മറവിയുടെ സുജൂദ്

നമസ്‌കാരത്തിലുണ്ടാകുന്ന കുറവോ വർധനവോ സംശയമോ പരിഹരിക്കുവാൻ നമസ്‌കാരത്തിന്റെ അവസാനത്തിൽ ചെയ്യേണ്ട സുജൂദാണ് ‘സുജൂദുസ്സഹ്‌വ്’ അഥവാ മറവിയുടെ സുജൂദ്.

നബിﷺയുടെ വാക്കിനാലും പ്രവൃത്തിയാലും സഹ്‌വിന്റെ സുജൂദ് നിയമമാക്കപ്പെട്ടിരിക്കുന്നു. നബി ﷺ പറഞ്ഞു:

قَالَ رَسُولُ اللَّهِ صلى الله عليه وسلم: إذا نسي أحدكم فليسجد سجدتين

നിങ്ങളിൽ ഒരാൾ (നമസ്‌കാരത്തിൽ) മറന്നാൽ അവൻ രണ്ടു സുജൂദുകൾ ചെയ്യട്ടെ.

മറവിയുടെ സുജൂദ് മതനിയമമാണെന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്.

സഹ്‌വിന്റെ സുജൂദിനുള്ള കാരണങ്ങൾ മൂന്നാകുന്നു: (1)വർധനവ്, (2)കുറവ്, (3)സംശയം.

മറവിയുടെ സുജൂദ് എപ്പോഴാണ് നിർബന്ധമാവുക?

സഹ്‌വിന്റെ സുജൂദ് താഴെ പറയുന്ന കാര്യങ്ങളാൽ നിർബന്ധമാകും:

1. റുകൂഅ്, സുജൂദ്, നിറുത്തം, ഇരുത്തം എന്നിവ വർധിപ്പിക്കുന്നതു പോലെ നമസ്‌കാരത്തിന്റെ വകുപ്പിൽപെട്ട ഒരു കർമത്തെ വർധിപ്പിച്ചാൽ.

ഇബ്‌നു മസ്ഊദ് رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

صلى بنا الرسول – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – خمساً فلما انفتل من الصلاة تَوَشْوَش (٢) القوم بينهم فقال: ما شأنكم؟ فقالوا: يا رسول الله هل زيد في الصلاة شيء؟ قال: لا. قالوا: فإنك صَلَّيت خمساً. فانْفَتَلَ ، فسجد سجدتين، ثم سلَّم، ثم قال: إنما أنا بشر مثلكم أنسى كما تنسون، فإذا نسي أحدكم فليسجد سجدتين

ഞങ്ങളെയും കൊണ്ട് അല്ലാഹുവിന്റെ റസൂൽﷺ അഞ്ചു റക്അത്തുകൾ നമസ്‌കരിച്ചു. തിരുമേനിﷺ നമസ്‌കാരത്തിൽനിന്ന് വിരമിച്ചപ്പോൾ ആളുകൾ തങ്ങൾക്കിടയിൽ പിറുപിറുത്തു. അപ്പോൾ തിരുമേനി ചോദിച്ചു: ‘നിങ്ങളുടെ കാര്യമെന്താണ് ?’ അവർ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, നമസ്‌കാരത്തിൽ വല്ലതും വർധിക്കപ്പെട്ടുവോ?’ തിരുമേനി പറഞ്ഞു: ‘ഇല്ല.’ അവർ പറഞ്ഞു: ‘എങ്കിൽ താങ്കൾ അഞ്ചു റക്അത്താണ് നമസ്‌കരിച്ചത്.’ ഉടൻ നബി ﷺ ക്വിബ്‌ലയിലേക്കു തിരിഞ്ഞ് രണ്ടു സുജൂദുകൾ ചെയ്തു. ശേഷം സലാംവീട്ടി. അതിൽ പിന്നെ തിരുമേനിﷺ പറഞ്ഞു: ‘നിശ്ചയം, ഞാൻ നിങ്ങളെപോലുള്ള ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങൾ മറക്കുന്നതുപോലെ ഞാനും മറക്കുന്നവനാണ്. നിങ്ങളിലൊരാൾ മറന്നാൽ അയാൾ രണ്ടു സുജൂദുകൾ ചെയ്യട്ടെ.’’ (رواه مسلم، برقم (٥٧٢) – ٩٢.)

നമസ്‌കാരത്തിലായിരിക്കെ വർധനവിനെക്കുറിച്ച് ഒരാൾ അറിഞ്ഞാൽ അറിഞ്ഞ സന്ദർഭത്തിൽ തന്നെ ഇരിക്കൽ അയാളുടെമേൽ നിർബന്ധമാണ്; അത് റുകൂഇനിടയിലാണെങ്കിലും ശരി. കാരണം അറിഞ്ഞുകൊണ്ട് വർധനവിൽ അയാൾ തുടർന്നാൽ അയാൾ ബോധപൂർവം നമസ്‌കാരത്തിൽ ഒരു കാര്യം വർധിപ്പിച്ചു. അതാകട്ടെ അനുവദനീയമാവുകയില്ല.

2. നമസ്‌കാരം പൂർത്തിയാക്കുന്നതിനുമുമ്പ് സലാം വീട്ടിയാൽ

عَنْ عمران بن حصين قال: سلم رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – في ثلاث ركعات من العصر، ثم قام فدخل الحجرة، فقام رجل بسيط اليدين فقال: أقصرت الصلاة؟ فخرج، فصلى الركعة التي كان ترك، ثم سلم، ثم سجد سجدتي السهو، ثم سلم

ഇംറാൻ ഇബ്‌നു ഹുസ്വയ്‌ൻ رضى الله عنه വിൽ നിന്നും നിവേദനം: “അസ്വ‌്‌ർ നമസ്‌കാരത്തിലെ മൂന്നു റക്അത്തുകളിൽ അല്ലാഹുവിന്റെ തിരുദൂതർﷺ സലാം വീട്ടുകയുണ്ടായി. ശേഷം എഴുന്നേറ്റ് അവിടുന്ന് റൂമിൽ പ്രവേശിച്ചു. അപ്പോൾ നീളൻ കൈകളുള്ള ഒരു വ്യക്തി എഴുന്നേറ്റുകൊണ്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, നമസ്‌കാരം ചുരുക്കപെട്ടുവോ?’ ഉടൻ തിരുമേനി പുറത്തുവന്ന് വിട്ടേച്ച ഒരു റക്അത്ത് നമസ്‌കരിക്കുകയും സലാം വീട്ടുകയും ചെയ്തു. പിന്നീട് മറവിയുടെ രണ്ടു സുജൂദുകൾ നിർവഹിച്ച് ശേഷം സലാം വീട്ടുകയും ചെയ്തു.’’ ( رواه مسلم برقم (٥٧٤) (١٠٢).)

3. വാജിബ് ഉപേക്ഷിച്ചാൽ:

عَنْ ابن بحينة قال: (صلى لنا رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ركعتين من بعض الصلوات ثم قام فلم يجلس (٢)، فقام الناس معه، فلما قضى صلاته ونظرنا تسليمه كبر قبل التسليم فسجد سجدتين وهو جالس، ثم سلَّم)

ഇബ്‌നു ബുഹയ്‌ന رضى الله عنه വിൽ നിന്നും നിവേദനം:“അല്ലാഹുവിന്റെ റസൂൽﷺ ഒരു നമസ്‌കാരത്തിൽ രണ്ടു റക്അത്തുകൾ നമസ്‌കരിച്ച് (തശഹ്ഹുദിന്) ഇരിക്കാതെ എഴുന്നേറ്റു. അപ്പോൾ ജനങ്ങളും തിരുമേനിയോടൊപ്പം എഴുന്നേറ്റു. തിരുമേനിയുടെ നമസ്‌കാരം തീർന്നപ്പോൾ ഞങ്ങൾ അവിടുന്ന് സലാം വീട്ടുന്നത് പ്രതീക്ഷിച്ചു. തിരുമേനി സലാം വീട്ടുന്നതിനുമുമ്പ് ഇരുന്നുകൊണ്ട് തക്ബീർ ചൊല്ലി രണ്ടു സുജൂദുകൾ നിർവഹിച്ചു. ശേഷം സലാം വീട്ടുകയും ചെയ്തു.’’ (متفق عليه: رواه البخاري برقم (١٢٣٠)، ومسلم برقم (٥٧٠).)

മധ്യത്തിലെ തശഹ്ഹുദ് ഉപേക്ഷിച്ചവന്റെ വിഷയത്തിൽ ഈ ഹദീസിനാൽ സഹ്‌വിന്റെ സുജൂദ് സ്ഥിരപ്പെട്ടു. റുകൂഇലും സുജൂദിലും തസ്ബീഹ് ഉപേക്ഷിക്കൽ, രണ്ടു സുജൂദുകൾക്കിടയിൽ റബ്ബിഗ്ഫിർലീ എന്ന ദുആ ഉപേക്ഷിക്കൽ, തക്ബീറാതുൽ ഇൻതിക്വാൽ (ഒരു കർമത്തിൽനിന്ന് മറ്റൊരു കർമത്തിലേക്കു പോകുമ്പോഴുള്ള തക്ബീറുകൾ) ഉപേക്ഷിക്കൽ പോലുള്ള ഇതര വാജിബുകൾ (ഉപേക്ഷിക്കലും) ഇതിന്മേൽ ക്വിയാസാക്കപ്പെടും. (അഥവാ അവയിലൊന്ന് ഉപേക്ഷിച്ചാൽ മറവിയുടെ സുജൂദു ചെയ്ത് കുറവുവരുത്തിയത് പരിഹരിക്കണം).

4. നമസ്‌കാരത്തിനിടയിൽ എത്രയാണ് നമസ്‌കരിച്ചതെന്ന് അറിയാത്തവിധം റക്അത്തുകളുടെ എണ്ണത്തിൽ സംശയിച്ചാൽ

നമസ്‌കാരത്തിനിടയിൽ എത്രയാണ് നമസ്‌കരിച്ചതെന്ന് അറിയാത്തവിധം റക്അത്തുകളുടെ എണ്ണത്തിൽ സംശയിച്ചാൽ സഹ്‌വിന്റെ സുജൂദ് നിർബന്ധമാകും. കാരണം തന്റെ നമസ്‌കാരത്തിന്റെ ഒരു ഭാഗം നമസ്‌കാരത്തിൽ പെട്ടതാണോ അല്ലെങ്കിൽ അതിൽ അധികമാണോ എന്നു ആശയക്കുഴപ്പത്തിലായിക്കൊണ്ടാണ് അയാൾ നിർവഹിച്ചത്. അതിനാൽ നിയ്യത്ത് ദുർബലമാവുകയും സുജൂദുകൊണ്ട് പരിഹരിക്കൽ ആവശ്യമാവുകയും ചെയ്തു.

അബൂഹുറൈറ رضى الله عنه വിൽ നിന്നുള്ള ഒരു ഹദീസിന്റെ പൊതുതാൽപര്യം അതാണ് അറിയിക്കുന്നത്. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:

إن أحدكم إذا قام يصلي جاءه الشيطان فلبسَ عليه، حتى لا يدري كم صلى، فإذا وجد ذلك أحدكم فليسجد سجدتين وهو جالس

നിശ്ചയം, നിങ്ങളിലൊരാൾ നമസ്‌കരിച്ചുകൊണ്ടു നിന്നാൽ അവന്റെയടുത്ത് ശെയ്ത്വാൻ വരികയും അവന് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. എത്രത്തോളമെന്നാൽ എത്രയാണ് അയാൾ നമസ്‌കരി ച്ചതെന്ന് അയാൾക്കറിയില്ല. നിങ്ങളിലൊരാൾ അപ്രകാരം അനുഭവിച്ചാൽ അവൻ ഇരുന്നുകൊണ്ട് രണ്ടു സുജൂദുകൾ ചെയ്യട്ടെ. ( رواه البخاري برقم (١٢٣١)، ومسلم برقم (٣٨٩).)

സംശയത്തിന്റെ ഇത്തരം അവസ്ഥയിൽ നമസ്‌കരിക്കുന്ന വ്യക്തി രണ്ടു കാര്യങ്ങൾക്കിടയിലാണ്. രണ്ടു സാധ്യതകളിൽ ഒന്നിനു പ്രബലത കൽപിക്കുവാൻ ആകാത്തവിധമുള്ള സംശയം. ഇത്തരം അവസ്ഥയിൽ കുറഞ്ഞതു സ്വീകരിക്കുകയും അതിൽ അലവലംബിച്ച് നമസ്‌കരിക്കുകയും മറവിയുടെ സുജൂദ് ചെയ്യുകയും വേണം.

قَالَ رَسُولُ اللَّهِ صلى الله عليه وسلم: إذا شك أحدكم في صلاته فلم يدر كم صلى ثلاثاً أم أربعاً، فليطرح الشك، وليبن على ما استيقن، ثم يسجد سجدتين قبل أن يُسَلِّم

നബിﷺ പറഞ്ഞു: നിങ്ങളിലൊരാൾ തന്റെ നമസ്‌കാരത്തിൽ സംശയിക്കുകയും മൂന്നാണോ അതല്ല നാലാണോ നമസ്‌കരിച്ചത് എന്ന് അറിയാതിരിക്കുകയും ചെയ്താൽ അവൻ സംശയം വെടിയട്ടെ. ഉറപ്പായതിൽ അവൻ അവലംബിക്കട്ടെ. ശേഷം സലാം വീട്ടുന്നതിനു മുമ്പായി അവൻ രണ്ടു സുജൂദുകൾ ചെയ്യട്ടെ. أخرجه مسلم برقم (٥٧١)

എന്നാൽ തന്റെ ഊഹത്തെ മറികടന്നു രണ്ടു സാധ്യതകളിൽ ഒന്ന് അവനു ബലപ്പെടുകയായാൽ അവൻ അതനുസരിച്ചു പ്രവർത്തിക്കുകയും അതിനെ അവലംബിക്കുകയും മറവിയുടെ രണ്ട് സുജൂദുകൾ ചെയ്യുകയും ചെയ്യട്ടെ. സംശയിക്കുകയും ആശയക്കുഴപ്പത്തിലാവുകയും ചെയ്തവരുടെ വിഷയത്തിൽ തിരുനബി പറഞ്ഞു:

فليتحر الصواب، ثم ليتم عليه -أي على التحري- ثم ليسلِّم، ثم ليسجد سجدتين بعد أن يسلِّم

അവൻ പരമാവധി ശരിയായത് നോക്കുകയും അതിന്മേൽ (നമസ്‌കാരം) പൂർത്തീകരിക്കുകയും ശേഷം അവൻ സലാം വീട്ടുകയും ചെയ്യട്ടെ. സലാം വീട്ടിയതിനു ശേഷം അവൻ രണ്ടു സുജൂദുകളും ചെയ്യട്ടെ.  أخرجه مسلم برقم (٥٧٢)

സഹ്‌വിന്റെ സുജൂദ് എപ്പോഴാണ് സുന്നത്താവുക?

നമസ്‌കാരത്തിൽ നിയമമാക്കപ്പെട്ട ഒരു വചനം മറന്നുകൊണ്ട് അതിന്റെതല്ലാത്ത സ്ഥാനത്തു കൊണ്ടുവന്നാൽ മറവിയുടെ സുജൂദ് സുന്നത്താക്കപ്പെടും. റുകൂഇലും സുജൂദിലും ക്വുർആൻ ഓതുക, നിറുത്തത്തിൽ തശഹ്ഹുദ് ചൊല്ലുക പോലുള്ളത് ഉദാഹരണം. റകൂഇൽ സുബ്ഹാന റബ്ബിയൽഅദ്വീം ചൊല്ലുന്നതോടൊപ്പം ക്വുർആൻ പാരായണം ചെയ്യുന്നതുപോലെ, ഒരു സ്ഥലത്ത് നിയമമാക്കപ്പെട്ട വചനം ചൊല്ലുന്നതോടൊപ്പം മറ്റൊരു വചനം ചൊല്ലുമ്പോഴാണ് സഹ്‌വിന്റെ സുജൂദ് സുന്നത്താവുന്നത്. (നിർബന്ധമായും ചൊല്ലേണ്ട വചനം ചൊല്ലിയില്ലെങ്കിൽ സഹ്‌വിന്റെ സുജൂദ് നിർബന്ധമാകും).

إذا نسي أحدكم فليسجد سجدتين

{നിങ്ങളലൊരാൾ മറന്നാൽ അവൻ രണ്ടു സുജൂദുകൾ ചെയ്യട്ടെ} എന്ന ഹദീസാണ് മറവിയുടെ സുജൂദ് സുന്നത്താക്കപ്പെടുമെന്നതിനു തെളിവ്.

സുജൂദുസ്സഹ്‌വിന്റെ സ്ഥാനവും രൂപവും

1. സുജൂദുസ്സഹ്‌വിന്റെ സ്ഥാനം.

ഈ വിഷയത്തിൽ വന്ന ഹദീസുകൾ രണ്ടു രീതിയിലാണെന്നതിയിൽ യാതൊരു സംശയവുമില്ല.

സലാം വീട്ടുന്നതിനുമുമ്പ് സുജൂദു ചെയ്യൽ നിയമമാണ് എന്നറിയിക്കുന്നതാണ് ഒരു രീതി. സലാം വീട്ടിയതിനുശേഷം സുജൂദുചെയ്യൽ നിയമമാണ് എന്നറിയിക്കുന്നതാണ് മറ്റൊരു രീതി. ആയതിനാൽ പ്രാമാണികരിൽ ചിലർ പറഞ്ഞു: നമസ്‌കരിക്കുന്നവൻ സലാം വീട്ടുന്നതിനുമുമ്പും സലാം വീട്ടിയതിനു ശേഷവും സഹ്‌വിന്റെ സുജൂദ് ചെയ്യുവാൻ തെരഞ്ഞെടുപ്പു സ്വാതന്ത്യമുള്ളവനാണ്; കാരണം രണ്ടു വിഷയത്തിലും ഹദീസുകൾ വന്നിട്ടുണ്ട്. നമസ്‌കാരത്തിലുണ്ടാവുന്ന കുറവ്, വർധനവ്, സംശയം, എന്നിവക്കെല്ലാം സലാമിനുമുമ്പ് സുജൂദു ചെയ്താലും ശേഷം സുജൂദു ചെയ്താലും അത് അനുവദനീയമാണ്.

2. സുജൂദുസ്സഹ്‌വിന്റെ രൂപം:

നമസ്‌കാരത്തിലെ സുജൂദുപോലെ തന്നെ രണ്ടു സുജൂദുകളാകുന്നു അവ. ഒരോ സുജൂദിലും സുജൂദിലേക്കു പോകുമ്പോഴും അതിൽനിന്നു തലയുയർത്തുമ്പോഴും തക്ബീർ ചൊല്ലുക. ശേഷം സലാം വീട്ടുക. സലാം വീട്ടിയതിനു ശേഷമാണ് സഹ്‌വിന്റെ സുജൂദ് ചെയ്യുന്നതെങ്കിൽ അയാൾ തശഹ്ഹുദ് ചൊല്ലണമെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തിരുനബിയി ൽനിന്ന് ഈ വിഷയത്തിൽ മൂന്നു ഹദീസുകൾ വന്നിട്ടുണ്ട്. ഇമാം ഇബ്‌നുഹജർ പറഞ്ഞതുപോലെ ഈ മൂന്നു ഹദീഥുകൾ മൊത്തത്തിലെടുത്താൽ ഹസനെന്ന പദവിയിലാണ്. (അവകൊണ്ട് തെളിവെടുക്കാമെന്നർഥം)

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *