കടൽ എന്ന അൽഭുതം

ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം (പെരുങ്കടൽ) എന്നും വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും കടൽ വെള്ളത്താൽ ആവൃതമാണ്.

കടല്‍ മനുഷ്യനെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അറ്റമില്ലാത്ത ജലപ്പരപ്പും എണ്ണമില്ലാത്ത തിരമാലകളും വര്‍ണാലങ്കാരം തീര്‍ക്കുന്ന അസ്തമയ സൂര്യനും നമ്മുടെ കണ്ണിനും മനസ്സിനും ഒരേ സമയം ആനന്ദവും അമ്പരപ്പും നല്‍കുന്ന കാഴ്ചയാണ്. അലതല്ലുന്ന നീലക്കടല്‍ മനുഷ്യന്റെ മനസ്സില്‍ നിരവധി ചിന്തകളും ചോദ്യങ്ങളും ബാക്കി വെക്കാറുണ്ട്.

വിശുദ്ധ ഖുര്‍ആൻ കടലിനെ സത്യം ചെയ്ത് പറയുന്നത് കാണുക:

وَٱلْبَحْرِ ٱلْمَسْجُورِ

നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം. (ഖു൪ആന്‍:52/6)

അതായത് : വെള്ളം നിറഞ്ഞുനില്‍ക്കുന്നത്. അല്ലാഹു കടലിനെ നിറക്കുകയും എന്നാല്‍ വെള്ളം കരയിലേക്ക് ഒഴുകാതെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു; അതിന്റെ പ്രകൃതിയനുസരിച്ച് ഭൂമിയെ മൂടേണ്ട അവസ്ഥയുണ്ടായിട്ടും. എന്നാല്‍ അല്ലാഹുവിന്റെ യുക്തി അതിന്റെ ഒഴുക്കിനെ തടഞ്ഞ് നിര്‍ത്തുന്നതാണ്; ഭൂമിക്ക് മുകളില്‍ വ്യത്യസ്തങ്ങളായ ജീവജാലങ്ങള്‍ ജീവിക്കുന്നതിനുവേണ്ടി. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്റെ നന്മക്കും പുരോഗതിക്കും ഉപയുക്തമായ വിധത്തില്‍, അവന്റെ പ്രയത്നവും കഴിവുമനുസരിച്ച് ഉപയോഗപ്പെടുത്തത്തക്കവണ്ണം കടലിനെ അല്ലാഹു മനുഷ്യര്‍ക്ക് സൗകര്യപ്പെടുത്തി കൊടുത്തിരിക്കുന്നു. ഇതു അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള അതിമഹത്തായ ഒരു അനുഗ്രഹമത്രെ. അതേസമയത്ത് അവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിനും മഹത്വത്തിനും ധാരാളം ദൃഷ്ടാന്തങ്ങളും അവയില്‍ അടങ്ങിയിരിക്കുന്നു.

ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി. (ഖു൪ആന്‍:45/12)

وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ്‌. (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്‌.) (ഖു൪ആന്‍:16/14)

ഇന്നത്തെപ്പോലെ പരിഷ്കൃതങ്ങളായ യന്ത്രസാമഗ്രികളും, ജലവാഹനങ്ങളുമൊന്നുമില്ലാത്ത മുന്‍കാലം മുതല്‍ക്കുതന്നെ, സമുദ്രത്തില്‍ അല്ലാഹു നിക്ഷേപിച്ചുവെച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും, രത്നസമ്പത്തുക്കളും മനുഷ്യന്‍ ഉപയോഗപ്പെടുത്തിപ്പോന്നിട്ടുണ്ട്. കണ്ണെത്താത്ത, ആഴം കാണാത്ത സമുദ്ര ജലത്തെയും, മലകള്‍ കണക്കെയുള്ള തിരമാലകളെയും ശക്തിയായി ആഞ്ഞടിക്കുന്ന കാറ്റുകളെയും ഇടവും വലവുമാക്കി പിളര്‍ന്നുകൊണ്ടു മുന്നോട്ടു കുതിച്ചുപായുന്ന കപ്പലുകള്‍വഴി, ഒരു നാട്ടില്‍ നിന്നു മറ്റൊരു നാട്ടിലേക്കും, ഒരു വന്‍കരയില്‍ നിന്നു മറ്റൊരു വന്‍കരയിലേക്കും വിവിധ ആവശ്യാര്‍ത്ഥം മനുഷ്യന്‍ സദാ വന്നും പോയുംകൊണ്ടിരിക്കുന്നു. നൂഹ് (عليه الصلاة والسلام) നബിയുടെ കാലം മുതല്‍ ആരംഭിച്ച ഈ ഏര്‍പ്പാടു അനുദിനം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതെല്ലാം സജ്ജമാക്കിത്തരുകയും, അതിനുവേണ്ടുന്ന സാഹചര്യങ്ങള്‍ ശരിപ്പെടുത്തിത്തരുകയും ചെയ്തതിന്റെ പേരില്‍ മനുഷ്യര്‍ സദാ അല്ലാഹുവിനോടു നന്ദികാണിക്കുവാന്‍ കടപ്പെട്ടവരാണു എന്നു അവസാനത്തെ വാക്യത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. (അമാനി തഫ്സീര്‍)

أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَتِ ٱللَّهِ لِيُرِيَكُم مِّنْ ءَايَٰتِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ

കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ? അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്‌. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:31/31)

കടലില്‍ ഉപ്പുജലവും ശുദ്ധജലവും ഉണ്ടെന്നും എന്നാല്‍ അവ കൂടിക്കലരാതെ വേര്‍തിരിഞ്ഞ് നില്‍ക്കുന്നുവെന്നും  അല്ലാഹു പറയുന്നുണ്ട്.

مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ‎﴿١٩﴾‏ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ ‎﴿٢٠﴾

രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌. (ഖു൪ആന്‍:55/19-20)

1400 ൽ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിച്ച വിശുദ്ധ ക്വുര്‍ആനില്‍ കടലിലെ അന്ധകാരങ്ങളെ കുറിച്ചും അവിടെയുള്ള ജീവികളെ കുറിച്ചും ചില സൂചനകള്‍ കാണാം. അവ പരിശോധിക്കാം:

وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ

ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം! നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. (ഖുർആൻ:21/87)

قال ابن مسعود : ظلمة بطن الحوت ، وظلمة البحر ، وظلمة الليل .

 ഇബ്‌നു മസ്ഊദ് رضي الله عنه പറഞ്ഞു: മല്‍സ്യത്തിന്റെ വയറ്റിലെ ഇരുട്ടും കടലിലെ ഇരുട്ടും രാത്രിയുടെ ഇരുട്ടും. (ഇബ്‌നു കഥീര്‍)

قال ابن مسعود ، وابن عباس وغيرهما : وذلك أنه ذهب به الحوت في البحار يشقها ، حتى انتهى به إلى قرار البحر ، ……..

ഇബ്‌നു മസ്ഊദ്, ഇബ്‌നു അബ്ബാസ്  رضي الله عنهما എന്നിവരും മറ്റ് ചിലരും പറയുന്നു: ‘ആ മത്സ്യം അദ്ദേഹത്തെയും കൊണ്ട് കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോയി’ …….. (ഇബ്‌നു കഥീര്‍)

വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിച്ച താഴെ പറയുന്ന ഉപമയിലും ആഴക്കടലിൽ ഇരുട്ടുകളുണ്ടെന്ന സൂചന നൽകുന്നുണ്ട്.

أَوْ كَظُلُمَٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَٰتُۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ

അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. (ഖു൪ആന്‍ :24/40)

ഈ വചനത്തില്‍ ആഴക്കടലില്‍ കൂരാകൂരിരുട്ടാണെന്നാണ് അല്ലാഹു പറയുന്നതെന്നത് ശ്രദ്ധേയമാണ്. കടലിന് അഗാധമായ ആഴമുണ്ടെന്നും വ്യക്തം. എന്നാല്‍ അതാകട്ടെ മനുഷ്യര്‍ മനസ്സിലാക്കിയത് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് യാത്ര തുടങ്ങിയ ശേഷവും. മനുഷ്യർ സമുദ്രശാസ്ത്രം പഠിച്ചുതുടങ്ങുന്നതിനു മുമ്പുതന്നെ, സമുദ്രാന്തർഭാഗത്തെ ഇരുട്ടിനെ കുറിച്ചും ഭീകരതയെ കുറിച്ചും ക്വുർആൻ വെളിപ്പടുത്തിയിട്ടുണ്ടെന്ന് ചുരുക്കം.

ഈ കടൽ അന്ത്യനാളിന് മുന്നോടിയായി തകര്‍ക്കപ്പെടും.

وَإِذَا ٱلْبِحَارُ سُجِّرَتْ

സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍, (ഖു൪ആന്‍ :81/6)

وَإِذَا ٱلْبِحَارُ فُجِّرَتْ

സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. (ഖു൪ആന്‍ :82/3)

ഈ കടലിനെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹൻ.

أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَٰلَهَآ أَنْهَٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല. (ഖുര്‍ആൻ:27/61)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *