പരലോകത്ത് ശഫാഅത്ത് ഉണ്ടെന്നത് ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. ശഫാഅത്ത് എന്നതിന്റെ അർത്ഥമായി ചില പണ്ഢിതൻമാർ പറഞ്ഞു:
الشفاعة : هي سؤال الخير للغير
ശഫാഅത്ത് എന്നാൽ മറ്റൊരാൾക്ക് വേണ്ടി നൻമയെ ചോദിക്കലാണ്.
ശഫാഅത്ത് എന്നതിന് ശുപാര്‍ശ എന്നാണര്‍ഥം. ഉന്നതനായ വ്യക്തിയുടെ അടുക്കൽ നിന്ന് ഒരാള്‍ക്ക് ഒരു കാര്യം ലഭിക്കുവാന്‍ മറ്റൊരാള്‍ ആ ഉന്നതനായ വ്യക്തിയുടെ അടുക്കല്‍ അപേക്ഷ ചെയ്യുക. അതായത് ഒരാളുടെ ഒരു കുറ്റത്തെ മാപ്പുചെയ്ത് അയാളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാനോ, ശിക്ഷയെ കുറയ്ക്കുവാനോ അല്ലെങ്കില്‍ ഒരാള്‍ക്ക് ഒരു പദവി നല്‍കുവാനോ മറ്റോ ഇങ്ങനെ ഒരാളെ അനുഗ്രഹിക്കുവാനായി മറ്റൊരാള്‍ ഒരു ഉന്നതനായ വ്യക്തിയുടെ അടുക്കല്‍ അപേക്ഷിക്കുന്നതിനാണ് അറബി ഭാഷയില്‍ ﺷﻔﺎﻋﺔ എന്നും മലയാളത്തില്‍ ‘ശുപാര്‍ശ’ എന്നും പറയുന്നത്. ഇവിടെ അപേക്ഷിക്കുന്നയാളിനെ ﺷﺎﻓﻊ എന്നും شفيع എന്നും (ശുപാര്‍ശ ചെയ്യുന്നവന്‍, ശുപാര്‍ശക്കാരന്‍ ) പറയുന്നു. ആർക്ക് വേണ്ടിയാണോ ശുപാർശ ചെയ്യുന്നത് അയാളെ لَهُ مَشفُوعْ എന്നും, مَشفُوعْ لَه എന്നും എതൊരു ഉന്നതനായ വ്യക്തിയുടെ അടുക്കല്‍ അപേക്ഷിക്കപ്പെടുന്നുവോ ആ വ്യക്തിക്ക് مشفوع عنده എന്നും പറയപ്പെടുന്നു.
വിശുദ്ധ ഖുർആനിൽ ശഫാഅത്തിനെ കുറിച്ച് രണ്ട് തരത്തിൽ പരാമർശം ഉണ്ട്.
(1) പരലോകത്ത് യാതൊരു ശഫാഅത്തും ഇല്ല
وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا عَدْلٌ وَلَا تَنفَعُهَا شَفَٰعَةٌ وَلَا هُمْ يُنصَرُونَ
ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖുർആൻ:2/123)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَٰعَةٌ ۗ وَٱلْكَٰفِرُونَ هُمُ ٱلظَّٰلِمُونَ
സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍. (ഖുർആൻ:2/254)
(2) പരലോകത്ത് ശഫാഅത്ത് ഉണ്ട്
ﻳَﻌْﻠَﻢُ ﻣَﺎ ﺑَﻴْﻦَ ﺃَﻳْﺪِﻳﻬِﻢْ ﻭَﻣَﺎ ﺧَﻠْﻔَﻬُﻢْ ﻭَﻻَ ﻳَﺸْﻔَﻌُﻮﻥَ ﺇِﻻَّ ﻟِﻤَﻦِ ٱﺭْﺗَﻀَﻰٰ ﻭَﻫُﻢ ﻣِّﻦْ ﺧَﺸْﻴَﺘِﻪِۦ ﻣُﺸْﻔِﻘُﻮﻥَ
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.(ഖു൪ആന്‍: 21/28)
ഇതിന്റെ അടിസ്ഥാനത്തിൽ പരലോകത്ത് രണ്ട് തരം ശഫാഅത്തുണ്ടെന്ന് പണഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.
(ഒന്ന്) അല്ലാഹു സ്ഥിരീകരിച്ച ശഫാഅത്ത്: (തൗഹീദുള്ള ശഫാഅത്ത്): അത് സത്യവിശ്വാസികൾക്ക് വേണ്ടി നടത്തപ്പെടുന്നതാണ്. ഒരു സുദീർഘമായ ഹദീസിൽ ഇപ്രകാരം കാണാം:
فَيَشْفَعُ النَّبِيُّونَ وَالْمَلاَئِكَةُ وَالْمُؤْمِنُونَ
അങ്ങനെ പ്രവാചകന്മാരും മലക്കുകളും വിശ്വാസികളും ശുപാർശ ചെയ്യും. (ബുഖാരി:7439)
(രണ്ട്) അല്ലാഹു സ്ഥിരീകരിക്കാത്ത ശഫാഅത്ത്:(ശിർക്കിന്റെ ശഫാഅത്ത്): അത് സത്യനിഷേധികളുടെയും ശിർക്കിന്റെ ആളുകളുടെയും കാര്യത്തിലുള്ളതാണ്. സത്യനിഷേധികളുടെ പരലോകത്തെ അവസ്ഥ വിവരിക്കവെ അവരെ കുറിച്ച് അല്ലാഹു പറഞ്ഞു:
فَمَا تَنفَعُهُمْ شَفَٰعَةُ ٱلشَّٰفِعِينَ
ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല. (ഖു൪ആന്‍:74/48)
അല്ലാഹു സ്ഥിരീകരിച്ച ശഫാഅത്തിന് രണ്ട് നിബന്ധനയുണ്ട്.
(ഒന്ന്) ശഫാഅത്ത് ചെയ്യുന്നതിന് അല്ലാഹുവിന്റെ അനുമതി വേണം.
(രണ്ട്) ആർക്കോണോ ശഫാഅത്ത് ചെയ്യുന്നത്, ആ വ്യക്തിയെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കണം.
ۖ ﻣَﺎ ﻣِﻦ ﺷَﻔِﻴﻊٍ ﺇِﻻَّ ﻣِﻦۢ ﺑَﻌْﺪِ ﺇِﺫْﻧِﻪِۦ ۚ ﺫَٰﻟِﻜُﻢُ ٱﻟﻠَّﻪُ ﺭَﺑُّﻜُﻢْ ﻓَﭑﻋْﺒُﺪُﻭﻩُ ۚ ﺃَﻓَﻼَ ﺗَﺬَﻛَّﺮُﻭﻥَ
…അവന്റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?(ഖു൪ആന്‍:10/3)
مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ
അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്. (ഖു൪ആന്‍:2/255)
وَلَا يَشْفَعُونَ إِلَّا لِمَنِ ٱرْتَضَىٰ وَهُم مِّنْ خَشْيَتِهِۦ مُشْفِقُونَ
അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു. (ഖു൪ആന്‍:21/28)
ﻳَﻮْﻣَﺌِﺬٍ ﻻَّ ﺗَﻨﻔَﻊُ ٱﻟﺸَّﻔَٰﻌَﺔُ ﺇِﻻَّ ﻣَﻦْ ﺃَﺫِﻥَ ﻟَﻪُ ٱﻟﺮَّﺣْﻤَٰﻦُ ﻭَﺭَﺿِﻰَ ﻟَﻪُۥ ﻗَﻮْﻻً
അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല.(ഖു൪ആന്‍:20/109)
وَكَم مِّن مَّلَكٍ فِى ٱلسَّمَٰوَٰتِ لَا تُغْنِى شَفَٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ
ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്. അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്) അനുവാദം നല്‍കിയതിന്റെ ശേഷമല്ലാതെ. (ഖു൪ആന്‍:53/26)
അല്ലാഹുവിന് പുറമെ തന്റെ അടിമകളായ മലക്കുകളെയും മറ്റും ആരാധിക്കുന്നവരെ എതിര്‍ക്കുകയാണിവിടെ. അവര്‍ തങ്ങള്‍ക്ക് ഉപകാരം ചെയ്യുമെന്നും ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ ശുപാര്‍ശ ചെയ്യുമെന്നും അവര്‍ വാദിക്കുന്നു {ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്} അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നവരായ മലക്കുകളും അവരില്‍ ആദരണീയരായവരും. {അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല} അവരെ പ്രാര്‍ഥിക്കുന്നവര്‍ക്കും അവരില്‍ ബന്ധം സ്ഥാപിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കുമൊന്നും ഒരു പ്രയോജനവും ലഭിക്കില്ല. {അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് ശുപാര്‍ശക്ക് അനുവാദം നല്‍കിയതിന്റെ ശേഷമല്ലാതെ} ശുപാര്‍ശ സ്വീകരിക്കപ്പെടാന്‍ രണ്ട് നിബന്ധനകള്‍ അനിവാര്യമാണ്. ഒന്ന്, ശുപാര്‍ശയ്ക്ക് അല്ലാഹുവിന്റെ അനുമതി വേണം. രണ്ട്, ശുപാര്‍ശ ചെയ്യപ്പെടുന്ന വ്യക്തിയെ അല്ലാഹു തൃപ്തിപ്പെടണം. അല്ലാഹുവിന് വേണ്ടിയുള്ള നിഷ്‌കളങ്ക പ്രവര്‍ത്തനമല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല എന്നത് അംഗീകരിക്കപ്പെട്ടതും അറിയപ്പെട്ടതുമാണ്. മതനിയമങ്ങളോട് യോജിക്കുന്നതുമായിരിക്കണം. അപ്പോള്‍ ബഹുദൈവ വിശ്വാസികള്‍ക്ക് ശുപാര്‍ശകന്മാരുടെ ശുപാര്‍ശക്ക് യാതൊരു അര്‍ഹതയുമില്ല. അവര്‍ പരമകാരുണികന്റെ അനുഗ്രഹത്തെ അവര്‍ക്കുമേല്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)
പ്രവാചകൻമാർക്കും മലക്കുകൾക്കും പുറമേ മുഅ്മിനീങ്ങൾക്കും ശഫാഅത്ത് ചെയ്യാൻ കഴിയുമെന്ന് പറഞ്ഞല്ലോ. അവർ മറ്റുള്ളവർക്ക് ശഫാഅത്ത് ചെയ്യുന്നതിന് അല്ലാഹുവിന്റെ അനുമതി ആവശ്യമുണ്ട്. അതോടൊപ്പം അല്ലാഹു തൃപ്തിപ്പെട്ട മുഅ്മിനീങ്ങൾക്ക് മാത്രമേ മറ്റുള്ളവർക്ക് ശഫാഅത്ത് ചെയ്യാൻ കഴിയുകയുള്ളൂ.
ദുൻയാവിലെ ശുപാർശ പോലെയല്ല പരലോകത്തെ ശുപാർശ
പല ആളുകളും ദുൻയാവിലെ ശുപാർശ പോലെയാണ് പരലോകത്തെയും ശുപാർശയെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. തങ്ങളുടെ നേതാവും ശൈഖുമൊക്കെ തങ്ങളുടെ കാര്യം അല്ലാഹുവിൽ പറഞ്ഞ് പരലോകത്ത് നല്ലൊരു സൗകര്യം ഏർപ്പെടുത്തുമെന്നും അതിന് തങ്ങളുടെ നേതാവിനും ശൈഖിനുമൊക്കെ അധികാരമുണ്ടെന്നാണ് പലരുടെയും ധാരണ. എന്നാൽ അറിയുക: ദുൻയാവിലെ ശുപാർശ പോലെല്ല, പരലോകത്തെ ശുപാർശ.
(1) ഭയങ്കരമായ ആ ദിനത്തില്‍, തന്റെ കാര്യത്തിൽ എന്ത് തീരുമാനമാണ് അല്ലാഹു തീരുമാനിക്കുന്നതെന്നാണ് ഓരോരുത്തരും പരിഭ്രാന്തിയോടെ നോക്കിനിൽക്കുന്നത്. അവിടെ അല്ലാഹുവിന്റെ അനുമതി കൂടാതെ വല്ലതും ഉരിയാടുവാന്‍ ആര്‍ക്കു സാധിക്കുകയില്ല.
لَا يَمْلِكُونَ مِنْهُ خِطَابًا
അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല. (ഖുർആൻ:78/37)
يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِۦ ۚ فَمِنْهُمْ شَقِىٌّ وَسَعِيدٌ
ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. (ഖുർആൻ:11/105)
(2) ദുൻയാവിൽ ശുപാർശ പറയുന്ന വ്യക്തിയും ആരോടാണോ ശുപാർശ പറയുന്നത് ആ വ്യക്തിയും തമ്മിൽ നല്ല ബന്ധമായിരിക്കും. അവിടെ ശുപാർശയ്ക്ക് ഒരു അനുമതി പോലും ആവശ്യമില്ല. എന്നാൽ പരലോകത്ത് ശുപാർശ ചെയ്യുന്നത് അത് പ്രവാചകൻമാരായാലും സ്വാലിഹീങ്ങളായാലും മലക്കുകളായാലും ശുപാർശ ചെയ്യണമെങ്കിൽ അല്ലാഹുവിന്റെ അനുമതി ആവശ്യമാണ്. മഹ്ശറയിൽ വെച്ച് ആളുകളെ വിചാരണ ചെയ്യുന്നതിനായി നബി ﷺ ശുപാർശ പറയുന്നതുപോലും, നേരെചെന്ന് ശുപാർശ പറയുകയല്ല ചെയ്യുന്നത്. പകരം നബി ﷺ അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ട് കഴിച്ചുകൂട്ടുകയാണ് ചെയ്യുന്നത്. തല ഉയർത്തുക, ശുപാർശ ചെയ്യുക എന്ന് അല്ലാഹു പറയുമ്പോൾ മാത്രമാണ് നബി ﷺ ശുപാർശ ചെയ്യുന്നത്.
3. ഒരു ഉന്നതനായ വ്യക്തിയുടെ അടുക്കല്‍ ശുപാർശ വരുമ്പോൾ, അയാളത് സ്വീകരിക്കുന്നത് ശുപാർശകനിൽ നിന്നും എന്തെങ്കിലും നൻമ പ്രതീക്ഷിച്ചോ തിൻമ ഭയന്നോ ആയരിക്കും. എന്നാൽ അല്ലാഹുവിന് ആരിൽനിന്നും യോതൊന്നും ആവശ്യമില്ല.
يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. (ഖുർആൻ:35/15)
അല്ലാഹു പറയുന്നതായി നബി ﷺ അറിയിക്കുന്നു:
يَا عِبَادِيْ لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوْا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا زَادَ ذَلِكَ فَيْ مُلْكِيْ شَيْئَاً. يَا عِبَادِيْ لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوْا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا نَقَصَ ذَلِكَ مِنْ مُلْكِيْ شَيْئَاً،
എന്റെ ദാസന്മാരെ, നിങ്ങളിൽ ആദ്യത്തെവരും അവസാനത്തെവരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ശക്തനായ ഒരു മനുഷ്യന്റെ മനസ്സിലെ ഭക്തി കാണിച്ചാലും അതെന്റെ ആധിപത്യത്തിൽ ഒന്നും വർദ്ധിപ്പിക്കുകയില്ല. എന്റെ ദാസന്മാരെ, നിങ്ങളിൽ ആദ്യത്തവരും അവസാനത്തവരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ ദുഷ്ടനായ ഒരു മനുഷ്യന്റെ മനസ്സിലെ ദുഷ്ടത കാണിച്ചാലും എന്റെ ആധിപത്യത്തിൽ ഒട്ടും അത് കുറവു വരുത്തുകയില്ല. (മുസ്‌ലിം:2577)
4. ദുൻയാവിൽ ശുപാർശ കൊണ്ട് ആരുടെ അടുക്കലാണോ ശുപാർശ ചെയ്യപ്പെട്ടത്, ആ വ്യക്തിയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകുന്നു. എന്നാൽ പരലോകത്ത് ശുപാർശ കൊണ്ട് അല്ലാഹുവിന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകുന്നില്ല. കാരണം അല്ലാഹുവിന്റെ അനുമതിപ്രകാരമാണ് അല്ലാഹു ഉദ്ദേശിച്ചയാൾക്ക് വേണ്ടി ശുപാർശ ചെയ്യുന്നത്.
കെ.എം മൗലവിയുടെ ഒരു ഫത്’വയിൽ ഇപ്രകാരം കാണാം: എന്നാല്‍ ഈ ഐഹികലോകത്തില്‍ നടന്നുവരുന്ന ശഫാഅത്തില്‍ مشفوع عنده -വിന്‍റെ إرادة -നെ (ഇച്ഛയെ) ഭേദപ്പെടുത്തുവാന്‍ അല്ലെങ്കില്‍ അവന്‍റെ ഇച്ഛയല്ലാത്ത മറ്റൊന്ന് ചെയ്യുവാന്‍ അവനെ ﺷﺎﻓﻊ പ്രേരിപ്പിക്കലുണ്ട്. അപ്പോള്‍ ﺷﺎﻓﻊ-ന്നു വേണ്ടി അവന്‍റെ ഇച്ഛയെ വിട്ട് അതിനെ ഭേദപ്പെടുത്തി മറ്റൊന്നു ചെയ്യുന്നു. ഈ വിധത്തിലല്ലാതെ ഈ ലോകത്ത് ശഫാഅത്ത് നടക്കുകയില്ല. എന്നാല്‍ مشفوع عنده ആയ മഹാന്‍ നീതിമാനാണെങ്കില്‍ مشفوع له വെ സംബന്ധിച്ച് അവന്‍റെ അറിവില്‍ പിഴവുണ്ടായിരുന്നുവെന്ന് ﺷﺎﻓﻊ ന്‍റെ വാക്കുകൊണ്ട് വെളിപ്പെടുകയും ﺷﺎﻓﻊ ന്‍റെ അപേക്ഷ അനുസരിച്ച് തന്‍റെ ഇച്ഛയെ ഭേദപ്പെടുത്തലാണ് നീതിയുമെന്ന് അവന്ന് ബോധ്യമാവുകയും ചെയ്തെങ്കിലേ അവന്‍ ശുപാര്‍ശ സ്വീകരിക്കുകയുള്ളൂ. നേരെമറിച്ച് مشفوع عنده ആയ മഹാന്‍ അക്രമിയും സ്വേച്ഛാധിപനുമായ അധികാരസ്ഥനാണെങ്കിലോ തന്‍റെ സേവകനായ ﺷﺎﻓﻊ– ന്നു വേണ്ടി നീതിക്കും നന്മക്കും വിരുദ്ധമായ വിധത്തിലും തന്‍റെ ഇച്ഛയെ അവന്‍ ഭേദപ്പെടുത്തിയെന്ന് വരാം. ഈ രണ്ടിലേത് വിധത്തിലായാലും ഈ ശഫാഅത്ത് അല്ലാഹുവിന്‍റെ പരിശുദ്ധ സന്നിധിയില്‍ നടക്കുന്നത് അസംഭവ്യം തന്നെ. എന്തുകൊണ്ടെന്നാല്‍ അല്ലാഹു فعال لما يريد (താന്‍ ഇച്ഛിക്കുന്നതിനെ ചെയ്യുന്നവന്‍) ആകുന്നു.
إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ
അല്ലാഹു അണു അളവോളം അക്രമം ചെയ്യുകയില്ല. (അന്നിസാഅ്: 40)
നിശ്ചയം അവന്‍ ഏറ്റവും ഉത്തമനായ നീതിമാനാകുന്നു. നീതിക്ക് വിരുദ്ധമായി ആരുടെ അപേക്ഷയും അവന്‍ സ്വീകരിക്കുകയില്ല. മാത്രമല്ല അവന്‍ സര്‍വജ്ഞനുമാകുന്നു. അവന്‍റെ ജ്ഞാനത്തെ അനുസരിച്ച് മാത്രമേ അവന്‍റെ ഇച്ഛ ഉണ്ടാവുകയുള്ളൂ. അവന്‍റെ ജ്ഞാനം അനാദ്യവും അനന്തവുമായിട്ടുള്ളതായിരിക്കയാല്‍ അത് ഭേദപ്പെടാവുന്നതല്ല. അതിനാല്‍ അല്ലാഹുവിന്‍റെ إرادة -ത്തും ഭേദപ്പെടുവാന്‍ പാടില്ല. തന്നിമിത്തം ഈ ഐഹികലോകത്ത് നടക്കുന്ന വിധത്തിലുള്ള ശുപാര്‍ശ അല്ലാഹുവിന്‍റെ അടുക്കല്‍ ഉണ്ടാവുകയില്ല; തീര്‍ച്ച തന്നെ. ക്വുര്‍ആനില്‍ അല്ലാഹു പറയുന്നത് കാണുക:
لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ
അതില്‍ (ആ ദിവസത്തില്‍) തെണ്ടവുമില്ല, ഉപകാരം ചെയ്യുന്ന സ്നേഹവുമില്ല., ശുപാര്‍ശയുമില്ല. (അല്‍ബക്വറ: 254) (കെ.എം മൗലവിയുടെ ഫത്വയിൽ നിന്ന്)
ശഫാഅത്തിന്റെ അധികാരം അല്ലാഹുവിന് മാത്രം
പ്രവാചകൻമാരും സ്വാലിഹീങ്ങളും മലക്കുകളുമൊക്കെ ശഫാഅത്ത് ചെയ്യുമെന്ന് ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. എന്നാൽ ഈ വിഷയത്തിൽ പലരും വിശ്വസിക്കുന്നത് പ്രവാചകൻമാരും സ്വാലിഹീങ്ങളും മലക്കുകളുമൊക്കെ അവർ ഉദ്ദേശിക്കുന്നവർക്കും അവർ ഇഷ്ടപ്പെടുന്നവർക്കുമൊക്കെ ശഫാഅത്ത് ചെയ്യുമെന്നാണ്. ആ വിശ്വാസം ഏറ്റവും വലിയ വഴികേടും ഖുർആനിനും സുന്നത്തിനും എതിരായതുമാണ്. അത്തരെമൊരു അധികാരം അല്ലാഹു ആർക്കും കൊടുത്തിട്ടില്ല. അല്ലാഹു തൃപ്തിപ്പെട്ടയാളുകൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യാൻ അനുമതി ലഭിക്കുമ്പോൾ മാത്രമാണ് അവർ ശഫാഅത്ത് ചെയ്യുന്നതെന്ന കാര്യം നാം മനസ്സിലാക്കിയല്ലോ. അപ്പോൾ ശഫാഅത്തിന്റെ അധികാരം അല്ലാഹുവിന് മാത്രമാണ്.
وَأَنذِرْ بِهِ ٱلَّذِينَ يَخَافُونَ أَن يُحْشَرُوٓا۟ إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِۦ وَلِىٌّ وَلَا شَفِيعٌ لَّعَلَّهُمْ يَتَّقُونَ
തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് (ദിവ്യബോധനം) മുഖേന നീ താക്കീത് നല്‍കുക. അവന് പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. (ഖുർആൻ:6/51)
قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعًا ۖ لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ
പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍ (അവന്റെ ഹിതമനുസരിച്ചേ അത് നടക്കൂ). അവനാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്. (ഖുർആൻ:39/44)
{قُلْ} لَهُمْ: {لِلَّهِ الشَّفَاعَةُ جَمِيعًا} لِأَنَّ الْأَمْرَ كُلَّهُ لِلَّهِ. وَكُلُّ شَفِيعٍ فَهُوَ يَخَافُهُ، وَلَا يَقْدِرُ أَنْ يَشْفَعَ عِنْدَهُ أَحَدٌ إِلَّا بِإِذْنِهِ، فَإِذَا أَرَادَ رَحْمَةَ عَبَدِهِ، أَذَنَ لِلشَّفِيعِ الْكَرِيمِ عِنْدَهُ أَنْ يَشْفَعَ، رَحْمَةً بِالِاثْنَيْنِ. ثُمَّ قَرَّرَ أَنَّ الشَّفَاعَةَ كُلَّهَا لَهُ بِقَوْلِهِ {لَهُ مُلْكُ السَّمَاوَاتِ وَالأَرْضِ} أَيْ: جَمِيعُ مَا فِيهِمَا مِنَ الذَّوَاتِ وَالْأَفْعَالِ وَالصِّفَاتِ. فَالْوَاجِبُ أَنْ تُطْلَبَ الشَّفَاعَةُ مِمَّنْ يَمْلِكُهَا،
{പറയുക}, അവരോട്. {അല്ലാഹുവിനാകുന്നു ശുപാർശ മുഴുവൻ} കാരണം അധികാരം മുഴുവൻ അല്ലാഹുവിനാണ്. എല്ലാ ശുപാർശകരും അവനെ ഭയക്കുന്നു. അവന്റെ അനുമതികൂടാതെ അവന്റെയടുക്കൽ യാതൊരാൾ ക്കും ശുപാർശ ചെയ്യാനാവില്ല. അവൻ ഒരടിമക്ക് കരുണ വിചാരിച്ചാൽ അവന്റെയടുക്കൽ ആദരണീയനായ ഒരു വ്യക്തിക്ക് ശുപാർശക്ക് അനുമതി നൽകും. അത് രണ്ടുപേരോടുമുള്ള കരുണയാണ്. തുടർന്ന് അല്ലാഹു ശുപാർശ മുഴുവൻ തന്റെ അധികാരമാണെന്ന് സ്ഥാപിക്കുന്നു. {അവന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം} അതിലുള്ള സർവ വസ്തുക്കളുടെയും പ്രവർത്തനങ്ങളുടെയും വിശേഷങ്ങളുടെയും ഉടമസ്ഥത അവന്നാണ്. അതിനാൽ അവന്റെ അധികാരത്തിലുള്ളവർ അവനോടാണ് ശുപാർശ ചോദിക്കേണ്ടത്. (തഫ്സീറുസ്സഅ്ദി)
ചരിത്രത്തില്‍ ഈ പറഞ്ഞതിന് വലിയ ഉദാഹരണമാണ് ഇബ്രാഹീം നബി عليه السلام യുടെ പിതാവിന്റെ ഉദാഹരണം.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ الْقِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ أَلَمْ أَقُلْ لَكَ لاَ تَعْصِنِي فَيَقُولُ أَبُوهُ فَالْيَوْمَ لاَ أَعْصِيكَ. فَيَقُولُ إِبْرَاهِيمُ يَا رَبِّ، إِنَّكَ وَعَدْتَنِي أَنْ لاَ تُخْزِيَنِي يَوْمَ يُبْعَثُونَ، فَأَىُّ خِزْىٍ أَخْزَى مِنْ أَبِي الأَبْعَدِ فَيَقُولُ اللَّهُ تَعَالَى إِنِّي حَرَّمْتُ الْجَنَّةَ عَلَى الْكَافِرِينَ، ثُمَّ يُقَالُ يَا إِبْرَاهِيمُ مَا تَحْتَ رِجْلَيْكَ فَيَنْظُرُ فَإِذَا هُوَ بِذِيخٍ مُلْتَطِخٍ، فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِي النَّارِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഇബ്രാഹീം عليه السلام തന്റെ പിതാവ് ആസറിനെ പരലോകത്ത് വെച്ച് കണ്ടുമുട്ടും. അയാളുടെ മുഖം കരുവാളിച്ചിരിക്കുകയും, പൊടിപുരണ്ടിരിക്കുകയും ചെയ്യും. അപ്പോള്‍ ഇബ്രാഹീം عليه السلام അയാളോട് ചോദിക്കും: “എന്നെ ധിക്കരിക്കരുതെന്ന് ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ?!” അപ്പോള്‍ ഇബ്രാഹിം عليه السلام യുടെ പിതാവ് പറയും: “ഇന്ന് ഞാന്‍ നിന്നെ ധിക്കരിക്കുകയേയില്ല.” ഇബ്രാഹീം عليه السلام പറയും: “എന്റെ റബ്ബേ! ജനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുന്ന ദിനം എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. (നിന്റെ കാരുണ്യത്തില്‍ നിന്ന്) അകറ്റപ്പെട്ട എന്റെ പിതാവിനെക്കാള്‍ വലിയ അപമാനം മറ്റെന്തുണ്ട്?!” അല്ലാഹു പറയും: “ഞാന്‍ സ്വര്‍ഗം കാഫിറുകളുടെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു.” ആ സന്ദര്‍ഭത്തില്‍ ഇബ്രാഹിം عليه السلام യോട് പറയപ്പെടും: “ഹേ ഇബ്രാഹീം! എന്താണ് നിന്റെ കാലിനടിയില്‍?” അദ്ദേഹം നോക്കുമ്പോള്‍ ആസര്‍ ഒരു കഴുതപ്പുലിയുടെ രൂപത്തില്‍ രക്തം പുരണ്ട് നില്‍ക്കുന്നുണ്ടായിരിക്കും. അതിനെ പിടിച്ച് നരകത്തിലേക് വലിച്ചെറിയും.” (ബുഖാരി: 3350)
അതുകൊണ്ട് ശഫാഅത്ത് ചോദിക്കേണ്ടത് അല്ലാഹുവോടാണ്, പ്രവാചകൻമാടോ സ്വാലിഹീങ്ങളോടോ മലക്കുകളോടോ അല്ല. അവരോട് ശഫാഅത്ത് തേടാന്‍ അല്ലാഹു അനുമതി നല്‍കിയിട്ടില്ല. അല്ലാഹുവിന്റെ മാത്രം ഉടമസ്ഥതയിലുള്ള കാര്യമാണത്.
അല്ലാഹു അല്ലാത്ത ആരാധ്യൻമാർക്ക് ശഫാഅത്ത് ചെയ്യാൻ കഴിയില്ല
അല്ലാഹു അല്ലാത്ത ആരാധ്യന്മാര്‍ക്ക് തങ്ങളുടെ ആരാധകന്മാര്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്‌യുമെന്ന് ശിർക്കിന്റെ ആളുകൾ ജല്പിക്കാറുണ്ട്. എന്നാൽ അവർക്കതിന് സാധിക്കുകയില്ല.
وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ
അവന്നു പുറമെ ഇവര്‍ ആരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ശുപാര്‍ശ അധീനപ്പെടുത്തുന്നില്ല; അറിഞ്ഞു കൊണ്ടു തന്നെ സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ. (ഖുർആൻ:43/86)
തൗഹീദിനെപ്പറ്റി ബോധപൂര്‍വ്വം അറിഞ്ഞുകൊണ്ട് അതിനു സാക്ഷ്യംവഹിച്ചിരുന്ന ഈസാ നബി عليه السلام , ഉസൈര്‍ عليه السلام , മലക്കുകള്‍ മുതലായവര്‍ അതില്‍നിന്നു ഒഴിവാകുന്നു. തങ്ങളെ ആരാധിച്ചുവന്നിരുന്നവരുടെ ആരാധനയെക്കുറിച്ച് അവര്‍ ഒന്നും അറിയുന്നതല്ല. അതിനെ അനുകൂലിക്കുന്നവരുമല്ല അവര്‍. ഇങ്ങിനെയുള്ളവര്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം സജ്ജനങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്തെന്നു വരാം.
أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًٔا وَلَا يَعْقِلُونَ
അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ (ശുപാര്‍ശക്കാര്‍) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും (അവരെ ശുപാര്‍ശക്കാരാക്കുകയോ?) (ഖുർആൻ:39/43)
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ ﴿٢٢﴾ وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ ﴿٢٣﴾
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന് അവര്‍ മറുപടി പറയും: സത്യമാണ് (അവന്‍ പറഞ്ഞത്) അവന്‍ ഉന്നതനും മഹാനുമാകുന്നു. (ഖുർആൻ:34/22-23)
قال أبو العباس : نفى الله عما سواه كل ما يتعلق به المشركون، فنفى أن يكون لغيره ملك أو قسط منه، أو يكون عوناً لله، ولم يبق إلا الشفاعة، فبين أنها لا تنفع إلا لمن أذن له الرب، كما قال تعالى:{ولا يشفعون إلا لمن ارتضى}
അബുൽ അബ്ബാസ് (ശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യ) رَحِمَهُ اللهُ പറഞ്ഞു: അല്ലാഹു താനല്ലാതെ മുശ്രിക്കുകൾ ബന്ധപ്പെടുന്നതിനെയെല്ലാം നിരാകരിച്ചു. അങ്ങനെ താനല്ലാത്തവർക്ക് ആധിപത്യമുണ്ടാക്കുന്നതിനെയും അല്ലെങ്കിൽ അതിൽ നിന്നൊരു വിഹിതം ഉണ്ടാക്കുന്നതിനെയും അവൻ നിരാകരിച്ചു. അപ്രകാരം അവർ അല്ലാഹുവിന് സഹായിയെ ഉണ്ടാക്കുന്നതിനെയും അവൻ നിരാകരിച്ചു. ഇനി ബാക്കിയുള്ളത് ശഫാഅത്താണ്. അവിടെ അല്ലാഹു വ്യക്തമാക്കി. റബ്ബ് ആർക്കാണോ അനുവാദം നൽകുന്നത് അവർക്കല്ലാതെ ശഫാഅത്ത് ഉപകരിക്കുകയില്ല. അല്ലാഹു പറഞ്ഞു : {അവൻ തൃപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ അവർ ശുപാർശ്ശ ചെയ്യുകയില്ല}. (കിത്താബുത്തൗഹീദ്)
ശഫാഅത്ത് ലഭിക്കാൻ
ശഫാഅത്ത് ചോദിക്കേണ്ടത് അല്ലാഹുവോടാണെന്ന് നാം മനസ്സിലാക്കി. അതിനായി തൗഹീദ് ഉൾക്കൊണ്ടുകൊണ്ട് ജീവിതം ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. ശിര്‍ക്കിലും കുഫ്റിലുമായി മരണപ്പെട്ടാല്‍ ശഫാഅത്തിന് അര്‍ഹതയുണ്ടാകില്ല. സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വഴി അല്ലാഹുവിങ്കല്‍ നല്ല നില സമ്പാദിച്ചവര്‍ക്കുമാത്രമേ ശഫാഅത്തിന് അര്‍ഹതയുണ്ടാകുകയുള്ളൂ.
ശഫാഅത്ത് തടയപ്പെടുന്ന കാര്യങ്ങൾ
1. ശിർക്ക്
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لأُمَّتِي يَوْمَ الْقِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لاَ يُشْرِكُ بِاللَّهِ شَيْئًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. എല്ലാവരും ആ പ്രാർത്ഥന ദുനിയാവിൽ വെച്ച് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എന്റെ പ്രാർത്ഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിനു വേണ്ടി ശുപാർശക്ക് മാറ്റി വെച്ചിരിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്റെ സമുദായത്തിലെ ശിർക്ക് ചെയ്യാത്തവർക്ക് അത് ലഭിക്കുന്നതുമാണ്. (മുസ്‌ലിം: 199)
2. രിയാഅ് (ലോകമാന്യം)
عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ قِيلَ يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ الْقِيَامَةِ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَقَدْ ظَنَنْتُ يَا أَبَا هُرَيْرَةَ أَنْ لاَ يَسْأَلَنِي عَنْ هَذَا الْحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الْحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം: അദ്ദേഹം പറയുന്നു. അല്ലാഹുവിന്‍റെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: ഹേ! അബൂഹുറൈറ! ഈ വാര്‍ത്തയെക്കുറിച്ച് നിനക്ക് മുമ്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിന്‍റെ അത്യാഗ്രഹം കണ്ടപ്പോള്‍. പുനരുത്ഥാനദിവസം എന്‍റെ ശുപാര്‍ശ മുഖേന ഏറ്റവും സൌഭാഗ്യം സിദ്ധിക്കുന്നവന്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്. (ബുഖാരി:99)
നബി ﷺ യുടെ ശുപാർശ കൊണ്ട് ജനങ്ങളിൽ ഏറ്റവും സൗഭാഗ്യം ലഭിക്കുന്നതും, അവരിൽ ഏറ്റവും നേട്ടമുണ്ടാക്കുന്നതും ആരായിരിക്കും എന്ന അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിന്റെ ചോദ്യത്തിന് നബി ﷺ നൽകിയ മറുപടി “രണ്ട് ശഹാദത്തും (സാക്ഷ്യവചനങ്ങൾ) തൻ്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി – ബഹുദൈവ വിശ്വാസമോ ലോകമാന്യമോ കലരാത്ത രൂപത്തിൽ – പറഞ്ഞവർക്കാണ്” എന്നായിരുന്നു.
3. ശപിക്കുന്നവർ
عَنْ أَبِي الدَّرْدَاءِ، سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ اللَّعَّانِينَ لاَ يَكُونُونَ شُهَدَاءَ وَلاَ شُفَعَاءَ يَوْمَ الْقِيَامَةِ
അബുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ശപിക്കുന്നവർ അന്ത്യനാളിൽ നാളിൽ സാക്ഷിക്കോ ശുപാർശക്കോ പറ്റുന്നവരല്ല. (മുസ്‌ലിം:2598)
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللهُ പറഞ്ഞു: നിശ്ചയം, മനുഷ്യൻ വിതച്ചതേ കൊയ്യൂ, ധാരാളമായി ശപിക്കുകയെന്ന തിന്മ പരലോകത്ത് ശുപാർശയെന്ന നന്മയെ തടയുന്നതാണ്.
നബി ﷺ യുടെ ശഫാഅത്തിനെ കുറിച്ച് മറ്റൊരു പോസ്റ്റിൽ പറയുന്നതാണ് إن شاء الله
kanzululoom.com