മുഹമ്മദ് നബി ﷺ യുടെ പ്രബോധനത്തെ നിഷേധിക്കുന്നതിനെ ന്യായീകരിക്കുവാൻ വേണ്ടി, മുശ്രിക്കുകൾ പല കുതർക്കങ്ങളും, ദുർന്യായങ്ങളും, പറയാറുണ്ട്. അതിലൊന്നാണ് : ‘മുമ്പുള്ള പ്രവാചകന്മാർ കൊണ്ടു വന്നതു പോലെയുള്ള ഒരു ദൃഷ്ടാന്തം മുഹമ്മദ് കൊണ്ടു വരാത്തതെന്താണ് ?’ എന്ന ആക്ഷേപവും.
എന്നാൽ ഏതൊക്കെ ദൃഷ്ടാന്തങ്ങൾ ലഭിച്ചാലും അതെല്ലാം തള്ളിക്കളയുന്നവരാണ് അവർ എന്നതാണ് യാഥാർഥ്യം, ഇത് കേവലം ന്യായ വാദങ്ങൾ മാത്രമാണ്. അല്ലാഹു പറയുന്നു:
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ﴿١﴾ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ﴿٢﴾ وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ ﴿٣﴾ وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ ﴿٤﴾
ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു. (ദൈവ നിഷേധത്തില്‍ നിന്ന്) അവര്‍ ഒഴിഞ്ഞു നില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകിട്ടിയിട്ടുണ്ട്. (ഖുര്‍ആൻ:54/1-4)
നബി ﷺ യേയും പ്രബോധനത്തെയും നിഷേധിക്കാൻ പലവിധ ന്യായങ്ങൾ മക്കയിലെ മുശ്രിക്കുകൾ പറഞ്ഞിട്ടുണ്ട്:
وَقَالُوا۟ مَالِ هَٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا ﴿٧﴾ أَوْ يُلْقَىٰٓ إِلَيْهِ كَنزٌ أَوْ تَكُونُ لَهُۥ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴿٨﴾
വര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്. (ഖുര്‍ആൻ:25/7-8)
മുൻകഴിഞ്ഞു പോയവരുടെ വൃത്താന്തങ്ങൾ, പൂർവ്വ പ്രവാചകൻമാരുടെ പ്രബോധന ചരിത്രങ്ങൾ, നബി ﷺയെ സംബന്ധിച്ച പ്രവചനങ്ങൾ ആദിയായി സാക്ഷാൽ പൂർവ്വ വേദഗ്രന്ഥങ്ങളിൽ വന്നിട്ടുള്ളതിന്റെ തെളിവായും, സാക്ഷ്യമായും കൊണ്ട് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആൻ, ഇതാ അവരുടെ മുമ്പിലുണ്ട്! അവർക്കു സദുദ്ദേശമുണ്ടെങ്കിൽ, വേറെ ദൃഷ്ടാന്തങ്ങൾക്കൊന്നും ആവശ്യമില്ല തന്നെ. ഈ സംഗതി കുറേക്കൂടി വിശദമായി അല്ലാഹു ഇപ്രകാരം പറയുന്നു:
وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَٰتٌ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْـَٔايَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ ﴿٥٠﴾ أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ ﴿٥١﴾
അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഇവന്നു ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് എന്തുകൊണ്ട് ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കപ്പെടുന്നില്ല? നീ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായഒരു താക്കീതുകാരന്‍ മാത്രമാകുന്നു. നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവര്‍ക്കു (തെളിവിന്) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും ഉല്‍ബോധനവുമുണ്ട്. (ഖുര്‍ആൻ:29/50-51)
വിശുദ്ധ ഖുര്‍ആൻ : ഏറ്റവും വലിയ ദൃഷ്ടാന്തം
പ്രവാചകൻമാരുടെ നുബുവ്വത്തും, രിസാലത്തും (പ്രവാചകത്വവും, ദിവ്യദൗത്യവും) സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടി അവരുടെ കൈക്ക് അല്ലാഹു ചില മുഅ്ജിസത്തുകള്‍ (അമാനുഷിക ദൃഷ്ടാന്തങ്ങളും അസാധാരണ സംഭവങ്ങളും) വെളിപ്പെടുത്താറുണ്ട്. മൂസാ നബി عليه السلام യുടെ വടി, സ്വാലിഹ് നബി عليه السلام യുടെ ഒട്ടകം മുതലായവയും, മാറാവ്യാധികള്‍ സുഖപ്പെടുത്തുക, മണ്ണുകൊണ്ട് കുരുവികളുണ്ടാക്കി ഊതിപ്പറപ്പിക്കുക മുതലായവ ഈസാ നബി عليه السلام യുടെ കൈക്ക് വെളിപ്പെട്ടിരുന്നതും പ്രസ്തുത ദൃഷ്ടാന്തങ്ങളില്‍ പെട്ടവയത്രെ. അതാതു കാലദേശങ്ങളിലുള്ള ജനങ്ങളുടെ പക്വതക്കും, പരിതഃസ്ഥിതികള്‍ക്കും അനുസരിച്ച വിധത്തിലായിരുന്നു നബിമാരില്‍ നിന്ന് അവ പ്രത്യക്ഷപ്പെട്ടിരുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ഇതിന് ധാരാളം തെളിവുകളുണ്ട്. മുഹമ്മദ് നബി ﷺ യുടെ കൈക്കും ഇതുപോലെ പല ദൃഷ്ടാന്തങ്ങളും വെളിപ്പെടുകയുണ്ടായിട്ടുണ്ട്.
ഈ വിധത്തിലുള്ള ദൃഷ്ടാന്തങ്ങള്‍, അതാത് നബിമാരുടെ കാലശേഷം നിലനില്‍ക്കത്തക്കവണ്ണം അവശേഷിക്കാറുമില്ല. അവരുടെ കാലം കഴിയുന്നതോടുകൂടി അവയും അവസാനിച്ചു പോകുന്നതാണ്. മുഹമ്മദ് നബി ﷺ അന്ത്യപ്രവാചകനാണ്. അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത് ലോകാവസാനം വരെയുള്ള എല്ലാ ജനങ്ങള്‍ക്കും റസൂലായിക്കൊണ്ടുമാണ്. അവിടുത്തെ ജനതയാകട്ടെ, സാഹിത്യ നിപുണന്മാരുമായിരുന്നു. ഭാവിതലമുറകളാണെങ്കില്‍, ബുദ്ധിയിലും, ശാസ്ത്രവിജ്ഞാന രംഗങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ഈ പരിതഃസ്ഥിതിയില്‍, നബി ﷺ യുടെ കൈക്ക് വെളിപ്പെടുന്ന ഏറ്റവും വലിയ ദൃഷ്ടാന്തം, ലോകാവസാനം വരെ നിലനില്‍ക്കുന്നതും, ഏതുകാലത്തും ദൈവിക ദൃഷ്ടാന്തമാണെന്ന് നിഷ്പക്ഷബുദ്ധികള്‍ വിധി കല്പിക്കുന്നതുമായിരിക്കണമല്ലോ. ആകയാല്‍, മറ്റേത് നബിമാരുടെ ദൃഷ്ടാന്തങ്ങളെക്കാളും – നബി ﷺ യുടെ കൈക്കുതന്നെ വെളിപ്പെട്ട ഇതര ദൃഷ്ടാന്തങ്ങളെക്കാളും – ഏറ്റവും മഹത്തായ ദിവ്യദൃഷ്ടാന്തമാണ് വിശുദ്ധ ക്വുര്‍ആന്‍.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم “ مَا مِنَ الأَنْبِيَاءِ نَبِيٌّ إِلاَّ أُعْطِيَ مَا مِثْلُهُ آمَنَ عَلَيْهِ الْبَشَرُ، وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَاهُ اللَّهُ إِلَىَّ فَأَرْجُو أَنْ أَكُونَ أَكْثَرَهُمْ تَابِعًا يَوْمَ الْقِيَامَةِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യരില്‍ വിശ്വാസം ഉണ്ടാക്കുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ചത് അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്‌യ്) അത്രെ. അതുകൊണ്ട് പരലോകദിനത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി:4981)
‘വഹ്‌യ്’ കൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശ്യം വിശുദ്ധ ക്വുര്‍ആനാണെന്ന് പറയേണ്ടതില്ല. നബി ﷺ യുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ദൃഷ്ടാന്തം ക്വുര്‍ആന്‍ മാത്രമാണെന്ന് പറയുമ്പോള്‍, നബി ﷺ യുടെ കൈക്ക് വേറെ യാതൊരു അമാനുഷിക സംഭവവും വെളിപ്പെടുകയുണ്ടായിട്ടില്ല എന്ന് അതിനര്‍ത്ഥമില്ല. പക്ഷേ, അവയൊന്നും ഖുര്‍ആനെ പോലെ ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുള്ള ദൃഷ്ടാന്തങ്ങള്‍ (آيات التحدى) ആയിരുന്നില്ല. അവ അവിടുത്തെ പ്രവാചകത്വത്തെ ബലപ്പെടുത്തുന്ന സംഭവങ്ങള്‍ (المؤ يدات) മാത്രമായിരുന്നു. മറ്റൊരു പ്രകാരത്തില്‍ പറഞ്ഞാല്‍ മൂസാ നബി عليه السلام ക്ക് അദ്ദേഹത്തിന്‍റെ കൈയും, വടിയും, സ്വാലിഹ് നബി عليه السلام ക്ക് ഒട്ടകവും ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രവാചകത്വ ദൃഷ്ടാന്തങ്ങളായിരുന്നു. അവ ബാഹ്യദൃഷ്ടി കൊണ്ട് തന്നെ മനസ്സിലാക്കാവുന്ന ദൃഷ്ടാന്തങ്ങള്‍ ആയിരുന്നുവെങ്കില്‍ നബി ﷺ യുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിന് നിശ്ചയിക്കപ്പെട്ടത് ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്ന ദൃഷ്ടാന്തം ആയിരുന്നു; അതത്രെ വിശുദ്ധ ഖുര്‍ആന്‍.
മുന്‍പ്രവാചകന്മാരുടെതുപോലെയുള്ള ദൃഷ്ടാന്തങ്ങള്‍ നബി ﷺ ക്ക് നല്‍കപ്പെടാത്തതിന്‍റെ കാരണം അല്ലാഹു വ്യക്തമാക്കുന്നത് കാണുക:
وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْـَٔايَٰتِ إِلَّا تَخْوِيفًا
നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന് നമുക്ക് തടസ്സമായത് പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിക്കളഞ്ഞു എന്നത് മാത്രമാണ്. നാം ഥമൂദ് സമുദായത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട് ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട് അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്. (ഖുര്‍ആൻ:17/59)
അവിശ്വാസികള്‍ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ – അവര്‍ കെട്ടിച്ചോദിക്കുന്നതോ, സ്വാലിഹ് നബി عليه السلام , മൂസാ നബി عليه السلام മുതലായവര്‍ക്ക് നല്‍കപ്പെട്ടതുപോലെയുള്ളതോ ആയ പ്രത്യക്ഷ ദൃഷ്ടാന്തങ്ങള്‍ അല്ലാഹു അവര്‍ക്ക് അയച്ചുകൊടുക്കാത്തതിന്റെ കാരണം ഇതാണ്: മുന്‍സമുദായങ്ങള്‍ക്കു അത്തരം ദൃഷ്ടാന്തങ്ങള്‍ അയച്ചുകൊടുത്തിട്ട് അവര്‍ അവയെ വ്യാജമാക്കുകയും, അങ്ങനെ അവര്‍ നാശത്തിനു വിധേയരാകുകയുമാണു ചെയ്തത്. അതുപോലെ, ഈ സമുദായത്തിനും നാശം സംഭവിക്കുവാന്‍ ഇടവരരുതെന്നുദ്ദേശിച്ചാണ്.
kanzululoom.com