നിഴൽ എന്ന ദൃഷ്ടാന്തം

അല്ലാഹുവിന്റെ സൃഷ്ടികളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രകാശം. പ്രകാശത്തിന് നേര്‍രേഖയിലൂടെ മാത്രം സഞ്ചരിക്കാൻ കഴിയുന്നു. പ്രകാശത്തിന് ഈ ഒരു ഗുണമുള്ളതു കൊണ്ടാണ് നിഴൽ ഉണ്ടാവുന്നത്. ഒരർത്ഥത്തിൽ ഭൂമിയുടെ നിഴലാണ് രാത്രി. നിഴൽ എന്ന ഒന്നില്ലെങ്കിൽ മറ്റെന്തുണ്ടായാലും രാവും പകലും ഉണ്ടാവില്ല. നിഴൽ അഥവാ തണൽ അല്ലാഹു ഉണ്ടാക്കിയതാവട്ടെ ചെറിയൊരു സംഗതി കൊണ്ടും. പ്രകാശത്തോട് നേരെ മാത്രം പോകാൻ പറഞ്ഞു. നിസ്സാര കാര്യങ്ങൾ കൊണ്ട് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതാണ് റബ്ബിന്റെ സൃഷ്ടിപ്പ്.

 أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا ‎﴿٤٥﴾‏ ثُمَّ قَبَضْنَٰهُ إِلَيْنَا قَبْضًا يَسِيرًا ‎﴿٤٦﴾

നിന്‍റെ രക്ഷിതാവിനെ സംബന്ധിച്ച് നീ ചിന്തിച്ച് നോക്കിയിട്ടില്ലേ? എങ്ങനെയാണ് അവന്‍ നിഴലിനെ നീട്ടിയത് എന്ന്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട് നാം സൂര്യനെ അതിന്ന് തെളിവാക്കി.പിന്നീട് നമ്മുടെ അടുത്തേക്ക് നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു. (ഖു൪ആന്‍:25/45-46)

الظِّلّ (ള്വില്ല്) എന്ന പദത്തെയാണ് ‘നിഴല്‍’ എന്ന് വിവര്‍ത്തനം ചെയ്തത്. ‘തണല്‍, ഛായ, പ്രതിച്ഛായ, പ്രതിബിംബം എന്നൊക്കെ അതിന് അര്‍ത്ഥം വരും. പ്രഭാതം മുതല്‍ സൂര്യോദയം വരെ ഭൂമിയില്‍ വ്യാപകമായി തണലുണ്ടായിരിക്കും. ഉദയത്തോടുകൂടി തണല്‍ നീങ്ങി വെയില്‍ പ്രത്യക്ഷമാകുന്നു. അപ്പോഴാണ്‌ അതിനു മുമ്പത്തെ അവസ്ഥാവിശേഷം തികച്ചും വേര്‍തിരിച്ചറിയുവാന്‍ കഴിയുക. ഒന്നിന്റെ എതിരുവശം കാണുമ്പോഴാണല്ലോ മുന്‍സ്ഥിതി കൂടുതല്‍ വ്യക്തമാകുന്നത്. അനന്തരം – ഉദയം കഴിഞ്ഞാല്‍ അസ്തമനം വരെ – സ്ഥൂലവസ്തുക്കള്‍ക്കെല്ലാം നിഴല്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. സൂര്യനില്ലായിരുന്നുവെങ്കില്‍ അതറിയപ്പെടുമായിരുന്നില്ല. ഈ രണ്ടിനും പുറമെ മൂന്നാമതൊരു തരം നിഴലും നാം കണ്ടുകൊണ്ടിരിക്കുന്നു. അതത്രെ, കൂടുതല്‍ വ്യാപകമായത്. ഭൂമിയുടെ പകുതിഭാഗം നിത്യേന സൂര്യന് പ്രതിമുഖമായി നിന്ന്, നിഴല്‍ മൂടിക്കൊണ്ടിരിക്കുന്നു. അഥവാ രാത്രിയായിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതോടൊപ്പം രാത്രിയാകുന്ന നിഴലും പകലും തമ്മില്‍ വേര്‍തിരിയുന്നു. ഏതുതരം നിഴലോ തണലോ ആയിരുന്നാലും ശരി, അതിനെ കാഴ്ചയില്‍ വേര്‍തിരിച്ചു കാട്ടിത്തരുന്ന ലക്‌ഷ്യം സൂര്യനത്രെ. സൂര്യനില്ലായിരുന്നെങ്കില്‍, ലോകം സദാ ഒരേ അവസ്ഥയില്‍ത്തന്നെ നിഴല്‍മൂടി അവശേഷിക്കുമായിരുന്നു. മേല്‍പ്പറഞ്ഞതിനെക്കാള്‍ വിപുലമായ ഒരു നിഴലും ഇവിടെ വിഭാവനം ചെയ്യാവുന്നതാണ്. ഭൂമിയെയും, ചന്ദ്രനെയും പോലെ സ്വയം പ്രകാശിതമല്ലാത്ത ഗോളങ്ങള്‍ വാസ്തവത്തില്‍ ഇരുളും, നിഴലും നിറഞ്ഞവയാണ്. നമ്മുടെ സൂര്യനടക്കം നഭോമണ്ഡലത്തിലുള്ള അനേകായിരം സൂര്യഗോളങ്ങള്‍ സ്വയം പ്രകാശിതങ്ങളുമാണ്. നമ്മുടെ സൂര്യനില്‍ നിന്നാണ് നമ്മുടെ ഭൂമിക്കും മറ്റുചില ഗോളങ്ങള്‍ക്കും വെളിച്ചം കിട്ടുന്നത്. സൂര്യനില്ലാത്തപക്ഷം, ഭൂമിയും ചന്ദ്രനുമെല്ലാം നമുക്ക് ഗോചരങ്ങളാകുമായിരുന്നില്ല.

സൂര്യന്‍ ഇല്ലെന്നോ, അതിന് സഞ്ചാരമില്ലെന്നോ, അല്ലെങ്കില്‍ പ്രകാശമില്ലെന്നോ സങ്കല്പിക്കുക, അതുമല്ലെങ്കില്‍ ഭൂമിയും സൂര്യനെപ്പോലെ പ്രകാശമയമാണെന്ന് വെക്കുക: എന്നാല്‍ ഈ ലോകപ്രകൃതിയില്‍ നേരിടാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും?! ആലോചിച്ച് നോക്കുക. മനുഷ്യരാല്‍ അത് നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല. രാപ്പകല്‍ ഇല്ലാതാകുന്നു. ചൂടും തണുപ്പും വ്യത്യാസപ്പെടുന്നു. സമയനിര്‍ണ്ണയം അസാദ്ധ്യമാകുന്നു. അങ്ങിനെ പലതും. ചുരുക്കത്തില്‍ ലോകവ്യവസ്ഥ പാടെ വ്യത്യാസപ്പെടും. അതുപോലെത്തന്നെ, കറുത്തിരുണ്ട അര്‍ദ്ധരാത്രി മാറി ഒരു നൊടിയിടയില്‍ പെട്ടന്ന് പ്രകാശം തിളങ്ങുന്ന മദ്ധ്യാഹ്നം അനുഭവപ്പെടുകയോ, അല്ലെങ്കില്‍ മറിച്ചോ സംഭവിക്കുന്നുവെന്ന് സങ്കല്‍പിക്കുക! വിവിധ രംഗങ്ങളില്‍ സ്വൈര്യവിഹാരം കൊള്ളുന്ന – അനേകതരം ജോലിത്തിരക്കുകളില്‍ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന – ജനകോടികളുടെ ജീവിതത്തില്‍ അതെന്തുമാത്രം സംഭ്രമജനകമായിരിക്കുമെന്ന് നമുക്ക് ഊഹിക്കുവാന്‍ പോലും പ്രയാസം. ‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ അതിനെ (നിഴലിനെ) നിശ്ചലമാക്കുമായിരുന്നു’ എന്നും, പിന്നീട് നമ്മുടെ അടുക്കലേക്ക് അതിനെ കുറേശ്ശെയായി പിടിച്ചെടുത്തു കൊണ്ടുവരുകയും ചെയ്യുന്നു എന്നും അല്ലാഹു പറഞ്ഞതിന്റെ രഹസ്യം ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉറ്റാലോചിക്കുമ്പോഴാണ്, താഴെ പറയുന്നതു പോലെയുള്ള ഖുര്‍ആന്‍ വചനങ്ങളുടെ അന്തരംഗത്തിന്റെ വിശാലതയും, അര്‍ത്ഥവ്യാപ്തിയും നമുക്ക് ഏറെക്കുറെ ഗ്രഹിക്കുവാന്‍ സാധ്യമാകുക.

وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:25/2)

അല്ലാഹു പറയുന്നു:

أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍ يَتَفَيَّؤُا۟ ظِلَٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًا لِّلَّهِ وَهُمْ دَٰخِرُونَ

അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിന്‍റെയും നേര്‍ക്ക് അവര്‍ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന് സുജൂദ് ചെയ്ത്കൊണ്ടും അതിന്‍റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ് കൊണ്ടിരിക്കുന്നു. (ഖു൪ആന്‍:16/48)

അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിഴലുണ്ടാകുന്ന എല്ലാ വസ്തുക്കളുടെയും നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടുമായി ചാഞ്ഞും ചരിഞ്ഞും നീണ്ടും ചുരുങ്ങിയും കൊണ്ടിരിക്കുന്നതു മനുഷ്യന്‍ സാധാരണ കാണാറുണ്ടല്ലോ. ഇതിനെപ്പറ്റി ആലോചിച്ചാല്‍ തന്നെയും പല ദൃഷ്ടാന്തങ്ങളും അതില്‍നിന്നു മനുഷ്യനു ലഭിക്കുവാനുണ്ട്. അഥവാ, എന്തുകൊണ്ടു അങ്ങിനെയുള്ള മാറ്റങ്ങള്‍ക്കു അവ വിധേയമാകുന്നു? അതിനു കാരണമെന്ത്? ആ കാരണങ്ങളെ വ്യവസ്ഥപ്പെടുത്തിയ ശക്തി ഏതാണ്? എന്നിത്യാദി കാര്യങ്ങളെപ്പറ്റി അല്‍പബുദ്ധികള്‍ക്കുപോലും അതുവഴി ഏറെക്കുറെ വാസ്തവം ഗ്രഹിക്കുവാന്‍ അതു ഉപകരിക്കുന്നതാണ്. ആ നിഴലുകള്‍ അല്ലാഹുവിന്റെ നിയമ വ്യവസ്ഥകള്‍ക്കു വിധേയമായും, അവന്‍ നിശ്ചയിച്ച പ്രകൃതി ചട്ടങ്ങള്‍ക്കനുസരിച്ചുമാണു നിലകൊള്ളുന്നത്. ആ നിയമവ്യവസ്ഥകളില്‍ അണുവോളം മാറ്റംവരുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല. എന്നുവേണ്ട, ആകാശഭൂമികളില്‍ ജീവവസ്തുക്കളായി അല്ലാഹു സൃഷ്‌ടിച്ച എല്ലാ വസ്തുക്കളും – ആത്മീയ ജീവികളായ മലക്കുകള്‍പോലും – അല്ലാഹുവിന്റെ നിയമ ചട്ടങ്ങള്‍ക്കു തികച്ചും കീഴൊതുങ്ങിയും അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങിയുംകൊണ്ടാണ് കഴിയുന്നത്. ആരും ഇതില്‍നിന്നു ഒഴിവില്ല. അപ്പോള്‍, വിശേഷബുദ്ധിയും, അഭിപ്രായ സ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുള്ള മനുഷ്യര്‍ പ്രത്യേകിച്ചും അവന്റെ മുമ്പില്‍ തലകുനിക്കുവാനും, അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങളനുസരിച്ചു ജീവിക്കുവാനും അര്‍ഹരല്ലേ? (അമാനി തഫ്സീര്‍)

وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ

അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന് പ്രണാമം ചെയ്യുന്നു.) (ഖു൪ആന്‍:13/15)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.