റജബ് 27 ന് മിഅ്റാജ് നോമ്പ് സുന്നത്തോ?

നമ്മുടെ നാടുകളില്‍ റജബ് 27 ന് സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിനായി പള്ളികളില്‍ നിന്നും ഉല്‍ബോധനം നടത്തുന്നത് കാണാറുണ്ട്. ഇസ്‌റാഉം, മിഅ്‌റാജും സംഭവിച്ചത് റജബ് 27 നാണെന്നും പറഞ്ഞാണ് ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിനായി ആളുകള്‍ക്ക് പ്രേരണ നല്‍കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില്‍ റജബ് 27 ന് നോമ്പ് അനുഷ്ഠിക്കുന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഈ വിഷയം സത്യവിശ്വാസികള്‍ ഗൌരവപൂ൪വ്വം പഠിക്കേണ്ടതുണ്ട്.

ഒരു രാത്രിയില്‍ മക്കയില്‍ നിന്നും അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്കും, അവിടെ നിന്ന് ആകാശത്തേക്കും അല്ലാഹു നബി ﷺ യെ കൊണ്ടുപോവുകയും അത്ഭുതക്കാഴ്ചകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ രണ്ടു യാത്രകളില്‍ ഒന്നാമത്തെത് ഇസ്‌റാഅ്(രാപ്രയാണം അഥവാ രാവുയാത്ര) എന്നും രണ്ടാമത്തെത് മിഅ്‌റാജ്(ആകാശാരോഹണം അഥവാ വാനയാത്ര) എന്നും അറിയപ്പെടുന്നു.മക്കയിലെ ശത്രു പീഡനങ്ങളും ഉപരോധങ്ങളും തീര്‍ത്ത പരീക്ഷണങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നബിയുടെ ﷺ സഹായികളും സാന്ത്വനവുമായിരുന്ന പിതൃവ്യനായ അബൂത്വാലിബും പ്രിയ സഖി ഖദീജയും വിടപറഞ്ഞ ദുഃഖത്തിന്റെ ദിനങ്ങള്‍ക്കിടയില്‍ ഒരു ആശ്വാസത്തിന്റെ തലോടല്‍ കൂടിയായിരുന്നു ഈ രാപ്രയാണവും വാനയാത്രയും. ഇസ്‌റാഉം, മിഅ്‌റാജും സംഭവിച്ചത് എന്നാണെന്ന് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നോ ചരിത്രരേഖകളില്‍ നിന്നോ വ്യക്തമല്ല.

അല്ലാമാ അബൂശാമ(റഹി) പറഞ്ഞു: കെട്ടുകഥകള്‍ ചമയ്ക്കുന്ന ചിലര്‍ റജബിലാണ് ഇസ്‌റാഅ് ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. നിരൂപകരുടെ അടുക്കല്‍ അത് പച്ചക്കള്ളമാണ്’. (അല്‍ ബാഇസ് ഫില്‍ ബിദഇ വല്‍ ഹവാദിസ് :പേജ് 11)

ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റഹി) പറഞ്ഞു: ‘ഇസ്റാഅ് – മിഅ്റാജ് ദിനം നിര്‍ണയിക്കുന്നതില്‍ പത്തിലധികം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അത് റമളാനില്‍ ആണെന്നും ശവ്വാലിലാണെന്നും, റജബിലാണെന്നും, റബീഉല്‍ അവ്വലിലാണെന്നും, റബീഉല്‍ ആഖറിലാണെന്നും അഭിപ്രായമുണ്ട്. (ഫത്ഹുല്‍ ബാരി)

ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റഹി) പറയുന്നു: മിഅ്‌റാജിന്റെ സന്ദര്‍ഭത്തെക്കുറിച്ച്‌ പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അത്‌ പ്രവാചകത്വത്തിന്‌ ശേഷമായിരുന്നുവെന്നാണ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അത്‌ എപ്പോഴാണ്‌ ഉണ്ടായതെന്ന കാര്യത്തില്‍ അവര്‍ വീണ്ടും ഭിന്നിച്ചിരിക്കുന്നു. അത്‌ ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പാണെന്ന്‌ ഇമാം നവവി തറപ്പിച്ചു പറയുകയും ഇബ്‌നു സഅ്‌ദ്‌ മുതലായവര്‍ പ്രസ്‌താവിക്കുകയും ചെയ്‌തിരിക്കുന്നു. ഇബ്‌നു ഹസം ഇക്കാര്യത്തില്‍ ഇജ്‌മാഅ്‌ ഉണ്ടെന്ന്‌ പ്രസ്‌താവിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പത്തോളം അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ മേല്‍പറഞ്ഞ അഭിപ്രായങ്ങളെല്ലാം തള്ളപ്പെട്ടിരിക്കുന്നു. (ഫത്‌ഹുല്‍ബാരി 9:67,68)

ഇസ്റാഉം മിഅ്റാജും നടന്നതെന്നാണെന്ന് തീര്‍ച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതു സംബന്ധമായി ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റഹി) ഫത്ഹുല്‍ ബാരിയില്‍ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. ഹിജ്റക്ക് ഒരുവര്‍ഷം മുമ്പാണിതെന്ന ഇമാം നവവിയെ പോലുള്ളവരുടെ നിഗമനങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. വര്‍ഷത്തിന്റെ കാര്യത്തിലെന്നപോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്നുകസീറും ഇമാം ഖുര്‍ത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അല്‍ ബിദായ വന്നിഹായ: 3/107, തഫ്സീര്‍ ഖുര്‍ത്വുബി 10/210)

സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ ‘ഉംദത്തുല്‍ഖാരി’യില്‍ ഇമാം ഐനി(റ) പറയുന്നു: ”ഇസ്റാഉം മിഅ്റാജും സംഭവിച്ചത് ഒരു രാത്രിയിലാണെന്നോ രണ്ടു രാവുകളിലാണെന്നോ ഉണര്‍ച്ചയിലാണെന്നോ ഉറക്കത്തിലാണെന്നോ ഒക്കെയുള്ള കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ഖുര്‍ആന്‍ വ്യക്തമാക്കുന്നത് പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തിലാണെന്നാണ്. ഇമാം ബൈഹഖി (റ) ഇമാം സുഹ്’രിയില്‍(റ) നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് അത് മദീനയിലേക്കുള്ള ഹിജ്റയുടെ ഒരുവര്‍ഷം മുമ്പാണ് എന്നാണ്. ഇമാം സുദ്ദിയില്‍(റ) നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് മദീനയിലേക്കുള്ള ഹിജ്റയുടെ പതിനാറ് മാസം മുമ്പാണെന്നാണ്. ഇമാം സുഹ്’രിയുടെ(റ) അഭിപ്രായത്തില്‍ റബീഉല്‍ അവ്വലിലും ഇമാം സുദ്ദിയുടെ(റ) അഭിപ്രായത്തില്‍ ദുല്‍ഖഅദ് മാസത്തിലുമാണ് ഇസ്റാഉം മിഅ്റാജും സംഭവിച്ചത് എന്നാണ്. റജബ് മാസം 27നാണെന്നും പറയപ്പെട്ടിട്ടുണ്ട്. (ഉംദതുല്‍ഖാരി: 4/39)

ഇമാം മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉഥൈമീൻ (റഹി) പറഞ്ഞു: റജബ് മാസം 27 നാണ് ഇസ്റാഉം മിഅ്‌റാജും സംഭവിച്ചത് എന്ന് ചരിത്രത്തിലെവിടെയും സ്ഥിരപ്പെടാത്ത കാര്യമാണ്. അതിനാൽ, സ്ഥിരപ്പെടാത്ത എല്ലാ കാര്യവും ബാത്വിലാണ് (അടിസ്ഥാനരഹിതമാണ്). (അത്തരം) ബാത്വിലിന്മേൽ പടുത്തുയർക്കപ്പെട്ടതെല്ലാം -അഥവാ, അതുമായി ബന്ധപ്പെട്ട പ്രത്യേകം ആചാരങ്ങളെല്ലാം- ബാത്വിൽ തന്നെയാകുന്നു. (مجموع الفتاوى: ٢/ ٢٩٧)

ഇസ്‌റാഉം മിഅ്‌റാജും ഏത്‌ ദിവസമാണ്‌ സംഭവിച്ചത്‌ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും അത്‌ നബി ﷺ യുടെ  നുബുവ്വത്തിന്‌ ശേഷമാണ്‌ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകോപനമുണ്ട്‌. കാരണം, ഫ൪ള് നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കുന്നത്‌ മിഅ്‌റാജിന്റെ രാവിലാണ്‌. നുബുവ്വത്തിന്‌ മുമ്പ്‌ അല്ലാഹു നമസ്‌കാരം നിര്‍ബന്ധമാക്കുകയില്ലല്ലോ. ഇസ്‌റാഉം, മിഅ്‌റാജും സംഭവിച്ചത് റജബ് 27നാണെന്നു വന്നാല്‍പോലും അന്നേദിവസം നോമ്പ് അനുഷ്ഠിക്കണമെങ്കില്‍ അതിന് തെളിവ് വേണം. ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ ഇസ്‌റാഉം, മിഅ്‌റാജുമായി ബന്ധപ്പെട്ട് പ്രത്യേകമായി ഒരുതരത്തിലുള്ള ഇബാദത്തും അല്ലാഹുവോ അവന്റെ റസൂലോ ﷺ പഠിപ്പിച്ചിട്ടില്ലെന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍(പുത്തനാചാരത്തില്‍) പെട്ടതാണ്.

റജബ് 27 ന് നോമ്പ് അനുഷ്ഠിക്കണമെന്ന് പറയുന്നവ൪ ഹാജരാക്കുന്ന തെളിവ് പരിശോധിക്കാം.

റജബ്‌ മാസം ഇരുപത്തി ഏഴിന്‌ നോമ്പനുഷ്‌ഠിക്കുന്ന പക്ഷം അറുപത് മാസത്തെ നോമ്പിന്റെ പ്രതിഫലം അവന്റെ മേല്‍ രേഖപ്പെടുത്തപ്പെടും (ശഹ്‌റുബ്‌നു ഹൂശബ്‌)

ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച്‌ ഇമാം നവവിയുടെ(റഹി) ഉസ്‌താദായ അബൂശാമ(റഹി) രേഖപ്പെടുത്തുന്നു: ഈ ഹദീസ്‌ സ്വഹീഹല്ല എന്ന്‌ അബുല്‍ഖത്താബ്‌(റ) പ്രസ്‌താവിച്ചിരിക്കുന്നു. (കിതാബുല്‍ ബാഇസ്‌ – പേജ്‌ :232)

ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച്‌ ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റഹി) പറയുന്നു: ഈ റിപ്പോര്‍ട്ട്‌ ദുര്‍ബലവും നബി ﷺ യിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലാത്തതുമാകുന്നു. (തബ്‌യീനുല്‍ അജബ്‌ – പേജ്‌ :60)

റജബ് 27 ന് നോമ്പ് അനുഷ്ഠിക്കണമെന്ന് പറയുന്നവ൪ ഹാജരാക്കുന്ന മറ്റ് ചില തെളിവുകള്‍ കൂടി കാണുക.

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺِّ قَالَ مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا

അബൂ ഹുറൈറയിൽ (റ)നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: വല്ലവനും റജബ് 27 ലെ നോമ്പ് അനുഷ്ഠിക്കുന്ന പക്ഷം അവന് 60 മാസം നോമ്പ് നോറ്റതിന്റെ പ്രതിഫലം അല്ലാഹു രേഖപ്പെടുത്തുന്നതാണ്. (ഇഹ്‌ യാ ഉൽ ഉലൂമുദ്ദീൻ)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റജബ് ഇരുപത്തി ഏഴിന്റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)

റജബ് 27 ന് നോമ്പ് സുന്നത്താണെന്ന് പറയുന്നവരുടെ എല്ലാ തെളിവുകള്‍ക്കും മറുപടിയായി ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി (റഹി) തന്റെ تبيين العجب بما ورد في فضل رجب  (റജബിന്‍റെ ഫള്’ലുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

قال الحافظُ ابنُ حجرٍ رحمه الله في : لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ

റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്. (تبيين العجب بما ورد في فضل رجب – ص9)

മിഅ്‌റാജ് ദിവസത്തിലെ നോമ്പ് സുന്നത്തായിരുന്നുവെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ നബി ﷺ യില്‍ നിന്നും സ്വഹാബികള്‍ വഴി നമുക്ക് ലഭിക്കുമായിരുന്നു അഥവാ അത് ഹദീസ് ഗ്രന്ഥങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമായിരുന്നു. ഖുര്‍‌ആന്‍ സൂചിപ്പിച്ച ഒരു സംഭവം നടന്ന ദിവസവും, സമുദായം ഏറ്റവും പ്രാധാന്യത്തോടെ നിര്‍‌വ്വഹിക്കേണ്ട നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെട്ട ദിവസവുമാണതെന്ന നിലയില്‍ വലിയ പ്രാധാന്യമാണതര്‍ഹിക്കുന്നത്. മിഅ്‌റാജ് നോമ്പിനെ കുറിച്ച് ആ യാത്ര നടത്തിയ നബി ﷺ യില്‍ നിന്നും യാതൊരു റിപ്പോ൪ട്ടും സ്വഹീഹായി വന്നിട്ടില്ല. അതിനെ സത്യപ്പെടുത്തിയ അബൂബകറും(റ) മിഅ്റാജ് നോമ്പ് അനുഷ്ഠിച്ചിട്ടില്ല.

ഇബ്‌നുല്‍ ഖയ്യിം(റഹി) പറയുന്നു: ‘സ്വഹാബികളോ താബിഉകളോ ഇസ്‌റാഇന്റെ രാവിന് യാതൊരു പ്രത്യേകതയും കല്പിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസത്തെ അവര്‍ ഓര്‍ക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഇസ്‌റാഅ് എന്നത് നബി ﷺ യുടെ ഏറ്റവും വലിയ ശ്രേഷ്ഠതയില്‍ പെട്ടതായിരുന്നുവെങ്കിലും അത് സംഭവിച്ച സ്ഥലത്തോ കാലത്തോ പ്രത്യേകമായ ഒരു ചര്യയും മതപരമായ ആരാധനാകര്‍മം എന്ന നിലയില്‍ ചര്യയാക്കപ്പെട്ടിട്ടില്ല. (സാദുല്‍ മആദ് :1/58)

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹി) പറയുന്നു: എന്നാൽ റജബിന്റെ പുണ്യത്തെ പറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ നിശ്ചിത ദിവസത്തെ നോമ്പിനെ കുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോ, നിർമ്മിതമോ ആണ്. تبيين العجب بما ورد في فضل رجب (1/10)

قال شيخ الإسلام ابن تيمية رحمه الله:وأما صوم رجب بخصوصه فأحاديث كلها ضعيفة، بل موضوعة

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു :റജബ് മാസം പ്രത്യേകമായി നോമ്പെടുക്കാൻ പറയുന്ന ഹദീസുകളെല്ലാം ദുർബലമാകുന്നു, അല്ല അവ കെട്ടിച്ചമക്കപ്പെട്ടവ തന്നെയാണ്. (മജ്മൂഉൽ ഫതാവാ:25/290)

قال الشيخ ابن عثيمين رحمه الله:صيام اليوم السابع العشرين من رجب وقيام ليلته وتخصيص ذلك بدعة، وكل بدعة ضلالة

ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുള്ളാഹ്) പറയുന്നു: റജബ് 27 നുള്ള നോമ്പും ഇരുപത്തിയേഴാം രാവിലുള്ള പ്രത്യേക നമസ്കാരവും ബിദ്അത്താണ്. എല്ലാ ബിദ്അത്തും വഴികേടുമാണ്. مجموع فتاوى ابن عثيمين” (20/440).

നാല് മദ്ഹബുകളുടെ ഇമാമുമാരായ ഇമാം അബൂഹനീഫ(റഹി), ഇമാം മാലിക്(റഹി), ഇമാം ശാഫിഈ(റഹി), ഇമാം അഹ്‌മദ്(റഹി) എന്നിവരോ, പിൻപറ്റപ്പെടുന്ന മറ്റേതെങ്കിലും ഇമാമുമാരോ, മാതൃകായോഗ്യരായ ഏതെങ്കിലും ഇമാമുമാരോ ഒന്നും, ഇങ്ങനെയൊരു നോമ്പുള്ളതായോ നമസ്കാരമുള്ളതായോ പറഞ്ഞു തന്നിട്ടില്ല.

നോമ്പ് അനുഷ്ഠിക്കുന്നവരെ  വിമ൪ശിക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. നോമ്പല്ലേ, നമസ്കാരമല്ലേ അതിനൊന്നും തെളിവില്ലെങ്കിലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നവരുമുണ്ട്. അത്തരം ആളുകളോട് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

സത്യവിശ്വാസികളുടെ തന്നെ ഏതൊരു ക൪മ്മവും അല്ലാഹു സ്വീകരിക്കണമെങ്കില്‍ രണ്ട് കാര്യം നി൪ബന്ധമാണ്.

(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.

(2) ഇത്തിബാഅ് (സുന്നത്ത്): ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ മാതൃകയനുസരിച്ച് ആയിരിക്കൽ.

ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇഖ്ലാസിനോടൊപ്പം ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)

ഇമാം ഇബ്നു റജബ് (റഹി) പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്യുന്ന പ്രവ൪ത്തനങ്ങള്‍ക്ക് യാതൊരു കൂലിയുമില്ല എന്നതുപോലെതന്നെ അല്ലാഹുവിന്റേയും റസൂലിന്റേയും കല്‍പ്പനയില്ലാത്ത ഏതൊരു പ്രവൃത്തിയും പ്രസ്തുത പ്രവ൪ത്തനം ചെയ്തവനിലേക്ക് തള്ളപ്പെടുന്നതാണ്. അല്ലാഹുവും റസൂൽ ﷺ യും കല്‍പ്പന നല്‍കാത്ത ഒരു കാര്യം ദീനില്‍ ആരൊക്കെ പുതുതായി നി൪മ്മിക്കുന്നുവോ അവന് ദീനില്‍ ഒരു സ്ഥാനവുമില്ല. (ഇമാം ഇബ്നു റജബ് ജാമിഉല്‍ ഉലൂമി വല്‍ ഹികം : 1/176)

ഇമാം ഹസനുല്‍ ബസ്വരി (റഹി) പറഞ്ഞു: പ്രവൃത്തി പഥത്തിലുണ്ടെങ്കിലേ പറയുന്ന വാക്കുകള്‍ ശരിയാകൂ. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും നിയത്തുണ്ടെങ്കിലേ ശരിയാകൂ. ഖല്‍ബിലെ നിയത്തും പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും സുന്നത്തിന് (നബിചര്യക്ക്) അനുസരിച്ച് ആയെങ്കിലേ ശരിയാകൂ. (ഇമാം മാലിക്കാഇ – ശറഹു ഉസൂലി ഇഅ്തികാദി അഹ്ലുസ്സുന്ന 1:54)

ഈ രണ്ട് നിബന്ധനയില്ലാതെ പ്രവർത്തിക്കുന്ന കർമ്മങ്ങൾ, നിഷ്ഫലമായിത്തീരുന്നതാണ്.

وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا

അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.(ഖു൪ആന്‍:25/23)

ഈ ആയത്തിനെ വിശദീകരിച്ച് ഇബ്‌നു കഥീര്‍ (റഹി)പറഞ്ഞു:

وهذا يوم القيامة ، حين يحاسب الله العباد على ما عملوه من خير وشر ، فأخبر أنه لا يتحصل لهؤلاء المشركين من الأعمال – التي ظنوا أنها منجاة لهم – شيء; وذلك لأنها فقدت الشرط الشرعي ، إما الإخلاص فيها ، وإما المتابعة لشرع الله . فكل عمل لا يكون خالصا وعلى الشريعة المرضية ، فهو باطل . فأعمال الكفار لا تخلو من واحد من هذين ، وقد تجمعهما معا ، فتكون أبعد من القبول حينئذ;

അന്ത്യനാളിലാണിതുണ്ടാവുക. അടിമകള്‍ ചെയ്ത നന്മതിന്മകള്‍ അടിസ്ഥാനമാക്കി അല്ലാഹു അവരെ വിചാരണ ചെയ്യുന്ന നേരം തങ്ങള്‍ക്ക് രക്ഷയാകുമെന്ന് മുശ്‌രിക്കുകള്‍ വിചാരിച്ചിരുന്ന കര്‍മങ്ങളില്‍നിന്ന് ഒന്നുംതന്നെ അവര്‍ക്ക് ലഭിക്കുകയില്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്. ഒരു കര്‍മം സ്വീകാര്യമാകാന്‍ നിശ്ചയിക്കപ്പെട്ട നിബന്ധനകള്‍ അഥവാ ഇഖ്‌ലാസ്, ഇത്തിബാഅ് (പ്രവാചകാനുധാവനം) നഷ്ടപ്പെട്ടു എന്നതാണ് കാരണം. ഇവ പാലിക്കപ്പെടാത്തത്, അല്ലാഹു തൃപ്തിപ്പെട്ട മതനിയമത്തിന് യോജിച്ചതല്ലാത്തതിനാല്‍ നിരര്‍ഥകമാണ്. സത്യനിഷേധികളുടെ കര്‍മകള്‍ ഈ രണ്ടിലൊന്ന് ഇല്ലാത്തതായിരിക്കും. ചിലപ്പോള്‍ രണ്ട് നിബന്ധനയും ഇല്ലാത്തവയായിരിക്കും. അപ്പോള്‍ അതിന്റെ സ്വീകാര്യത കൂടതല്‍ വിദൂരത്താകും. (തഫ്‌സീര്‍ ഇബ്‌നു കഥീര്‍)

അല്ലാഹുവിന്റെ റസൂല്‍ﷺ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. ദീനിലേക്ക് എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് ആരെങ്കിലും വാദിക്കുന്ന പക്ഷം, നബി ﷺ തന്റെ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്നാണ് അവന്‍ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യം നബി ﷺ നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.

ഇമാം മാലിക്‌‌ؒ(റഹി) പറഞ്ഞു:

منْ أَحْدَثَ فِي هَذِهِ الْأُمَّةِ شَيْئًا لَمْ يَكُنْ عَلَيْهِ سَلَفُهَا ؛ فَقَدْ زَعَمَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَانَ الرِّسَالَةَ ؛ لِأَنَّ اللهَ يَقُولُ : الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ، فَمَا لَمْ يَكُنْ يَوْمَئِذٍ دِينًا ؛ فَلَا يَكُونُ الْيَوْمَ دِينًا

സ്വലഫുകളിൽ (സ്വഹാബത്തിലും താബിഉകളിലും) ഇല്ലാത്ത ഒരു ചര്യ ഈ സമുദായത്തിൽ വല്ലവനും പുതുതായി ഉണ്ടാക്കുന്ന പക്ഷം നബി ﷺ പ്രബോധനത്തിൽ വഞ്ചന കാണിച്ചു എന്നാണവന്‍ ജൽപിച്ചിരിക്കുന്നത്. നിശ്ചയം അല്ലാഹു അരുളുന്നു: ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ ദീനിനെ പൂർത്തിയാക്കി തന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങൾക്കുള്ള മതമായും തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. അന്ന്‌ (നബിയുടെ കാലത്ത്‌) ദീനിൽ പെടാത്ത ഒരു കാര്യം ഇന്നും ദീനാവുകയില്ല (അൽ ഇഅ്തിസ്വാം :1/48)

സ്വലഫുകളില്‍ ചില൪ ഇപ്രകാരം പറയുമായിരുന്നു:

كُلُّ عِبَادَةٍ لَا يَتَعَبَّدُهَا أَصْحَابُ رَسُولِ اللهِ صلَّى الله عَلَيه وَسَلم فَلَا تَعَبَّدُوهَا، فَإِنَّ الأَوَّلَ لَمْ يَدَعْ لِلآخِرِ مَقَالًا، فَاتَّقُوا اللهَ يَا مَعْشَرَ القُرَّاءِ وَخُذُوا طَرِيقَ مَنْ كَانَ قَبْلَكُم

നബി ﷺ യുടെ സ്വഹാബത്ത് ചെയ്യാത്ത ഒരു ഇബാദത്തും നിങ്ങള്‍ ചെയ്യരുത്. കാരണം മുന്‍ഗാമികള്‍ പിന്‍ഗാമികള്‍ക്കായി (മതപരമായ) യാതൊന്നും (പഠിപ്പിച്ചു തരാതെ) പോയിട്ടില്ല. അറിവുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ക്ക് മുന്‍കഴിഞ്ഞുപോയവരുടെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുക.

ചുരുക്കത്തില്‍ ഇത്തരം ബിദ്അത്തായ നോമ്പും നമസ്കാരവും അനുഷ്ഠിക്കുകവഴി അല്ലാഹുവില്‍ നിന്നും പ്രതിഫലമല്ല, ശിക്ഷയായിരിക്കും ലഭിക്കുക. അതുകൊണ്ടാണ് മുന്‍ഗാമികള്‍ ഇത്തരം തിന്‍മകളെ ശക്തിയായി എതി൪ത്തിട്ടുള്ളത്.

ഇമാം അബൂശാമ(റഹി) പറഞ്ഞു: റജബ്‌ മാസം സംബന്ധിച്ചോ അന്ന്‌ നോമ്പനുഷ്‌ഠിക്കുന്നതിനെക്കുറിച്ചോ നബി ﷺ യില്‍ നിന്നും സ്വഹീഹായ യാതൊരു റിപ്പോര്‍ട്ടും വന്നിട്ടില്ല. തീര്‍ച്ചയായും അന്ന്‌ നോമ്പനുഷ്‌ഠിക്കല്‍ വെറുക്കപ്പെട്ടതാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അബൂബക്കറും(റ) ഉമറും(റ) അന്ന്‌ നോമ്പനുഷ്‌ഠിക്കുന്നത്‌ വെറുത്തിരുന്നു. അന്ന്‌ നോമ്പ്‌ നോല്‍ക്കുന്നവരെ ഉമര്‍(റ) ചാട്ടവാറുകൊണ്ട്‌ അടിച്ചിരുന്നു. (കിതാബുല്‍ ബാഇസ്‌ – പേജ്‌ :167)

സുന്നത്ത് നോമ്പ് അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവ൪ക്ക് അതിനുള്ള ധാരാളം അവസരങ്ങളെ കുറിച്ചും അറിയുക. ആശൂറാഅ് (മുഹറം:9), താസൂറാഅ് (മുഹറം:9), അറഫ നോമ്പ്, ശവ്വാലിലെ ആറ് നോമ്പ്, ദുല്‍ഹിജ്ജയിലെ ആദ്യ ഒമ്പത് ദിവസങ്ങളില്‍, ശഅ്ബാനിലെ ഭൂരിഭാഗം ദിവസങ്ങളില്‍, എല്ലാ മാസവും 13,14,15 തീയതികളില്‍ (അയ്യാമുല്‍ ബീള്), തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍, കൂടുതല്‍ അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവ൪ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ എന്നീ നോമ്പുകളെല്ലാം അനുഷ്ഠിക്കാവുന്നതാണ്. ഈ നോമ്പുകളെല്ലാം നബി ﷺ നമുക്ക് വ്യക്തമായി പഠിപ്പിച്ചു തന്നിട്ടുള്ളതും ധാരാളം പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്.

എല്ലാ മാസവും മൂന്ന് ദിവസവും ആഴ്ചയില്‍ രണ്ടി ദിവസവും, അതുമല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളിലും നോമ്പ് അനുഷ്ഠിക്കാന്‍ അവസരമുണ്ടായിട്ടും, സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടു വന്നിട്ടുള്ള ഈ നോമ്പുകള്‍ അനുഷ്ഠിക്കുന്നതിന് പണ്ഢിതന്‍മാ൪ ആളുകളെ പ്രേരിപ്പുന്നത് കാണാറില്ല. എന്നാല്‍ നബി ﷺ പഠിപ്പിക്കാത്ത നോമ്പുകള്‍ അനുഷ്ഠിപ്പിക്കാന്‍ പണ്ഢിതന്‍മാ൪ക്ക് എന്ത് കാര്യമാണ്. അല്ലാഹു പറഞ്ഞതെത്ര ശരി.

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ

അവന്‍(പിശാച്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (അനിസ്ലാമിക പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച.(ഖു൪ആന്‍ : 15/39)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *