ലോകത്തിന് മുഴുവന്‍ മാര്‍ഗദര്‍ശനമായി അവതരിച്ച അവസാന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. മാനവ സമൂഹത്തിന്വഴിയും വെളിച്ചവുമായി ഇറക്കപ്പെട്ട ക്വുര്‍ആനിനെ പിന്‍പറ്റിയവര്‍ക്കാര്‍ക്കും ഇരുളില്‍ തപ്പേണ്ടിവന്നിട്ടില്ല. ക്വുര്‍ആനിനെ എതിര്‍ക്കാനായി പുറപ്പെട്ടവര്‍ പോലും ഒടുവില്‍ അതിന്റെ പ്രചാരകരായി മാറിയ ചരിത്രമാണുള്ളത്.
മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ് വിശുദ്ധ ക്വുര്‍ആന്‍. അതിന്റെ അവതരണം മുതല്‍ ഇന്നുവരെ അതിന്റെ വെളിച്ചം സ്വീകരിച്ചവരെ അത് നന്മയിലേക്കല്ലാത നയിച്ചിട്ടില്ല. ക്വുര്‍ആനിന്റെ വെളിച്ചം മനസ്സുകളിലേക്ക് തുളച്ചുകയറുന്നതാണ്. ശുദ്ധ മനസ്സോടെയും സദുദ്ദേശത്തോടെയും ക്വുര്‍ആന്‍ വായിക്കാനും പഠിക്കാനും സന്നദ്ധരാകുന്നവര്‍ക്ക് മുമ്പില്‍ അത് മാറ്റത്തിന്റെ വാതായനങ്ങള്‍ തുറന്നിടുമെന്നതില്‍ സംശയമില്ല.
ക്വുര്‍ആന്‍ വെളിച്ചമാണ്
കുര്‍ആന്‍ വെളിച്ചമാണ് എന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു:
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَٰنٌ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًا مُّبِينًا
മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു. (ഖു൪ആന്‍:4/174)
فَٱلَّذِينَ ءَامَنُوا۟ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُوا۟ ٱلنُّورَ ٱلَّذِىٓ أُنزِلَ مَعَهُۥٓ ۙ أُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ
അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. (ഖു൪ആന്‍:7/157)
فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍:64/8)
പ്രകാശിപ്പിക്കല്‍
ഈ പ്രകാശം മനുഷ്യ മനസ്സുകളിലേക്ക് പകര്‍ന്ന് കൊടുക്കാനാണ് അവസാന പ്രവാചകനായി മുഹമ്മദ് ﷺ യെ അല്ലാഹു നിയോഗിച്ചത്, അതാണ് താഴെ വരുന്ന ക്വുര്‍ആനിക സൂക്തം നമ്മെ ബോധ്യപ്പെടുത്തുന്നത്:
رَّسُولًا يَتْلُوا۟ عَلَيْكُمْ ءَايَٰتِ ٱللَّهِ مُبَيِّنَٰتٍ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ
അഥവാ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി…’ (ഖു൪ആന്‍:65/11)
ക്വുര്‍ആനിന്റെ വെളിച്ചം ലഭിക്കുവാന്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും പ്രവാചകനില്‍ യഥാര്‍ഥ രൂപത്തില്‍ വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ ക്വുര്‍ആനിക ആശയം സ്വീകരിക്കുന്നവര്‍ക്ക് അത് ജീവിത വെളിച്ചമായി മാറുന്നു. ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്റെ കാരുണ്യത്തില്‍ നിന്നു രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ക്ക് (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ഖു൪ആന്‍:57/28)
ഒരിക്കലും സമമാവുകയില്ല
ക്വുര്‍ആനിന്റെ വെളിച്ചം സ്വീകരിച്ചവരും അല്ലാത്തവരും ഒരിക്കലും സമമാവുകയില്ല. അത്‌പോലെ ആ പ്രകാശ കിരണം ഒരിക്കലെങ്കിലും കാണാന്‍ സൗഭാഗ്യം ലഭിച്ചവര്‍ പിന്നീടൊരിക്കലും അല്ലാഹുവിന് മാത്രം നല്‍കേണ്ട ആരാധനകളും പ്രാര്‍ഥനകളും അവന്റെ സൃഷ്ടികള്‍ക്ക് മുമ്പില്‍ ഒരിക്കലും സമര്‍പിക്കുകയില്ല. അല്ലാഹു പറയുന്നു:
قُلْ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ ۚ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَٰتُ وَٱلنُّورُ ۗ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَٰبَهَ ٱلْخَلْقُ عَلَيْهِمْ ۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّٰرُ
(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന്‍ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവന്‍ ഏകനും സര്‍വാധിപതിയുമാകുന്നു. (ഖു൪ആന്‍:13/16)
أَوَمَن كَانَ مَيْتًا فَأَحْيَيْنَٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَٰفِرِينَ مَا كَانُوا۟ يَعْمَلُونَ
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:6/122)
അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക്
ക്വുര്‍ആനിക പ്രകാശം സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ അല്ലാഹു എല്ലാവിധ അന്ധകാരങ്ങളിൽ നിന്നും മോചിപ്പിക്കുകയും അവര്‍ക്ക് സ്വര്‍ഗപാത സുഗമമാക്കി കൊടുക്കുന്നതുമാണ്. അല്ലാഹു പറയുന്നു:
ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَٰتِ ۗ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു. (ഖുര്‍ആൻ:2/257)
പ്രകാശം ഒന്ന് മാത്രം
ക്വുര്‍ആനിക പ്രകാശം ഒന്നേയുള്ളൂ, ഒന്നിലധികം പ്രകാശങ്ങളില്ല. അഥവാ ക്വുര്‍ആന്‍ പഠിപ്പിക്കുന്ന സ്വര്‍ഗത്തിലേക്കുള്ള സന്മാര്‍ഗ വെളിച്ചം ഒന്നേയുള്ളൂ. സ്വര്‍ഗത്തിലേക്ക് വ്യത്യസ്ത വഴികളില്ല. എന്നാല്‍ അന്ധകാരനിബിഢമായ അസത്യത്തിന്റെ വഴികള്‍ ഒട്ടനവധിയുണ്ട്.
وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ
ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. (ഖുര്‍ആൻ:6/153)
പരലോകത്തും പ്രകാശം
ക്വുര്‍ആനിന്റെ പ്രകാശം ലഭിച്ചവര്‍ക്ക് പരലോകത്തും പ്രത്യേകമായ പ്രകാശം ലഭിക്കുന്നതാണ്. അത് ലഭിക്കാത്തവര്‍ വിശ്വാസികളോട് ആ പ്രകാശത്തില്‍ നിന്ന് അല്‍പമെങ്കിലും ഞങ്ങള്‍ക്ക് നല്‍കുമോയെന്ന് കെഞ്ചി നോക്കും, പക്ഷേ, അത് കൊണ്ട് ഒരു കാര്യവുമുണ്ടാവില്ല.
يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴿١٢﴾ يَوْمَ يَقُولُ ٱلْمُنَٰفِقُونَ وَٱلْمُنَٰفِقَٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ ﴿١٣﴾
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും, അവരുടെ പ്രകാശം അവരുടെ മുന്‍ഭാഗങ്ങളിലൂടെയും വലതുഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന നിലയില്‍ നീ കാണുന്ന ദിവസം! (അന്നവരോട് പറയപ്പെടും:) ഇന്നു നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത ചില സ്വര്‍ഗത്തോപ്പുകളെ പറ്റിയാകുന്നു. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കും. നിങ്ങള്‍ അതില്‍ നിത്യവാസികളായിരിക്കും. അത് മഹത്തായ ഭാഗ്യം തന്നെയാണ്. കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട് (ഇങ്ങനെ) പറയുന്ന ദിവസം: നിങ്ങള്‍ ഞങ്ങളെ നോക്കണേ! നിങ്ങളുടെ പ്രകാശത്തില്‍ നിന്ന് ഞങ്ങള്‍ പകര്‍ത്തി എടുക്കട്ടെ. (അപ്പോള്‍ അവരോട്) പറയപ്പെടും: നിങ്ങള്‍ നിങ്ങളുടെ പിന്‍ഭാഗത്തേക്കു തന്നെ മടങ്ങിപ്പോകുക. എന്നിട്ട് പ്രകാശം അന്വേഷിച്ചു കൊള്ളുക! അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്‍റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്‍റെ പുറഭാഗത്താകട്ടെ ശിക്ഷയും. (ഖുർആൻ:57/12-13)
പൂര്‍ണമാക്കുക തന്നെ ചെയ്യും
يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവരുടെ വായ കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. (ഖുർആൻ:9/32)
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവര്‍ അവരുടെ വായ കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. (ഖു൪ആന്‍:61/8)
അല്ലാഹു സംതൃപ്തനായിരിക്കുന്നു
ജാഹിലിയ്യ കാലത്തെ മുഴുവന്‍ അന്ധകാരങ്ങളെയും ജീവിത ദര്‍ശനമായി സ്വീകരിച്ച് വഴികേടിന്റെ അങ്ങേയറ്റത്ത് എത്തിയ ജനത ക്വുര്‍ആനിന്റെ വെളിച്ചം സ്വീകരിക്കാന്‍ സന്നദ്ധരായപ്പോള്‍ ഉത്തമമായ സമൂഹമായി മാറുകയും അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രീഭൂതരാവുകയും ചെയ്തു. അതാണ് ക്വുര്‍ആനിന്റെ വെളിച്ചത്തിന്റെ പ്രത്യേകത!
هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ
അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് കിതാബും (വേദഗ്രന്ഥവും) ഹിക്മതും (ജ്ഞാനവും) പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. (ഖുർആൻ:62/2)
ﻭَٱﻟﺴَّٰﺒِﻘُﻮﻥَ ٱﻷَْﻭَّﻟُﻮﻥَ ﻣِﻦَ ٱﻟْﻤُﻬَٰﺠِﺮِﻳﻦَ ﻭَٱﻷَْﻧﺼَﺎﺭِ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَٰﻦٍ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﺗَﺤْﺘَﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۚ ﺫَٰﻟِﻚَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ
മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവ൪ അതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.(ഖു൪ആന്‍:9/100)
ക്വുര്‍ആന്‍ വെളിച്ചത്തിന്റെ മാസ്മരികത
ഒരിക്കല്‍ നബി ﷺ മക്കയില്‍ വെച്ച് ക്വുര്‍ആനിലെ ഒരു സൂറത്ത് പാരായണം ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന ഇസ്‌ലാമിന്റെ ശത്രുക്കളടക്കം എല്ലാവരും പരിസരം പോലും മറന്ന് അതില്‍ ലയിച്ച് പോവുകയുണ്ടായി. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഒരു ഹദീഥ് ശ്രദ്ധിക്കുക:
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَرَأَ النَّبِيُّ صلى الله عليه وسلم النَّجْمَ بِمَكَّةَ فَسَجَدَ فِيهَا، وَسَجَدَ مَنْ مَعَهُ، غَيْرَ شَيْخٍ أَخَذَ كَفًّا مِنْ حَصًى أَوْ تُرَابٍ فَرَفَعَهُ إِلَى جَبْهَتِهِ وَقَالَ يَكْفِينِي هَذَا. فَرَأَيْتُهُ بَعْدَ ذَلِكَ قُتِلَ كَافِرًا.
അബ്ദുല്ലാഹ് رَضِيَ اللَّهُ عَنْهُ നിവേദനം: ഒരിക്കല്‍ നബി ﷺ മക്കയില്‍ വെച്ച് സൂറത്തുന്നജ്മ് പാരായണം ചെയ്യുകയും അതില്‍ (പാരായണത്തിന്റെ) സുജൂദ് ചെയ്യുകയും ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു വൃദ്ധനൊഴിച്ച് അവശേഷിക്കുന്നവരെല്ലാം നബി ﷺ യോടൊപ്പം സുജൂദ് ചെയ്തു. ആ വൃദ്ധന്‍ അല്‍പം ചരല്‍ക്കല്ലുകളോ മണ്ണോ എടുത്ത് തന്റെ നെറ്റിത്തടത്തില്‍ വെച്ച് കൊണ്ട് പറഞ്ഞു: ‘എനിക്ക് ഇത് മതി.’ നിവേദകന്‍ പറയുന്നു: ‘ആ വ്യക്തി സത്യനിഷേധിയായി കൊല്ലപ്പെടുകയുണ്ടായി. (ബുഖാരി:1067)
വചനങ്ങളുടെ സവിശേഷത
സമൂഹത്തിന്റെ നാനാതുറകളിലുള്ള മുഴുവനാളുകള്‍ക്കും അവരവരുടെ ബുദ്ധിവൈഭവത്തിനനുസരിച്ച് സ്വാധീനം ചെലുത്തുവാനുതകുന്ന രൂപത്തിലുള്ള വെളിച്ചമാണ് ക്വുര്‍ആനിലെ ഓരോ വചനങ്ങള്‍ക്കുമുള്ളത്. ഒരു വ്യക്തിക്ക് വെളിച്ചം നല്‍കിയ വചനമായിരിക്കില്ല മറ്റൊരു വ്യക്തിക്ക് വെളിച്ചം നല്‍കിയ വചനം. അങ്ങനെ മാനവരെ ഒന്നടങ്കം ഏറ്റവും ചൊവ്വായ മാര്‍ഗത്തിലേക്ക് നയിക്കാനുതകുന്ന വെളിച്ചം പ്രസരിപ്പിക്കുന്ന വചനങ്ങളാണ് ക്വുര്‍ആനിലുള്ളത്. അല്ലാഹു പറയുന്നു:
إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا
തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:17/9)
വിപ്ലവകരമായ മാറ്റം
ക്വുര്‍ആനിന്റെ വെളിച്ചം സ്വീകരിച്ച് ജീവിതത്തില്‍ അവര്‍ണനീയമായ മാറ്റങ്ങള്‍ക്ക് വിധേയരായ അനേകം പേര്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്.
മക്കയിലെ മലമടക്കുകളില്‍ വീരപുരുഷനായി ഏവരെയും ഭയപ്പെടുത്തി മക്കാനിവാസികളില്‍ മേലാളനായി ജീവിച്ചിരുന്ന ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്റെ കട്ടിയുള്ള ഹൃദയത്തെ മൃദുവാക്കിയത് പ്രവാചകന്‍ ﷺ യുടെ പ്രാര്‍ഥനക്കൊപ്പം വിശുദ്ധ ക്വുര്‍ആനിലെ സൂറഃ ത്വാഹായിലെ ഏതാനും ആയത്തുകള്‍ പ്രസരിപ്പിച്ച വെളിച്ചമാണെന്ന ചരിത്രം പ്രസിദ്ധമാണ്.
ഇമാം ഇബ്‌നുല്‍ ജൗസി رحمه الله യുടെ ‘മനാക്വിബു അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ്’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: ‘ഒരിക്കല്‍ സൂറതുത്ത്വൂര്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്‌കരിക്കുന്ന ഒരാളെ ഉമറുബ്‌നുല്‍ ഖത്ത്വാബ് رَضِيَ اللَّهُ عَنْهُ കേള്‍ക്കുകയുണ്ടായി. അങ്ങനെ ‘തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു. അത് തടുക്കുവാന്‍ ആരും തന്നെയില്ല’ എന്ന ആശയം വരുന്ന ആയത്ത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘കഅ്ബയുടെ റബ്ബ് തന്നെ സത്യം!’ ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ഒരു മാസത്തോളം രോഗിയായി കിടക്കുകയും ജനങ്ങള്‍ അദ്ദേഹത്തിന്റെ രോഗവിവരമറിയാന്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു; അവര്‍ക്കറിയില്ലായിരുന്നു എന്താണ് ഉമറിനെ രോഗിയാക്കിയത് എന്ന്.’
കണ്ണുകളെ ഈറനണിയിക്കും
പ്രവാചകാനുചരന്മാര്‍ ക്വുര്‍ആനിന്റെ വെളിച്ചം ദര്‍ശിച്ചപ്പോള്‍ അവരുടെ നയനങ്ങള്‍ നനയുകയും തൊലികള്‍ വിറകൊള്ളുകയും ചെയ്തിരുന്നു.
അബ്ദുല്ലാഹ് ഇബ്‌നു ഉര്‍വതുബ്‌നു സുബൈര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഞാന്‍ എന്റെ വല്യുമ്മയായ അസ്മാഅ് ബിന്‍ത് അബൂബകറിനോട് ചോദിച്ചു: ‘ക്വുര്‍ആന്‍ കേള്‍ക്കുമ്പോള്‍ സ്വഹാബികളുടെ അവസ്ഥ എങ്ങനെയായിരുന്നു?’ അവര്‍ പറഞ്ഞു: ‘അല്ലാഹു അവരെ വിശേഷിപ്പിച്ച പോലെ അവരുടെ നയനങ്ങള്‍ നനയുകയും അവരുടെ തൊലികള്‍ വിറകൊള്ളുകയും ചെയ്തിരുന്നു’ (ശുഅബുല്‍ ഈമാന്‍ 1 /347).
സൂറത്തുല്‍ ഹദീദിലെ ‘വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും അവതരിച്ചുകിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ’ എന്ന ആശയം വരുന്ന സൂക്തത്തിന്റെ സ്വാധീനം കാരണമാണ് ഫുദൈലുബ്‌നു ഇയാദ് എന്ന വ്യക്തി അന്യസ്ത്രീയുമായുള്ള അവിഹിതബന്ധത്തില്‍നിന്ന് നിന്ന് പിന്തിരിഞ്ഞത്.
എതിര്‍ക്കാന്‍ വന്നവര്‍
ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഇസ്‌ലാം വ്യാപിച്ച് കൊണ്ടിരുന്നതില്‍ വിറളിപൂണ്ട ക്വുറൈശികള്‍ നബി ﷺ യോട് സംസാരിക്കാനായി അവരിലെ ബുദ്ധിയും വിവേകവും പ്രസംഗപാടവവുമുള്ള അബൂവലീദ് ഉത്ബതുബ്‌നു റബീഅയെ നിയോഗിച്ചു. അയാള്‍ നബി ﷺ യോട് കുറെ നേരം സംസാരിച്ചു. നബി ﷺ മൗനമായിരിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടുന്ന് ചോദിച്ചു:’ അബൂവലീദ്, താങ്കള്‍ വിരമിച്ചുവോ?’ അയാള്‍ പറഞ്ഞു: ‘അതെ.’ ‘എങ്കില്‍ നിശബ്ദത പാലിക്കൂ’ എന്ന് പറഞ്ഞ് അവിടുന്ന് സൂറതുല്‍ ഫുസ്സ്വിലത്തിന്റെ പ്രാരംഭ ഭാഗം അയാള്‍ക്ക് പാരായണം ചെയ്തു കൊടുത്തു. അങ്ങനെ ‘എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക; ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു’ എന്ന ആശയം വരുന്ന 13 ാം വചനം വരെ എത്തിയപ്പോള്‍ ഉത്ബ പ്രവാചകന്റെ വായ (പൊത്തി) പിടിക്കുകയും കുടുംബ ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്തുകൊണ്ട് തന്റെ കുടുംബത്തിലേക്ക് മടങ്ങുകയും ഒരുപാട് ദിവസം ക്വുറൈശികളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്തു’ (അല്‍വസീത്വ് ലിത്വന്‍ത്വാവി).
ചില റിപ്പോര്‍ട്ടുകളിൽ ഇപ്രകാരം കാണാം: ”അബൂവലീദ് ഉത്ബതുബ്‌നു റബീഅ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരില്‍ ചിലര്‍ മറ്റു ചിലരോട് പറഞ്ഞു: ‘നാം സത്യം ചെയ്യുന്നു! അബുല്‍ വലീദ് അദ്ദേഹത്തി(പ്രവാചക)ന്റെ അടുത്ത് പോയ പോലെയല്ല നിങ്ങളുടെ അടുത്തേക്ക് തിരിച്ച് വന്നിരിക്കുന്നത്.’ അങ്ങനെ അവര്‍ അയാളുമായി സംസാരിക്കാനിരുന്നപ്പോള്‍ ചോദിച്ചു: ‘എന്താണ് താങ്കള്‍ക്ക് സംഭവിച്ചത്?’ അയാള്‍ പറഞ്ഞു: ‘നിശ്ചയം! അല്ലാഹു സത്യം! ഞാനൊരു വാക്ക് കേട്ടു, ഞാന്‍ മുമ്പൊരിക്കലും ഇങ്ങനെയുള്ള ഒരു സംസാരം കേട്ടിട്ടില്ല. അല്ലാഹു സത്യം! അത് സിഹ്‌റല്ല, കവിതയുമല്ല, ജ്യോല്‍സ്യവുമല്ല. അല്ലയോ ക്വുറൈശീ സമൂഹമേ, നിങ്ങളെന്നെ അനുസരിക്കുവിന്‍. അതെനിക്ക് നല്‍കൂ. ആ മനുഷ്യനെയും അയാള്‍ പറയുന്നതിനെയും നിങ്ങള്‍ വിട്ടേക്കൂ. അദ്ദേഹത്തെ നിങ്ങള്‍ വിട്ടേക്കൂ. അല്ലാഹു സത്യം! നിശ്ചയം അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കേട്ട സംസാരത്തില്‍ വൃത്താന്തം ഉണ്ട്. അറബികള്‍ അദ്ദേഹത്തെ ഉപദ്രവിക്കുകയാണെങ്കില്‍ നിങ്ങളല്ലാത്തവര്‍ അദ്ദേഹത്തെ നിങ്ങളില്‍ നിന്ന് സംരക്ഷിക്കും. അദ്ദേഹം അവരെ അതിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അധികാരം നിങ്ങളുടെയും അധികാരമാവും. അദ്ദേഹത്തിന്റെ പ്രതാപം നിങ്ങളുടെ പ്രതാപമാവും. നിങ്ങള്‍ ജനങ്ങളില്‍ ഏറ്റവും സൗഭാഗ്യവാന്മാരിയിക്കും.’ അപ്പോള്‍ ക്വുറൈശികള്‍ പറഞ്ഞു: ‘അബുല്‍വലീദ്! അദ്ദേഹം നാവ്‌കൊണ്ട് താങ്കളെ മാരണം ചെയ്തിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു: ‘ഈ കാര്യത്തില്‍ എന്റെ അഭിപ്രായം ഇതാണ്. നിങ്ങള്‍ക്ക് തോന്നുന്നത് പ്രവര്‍ത്തിക്കുക” (അല്‍വസീത്വ് ലിത്വന്‍ത്വാവി).
ജുബൈറുബ്‌നു മുത്ഇം
ക്വുറൈശികളിലെ പ്രമാണിയും കുടുംബ പരമ്പരയുടെ വിഷയത്തില്‍ പണ്ഡിതനുമായിരുന്ന ജുബൈറുബ്‌നു മുത്ഇം ഇബ്‌നുഅദിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു:
عَنْ جُبَيْرِ بْنِ مُطْعِمٍ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقْرَأُ فِي الْمَغْرِبِ بِالطُّورِ فَلَمَّا بَلَغَ هَذِهِ الآيَةَ {أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَٰلِقُونَ ﴿٣٥﴾ أَمْ خَلَقُوا۟ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ ﴿٣٦﴾ أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ ﴿٣٧﴾} كَادَ قَلْبِي أَنْ يَطِيرَ.
ജുബൈര്‍ ബിന്‍ മുത്ഇം പറയുന്നു: നബി ﷺ മഗ്‌രിബ് നമസ്‌കാരത്തില്‍ ക്വുര്‍ആനിലെ ‘ത്വൂര്‍’ എന്ന അധ്യായം ഓതുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. ‘അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?’ (ത്വൂർ:35-37) എന്ന വചനങ്ങളില്‍ എത്തിയപ്പോള്‍ എന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് തോന്നി. (ബുഖാരി:4854)
നജ്ജാശി രാജാവ്
ജഅ്ഫറുബ്‌നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ സൂറതു മറ്‌യമിലെ ആദ്യ വചനങ്ങള്‍ നജ്ജാശി രാജാവിന്റെയും അവരുടെ പണ്ഡിത പ്രഭുക്കളുടെയും മുന്നില്‍ പാരായണം ചെയ്തു. ആ സമയം അവരുടെ താടി നനയുമാറ് അവര്‍ കരയുകയുണ്ടായി. ശേഷം അവരോട് നജ്ജാശി രാജാവ് പറഞ്ഞു: ‘നിശ്ചയം, ഇത് ഈസാ കൊണ്ടുവന്ന സ്രോതസ്സില്‍ നിന്ന് തന്നെയുള്ളതാണ്’ (സീറതുന്‍ ലി ഇബ്‌നുഹിശാം).
ജിന്നുകളെയും സ്വാധീനിച്ചു
വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരില്‍ മാത്രമല്ല ജിന്ന് സമൂഹത്തിലും പ്രകാശം ചൊരിയുകയും അതി ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്ത കാര്യം ക്വുര്‍ആന്‍ എടുത്തുപറയുന്നുണ്ട്.
وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ ﴿٢٩﴾ قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ﴿٣٠﴾ يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ﴿٣١﴾ وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ﴿٣٢﴾
ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു. (ഖു൪ആന്‍:29/32)
ആയിരത്തി നാനൂറില്‍ പരം വര്‍ഷം മുമ്പ് അവതരിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആന്‍ മാനവകുലത്തിന് വെളിച്ചം നല്‍കി, അവതരിപ്പിക്കപ്പെട്ട അതേരൂപത്തില്‍ ഇന്നും നിലനില്‍ക്കുന്നു; യാതൊരു വിധ മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാകാതെ തന്നെ! വിമര്‍ശിക്കാന്‍ വേണ്ടി പഠിക്കുന്നവരും അതിന്റെ പ്രകാശത്താല്‍ സ്വാധീനിക്കപ്പെടുന്നു. അവസാനനാള്‍ വരെയും അത് വെളിച്ചം പകര്‍ന്നുകൊണ്ടേയിരിക്കും.
വിശുദ്ധ ക്വുര്‍ആനില്‍ നിന്നും തെളിയുന്ന വെളിച്ചമായിരിക്കണം നമ്മുടെ വിശ്വാസവും സ്വഭാവവും കര്‍മങ്ങളും ക്രയവിക്രയവും പെരുമാറ്റവും; അല്ല ജീവിതം മുഴുവനും! പ്രവാചകനും അനുചരന്മാരും ക്വുര്‍ആനിന്റെ വെളിച്ചം സ്വീകരിച്ച് ജീവിതം ചിട്ടപ്പെടുത്തിയത് പോലെ നമ്മളും ചിട്ടപ്പെടുത്തുക. ആത്യന്തിക വിജയത്തിന് അതല്ലാതെ വേറെ മാര്‍ഗമില്ലെന്നറിയുക.
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
kanzululoom.com