوْشِمَةَ وَالْمُصَوِّرَ.
അബൂജുഹൈഫ(റ) പറയുന്നു: നബി ﷺ പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും പച്ചകുത്തുന്നവനേയും അതിന് ആവശ്യപ്പെടുന്നവനേയും ചിത്രം വരക്കുന്നവനേയും ശപിച്ചിരിക്കുന്നു. (ബുഖാരി:5962)
30.ചുട്ട ഇരുമ്പുകൊണ്ട് മൃഗങ്ങളുടെ മുഖത്തു മുദ്ര വെക്കല്‍
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം:മുഖത്ത് ഇരുമ്പുകൊണ്ട് പൊള്ളിച്ച് അടയാളപ്പെടുത്തിയ ഒരു കഴുത നബി ﷺ യുടെ സമീപത്തുകൂടി നടന്നുപോയപ്പോള്‍ ‘ചുട്ട ഇരുമ്പുകൊണ്ട് അതിനെ മുഖത്തു മുദ്രവെച്ചവനെ അല്ലാഹു ശപിക്കട്ടെ’ എന്ന് നബി ﷺ പറഞ്ഞു. (മുസ്ലിം)
31.ജനങ്ങളുടെ വഴിയിലും തണലുകളിലും വിസർജ്ജനം ചെയ്യല്‍
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” اتَّقُوا اللَّعَّانَيْنِ ” . قَالُوا وَمَا اللَّعَّانَانِ يَا رَسُولَ اللَّهِ قَالَ ” الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ أَوْ فِي ظِلِّهِمْ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശാപം ഏൽക്കുന്ന രണ്ട് കാര്യം നിങ്ങൾ സൂക്ഷിക്കണം. അവർ ചോദിച്ചു: ഏതാണവ? അദ്ദേഹം പറഞ്ഞു: ജനങ്ങളുടെ വഴിയിലും തണലുകളിലും വിസർജ്ജനം ചെയ്യലാണവ. (മുസ്‌ലിം:269)
32.കൃത്രിമമുടി വെക്കുന്നവ൪
عَنْ عَائِشَةَ، أَنَّ امْرَأَةً، مِنَ الأَنْصَارِ زَوَّجَتِ ابْنَتَهَا فَتَمَعَّطَ شَعَرُ رَأْسِهَا، فَجَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَذَكَرَتْ ذَلِكَ لَهُ، فَقَالَتْ إِنَّ زَوْجَهَا أَمَرَنِي أَنْ أَصِلَ فِي شَعَرِهَا. فَقَالَ “ لاَ إِنَّهُ قَدْ لُعِنَ الْمُوصِلاَتُ ”.
ആയിശയില്‍ നിന്ന് (റ) നിവേദനം: ഒരു അന്‍സാരി സ്ത്രീ തന്റെ പുത്രിയെ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. എന്നാല്‍ അവളുടെ തലമുടി കൊഴിഞ്ഞുപോയി. അപ്പോള്‍ അവള്‍ നബി ﷺ യുടെ അടുത്തുവന്ന് വിവരം പറഞ്ഞു. ശേഷം ഇപ്രകാരം പറഞ്ഞു: അവളുടെ ഭര്‍ത്താവ് അവളോട് കൃത്രിമമുടി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ കല്‍പിക്കുന്നു. നബി ﷺ അരുളി: പാടില്ല. ഇപ്രകാരം ചെയ്യുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി:5205)
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، قَالَتْ جَاءَتِ امْرَأَةٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ إِنَّ لِي ابْنَةً عُرَيِّسًا أَصَابَتْهَا حَصْبَةٌ فَتَمَرَّقَ شَعْرُهَا أَفَأَصِلُهُ فَقَالَ “ لَعَنَ اللَّهُ الْوَاصِلَةَ وَالْمُسْتَوْصِلَةَ ” .
അസ്മാഅ് ബിൻത് അബൂബക്കർ(റ) വില്‍ നിന്ന് നിവേദനം: അവർ പറയുന്നു: ഒരു സ്ത്രീ നബിയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എന്റെ മംഗല്യവതിയായ മകൾക്ക് അഞ്ചാം പനി പിടികൂടുകയും മുടി കൊഴിഞ്ഞ് വീഴുകയും ചെയ്തു. ഞാൻ അൽപ്പം മുടി അവളുടെ തലയിൽ കൂട്ടിച്ചേർക്കെട്ടെയോ? നബി ﷺ പറഞ്ഞു: മുടി കൂട്ടിച്ചേർക്കുന്നവളെയും, അത് ആവശ്യപ്പെടുന്നവളെയും, അല്ലാഹു ശപിച്ചിരിക്കുന്നു. (മുസ്ലിം:2122)
33.സ്ത്രീയോട് സാദൃശ്യമാകുന്ന പുരുഷന്‍, പുരുഷനോട് സാദൃശ്യമാകുന്ന സ്ത്രീ
عَنِ ابْنِ عَبَّاسٍ، قَالَ لَعَنَ النَّبِيُّ صلى الله عليه وسلم الْمُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ
ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം : സ്ത്രീയോട് സാദൃശ്യമാകുന്ന പുരുഷനേയും, പുരുഷനോട് സാദൃശ്യമാകുന്ന സ്ത്രീകളെയും നബി ﷺ ശപിച്ചിരിക്കുന്നു. (ബുഖാരി: 5886)
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ لَعَنَ الْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ وَالْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ
അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: സ്‌ത്രീവേഷം ചമയുന്ന പുരുഷനെയും, പുരുഷവേഷം ചമയുന്ന സ്ത്രീകളേയും നബി ﷺ ശപിച്ചിരിക്കുന്നു. (അബൂദാവൂദ്: 4097)
34.നഗ്നത പൂ൪ണ്ണമായും മറക്കാതെ സ്ത്രീകള്‍ വസ്ത്രം ധരിക്കല്‍
അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന്റെ ഒടുക്കത്തില്‍ ഒരു വിഭാഗം പുരുഷന്‍മാ൪ ഉണ്ടാകും. മൃദുലവും ലോലവുമായ ജീനികളിലായി(വാഹന സീറ്റുകളില്‍) അവ൪ സഞ്ചരിക്കുകയും പള്ളികവാടങ്ങളില്‍ അവ൪ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകള്‍ വസ്ത്രം ധരിച്ച നഗ്നരായിരിക്കും. അവരുടെ തലമുകളില്‍ മെലിഞ്ഞ ഒട്ടകത്തിന്റെ പൂഞ്ഞകള്‍ പോലുള്ളത് ഉണ്ടായിരിക്കും. നിങ്ങള്‍ അവരെ ശപിക്കുക. കാരണം അവ൪ ശപിക്കപ്പെട്ടവരാണ്. (മുസ്നദ് അഹ്മദ് – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
35.അല്ലാഹു അല്ലാത്തവ൪ക്കായി അറവ് നടത്തുന്നവന്‍
36. (ഇസ്ലാമിക ശിക്ഷക്ക് അ൪ഹനായ) കുറ്റവാളിക്ക് അഭയം നല്‍കുന്നവന്‍
37.മാതാപിതാക്കളെ ശപിക്കുന്നവന്‍
38. ഭൂമിയിലെ അതിരുകള്‍ മാറ്റിമറിക്കുന്നവന്‍
عَنْ عَلِيِّ بْنِ أَبِي طَالِبٍ فَأَتَاهُ رَجُلٌ فَقَالَ مَا كَانَ النَّبِيُّ صلى الله عليه وسلم يُسِرُّ إِلَيْكَ قَالَ فَغَضِبَ وَقَالَ مَا كَانَ النَّبِيُّ صلى الله عليه وسلم يُسِرُّ إِلَىَّ شَيْئًا يَكْتُمُهُ النَّاسَ غَيْرَ أَنَّهُ قَدْ حَدَّثَنِي بِكَلِمَاتٍ أَرْبَعٍ . قَالَ فَقَالَ مَا هُنَّ يَا أَمِيرَ الْمُؤْمِنِينَ قَالَ قَالَ “ لَعَنَ اللَّهُ مَنْ لَعَنَ وَالِدَهُ وَلَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ وَلَعَنَ اللَّهُ مَنْ آوَى مُحْدِثًا وَلَعَنَ اللَّهُ مَنْ غَيَّرَ مَنَارَ الأَرْضِ ” .
അലിയില്‍(റ) നിന്ന് നിവേദനം : നാല് വചനങ്ങള്‍ നബി ﷺ എന്നോട് പറഞ്ഞിരിക്കുന്നു: അല്ലാഹു അല്ലാത്തവ൪ക്കായി (അവരുടെ പ്രീതിക്ക് വേണ്ടി) അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു. (ഇസ്ലാമിക ശിക്ഷക്ക് അ൪ഹനായ) കുറ്റവാളിക്ക് (രക്ഷക്കായി) അഭയം നല്‍കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. തന്റെ മാതാപിതാക്കളെ ശപിക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു. ഭൂമിയിലെ അതിരുകള്‍ മാറ്റിമറിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു.(മുസ്ലിം:1978)
39. ചടങ്ങ് നില്‍ക്കുന്നവനെയും ആര്‍ക്ക് വേണ്ടി ചടങ്ങ് നില്‍ക്കുന്നുവോ അവനെയും
മൂന്ന് പ്രാവശ്യം ത്വലാഖ് ചെയ്തതിനുശേഷം ആ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കാന്‍ വേണ്ടി ചില തന്ത്രങ്ങള്‍ പ്രവ൪ത്തിക്കുന്ന പതിവ് ചില നാടുകളില്‍ പ്രചാരത്തിലുണ്ട്. ഏതെങ്കിലും ഒരാള്‍ക്ക് പ്രതിഫലം കൊടുത്ത് അയാളെകൊണ്ട് പേരിനൊരു വിവാഹം നടത്തി, അടുത്ത അവസരത്തില്‍തന്നെ അവനെക്കൊണ്ട് അവളെ വിവാഹമോചനവും ചെയ്യിക്കും. ഇപ്രകാരം വിവാഹമോചനവും സമ്മതിച്ചുകൊണ്ടാണ് അയാളെകൊണ്ട് വിവാഹം ചെയ്യിക്കുന്നത്. ‘ചടങ്ങ് നില്‍ക്കുക’ എന്ന പേരിലാണ് ഈ വിവാഹം അറിയപ്പെടുന്നത്.
ഇത്തരം വിവാഹവും വിവാഹമോചനവുംകൊണ്ട് ആ സ്ത്രീ അവളുടെ ആദ്യഭര്‍ത്താവിന് ഒരിക്കലും അനുവദനീയമാകയുമില്ല. ആ വിവാഹം സാധാരണഗതിയിലുള്ള വിവാഹമായിരിക്കണമെന്നും അവര്‍ തമ്മില്‍ ശാരീരികബന്ധം നടന്നിരിക്കണമെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. ചടങ്ങ് നില്‍ക്കലില്‍ വിവാഹം ചെയ്ത് അപ്പോള്‍തന്നെ ത്വലാഖ് ചെയ്യലാണ്. ‘അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ’ എന്നോ മറ്റൊ പറയാതെ ‘അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം കഴിക്കുന്നതുവരെ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ആ ആരുടേയെങ്കിലും നിര്‍ബന്ധ പ്രകാരമോ ആവശ്യപ്രകാരമോ ആയിരിക്കരുതെന്നും മനസ്സിലാക്കാം. ‘എന്നിട്ട് അവന്‍ അവളെ വിവാഹമോചനം നടത്തുന്നപക്ഷം, അവര്‍ രണ്ടു പേരും അന്യോന്യം മടങ്ങിവരുന്നതിന് തെറ്റില്ല’ എന്ന വാക്യത്തില്‍ നിന്ന് ആ വിവാഹംപോലെ ആ ത്വലാഖും സാധാരണഗതിയില്‍ നടന്നതായിരിക്കണമെന്നും ആരുടേയെങ്കിലും നിര്‍ബന്ധ പ്രകാരമോ ആവശ്യപ്രകാരമോ ആയിരിക്കരുതെന്നും മനസ്സിലാക്കാം.
ഈ ദുഷിച്ച മാര്‍ഗേന സ്ത്രീയെ ആദ്യഭര്‍ത്താവിന് അനുവദനീയമാക്കുവാന്‍ ശ്രമിക്കുന്നവരെ (ചടങ്ങുനില്‍ക്കുന്നവരെ) നബി ﷺ ശപിച്ചിട്ടുള്ളതായി കാണാം.
عَنْ عَلِيٍّ، رضى الله عنه أَنَّ النَّبِيَّ صلى الله عليه وسلم قَالَ : لَعَنَ اللَّهُ الْمُحَلِّلَ وَالْمُحَلَّلَ لَهُ
അലിയ്യിൽ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ചടങ്ങ് നില്‍ക്കുന്നവനെയും ആര്‍ക്ക് വേണ്ടി ചടങ്ങ് നില്‍ക്കുന്നുവോ അവനെയും നബി ﷺ ശപിച്ചിരിക്കുന്നു. ( അബുദാവുദ്-2076 )
عَنْ عُقْبَةُ بْنُ عَامِرٍ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ” أَلاَ أُخْبِرُكُمْ بِالتَّيْسِ الْمُسْتَعَارِ ” . قَالُوا بَلَى يَا رَسُولَ اللَّهِ قَالَ ” هُوَ الْمُحَلِّلُ لَعَنَ اللَّهُ الْمُحَلِّلَ وَالْمُحَلَّلَ لَهُ ” .
ഉഖ്ബത്തുബ്‌നു ആമിറില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: വാടകക്കെടുക്കുന്ന കൊറ്റനാടിനെകുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെയോ? അതെ, ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും. നബി ﷺ പറഞ്ഞു : ‘അവനാണ് ചടങ്ങ് നില്‍ക്കുന്നവന്‍, അവനെയും ആര്‍ക്കു വേണ്ടിയാണോ അത് ചെയ്യുന്നത് അവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.’ (ഇബ്‌നുമാജ:9/2011).
40.പിതാവ് അല്ലാത്തവരിലേക്ക് ചേര്ക്കുന്നവന്
ഒരാളെ തന്റെ പിതാവിലേക്ക് ചേര്ത്തു വിളിക്കുക്കയെന്നതാണ് ഇസ്‌ലാമിക രീതി.
ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِ ۚ
അവരെ തങ്ങളുടെ പിതാക്കളോട് ചേര്ത്തു്കൊണ്ട് നിങ്ങള്‍ വിളിച്ചുകൊള്ളുക. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. (ഖു൪ആന്‍:33/5)
ഒരു മുസ്ലിമും സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവിന്റെവ പേരല്ലാത്ത മനുഷ്യരുടെ പേരുകള്‍ ചേര്ക്കനല്‍ ഇസ്ലാമില്‍ അനുവദനീയമല്ല.
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنِ انْتَسَبَ إِلَى غَيْرِ أَبِيهِ أَوْ تَوَلَّى غَيْرَ مَوَالِيهِ فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവ് അല്ലാത്തവരുടെ പേര്‍ ചേര്ത്തവന്റെ മേല്‍ അല്ലാഹുവിṇന്റേയും മലക്കുകളുടെയും മനുഷ്യരുടെയും ശാപം ഉണ്ടാകട്ടെ. (ഇബ്നുമാജ:20/2709)
41. കൈക്കൂലി വാങ്ങൽ
لعن الله الراشي والمرتشي في الحكم
അനുകൂല വിധി സമ്പാദിക്കുവാന്‍ കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു. (അഹ്മദ് : 2/387 – സ്വഹീഹുല്‍ ജാമിഅ് :5069)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الرَّاشِيَ وَالْمُرْتَشِيَ .
അബ്ദുല്ലാഹിബ്നു അംറ് رضي الله عنه വിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അല്ലാഹുവിന്‍റെ റസൂൽ ﷺ ശപിച്ചിരിക്കുന്നു. (അബൂദാവൂദ്:3580)
42. വഴിയിലും തണലിലും മലമൂത്ര വിസർജനം നടത്തൽ
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” اتَّقُوا اللَّعَّانَيْنِ ” . قَالُوا وَمَا اللَّعَّانَانِ يَا رَسُولَ اللَّهِ قَالَ ” الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ أَوْ فِي ظِلِّهِمْ ” .
അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ശാപത്തിന് കാരണമാകുന്ന രണ്ട് പ്രവൃത്തികൾ നിങ്ങൾ ചെയ്യാതെ സൂക്ഷിക്കുക.” സ്വഹാബിമാർ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് ശാപത്തിന് കാരണമാകുന്ന രണ്ട് പ്രവൃത്തികൾ?” തിരുമേനി ﷺ പറഞ്ഞു: ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലും അവർ വിശ്രമിക്കുന്ന തണലിലും മലമൂത്ര വിസർജനം നടത്തൽ. (മുസ്‌ലിം 269)
43.പക്ഷികളെയോ, മൃഗത്തെയോ കെട്ടിയിട്ട് എറിയുകയോ, അമ്പെയ്യുകയോ ചെയ്യുക.
عَنْ سَعِيدِ بْنِ جُبَيْرٍ، قَالَ كُنْتُ عِنْدَ ابْنِ عُمَرَ فَمَرُّوا بِفِتْيَةٍ أَوْ بِنَفَرٍ نَصَبُوا دَجَاجَةً يَرْمُونَهَا، فَلَمَّا رَأَوُا ابْنَ عُمَرَ تَفَرَّقُوا عَنْهَا، وَقَالَ ابْنُ عُمَرَ مَنْ فَعَلَ هَذَا إِنَّ النَّبِيَّ صلى الله عليه وسلم لَعَنَ مَنْ فَعَلَ هَذَا.
ഇബ്നുഉമർ(റ) വിൽനിന്ന് നിവേദനം: അദ്ദേഹം ഒരു സംഘം ആളുകളുടെ അടുത്തുകൂടെ നടന്നുപോവുകയായിരുന്നു. അവർ ഒരു കോഴിയെ കെട്ടിയിട്ട് അതിനെ ലക്ഷ്യമാക്കി അമ്പെയ്യുകയായിരുന്നു. ഇബ്നുഉമറിനെ കണ്ടപ്പോൾ അവർ പലവഴിക്കും തിരിഞ്ഞുപോയി. ഇബ്നുഉമർ(റ) ചോദിച്ചു; ആരാണിത് ചെയ്തത്? ഇങ്ങിനെ ചെയ്യുന്നവനെ നബി(ﷺ) ശപിച്ചിരിക്കുന്നു. (ബുഖാരി: 5515)
44. ജീവനുള്ള ജന്തുക്കളുടെ അവയവം മുറിച്ചെടുക്കൽ.
عَنِ ابْنِ عُمَرَ، لَعَنَ النَّبِيُّ صلى الله عليه وسلم مَنْ مَثَّلَ بِالْحَيَوَانِ.
ഇബ്നുഉമർ(റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ജീവികളെ അംഗഭംഗം വരുത്തുന്നവരെ നബി(ﷺ) ശപിച്ചിരിക്കുന്നു. (ബുഖാരി: 5515)
kanzululoom.com