അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ……. (ഖു൪ആന്‍ : 9/36)
ചില മാസങ്ങള്‍ക്ക് മറ്റ് മാസങ്ങളേക്കാള്‍ അല്ലാഹുവും അവന്റെ റസൂലും ശ്രേഷ്ടതയും പ്രത്യേകതയും നല്‍കിയിട്ടുണ്ട്. ഈ ആയത്തില്‍ നിന്ന് നാല് മാസങ്ങള്‍ക്ക് പ്രത്യേകതയുണ്ടെന്ന് മനസ്സിലാക്കാം. മുഹറം, റജബ് , ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നിവയാണ് പവിത്ര മാസങ്ങളായ നാല് മാസങ്ങള്‍.
عَنْ أَبِي بَكْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا، أَرْبَعَةٌ حُرُمٌ، ثَلاَثٌ مُتَوَالِيَاتٌ، ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ
അബൂബക്കറില്‍(റ) നിന്നും നിവേദനം: നബി ﷺ പറയുന്നു:നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, (അതായത്) ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബാണ് (നാലാമത്തേത്) (ബുഖാരി:4662)
ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമളാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് ‘റജബു മുളര്‍’ എന്ന് നബി ﷺ വ്യക്തമാക്കിയത്.
അല്ലാഹു പവിത്രമാക്കിയ മാസമെന്ന നിലക്ക് റജബ് മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ സത്യവിശ്വാസികൾക്ക് കഴിയണം. എങ്ങനെയാണ് റജബ് മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത്? അല്ലാഹു ആദരിച്ചവയെ ആദരിക്കുക എന്നത് ഒരു സത്യവിശ്വാസികളുടെ ബാധ്യതയാണ്, അതവന്റെ തഖ്‌വയുടെ ഭാഗമാണ്. അല്ലാഹു പറഞ്ഞു :
وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ
ആരെങ്കിലും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയിൽ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍ : 22/32)
ഈ മാസത്തോട് അനാദരവ് കാണിക്കരുത് എന്ന് അല്ലാഹു സത്യവിശ്വാസികളോട് പ്രത്യേകം ഉണർത്തിയിട്ടുണ്ട്: അല്ലാഹു പറഞ്ഞു :
يَا أَيُّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِرَ اللَّهِ وَلَا الشَّهْرَ الْحَرَامَ
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും. (ഖു൪ആന്‍ : 5/2)
മറ്റുള്ള മാസങ്ങളേക്കാൾ കൂടുതൽ ശ്രദ്ധയോടെ അല്ലാഹു വിലക്കിയ കാര്യങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയും അവ പാടെ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ഒരു സത്യവിശ്വാസി ഈ മാസത്തിന്റെ പവിത്രത ഉൾക്കൊണ്ട് ആദ്യമായി ചെയ്യേണ്ട കാര്യം. യുദ്ധവും പരസ്പരം പോരടിക്കലും അല്ലാഹു ﷻ ഈ മാസങ്ങളിൽ ഹറാമാക്കി. അല്ലാഹു പറഞ്ഞു :
يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ
വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. (ഖു൪ആന്‍ : 2/217)
ഈ മാസത്തിൽ തിന്മകൾ ചെയ്തും പാപങ്ങൾ പേറിയും സ്വദേഹങ്ങളോട് അതിക്രമം ചെയ്യരുതെന്ന് അല്ലാഹു പ്രത്യേകം ഓർമപ്പെടുത്തിയിട്ടുണ്ട്. “അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്” ഈ പ്രയോഗം അതാണ് സൂചിപ്പിക്കുന്നത്.
قال قتادة في قوله : { فلا تظلموا فيهن أنفسكم } إن الظلم في الأشهر الحرم أعظم خطيئة ووزراً من الظلم فيما سواها. وإن كان الظلم على كل حال عظيماً
ഇമാം ഖതാദ (റ) പറയുന്നു:{ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് }: തിന്മകൾ ചെയ്യുക ,അക്രമം പ്രവർത്തിക്കുക എന്നത് എക്കാലത്തും ഗൗരവമുള്ള കാര്യമാണെങ്കിലും അല്ലാഹു പവിത്രമാക്കിയ ഈ നാലുമാസങ്ങളിൽ തിന്മകൾ ചെയ്യുക എന്നത് അവയല്ലാത്ത മറ്റുമാസങ്ങളിൽ തിന്മകൾ ചെയ്യുന്നതിനേക്കാൾ ഗുരുതരവും കൂടുതൽ ശിക്ഷ ലഭിച്ചേക്കാവുന്നതുമായ കാര്യമാണ്. (തഫ്സീർ ഇബ്നു കസീർ)
عن ابن عباس قوله: (إن عدة الشهور عند الله اثنا عشر شهرا في كتاب الله يوم خلق السموات والأرض منها أربعة حرم ذلك الدين القيم فلا تظلموا فيهن أنفسكم)، في كلِّهن. ثم خصَّ من ذلك أربعة أشهر فجعلهن حُرُمًا، وعظّم حُرُماتهن، وجعل الذنبَ فيهن أعظم، والعمل الصالح والأجر أعظم.
ഇബ്നു അബ്ബാസ് (റ) പറയുന്നു: എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍ (അഥവാ അധര്‍മ്മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായതായ നന്മകളുമാക്കിയിരിക്കുന്നു. (തഫ്സീര്‍ ത്വബരി – സൂറ തൗബ: 36)
അതോടൊപ്പം തന്നെ അല്ലാഹു കല്പിച്ച വാജിബും സുന്നത്തുമായ കാര്യങ്ങളിൽ ഏറെ ശ്രദ്ധ കാണിക്കുകയും വളരെ കണിശതയോടെയും കൃത്യതയോടെയും അവ നിർവഹിക്കുകയും വേണം.
قال قتادة : العمل الصالح أعظم أجرا في الأشهر الحرم
ഖതാദ (റ) പറയുന്നു: അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ സൽകർമ്മങ്ങൾക്ക് വമ്പിച്ച പ്രതിഫലമുണ്ട്.
പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്ന് എന്ന നിലക്ക് റജബ് മാസത്തിന് പ്രാധാന്യമുണ്ട്. യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസവും തിന്മകളെ അതിഗൗരവപരമായി പഠിപ്പിക്കപ്പെട്ടതും, നന്മകളെ ഏറെ മഹത്വകാരവും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളില്‍ ഒരു മാസം എന്നതൊഴിച്ചാല്‍, പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കെട്ടിച്ചമക്കപ്പെട്ട ഹദീസുകളും, ദുര്‍ബല ഹദീസുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങള്‍ റജബ് മാസത്തില്‍ പലരും പ്രവര്‍ത്തിച്ചു വരുന്നതായിക്കാണാം.
قال الشيخ العلامة صالح الفوزان -حفظه الله-: ذكر العلماء أنه لا يجوز تخصيص شهر رجب بشيء من العبادات
ശൈഖ് സ്വാലിഹുൽ ഫൗസാൻ(ഹഫിളഹുള്ളാഹ്) പറഞ്ഞു: റജബ് മാസത്തെ ഏതെങ്കിലും ഇബാദത്ത് കൊണ്ട് പ്രത്യേകമാക്കൽ അനുവദനീയമല്ല എന്ന് പണ്ഡിതൻമാർ പ്രസ്താവിച്ചിട്ടുണ്ട്. (شرح إغاثة اللهفان)
ഇസ്‌റാഉം മിഅ്‌റാജും റജബ് 27-ാം രാവിലാണെന്നതിന് വല്ല തെളിവും ഉണ്ടോ?
പ്രവാചകനായതിന് ശേഷം മുഹമ്മദ്‌നബിﷺക്ക് നല്‍കപ്പെട്ട നിരവധി ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്. ഇസ്‌റാഉം മിഅ്‌റാജും. മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്‌തീനിലെ ജറൂസലമിലെ മസ്‌ജിദുല്‍ അഖ്‌സ്വാ വരെ ഒരു രാത്രിയില്‍ നബി ﷺ ആനയിക്കപ്പെട്ടു. അന്നത്തെ സ്ഥിതിയനുസരിച്ച് മാസങ്ങളോളം സഞ്ചരിച്ചെങ്കില്‍ മാത്രം എത്തിപ്പെടാവുന്ന ദൂരം ഒരു രാത്രിയില്‍ നബി(സ്വ) പോയി വന്നു എന്നത് ദൈവിക ദൃഷ്‌ടാന്തമാണ്. ഇതിനാണ് ഇസ്‌റാഅ് എന്ന് പറയുന്നത്. വിശുദ്ധഖുര്‍ആന്‍ 17:1 ല്‍ ഇക്കാര്യം പരാമ൪ശിക്കുന്നുണ്ട്.
അതേ രാത്രിയില്‍ തന്നെ മസ്‌ജിദുല്‍ അഖ്‌സ്വയില്‍ നിന്ന് വാനലോകത്തേക്ക് നബി ﷺ ആനയിക്കപ്പെടുകയുണ്ടായി. അവിടെ വെച്ച് അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ പലതും കാണുവാനും അറിയുവാനും അദ്ദേഹത്തിന് അവസരമുണ്ടായി. ഇതും ദൈവിക ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്. ഈ സംഭവം മിഅ്‌റാജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. വിശുദ്ധഖുര്‍ആനിലെ 53-ാം അധ്യായം അന്നജ്‌മിന്റെ ആദ്യഭാഗത്ത് ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. അഞ്ച് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത് ഈ സന്ദര്‍ഭത്തിലാണ്. ഇസ്‌റാഉം മിഅ്‌റാജും റജബ് മാസത്തിലാണ്, വിശിഷ്യ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെടാത്തതും ചരിത്രപരമായി തെളിവില്ലാത്തതുമായ കാര്യമാണ്.
ഇബ്‌നുഹജര്‍ (റഹി) പറയുന്നു: മിഅ്‌റാജിന്റെ സന്ദര്‍ഭത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അത് പ്രവാചകത്വത്തിന് ശേഷമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. അത് എപ്പോഴാണ് ഉണ്ടായത് എന്ന കാര്യത്തില്‍ അവര്‍ വീണ്ടും ഭിന്നിച്ചിരിക്കുന്നു. അത് ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പാണെന്ന് ഇമാം നവവി തറപ്പിച്ചു പറയുകയും ഇബ്‌നു സഅ്‌ദ് മുതലായവര്‍ പ്രസ്‌താവിക്കുകയും ചെയ്‌തിരിക്കുന്നു. ഇബ്‌നുഹസം ഇക്കാര്യത്തില്‍ ഇജ്‌മാഅ് ഉണ്ടെന്ന് പ്രസ്‌താവിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പത്തോളം അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ മേല്‍പറഞ്ഞ അഭിപ്രായങ്ങളെല്ലാം തള്ളപ്പെട്ടിരിക്കുന്നു. (ഫത്‌ഹുല്‍ബാരി 9:67,68)
ഇമാം മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉഥൈമീൻ (റഹി) പറഞ്ഞു: റജബ് മാസം 27 നാണ് ഇസ്റാഉം മിഅ്‌റാജും സംഭവിച്ചത് എന്ന് ചരിത്രത്തിലെവിടെയും സ്ഥിരപ്പെടാത്ത കാര്യമാണ്. അതിനാൽ, സ്ഥിരപ്പെടാത്ത എല്ലാ കാര്യവും ബാത്വിലാണ് (അടിസ്ഥാനരഹിതമാണ്). (അത്തരം) ബാത്വിലിന്മേൽ പടുത്തുയർക്കപ്പെട്ടതെല്ലാം -അഥവാ, അതുമായി ബന്ധപ്പെട്ട പ്രത്യേകം ആചാരങ്ങളെല്ലാം- ബാത്വിൽ തന്നെയാകുന്നു. (مجموع الفتاوى: ٢/ ٢٩٧)
ഇസ്‌റാഉം മിഅ്‌റാജും ഏത് ദിവസമാണ് സംഭവിച്ചത് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും അത് നബി ﷺ യുടെ നുബുവ്വത്തിന് ശേഷമാണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകോപനമുണ്ട്. കാരണം, ഫര്‍ള് നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കുന്നത് മിഅ്‌റാജിന്റെ രാവിലാണ്. നുബുവ്വത്തിന് മുമ്പ് അല്ലാഹു നമസ്‌കാരം നിര്‍ബന്ധമാക്കുകയില്ല.
റജബില്‍ ഉംറ നിര്‍വ്വഹിക്കല്‍ സുന്നത്താണോ?
റജബില്‍ ഉംറ നിര്‍വ്വഹിച്ചാല്‍ വലിയപുണ്യമുണ്ടന്ന പ്രചരണം സമൂഹത്തിലുണ്ട്. എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ല.
ما اعتمر رسول الله صلى الله عليه وسلم في رجب قط
റസൂൽ ﷺ ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല. (ബുഖാരി: 1775,1776 – മുസ്‌ലിം: 1255)
വ൪ഷത്തിലെ ഏത് മാസത്തില്‍ വേണമെങ്കിലും ഉംറ നി൪വ്വഹിക്കാവുന്നതാണ്. ആ അ൪ത്ഥത്തില്‍ റജബിലും ഉംറ നി൪വ്വഹിക്കാവുന്നതാണ്. റജബില്‍ പ്രത്യേകം പുണ്യം പ്രതീക്ഷിച്ച് ഉംറ നി൪വ്വഹിക്കരുതെന്ന് മാത്രം.
റജബില്‍ സ്വലാത്തുല്‍ റാഗിബ് എന്ന പേരില്‍ ഒരു നമസ്കാരം സുന്നത്തുണ്ടോ?
റജബില്‍ സ്വലാത്തുല്‍ റാഗിബ് (ആഗ്രഹ സഫലീകരണ നമസ്കാരം) എന്ന പേരില്‍ ഒരു നമസ്കാരം സ്ഥിരപ്പെട്ടു വന്നിട്ടില്ല.
ﻗﺎﻝ اﻟﻨﻮﻭﻱ :الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله.
ഇമാം നവവി(റഹി) പറയുന്നു:സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. ‘ഖൂതുല്‍ ഖുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്’യാ ഉലൂമുദ്ദീന്‍’ എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ. (അല്‍മജ്മൂഅ് : 3/548)
اللهم بارك لنا في رجب وشعبان وبلغنا رمضان എന്ന പ്രാ൪ത്ഥനയെ കുറിച്ച്
كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ
റജബ് മാസം പ്രവേശിച്ചാല്‍ നബി ﷺ ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ. ( الأوسط: 3939 – ഇമാം ത്വബറാനി / ശുഅബ് :3534 – ഇമാം ബൈഹഖി / زوائد المسند:2346 )
സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് ഉദ്ദരിക്കുന്നത്. ഈ ഹദീസിന്റെ സനദ് ദു൪ബലമാണ്. അതില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണെന്നും ഇമാം അബൂ ഹാതിം ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ലെന്നും ഇമാം ഇബ്നു ഹിബ്ബാന്‍ ഇയാള്‍ ദുര്‍ബലനാണെന്നും ഇദ്ദേഹത്തിന്റെ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. [ميزان الإعتدال : 2 /91]
ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ ‘മുന്‍കറുല്‍ ഹദീസ്’ ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.
قال إبن حَجر الهيثمي : رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ جَمَاعَةٌ
ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി (റഹി) പറയുന്നു:ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ ‘മുന്‍കറുല്‍ ഹദീസ്’ ആണ്. അയാള്‍ മജ്ഹൂലായ ആളാണ് എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്” – [مجمع الزوائد : 2/165].
മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി ‘അല്‍അദ്കാര്‍’ എന്ന ഗ്രന്ഥത്തിലും(പേജ്: 189) ഇബ്നു റജബ് ‘ലത്വാഇഫുല്‍ മആരിഫ്’ എന്ന ഗ്രന്ഥത്തിലും (പേജ്: 121)ശൈഖ് അല്‍ബാനി ‘ളഈഫുല്‍ ജാമിഅ്’ എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്രകാരമുള്ള ഒരു പ്രത്യേകം ദുആയും അല്ലാഹുവിന്റെ റസൂലില്‍ (സ്വ) നിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലാത്തതിനാല്‍ ഇപ്രകാരം പ്രാ൪ത്ഥിക്കുന്നത് ബിദ്അത്താണ്.
ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു: ഈ ഹദീസ് സ്വഹീഹ് അല്ല, ദുർബലമാണ്. (https://bit.ly/2NoYPfY)
എന്നാൽ റമദാനിൽ എത്തിച്ചേരാനും, നോമ്പനുഷ്ഠിക്കുവാനും, രാത്രിനമസ്കാരങ്ങൾ നിർവ്വഹിക്കുവാനും, ലൈലത്തുൽ ഖദ്ർ നേടാനുമൊക്കെ ഭാഗ്യം ലഭിക്കാൻ ഒരാൾക്ക് അല്ലാഹുവിനോട് നിരുപാധികം പ്രാർത്ഥിക്കാവുന്നതാണ്. അതിൽ തെറ്റൊന്നുമില്ല.
റജബ് 27ന് നോമ്പ് സുന്നത്താണോ?
റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് അനുഷ്ഠിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്.മിഅ്‌റാജ് എന്ന പേരില്‍ ഒരു നോമ്പുണ്ടെങ്കില്‍ ആ യാത്ര നടത്തിയ നബി ﷺ യും അതിനെ സത്യപ്പെടുത്തിയ അബൂബക്കറുമാണ് (റ) അത് ആദ്യമായി ചെയ്ത് കാണിക്കേണ്ടത്. അവര്‍ അപ്രകാരം ചെയ്തിട്ടില്ല, പഠിപ്പിച്ചിട്ടുമില്ല.
قال ابن القيم رحمه الله : كل حديث في ذكر صيام رجب وصلاة بعض الليالي فيه فهو كذب مفترى
ഇബ്നുല്‍ ഖയ്യിം (റഹിം)പറഞ്ഞു:റജബ് മാസത്തിലെ നോമ്പിനെ കുറിച്ചും അതിലെ ചില രാത്രികളിലുള്ള നമസ്കാരത്തെക്കുറിച്ചും പറയുന്ന ഹദീസുകളെല്ലാം കളവും കെട്ടിയുണ്ടാക്കിയതുമാണ്.( المنار المنيف (ص96
قال الحافظُ ابنُ حجرٍ رحمه الله في : لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ
ഹാഫിള് ഇബ്നു ഹജര്‍ (റഹി)പറഞ്ഞു:റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്.( تبيين العجب بما ورد في فضل رجب – ص9)
واما الأحاديث الواردة في فضل رجب، او فضل صيامه، او صيام شيئ منه صريحة فهي على قسمين : ضعيفة و موضوعة
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹി) പറയുന്നു: എന്നാൽ റജബിന്റെ പുണ്യത്തെ പറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ നിശ്ചിത ദിവസത്തെ നോമ്പിനെ കുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോ, നിർമ്മിതമോ ആണ്. تبيين العجب بما ورد في فضل رجب (1/10)
قال شيخ الإسلام ابن تيمية رحمه الله:وأما صوم رجب بخصوصه فأحاديث كلها ضعيفة، بل موضوعة
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു :റജബ് മാസം പ്രത്യേകമായി നോമ്പെടുക്കാൻ പറയുന്ന ഹദീസുകളെല്ലാം ദുർബലമാകുന്നു, അല്ല അവ കെട്ടിച്ചമക്കപ്പെട്ടവ തന്നെയാണ്. (മജ്മൂഉൽ ഫതാവാ:25/290)
ശൈഖ് സ്വാലിഹ് അൽ ഉസൈമീൻ(റഹി) പറയുന്നു: റജബ് മാസത്തിന് പ്രത്യേകത കൽപിച്ചു കൊണ്ടു സ്വഹീഹ് ആയ ഹദീസുകൾ ഒന്നും വന്നിട്ടില്ല. പവിത്രമായ മാസം എന്നതല്ലാതെ റജബ് മാസത്തിനു തൊട്ടു മുമ്പുള്ള മാസമായ ജമാദുൽ ഉഖ്റയേക്കാൾ റജബിനു സവിശേഷത ഒന്നുമില്ല. അതിൽ മറ്റു മാസങ്ങളെപ്പോലെയല്ലാതെ പ്രത്യേക നമസ്കാരമോ നോമ്പോ ഉംറയോ ഒന്നുമില്ല. ( ലിഖാഉൽ ബാബിൽ മഫ്തൂഹ് :26/174)
ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു: റജബ് മാസത്തിന് ബാക്കിയുള്ള മാസങ്ങളിൽ നിന്നുള്ള ഒരേയൊരു പ്രത്യേകത; അത് പവിത്രമാക്കപ്പെട്ട മാസങ്ങളിൽ ഒന്നാണ് എന്നത് മാത്രമാണ്. ഈ മാസത്തിൽ പ്രത്യേകമായി ഒരു ഉംറയോ ഖുർആൻ പാരായണമോ നമസ്കാരമോ നോമ്പോ ഒന്നുമില്ല. ഈ മാസത്തിലെ നോമ്പിനും നമസ്കാരത്തിനും ശ്രേഷ്ഠതയുണ്ടെന്ന് പറയുന്ന മുഴുവൻ ഹദീഥുകളും ദുർബലമാണ്. ആ ദുർബലഹദീഥുകൾ കൊണ്ടൊന്നും ഒരു മതവിധി സ്ഥിരപ്പെടുകയില്ല.
قال الشيخ ابن عثيمين رحمه الله:صيام اليوم السابع العشرين من رجب وقيام ليلته وتخصيص ذلك بدعة، وكل بدعة ضلالة
ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുള്ളാഹ്) പറയുന്നു: റജബ് 27 നുള്ള നോമ്പും ഇരുപത്തിയേഴാം രാവിലുള്ള പ്രത്യേക നമസ്കാരവും ബിദ്അത്താണ്. എല്ലാ ബിദ്അത്തും വഴികേടുമാണ്. مجموع فتاوى ابن عثيمين” (20/440).
നാല് മദ്ഹബുകളുടെ ഇമാമുമാരായ ഇമാം അബൂഹനീഫ(റഹി), ഇമാം മാലിക്(റഹി), ഇമാം ശാഫിഈ(റഹി), ഇമാം അഹ്‌മദ്(റഹി) എന്നിവരോ, പിൻപറ്റപ്പെടുന്ന മറ്റേതെങ്കിലും ഇമാമുമാരോ, മാതൃകായോഗ്യരായ ഏതെങ്കിലും ഇമാമുമാരോ ഒന്നും, ഇങ്ങനെയൊരു നോമ്പുള്ളതായോ നമസ്കാരമുള്ളതായോ പറഞ്ഞു തന്നിട്ടില്ല.
റജബ് മാസത്തിന് മാത്രം പ്രത്യേകമായുള്ള ആരാധനകളൊന്നുംതന്നെ നബി ﷺ യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്തതുകൊണ്ടാണ് പണ്ഢിതന്‍മാ൪ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുള്ളത്. റജബ് മാസത്തില്‍ പ്രത്യേകമായ ആചാരങ്ങള്‍ അനുഷ്ടിക്കുന്നത് ജാഹിലിയാ കാലഘട്ടത്തിലെ പ്രവര്‍ത്തിയാണെന്നുകൂടി സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.
ഉമര്‍ ബ്നുല്‍ ഖത്താബില്‍ (റ) നിന്നും നിവേദനം: റജബ് ജാഹിലിയത്തിലെ ആളുകള്‍ മഹത്വവല്‍ക്കരിച്ചിരുന്ന മാസമാണ്. ഇസ്‌ലാം വന്നതിനു ശേഷം അത് ഉപേക്ഷിക്കപ്പെട്ടു. (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2/ 345)
kanzululoom.com