പലിശയും അതിന്റെ ഇനങ്ങളും

നിർവചനവും മതവിധിയും

1. നിർവചനം: الزيادة (വർധന) എന്നതാണ് രിബായുടെ ഭാഷാർഥം. കൈമാറ്റം ചെയ്യപ്പെടുന്ന ഒരേ വർഗത്തിൽപെട്ട രണ്ടു വസ്തുക്കളിലൊന്നിൽ വർധനവ് വരുത്തുക; വർധനവിനു പകരമൊന്നും നൽകാതെ. ഇതാണ് പലിശയുടെ സാങ്കേതിക ഭാഷ്യം.

2. മതവിധി: പലിശ ഹറാമാണെന്നത് വിശുദ്ധ ക്വുർആനിലുണ്ട്:

وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰ

കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. (ഖു൪ആന്‍:2/275)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയിൽ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങൾ (യഥാർഥ) വിശ്വാസികളാണെങ്കിൽ. (ഖു൪ആന്‍:2/278)

പലിശയിടപാടുകാരന് അതിശക്തമായ ഭീഷണിയാണ് അല്ലാഹു നൽകിയിരിക്കുന്നത്. അല്ലാഹു പറഞ്ഞു:

ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ

പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. (ഖു൪ആന്‍:2/275)

അഥവാ പുനരത്ഥാനനാളിൽ അവർ അവരുടെ ക്വബ്‌റുകളിൽനിന്ന് പൈശാചിക ബാധയുള്ളവൻ എഴുന്നേൽക്കുന്നതുപോലെ മാത്രമാണ് എഴുന്നേൽക്കുക. അതാകട്ടെ ഭൗതികലോകത്ത് പലിശ തിന്നതുകാരണത്താൽ അവരുടെ കുടവയർ വീർത്തതിനാലാണ്.

അല്ലാഹുവിന്റെ തിരുദൂതർﷺ പലിശയെ വൻപാപങ്ങളിൽ എണ്ണുകയും പലിശയുമായി ബന്ധപ്പെടുന്നവർ ഏത് അവസ്ഥയിലാണെങ്കിലും അവരെയെല്ലാം ശപിക്കുകയും ചെയ്തിരിക്കുന്നു.

عن جابر – رضي الله عنه – قال: لعن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – آكل الربا، وموكله، وكاتبه، وشاهديه، وقال: هم سواء.

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  അദ്ദേഹം പറഞ്ഞു:പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും എഴുതുന്നവനെയും സാക്ഷികളെയും തിരുദൂതർﷺ ശപിച്ചിരിക്കുന്നു. അവിടുന്ന് പറഞ്ഞു: “അവർ തുല്യരാണ്.’’ (മുസ്ലിം)

പലിശ നിഷിദ്ധമെന്നതിൽ മുസ്‌ലിം സമുദായം ഏകാഭിപ്രായക്കാരാണ്.

പലിശ നിഷിദ്ധം ആക്കിയതിലെ യുക്തി

സ്വാർത്ഥത കാണിക്കുവാനും സ്വത്ത് വാരിക്കുട്ടുവാൻ ആസക്തി കാണിക്കുവാനും അന്യായമായ മാർഗങ്ങളിൽ സ്വത്ത് നേടുവാനും പലിശയിടപാട് പ്രേരിപ്പിക്കും. അത് നിഷിദ്ധമാക്കുന്നതിൽ അടിയാറുകളോടുള്ള കാരുണ്യമാണുള്ളത്. കാരണം പകരമൊന്നുമില്ലാതെ അന്യരുടെ സ്വത്ത് കൈക്കലാക്കലാണ് പലിശയിലുള്ളത്. പലിശപ്പണക്കാരൻ ജനങ്ങളുടെ സ്വത്ത് ഭുജിക്കുന്നു. ജനങ്ങളാകട്ടെ യാതൊന്നും പകരമായി നേടുന്നുമില്ല. അതുപോലെ സാധുക്കളുടെ സ്വത്തുകൾ തട്ടിയെടുത്ത് അതിലൂടെ സ്വത്തുകൾ പെരുകുവാനും കുന്നുകൂടുവാനും അവൻ പണിയെടുക്കുന്നു. അലസത, ഉണർവില്ലായ്മ, ഉപകാരപ്രദവും അനുവദനീയവുമായ സമ്പാദ്യങ്ങൾക്കുവേണ്ടി ജോലി ചെയ്യാതിരിക്കൽ എന്നിവ പലിശക്കാരനെ പലിശ ശീലിപ്പിക്കുന്നു.

ജനങ്ങൾക്കിടയിലുള്ള നന്മയെ ഇല്ലാതാക്കലും ഉത്തമമായ കടമിടപാടിന്റെ കവാടം കൊട്ടിയടക്കലും സമൂഹത്തിന്റെയും നാടിന്റെയും സമ്പദ്ഘടന പലിശപ്പണക്കാരുടെ നിയന്ത്രണത്തിലാക്കലുമാണ് പലിശയിടപാടിലൂടെ ഉണ്ടായിത്തീരുന്നത്. അല്ലാഹുവിനോടുള്ള കൊടിയ ധിക്കാരമത്രെ പലിശ. പലിശക്കാരന്റെ പണം എത്ര പെരുകിയാലും അതിന്റെ ബറകത്ത് അല്ലാഹു കെടുത്തും. അവനതിൽ അനുഗ്രഹവർഷം നടത്തില്ല. അല്ലാഹു പറഞ്ഞു:

يَمْحَقُ ٱللَّهُ ٱلرِّبَوٰا۟ وَيُرْبِى ٱلصَّدَقَٰتِ

അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധർമങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. (ഖു൪ആന്‍:2/276)

പലിശയുടെ ഇനങ്ങൾ

1. രിബൽഫദ്വ‌്‌ൽ (അധിക പലിശ)

കൈമാറ്റം ചെയ്യപ്പെടുന്ന ഒരേ വർഗത്തിൽപെട്ട രണ്ടു വസ്ത്തുക്കളിൽ ഒന്നിൽ വർധനവുണ്ടാക്കലാണത്.

ഉദാഹരണം: ഒരു വ്യക്തി മറ്റൊരാളിൽനിന്ന് ആയിരം സ്വാഅ് ഗോതമ്പ് ആയിരത്തി ഇരുന്നൂറ് സ്വാഅ് ഗോതമ്പിനു പകരമായി വാങ്ങുക. ഇടപാടുകാർ രണ്ടുപേരും ഉടമ്പടി നടന്നേടത്തുവെച്ചു തന്നെയാണ് ഗോതമ്പ് അന്യോന്യം ഏറ്റുവാങ്ങുന്നത്. എന്നാൽ കൂടുതലുള്ള ഇരുന്നൂറ് സ്വാഅ് ഗോതമ്പിന് പകരമായി യാതൊന്നുമില്ല. അത് അധിക പലിശയാകുന്നു.

രിബൽഫദ്വ്‌ലിന്റെ മതവിധി: ആറ് വസ്തുക്കളിലുള്ള രിബൽഫദ്വ്‌ലിനെ (അധികപലിശ) ഇസ്‌ലാമിക ശരീഅത്ത് നിഷിദ്ധമാക്കി. സ്വർണം, വെള്ളി, ഗോതമ്പ്, ബാർലി, കാരക്ക, ഉപ്പ് എന്നിവയാണ് അവ. ഈ ആറു വസ്തുക്കളിലൊന്ന് അതേവർഗത്തിൽ പെട്ടതുകൊണ്ടു വിറ്റാൽ അധികമാകലും അവയ്ക്കിടയിൽ ഏറ്റക്കുറച്ചിലും നിഷിദ്ധമാകുന്നു.

عن أبي سعيد الخدري – رضي الله عنه – أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: الذهب بالذهب، والفضة بالفضة، والبُرُّ بالبر، والشعير بالشعير، والتمر بالتمر، والملح بالملح، مثلاً بمثل، يداً بيد، فمن زاد أو استزاد فقد أربى، الآخذ والمعطي سواء.

അബൂസഈദിൽ ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർണവും സ്വർണവുമായോ, വെള്ളിയും വെള്ളിയും തമ്മിലോ, ഗോതമ്പും ഗോതമ്പും തമ്മിലോ, ബാർലിയും ബാർലിയുമായോ, ഈത്തപ്പഴവും ഈത്തപ്പഴവും തമ്മിലോ, ഉപ്പും ഉപ്പും തമ്മിലോ തുല്യഗണമായും റൊക്കമായുമാണ് കൈമാറേണ്ടത്. ആരെങ്കിലും കൂടുതൽ കൊടുക്കുകയോ കൂടുതൽ ആവശ്യപ്പെടുകയോ ചെയ്താൽ അവൻ പലിശ സ്വീകരിച്ചു. സ്വീകരിച്ചവനും നൽകിയവനും തുല്യമാണ്. (ബുഖാരി, മുസ്ലിം)

പലിശ കവരുവാനുള്ള കാരണത്തിൽ പങ്കാളിയായ വസ്തുക്കളും ഈ ആറു വസ്തുക്കളോട് ക്വിയാസ് (സാധർമ്യം) ചെയ്തുകൊണ്ട് അവയിലെ ഏറ്റക്കുറച്ചിലും ഹറാമാക്കപ്പെടും.

ഈ ആറു വസ്തുക്കളിലെ കൈമാറ്റത്തിൽ പലിശയുടെ ഇല്ലത്ത് (കാരണം) അളവും തൂക്കവുമാണ്. അതിനാൽ അളക്കപ്പെടുകയും തൂക്കപ്പെടുകയും ചെയ്യപ്പെടുന്ന എല്ലാ വസ്തുക്കളും കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഏറ്റക്കുറച്ചിൽ നിഷിദ്ധമാകുന്നു.

2: രിബന്നസീഅഃ (അവധിപ്പലിശ)

പകരമാക്കപ്പെടുന്ന രണ്ടു വസ്തുക്കളിലൊന്നിൽ കൊടുത്തുതീർക്കുവാൻ കൂടുതൽ അവധി ലഭിക്കുന്നതിനു പകരമായി വസ്തുവിൽ വർദ്ധനവുണ്ടാക്കലും അല്ലെങ്കിൽ റിബൽഫദ്വ്‌ലിന്റെ കാരണമൊത്ത രണ്ടു വർഗങ്ങൾ (അവയിലൊന്ന് കാശല്ല) തമ്മിലുള്ള കൈമാറ്റക്കച്ചവടത്തിൽ ഏറ്റുവാങ്ങുന്നത് റൊക്കമല്ലാതെ പിന്തിപ്പിക്കലും രിബന്നസീഅഃയാണ്.

ഉദാഹരണം: ഒരു വ്യക്തി ആയിരം സ്വാഅ് ഗോതമ്പ് ആയിരത്തി ഇരുന്നൂറ് സ്വാഅ് ഗോതമ്പിന് ഒരു വർഷത്തേക്ക് വിൽക്കുക. അപ്പോൾ അവധി നീട്ടിയതിനു പകരമായാണ് വർദ്ധനവ്. അല്ലെങ്കിൽ ഒരു കിലോ ഗോതമ്പ് ഒരു കിലോ ബാർലിക്ക് വിൽക്കുകയും അത് റൊക്കം വാങ്ങാതിരിക്കുകയും ചെയ്യുക.

മതവിധി: രിബന്നസീഅഃ ഹറാമാകുന്നു. കാരണം വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും പലിശയെ ഹറാമാക്കിയും അതുകൊണ്ടുള്ള ഇടപാടിനെകുറിച്ചു താക്കീതു നൽകുന്നതുമായ പ്രമാണ വചനങ്ങളിൽ ഈ തരം പലിശ പ്രഥമമായും ഉൾപ്പെടുന്നു. ജാഹിലിയ്യത്തിൽ അറിയപ്പെട്ട പലിശ ഇതായിരുന്നു. ഈ കാലഘട്ടത്തിൽ ബാങ്കുകൾ കൈകാര്യം ചെയ്യുന്നതും ഈ തരം പലിശയാണ്.

عن أبي سعيد الخدري – رضي الله عنه – قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -بعد أن ذكر الذهب والفضة-: (ولا تبيعوا منها غائباً بناجز) والناجز: الحاضر.

അബൂസ ഈദിൽ ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: സ്വർണത്തെ കുറിച്ചും വെള്ളിയെ കുറിച്ചും പറഞ്ഞശേഷം തിരുനബിﷺ പറഞ്ഞു: “സ്വർണവും വെള്ളിയും റൊക്കവും അവധിയുമായി നിങ്ങൾ കൈമാറ്റം നടത്തരുത്.’’

وفي لفظٍ: ما كان يداً بيد فلا بأس به، وما كان نسيئة فهو ربا

മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: റൊക്കമായതിൽ യാതൊരു കുഴപ്പവുമില്ല. അവധിവെച്ചത് പലിശയാകുന്നു. (മുസ്ലിം)

4. പലിശ, പ്രശ്‌നങ്ങളുടെ ചില രൂപങ്ങൾ

താഴെ വരുന്ന അടിസ്ഥാനതത്ത്വവും അതുൾക്കൊണ്ട ആശയവും പ്രയോഗവൽക്കരിക്കുന്നതിലൂടെ ഒരു ഇടപാടിന്റെ മസ്അലഃ പലിശയിലധിഷ്ഠിതമാണോ അതല്ല അത് അനുവദനീയമായ രീതിയാണോ എന്നതു വ്യക്തമാകും. പ്രസ്തുത അടിസ്ഥാന തത്ത്വം:

പലിശയുടെ കാരണമൊത്ത ഒരേ വർഗത്തിൽപെട്ട രണ്ടു വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെടുകയായാൽ അതിനു രണ്ടു നിബന്ധനകളുണ്ട്:

1. സദസ്സ് പിരിയുന്നതിനുമുമ്പ് ഇടപാടുകാർ സാധനം റൊക്കമായി ഏറ്റുവാങ്ങുക.

2. മതപരമായ അനുപാതത്തിൽ അളക്കപ്പെടുന്നത് അളന്നുകൊണ്ടും തൂക്കപ്പെടുന്നത് തൂക്കിക്കൊണ്ടും രണ്ടും ഒരേ അളവിലും തൂക്കത്തിലുമായിരിക്കുക.

എന്നാൽ ഈ ആറ് ഇനങ്ങളിൽ ഒരേ വർഗത്തിൽ പെടാത്തവ അന്യോന്യം കൈമാറ്റം ചെയ്യപ്പെടുമ്പോൾ അതിനൊരു ശർത്വുണ്ട്. സദസ്സ് പിരിയുന്നതിനു മുമ്പ് സാധനം റൊക്കമായി കൈകൊള്ളുക എന്നതാണത്. എന്നാൽ രണ്ടും തുല്യ ഗണത്തിലായിരിക്കുക എന്നത് ശർത്വല്ല. പലിശ വരുന്ന ഈ വർഗങ്ങൾ പലിശ വരാത്തവയുമായി കച്ചവടം ചെയ്യുമ്പോൾ ഏറ്റക്കുറച്ചിലും സാധനം ഏറ്റുവാങ്ങുന്നതിനു മുമ്പ് പിരിയലും അനുവദനീയമാകുന്നു.

ഏതാനും കച്ചവട രീതികളും മതവിധികളും:

1. നൂറു ഗ്രാം സ്വർണം നൂറു ഗ്രാം സ്വർണവുമായി കൈമാറ്റം ചെയ്തു; ഒരു മാസത്തിനു ശേഷം തരാമെന്ന അടിസ്ഥാനത്തിൽ. ഇത് ഹറാമും പലിശയുമാകുന്നു. കാരണം ഇടപാടുകാർ സദസ്സിൽ വെച്ച് സാധനം റൊക്കമായി ഏറ്റുവാങ്ങുന്നില്ല.

2. ഒരു കിലോ ഗോതമ്പുകൊണ്ട് ഒരു കിലോ ബാർലി വാങ്ങിച്ചു. വർഗം വ്യത്യസ്തമായതിനാൽ ഇത് അനുവദനീയമാകുന്നു. സദസ്സിൽവെച്ച് അന്യോന്യം കൈപ്പറ്റണമെന്നത് ശർത്വുമാകുന്നു

3. ഒരു ആടിനെ നൽകി അമ്പതുകിലോ ഗോതമ്പ് വാങ്ങിയാൽ അത് നിരുപാധികം അനുവദനീയമാകുന്നു; സദസ്സിൽവെച്ച് അന്യോന്യം കൈകൊണ്ടാലും ഇല്ലെങ്കിലും ശരി.

4. നൂറു ഡോളർ നൂറ്റിപ്പത്ത് ഡോളറിനു വിറ്റാൽ അത് അനുവദനീയമല്ല.

5. ഒന്നോ അതിൽ കൂടുതലോ മാസത്തിനു ശേഷം ആയിരത്തി ഇരുന്നൂറ് ഡോളർ തിരിച്ചു തരാം എന്ന നിലയ്ക്ക് ആയിരം ഡോളർ കടം വാങ്ങി. ഇത് അനുവദനീയമല്ല.

6. നൂറു വെള്ളി ദിർഹമുകൾ ഒരു വർഷത്തിനുശേഷം നൽകുമെന്ന നിലയ്ക്ക് പത്തു സ്വർണനാണയങ്ങൾക്ക് കൈമാറ്റം നടത്തി. ഇത് അനുവദനീയമല്ല. കാരണം റൊക്കമായി ഏറ്റുവാങ്ങൽ അനിവാര്യമാണ്.

7. പലിശ ബാങ്കുകളുടെ ഓഹരികൾ വാങ്ങലും വിൽക്കലും അനുവദനീയമല്ല. കാരണം അത് നാണയവും നാണയും തമ്മിൽ തുല്യഗണത്തിലല്ലാതെയും റൊക്കമല്ലാതെയുമുള്ള ഇടപാടിൽ പെട്ടതാണ്.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

 

2 Responses

Leave a Reply

Your email address will not be published. Required fields are marked *