ദീനിലില്ലാത്തത് പിൻപറ്റുമ്പോൾ സംഭവിക്കുന്ന രണ്ട് ഗൗരവമുള്ള കാര്യങ്ങൾ

അല്ലാഹു പറയുന്നു:

ٱتَّخَذُوٓا۟ أَحْبَارَهُمْ وَرُهْبَٰنَهُمْ أَرْبَابًا مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَٰهًا وَٰحِدًا ۖ لَّآ إِلَٰهَ إِلَّا هُوَ ۚ سُبْحَٰنَهُۥ عَمَّا يُشْرِكُونَ

അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! (ഖുർആൻ:9/31)

ഇവിടെ, യഹൂദികളും, ക്രിസ്‌ത്യാനികളും അവരിലുള്ള പണ്‌ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കിയതിനെ കുറിച്ചാണ് അല്ലാഹു പ്രസ്‌താവിക്കുന്നത്‌. അവര്‍ അവരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞത്‌ അവര്‍ അവരെ ദൈവങ്ങളാക്കി അവര്‍ക്ക്‌ ആരാധന നടത്തിവന്നിരുന്നു എന്നര്‍ത്ഥത്തിലല്ല, പ്രത്യുത  അവര്‍ പണ്‌ഡിതന്മാർക്കും പുരോഹിതന്മാർക്കും മതനിയമ നിര്‍മാണാധികാരം വകവെച്ചു കൊടുക്കുകയും, അവര്‍ നിര്‍മിക്കുന്ന നിയമങ്ങളെ യഹൂദികളും, ക്രിസ്‌ത്യാനികളും തങ്ങളുടെ യഥാര്‍ത്ഥ മതനിയമങ്ങളായി അംഗീകരിച്ചു പോരുകയും ചെയ്‌തുവെന്ന അര്‍ത്ഥത്തിലാകുന്നു.

عن عدي بن حاتم – رضي الله عنه – أنه لما بلغته دعوة رسول الله – صلى الله عليه وسلم – فر إلى الشام ، وكان قد تنصر في الجاهلية ، فأسرت أخته وجماعة من قومه ، ثم من رسول الله – صلى الله عليه وسلم – على أخته وأعطاها ، فرجعت إلى أخيها ، ورغبته في الإسلام وفي القدوم على رسول الله – صلى الله عليه وسلم – فقدم عدي المدينة ، وكان رئيسا في قومه طيئ ، وأبوه حاتم الطائي المشهور بالكرم ، فتحدث الناس بقدومه ، فدخل على رسول الله – صلى الله عليه وسلم – وفي عنق عدي صليب من فضة ، فقرأ رسول الله – صلى الله عليه وسلم – هذه الآية : { اتخذوا أحبارهم ورهبانهم أربابا من دون الله } قال : فقلت : إنهم لم يعبدوهم . فقال : بلى ، إنهم حرموا عليهم الحلال ، وأحلوا لهم الحرام ، فاتبعوهم ، فذلك عبادتهم إياهم . وقال رسول الله – صلى الله عليه وسلم – : يا عدي ، ما تقول ؟ أيفرك أن يقال : الله أكبر ؟ فهل تعلم شيئا أكبر من الله ؟ ما يفرك ؟ أيفرك أن يقال : لا إله إلا الله ؟ فهل تعلم من إله إلا الله ؟ ثم دعاه إلى الإسلام فأسلم ، وشهد شهادة الحق ، قال : فلقد رأيت وجهه استبشر ثم قال : إن اليهود مغضوب عليهم ، والنصارى ضالون .

 അദിയ്യുബ്‌നു ഹാതിം رضى الله عنه വിൽ നിന്ന് നിവേദനം ‘അദ്ദേഹത്തെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ നബി ﷺ യുടെ ക്ഷണം വന്നപ്പോള്‍ അദ്ദേഹം ശാമിലേക്ക്‌ ഓടിപ്പോയി. അദ്ദേഹം ജാഹിലിയ്യത്തില്‍ ക്രിസ്‌തുമതം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരിയും ഗോത്രത്തില്‍പെട്ട കുറേ ആളുകളും ചിറയിലകപ്പെട്ടു (പിടിക്കപ്പെട്ടു).  പിന്നീട്‌ അവരെ (സഹോദരിയെ) നബി ﷺ ഉദാരപൂര്‍വ്വം വിട്ടയച്ചു. അനന്തരം അവര്‍ മടങ്ങി സഹോദരന്‍റെ അടുക്കല്‍ ചെന്നു. അദ്ദേഹത്തെ ഇസ്‌ലാമിനെ അംഗീകരിക്കുവാനും നബി ﷺ യുടെ അടുക്കല്‍ വരുവാനും പ്രോത്സാഹിപ്പിച്ചു. അങ്ങനെ, അദിയ്യ്‌ رضى الله عنه മദീനയില്‍ വന്നു. ത്വയ്യിഅ് ഗോത്രത്തിലെ ഒരു നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വരവിനെപ്പറ്റി ജനങ്ങള്‍ സംസാരിച്ചു. അദ്ദേഹം നബി ﷺ യുടെ അടുക്കല്‍ പ്രവേശിക്കുമ്പോള്‍ അവിടുന്ന് ഈ വചനം  ഓതുന്നുണ്ടായിരുന്നു:{അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു}  അദിയ്യ്‌ رضى الله عنه പറയുകയാണ്‌: ‘അവര്‍ അവരെ ആരാധിച്ചിട്ടില്ലല്ലോ! (എന്നിരിക്കെ അവരെ അവര്‍ റബ്ബുകളാക്കി എന്നു പറയുന്നതു എന്തുകൊണ്ടാണ്‌?)’ എന്ന്‌ ഞാന്‍ ചോദിച്ചു. അപ്പോള്‍, നബി ﷺ പറഞ്ഞു: ‘ഇല്ലാതേ! അവര്‍ അവര്‍ക്ക്‌ ഹലാലിനെ (അനുവദനീയമായതിനെ) ഹറാമാക്കി (നിഷിദ്ധമാക്കി). ഹറാമിനെ ഹലാലാക്കുകയും ചെയ്‌തു. എന്നിട്ട്‌ അവര്‍ അവരെ പിന്‍പറ്റി. അതാണ്‌ അവര്‍ അവര്‍ക്ക്‌ ചെയ്‌ത ആരാധന’. പിന്നീട്‌ നബി ﷺ അദ്ദേഹത്തോട്‌ ഇങ്ങനെ പറഞ്ഞു: ‘അദിയ്യേ, താനെന്തു പറയുന്നു? ‘അല്ലാഹു അക്‌ബര്‍’ (അല്ലാഹു ഏറ്റവും വലിയവന്‍) എന്ന്‌ പറയുന്നതിന്‌ താങ്കള്‍ക്ക്‌ വിരോധമുണ്ടോ? അല്ലാഹുവിനെക്കാള്‍ വലിയവനായി ആരെയെങ്കിലും തനിക്കറിയാമോ? ‘ലാഇലാഹ ഇല്ലല്ലാഹു’ (അല്ലാഹു അല്ലാതെ ആരാധ്യനേയില്ല) എന്നു പറയുന്നതിന്‌ തനിക്ക്‌ വിരോധമുണ്ടോ? അല്ലാഹുവല്ലാതെ വല്ല ഇലാഹിനെയും താങ്കള്‍ക്കറിയാമോ?’ പിന്നീട്‌ നബി ﷺ അദ്ദേഹത്തെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു. അദ്ദേഹം ഇസ്‌ലാമിനെ അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹം പറയുകയാണ്‌: അപ്പോള്‍ നബി ﷺ യുടെ മുഖം സന്തോഷം പൂണ്ടതായി ഞാന്‍ കണ്ടു. പിന്നീട്‌ നബി ﷺ പറഞ്ഞു: ‘നിശ്ചയമായും യഹൂദികള്‍  കോപവിധേയരും (مغضوب عليهم) ക്രിസ്‌ത്യാനികള്‍ (ശരിയായ മാർഗത്തിൽ നിന്ന്) വഴിപിഴച്ചവരും (ضالون) ആകുന്നു. (തഫ്സീർ ഇബ്നുകസീർ)

മുഹമ്മദ് അമാനി മൗലവി رحمه الله തന്റെ ഖുർആൻ വിശദീകരണ ഗ്രന്ഥത്തിൽ മേൽ ആയത്തിന്റെ വിശദീകരണത്തിൽ എഴുതുന്നു: വേദക്കാര്‍ തങ്ങളുടെ പണ്‌ഡിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞതിന്‍റെ ഉദ്ദേശ്യം, അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്കെതിരായി അവര്‍ നിയമിച്ച നിയമങ്ങളെ മതനിയമങ്ങളായി ഗണിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്‌തുവെന്നതാണെന്നും ഇതവരെ റബ്ബുകളാക്കലാണെന്നും ഈ ഹദീഥില്‍നിന്ന്‌ സ്‌പഷ്‌ടമാണ്‌. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, അല്ലാത്തവരുമായ പല മഹാന്മാരും പറയാറുള്ളതുപോലെ മുസ്‌ലിം സമുദായം വളരെ ഗൗരവപൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്‌. അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും – ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും- വിധികളെപ്പറ്റി ഗൗനിക്കാതെ, ഏതെങ്കിലും ഇമാമോ, പണ്‌ഡിതനോ, അല്ലെങ്കില്‍ ഒരു പ്രത്യേക വിഭാഗം ആളുകളോ പറയുന്നത്‌ മാത്രം മതവിധിയായി അംഗീകരിക്കലും, അതിനെതിരില്‍ തക്കതായ തെളിവ്‌ കണ്ടാല്‍പോലും അതു സ്വീകരിക്കാതിരിക്കലും വേദക്കാരുടെ സമ്പ്രദായമാണെന്നും ഇത്‌ ആ ഇമാമുകളെയും പണ്‌ഡിതന്മാരെയും റബ്ബുകളാക്കലാണെന്നും ഈ ഹദീഥില്‍ നിന്ന്‌ വ്യക്തമാണ്‌. ഇന്ന്‌ മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിഭാഗവും ആപല്‍ക്കരമായ ഈ രോഗം ബാധിച്ചവരാണെന്നുള്ളത്‌ അത്യധികം വേദനാജനകമായ ഒരു പരമാര്‍ത്ഥമത്രെ. അത്രയുമല്ല, അതിനെപ്പറ്റി ഗുണദോഷിക്കുന്നവരെ പിഴച്ചവരായി മുദ്രകുത്തുകയും ചെയ്യുന്നു! വേദക്കാരെ ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങള്‍ പിന്‍പറ്റുമെന്ന്‌ മുസ്‌ലിം സമുദായത്തിന്‌ അല്ലാഹുവിന്‍റെ റസൂല്‍ മുന്നറിയിപ്പ്‌നല്‍കിയിട്ടുള്ളത്‌ പ്രസിദ്ധമാണല്ലോ. അല്ലാഹുവില്‍ ശരണം!

വിവരമില്ലാത്ത ആളുകള്‍ പണ്‌ഡിതന്മാരോട്‌ മതവിധികള്‍ അന്വേഷിക്കലും, അതനുസരിക്കലും പാടില്ലെന്നല്ല ഇതിനര്‍ത്ഥം. ഇന്നിന്നവര്‍ പറഞ്ഞതേ മതനിയമമായി അംഗീകരിച്ചുകൂടൂ. ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിരുന്നാലും അവര്‍ പറഞ്ഞതിനെതിരില്‍ മറ്റൊന്നും സ്വീകാര്യമല്ല എന്നുള്ള നിലപാടാണ്‌ ആപല്‍ക്കരം. ഇമാം റാസി  رحمه الله യുടെ വന്ദ്യനായ ഗുരുവര്യന്‍ അക്കാലത്ത്‌ പറഞ്ഞ ചില വാക്കുകള്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഇവിടെ ഉദ്ധരിച്ചത്‌ കാണുക: ‘ഫുക്വഹാക്കളെ തക്വ്‌ലീദ്‌ ചെയ്യുന്ന (കര്‍മശാസ്‌ത്ര പണ്‌ഡിതന്മാരുടെ അഭിപ്രായങ്ങളെ അനുകരിക്കുന്ന) വരില്‍പെട്ട ഒരുകൂട്ടം ആളുകളെ ഞാന്‍ കാണുകയുണ്ടായി. ചില പ്രശ്‌നങ്ങളെ സംബന്ധിച്ചു അല്ലാഹുവിന്‍റെ കിതാബില്‍നിന്നുള്ള പല ആയത്തുകളും ഞാന്‍ അവരെ ഓതിക്കേള്‍പ്പിച്ചു. അവരുടെ മദ്‌ഹബുകള്‍ (അവര്‍ സ്വീകരിച്ച അഭിപ്രായഗതികള്‍) ആയത്തുകള്‍ക്ക്‌ എതിരായിരുന്നു. അവരത്‌ സ്വീകരിച്ചില്ല. അതിലേക്ക്‌ തിരിഞ്ഞുനോക്കിയതുമില്ല. ഞങ്ങളുടെ മുന്‍ഗാമികളില്‍ നിന്നുള്ള രിവായത്ത്‌ ഇതിന്‌ എതിരായിരിക്കെ, ഈ ആയത്തുകളുടെ ബാഹ്യാര്‍ത്ഥങ്ങളെ ഞങ്ങള്‍ എങ്ങിനെ അനുഷ്‌ഠാനത്തില്‍ സ്വീകരിക്കും! എന്നിങ്ങിനെ എന്നെ നോക്കി ആശ്ചര്യപ്പെടുകയാണ്‌ അവര്‍ ചെയ്‌തത്‌. ശരിക്ക്‌ ആലോചിച്ചു നോക്കുന്നപക്ഷം ലോകത്തുള്ള മിക്കവരുടെ ഞരമ്പുകളിലും ഈ രോഗം പടര്‍ന്നിരിക്കുന്നതായിക്കാണാം. ‘ഇമാം റാസി  رحمه الله യുടെ കാലത്തെ – ഏതാണ്ട്‌ എട്ട്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുള്ള – കഥയാണ്‌ ആ മഹാന്‍ ഇതുവഴി ചൂണ്ടിക്കാട്ടുന്നത്‌. ഇന്നത്തെ കഥയോ?……. ആലോചിച്ചു നോക്കുക!

അന്ധമായ ഈ അനുകരണ മഹാവ്യാധി പൂര്‍വ്വാധികം പകരുക മാത്രമല്ല സമുദായത്തില്‍ ചെയ്‌തിരിക്കുന്നത്‌. ഖുര്‍ആന്‍റെയും ഹദീഥിന്‍റെയും അദ്ധ്യാപനങ്ങള്‍ക്ക്‌ എതിരാണെന്നതിരിക്കട്ടെ, കഴിഞ്ഞുപോയ ഏതെങ്കിലും ഇമാമിന്‍റെ വാക്കുകളില്‍പ്പോലും കാണപ്പെടാത്ത പല പുതിയ മതവിധികളും സ്വാര്‍ത്ഥമതികളായ ചില പണ്‌ഡിതന്‍മാര്‍ -ഒറ്റക്കായും – കൂട്ടായും നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്നു! ഒരു വിഭാഗം തങ്ങളുടെ ജീവിതമാര്‍ഗം നിലനിറുത്തുന്നതിനും, ജനമധ്യേ തങ്ങള്‍ക്കുള്ള സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണിത്‌ ചെയ്യുന്നതെങ്കില്‍, വേറൊരു വിഭാഗം, കാലത്തിന്‍റെ ഒഴുക്കനുസരിച്ച്‌ മതസിദ്ധാന്തങ്ങളില്‍ ഒരു പൊളിച്ചെഴുത്ത്‌ നടത്തി ജനസമ്മതിയും കീര്‍ത്തിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ചെയ്യുന്നത്‌. 34-ാം വചനത്തില്‍ പറയുന്ന താക്കീത്‌ ഇങ്ങനെയുള്ളവര്‍ക്കെല്ലാം ബാധകം തന്നെ. അല്ലാഹു സമുദായത്തെ കാത്തുരക്ഷിക്കട്ടെ! (ആമീന്‍) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 9/31 ന്റെ വിശദീകരണം)

മേൽ ആയത്തും അതിന്റെ വിശദീകരണവും വേദക്കാരെ മാത്രം ബാധിക്കുന്നതെല്ലെന്നും മുസ്ലിംകളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും വ്യക്തം. എന്നാൽ മുസ്ലിംകളിൽ പലരും ഈയൊരു വിഷയത്തിന്റെ ഗൗരവത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എത്രയെത്ര കാര്യങ്ങളിലാണ് അല്ലാഹു പഠിപ്പിച്ചതിനെ സ്വീകരിക്കാതെ പണ്‌ഡിതന്മാരുടെയും പുരോഹിതന്മാരുടെയും വാക്കുകളെ സ്വീകരിക്കുന്നത്. വിശ്വാസ കാര്യങ്ങളിൽ വരെ ഇത്  കടന്നു കയറിയിട്ടുണ്ട്. ഉദാഹരണത്തിന്, ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് വിശുദ്ധ ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. സൃഷ്ടികളില്‍ ഒരാള്‍ക്കും ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയില്ലെന്നുള്ളതും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദ് നബി ﷺ ക്ക് പോലും ഗൈബ് അറിയുകയില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. എന്നാൽ അംബിയാക്കൾക്കും ഔലിയാക്കൾക്കും ഗൈബ് അറിയാമെന്ന് പറഞ്ഞ് പണ്‌ഡിതന്മാരും പുരോഹിതന്മാരും പ്രചരണം നടത്തുമ്പോൾ, ഗൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുകൾ ചൂണ്ടിക്കാണിച്ചുകൊടുത്താലും പലരും അതിനെ അവഗണിച്ച് പണ്‌ഡിതന്മാരെയും പുരോഹിതന്മാരെയും പിൻപറ്റുന്നു.   ഇവിടെ ആളുകൾ ഈ പണ്‌ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എത് ഗൗരവമുള്ള കാര്യമാണിത്.

വിശ്വാസ കാര്യങ്ങളിൽ മാത്രമല്ല, കർമ്മങ്ങളുടെ കാര്യത്തിലും ഇത് കാണാം. ഉദാഹരണത്തിന് സ്ത്രീകള്‍ ജുമുഅ – ജമാഅത്തില്‍ പങ്കെടുക്കുന്നത് നി൪ബന്ധമല്ലെങ്കിലും അത് അനുവദനീയമായ കാര്യമാണ്. ഇത് ഇസ്ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ സ്ത്രീകള്‍ ജുമുഅ – ജമാഅത്തില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് വിധിക്കുന്ന പുരോഹിതൻമാരുണ്ട്.  ഇവിടെ അല്ലാഹു അനുവദിച്ച ഒരു കാര്യം പുരോഹിതന്‍മാ൪ വിരോധിക്കുമ്പോള്‍,  തെളിവുകൾ ചൂണ്ടിക്കാണിച്ചാലും അതിനെ അവഗണിച്ച്  പുരോഹിതന്‍മാരുടെ വാക്കുകളെ സ്വീകരിക്കുന്നവരുണ്ട്. ഇവിടെ പുരോഹിതന്‍മാരെ അനുസരിക്കുമ്പോൾ അവരെ റബ്ബുകളാക്കുന്നു.

രണ്ടാമതായി, ഒരു കാര്യത്തിൽ അല്ലാഹു നിയമമാക്കിയതിനെ സ്വീകരിക്കാതെ, അതിനെതിരായിക്കൊണ്ട് പണ്‌ഡിതന്മാരുടെയും പുരോഹിതന്മാരുടെയും വാക്കുകളെ സ്വീകരിക്കുമ്പോൾ അവിടെ ശിർക്ക് (അല്ലാഹുവിൽ പങ്ക് ചേർക്കൽ) സംഭവിക്കുന്നു. ഇത് പലർക്കും അറിയുക പോലുമില്ല. ഇതിനുള്ള തെളിവ് കാണുക:

وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌ ۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ

അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും. (ഖു൪ആന്‍ :6/121)

ജീവികളെ അറുക്കുന്നത്‌ അല്ലാഹുവിന്റെ നാമത്തിലായിക്കണമെന്നും അല്ലാഹുവിന്റെ നാമത്തിലല്ലാതെ അറുക്കുന്നത്‌ തോന്നിയവാസമാണെന്നും സത്യവിശ്വാസികള്‍ക്ക്‌ അത്‌ ഭക്ഷിക്കുവാന്‍ പാടില്ലന്നും അല്ലാഹു ഇവിടെ പറയുന്നു. അതേപോലെ ശവം തിന്നാന്‍ പാടില്ലെന്ന് ഖു൪ആന്‍ പ്രഖ്യാപിച്ചപ്പോള്‍, നിങ്ങള്‍ കൊന്നതിനെ (അറുത്തതിനെ) നിങ്ങള്‍ ഭക്ഷിക്കുന്നു, അല്ലാഹു കൊന്നതിനെ (ചത്തതിനെ) നിങ്ങള്‍ ഭക്ഷിക്കുന്നില്ലെന്നും, ശൈത്വാന്റെ ദുർബോധനത്തിന്റെ അടിസ്ഥാനത്തിൽ മുശ്രിക്കുകള്‍ പറഞ്ഞുപരത്തി. അവരെ  അനുസരിക്കുന്ന പക്ഷം നിങ്ങള്‍ അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നവരായിപ്പോകുമെന്ന് അല്ലാഹു പറയുന്നത് ശ്രദ്ധേയമാണ്. അതെ, മതകാര്യങ്ങളിൽ അല്ലാഹുവിന്റെ വിധിക്കെതിരെ, മറ്റ് വല്ലവരെയും അനുസരിക്കുമ്പോൾ ശിർക്ക് സംഭവിക്കുന്നു. കാരണം അല്ലാഹു നിഷിദ്ധമാക്കിയതിനെ അവ൪ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്.

മേൽ പറഞ്ഞ ഉദാഹരണങ്ങൾതന്നെയും ഇവിടെ എടുക്കാം. അംബിയാക്കൾക്കും ഔലിയാക്കൾക്കും ഗൈബ് അറിയാമെന്ന് പണ്‌ഡിതന്മാരും പുരോഹിതന്മാരും പ്രചരണം നടത്തുമ്പോൾ, ഗൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുകൾ ചൂണ്ടിക്കാണിച്ചുകൊടുത്താലും അതിനെ അവഗണിച്ച് പണ്‌ഡിതന്മാരെയും പുരോഹിതന്മാരെയും പിൻപറ്റുമ്പോൾ അവിടെ ശിർക്ക് സംഭവിക്കുന്നു. അതേപോലെ സ്ത്രീകള്‍ ജുമുഅ – ജമാഅത്തില്‍ പങ്കെടുക്കുന്നത് അനുവദനീയമാണെന്ന് മതം പഠിപ്പിച്ചിരിക്കെ, അത് നിഷിദ്ധമാണെന്ന് വിധിക്കുന്ന പുരോഹിതൻമാരെ, തെളിവുകൾ തള്ളി അനുസരിക്കുമ്പോൾ അവിടെയും ശിർക്ക് സംഭവിക്കുന്നു. എത്ര ഗൗരവമുള്ള വിഷയമാണിത്. പലരും ഈ സത്യം മനസ്സിലാക്കുന്നില്ല. അല്ലാഹുവിൽ ശരണം.

وقوله تعالى : ( وإن أطعتموهم إنكم لمشركون ) أي : حيث عدلتم عن أمر الله لكم وشرعه إلى قول غيره ، فقدمتم عليه غيره فهذا هو الشرك ، كما قال تعالى : ( اتخذوا أحبارهم ورهبانهم أربابا من دون الله والمسيح ابن مريم وما أمروا إلا ليعبدوا إلها واحدا لا إله إلا هو سبحانه عما يشركون ) [ التوبة : 31 ] . وقد روى الترمذي في تفسيرها ، عن عدي بن حاتم أنه قال : يا رسول الله ، ما عبدوهم ، فقال : ” بل إنهم أحلوا لهم الحرام وحرموا عليهم الحلال ، فاتبعوهم ، فذلك عبادتهم إياهم “

{നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍  അല്ലാഹുവോട്‌  പങ്കുചേര്‍ക്കുന്നവരായിപ്പോകും} അതായത്: അല്ലാഹുവിന്റെ കൽപ്പനയിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞു, അവന്റെ കല്പനക്കെതിരായ നിയമം ഉണ്ടാക്കി അതിന് മുൻഗണന നൽകുകയും ചെയ്തു, അത് ശിർക്ക് (അല്ലാഹുവിൽ പങ്കുചേര്‍ക്കൽ) ആകുന്നു.    അല്ലാഹു പറഞ്ഞതുപോലെ: {അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! സൂറ:തൗബ-31}  ഇമാം തിർമിദി  ഉദ്ദരിച്ചതുപോല: അദിയ്യുബ്‌നു ഹാതിം رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ യോട് ചോദിച്ചു: ‘അവര്‍ അവരെ ആരാധിച്ചിട്ടില്ലല്ലോ! (എന്നിരിക്കെ അവരെ അവര്‍ റബ്ബുകളാക്കി എന്നു പറയുന്നതു എന്തുകൊണ്ടാണ്‌?)’ നബി ﷺ പറഞ്ഞു: ‘ഇല്ലാതേ! അവര്‍ അവര്‍ക്ക്‌ ഹലാലിനെ (അനുവദനീയമായതിനെ) ഹറാമാക്കി (നിഷിദ്ധമാക്കി). ഹറാമിനെ ഹലാലാക്കുകയും ചെയ്‌തു. എന്നിട്ട്‌ അവര്‍ അവരെ പിന്‍പറ്റി. അതാണ്‌ അവര്‍ അവര്‍ക്ക്‌ ചെയ്‌ത ആരാധന’. (തഫ്സീർ ഇബ്നുകസീർ)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *