വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു മുമ്പായി നി൪വ്വഹിക്കല്‍ നി൪ബന്ധമായ ഒരു ക൪മ്മമാണ് ഖുത്വുബ. അത് ജനങ്ങളോടുള്ള ഉപദേശമാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9)
ഇവിടെ ദിക്‌റുല്ലാഹ് എന്നതിന്ന് പല മുഫസ്സിറുകളും ഇമാമിന്റെ ഉപദേശം എന്നാണ് അർത്ഥം പറഞ്ഞത്.
وَأَمَّا الذِّكْرُ الَّذِي أَمَرَ اللهُ تَبَارَكَ وَتَعَالَى بِالسَّعْيِ إِلَيْهِ عِبَادَهُ الْمُؤْمِنِينَ ، فَإِنَّهُ مَوْعِظَةُ الْإِمَامِ فِي خُطْبَتِهِ
തന്റെ സത്യ വിശ്വാസികളായ അടിമകളോട് വേഗത്തിൽ ചെല്ലാൻ അല്ലാഹു കൽപിച്ച ‘അദ്ദിക്‌റ്’ ഖുതുബയിലുള്ള ഇമാമിന്റെ സദൂപദേശമാണ്. (ത്വബ്‌രി)
أن الخطبتين يوم الجمعة، فريضتان يجب حضورهما، لأنه فسر الذكر هنا بالخطبتين، فأمر الله بالمضي إليه والسعي له.
വെള്ളിയാഴ്ചകളില്‍ രണ്ട് ഖുത്വുബ നിര്‍ബന്ധമാണ്. അതില്‍ പങ്കെടുക്കല്‍ അനിവാര്യവുമാണ്. കാരണം الذكر (സ്മരണ) എന്നത് ഇവിടെ ഖുത്വുബയാണെന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്. അതിലേക്ക് വേഗത്തില്‍ പോകാന്‍ അല്ലാഹു കല്‍പിക്കുന്നു. (തഫ്സീറുസ്സഅ്ദി)
ഖുത്വുബയുടെ ലക്ഷ്യം
ജനങ്ങൾക്ക് ഇസ്‌ലാമിനെ സംബന്ധിച്ച പഠന – ബോധവൽക്കരണമാണ് ഖുതുബയുടെ ലക്ഷ്യം. ഇതിന് തെളിവാകുന്ന ഏതാനും തെളിവുകൾ കാണുക:
عَنْ جَابِرِ بْنِ سَمُرَةَ، قَالَ كَانَتْ لِلنَّبِيِّ صلى الله عليه وسلم خُطْبَتَانِ يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ .
ജാബിര്‍ ഇബ്നു സമൂറ رضى الله عنه പറയുന്നു:’നബി ﷺ ക്ക് രണ്ട് ഖുതുബകള്‍ ഉണ്ടായിരുന്നു. അവക്കിടയില്‍ നബി ﷺ ഇരിക്കും. ഖു൪ആന്‍ പാരായണം ചെയ്യുകയും ജനങ്ങളെ ഉല്‍ബോധിപ്പിക്കുകയും ചെയ്യും’ ( മുസ്ലിം: 862)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ
ജാബിര്‍ ഇബ്നു അബ്ദില്ല رضى الله عنه പറയുന്നു: ‘നബി ﷺ ഖുത്വുബ നടത്തുമ്പോള്‍ അവിടുത്തെ രണ്ട് കണ്ണുകളും ചുവപ്പു വര്‍ണ്ണമാകും, ശബ്ദം ഉച്ചത്തിലാകും, കോപം കഠിനമാകും, എത്രത്തോളമെന്നാല്‍, അവിടുന്നു ഒരു സൈന്യത്തെ കുറിച്ചു താക്കീതു നല്കുന്നവനാണെന്നു തോന്നും. (മുസ്‌ലിം:867)
عَنْ أُمِّ هِشَامٍ بِنْتِ حَارِثَةَ بْنِ النُّعْمَانِ، قَالَتْ : وَمَا أَخَذْتُ { ق وَالْقُرْآنِ الْمَجِيدِ} إِلاَّ عَنْ لِسَانِ رَسُولِ اللَّهِ صلى الله عليه وسلم يَقْرَؤُهَا كُلَّ يَوْمِ جُمُعَةٍ عَلَى الْمِنْبَرِ إِذَا خَطَبَ النَّاسَ .
ഉമ്മുഹിശാം ജാബിര്‍ ഇബ്നു സമൂറ رضى الله عنها പറയുന്നു: ‘സൂറത്തു ഖ്വാഫ് അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ നാവില്‍നിന്നല്ലാതെ ഞാന്‍ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല). അവിടുന്ന് എല്ലാ ജുമുഅഃയിലും ജനങ്ങള്‍ക്കു ഖുത്വുബ നടത്തുമ്പോള്‍ മിമ്പറില്‍ വെച്ചു അതു ഓതാറുണ്ടായിരുന്നു.’ (മുസ്ലിം:873)
കേരളത്തിലെ പല പള്ളികളിലും ഖുത്ബ ബുക്ക് നോക്കി വായിക്കുന്നത് കാണാം. ഇത് സുന്നത്തിനനോട് യോജിക്കുന്നതല്ല. നബി ﷺ ഖുതുബയിൽ വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഓതിക്കൊണ്ട് ജനങ്ങൾക്ക് അത് വിശദീകരിച്ചു കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. നബി ﷺ യുടെ ഒരൊറ്റ ഖുതുബയും പൂർണ്ണരൂപത്തിൽ, ഇതാണ് നിങ്ങൾ വെള്ളിയാഴ്ച ഖുതുബയിൽ ഒതേണ്ടത് എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് പഠിപ്പിച്ചിട്ടില്ല. നബി ﷺ തന്റെ ഖുതുബയില്‍ ജനങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ പഠിപ്പിക്കുമായിരുന്നു. ഒരിക്കല്‍ നബി ﷺ വെള്ളിയാഴ്ച ഖുതുബ നി൪വ്വഹിക്കുമ്പോള്‍ കയറിവന്ന സ്വഹാബിയോട് രണ്ട് റക്അത്ത് നമസ്കരിക്കാന്‍ കല്പിച്ചു.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ جَاءَ رَجُلٌ وَالنَّبِيُّ صلى الله عليه وسلم يَخْطُبُ النَّاسَ يَوْمَ الْجُمُعَةِ فَقَالَ ” أَصَلَّيْتَ يَا فُلاَنُ ”. قَالَ لاَ. قَالَ ” قُمْ فَارْكَعْ ”
ജാബിര്‍ ഇബ്നു അബ്ദില്ല رضى الله عنه പറയുന്നു: ഒരു വെള്ളിയാഴ്ച നബി ﷺ ഖുതുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പള്ളിയില്‍ കയറി വന്നു. അപ്പോള്‍ നബി ﷺ ചോദിച്ചു. ഇന്നവനേ, നീ (തഹിയ്യത്ത്) നമസ്കരിച്ചുവോ? ഇല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി ﷺ പറഞ്ഞു: നീ എഴുന്നേറ്റ് നമസ്കരിക്കുക. (ബുഖാരി:930)
ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇബ്‌നു ഹജറുൽ അസ്ക്കലാനി رَحِمَهُ اللَّهُ പറയുന്നു:
وَأَنَّ لِلْخَطِيبِ أَنْ يَأْمُرَ فِي خُطْبَتِهِ وَيَنْهَى وَيُبَيِّنَ الْأَحْكَامَ الْمُحْتَاجَ إِلَيْهَا ، وَلَا يَقْطَعُ ذَلِكَ التَّوَالِي الْمُشْتَرَطَ فِيهَا ، بَلْ لِقَائِلٍ أَنْ يَقُولَ : كُلَّ ذَلِكَ يُعَدُّ مِنَ الْخُطْبَةِ .
ഖതീബിന് തന്റെ ഖുതുബയിൽ ആവശ്യമായ കാര്യങ്ങൾ കൽപിക്കലും വിരോധിക്കലും ആവശ്യമായ വിധി വിലക്കുകൾ വിശദീകരിച്ചു കൊടുക്കലും അനുവദനീയമാണ്. ഇതൊന്നും ഖുതുബയിൽ നിബന്ധനയായ തുടർച്ചക്ക് ഭംഗം വരുത്തുന്നതല്ല. എന്നു മാത്രമല്ല അതെല്ലാം ഖുതുബയിൽപെട്ടതാണെന്ന് പറയാവുന്നതുമാണ്.(ഫത്‌ഹുൽ ബാരി :3/450)
നബി ﷺ യുടെ ഖുത്ബ പകർത്തിയെഴുതി അത് പാരായണം ചെയ്യുകയല്ല ഖലീഫമാർ ചെയ്തത്. അവരും പ്രവാചക പാത പിന്തുടര്‍ന്ന് ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി ജനങ്ങളെ ദീൻ പഠിപ്പിക്കുകയായിരുന്നു. ഉമ൪ رَضِيَ اللَّهُ عَنْهُ ഖുതുബക്കിടയില്‍ ഉസ്മാന്‍ رَضِيَ اللَّهُ عَنْهُ വിനോട് ജുമുഅക്ക് വൈകി എത്തിയതിന്റെ കാരണം അന്വേഷിച്ച സംഭവം ബുഖാരിയിലും മുസ്ലിമിലും കാണാം. അതേപോലെ അലി رَضِيَ اللَّهُ عَنْهُ വിനോട് ഖുതുബക്കിടയില്‍ സ്വത്തവകാശത്തെ കുറിച്ച് ചോദിച്ച സംഭവവും കാണാം.ഇത് മിമ്പറിലെ മസ്അല എന്നറിയപ്പെടുന്നു.ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഖുതുബ ജനങ്ങള്‍ക്ക് സന്ദ൪ഭോചിതമായി മതം പഠിക്കാനുള്ള ഒരു വേദി കൂടിയാണെന്നാണ്.
ജുമുഅ ഖുതുബയുടെ ഭാഷ
ജുമുഅ ഖുതുബ അറബിയില്‍തന്നെ ആയിരിക്കല്‍ നിര്‍ബന്ധമാണോ? അതല്ല, അതാതുനാട്ടിലെ ജനങ്ങള്‍ക്കറിയാവുന്ന ഭാഷയിലായിരിക്കയാണോ വേണ്ടത്? എന്നത് ഇന്നത്തെ ഒരു തര്‍ക്കവിഷയമാണിത്. ഒരു സത്യാന്വേഷിക്ക് ഇതില്‍ സംശയത്തിനവകാശമില്ല. ഖുതുബയുടെ ലക്ഷ്യം സദസ്യരെ ഉപദേശിക്കലും, അവര്‍ക്കു ദീന്‍ പഠിപ്പിക്കലുമാണെങ്കില്‍ ഖുതുബ ജനങ്ങള്‍ക്ക് ഗ്രഹിക്കാവുന്ന ഭാഷയിലായിരിക്കണമെന്നുള്ളതില്‍ സംശയമേയില്ല.
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍. (ഖു൪ആന്‍: 14/4)
ജനങ്ങളോട് കാര്യങ്ങള്‍ കല്പിക്കലും നിരോധിക്കലും വിധിവിലക്കുകള്‍ വിശദീകരിച്ചുകൊടുക്കലും അവ൪ക്ക് മനസ്സിലാകാത്ത ഭാഷയിലായാല്‍ അതുകൊണ്ട് പ്രയോജനമില്ല.
ഖുത്വുബ അറബിയില്‍ തന്നെ വേണമെന്നുള്ളതിന് ഒരു തെളിവും ഇല്ല. അതുകൊണ്ടാണ് ഖുതുബയിലെ ഹംദ്, തശഹുദ് , സ്വലാത്ത് എന്നീ ഭാഗങ്ങള്‍ അറബിയില്‍ ആയിരിക്കണമെന്നും, ഉപദേശത്തിന്റെ ഭാഗം അറബിയിലായിരിക്കേണ്ടതില്ലെന്നും, കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നത്.
ശാഫീ മദ്‌ഹബിന്റെ അഭിപ്രായം
ഇമാം ശാഫിഈ رحمه الله പറയുന്നു:
إِنَّمَا كَانَتِ الْخُطْبَةُ تَذْكِيرًا
ഖുതുബ ഒരു ഉൽബോധനം മാത്രമായിരുന്നു. (അൽ ഉമ്മ് 1/203)
ഇമാം ശാഫിഈ رحمه الله പറയുന്നു:ഒരാള്‍ (ഖത്തീബ്) ജുമുഅ ഖുതുബകളിലും മറ്റുള്ള ഖുതുബകളിലും തനിക്ക് മുഖ്യ ആവശ്യമുള്ളതും മറ്റുള്ളവ൪ക്ക് മുഖ്യ ആവശ്യമുള്ളതോ ആയ വിഷയം (ശ്രോതാക്കളായ) ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്നതിന് (ഖുതുബ നടത്തുന്നതിന്) യാതാരു വിരോധവുമില്ല. (അല്‍ ഉമ്മ് 1/307)
ഇമാം നവവിؒ رحمه الله പറയുന്നു:
وَمَقْصُودُ الْخُطْبَةِ الْوَعْظُ ، وَهَذَا نَصُّهُ فِي الْإِمْلَاءِ
ഖുതുബയുടെ ഉദ്ദേശം ഉപദേശമാണ്. ഇത് ശാഫിഈ ഇമാം വ്യക്തമായി പറഞ്ഞതാണ് (ശറഹുൽ മുഹദ്ദബ് 4/521)
അപ്പോൾ ഖുതുബ കൊണ്ടുള്ള ഉദ്ദേശം പൂർത്തിയാകണമെങ്കിൽ അത് ജനങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിലായിരിക്കണം. അതു കൊണ്ട് തന്നെ അത് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലുമായിരിക്കണം.
ഇമാം നവവിؒ رحمه الله പറയുന്നു.
قَالَ الْمُتَوَلِّي : وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ . وَمَا يَكْرَهُ عُقُولُ الْحَاضِرِينَ ، وَاحْتَجَّ بِقَوْلِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ « حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللهُ وَرَسُولُهُ ؟
മുതവല്ലി ഇമാം പറഞ്ഞിരിക്കുന്നു. വിവിധ അർത്ഥമുള്ളതും സദസ്യർക്ക് മനസ്സിലാക്കാൻ വിഷമമുള്ളതും സദസ്യരുടെ ബുദ്ധിക്ക് അപരിചിതമായതുമായ പദപ്രയോഗങ്ങൾ വെറുക്കപ്പെടും. ശ്രോതാക്കൾക്കറിയുന്ന വിധത്തിൽ അവരോട് സംസാരിക്കുക. അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്ന അലിؓ رضي الله عنه വിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീഥാണ് അദ്ദേഹം തെളിവാക്കിയത്. (ശറഹുൽ മുഹദ്ദബ് 4/528)
ചുരുക്കത്തില്‍ ജുമുഅ ഖുതുബ എന്ന് പറഞ്ഞാല്‍ കേവലം ദിക്൪ അല്ലെന്നും അത് ശ്രോതാക്കള്‍ക്കാവശ്യമായ ഉപദേശ നി൪ദ്ദേശങ്ങള്‍ നല്‍കാനുള്ള വേദിയാണെന്നും മനസ്സിലാക്കേണ്ടതാണ്.
മിമ്പറിന് താഴെ നിന്നുള്ള പ്രസംഗം
നമ്മുടെ നാടുകളില്‍ ജുമുഅ ഖുതുബ അറബിയില്‍ നടത്തുന്നവ൪, മിമ്പറിന് താഴെ നിന്നുകൊണ്ട് ഖുതുബക്ക് മുമ്പോ നമസ്കാരത്തിന് ശേഷമോ ഞങ്ങള്‍ ആളുകള്‍ക്ക് മാതൃഭാഷയില്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്ന് പറയാറുണ്ട്. ഇത് ഒരിക്കലും മിമ്പറില്‍ വെച്ച് നല്‍കുന്ന ഉപദേശങ്ങള്‍ക്ക് തുല്ല്യമാകില്ല. കാരണം ജുമുഅയിലെ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ മിമ്പറില്‍ വെച്ച് നല്‍കുന്ന ഉപദേശങ്ങള്‍ക്ക് അതീവ പ്രാധാന്യമുള്ളതായി കാണാം. ഖത്തീബ് മിമ്പറില്‍ കയറുന്നതിന് മുമ്പ് പള്ളിയില്‍ എത്താന്‍ പറഞ്ഞതുതന്നെ ഖുതുബ മുഴുവനും ശ്രവിക്കാന്‍ വേണ്ടിയാണ്. അതേപോലെ ഖുതുബ ശ്രവിക്കുമ്പോള്‍ മൌനമായിരിക്കണമെന്നും സംസാരിക്കരുതെന്നും ചരല്‍കല്ലുകളിലോ എന്തെങ്കിലും വസ്തുക്കളിലോ കളിച്ചിരിക്കരുതെന്നും പറഞ്ഞതില്‍ ഖുതുബ മനസ്സിലാകുന്ന രീതിയില്‍ കേള്‍ക്കേണ്ടതിന്റേയും അത് ജീവിതത്തില്‍ പക൪ത്തേണ്ടതിന്റേയും ആവശ്യകത അടിവരയിടുന്നു. എന്നാല്‍ മിമ്പറിന് താഴെ നിന്നുകൊണ്ട് ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ ഇപ്രകാരം നിയമങ്ങളൊന്നും പാലിക്കണെമന്ന് നി൪ബന്ധം പിടിക്കാന്‍ പറ്റത്തില്ല. മിമ്പറില്‍ വെച്ചുള്ള ഉപദേശങ്ങള്‍ ആളുകള്‍ ശ്രദ്ധിക്കുന്നതുപോലെ മിമ്പറിന് താഴെ നിന്നുള്ള ഉപദേശങ്ങള്‍ ശ്രദ്ധിക്കത്തുമില്ല.
പ്രത്യേകം ശ്രദ്ധിക്കുക
1.ഖത്വീബ് മിമ്പറിൽ കയറുന്നതിന് മുമ്പ് ജനങ്ങൾ പള്ളിയിലെത്തണം
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا كَانَ يَوْمُ الْجُمُعَةِ كَانَ عَلَى كُلِّ بَابٍ مِنْ أَبْوَابِ الْمَسْجِدِ مَلاَئِكَةٌ يَكْتُبُونَ الأَوَّلَ فَالأَوَّلَ فَإِذَا جَلَسَ الإِمَامُ طَوَوُا الصُّحُفَ وَجَاءُوا يَسْتَمِعُونَ الذِّكْرَ وَمَثَلُ الْمُهَجِّرِ كَمَثَلِ الَّذِي يُهْدِي الْبَدَنَةَ ثُمَّ كَالَّذِي يُهْدِي بَقَرَةً ثُمَّ كَالَّذِي يُهْدِي الْكَبْشَ ثُمَّ كَالَّذِي يُهْدِي الدَّجَاجَةَ ثُمَّ كَالَّذِي يُهْدِي الْبَيْضَةَ
നബി ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിവസം മലക്കുകള്‍ പള്ളികവാടങ്ങളില്‍ നില്‍ക്കുകയും ആദ്യമാദ്യം പള്ളികളില്‍ എത്തുന്നവരെ ക്രമപ്രകാരം അവ൪ രേഖപ്പെടുത്തുകയും ചെയ്യും. ഖത്തീബ് മിമ്പറില്‍ കയറി ഇരുന്ന് കഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ റിക്കാ൪ഡുകള്‍ അടച്ചുവെച്ച് ഇമാമിന്റെ ഖുതുബ ശ്രദ്ധിക്കുന്നതാണ്. ഏറ്റവും ആദ്യം എത്തുന്നവ൪ക്കുള്ള പ്രതിഫലം ഒരു ഒട്ടകത്തെ അറുത്ത് ദാനം ചെയ്തവന്റേയും പിന്നീട് മാട്, ആട്, കോഴി, കോഴിമുട്ട എന്നീ ക്രമത്തില്‍ ദാനം ചെയ്തവന്റേയും പ്രതിഫലമായിരിക്കും ലഭിക്കുക.(മുസ്ലിം:850)
….. فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلاَئِكَةُ يَسْتَمِعُونَ الذِّكْرَ
നബി ﷺ പറഞ്ഞു: ….അങ്ങനെ ഇമാം പള്ളിയിലേക്ക് പുറപ്പെട്ട് കഴിഞ്ഞാൽ ഖുത്തുബ കേൾക്കാൻവേണ്ടി മലക്കുകൾ അവിടെ ഹാജറാകും. (ബുഖാരി:881)
2.ഖത്വീബിലേക്ക് ശ്രദ്ധ കൊടുക്കുക
ശൈഖ് അൽബാനി رحمه الله പറയുന്നു: ജുമുഅ ഖുത്ബയുടെ സന്ദർഭത്തിൽ ഇമാമിലേക്ക് നോക്കൽ വിസ്മരിക്കപ്പെടുന്ന സുന്നത്താണ്. {മുത്വീഅ് ബ്ൻ അൽ ഹകം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മിമ്പറിൽ കയറിൽ ഞങ്ങളുടെ മുഖം നബി ﷺ യിലേക്ക് തിരിക്കുമായിരുന്നു} ഇത് വിസ്മരിക്കപ്പെടുന്ന സുന്നത്താണ്, സുന്നത്തിനെ സ്നേഹിക്കുന്നവർ ഇത് ജീവിപ്പിക്കട്ടെ. (തമാമുൽ മിന്ന: 333)
3.ഖുതുബ ശ്രദ്ധിച്ച് കേൾക്കുക
4.മൗനം പാലിക്കുക
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ أَتَى الْجُمُعَةَ فَاسْتَمَعَ وَأَنْصَتَ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ وَمَنْ مَسَّ الْحَصَى فَقَدْ لَغَا
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും വെള്ളിയാഴ്ച (കുളിച്ച്) നല്ലരീതിയില്‍ വുളുവെടുത്ത് പള്ളിയിലെത്തുകയും മൗനം പാലിച്ചുകൊണ്ട് (ഖുതുബ) ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്ന് ദിവസങ്ങളിലെ പാപങ്ങളും പൊറുക്കപ്പെടും. എന്നാൽ ചരലുകൾ തടവികൊണ്ടിരിക്കുന്നവൻ പ്രതിഫലം പാഴാക്കിക്കളഞ്ഞു. (അബൂദാവൂദ് : 1050 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഖുതുബ നടക്കുമ്പോള്‍ മൌനം പാലിക്കലും ശ്രദ്ധിച്ച് കേള്‍ക്കലും നമ്മുടെ നി൪ബന്ധ ബാധ്യതയാണ്. ആരെങ്കിലും നമ്മുടെ സമീപത്തിരുന്ന് സംസാരിക്കുന്നെങ്കില്‍ അവനോട് സംസാരിക്കരുതെന്ന് പോലും പറയാന്‍ പാടില്ല.അവനോട് സംസാരിക്കരുതെന്ന് ആംഗ്യം കാണിച്ചാല്‍ മാത്രം മതി.
عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي سَعِيدُ بْنُ الْمُسَيَّبِ، أَنَّ أَبَا هُرَيْرَةَ، أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا قُلْتَ لِصَاحِبِكَ يَوْمَ الْجُمُعَةِ أَنْصِتْ. وَالإِمَامُ يَخْطُبُ فَقَدْ لَغَوْتَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നിന്റെ അടുത്തിരിക്കുന്ന വ്യക്തിയോട് നിശബ്ദമായിരിക്കൂ എന്ന് നീ പറഞ്ഞുപോയെങ്കില്‍ നീ അനാവശ്യമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. (ബുഖാരി:934)
ഇബ്നു ഹജർ رحمه الله പറയുന്നു: പണ്ഡിതന്മാർ പറഞ്ഞു: സംസാരിക്കരുതെന്ന് പറയുന്നവർ നന്മ കൽപ്പിക്കുകയെന്ന ഉദ്ദേശത്തിലാണെങ്കിൽ അത് ആംഗ്യത്തിലൂടെയാക്കട്ടെ.
ജുമുഅ ഖുത്ബയുടെ അവസരത്തിൽ ഇമാം അല്ലാത്തവരോട് ഒരാൾ സംസാരിക്കുക എന്നത് ഹറാമാണ്. (ലജ്നത്തുദ്ദാഇമ )
قال الشيخ صالح الفوزان حفظه الله : من دخل والإمام يخطب يوم الجمعة فإنه لا يسلِّم ، وعليه أن يركع ركعتان خفيفتان ، ولا يصافح من بجانبه .
ശൈഖ് സ്വാലിഹുൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു: വെള്ളിഴായ്ച്ച ഇമാം ഖുത്ബ പറയുമ്പോൾ ആരെങ്കിലും (പള്ളിയിൽ) പ്രവേശിച്ചാൽ സലാം പറയാൻ പാടില്ല. ലഘുവായ രൂപത്തിൽ രണ്ട് റക്അത്ത് നമസ്കരിക്കുയാണ് അവൻ ചെയ്യേണ്ടത്. അടുത്തുള്ളവന് ഹസ്തദാനം ചെയ്യാനും പാടില്ല. (الملخص الفقهي / للفوزان)
5.മുട്ടുകെട്ടിയിരിക്കരുത്
عَنْ سَهْلِ بْنِ مُعَاذٍ، عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنِ الْحَبْوَةِ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ
മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വെള്ളിയാഴ്‌ച ദിവസം ഇമാം പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോൾ മുട്ടുകെട്ടിയിരിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്: 1110 – തിർമുദി: 514 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ മുഹ്സിൻ അബ്ബാദ് حَفِظَهُ اللَّهُ പറഞ്ഞു: ഇഹ്തിബാ അഥവാ കാൽമുട്ട് കെട്ടി ഇരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, ഒരാൾ തന്റെ ഇരു പുഷ്ഠങ്ങളിലായി ഇരിക്കുകയും രണ്ട് മുഴങ്കാലുകളും നാട്ടിവെക്കുകയും ചെയ്തശഷം തുഷിക്കഷണം കൊണ്ട് മുതുകും കണങ്കാലുകളും കൂട്ടികെട്ടി ഈ വിധത്തിൽ ഇരിക്കുന്നതിനെയാണ്. ചിലപ്പോൾ തുണിക്കഷണത്തിന് പകരം ഇരുകൈകൾ ഉപയോഗിച്ച് കണങ്കാലുകളിൽ കൂട്ടികെട്ടും. അങ്ങനെയായലും അയാൾ ഇഹ്തിബാഇന്റെ ഇരുത്തത്തിൽ തന്നെയാകും. (ശറഹു സുനനു അബൂദാവൂദ്:15/139)
മുട്ടുകെട്ടി ഇരിക്കുന്നത് ഉറക്കം വരാനും നഗ്നത പ്രകടമാകാനുമെല്ലാം കാരണമാകും.
6.സുന്നത്തിനെ അനുധാവനം ചെയ്യുന്ന പള്ളികൾ തെരഞ്ഞെടുക്കുക
ജുമുഅഃ ഖുത്ത്ബഃയുടെ ലക്ഷ്യം ഇന്നതാണെന്ന് അറിയാവുന്നവരില്‍ നിന്നുപോലും സദസ്സ്യര്‍ക്കു ദൈവഭക്തിയും മതബോധവും ഉണ്ടാക്കുന്ന തരത്തിലുള്ള ഖുത്ത്ബഃകള്‍ കേള്‍ക്കുവാനുള്ള ഭാഗ്യം ഇന്നു വളരെ വിരളമായിട്ടാണിരിക്കുന്നത്. ഏറെക്കുറെ നെടുനീളനും പൊടിപൊടിപ്പനുമായ പ്രസംഗങ്ങള്‍ കേള്‍ക്കാം. പേരിനു മാത്രം ഒന്നുരണ്ടു ഖുര്‍ആന്‍ വാക്യങ്ങളും കേട്ടേക്കാം. പക്ഷേ വിഷയം വായില്‍ വന്നതും, ഖുത്ത്ബഃയുടെ ലക്ഷ്യവുമായി ബന്ധമില്ലാത്തതുമായിരിക്കും. പലരുടെയും പ്രസംഗങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കയില്ല. മറ്റു ചിലരുടെ ഉദ്ദേശം തന്നെ മതത്തിന്റെ നിഴലില്‍ കൂടി തങ്ങളുടെ ഭൗതികാദര്‍ശങ്ങള്‍ പ്രചരിപ്പിക്കൽ കൂടിയാണെന്നു പറയേണ്ടിയിരിക്കുന്നു. ഇങ്ങിനെയൊക്കെയാണ് ഇന്നത്തെ ഖത്തീബുമാരില്‍ ഒരു വിഭാഗത്തിന്റെ നിലയെങ്കില്‍, മറ്റൊരു വിഭാഗക്കാര്‍ ചെയ്യുന്നതു മുന്‍കാലത്തു ആരെങ്കിലും രചിച്ചുവെച്ച ഏടുകള്‍ നോക്കി വായിച്ചു തൃപ്തി അടയലാണ്. അതു അറബിയില്‍ തന്നെ വേണമെന്നു അവര്‍ക്കു നിഷ്കര്‍ഷയുമുണ്ട്. സദസ്സ്യരില്‍ ആര്‍ക്കും, അല്ലെങ്കില്‍ ബഹുഭൂരിഭാഗത്തിന് അറബി അറിയുകയില്ല താനും. അത്രയുമല്ല, ആ ഏടു നോക്കി വായിക്കുന്നവനു – അവരുടെ ഭാഷയില്‍ ഖത്തീബിനു – തന്നെയും ചിലപ്പോള്‍ ആ വായിക്കപ്പെടുന്നതിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കയില്ല. ഇതു വാസ്തവത്തില്‍ ‘ഖുത്ത്ബഃ’ (പ്രസംഗം) അല്ല. കേവലം ‘ഖിറാഅത്ത്’ (വായന) മാത്രമാണ്. (അമാനി തഫ്സീര്‍)
www.kanzululoom.com