റമദാനിലെ അവസാന ദിനങ്ങളും കർമ്മങ്ങളിലെ ആലസ്യവും

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَصَلَّى اللَّهُ وَسَلَّمَ عَلَى عَبْدِهِ وَرَسُولِهِ مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ:

മനുഷ്യപ്രകൃതത്തിന്റെ സവിശേഷതകളിൽ പെട്ടതാണ് അവന് മടുപ്പും വിരസതയും ആലസ്യവും ബാധിക്കുന്നു എന്നത്. ഇഹലോകത്തോ പരലോകത്തോ ഉപകാരപ്രദമായ ഏതൊരു കാര്യത്തിൽ പ്രവേശിച്ചാലും, കുറച്ചു കഴിയുമ്പോൾ അവന് തന്റെ ശരീരത്തിൽ ഒരുതരം ക്ഷീണവും മടുപ്പും അനുഭവപ്പെടുന്നു. ഇതിന്റെ ഒരു ഭാഗമാണ് പുണ്യകർമ്മങ്ങളുടെ കാലങ്ങളിൽ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നത്. ഇത്തരം പുണ്യവേളകളിൽ ജനങ്ങൾ നന്മകളിലേക്ക് മുന്നിട്ടിറങ്ങുകയും ധാരാളമായി സൽകർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നു. അവരുടെ മനസ്സുകൾ അതിനായി കരുത്താർജ്ജിക്കുന്നു. എന്നാൽ ദിവസങ്ങളും രാത്രികളും കഴിഞ്ഞുപോകുന്നതിനനുസരിച്ച്, അവരുടെ മനസ്സുകൾ ദുർബലമാവുകയും ശരീരങ്ങൾക്ക് ആലസ്യം ബാധിക്കുകയും ചെയ്യുന്നു. ഈ റമദാനിന്റെ അവസാന ദിനങ്ങളിൽ നമ്മിൽ ഒരാൾക്ക് അനുഭവപ്പെടുന്നത് പോലെത്തന്നെയാണിത്. റമദാനിന്റെ മഹത്വവും ശ്രേഷ്ഠതയും എത്ര വലുതാണെങ്കിലും, കടന്നുപോയ ദിവസങ്ങളിലെ കർമ്മങ്ങൾ കാരണം നമ്മിൽ ഓരോരുത്തർക്കും മടുപ്പും വിരസതയും പിടിപെടുന്നു.

ഇത്തരമൊരു സാഹചര്യത്തെ ഒരു വ്യക്തി നേരിടേണ്ടത് ചില കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടാണ്. അവ താഴെ പറയുന്നവയാണ്:

ഒന്നാമതായി: റമദാനിൽ ഇനി അവശേഷിക്കുന്നത് എണ്ണപ്പെട്ട ദിവസങ്ങളിലെ വളരെ കുറഞ്ഞ ദിനങ്ങൾ മാത്രമാണെന്ന് അവൻ തിരിച്ചറിയണം. റമദാനിലെ നോമ്പിന്റെ നിർബന്ധദായീത്വത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ അല്ലാഹു (ﷻ) തന്റെ വചനത്തിൽ ഇപ്രകാരം പറഞ്ഞു:

أَيَّامًا مَّعْدُودَاتٍ

എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. [സൂറത്ത് അൽ-ബഖറ – 184]

ഈ പ്രയോഗം തന്നെ ആ ദിവസങ്ങളുടെ എണ്ണക്കുറവിനെയും അവ വളരെ കുറഞ്ഞ കാലയളവ് മാത്രമാണെന്നും സൂചിപ്പിക്കുന്നു. ആകെ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ മാത്രമുള്ള ആ ചെറിയ കാലയളവിൽ നിന്ന് ഇനി അവശേഷിക്കുന്നത് അഞ്ചോ നാലോ പോലെയുള്ള വളരെ കുറഞ്ഞ ദിനങ്ങൾ മാത്രമാണ്. അതിനാൽ, ഈ കുറഞ്ഞ ദിനങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും, സൽകർമ്മങ്ങൾ ചെയ്യുന്നതിൽ സ്വന്തം മനസ്സിനെ ക്ഷമാപൂർവ്വം ഉറപ്പിച്ചു നിർത്തുന്നതിലും, ധാരാളമായി നന്മകൾ പ്രവർത്തിക്കുന്നതിലും ഒരു വ്യക്തി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കഴിഞ്ഞുപോയ ദിവസങ്ങൾ ഇനി ബാക്കിയുള്ളവയെക്കാൾ വളരെ കൂടുതലാണ്. ഇനി അവശേഷിക്കുന്നത് വളരെ കുറഞ്ഞ ദിനങ്ങൾ മാത്രം. ആ കുറഞ്ഞ ദിനങ്ങളിൽ നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. കടന്നുപോയ എണ്ണപ്പെട്ട ദിനങ്ങളിൽ നിന്ന് ഇനി അവശേഷിക്കുന്നത് വളരെ കുറഞ്ഞ ദിനങ്ങൾ മാത്രമാണെന്ന തിരിച്ചറിവ്, കർമ്മങ്ങളിൽ തുടർന്നും ഏർപ്പെടാൻ മനസ്സിന് കരുത്തുപകരുന്ന ഏറ്റവും വലിയ കാരണമാണ്.

രണ്ടാമതായി: റമദാനിൽ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള വമ്പിച്ച പ്രതിഫലത്തെയും പാപമോചനത്തെയും കുറിച്ച് അടിമ ഓർക്കേണ്ടതുണ്ട്.

നബി (ﷺ) പറഞ്ഞു:

مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

വിശ്വാസത്തോടുകൂടിയും പ്രതിഫലം കാംക്ഷിച്ചുകൊണ്ടും ആരെങ്കിലും റമദാനിൽ വ്രതമനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
[സ്വഹീഹുൽ ബുഖാരി – 38]

മറ്റൊരു ഹദീസിൽ നബി (ﷺ) പറഞ്ഞു:

مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

വിശ്വാസത്തോടുകൂടിയും പ്രതിഫലം കാംക്ഷിച്ചുകൊണ്ടും ആരെങ്കിലും റമദാനിൽ നിന്ന് നമസ്കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
[സ്വഹീഹുൽ ബുഖാരി – 37]

മറ്റൊരു ഹദീസിൽ അവിടുന്ന് (ﷺ) പറഞ്ഞു:

مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

വിശ്വാസത്തോടുകൂടിയും പ്രതിഫലം കാംക്ഷിച്ചുകൊണ്ടും ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നിന്ന് നമസ്കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
[സ്വഹീഹുൽ ബുഖാരി – 1901]

ഇതൊരു വമ്പിച്ച പ്രതിഫലവും മഹത്തായ കൂലിയുമാണ്. അതിനാൽ, ഈ മഹത്തായ പ്രതിഫലം കരസ്ഥമാക്കുമെന്ന പ്രതീക്ഷയോടെ അടിമ തന്റെ മനസ്സിനെ ക്ഷമാപൂർവ്വം ഉറപ്പിച്ചു നിർത്തേണ്ടതുണ്ട്. ഈ പ്രതിഫലം ലഭിക്കണമെങ്കിൽ കർമ്മങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ‘ആരെങ്കിലും റമദാനിൽ വ്രതമനുഷ്ഠിച്ചാൽ’ എന്ന നബി(ﷺ)യുടെ വചനത്തിന്റെ അർത്ഥം വ്രതാനുഷ്ഠാനത്തിന്റെ മാസം പൂർത്തിയാകുമ്പോൾ മാത്രമേ അവസാനിക്കുകയുള്ളൂ. അതുപോലെത്തന്നെയാണ് ‘ആരെങ്കിലും റമദാനിൽ നിന്ന് നമസ്കരിച്ചാൽ’ എന്ന വചനവും; റമദാൻ പൂർത്തിയാകുമ്പോൾ മാത്രമേ റമദാനിലെ നിർത്തം പൂർണ്ണമാവുകയുള്ളൂ.

അതുപോലെത്തന്നെയാണ് ‘ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നിന്ന് നമസ്കരിച്ചാൽ’ എന്ന വചനവും. ലൈലത്തുൽ ഖദർ ഏത് രാത്രിയിലാണെന്ന് അടിമയ്ക്ക് അറിയില്ല. ചിലപ്പോൾ റമദാനിലെ അവസാനത്തെ രാത്രിയായിരിക്കാം ലൈലത്തുൽ ഖദർ. അതിനാൽ, പാപമോചനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഈ കർമ്മങ്ങൾ പൂർത്തീകരിക്കുന്നതിനായി അവൻ തന്റെ ശരീരത്തെ നിർബന്ധിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം, കാരണം അവൻ ആ കർമ്മങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞിട്ടില്ല. അല്ലാഹുവിന്റെ പാപമോചനം ഈ കർമ്മങ്ങൾ പൂർത്തീകരിക്കുന്നതിലൂടെ മാത്രമേ ലഭിക്കുകയുള്ളൂവെന്നും, അതിൽ ഇനി വളരെ കുറച്ചു മാത്രമേ ബാക്കിയുള്ളൂവെന്നും നീ ഓർക്കുമ്പോൾ, അത് കൂടുതൽ കർമ്മങ്ങൾ ചെയ്യാൻ നിന്റെ മനസ്സിന് കരുത്തേകും.

മൂന്നാമതായി: തനിക്ക് എത്രത്തോളം കർമ്മങ്ങൾ ചെയ്യാൻ സാധിച്ചാലും, അല്ലാഹുവിന് നന്ദി കാണിച്ചുകൊണ്ട് ധാരാളമായി കർമ്മങ്ങൾ ചെയ്യാൻ കൽപ്പിക്കപ്പെട്ടവനാണ് താൻ എന്ന് അടിമ തിരിച്ചറിയണം.

നബി (ﷺ) തന്റെ പാദങ്ങൾ വിണ്ടുകീറുന്നതുവരെ രാത്രി നമസ്കരിക്കാറുണ്ടായിരുന്നു. അപ്പോൾ ആയിശ (رَضِيَ اللَّهُ عَنْهَا) ചോദിച്ചു:

يَا رَسُولَ اللَّهِ، لَقَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ

അല്ലാഹുവിന്റെ റസൂലേ, താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം അല്ലാഹു താങ്കൾക്ക് പൊറുത്തുതന്നിട്ടില്ലേ?

അപ്പോൾ അവിടുന്ന് (ﷺ) മറുപടി നൽകി:

يَا عَائِشَةُ أَفَلَا أَكُونُ عَبْدًا شَكُورًا

ആയിശാ, ഞാൻ കൂടുതൽ നന്ദി കാണിക്കുന്ന ഒരു അടിമയാകേണ്ടതില്ലേ?
[സ്വഹീഹുൽ ബുഖാരി – 4837]

അതിനാൽ, അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമാണ്, റമദാനിൽ ഇനി അവശേഷിക്കുന്ന കുറഞ്ഞ ദിനങ്ങളിൽ കൂടുതൽ സൽകർമ്മങ്ങൾ ചെയ്യുന്നതിനായി തന്റെ മനസ്സിനെ ക്ഷമാപൂർവ്വം ഉറപ്പിച്ചു നിർത്തുക എന്നത്. അല്ലാഹുവിന് വേണ്ടി എത്രത്തോളം കർമ്മങ്ങൾ വർദ്ധിപ്പിച്ചാലും, നമ്മൾ അല്ലാഹുവിന് നൽകേണ്ടതായ നന്ദി അതിനേക്കാളെല്ലാം എത്രയോ വലുതാണെന്ന് അവൻ തിരിച്ചറിയണം. അല്ലാഹു (ﷻ) തന്റെ വചനത്തിൽ പറയുന്നു:

ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا

നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെ സന്തതികളേ, തീര്‍ച്ചയായും അദ്ദേഹം (നൂഹ്‌) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു. [സൂറത്ത് അൽ-ഇസ്റാഅ് – 3]

തുടർന്ന് ഈ സന്തതികളെക്കുറിച്ച് അല്ലാഹു (ﷻ) ഇപ്രകാരം പറഞ്ഞു:

وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ

എന്റെ ദാസന്മാരിൽ നന്ദിയുള്ളവർ കുറവാകുന്നു. [സൂറത്ത് സബഅ് – 13]

അതായത്, അല്ലാഹുവിന് അർഹമായ രൂപത്തിൽ നന്ദി കാണിക്കുന്നവർ വളരെ കുറവാണെന്ന് സാരം. അല്ലാഹു (ﷻ) പറയുന്നു:

وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

നിങ്ങൾ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കിൽ അവനോട് നിങ്ങൾ നന്ദികാണിക്കുക. [സൂറത്ത് അൽ-ബഖറ – 172]

അതിനാൽ, നീ അല്ലാഹുവിന്റെ അടിമയാണ് എന്നതിന്റെ യഥാർത്ഥ താത്പര്യം നീ നന്ദിയുള്ളവനായിരിക്കുക എന്നതാണ്. അല്ലാഹുവിനോടുള്ള നന്ദിയുടെ ഭാഗമാണ് റമദാനിൽ ഇനി ബാക്കിയുള്ള ദിവസങ്ങളിൽ കർമ്മങ്ങൾ ചെയ്യാൻ നിന്റെ മനസ്സിനെ ക്ഷമാപൂർവ്വം ഉറപ്പിച്ചു നിർത്തുക എന്നത്. ഇക്കാര്യവും, നിനക്ക് നിർബന്ധമായ നന്ദിബാധ്യതയും നീ ഓർക്കുമ്പോൾ, ബാക്കിയുള്ള ഈ ശ്രേഷ്ഠമായ ദിനങ്ങളിൽ പരിശ്രമിക്കാൻ അത് നിന്റെ മനസ്സിന് കരുത്തുനൽകും.

നാലാമതായി: തന്റെ ആയുസ്സിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചും അത് എപ്പോൾ അവസാനിക്കുമെന്നതിനെക്കുറിച്ചും അടിമ ചിന്തിക്കണം. നമ്മിൽ ഓരോരുത്തർക്കും നമ്മുടെ ആയുസ്സ് അവസാനിക്കുന്നത് എപ്പോഴാണെന്ന് അജ്ഞാതമാണ്. എപ്പോഴാണ് മരണം വന്നെത്തുകയെന്ന് അവനറിയില്ല. ഇനി അവന് ആയുസ്സ് നീട്ടിക്കിട്ടുകയും, അവന് കഴിവ് നൽകപ്പെടുകയും, ഈ റമദാൻ അവന് ലഭിക്കുകയും ചെയ്താൽ തന്നെ, അടുത്ത റമദാൻ വരുമ്പോൾ അവൻ ജീവിച്ചിരിപ്പുണ്ടാകുമോ ഇല്ലയോ എന്ന് അവനറിയില്ല. നമ്മുടെ കൂടെയുണ്ടായിരുന്ന എത്രയോ ആളുകൾ റമദാനിന് ഒന്നോ രണ്ടോ ദിവസം മുമ്പ് മരണപ്പെട്ടുപോയി! റമദാനിൽ തന്നെ അനേകം ആളുകൾ മാസം പൂർത്തിയാക്കാൻ സാധിക്കാതെ മരണപ്പെട്ടിട്ടുണ്ട്.

അല്ലാഹു നിനക്ക് ആയുസ്സ് നീട്ടിത്തരികയും ജീവിക്കാൻ അവസരം നൽകുകയും ചെയ്ത ഈ സാഹചര്യത്തിൽ, മറ്റൊരു റമദാൻ കൂടി നിനക്ക് ലഭിക്കുമോ എന്ന് നിനക്കറിയില്ല. അതിനാൽ, നീ ഇപ്പോൾ റമദാനിലാണെങ്കിൽ, അതിൽ ഏതാനും ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ, നിന്റെ പ്രതിഫലം വർദ്ധിക്കാനും അല്ലാഹുവിന്റെ അടുക്കൽ നീ ശേഖരിച്ചുവെക്കുന്ന സൽകർമ്മങ്ങളുടെ നിക്ഷേപം അധികരിക്കാനും വേണ്ടി, ഈ റമദാനിൽ ബാക്കിയുള്ള ദിനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക എന്നത് പൂർണ്ണമായ മതബോധത്തിന്റെയും തികഞ്ഞ ബുദ്ധിയുടെയും ലക്ഷണമാണ്.

അഞ്ചാമതായി: ക്ഷീണത്തിന്റെയും പരിശ്രമത്തിന്റെയും ബുദ്ധിമുട്ടിന്റെയും പര്യവസാനം എന്തായിരിക്കുമെന്ന് അടിമ ചിന്തിക്കണം. ഒരു മനുഷ്യന് തന്റെ ശരീരത്തിൽ എത്രതന്നെ ക്ഷീണവും ബുദ്ധിമുട്ടും പ്രയാസവും അനുഭവപ്പെട്ടാലും, അന്ത്യനാളിൽ ജനങ്ങൾ അനുഭവിക്കാൻ പോകുന്ന പ്രയാസങ്ങളെക്കുറിച്ച് അവൻ ഓർക്കേണ്ടതുണ്ട്. ഇഹലോകത്ത് വെച്ച് അല്ലാഹുവിന് വേണ്ടി സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയവന്, അല്ലാഹു (ﷻ) പരലോകത്ത് വിശ്രമവും സമാധാനവും നൽകുന്നതാണ്. അന്ത്യനാളിൽ സൂര്യൻ സൃഷ്ടികളിലേക്ക് അടുത്തുവരികയും, അത് ഒരു നാഴിക (മൈൽ) ദൂരത്താവുകയും ചെയ്യും. അപ്പോൾ വിയർപ്പ് അവരെ മൂടിക്കളയും; അതായത് ചൂട് കഠിനമാവുകയും, ഓരോരുത്തരുടെയും കർമ്മങ്ങൾക്കനുസരിച്ച് വിയർപ്പ് അവരെ വിഴുങ്ങുകയും ചെയ്യും. വ്യത്യസ്ത അളവുകളിലായിരിക്കും വിയർപ്പ് അവരെ മൂടുന്നത്. അതിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്കും സാധിക്കുകയില്ല. മറിച്ച്, വിയർപ്പ് അവനുമുകളിലേക്ക് ഉയരുകയും അവനെ കീഴ്പ്പെടുത്തുകയും ചെയ്യും. മഞ്ഞുവീണ് ഒരു വസ്തുവിനെ മൂടുന്നതുപോലെ അത് അവനെ പൊതിയും. അതൊരു അതികഠിനമായ ദിവസമായിരിക്കും. അന്ത്യനാളിനെക്കുറിച്ച് അല്ലാഹു (ﷻ) വിശേഷിപ്പിച്ചത് ‘പ്രയാസകരമായ ദിവസം’ (يَوْمٌ عَسِيرٌ) എന്നാണ്.

ഇഹലോകത്ത് വെച്ച് നീ കഷ്ടപ്പെട്ടാൽ, പരലോകത്ത് ആ കഷ്ടപ്പാടിന് പകരമായി അല്ലാഹു (ﷻ) നിനക്ക് ആശ്വാസം നൽകും എന്ന തിരിച്ചറിവ് നിനക്ക് കാര്യങ്ങൾ എളുപ്പമാക്കിത്തരും. ഒരു ബുദ്ധിമാൻ തന്നെക്കുറിച്ച് മനസ്സിലാക്കുന്നത്, അവൻ മെച്ചപ്പെട്ട ഒരു കാര്യത്തിന് വേണ്ടി മറ്റൊരു കാര്യം സഹിക്കുകയാണെങ്കിൽ, ആ മെച്ചപ്പെട്ടത് നേടാനായി അവൻ നിലവിലുള്ള അവസ്ഥയിൽ കഠിനാധ്വാനം ചെയ്യണമെന്നാണ് യുക്തി ആവശ്യപ്പെടുന്നത് എന്നാണ്. അതിനാൽ, പരലോകത്തെ പ്രതിഫലത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട്, നമ്മിൽ ഓരോരുത്തരും കർമ്മങ്ങളിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കേണ്ടതുണ്ട്. അല്ലാഹുവിന് വേണ്ടി കഷ്ടപ്പെടുന്നവനെ, അന്ത്യനാളിൽ സന്തോഷവും ആനന്ദവും നന്മയും നൽകി അല്ലാഹു (ﷻ) ആദരിക്കുന്നതാണ്.

നമ്മിൽ ഓരോരുത്തരും ഓർമ്മിക്കേണ്ട അഞ്ച് കാര്യങ്ങളാണിവ. അവയെ തന്റെ ഹൃദയത്തിൽ സൂക്ഷിക്കുകയും, ബാക്കിയുള്ള ഈ നാലോ അഞ്ചോ ദിവസങ്ങളിലെ സൽകർമ്മങ്ങളിൽ അവനെ ഉറപ്പിച്ചുനിർത്താനായി അവയെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് അവന്റെ കർമ്മങ്ങളിൽ കൂടുതൽ പരിശ്രമിക്കാനും, അവന്റെ നിശ്ചയദാർഢ്യം ശക്തിപ്പെടുത്താനും, അവനെ ഉറപ്പിച്ചു നിർത്താനും, അവനു ചുറ്റുമുള്ള ഭാര്യ, കുടുംബം, അയൽക്കാർ എന്നിവരെ സൽകർമ്മങ്ങളിൽ അടിയുറപ്പിച്ചു നിർത്താനും അവനെ സഹായിക്കുന്നതാണ്. ഇതൊരു മഹത്തായ പുണ്യകാലവും, അനുഗ്രഹീതമായ മാസവും, അല്ലാഹുവിൽ നിന്നുള്ള പാപമോചനവുമാണ്. മനുഷ്യൻ ഇത് പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്; ഇതിൽ യാതൊരു വീഴ്ചയും വരുത്തരുത്. കാരണം, ഒരു കാര്യത്തിൽ വീഴ്ച വരുത്തിക്കഴിഞ്ഞാൽ പിന്നീടുള്ള ഖേദം കൊണ്ട് യാതൊരു പ്രയോജനവുമില്ല.

നന്മകൾ പ്രവർത്തിക്കാൻ നമ്മെ സഹായിക്കാനും, സൽകർമ്മങ്ങൾ ചെയ്യുന്നതിൽ നമുക്ക് അനുഗ്രഹം ചൊരിയാനും, നാം ചെയ്തുപോയ പാപങ്ങൾ പൊറുത്തുതരാനും, അവന്റെ കാരുണ്യം കൊണ്ട് നമ്മെ സംരക്ഷിക്കാനും, അവന്റെ ആദരവ് കൊണ്ട് നമ്മെ പൊതിയാനും, നമ്മുടെ കാര്യങ്ങളിൽ നേർവഴി കാണിച്ചുതരാനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അല്ലാഹുവേ, ഈ മാസത്തിന്റെ തുടക്കത്തിൽ നീ ഞങ്ങളെ എത്തിച്ചതുപോലെ, ഇതിന്റെ അവസാനത്തിലും നീ ഞങ്ങളെ എത്തിക്കേണമേ. അല്ലാഹുവേ, സ്വർഗ്ഗം നേടിക്കൊണ്ടും നരകത്തിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടും ഞങ്ങൾക്ക് നീ ഈ മാസം അവസാനിപ്പിച്ചു തരേണമേ. സർവ്വലോക രക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും.

 

ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദില്ല അൽ ഉസ്വൈമി حَفِظَهُ اللَّهُ

വിവര്‍ത്തനം : മുഹമ്മദ് അമീൻ

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *