പ്രതിസന്ധികൾക്ക് പിന്നിൽ

أَمْ حَسِبْتُمْ أَن تُتْرَكُوا۟ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَٰهَدُوا۟ مِنكُمْ وَلَمْ يَتَّخِذُوا۟ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلْمُؤْمِنِينَ وَلِيجَةً ۚ وَٱللَّهُ خَبِيرُۢ بِمَا تَعْمَلُونَ

അതല്ല, നിങ്ങളില്‍ നിന്ന് സമരം ചെയ്യുകയും, അല്ലാഹുവിന്നും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും പുറമെ യാതൊരു രഹസ്യകൂട്ടുകെട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്തവര്‍ ആരെന്ന് അല്ലാഹു അറിഞ്ഞിട്ടല്ലാതെ നിങ്ങളെ വിട്ടേക്കുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അല്ലാഹുവാകട്ടെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:9/16)

أَمْ അതല്ല, അഥവാ, അതോ حَسِبْتُمْ നിങ്ങള്‍ കണക്കാക്കി (ഗണിച്ചു – കരുതി) യോ أَن تُتْرَكُوا നിങ്ങള്‍ വിടപ്പെടു (ഉപേക്ഷിക്കപ്പെടു) മെന്ന്‌ وَلَمَّا يَعْلَمِ അറിയാത്ത സ്ഥിതിക്ക്‌, അറിയാതെ اللَّهُ അല്ലാഹു الَّذِينَ جَاهَدُوا സമരം ചെയ്‌തവരെ مِنكُمْ നിങ്ങളില്‍ നിന്ന്‌ وَلَمْ يَتَّخِذُوا അവര്‍ ഉണ്ടാക്കിയിട്ടുമില്ല مِن دُونِ اللَّهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ وَلَا رَسُولِهِ അവന്‍റെ റസൂലിനും (പുറമെ) ഇല്ല وَلَا الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കും (പുറമെ) ഇല്ല وَلِيجَةً ഒരു രഹസ്യക്കൂട്ടുകെട്ട്‌, സ്വകാര്യബന്ധുവെ, ഉള്ളുകള്ളിക്കാരെ وَاللَّهُ അല്ലാഹു خَبِيرٌ സൂക്ഷ്‌മമായി അറിയുന്നവനാണ്‌ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

വിശദീകരണം

സമരങ്ങളും യുദ്ധങ്ങളും നടത്തുവാന്‍ കല്‍പിക്കുന്നതിലടങ്ങിയ ഒരു പ്രധാന രഹസ്യം അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്‌. അതായത്‌, അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കുകയും, അതിന്‌ വേണ്ടിവരുന്ന ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സഹിക്കുകയും ചെയ്‌വാന്‍ ആത്മാര്‍ഥമായി മുന്നോട്ട്‌ വരുന്നവര്‍ ആരാണ്‌, അതിന്‌ തയ്യാറില്ലാത്തവര്‍ ആരാണ്‌ എന്ന്‌ വേര്‍തിരിഞ്ഞു കാണുവാനുള്ള ഒരു പരീക്ഷണമാണിത്‌. അതുകൊണ്ട്‌ അല്ലാഹുവിനോടും, റസൂലിനോടും, സത്യവിശ്വാസികളോടും ഉണ്ടായിരിക്കേണ്ടുന്ന ബന്ധത്തിന്‌ നിരക്കാത്ത കൂട്ടുകെട്ടുകളില്‍ നിന്നും, സ്വകാര്യബന്ധങ്ങളില്‍നിന്നും വിമുക്തരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുന്നവരും, അല്ലാത്തവരും തമ്മില്‍ പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞുകാണാതെ – നിങ്ങള്‍ സത്യവിശ്വാസികളാണെന്നും മുസ്‌ലിംകളാണെന്നും അവകാശപ്പെട്ടത്‌ കൊണ്ടു മാത്രം – നിങ്ങളെ ഒഴിവാക്കി വിടുമെന്ന്‌ നിങ്ങള്‍ കരുതേണ്ട; അത്‌ സംഭവിക്കുവാന്‍ പോകുന്നില്ല. എന്നു സാരം. മറ്റൊരിടത്ത്‌ അല്ലാഹു പറയുന്നു:

أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ

ഞങ്ങള്‍ വിശ്വസിച്ചു എന്ന്‌ പറയുന്നത്‌ കൊണ്ട്‌ മാത്രം തങ്ങള്‍ പരീക്ഷിക്കപ്പെടാതെ ഉപേക്ഷിക്കപ്പെടുമെന്ന്‌ മനുഷ്യര്‍ കണക്കാക്കിയിരിക്കുന്നുവോ? (29/2)

ചെറുത്‌-വലുത്‌, ഭൂത-വര്‍ത്തമാന-ഭാവി, രഹസ്യം-പരസ്യം എന്നിങ്ങനെയുള്ള വ്യത്യാസമില്ലാതെ എല്ലാ കാര്യങ്ങളും സസൂക്ഷ്‌മം അറിയുന്നവനാണ്‌ അല്ലാഹു. അവന്‍റെ അറിവിനെതിരായി ഒരു അണുത്തൂക്കവും സംഭവിക്കുകയുമില്ല. എന്നിരിക്കെ, സമരം ചെയ്യുന്നവരെയും അല്ലാത്തവരെയും അവന്‌ തിരിച്ചറിയുവാനാണ്‌ ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ എന്ന്‌ പറയുന്നതിന്‍റെ അര്‍ഥമെന്താണെന്ന്‌ വല്ലവര്‍ക്കും സംശയം തോന്നിയേക്കാം. രണ്ട്‌ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍ത്തിരുന്നാല്‍, ഈ സംശയം അസ്ഥാനത്താണെന്ന്‌ സ്വയം ബോധ്യപ്പെടും.

(1) സംഭവിച്ചു കഴിഞ്ഞിട്ടില്ലാത്ത ഭാവി കാര്യങ്ങളെപ്പറ്റി അവ ഇന്നിന്ന പ്രകാരമേ സംഭവിക്കൂ എന്ന്‌ അല്ലാഹുവിനറിയാം. പക്ഷേ, അത്‌ അനുഭവത്തിലും പ്രവര്‍ത്തനരംഗത്തും പ്രത്യക്ഷപ്പെട്ടുകാണലും, സംഭവിക്കുമ്പോള്‍ ഇന്നിന്ന പ്രകാരമായിരിക്കും അത്‌ സംഭവിക്കുക എന്നു മുന്‍കൂട്ടി അറിഞ്ഞിരിക്കലും വെവ്വേറെ കാര്യങ്ങളാണ്‌.

(2) മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കനുസരിച്ചാണ്‌ അല്ലാഹു അവന്‌ പ്രതിഫലം നല്‍കുന്നത്‌. അഥവാ ഇന്നിന്ന പ്രകാരത്തിലായിരിക്കുമെന്നുള്ള അല്ലാഹുവിന്‍റെ അറിവിന്‍റെ അടിസ്ഥാനത്തിലല്ല അത്‌. അതുകൊണ്ട്‌ ഓരോരുത്തന്‍റെയും നന്മതിന്മകള്‍ കണക്കാക്കപ്പെടുന്നതിന്‌ അവ അവന്‍റെ പ്രവര്‍ത്തന രംഗത്ത്‌ തന്നെ പ്രകടമായിക്കാണേണ്ടിയിരിക്കുന്നു. الّله اعلم

 

അമാനി തഫ്സീ൪

 

www.kanzululoom.com

 

Similar Posts

ആകാശ ഭൂമികളുടെ അധികാരം

വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം

Read Now >

നരകം : ഗൗരവമുള്ള വിഷയം

Read Now >

ചെയ്തതില്‍ സന്തോഷിക്കുകയും ചെയ്തിട്ടില്ലാത്തതിൽ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവരോട്

Read Now >

സ്വര്‍ഗ പൂന്തോട്ടത്തില്‍ ആനന്ദ ജീവിതം

Read Now >

മനുഷ്യന്റെ സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും കാര്യം

Read Now >