മനുഷ്യൻ ഈ ലോകത്ത് പ്രവർത്തിച്ച മുഴുവൻ കാര്യങ്ങളും വളരെ വ്യക്തമായി രേഖപ്പെടുത്തുണ്ട്. അവന്റെ ഒരു വാക്കും പ്രവൃത്തിയും അവരുടെ രേഖയില്‍നിന്ന് വിട്ടുപോവുകയില്ല.
إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ ﴿١٧﴾ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ﴿١٨﴾
വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. (ഖുർആൻ:50/17-18)
മനുഷ്യന്റെ ഓരോ ചെയ്തിയും – അതെത്ര നിസ്സാരമായാലും ശരി – അവര്‍ എഴുതിയെടുത്ത് ആ രേഖയില്‍ സൂക്ഷിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:
وَإِنَّ عَلَيْكُمْ لَحَٰفِظِينَ ﴿١٠﴾ كِرَامًا كَٰتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. (ഖുർആൻ:82/10-12).
ഖിയാമത്ത് നാളില്‍ മനുഷ്യൻ പ്രവർത്തിച്ച മുഴുവൻ കാര്യങ്ങളും അടങ്ങിയിട്ടുള്ള കർമ്മരേഖ അവന് നൽകപ്പെടും. അതിൽ യാതൊന്നും വിട്ടു പോകുകയോ ചെയ്യാത്തത് രേഖപ്പെടുത്തി നൽകപ്പെടുകയോ ചെയ്യില്ല. ഓരോരുത്തരുടെയും പ്രവർത്തനങ്ങളുടെ പ്രതിഫലം ലഭിക്കുവാനായി അവരെ ക്ഷണിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് സാക്ഷിയായി കർമ്മരേഖകൾ നൽകുകയും ചെയ്യുന്നു.
وَأَشْرَقَتِ ٱلْأَرْضُ بِنُورِ رَبِّهَا وَوُضِعَ ٱلْكِتَٰبُ وَجِا۟ىٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِىَ بَيْنَهُم بِٱلْحَقِّ وَهُمْ لَا يُظْلَمُونَ
ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല. (ഖുർആൻ:39/69)
وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴿٢٨﴾ هَٰذَا كِتَٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ ﴿٢٩﴾
(അന്ന്) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.) ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു. (ഖുർആൻ:45/28-29)
നിന്റെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ കർമ്മരേഖ നീ തന്നെ വായിക്കുക എന്ന് അവനോട് പറയപ്പെടും. അതില്‍ എല്ലാം അവന് വ്യക്തമായി രേഖപ്പെടുത്തി കാണാവുന്നതായിരിക്കും. അത് കാണുമ്പോള്‍, തന്റെ ഗുണദോഷങ്ങളെയും, രക്ഷാശിക്ഷകളെയും, നേട്ടകോട്ടങ്ങളെയും കുറിച്ചു ഓരോരുത്തര്‍ക്കും ശരിക്കും വ്യക്തമാകുന്നതാണ്.
وَكُلَّ إِنسَٰنٍ أَلْزَمْنَٰهُ طَٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَٰمَةِ كِتَٰبًا يَلْقَىٰهُ مَنشُورًا ﴿١٣﴾ ٱقْرَأْ كِتَٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾
ഓരോ മനുഷ്യനും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും) (ഖുർആൻ:17/13-14)
ഈ രേഖയിൽ ഒന്നുംതന്നെ വിട്ടു പോകുകയില്ല. എല്ലാം വളരെ കൃത്യമായി, ചെറുതും വലുതുമായ മുഴുവൻ കാര്യങ്ങളും യാതൊരു അക്രമവും കൂടാതെ രേഖപ്പെടുത്തുന്നതാണ്.
وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيْلَتَنَا مَالِ هَٰذَا ٱلْكِتَٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا
(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല. (ഖുർആൻ:18/49)
സത്യവിശ്വാസികൾക്ക് വലത് കൈയ്യിലും സത്യനിഷേധികൾക്ക് ഇടത് കൈയ്യിലുമാണ് രേഖ നൽകുക. വലത് കൈയ്യിൽ ആർക്കാണോ രേഖ ലഭിക്കുന്നത് അവൻ വിജയിച്ചു. ആർക്കാണോ ഇടത് കൈയ്യിൽ അത് ലഭിക്കുന്നത് അവൻ തീരാ നഷ്ടത്തിലായിരിക്കും അകപ്പെടുക.
فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَٰبِيَهْ ﴿١٩﴾ إِنِّى ظَنَنتُ أَنِّى مُلَٰقٍ حِسَابِيَهْ ﴿٢٠﴾ فَهُوَ فِى عِيشَةٍ رَّاضِيَةٍ ﴿٢١﴾
എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്റെ ഗ്രന്ഥം വായിച്ചുനോക്കൂ. തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്. അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു. (ഖുർആൻ:69/19-21)
സജ്ജനങ്ങളായ ഭാഗ്യവാന്മാര്‍ക്ക് അവരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ അവരുടെ വലങ്കൈകളില്‍ കൊടുക്കപ്പെടുന്നു. അത് ലഭിക്കുമ്പോള്‍ അവര്‍ക്ക് അഭിമാനവും സന്തോഷവുമായിരിക്കും. മറ്റുള്ളവര്‍ അത് എടുത്തുവായിച്ചു നോക്കുവാന്‍ അവര്‍ക്ക് ആവേശം തോന്നും. അല്ലാഹുവിന്‍റെ വിചാരണയെ നേരിടേണ്ടിവരുമെന്ന് തങ്ങള്‍ ഇഹത്തില്‍ വെച്ചുതന്നെ ധരിച്ചുവെച്ചിരുന്നു – അഥവാ അതനുസരിച്ച് ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചുപോന്നു – അതുകൊണ്ട് തങ്ങള്‍ രക്ഷപ്പെട്ടു എന്നൊക്കെ അവര്‍ കൃതാര്‍ത്ഥരായിത്തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ പ്രീതിയെ ഉന്നംവെച്ച് ജീവിച്ചു വന്ന അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമോ? അവരുടെ ഇഷ്ടാനുസരണം സര്‍വ്വ സ്വതന്ത്രമായി ശാശ്വതവിഹാരം കൊള്ളാവുന്ന ഉന്നത സ്വര്‍ഗവും! . (അമാനി തഫ്സീ൪ – ഖു൪ആന്‍ : 69/19-21 ന്റെ വിശദീകരണം)
وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيْتَنِى لَمْ أُوتَ كِتَٰبِيَهْ ﴿٢٥﴾ وَلَمْ أَدْرِ مَا حِسَابِيَهْ ﴿٢٦﴾ يَٰلَيْتَهَا كَانَتِ ٱلْقَاضِيَةَ ﴿٢٧﴾ مَآ أَغْنَىٰ عَنِّى مَالِيَهْ ۜ ﴿٢٨﴾ هَلَكَ عَنِّى سُلْطَٰنِيَهْ ﴿٢٩﴾
എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍, എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.) അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!) എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. (ഖുർആൻ:69/25-29)
കുറ്റവാളികളുടെ കര്‍മരേഖയാകുന്ന ഗ്രന്ഥം അവരുടെ ഇടങ്കയ്യിലായിരിക്കും കൊടുക്കപ്പെടുക. അപ്പോള്‍ അവര്‍ അങ്ങേയറ്റം ഖേദത്തിലും നിരാശയിലുമായിത്തീരുന്നു. ‘അയ്യോ! ഈ ഗ്രന്ഥം കിട്ടിയിരുന്നില്ലെങ്കില്‍! അയ്യോ! വിചാരണ അനുഭവിക്കേണ്ടി വന്നിരുന്നില്ലെങ്കില്‍! ആ മരണത്തോടുകൂടി എല്ലാം കഴിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായേനെ! അയ്യോ! എന്‍റെ സ്വത്തും സമ്പത്തും ഒന്നും എനിക്ക് ഉപകരിച്ചില്ലല്ലോ! അയ്യോ! എനിക്കിവിടെ ഒരു കഴിവും സ്വാധീനവും ഇല്ലാതായല്ലോ! എന്നൊക്കെ പറഞ്ഞ് അവര്‍ വിലപിച്ചുകൊണ്ടിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 69/25-29 ന്റെ വിശദീകരണം)
ഓരോ വിഭാഗത്തിന്റെയും രേഖകളെ സംബന്ധിച്ച് അല്ലാഹു പറയുന്നു:
كـَلَّآ إِنَّ كِتَٰبَ ٱلْفُجَّارِ لَفِى سِجِّينٍ ﴿٧﴾ وَمَآ أَدْرَىٰكَ مَا سِجِّينٌ ﴿٨﴾ كِتَٰبٌ مَّرْقُومٌ ﴿٩﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿١٠﴾ ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ ﴿١١﴾
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും. സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്. അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം. അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്. (ഖുർആൻ:83/7-11)
كـَلَّآ إِنَّ كِتَٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ ﴿١٨﴾ وَمَآ أَدْرَىٰكَ مَا عِلِّيُّونَ ﴿١٩﴾ كِتَٰبٌ مَّرْقُومٌ ﴿٢٠﴾ يَشْهَدُهُ ٱلْمُقَرَّبُونَ ﴿٢١﴾
നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും. ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? എഴുതപ്പെട്ട ഒരു രേഖയത്രെ അത്. സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്. (ഖുർആൻ:83/18-21)
عَنْ عَائِشَةَ، : أَنَّهَا ذَكَرَتِ النَّارَ فَبَكَتْ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : ” مَا يُبْكِيكِ ” . قَالَتْ : ذَكَرْتُ النَّارَ فَبَكَيْتُ، فَهَلْ تَذْكُرُونَ أَهْلِيكُمْ يَوْمَ الْقِيَامَةِ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ” أَمَّا فِي ثَلاَثَةِ مَوَاطِنَ فَلاَ يَذْكُرُ أَحَدٌ أَحَدًا : عِنْدَ الْمِيزَانِ حَتَّى يَعْلَمَ أَيَخِفُّ مِيزَانُهُ أَوْ يَثْقُلُ، وَعِنْدَ الْكِتَابِ حِينَ يُقَالُ { هَاؤُمُ اقْرَءُوا كِتَابِيَهْ } حَتَّى يَعْلَمَ أَيْنَ يَقَعُ كِتَابُهُ أَفِي يَمِينِهِ أَمْ فِي شِمَالِهِ أَمْ مِنْ وَرَاءِ ظَهْرِهِ، وَعِنْدَ الصِّرَاطِ إِذَا وُضِعَ بَيْنَ ظَهْرَىْ جَهَنَّمَ ” .
ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:അവർ നരകത്തെക്കുറിച്ച് ചിന്തിച്ച് കരഞ്ഞു. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു: നിന്നെ കരയിപ്പിക്കുന്നതെന്താണ്? അവർ മറുപടി പറഞ്ഞു: ഞാൻ നരകത്തെക്കുറിച്ച് ഓർത്ത് കരഞ്ഞതാണ്. അന്ത്യനാളിൽ അങ്ങ് അങ്ങയുടെ കുടുംബത്തെ ഓർക്കുമോ? നബി ﷺ പറഞ്ഞു: ആരും ആരെയും ഓർക്കാത്ത മൂന്ന് സ്ഥലങ്ങളുണ്ട്:(ഒന്ന്) തുലാസിന്റെ അടുക്കൽ വെച്ച് ഘനം കുറഞ്ഞതോ കൂടിയതോ എന്ന് അറിയുന്നതുവരെ. (രണ്ട്) ഗ്രന്ഥം നൽകുന്ന വേള ഇങ്ങനെ പറയുന്ന സന്ദർഭത്തിൽ: ‘ഇതാ എന്റെ ഗ്രന്ഥം വായിച്ചു നോക്കൂ’ എന്ന് പറയപ്പെടുന്ന സന്ദർഭത്തിൽ, തന്റെ ഗ്രന്ഥം വലതു കൈയ്യിലാണോ ഇടതു കൈയ്യിലാണോ അതല്ലെങ്കിൽ പിന്നിലൂടെയാണോ ലഭിക്കുമെന്ന് അറിയപ്പെടുന്നത് വരെയും. (മൂന്ന്) നരകത്തിന് മുകളിൽ പാലം നാട്ടുമ്പോൾ (സ്വിറാത്വ്) ആ പാലത്തിന്റെ അടുത്ത് വെച്ചും (ഓർക്കുകയില്ല). (അബൂദാവൂദ്:4755)
ആരുടെ കർമ്മരേഖയാണോ വലത് കൈയ്യിൽ ലഭിക്കുന്നത് അവന് എളുപ്പമുള്ള വിചാരണയായിരിക്കും നേരിടേണ്ടി വരിക. എന്നാൽ ആരുടെ കർമ്മരേഖയാണോ മുതുകിന് പിറകിലൂടെ ലഭിക്കുന്നത് അവൻ വളരെ പ്രയാസകരമായ വിചാരണയെ നേരിടുകയും നരകത്തിൽ പതിക്കുകയും ചെയ്യേണ്ടിവരും.
فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ ﴿٧﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴿٨﴾ وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا ﴿٩﴾ وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ وَرَآءَ ظَهْرِهِۦ ﴿١٠﴾ فَسَوْفَ يَدْعُوا۟ ثُبُورًا ﴿١١﴾ وَيَصْلَىٰ سَعِيرًا ﴿١٢﴾
എന്നാല്‍ (പരലോകത്ത്) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ, അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്. അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും. എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവന്‍ നാശമേ എന്ന് നിലവിളിക്കുകയും, ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും. (ഖുർആൻ:84/7-12)
സത്യവിശ്വാസികൾ അവരുടെ രേഖ വാങ്ങിയതിനു ശേഷം അല്ലാഹു അവരെ ചെറിയ രൂപത്തിൽ വിചാരണ ചെയ്യുകയും അവരുടെ പാപങ്ങൾ അവർക്ക് പൊറുത്തു കൊടുക്കുകയും അവരുടെ തിന്മകൾ മായ്ച്ചു കളയുകയും നന്മയുടെ രേഖ അവർക്ക് നൽകുകയും ചെയ്യും.
عَنْ عَائِشَةَ، : أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” لَيْسَ أَحَدٌ يُحَاسَبُ يَوْمَ الْقِيَامَةِ إِلاَّ هَلَكَ ”. فَقُلْتُ يَا رَسُولَ اللَّهِ أَلَيْسَ قَدْ قَالَ اللَّهُ تَعَالَى {فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ – فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا} فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّمَا ذَلِكِ الْعَرْضُ، وَلَيْسَ أَحَدٌ يُنَاقَشُ الْحِسَابَ يَوْمَ الْقِيَامَةِ إِلاَّ عُذِّبَ ”.
ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഖിയാമത്തു നാളില്‍ വിചാരണക്ക് വിധേയരാകുന്ന ആരും നാശത്തിലകപ്പെടാതിരിക്കയില്ല’ ഞാന്‍ ചോദിച്ചു: അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടില്ലേ:{എന്നാല്‍ ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ, അവന്‍ ലഘുവായ വിചാരണയ്ക്ക് മാത്രം വിധേയനാകുന്നതാണ്} അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അത് കര്‍മ്മങ്ങളെ കാട്ടിക്കൊടുക്കല്‍ മാത്രമാകുന്നു. ആര്‍ കര്‍ശനമായ വിചാരണക്കു വിധേയരാകുന്നുവോ അവന്‍ ശിക്ഷിക്കപ്പെടുന്നതാണ്. (ബുഖാരി:6537)
عَنْ صَفْوَانَ بْنِ مُحْرِزٍ الْمَازِنِيِّ، قَالَ بَيْنَمَا أَنَا أَمْشِي، مَعَ ابْنِ عُمَرَ ـ رضى الله عنهما ـ آخِذٌ بِيَدِهِ إِذْ عَرَضَ رَجُلٌ، فَقَالَ كَيْفَ سَمِعْتَ رَسُولَ اللَّهِ صلى الله عليه وسلم فِي النَّجْوَى فَقَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ إِنَّ اللَّهَ يُدْنِي الْمُؤْمِنَ فَيَضَعُ عَلَيْهِ كَنَفَهُ، وَيَسْتُرُهُ فَيَقُولُ أَتَعْرِفُ ذَنْبَ كَذَا أَتَعْرِفُ ذَنْبَ كَذَا فَيَقُولُ نَعَمْ أَىْ رَبِّ. حَتَّى إِذَا قَرَّرَهُ بِذُنُوبِهِ وَرَأَى فِي نَفْسِهِ أَنَّهُ هَلَكَ قَالَ سَتَرْتُهَا عَلَيْكَ فِي الدُّنْيَا، وَأَنَا أَغْفِرُهَا لَكَ الْيَوْمَ. فَيُعْطَى كِتَابَ حَسَنَاتِهِ، وَأَمَّا الْكَافِرُ وَالْمُنَافِقُونَ فَيَقُولُ الأَشْهَادُ هَؤُلاَءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ، أَلاَ لَعْنَةُ اللَّهِ عَلَى الظَّالِمِينَ ”.
സഫ്വാൻ ബ്നു മുഹ്‌രിസ് അൽ മാസിനി رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കൈപിടിച്ച് ഞാൻ നടക്കുമ്പോൾ ഒരാൾ ഞങ്ങളുടെ മുന്നിലേക്ക് വന്ന് ചോദിച്ചു: “അന്നജ്‌വയെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് നിങ്ങൾ എന്താണ് കേട്ടത്?” ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു; അല്ലാഹു സത്യവിശ്വാസിയെ തന്റെയടുത്തേക്ക് അടുപ്പിക്കും, എന്നിട്ട് അവനെ സംരക്ഷിക്കുകയും മറച്ചു പിടിക്കുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: ‘നീ ചെയ്ത ഇന്ന പാപത്തെക്കുറിച്ച് അറിയാമോ? ഇന്ന പാപത്തെക്കുറിച്ച് അറിയാമോ?’ അപ്പോൾ അയാൾ പറയും: അതെ, എന്റെ രക്ഷിതാവേ. അങ്ങിനെ തന്റെ കുറ്റങ്ങൾ അയാൾക്ക് ബോദ്ധ്യപ്പെടുകയും, താൻ നശിച്ചുപോയിയെന്ന് അയാളുടെ മനസ്സിൽ തോന്നുകയും ചെയ്താൽ അല്ലാഹു പറയും: ഇഹലോകജീവിതത്തിൽ(ആ തെറ്റുകൾ) ഞാൻ മറച്ചുവെച്ചിരുന്നു. ഇന്ന് നിനക്ക് ഞാനവ പൊറുത്തുതന്നിരിക്കുന്നു. അങ്ങനെ അയാളുടെ നന്മകളുടെ രേഖ അയാൾക്ക് നൽകപ്പെടുന്നു. എന്നാൽ അവിശ്വാസിയുടെയും കപട വിശ്വാസിയുടെയും സ്ഥിതി (നേരെ മറിച്ചാണ്). ‘അവരെക്കുറിച്ച് സാക്ഷികൾ പറയും, ഇവരാകുന്നു തങ്ങളുടെ റബ്ബിന്റെ പേരിൽ കള്ളം പറഞ്ഞവർ. അറിയുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേൽ ഉണ്ടായിരിക്കുന്നതാണ് ( ഖു൪ആന്‍:11/18).(ബുഖാരി: 2441)
യാതൊരുവിധ സാക്ഷിയുടെയോ, രേഖയുടെയോ സഹായം കൂടാതെത്തന്നെ, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സസൂക്ഷ്‌മം അറിയുന്നവനാണ് അല്ലാഹു. എന്നിരുന്നാലും ഓരോരുത്തരെയും സംബന്ധിക്കുന്ന വിഷയങ്ങൾ തെളിവുകളും സാക്ഷികളും മുഖേന സ്ഥാപിച്ചു അവരവരെ ബോധ്യപ്പെടുത്തി – അണുത്തൂക്കം അനീതിയോ അഴിമതിയോ ഇല്ലാതെ – ശരിക്കു ശരിയായി വിധി നടത്തി തീരുമാനമെടുക്കുന്നതാണ്. അതിനാണ് ഇപ്രകാരമൊക്കെ ചെയ്യുന്നത്.
عَنْ عَدِيِّ بْنِ حَاتِمٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْكُمْ أَحَدٌ إِلاَّ سَيُكَلِّمُهُ رَبُّهُ، لَيْسَ بَيْنَهُ وَبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ مِنْ عَمَلِهِ، وَيَنْظُرُ أَشْأَمَ مِنْهُ فَلاَ يَرَى إِلاَّ مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلاَ يَرَى إِلاَّ النَّارَ تِلْقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ
അദിയ്യ്ബ്നു ഹാതിം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാളുമില്ല, അവനോട് അല്ലാഹു സംസാരിക്കാതെ. അവനും അല്ലാഹുവിനും ഇടയില്‍ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാള്‍ തന്റെ വലത് ഭാഗത്തേക്ക് നോക്കും. താന്‍ കാലേകൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അയാള്‍ തന്റെ ഇടത്ത് ഭാഗത്തേക്ക് നോക്കും. അപ്പോഴും താന്‍ തനിക്ക് മുന്‍കൂട്ടി ചെയ്തതല്ലാതെ അയാള്‍ യാതൊന്നും കാണില്ല. അപ്പോള്‍ അയാള്‍ തന്റെ മുന്നിലേക്ക് നോക്കും. തന്റെ മുന്നില്‍ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാല്‍ ഒരു കാരക്കക്കീറ് ധർമ്മം ചെയ്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ കാക്കുക. (ബുഖാരി:7512)
kanzululoom.com