സത്യം ചെയ്യലിലെ ഇസ്ലാമിക വിധി

നിർവചനം

അല്ലാഹുവിന്റെ നാമങ്ങളോ വിശേഷണങ്ങളോ മുൻനിർത്തി എന്തെങ്കിലുമൊരു വിഷയം ഉറപ്പിച്ചു പറയുന്നതിനാണ് സത്യം ചെയ്യുക എന്നു പറയുന്നത്

എപ്പോഴാണ് സത്യം ചെയ്‌തവനായി മാറുക?

അല്ലാഹുവിനെ കൊണ്ടോ അവൻ്റെ നാമങ്ങളോ വിശേഷണങ്ങളോ കൊണ്ടോ ശപഥം ചെയ്യുമ്പോൾ മാത്രമെ സത്യം ചെയ്തതായി ഗണിക്കപ്പെടുകയുള്ളൂ.

عَنِ ابْنِ عُمَرَ ـ رضى الله عنهما أَنَّهُ أَدْرَكَ عُمَرَ بْنَ الْخَطَّابِ فِي رَكْبٍ وَهْوَ يَحْلِفُ بِأَبِيهِ، فَنَادَاهُمْ رَسُولُ اللَّهِ صلى الله عليه وسلم ‌‏ أَلاَ إِنَّ اللَّهَ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ، فَمَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ، وَإِلاَّ فَلْيَصْمُتْ ‏”

അബ്ദുല്ലാഹിബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം:  ഒരു യാത്രാവേളയിൽ ‘എന്റെ പിതാവു തന്നെ സത്യം’ എന്നു പറഞ്ഞു കൊണ്ട് ഉമർ رضى الله عنه സത്യം ചെയ്യുന്നത് നബി ﷺ  കേൾക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ പിതാക്കളെ വിളിച്ച് സത്യം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. ആരെങ്കിലും സത്യം ചെയ്യുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അല്ലാഹുവിനെ കൊണ്ട് മാത്രം സത്യം ചെയ്യട്ടെ. അതല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ. (ബുഖാരി, മുസ്ല‌ിം. അബുദാവൂദ്)

عَنْ أَنَسِ بْنِ مَالِكٍ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏”‏ لاَ تَزَالُ جَهَنَّمُ يُلْقَى فِيهَا وَتَقُولُ هَلْ مِنْ مَزِيدٍ حَتَّى يَضَعَ رَبُّ الْعِزَّةِ فِيهَا قَدَمَهُ فَيَنْزَوِي بَعْضُهَا إِلَى بَعْضٍ وَتَقُولُ قَطْ قَطْ بِعِزَّتِكَ وَكَرَمِكَ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകം, അതിൽ മഹോന്നതനായ അല്ലാഹു തൻ്റെ വിശുദ്ധ പാദങ്ങൾ വെക്കുന്നതുവരെ ‘ഇനിയും – ആളുകളുണ്ടോ?’ എന്നിങ്ങനെ വിളിച്ചു ചോദിച്ചു കൊണ്ടേയിരിക്കും. അവൻ കാലുകൾ വെക്കുന്നതോടെ നിൻ്റെ പ്രതാപം തന്നെയാണ് സത്യം, എനിക്കു മതിയായി’ എന്ന് അത് പറയുകയും പരസ്‌പരം കത്തിയമരുക യും ചെയ്യും. (ബുഖാരി, മുസ്‌ലിം, തിർമുദി).

അല്ലാഹുവിനെക്കൊണ്ടല്ലാതെ സത്യം ചെയ്യുന്നത് ശിർക്കാകുന്നു

عَنِ ابْنِ عُمَرَ ، سَمِعَ رَجُلاً، يَقُولُ لاَ وَالْكَعْبَةِ ‏.‏ فَقَالَ ابْنُ عُمَرَ لاَ يُحْلَفُ بِغَيْرِ اللَّهِ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ

അബ്ദുല്ലാഹിബ്നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: ഒരാൾ കഅ്ബയെ പിടിച്ച് സത്യം ചെയ്യുന്നത് അദ്ദേഹം കേൾക്കാനിടയായി. അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹു അല്ലാത്തവരെ പിടിച്ച് സത്യം ചെയ്യാവുന്നതല്ല. കാരണം, നബി ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: ആരെങ്കിലും അല്ലാഹുവിനെയല്ലാതെ വിളിച്ച് സത്യം ചെയ്‌താൽ അയാൾ കുഫ്‌റോ ശിർക്കോ ചെയ്‌തവനായി മാറി. (തിർമുദി)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ حَلَفَ مِنْكُمْ فَقَالَ فِي حَلِفِهِ بِاللاَّتِ وَالْعُزَّى‏.‏ فَلْيَقُلْ لاَ إِلَهَ إِلاَّ اللَّهُ‏.‏ وَمَنْ قَالَ لِصَاحِبِهِ تَعَالَ أُقَامِرْكَ‏.‏ فَلْيَتَصَدَّقْ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലാരെങ്കിലും സത്യം ചെയ്യുകയും ‘ലാത്തയാണ് സത്യം’, ‘ഉസ്സയാണ് സത്യം’ എന്നിങ്ങനെ പറയുകയും ചെയ്ത‌ാൽ അയാൾ ‘ലാ ഇലാഹ ഇല്ലല്ലാഹു'(അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്നു പറയട്ടെ. ആരെങ്കിലും തൻ്റെ കൂട്ടുകാരനോട് ‘നീ വരൂ, നമുക്ക് ചൂതു കളിക്കാം’ എന്നു പറഞ്ഞാൽ അയാൾ (വല്ലതും) സ്വദക്വ ചെയ്യട്ടെ. (ബുഖാരി, മു സ്‌ലിം, നസാഈ, തിർമുദി).

ചിലയാളുകൾ അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യാതിരിക്കാൻ ന്യായമായി പറയാറുള്ളത് അവർ പറയുന്നത് കളവാണെന്ന് ഭയപ്പെടുന്നുവെന്നതിനാലാണ്. ഈ ആയത്തും അവർ പറയാറുള്ളതാണ്.

وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ

അല്ലാഹുവെ – അവന്റെപേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ – നന്‍മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്‌.  (ഖു൪ആന്‍:2/224)

قال عبد الله بن مسعود رضي الله عنه: لأن أحلف بالله كاذبًا، أَحَبُّ إليَّ من أن أحلف بغيره وأنا صادق

അബ്‌ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറയുന്നു: അല്ലാഹുവിനെ പിടിച്ച് കള്ളസത്യം ചെയ്യലാണ് അവനല്ലാത്തവരെ പിടിച്ച് സത്യം ചെയ്യുന്നതിനെക്കാൾ എനിക്കിഷ്‌ടം (ത്വബ്റാനി).

ആയത്തിന്റെ വിവക്ഷയാകട്ടെ, ഇമാം ഇബ്നു കഥീർ رحمه الله ഇബ്‌നു അബ്ബാസ് رضي الله عنه വിൽ നിന്ന് റിപ്പോർട്ടു ചെയ്തതുപോലെ, അല്ലാഹുവിനെ പിടിച്ചുള്ള നിങ്ങളുടെ സത്യം പുണ്യം ചെയ്യുന്നതിനുള്ള ഒരു തടസ്സമായി നിങ്ങൾ കാണരുത് (അൽബക്വറ 224) എന്നതാണ്. (266/1).

അനിസ്‌ലാമിക ആദർശം സ്വീകരിക്കാമെന്ന് ആരെങ്കിലും സത്യം ചെയ്‌താൽ

ഥാബിഥ്  ദ്വഹ്ഹാക്ക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അനിസ്‌ലാമിക ആദർശം സ്വീകരിക്കാമെന്ന് ആരെങ്കിലും കരുതിക്കൂട്ടി കള്ളസത്യം ചെയ്‌താൽ അവൻ പറഞ്ഞതു പോലെത്തന്നെയാണ് അവന്റെ കാര്യം. (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്).

അബൂ മൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ ഇസ്‌ലാം മതത്തിൽ നിന്ന് ഒഴിവാകുന്നുവെന്ന് ആരെങ്കിലും കള്ളം പറഞ്ഞാൽ അവൻ്റെ കാര്യം അവൻ പറഞ്ഞതു പോലെത്തന്നെയാണ്, അവൻ സത്യമാണ് പറഞ്ഞതെങ്കിൽ അവന് ഇസ‌്ലാമിലേക്ക് സുരക്ഷിതമായി തിരിച്ചുവരില്ല, തിരിച്ചുവരില്ല. (അബൂദാവൂദ്, ഇബ്‌നുമാജ).

അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്താൽ അതു സ്വീകരിക്കേണ്ടതാണ്

عَنِ ابْنِ عُمَرَ، قَالَ سَمِعَ النَّبِيُّ ـ صلى الله عليه وسلم ـ رَجُلاً يَحْلِفُ بِأَبِيهِ فَقَالَ ‏ “‏ لاَ تَحْلِفُوا بِآبَائِكُمْ مَنْ حَلَفَ بِاللَّهِ فَلْيَصْدُقْ وَمَنْ حُلِفَ لَهُ بِاللَّهِ فَلْيَرْضَ وَمَنْ لَمْ يَرْضَ بِاللَّهِ فَلَيْسَ مِنَ اللَّهِ ‏”‏ ‏.‏

അബ്‌ദുല്ലാഹിബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ‘എൻ്റെ പിതാവു തന്നെയാണ് സത്യം’ എന്നു പറഞ്ഞു കൊണ്ട് ശപഥം ചെയ്യുന്നത് നബി കേട്ടു. അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെ പിടിച്ച് ശപഥം ചെയ്യരുത്. ശപഥം ചെയ്യുന്നവർ സത്യം പറയുകയും അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്താൽ അതു സ്വീകരിക്കുകയും ചെയ്യട്ടെ, അല്ലാഹുവിനെ കൊണ്ടുള്ള ശപഥം തൃപ്‌തിപ്പെടാത്തവൻ അല്ലാഹുവിൽ നിന്നുള്ളവനല്ല. (ഇബ്നുമാജ)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ رَأَى عِيسَى ابْنُ مَرْيَمَ رَجُلاً يَسْرِقُ، فَقَالَ لَهُ أَسَرَقْتَ قَالَ كَلاَّ وَاللَّهِ الَّذِي لاَ إِلَهَ إِلاَّ هُوَ‏.‏ فَقَالَ عِيسَى آمَنْتُ بِاللَّهِ وَكَذَّبْتُ عَيْنِي ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ കോഴിമുട്ട മോഷ്‌ടിക്കുന്നത് ഈസാ നബി കാണുകയുണ്ടായി. അപ്പോൾ അവിടുന്ന് ചോദിച്ചു: നീ മോഷ്‌ടിക്കുകയാണോ?’ അവൻ പറഞ്ഞു: ‘ആരാധനക്കർഹനായി മറ്റാരുമില്ലാത്ത അല്ലാഹു തന്നെ സത്യം, ഞാൻ മോഷ്‌ടിച്ചിട്ടില്ല.’ അപ്പോൾ ഈസാ നബി പറഞ്ഞു: ‘എന്നാൽ ഞാൻ അല്ലാഹുവിൽ വിശ്വസിക്കുകയും എൻ്റെ കണ്ണുകളെ കളവാക്കുകയും ചെയ്തിരിക്കുന്നു. (ബുഖാരി, മുസ്‌ലിം, ഇബ്നു‌മാജ).

സത്യത്തിന്റെ ഇനങ്ങൾ

1. ഉദ്ദേശ്യത്തോടെയുള്ളതല്ലാത്ത സത്യവാചകങ്ങൾ.

2. കള്ളസത്യം.

3.ശരിയായ സത്യം.

1. ഉദ്ദേശ്യത്തോടെയുള്ളതല്ലാത്ത സത്യവാചക ങ്ങളുടെ വിധി

ശപഥം ചെയ്യുകയാണെന്ന ഉദ്ദേശ്യത്തോടെയല്ലാത്ത സത്യവാചകങ്ങൾ ഉപയോഗിക്കുന്നതിനാണ് ‘നിരർഥകമായ സത്യം’ എന്നു പറയുന്നത്.

‘വല്ലാഹി, നീ ഈ ഭക്ഷണം തിന്നേ പറ്റൂ, ഇതു കുടിച്ചേ പറ്റൂ’ തുടങ്ങിയ വാചകങ്ങൾ അതിന് ഉദാരണമാണ്.

ഇത്തരം സത്യങ്ങൾ മുഖേന അതു പറഞ്ഞയാൾ അതു പൂർത്തിയാക്കേണ്ടതോ പൂർത്തിയാക്കാതിരുന്നാൽ പരിഹാരമായി എന്തെങ്കിലും നൽകുകയോ വേണ്ടതില്ല. അല്ലാഹു പറയുന്നു:

لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ

ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌.  (ഖു൪ആന്‍:5/89)

عَنْ عَائِشَةَ ـ رضى الله عنها ‏{‏لاَ يُؤَاخِذُكُمُ اللَّهُ بِاللَّغْوِ‏}‏ قَالَ قَالَتْ أُنْزِلَتْ فِي قَوْلِهِ لاَ، وَاللَّهِ بَلَى وَاللَّهِ‏.‏

ആഇശ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അതുകൊണ്ട് ഉദ്ദേശിക്കുന്നത് വീട്ടിൽവെച്ച് ‘അല്ലാഹു തന്നെ സത്യം, അങ്ങനെയല്ല’, ‘അല്ലാഹുവാണ് സത്യം’ എന്നൊക്കെ ആളുകൾ സാധാരണയായി പറയുന്നതിനെ കുറിച്ചാണ്. (ബുഖാരി, അബൂദാവൂദ്).

2. കള്ളസത്യം

അന്യായമായി മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുക്കുവാനോ വഞ്ചിക്കുവാനോ ചെയ്യുന്ന ശപഥങ്ങൾക്ക് ‘അൽയമീനുൽ ഗ്വമൂസ്’ എന്ന് പറയുന്നു. അത്തരത്തിലുള്ള സത്യം അതു ചെയ്യുന്നവനെ നരകത്തിൽ മുക്കിക്കളയുമെന്നതിനാലാണ് അതിന് ഗ്വമൂസ് (മുക്കുക) എന്ന് പറയുന്നത്. അത് വൻപാപങ്ങളിൽ പെട്ടതാണ്. അതിന് പരിഹാരമായി ഒന്നും ചെയ്യുവാനുമില്ല. അല്ലാഹു പറയുന്നു:

وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ

എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. (ഖു൪ആന്‍:5/89)

യഥാർഥത്തിൽ ആ രൂപത്തിൽ പറയുന്ന കളവുകൾക്ക് സത്യവാചകങ്ങൾ എന്നു പറയുവാൻ പറ്റുകയോ അതു ശപഥമാവുകയോ ചെയ്യുകയില്ല, കാരണം അവയിലൊന്നും യാതൊരു നൻമയുമില്ല എന്നതു തന്നെ.

وَلَا تَتَّخِذُوٓا۟ أَيْمَٰنَكُمْ دَخَلَۢا بَيْنَكُمْ فَتَزِلَّ قَدَمُۢ بَعْدَ ثُبُوتِهَا وَتَذُوقُوا۟ ٱلسُّوٓءَ بِمَا صَدَدتُّمْ عَن سَبِيلِ ٱللَّهِ ۖ وَلَكُمْ عَذَابٌ عَظِيمٌ

നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയരുത്‌. (ഇസ്ലാമില്‍) നില്‍പുറച്ചതിന് ശേഷം പാദം ഇടറിപോകാനും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തടഞ്ഞതു നിമിത്തം നിങ്ങള്‍ കെടുതി അനുഭവിക്കാനും അത് കാരണമായിത്തീരും. നിങ്ങള്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:16/94)

ത്വബ്‌രി പറയുന്നു: നിങ്ങൾ കരാറുകൾ നിറവേറ്റുന്നതിനു വേണ്ടി ചെയ്യുന്ന ശപഥ വാക്കുകളെ പരസ്‌പരം ചതിപ്രയോഗത്തിനുള്ളതാക്കി മാറ്റരുത്. ആളുകൾ നിങ്ങളെ വിശ്വാസത്തിലെടുക്കുവാൻ വേണ്ടി നിങ്ങൾ അത്തരത്തിൽ ശപഥം ചെയ്യുന്നത് മഹാപാപമാകുന്നു. (ത്വബ്‌രി 166/14)

അബ്‌ദുല്ലാഹിബ്‌നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ, മാതാപിതാക്കളെ ഉപദ്രവിക്കൽ, (ന്യായമായ കാരണം കൂടാതെയുള്ള) മനുഷ്യവധം, കള്ളസത്യം എന്നിവ വൻപാപങ്ങളാകുന്നു. (ബുഖരി, നസാഈ).

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അഞ്ച് പാപങ്ങൾക്ക് പരിഹാരമില്ല; അല്ലാഹുവിൽ പങ്കുചേർക്കൽ, ന്യായമായ കാരണം കൂടാതെയുള്ള മനുഷ്യവധം, വിശ്വാസിയുടെ ധനം കൊള്ളയടിക്കൽ, യുദ്ധ മുന്നണിയിൽ നിന്ന് പിന്തിരിഞ്ഞോടൽ, അന്യരുടെ സ്വത്ത് അന്യായമായി തട്ടിയെടുക്കാൻ ചെയ്യുന്ന കള്ളസത്യങ്ങൾ. (അഹ്‌മദ്, അൽജാമിഉസ്സഗീർ)

3. ശരിയായ ശപഥങ്ങളും നിയമങ്ങളും

ഏതെങ്കിലും ഒരു കാര്യം ചെയ്യാമെന്നോ ഉപേക്ഷിക്കാമെന്നോ പറയുന്നതിൻ്റെ വിശ്വാസ്യത ഉറപ്പുവരു ത്തുവാനായി ഒരാൾ ചെയ്യുന്ന ശപഥവാക്കുകൾ പൂർത്തീകരിക്കൽ നിർബന്ധമാണ്. അതിന് കഴിയാതെ പോയാൽ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. ഇതുപോലുള്ള സൂക്തങ്ങളിൽ നിന്നും അതു വ്യക്തമാകുന്നുണ്ട്.

وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ

എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. (ഖു൪ആന്‍:5/89)

ഉദ്ദേശ്യത്തിനനുസരിച്ചാണ് സത്യം ശപഥമാകുന്നതും അല്ലാതിരിക്കുന്നതുമെന്നും പറയുവാൻ കാരണം താഴെ പറയുന്ന ഹദീഥാണ്:

إنَّمَا الْأَعْمَالُ بِالنِّيَّاتِ

ഉമർ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി പറഞ്ഞു: ഉദ്ദേശ്യത്തിനനുസരിച്ചാകുന്നു കർമങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത്… (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിർ മിദി).

عَنْ إِبْرَاهِيمَ بْنِ عَبْدِ الأَعْلَى، عَنْ جَدَّتِهِ، عَنْ أَبِيهَا، سُوَيْدِ بْنِ حَنْظَلَةَ قَالَ خَرَجْنَا نُرِيدُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ وَمَعَنَا وَائِلُ بْنُ حُجْرٍ فَأَخَذَهُ عَدُوٌّ لَهُ فَتَحَرَّجَ النَّاسُ أَنْ يَحْلِفُوا فَحَلَفْتُ أَنَا أَنَّهُ أَخِي فَخَلَّى سَبِيلَهُ فَأَتَيْنَا رَسُولَ اللَّهِ ـ صلى الله عليه وسلم ـ فَأَخْبَرْتُهُ أَنَّ الْقَوْمَ تَحَرَّجُوا أَنْ يَحْلِفُوا وَحَلَفْتُ أَنَا أَنَّهُ أَخِي فَقَالَ ‏ “‏ صَدَقْتَ الْمُسْلِمُ أَخُو الْمُسْلِمِ ‏”‏ ‏.‏

സുവൈദ് ബ്‌നു ഹൻളല യിൽ നിന്ന് നിവേദനം: ഞങ്ങൾ നബിയെ കാണുവാനായി പുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിൽ വാഇലു ബ്‌നു ഹുജ്‌റും ഉണ്ടായിരുന്നു. വഴിയിൽ വെച്ച് അദ്ദേഹത്തിന്റെ ശത്രുക്കളിലൊരാൾ അദ്ദേഹത്തെ പിടിച്ചുവെച്ചു. ഞങ്ങളുടെ കൂട്ടത്തിലെ എല്ലാവർക്കും (വാഇൽ അവരുടെ സഹോദരനാണെന്ന്) സത്യം ചെയ്തു പറയുവാൻ പ്രയാസമായി. അവസാനം ഞാൻ അദ്ദേഹം എൻ്റെ സഹോദരനാണെന്നു സത്യം ചെയ്‌തു പറയുകയും അവർ വാഇലിനെ വിടുകയും ചെയ്‌തു. ഞങ്ങൾ നബിയുടെ അടുത്തെത്തിയപ്പോൾ ജനങ്ങൾക്ക് വാഇൽ തങ്ങളുടെ സഹോദരനാണെന്ന് സത്യം ചെയ്യാൻ പ്രയാസമുണ്ടായ സന്ദർഭത്തിൽ അദ്ദേഹം തന്റെ സഹോദരനാണെന്ന് ഞാൻ സത്യം ചെയ്‌തുവെന്ന് നബിയെ അറിയിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘നീ പറഞ്ഞത് ശരി തന്നെ. ഓരോ വിശ്വാസിയും മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്” (ഇബ്‌നുമാജ, അബൂദാവൂദ് ).

സത്യം ചെയ്യുന്നയാളുടെ മനഃസ്ഥിതിക്കനുസരിച്ചാണ് ശപഥമാവുന്നതും അല്ലാതിരിക്കുന്നതുമെന്ന് പറഞ്ഞത് സ്വയം സത്യം ചെയ്യുമ്പോഴാണ്. എന്നാൽ ആരുടെയെങ്കിലും ആവശ്യപ്രകാരം സത്യം ചെയ്താൽ അത് ശപഥം തന്നെയായിരിക്കും.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ الْيَمِينُ عَلَى نِيَّةِ الْمُسْتَحْلِفِ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വാക്കുകൾ ശപഥമായി മാറുന്നത് സത്യം ചെയ്യാൻ ആവശ്യപ്പെടുന്നയാളിൻ്റെ ഉദ്ദേശമനുസരിച്ചാണ്. (ഇബ് നുമാജ, മുസ്‌ലിം).

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിൻ്റെ ശപഥം നീ സത്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്നയാളുടെ ഉദ്ദേശ്യത്തിന് അനുസരിച്ചാണ്. (മുസ്‌ലിം, ഇബ്നു‌മാജ, അബൂദാവൂദ്).

ശപഥം മറന്നുകൊണ്ട് ലംഘിച്ചാൽ പ്രായശ്ചിത്തം നൽകേണ്ടതില്ല

എന്തെങ്കിലും കാര്യം ചെയ്യുകയില്ലെന്നോ പറയുകയില്ലെന്നോ സത്യം ചെയ്യുകയും പിന്നീട് മറവി കാരണം അതു ലംഘിക്കപ്പെടുകയും ചെയ്‌താൽ പ്രായശ്ചിത്തം നൽകേണ്ടതില്ല.

رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ

ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. (ഖു൪ആന്‍:2/286)

വിശ്വാസികളുടെ ഈ പ്രാർഥന അല്ലാഹു സമ്മതിച്ചുവെന്ന് ഹദീഥുകളിൽ കാണാവുന്നതാണ്.

സത്യം ചെയ്യുകയും അതിലേറെ ഉത്തമമായത് കാണുകയും ചെയ്താൽ

ഇബ്നു‌ ഉമർ  നിവേദനം. നബി പറഞ്ഞു: ആരെങ്കിലും ശപഥം ചെയ്യുകയും പിന്നീട് ഉത്തമമായത് അതു ലംഘിക്കുന്നതാണെന്ന് കാണുകയും ചെയ്‌താൽ ശപഥത്തിൽ നിന്നു പിന്മാറുകയും ഉത്തമമായത് ചെയ്യുകയും ചെയ്യട്ടെ. (ഇബ്നുമാജ, അബുദാ വൂദ്, നസാഈ).

وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

അല്ലാഹുവെ – അവന്റെപേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ – നന്‍മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/224)

മുകളിൽ പറഞ്ഞതു പോലെ ഇബ്നു അബ്ബാസിൽ നിന്നും ഈ ആയത്തിൻ്റെ വിശദീകരണമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ‘അല്ലാഹുവിനെ പിടിച്ചുള്ള നിങ്ങളുടെ സത്യം പുണ്യം ചെയ്യുന്നതിനുള്ള ഒരു തടസ്സമായി നിങ്ങൾ കാണരുത്’ എന്നതാണ്. ശപഥത്തിന് പ്രായശ്ചിത്തം നൽകുകയും നന്മ ചെയ്യുകയുമാണ് വേണ്ടത്.

عن أبي هريرة رضي الله عنه قال‏:‏ قال رسول الله صلى الله عليه وسلم ‏:‏ لأن يلج أحدكم في يمينه في أهله آثم له عند الله تعالى من أن يعطي كفارته التي فرض الله عليه‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രായശ്ചിത്തം നൽകി സത്യത്തിൽ നിന്നു പിന്മാറുന്നതിലേറെ അല്ലാഹുവിൻ്റെ അടുക്കൽ തെറ്റായത് കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ചെയ്ത ശപഥത്തിന്മേൽ ഉറച്ചുനിൽക്കുക വഴി അവർക്ക് പ്രയാസമുണ്ടാക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം).

പ്രായശ്ചിത്തം

ശപഥം ചെയ്യുകയും അതിൽ നിന്നു പിന്മാറുകയും ചെയ്യുമ്പോൾ താഴെ പറയുന്നവയിൽ ഏതെങ്കിലുമൊരു കാര്യം പ്രായശ്ചിത്തമായി നിർവഹിക്കേണ്ടതാണ്.

1. തന്റെ വീട്ടുകാർ സാധാരണയായി ഭക്ഷിക്കുന്നതു പോലെയുള്ള ഭക്ഷണ സാധനങ്ങൾ പത്തു ദരിദ്രർക്കു വിതരണം ചെയ്യൽ.

2. പത്തു പേർക്കുള്ള വസ്ത്രങ്ങൾ നൽകൽ.

3. ഒരു അടിമയെ മോചിപ്പിക്കുക.

ഇവ മൂന്നിൽ ഒന്നും സാധിക്കാതെ വന്നാൽ മൂന്നു നോമ്പ് അനുഷ്ഠിക്കുകയാണ് വേണ്ടത്. മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലുമൊന്നിനു കഴിയുമെങ്കിൽ നോമ്പു പിടിച്ചാൽ മതിയാവുകയില്ല. അല്ലാഹു പറയുന്നു:

لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ

ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്‌. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്‌. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്‌. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖു൪ആന്‍:5/89)

നിഷിദ്ധമായ വിഷയങ്ങളിൽ സത്യം ചെയ്യൽ

“ഭക്ഷണം കഴിക്കില്ല’. ‘അയാളുടെ വീട്ടിൽ ഇനി പ്രവേശിക്കില്ല’, ‘അതെല്ലാം എനിക്ക് ഹറാമാകുന്നു’ എന്നൊക്കെ ആരെങ്കിലും അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്ത‌ാൽ അതൊന്നും അയാൾ നിറവേറ്റേണ്ടതില്ല, മറിച്ച് പ്രായശ്ചിത്തം ചെയ്യുകയാണ് വേണ്ടത്.

يَٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ‎﴿١﴾‏ قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَٰنِكُمْ ۚ وَٱللَّهُ مَوْلَىٰكُمْ ۖ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ ‎﴿٢﴾‏

ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും. (ഖു൪ആന്‍:66/1-2)

عَن عَائِشَةَ ـ رضى الله عنها ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَمْكُثُ عِنْدَ زَيْنَبَ ابْنَةِ جَحْشٍ، وَيَشْرَبُ عِنْدَهَا عَسَلاً، فَتَوَاصَيْتُ أَنَا وَحَفْصَةُ أَنَّ أَيَّتَنَا دَخَلَ عَلَيْهَا النَّبِيُّ صلى الله عليه وسلم فَلْتَقُلْ إِنِّي أَجِدُ مِنْكَ رِيحَ مَغَافِيرَ، أَكَلْتَ مَغَافِيرَ فَدَخَلَ عَلَى إِحْدَاهُمَا فَقَالَتْ لَهُ ذَلِكَ، فَقَالَ ‏”‏ لاَ بَلْ شَرِبْتُ عَسَلاً عِنْدَ زَيْنَبَ ابْنَةِ جَحْشٍ وَلَنْ أَعُودَ لَهُ ‏”‏‏.‏ فَنَزَلَتْ ‏{‏يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ‏}‏ إِلَى ‏{‏إِنْ تَتُوبَا إِلَى اللَّهِ‏}‏ لِعَائِشَةَ وَحَفْصَةَ ‏{‏وَإِذْ أَسَرَّ النَّبِيُّ إِلَى بَعْضِ أَزْوَاجِهِ‏}‏ لِقَوْلِهِ ‏”‏ بَلْ شَرِبْتُ عَسَلاً ‏”‏‏.‏

ആഇശ നിവേദനം: സൈനബിന്റെയടുക്കൽ വന്ന് നബി തേൻ കുടിക്കുകയും അവരുടെയടുത്ത് തങ്ങുകയും ചെയ്യുമായിരുന്നു. അതിനെതിരെ ഞാനും ഹഫ്‌സയും ഇപ്രകാരമൊരു തീരുമാനമെടുത്തു: നബി ഞങ്ങളുടെയാരുടെ അടുത്തു കടന്നുവന്നാലും, ‘നിങ്ങൾ മഗാഫിർ (സുഖകരമല്ലാത്ത വാസനയുള്ള ഒരു തരം പാനീയം) കുടിച്ചിട്ടുണ്ടോ? താങ്കളെ ‘മഗാഫിർ’ വാസനിക്കുന്നുവല്ലോ’ എന്ന് ഞങ്ങൾ നബിയോട് ചോദിക്കുക. അങ്ങനെ ഞങ്ങൾ ചോദിക്കുകയും ‘മഗാഫിർ’ കുടിച്ചിട്ടില്ലെന്നും എന്നാൽ സൈനബിന്റെയടുക്കൽ ചെന്ന് തേൻ കുടിച്ചിരുന്നുവെന്നും നബി മറുപടി പറഞ്ഞു. ഇനി ആ തേൻ കുടിക്കില്ലെന്ന് ശപഥം ചെയ്യുകയും ഈ വിവരം ആരെയും അറിയിക്കരുതെന്നും കൂടി അവരോട് പറയുകയും ചെയ്‌തു. (ബുഖാരി, നസാഈ). (ആ സന്ദർഭത്തിലാണ് മുകളിൽ കൊടുത്ത (സൂറ:തഹ്‌രീം 1-2) ആയത്തുകൾ അവതരിച്ചത്)

അനുവദനീയമായ കാര്യങ്ങൾ നിഷിദ്ധമായി പ്രഖ്യാപിക്കുന്ന ശപഥങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അബ്‌ദില്ലാഹിബ്നു അബ്ബാസ് പറഞ്ഞു: ‘നിങ്ങൾക്ക് അല്ലാഹുവിൻ്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്.’

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *