പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളും സമൂഹത്തെ മുന്നില്‍ നിന്ന് സത്യത്തിലേക്ക് നയിക്കുന്നവരുമാണ്. മതവിജ്ഞാനത്തിന്റെ നാനാഭാഗങ്ങളിലും തങ്ങളുടെ കഴിവനുസരിച്ചുള്ള കൈകാര്യകര്‍തൃത്വമാണ് അവരെ ഏല്‍പിക്കപ്പെട്ടിട്ടുള്ളത്. ഓരോ കാലഘട്ടത്തിലെ പണ്ഡിതന്മാരും അവരുടെ മുമ്പേ നടന്നവരില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട് തന്നെയാണ് ഈ ഉത്തരവാദിത്തം നിറവേറ്റിയിട്ടുള്ളത്. അവരില്‍ പ്രധാനിയും ആധുനികനുമാണ് ശൈഖ് നാസിറുസ്സഅദി رحمه الله. ഉത്തമരായ പണ്ഡിതരുടെ ജീവിതത്തെക്കുറിച്ചറിയല്‍ പ്രബോധകര്‍ക്കേറെ ഫലമേകുന്നതിനാല്‍ അദ്ദേഹത്തെ നമുക്ക് ഹ്രസ്വമായി പരിചയപ്പെടാം.
ജനനം, വളര്‍ച്ച
അബൂഅബ്ദില്ല അബ്ദിര്‍റ്വഹ്മാനുബ്‌നു നാസ്വിറിബ്‌നു അബ്ദില്ലാഹിബ്‌നു നാസ്വിര്‍ അസ്സഅദി എന്നാണ് പൂര്‍ണനാമം. തമീം ഗോത്രക്കാരനായ അദ്ദേഹത്തിന്റെ ജനനം ഹിജ്‌റ 1307 മുഹര്‍റം 12ന് ഖസീമിലെ അനീസയിലായിരുന്നു. നാലാം വയസ്സില്‍ ഉമ്മയും ഏഴാം വയസ്സില്‍ ഉപ്പയും മരണപ്പെട്ടതിനാല്‍ യതീമായിട്ടാണ് വളര്‍ന്നത്. അറിവിനോടുള്ള താല്‍പര്യവും ബുദ്ധികൂര്‍മതയും ചെറുപ്പത്തില്‍ തന്നെ അറിവ് നേടാന്‍ പ്രേരണയായി. പതിനൊന്നാമത്തെ വയസ്സില്‍ ക്വുര്‍ആന്‍ മനഃപാഠമാക്കി. ശേഷം നാട്ടിലുള്ളവരും അവിടേക്ക് വന്നവരുമായ പണ്ഡിതന്മാരില്‍ നിന്ന് മതവിജ്ഞാതത്തിന്റെ മുഴുവന്‍ തലങ്ങളിലും ഒരു നല്ല വിഹിതം കൈമുതലാക്കി. അങ്ങനെ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സ് മുതല്‍ പഠനവും പഠിപ്പിക്കലുമായി ജീവിത സമയം കഴിച്ചുകൂട്ടി.
ഗുരുനാഥന്മാര്‍
ഓരോ വിഷയത്തിലും പ്രത്യേകം പ്രാവിണ്യം നേടിയ ഗുരുനാഥന്മാരില്‍ നിന്ന് ശൈഖ് അറിവ് തേടിയത് ശ്രദ്ധേയമാണ്.
▪️ഹിജ്‌റ 1342ല്‍ വഫാത്തായ ശൈഖ് ഇബ്‌റാഹീമുബ്‌നു ഹമദ്ബ്‌നു ജാസിര്‍ رحمه الله യാണ് ആദ്യത്തെ ഉസ്താദ്.
▪️ഹിജ്‌റ 1343ല്‍ വഫാത്തായ ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ കരീമുബ്‌നു ഇബ്‌റാഹീം അശ്ശബലില്‍ (رحمه الله) നിന്നാണ് കര്‍മശാസ്ത്രവും അറബിയും പഠിച്ചത്.
▪️ഹിജ്‌റ 1351ല്‍ വഫാത്തായ ശൈഖ് സ്വാലിഹ്ബ്‌നു ഉഥ്മാന്‍ അല്‍ക്വാദി رحمه الله യില്‍ നിന്ന് തൗഹീദ്, തഫ്‌സീര്‍, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ അറിവു നേടി.
▪️ഹിജ്‌റ 1361ല്‍ വഫാത്തായ ശൈഖ് അലിയ്യിബ്‌നു നാസ്വിറിബ്‌നു മുഹമ്മദ് അബൂവാദി رحمه الله യില്‍ നിന്ന് ആറു ഹദീഥ് ഗ്രന്ഥങ്ങളടക്കം പഠിച്ച് ഹദീഥ് ജ്ഞാനത്തില്‍ അവഗാഹം നേടി.
▪️ഹിജ്‌റ 1351ല്‍ വഫാത്തായ ശൈഖ് മുഹമ്മദ് അമീന്‍ മഹ്മൂദ് അല്‍ ശന്‍ക്വീത്വി رحمه الله യില്‍ നിന്നാണ് ഉസ്വൂലുല്‍ ഹദീഥ്, നഹ്‌വ്, സ്വര്‍ഫ് എന്നീ വിജ്ഞാന ശാഖകള്‍ കൈമുതലാക്കിയത്.
അറിവ് അന്വേഷിക്കുന്നേടത്ത് ഏറ്റവും ഫലപ്രദമായ മാര്‍ഗവും രീതിയും അവലംബിക്കലാണ് ഉചിതമെന്ന സന്ദേശം ശൈഖിന്റെ പഠന കാലഘട്ടം നമുക്ക് നല്‍കുന്നു.
സ്വഭാവ വൈശിഷ്ട്യം
ജീവിതത്തിലുടനീളം ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമയായിരുന്നു. വലിയവര്‍, ചെറിയവര്‍, ധനികര്‍, ദരിദ്രര്‍ തുടങ്ങി എല്ലാവരോടും വിനയത്തോടെ പെരുമാറി. തന്റെ സദസ്സില്‍ വരുന്നവര്‍ക്ക് ഫലപ്രദമായ അറിവ് ലഭിക്കുന്നതിനായി വൈജ്ഞാനിക ചര്‍ച്ചകള്‍ അദ്ദേഹം നടത്തി. ഇഹത്തിലും പരത്തിലും ഉപകാരം ലഭിക്കുന്ന വിഷയങ്ങളില്‍ തന്നോടൊപ്പമുള്ളവരോട് നീതിയോടെ സംസാരിച്ചു. ദരിദ്രരായവരെ ഏറെ ഇഷ്ടപ്പെടുകയും തന്റെ കഴിവനുസരിച്ച് അവര്‍ക്ക് സഹായിയാവുകയും ചെയ്തു. പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഏറ്റവും നല്ല നിലയിലും സമയബന്ധിതവുമാക്കി. ശിഷ്യരുടെ ചിന്ത ഉണര്‍ത്തുന്നതിനായി വൈജ്ഞാനിക തര്‍ക്കങ്ങള്‍ നടത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പഠനഗ്രന്ഥങ്ങളില്‍ നിന്ന് ഏറ്റവും പ്രായോജനപ്രദമായത് തെരെഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളോടൊപ്പം കൂടിയാലോചന നടത്തി. ഇതിനാല്‍ തന്നെ പഠന സമയ ദൈര്‍ഘ്യം മടുപ്പും വെറുപ്പുമായി ശിഷ്യന്മാര്‍ക്ക് അനുഭവപ്പെട്ടില്ല.
ആധുനിക കാലഘട്ടത്തില്‍ അറിവുള്ളവരും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും വിജ്ഞാനം പകരുന്നവരും അത് നേടുന്നവരും ഏതെല്ലാം സ്വഭാവ ഗുണങ്ങള്‍ സ്വായത്തമാക്കണമെന്നതിലേക്ക് വെളിച്ചമേകുന്നതാണ് ശൈഖിന്റെ ജീവിതം.
വൈജ്ഞാനിക സ്ഥാനം
ഫിഖ്ഹിലും അതിന്റെ അടിസ്ഥാന നിയമങ്ങളിലും അഗാധ പാണ്ഡിത്യം നേടി. തുടക്കത്തില്‍ ഹമ്പലീ മദ്ഹബിനെയും അതിലെ പണ്ഡിതന്മാരെയുമാണ് അനുകരിച്ചത്. എന്നാല്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله, അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിം رحمه الله എന്നീ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ ഒരു മദ്ഹബില്‍ പരിമിതപ്പെടുത്തുക എന്നത് ശരിയല്ലെന്ന് ബോധ്യമായി. പ്രമാണികമായി വിഷയങ്ങള്‍ക്ക് പരിഗണന നല്‍കി. എന്നാല്‍ മദ്ഹബിന്റെ പണ്ഡിതന്മാരെ ആക്ഷേപിക്കാതെയും നിന്ദിക്കാതെയും അവരുടെ മഹത്ത്വത്തെ കുറച്ചു കാണിക്കാതെയും അവരര്‍ഹിക്കുന്ന സ്ഥാനവും അദരവും നല്‍കി. ക്വുര്‍ആന്‍ വിവരണത്തില്‍ വലിയ കഴിവ് നേടി. വിജ്ഞാനം, സത്യത്തിലേക്കുള്ള ക്ഷണം എന്നിവയുടെ വ്യാപനത്തിനായി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു.
തഫ്‌സീറുസ്സഅദി
”തയ്‌സീറുല്‍ കരീമിര്‍റ്വഹ്മാന്‍ ഫീ തഫ്‌സീരി കലാമില്‍ മന്നാന്‍” എന്നാണ് അദേഹത്തിന്റെ ക്വുര്‍ആന്‍ വിശദീകരണ ഗ്രന്ഥത്തിന്റെ പേര്. ശൈഖിന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ ശൈഖ് മുഹമ്മദിബ്‌നു സ്വാലിഹിബ്‌നു ഉഥൈമീന്‍ رحمه الله ഈ തഫ്‌സീറിനുള്ള പ്രത്യേകതയായി പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്:
1. ആഴത്തില്‍ അറിവുള്ളവര്‍ക്കും സാധാരണക്കാര്‍ക്കും എളുപ്പം മനസ്സിലാകുന്ന വ്യക്തതയുള്ള വാചകങ്ങള്‍.
2. വായിക്കുന്നവന് പ്രയാസവും സമയനഷ്ടവുമുണ്ടാക്കുന്ന ദീര്‍ഘ വിവരണവും ആവശ്യമില്ലാത്തതുമായവ മാറ്റിനിര്‍ത്തി.
3. പറയല്‍ ആവശ്യമില്ലാത്തതായ അഭിപ്രായ വ്യത്യാസങ്ങളെ ഒഴിവാക്കി.
4. അല്ലാഹുവിന്റെ വിശേഷണങ്ങള്‍ പറയുന്ന വചനങ്ങളെ അവന്റെ ഉദ്ദേശത്തിന് എതിരാകുന്ന വ്യാഖ്യാനങ്ങളും നിഷേധങ്ങളുമില്ലാതെ മന്‍ഹജുസ്സലഫ് അനുസരിച്ച് വിശദീകരിച്ച തഫ്‌സീര്‍.
5. ആയത്തുകളില്‍ നിന്ന് മതവിധികളെ വളരെ സൂക്ഷ്മമായി നിര്‍ദ്ധരണം നടത്തിയ തഫ്‌സീര്‍. സൂറഃ അല്‍മാഇദയിലെ വുദൂഇന്റെ വചനവും സൂറഃ അസ്സ്വാദില്‍ ദാവൂദ് നബിൗ, സുലൈമാന്‍ നബിൗ എന്നിവരെ കുറിച്ച് പറഞ്ഞ വചനവും ഇതിന് ഉദാഹരണമാണ്.
6. ഉത്കൃഷ്ട സ്വഭാവ ഗുണങ്ങളോടെയാണ് വളരേണ്ടത് എന്ന് ഉപദേശിക്കുന്ന തഫ്‌സീര്‍. സൂറഃ അല്‍ അഅ്‌റാഫും ലുഖ്മാനും ഇതിന് ഉദാഹരണങ്ങളാണ്.
ജീവിതത്തിലെ ഓരോ നിമിഷവും പാഴാക്കാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കണം എന്ന പാഠമാണ് ശൈഖിന്റെ ചരിത്രം നമ്മുക്ക് നല്‍കുന്നത്. പില്‍കാലക്കാര്‍ക്ക് വേണ്ടി വിജ്ഞാന മുത്തുകള്‍ വാരിവിതറി പഠനം, പഠിപ്പിക്കല്‍, ഇമാം, ഖത്വീബ്, ഗ്രന്ഥകാരന്‍, മുഫ്തി എന്നീ പദവികളില്‍ 69 വര്‍ഷം നിലകൊണ്ട്, ഹിജ്‌റ 1376 ജുമാദുല്‍ ആഖര്‍ 23ന് അദ്ദേഹം വഫാത്തായി.
മൂസ സ്വലാഹി, കാര
www.kanzululoom.com