വേദക്കാര്‍ : അല്ലാഹുവിന്റെ താക്കീത്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ يَرُدُّوكُم بَعْدَ إِيمَٰنِكُمْ كَٰفِرِينَ ‎

സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും. (ഖു൪ആന്‍:3/100)

വിശദീകരണം

സൂ: അല്‍ബക്വറഃ 109ല്‍ പ്രസ്താവിച്ചതുപോലെ, വേദക്കാരില്‍ പെട്ട പലരും അസൂയ നിമിത്തം, സത്യവിശ്വാസികളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി അവരെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ സൂക്ഷിക്കണം, അവരുടെ വാക്കുകള്‍ സ്വീകരിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ അവിശ്വാസത്തിലേക്ക് തന്നെ മടങ്ങുവാന്‍ കാരണമായിത്തീരും. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നു. നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ അവതരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവന്‍റെ റസൂല്‍ നിങ്ങളുടെ ഇടയില്‍ ജീവിച്ചിരിപ്പുണ്ട്. അതുകൊണ്ട് സംശയ നിവാരണത്തിനോ, തെളിവുകള്‍ക്കോ, വിശദീകരണങ്ങള്‍ക്കോ മറ്റാരെയും നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടതായിട്ടില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ കൈവിടാത്ത കാലത്തോളം നിങ്ങള്‍ നേരായമാര്‍ഗം പിഴച്ചുപോകുകയില്ല. എന്നിങ്ങനെ അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

ക്വുര്‍ആന്‍ അവതരിച്ച കാലത്തുള്ള സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, അന്ന് അറേബ്യയിലുണ്ടായിരുന്ന വേദക്കാരെ സംബന്ധിച്ചും മാത്രമാണ് ഈ വചനങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതെന്ന് കരുതിക്കൂടാ. വേദക്കാര്‍- ജൂതക്രിസ്ത്യാനികള്‍- മുസ്‌ലിംകളെ വഴിപിഴപ്പിക്കുവാനുള്ള ശ്രമങ്ങള്‍ അന്നുതൊട്ട് ഇന്നോളം നടത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്. മുസ്‌ലിംകളെ അവരുടെ മതത്തില്‍ നിന്ന് വ്യതിചലിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് കാലത്തിനൊത്ത ആസൂത്രിത പരിപാടികള്‍ പലതും അവര്‍ സ്വീകരിച്ചും വരുന്നു. മുസ്‌ലിംകളുടെ ഗുണകാംക്ഷികളും, സത്യാന്വേഷികളും, വിജ്ഞാനകുതുകികളുമെന്ന ഭാവേന ഈ ആവശ്യാര്‍ത്ഥം അടുത്തകാലത്തായി അവര്‍ അതിന് സ്വീകരിച്ചുവരുന്ന അതിസമര്‍ത്ഥമായ ഒരു മാര്‍ഗമത്രെ ഓറിയന്റലിസം. പാശ്ചാത്യ രാഷ്ട്രങ്ങളുടെ തണലിലും, അവരുടെ സഹായ സഹകരണത്തോടുകൂടിയും പൗരസ്ത്യഭാഷാ സംസ്‌ക്കാര പഠന ഗവേഷണങ്ങളുടെ പേരിലും നടമാടിക്കൊണ്ടിരിക്കുന്ന ഈ സംരംഭത്തിന്‍റെ മുഖ്യോദ്ദേശ്യം ഇസ്‌ലാമിനെയും, ക്വുര്‍ആനെയും, നബി തിരുമേനി ﷺ യെയും കുറിച്ച് മുസ്‌ലിംകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കലും, ഇസ്‌ലാമികാദ്ധ്യാപനങ്ങളില്‍ നിന്ന് അവരെ അകറ്റലുമാകുന്നു. ക്വുര്‍ആനിലൂടെയും നബിചര്യയിലൂടെയും ഇസ്‌ലാമിനെ മനസ്സിലാക്കുവാനോ, ഇസ്‌ലാമിക വിജ്ഞാനങ്ങളുമായി പരിചയപ്പെടുവാനോ അവസരം ലഭിക്കാതെ, ഓറിയന്റലിസ്റ്റുകളുടെ സാഹിത്യങ്ങളില്‍ നിന്ന് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും മനസ്സിലാക്കുവാന്‍ ഇടവന്ന അഭ്യസ്തവിദ്യരായ പലര്‍ക്കും അതുവഴി വളരെയധികം തെറ്റിദ്ധാരണകള്‍ ഇസ്‌ലാമിനെപ്പറ്റി ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്. ഓറിയന്റലിസ്റ്റുകളുടെ സാഹിത്യകൃതികളില്‍ ജൂതപണ്ഡിതന്‍മാര്‍ക്കാണ് കൂടുതല്‍ കയ്യുള്ളതെന്ന സംഗതിയും ശ്രദ്ധേയമാകുന്നു. വേദക്കാരുടെ കുതന്ത്രങ്ങളെപ്പറ്റി സൂക്ഷിക്കുവാനുള്ള അല്ലാഹുവിന്‍റെ കല്‍പനയിലും, അവരില്‍ പലരും സത്യവിശ്വാസികളെ അവിശ്വാസികളാക്കുവാന്‍ ഉദ്ദേശിക്കുന്നവരാണെന്ന താക്കീതിലും ഇവരും ഇവരുടെ കൃതികളും ഉള്‍പ്പെടുമെന്നുള്ളതില്‍ സംശയമില്ല.

 

അമാനി തഫ്സീര്‍

 

www.kanzululoom.com

 

Similar Posts

ശുപാര്‍ശയുടെ ഫലം

Read Now >

റുബൂബിയ്യത്തും ഉലൂഹിയ്യത്തും

ഇഹലോകവും പരലോകവും

നൽകുന്നവനും തടുക്കുന്നവനും അല്ലാഹു

ഹിദായത്ത് നൽകുന്നവൻ അല്ലാഹു

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും