فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു. (ഖു൪ആന്‍:51/50)
فَفِرُّوا ആകയാല്‍ നിങ്ങൾ ഓടിച്ചെല്ലുക (അഭയം തേടുക) إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു إِنِّي لَكُم നിശ്ചയമായും ഞാൻ നിങ്ങള്‍ക്കു مِّنْهُ അവങ്കൽ നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ താക്കീതുകാരനാണ്
അല്ലാഹുവിനെ ഭയപ്പെടാനും അവനിലേക്ക് ഖേദിച്ചു മടങ്ങാനും നിര്‍ബന്ധിപ്പിക്കുന്ന അവന്റെ ദൃഷ്ടാന്തങ്ങളിലേക്ക് തന്റെ അടിമകളെ ക്ഷണിക്കുമ്പോള്‍ തന്നെ അതിനാവശ്യമായത് നിര്‍ദേശിക്കുകയും ചെയ്യുന്നു. അത് അവനിലേക്ക് ഓടിച്ചെല്ലാനാണ്. അതായത് :
▪️പ്രത്യക്ഷമായും പരോക്ഷമായും അവന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍നിന്നും ഇഷ്ടപ്പെടുന്നതിലേക്കുള്ള ഓട്ടം.
▪️അജ്ഞതയില്‍നിന്ന് അറിവിലേക്ക്,
▪️അവിശ്വാസത്തില്‍നിന്ന് വിശ്വാസത്തിലേക്ക്,
▪️അനുസരണക്കേടിൽ നിന്ന് അനുസരണത്തിലേക്ക്,
▪️അശ്രദ്ധയില്‍നിന്ന് അല്ലാഹുവിന്റെ സ്മരണയിലേക്ക്.
ഈ കാര്യങ്ങള്‍ ആര്‍ക്ക് പൂര്‍ണമായോ അവന്റെ ദീന്‍ മുഴുവന്‍ പരിപൂര്‍ണമായി. എല്ലാ ഭയവും നീങ്ങി. ഉദ്ദിഷ്ട ലക്ഷ്യം അവന്‍ കരസ്ഥമാക്കി. തന്നിലേക്കുള്ള മടക്കത്തെ അല്ലാഹു വിളിച്ചത് ‘ഓടിച്ചെല്ലുക’ എന്നാണ്. അവനല്ലാത്തവരിലേക്കുള്ള മടക്കം ഭയങ്ങളിലേയും അനിഷ്ടങ്ങളിലേക്കുമാണ്. എന്നാല്‍ അവനിലേക്കുള്ള മടക്കം ഇഷ്ടങ്ങളിലേക്കാണ്. വിജയത്തിലേക്കും സൗഭാഗ്യത്തിലേക്കും സന്തോഷത്തിലേക്കും നിര്‍ഭയത്വത്തിലേക്കും. അവന്റെ വിധിതീരുമാനങ്ങളില്‍ നിന്ന് അവന്റെ വിധിതീരുമാനങ്ങളിലേക്കുതന്നെ. എന്തെല്ലാം നീ ഭയപ്പെടുന്നുവോ അതില്‍ നിന്നെല്ലാം നീ അല്ലാഹുവിലേക്ക് ഓടിച്ചെല്ലുക. ഭയത്തിനനുസരിച്ചാണ് അവനിലേക്കുള്ള ഓടിച്ചെല്ലല്‍.
{തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്റെ അടുക്കല്‍നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു}അതായത് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള താക്കീതുകാരനാണ്. താക്കീത് വ്യക്തമാക്കിക്കൊടുക്കുന്ന ഭയപ്പെടുത്തുന്നവനും.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com