ശഹവത്തും നരകവും

മനസ്സ് ഇഛിക്കുകയും ചാഞ്ഞുപോവുകയും ചെയ്യുന്ന കാര്യങ്ങളാണ് ശഹവത്തുകൾ (ദേഹേഛകൾ). മനുഷ്യ മനസ്സിന്റെ ഇഛകൾ സ്രഷ്ടാവിന്റെ ഇഛകളോട് ഏറ്റുമുട്ടാവതല്ല. അവ അന്യോന്യം ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായാൽതന്നെ തന്നിഷ്ടങ്ങളെയും ദേഹേഛകളെയും ബലി കഴിച്ച് സ്രഷ്ടാവിന്റെ ഇഛക്കും ഇഷ്ടത്തിനും പ്രാമുഖ്യം കൽപിക്കുകയാണ് വേണ്ടത്.

മനുഷ്യര്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളില്‍ ഒട്ടുമിക്കതിന്റെയും മൂലകാരണം ശരീരത്തിന്റെയും മനസ്സിന്റെയും ഇച്ഛയ്ക്കനുസരിച്ചുള്ള ജീവിതമാണ്. ദേഹേഛകൾക്ക് അടിപ്പെടുന്ന മനുഷ്യൻ ആസ്വാദനങ്ങളിൽ നിന്ന് ആസ്വാദനങ്ങളിലേക്ക് പടിചവിട്ടുകയായി. ശ്രമകരമായ കാൽവെപ്പുകൾ ആവശ്യമില്ലാതെതന്നെ സുഖിച്ചും നുകർന്നും അവൻ നാശഗർത്തത്തിൽ ആപതിക്കും. നരകത്തെ സൃഷ്ടിച്ചതിൽപ്പിന്നെ അത് ഇത്തരം ഇഛകളാലാണ് പൊതിയപ്പെട്ടത്.

عَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُول اللهِ صَلَّى الله عَلَيْهِ وَ سَلَّمَ قَالَ لَمَّا خَلَقَ اللهُ الجَنَّةَ وَالنَّارَ أَرْسَلَ جِبْرِيْلَ إلى الجنَّةِ فَقَالَ انْظُرْ إِلَيْهَا وَإلى مَا أَعْدَدْتُ لأهْلِهَا فِيْهَا . قَالَ: فَجَاءَهَا وَنَظَرَ إِلَيْهَا وَ إِلى مَا أَعَدَّاللهُ لأهْلِهَا فِيْهَا. قَالَ: فَرَجَعَ إِلَيْهِ قَالَ: فَوَعِزَّتِكَ لَا يَسْمَعُ بِهَا أَحَدٌ إِلَّا دَخَلَهَا فَأَمَرَ بِهَا فَحُفَّتْ بِالمَكَارِهِ فَقَالَ: ارْجِعْ إِلَيْهَا ، فَانْظُرْ إِلى مَا أَعْدَدْتُ لأَهْلِهَا فِيْهَا ، قَالَ: فَرَجَعَ إِلَيْهَا ، فإِذا هِيَ قَدْ حُفَّتْ بِالمَكَارِهِ ، فَرَجَعَ إِلَيْهِ ، فَقَالَ: وَعِزَّتِكَ لَقَدْ خِفْتُ أَنْ لَا يَدْخُلَهَا أَحَدٌ قَالَ: اذْهَبْ إِلى النَّارِ فَانْظُرْ إِليْها ، وإلى مَا أَعْدَدْتُ لأَهْلِها فِيْهَا . فإذا هِي يَرْكَبُ بَعْضُهَا بَعْضًا ، فَرَجَعَ إِلَيْهِ ، فَقَالَ: وَ عِزَّتِكَ لَا يَسْمَعُ بِهَا أحَدٌ فَيَدْخُلَهَا . فَأَمَر بِها فَحُفَّتْ بِالشَّهَوَاتِ ، فَقَالَ: ارْجِعْ إِلَيْهَا ، فَرَجَعَ إلَيْهَا ، فَقَالَ: وَ عِزَّتِكَ لَقَدْ خَشِيتُ أنْ لَا يَنْجُوَ مِنْهَا أَحَدٌ إِلَّا دَخَلَهَا

അബൂഹുറെയ്റ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: അല്ലാഹു സ്വർഗ്ഗ നരകങ്ങൾ സൃഷ്ടിച്ചു. ജിബ്രീലിനെ സ്വർഗ്ഗത്തിലേക്കയച്ചുകൊണ്ട് പറഞ്ഞു: ……..  “നരകത്തിലേക്കു പോയി, അതിലേക്കും അതിന്റെ അവകാശികൾക്കുവേണ്ടി സജ്ജമാക്കിയതിലേക്കും നോക്കുക”. അനന്തരം ജിബ്രീൽ പോയി, നരകത്തിലേക്ക് നോക്കി. അപ്പോൾ നരകത്തീനാളങ്ങൾ ചിലത് ചിലതിനെ വിഴുങ്ങുന്നു. ജിബ്‌രീൽ മടങ്ങിവന്നു പറഞ്ഞു: ‘അല്ലാഹുവേ, നിൻ്റെ പ്രതാപമാണെ സത്യം. നരകത്തെ കുറിച്ചുകേട്ട ആരും അതിൽ പ്രവേശിക്കുകയില്ല’. അപ്പോൾ നരകം ദേഹേഛകൾ കൊണ്ട് (പൊതിയപ്പെടുവാൻ) കൽപിക്കപ്പെട്ടു. നരകം അപ്രകാരം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടു. അല്ലാഹു പറഞ്ഞു: ‘താങ്കൾ മടങ്ങിച്ചെന്ന് നരകത്തിലേക്ക് നോക്കുക’. ജിബ്‌രീൽ അതിലേക്ക് പോയിനോക്കി. ശേഷം മടങ്ങിവന്നു പറഞ്ഞു: ‘നിൻ്റെ പ്രതാപമാണെ സത്യം. നിശ്ചയം, നരകത്തിൽ പ്രവേശിക്കാതെ ആരും അതിൽനിന്ന് രക്ഷപ്പെടുകയില്ലെന്ന് ഞാൻ ഭയപ്പെട്ടു. (തിർമിദി:2560)

നിഷിദ്ധവൃത്തികൾ ചെയ്യുക, നിർബന്ധകാര്യങ്ങളിൽ കുറവ് വരുത്തുക പോലുള്ള മനുഷ്യരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൊണ്ടാണ് നരകം പൊതിയപ്പെടുകയും വലയം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നത് എന്ന് നബി ﷺ വിവരിക്കുന്നു. അതിനാൽ ആരെങ്കിലും തൻ്റെ മനസ്സിൻ്റെ ദേഹേഛകളെ പിൻപറ്റിയാൽ അവൻ നരകാവകാശിയാകും.

ഇമാം നവവി رحمه الله പറയുന്നു: പ്രത്യക്ഷത്തിൽ നിഷിദ്ധമായ ഇഛകളാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നതെങ്കിലും അനുവദനീയമായ ശഹവത്തുകളും മനുഷ്യർ സൂക്ഷിക്കേണ്ടതുണ്ട്. അവ ഒരിക്കലും അധികമായിക്കൂടാ. കാരണം അവയുടെ അമിതോപയോഗം നിഷിദ്ധങ്ങളിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കുകയും ഹൃദയത്തെ കഠിനമാക്കുകയും പുണ്യകർമങ്ങളിൽ വിരക്തിയുണ്ടാക്കുകയും ഭൗതികതയിൽ മനുഷ്യരെ തളച്ചിടുകയും ചെയ്യും. (ശറഹുമുസ്ലിം:17/165)

അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും അവന്റെ തൃപ്തി നേടുന്നതിൽ നിന്നും ദേഹേച്ഛ തടയും.

فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا

എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌. (ഖു൪ആന്‍ :19/59)

قال بشر بن الحارث: لَا تَجِدُ حَلَاوَةُ العِبَادَةِ حَتَّى تَجْعَل بَينَكَ وبين الشَّهَواتِ سَدًا.

ബിഷ്ർ ഇബ്നുൽ ഹാരിഥ് رحمه الله പറഞ്ഞു: നിനക്കും ദേഹേച്ഛകൾക്കും ഇടയിൽ ശക്തമായ ഒരു അണ കെട്ടാത്തിടത്തോളം ആരാധനയുടെ മാധുര്യം നിനക്ക് കണ്ടെത്താൻ കഴിയുകയില്ല. (സിയറു അഅ്ലാമി ന്നുബലാഅ്: 10/473)

ദേഹേച്ഛക്ക് അടിമപ്പെടാതിരുന്നാൽ ക്ഷമയും, ജീവിത വിശുദ്ധിയും, ഇബാദത്തുമെല്ലാം എളുപ്പമാകും.

നശ്വരമായ ദുൻയാവിലെ സുഖസൗകര്യങ്ങളിലാണ് മനുഷ്യ മനസ് കൊതിക്കുന്നത്. അത് വിരോധിക്കപ്പെട്ടതായാലും അനുവദനീയമായതായാലും. അന്വശ്വരമായ സ്വര്‍ഗത്തെയും അതിലെ സുഖസൗകര്യങ്ങളേയും ആഗ്രഹിച്ചാൽ ദേഹേച്ഛയിൽ നിന്ന് കുറെയൊക്കെ ഒഴിവാകാവുന്നതാണ്.

زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ ‎﴿١٤﴾‏ ۞ قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرُۢ بِٱلْعِبَادِ ‎﴿١٥﴾‏

ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്‍റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്‌) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.  (നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍ :3/14-15)

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *