ഉമ്മയാണെ സത്യം, വാപ്പയാണെ സത്യം, ബദ്‌രീങ്ങളാണെ സത്യം, മുഹ്യുദ്ധീൻ ശൈഖാണെ സത്യം, റസൂലാണെ സത്യം ഞാനത് ചെയ്തിട്ടില്ല, ഞാനത് എടുത്തിട്ടില്ല എന്നിങ്ങനെ അല്ലാഹു അല്ലാത്തവരെ പിടിച്ച് സത്യം ചെയ്യുന്ന സമ്പ്രദായം മുസ്‌ലിംകളിൽ ധാരാളമാണ്. ഇതിന്റെ ഇസ്ലാമിക വിധി എന്താണ്?
സത്യം ചെയ്യുന്ന വിഷയത്തില്‍ ഒന്നാമതായി മനസ്സിലാക്കേണ്ടത് എന്തിനും ഏതിനും സത്യം ചെയ്യുന്നത് ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല എന്നുള്ളതാണ്.അല്ലാഹു പറയുന്നു:
وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ
അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്. (ഖു൪ആന്‍:68/10)
സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യുന്ന പതിവ് കളവ് പറയുന്നവരുടെ ലക്ഷണമാകുന്നു. നേരായ കാര്യത്തില്‍പോലും അത്യാവശ്യഘട്ടത്തിലല്ലാതെ സത്യം ചെയ്യുന്നത് നന്നല്ല. അധികമായി സത്യം ചെയ്‌വാന്‍ മുതിരുന്നവരുടെ ഉദ്ദേശ്യം തങ്ങള്‍ പറയുന്ന കാര്യം ശ്രോതാവിനെക്കൊണ്ട് വിശ്വസിപ്പിക്കലായിരിക്കുമല്ലോ. തങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്ക് വിശ്വാസമില്ലെന്ന് അവര്‍ക്കുതന്നെ തോന്നിയിട്ടുണ്ടെനാണ് ഇതിന്‍റെ അര്‍ഥം.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 68/10 ന്റെ വിശദീകരണം)
قال الشيخ ابن عثيمين رحمه الله:كثرة الحلف بالله يدل على أنه ليس في قلب الحالف من تعظيم الله ما يقتضي هيبة الحلف بالله وتعظيم الله تعالى من تمام التوحيد
ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: അല്ലാഹുവിന്റെ പേരിൽ ധാരാളമായി സത്യം ചെയ്യുന്നത് സത്യം ചെയ്യുന്ന വ്യക്തിയിൽ തൗഹീദിനെ കുറിച്ചോ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുന്ന വിഷയത്തിലോ മനസ്സിൽ യാതൊരു ഗൗരവവും ഇല്ല എന്നതാണ് അറിയിക്കുന്നത്. (القول المفيد 219/3)
രണ്ടാമതായി മനസ്സിലാക്കേണ്ടത് എപ്പോഴെങ്കിലും സത്യം ചെയ്യേണ്ടി വരികയാണെങ്കില്‍ അത് അല്ലാഹുവിന്റെ പേരില്‍ മാത്രം സത്യം ചെയ്യുക എന്നുള്ളതാണ്. അല്ലാഹുവാണ് സത്യം (والله ) എന്ന് പറയുക.
عَنِ ابْنِ عُمَرَ ـ رضى الله عنهما أَنَّهُ أَدْرَكَ عُمَرَ بْنَ الْخَطَّابِ فِي رَكْبٍ وَهْوَ يَحْلِفُ بِأَبِيهِ، فَنَادَاهُمْ رَسُولُ اللَّهِ صلى الله عليه وسلم أَلاَ إِنَّ اللَّهَ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ، فَمَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ، وَإِلاَّ فَلْيَصْمُتْ ”
ഇബ്‌നുഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ പിതാക്കളെകൊണ്ട് സത്യം ചെയ്യൽ അല്ലാഹു ﷻ വിരോധിച്ചിരിക്കുന്നു. ആരെങ്കിലും സത്യം ചെയ്യുന്ന പക്ഷം അവൻ അല്ലാഹു ﷻ വിനെ കൊണ്ട് സത്യം ചെയ്യട്ടെ. ഇല്ലെങ്കിൽ മൗനം പാലിക്കട്ടെ. (ബുഖാരി: 6108)
عَنْ عَبْدِ، الرَّحْمَنِ بْنِ سَمُرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَحْلِفُوا بِالطَّوَاغِي وَلاَ بِآبَائِكُمْ
അബ്ദുറഹ്മാനുബ്നു സമുറ رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബിംബങ്ങളെക്കൊണ്ടോ സ്വന്തം പിതാക്കളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം:1648)
അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍ അല്ലാഹു വിരോധിച്ചിട്ടുള്ളതാണ്. ആരെങ്കിലും അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍ ശി൪ക്കും കുഫ്റുമാണെന്ന സത്യം ഗൌരവപൂ൪വ്വം തിരിച്ചറിയുക.
عَنِ ابْنِ عُمَرَ ، قَالَ : كَانَ عُمَرُ يَحْلِفُ وَأَبِي فَنَهَاهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ : مَنْ حَلَفَ بِشَيْءٍ مِنْ دُونِ اللهِ فَقَدْ أَشْرَكَ
ഇബ്‌നുഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമർ رضى الله عنه പിതാവിനെ പിടിച്ചു സത്യം ചെയ്യാറുണ്ടായിരുന്നു. നബി ﷺ അത് നിരോധിച്ചു കൊണ്ട് പറഞ്ഞു: അല്ലാഹു അല്ലാതെ വല്ല വസ്തുക്കളേയും കൊണ്ട് വല്ലവനും സത്യം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക് ചെയ്തു. (മുസ്വന്നഫ് അബ്ദി റസാഖ്)
عَنِ ابْنِ عُمَرَ ، سَمِعَ رَجُلاً، يَقُولُ لاَ وَالْكَعْبَةِ . فَقَالَ ابْنُ عُمَرَ لاَ يُحْلَفُ بِغَيْرِ اللَّهِ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ
ഇബ്‌നുഉമർ رضى الله عنهما വിൽ നിന്ന് നിവേദനം:അദ്ദേഹം ഒരാൾ പറയുന്നത് കേട്ടു: അല്ല, കഅ്ബയാണ് സത്യം. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്. നിശ്ചയം അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്താൽ അവൻ അവിശ്വാസം പ്രവർത്തിച്ചു, അല്ലെങ്കിൽ ശിർക്ക് ചെയ്തു. (തിർമുദി:1535)
അല്ലാഹുവിന്റെ ചിഹ്നങ്ങൾ കൊണ്ടും അവൻ ആദരവ് നൽകിയ മഹാത്മാക്കളെക്കൊണ്ടും സത്യം ചെയ്യുന്നതും മേല്‍ പറഞ്ഞ തെളിവുകൾ പ്രകാരം തെറ്റാണെന്ന് വ്യക്തമാണ്.
മറ്റൊന്നിനെ മുന്‍നിറുത്തി സത്യം ചെയ്യുമ്പോള്‍, അല്ലാഹുവിനെപ്പോലെ ശക്തിയും സ്ഥാനവും സത്യം ചെയ്യപ്പെട്ട വസ്തുവിന് കിട്ടുന്നു. അതുകൊണ്ടാണ് അല്ലാഹുവല്ലാത്ത മറ്റെന്തിന്റെയെങ്കിലും പേരില്‍ സത്യം ചെയ്യുന്നത് ശിര്‍ക്ക് ആകുന്നത്. അതോടൊപ്പം അല്ലാഹുവിനോടുള്ള ധിക്കാരവുമായതുകൊണ്ടാണ് അത് കുഫ്‌റാണെന്ന് പറയുന്നത്. മാത്രമല്ല, അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നവന്‍ യഥാ൪ത്ഥത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കഠിനമായി അവരെ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്തവന്‍ തന്റെ വിശ്വാസം പുതുക്കേണ്ടതുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ حَلَفَ مِنْكُمْ فَقَالَ فِي حَلِفِهِ بِاللاَّتِ وَالْعُزَّى. فَلْيَقُلْ لاَ إِلَهَ إِلاَّ اللَّهُ
അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങളില്‍ ആര് സത്യംചെയ്യുകയും അവന്റെ സത്യത്തില്‍ ലാത്തയെയും ഉസ്സയെയും പരാമര്‍ശിക്കുകയും ചെയ്താല്‍ അവന്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞുകൊള്ളട്ടെ. (ബുഖാരി:6107)
عَنْ مُصْعَبُ بْنُ سَعْدٍ، عَنْ أَبِيهِ، قَالَ حَلَفْتُ بِاللاَّتِ وَالْعُزَّى فَقَالَ لِي أَصْحَابِي بِئْسَ مَا قُلْتَ قُلْتَ هُجْرًا . فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَذَكَرْتُ ذَلِكَ لَهُ فَقَالَ “ قُلْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ وَانْفُثْ عَنْ يَسَارِكَ ثَلاَثًا وَتَعَوَّذْ بِاللَّهِ مِنَ الشَّيْطَانِ ثُمَّ لاَ تَعُدْ ” .
മുസ്വ്അബു ബ്നു സഅ്ദ് رضى الله عنه തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: ഞാന്‍ ലാത്തയെയും ഉസ്സയെയും കൊണ്ട് സത്യംചെയ്തു. അദ്ദേഹം പറയുന്നു: അപ്പോള്‍ എന്റെ കൂട്ടുകാ൪ അതിനെ കുറിച്ച് പറഞ്ഞു: താങ്കള്‍ എത്ര മോശകരമായ അസുഖകരമായ കാര്യമാണ് ചെയ്തത്, അങ്ങനെ ഞാന്‍ നബിﷺയുടെ അടുക്കെത്തി അതിനെ സംബന്ധിച്ച് അദ്ദേഹം ചോദിച്ചു. നബിﷺ പറഞ്ഞു: നീ പറയുക:അല്ലാഹു അല്ലാതെ വേറെ ആരാദ്ധ്യനില്ല, അവന്‍ ഏകനാണ്, അവന് പങ്കുകാരില്ല, അവനാണ് അധികാരം, അവനാണ് സര്‍വ സ്തുതികളും, അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. ഇടത്തേക്ക് മൂന്ന് വട്ടം തുപ്പുകയും പിശാചില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടുകയും ചെയ്യുക, ഇനി നീ ഇത് ആവര്‍ത്തിക്കുകയും അരുത്. (നസാഈ:3777)
വാസ്തവമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നതിനേക്കാള്‍ നല്ലത് അല്ലാഹുവിന്റെ പേരില്‍ കള്ളസത്യം ചെയ്യുന്നതാണെന്നുവരെ സലഫുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നതിന്റെ ഗൌരവമാണ് ഇത് സൂചിപ്പിക്കുന്നത്.
عن عبد الله بن مسعود رضي الله عنه قال: لأَنْ أَحْلِفَ بِاَللَّهِ كَاذِبًا أَحَبُّ إلَيَّ مِنْ أَنْ أَحْلِفَ بِغَيْرِهِ وَأَنَا صَادِقٌ
ഇബ്നു മസ്ഊദ് رضى الله عنه പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ പേരിൽ കള്ള സത്യം ചെയ്യലാണ് അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യസന്ധമായി സത്യം ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം. (മുസ്വന്നഫ് ഇബ്നു അബീശൈബ:12414)
ഇത് വിശദീകരിച്ച് കൊണ്ട് ശൈഖ് അബ്ദുറസാഖ് അൽ ബദർ رحمه الله പറഞ്ഞു: അദ്ദേഹത്തിന്റെ വാചകത്തെ കുറിച്ച് ശരിക്ക് ചിന്തിക്കുകയും, ‘ഒരു താരതമ്യം നടത്തുകയും ചെയ്താൽ നിനക്ക് അദ്ദേഹത്തിന്റെ ഉദ്ദേശം മനസ്സിലാക്കാൻ കഴിയും. അല്ലാഹുവിൽ കള്ളസത്യം ചെയ്യുന്നവനിൽ രണ്ട് കാര്യങ്ങളുണ്ട്: ഒരു നന്മയും ഒരു തിന്മയും, തൗഹീദിന്റെ നന്മയും കളവിന്റെ തിന്മയും. രണ്ടാമത്തെ സത്യം ചെയ്യലിലും ഒരു നന്മയും ഒരു തിന്മയുമുണ്ട്: സത്യം പറഞ്ഞതിന്റെ നന്മയും, ശിർക്കിന്റെ തിന്മയും. സത്യം പറഞ്ഞതിന്റെ നന്മയേക്കാൾ വലുതാണ് തൗഹീദിന്റെ നന്മയെന്ന കാര്യത്തിലും കളവിന്റെ തിന്മയേക്കാൾ കഠിനവും ഗൗരവമുള്ളതുമാണ് ശിർക്കിന്റെ തിന്മയെന്ന കാര്യത്തിലും സംശയമില്ല. അപ്പോൾ ഒന്നാമത്തേതിൽ ഏറ്റവും ശ്രേഷ്ഠമായ നന്മ ലഭിക്കുകയും ഏറ്റവും കഠിനമായ തിന്മയെ ഒഴിവാക്കുകയും ചെയ്തു.
അല്ലാഹുവിന്‍റെ നാമങ്ങളാല്‍ മാത്രമേ നമുക്കു സത്യം ചെയ്തുകൂടൂ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന്‍ ഇഷ്ടപ്പെടുന്ന ഏതുകൊണ്ടും അവനു സത്യം ചെയ്യാവുന്നതാണ്. മലക്കുകള്‍, സൂര്യന്‍, ചന്ദ്രന്‍, രാത്രി, പകല്‍, കാലം ഇങ്ങിനെ പലതിന്‍റെ പേരിലും ഖുര്‍ആനില്‍ സത്യങ്ങള്‍ കാണാം. ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ നമ്മുടെ ചിന്തയും ശ്രദ്ധയും തട്ടി ഉണര്‍ത്തുന്നവയായിരിക്കും അവ. സത്യം ചെയ്തുകൊണ്ടു പ്രസ്താവിക്കുന്ന കാര്യത്തിന്‍റെ ദൃഢതയും, ഗൗരവവും വെളിപ്പെടുത്തുകയാണ് സത്യങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 37/1-5 ന്റെ വിശദീകരണം)
മൂന്നാമതായി, സല്‍ക്കാര്യങ്ങള്‍ ചെയ്യുന്നതിനും, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നതിനും, ജനങ്ങള്‍ക്കിടയില്‍ സന്ധിയാക്കുക മുതലായ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനും ഭംഗം വരുത്തത്തക്കവിധം അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യരുത്. അഥവാ, അങ്ങനെവല്ല സത്യവും ചെയ്തുപോയാല്‍, ആ സത്യത്തില്‍ നിന്ന് വിരമിക്കുകയും ആ നല്ലകാര്യം നിര്‍വഹിക്കുകയും ചെയ്യേണ്ടതാകുന്നു. അല്ലാഹുവിന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നത് അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തടസ്സമാകുവാന്‍ പാടില്ല.
وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
അല്ലാഹുവെ – അവന്റെപേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ – നന്‍മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/224)
عَنْ عَمْرِو بْنِ شُعَيْبٍ، بِإِسْنَادِهِ وَمَعْنَاهُ زَادَ : مَنْ حَلَفَ عَلَى مَعْصِيَةٍ فَلاَ يَمِينَ لَهُ وَمَنْ حَلَفَ عَلَى قَطِيعَةِ رَحِمٍ فَلاَ يَمِينَ لَهُ
അംറ് ബ്നു ശുഐബ് رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുമെന്ന് ആരെങ്കിലും സത്യം ചെയ്താൽ, അവന്റെ ശപഥം അസാധുവാണ്, ആരെങ്കിലും ബന്ധം വേർപെടുത്തുമെന്ന് സത്യം ചെയ്താൽ അവന്റെ ശപഥം അസാധുവാണ് (അതായത്, അവൻ അത് നിറവേറ്റാൻ പാടില്ല). (അബൂദാവൂദ്:2191)
عَنْ حَارِثَةَ بْنَ وَهْبٍ الْخُزَاعِيَّ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ “ أَلاَ أُخْبِرُكُمْ بِأَهْلِ الْجَنَّةِ كُلُّ ضَعِيفٍ مُتَضَعِّفٍ لَوْ أَقْسَمَ عَلَى اللَّهِ لأَبَرَّهُ، أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ كُلُّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ ”.
ഹാരിഥത്ത്ബ്നുവഹബുൽഖുസാഈ رضى الله عنه പറയുന്നു; നബി ﷺപറയുന്നത് ഞാൻ കേട്ടു; സ്വർഗ്ഗക്കാരെ സംബന്ധിച്ച് നിങ്ങൾക്ക് ഞാൻ പറഞ്ഞുതരട്ടെയോ? വിനയമുള്ള ദുർബ്ബലരാണവർ. അവർ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തുപറഞ്ഞാൽ അവരത് നിറവേറ്റും. നരകാവകാശികളെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? ക്രൂരനും, അനാവശ്യമായി ഒച്ചവെക്കുന്നവനും അഹങ്കാരിയുമാണ്. (ബുഖാരി:4918)
നാലാമതായി, മനഃപൂര്‍വ്വമല്ലാതെ, നാവിലൂടെ വന്നുപോകുന്ന സത്യവാ ക്യങ്ങളെ സംബന്ധിച്ചോ, സത്യം ചെയ്യുമ്പോള്‍ ഉദ്ദേശ്യപൂര്‍വ്വമല്ലാതെ വന്നുവശാകുന്ന അബദ്ധവാക്കുകളെപ്പറ്റിയോ അല്ലാഹു ശിക്ഷാ നടപടി എടുക്കുകയില്ല. മനസ്സറിഞ്ഞുകൊണ്ട് ഉദ്ദേശ്യപൂര്‍വ്വം ചെയ്യുന്ന സത്യങ്ങളെ സംബന്ധിച്ചാണ് നടപടി എടുക്കുക.
لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَٱللَّهُ غَفُورٌ حَلِيمٌ
(ബോധപൂര്‍വ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നിങ്ങള്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചതിന്റെപേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:2/225)
സംസാരമദ്ധ്യേ ചിലേപ്പാള്‍ – അശ്രദ്ധ, വികാരം മുതലായ കാരണങ്ങളാല്‍ – മനസ്സറിയാതെ വല്ല വാക്കുകളും വന്നുപോയേക്കും. ചില വ്യക്തികളുടെയും, ചില ഭാഷക്കാരുടെയും സംസാരങ്ങളില്‍ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ‘അല്ലാഹുവിനെത്തലതന്നെയാണ് ‘ എന്നിങ്ങനെയുള്ള സത്യവാക്യങ്ങളുടെ പ്രയോഗങ്ങള്‍ സുലഭമായിരിക്കും. ചിലപ്പോള്‍, ഒരാള്‍ അയാളുടെ അറിവിനെ അടിസ്ഥാനമാക്കി ഇന്നകാര്യം ഇന്നപോലെ എന്ന് സത്യം ചെയ്തുപറഞ്ഞേ ക്കും. വാസ്തവം അതായിരിക്കുകയില്ല. ഇത്തരം സത്യങ്ങളുടയൊഥാര്‍ത്ഥനില എന്താണെന്നാണ് അല്ലാഹു ഈ ആയത്തിലൂടെ വിവരിച്ചു തരുന്നത്.
അഞ്ചാമതായി, സത്യലംഘനത്തിന് പ്രായശ്ചിത്തമുണ്ട്. ഇന്നപ്രകാരം ചെയ്തുകൊള്ളാം, അല്ലെങ്കില്‍ ചെയ്യുകയില്ല എന്ന് ഒരാള്‍ സത്യം ചെയ്തു പറഞ്ഞാല്‍, അത് നിറവേറ്റല്‍ അയാളുടെ കടമയായിത്തീരുന്നു. എങ്കിലും ആ സത്യം മൂലം വല്ല സല്‍ക്കാര്യത്തിനും തടസ്സം നേരിടുന്ന പക്ഷം, പ്രായശ്ചിത്തം (كفارة) നല്‍കണം.
عَنْ عَبْدِ الرَّحْمَنِ بْنِ سَمُرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم …. وَإِذَا حَلَفْتَ عَلَى يَمِينٍ فَرَأَيْتَ غَيْرَهَا خَيْرًا مِنْهَا، فَأْتِ الَّذِي هُوَ خَيْرٌ، وَكَفِّرْ عَنْ يَمِينِكَ
അബ്ദുറഹ്മാൻ ബിൻ സമൂറ رضى الله عنه വില്‍ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ….. നീ ഒരു വിഷയത്തിൽ സത്യം ചെയ്തു പിന്നീട് അതിനേക്കാൾ മെച്ചപ്പെട്ടത് കാണുകയും ചെയ്താൽ കൂടുതൽ നല്ലത് ചെയ്യുകയും സത്യത്തിന്റെ പേരിൽ പ്രായശ്ചിത്തം ചെയ്യുകയും വേണ്ടതാണ്. (ബുഖാരി: 6723)
സത്യം ലംഘിക്കുന്നതിന്ന് ചെയ്യേണ്ടുന്ന പ്രായശ്ചിത്തം (كفارة) പത്ത് സാധുക്കള്‍ക്ക് ഭക്ഷണമോ, വസ്ത്രമോ കൊടുക്കുക, അല്ലെങ്കില്‍ ഒരു അടിമയെ സ്വതന്ത്രമാക്കി വിടുക, അതിന് കഴിയാത്തപക്ഷം മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക ഇവയാകുന്നു.
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ
ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖു൪ആന്‍:5/89)
وَٱحْفَظُوٓا۟ أَيْمَٰنَكُمْ (നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളു) എന്ന വാക്യം ശ്രദ്ധേയമാണ്. അത്യാവശ്യ സന്ദര്‍ഭം നേരിടുമ്പോള്‍ മാത്രം സത്യം ചെയ്യുക, ഏതെങ്കിലും തിന്മക്ക് കാരണമാകുന്ന വിധത്തിലോ, നന്മക്ക് തടസ്സം നേരിടാവുന്ന വിധത്തിലോ സത്യം ചെയ്യാതിരിക്കുക, സത്യം ചെയ്തശേഷം അതിനെ അവഗണിക്കാതെ കര്‍ശനമായി പാലിക്കുക, ലംഘിച്ചു പോയെങ്കില്‍ ഉടനടി പ്രായശ്ചിത്തം നിറവേറ്റുക എന്നിവയെല്ലാം ഈ വാക്യത്തിൽ ഉൾപ്പെടുന്നു.
kanzululoom.com