ഖുര്‍ആൻ ജീവിതത്തിലില്ലെങ്കിൽ

وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًا فَهُوَ لَهُۥ قَرِينٌ

പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്‌) അവന്ന് കൂട്ടാളിയായിരിക്കും. (ഖുര്‍ആൻ:43/36)

തന്റെ ഉദ്‌ബോധനങ്ങളെ അവഗണിക്കുന്നവർക്കുള്ള കഠിനമായ ശിക്ഷയെക്കുറിച്ചാണ് അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. അല്ലാഹു പറയുന്നു: {ആരെങ്കിലും അന്ധത നടിക്കുന്നപക്ഷം} തടയുകയും തിരിഞ്ഞുകളയുകയും ചെയ്യുന്നപക്ഷം. {പരമ കാരുണികന്റെ ഉദ്‌ബോധനത്തിന്റെ നേർക്ക്} മഹത്തായ ക്വുർആനാണ് ആ ഉദ്‌ബോധനം.

പരമകാരുണ്യവാൻ തന്റെ ദാസന്മാരോട് ചെയ്ത ഏറ്റവും വലിയ കാരുണ്യമാണത്. അതിനെ സ്വീകരിക്കുന്നവൻ ഏറ്റവും ഉത്തമമായ സമ്മാനം സ്വീകരിച്ചവനാണ്; ഉന്നതമായ ആഗ്രഹങ്ങൾ സഫലീകരിച്ചവനും. എന്നാൽ അതിനെ നിരാകരിച്ചവനും അവഗണിച്ചവനും ഒരിക്കലും സൗഭാഗ്യം തിരിച്ചുകിട്ടാത്ത നഷ്ടവും പരാജയവും സംഭവിച്ചവനാണ്. പരമകാരുണ്യവാൻ അവന് ഒരു പിശാചിനെ ഏർപ്പെടുത്തിക്കൊടുക്കും. ആ പിശാചാകട്ടെ, സദാസമയവും അവനോടൊപ്പം നിന്ന് അവനെ ഭീഷണിപ്പെടുത്തിയും കൊതിപ്പിച്ചും തെറ്റിലേക്ക് ശക്തമായി തള്ളിവിട്ടുകൊണ്ടിരിക്കും.

وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ

തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും. (ഖുര്‍ആൻ:43/37)

{തീർച്ചയായും അവർ അവനെ നേർമാർഗത്തിൽനിന്നും തടയും} അതായത് ശരിയായ മതത്തിൽനിന്നും നേർമാർഗത്തിൽനിന്നും. {തങ്ങൾ സന്മാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യും} പിശാച് അവർക്ക് അസത്യത്തെ അലങ്കാരമായി കാണിക്കുകയും നല്ലതാണെന്ന് തോന്നിപ്പിക്കുകയും ചെയ്തതിനാലും സത്യത്തെ അവർ അവഗണിച്ചതുകൊണ്ടുമാണത്. ഇങ്ങനെ ഇവയെല്ലാം അവരിൽ ഒരുമിച്ചുചേർന്നു.

‘സന്മാർഗിയാണെന്ന് വിചാരിച്ചാണ് ഇതെല്ലാം ചെയ്തത് ‘ എന്നത് അവർക്ക് രക്ഷപ്പെടാനുള്ള ഒരു കാരണമാകുമോ എന്ന് ചോദിച്ചാൽ അതിന്റെ മറുപടി എന്തായിരിക്കും? അല്ല എന്നാണ് മറുപടി. അവർ അറിവില്ലാത്തവരായത് സന്മാർഗം സ്വീകരിക്കാൻ അവസരമുണ്ടായിട്ടും അല്ലാഹുവിന്റെ ഉദ്‌ബോധനങ്ങളെ അവഗണിച്ചതുകൊണ്ടാണ്. അങ്ങനെ സാധിച്ചിട്ടും സന്മാർഗത്തിൽനിന്നവർ അകന്നുനിന്നു. അസത്യത്തിൽ തൽപരരായി. അതിനാൽ കുറ്റം അവരുടേതുതന്നെ.

തന്റെ കൂട്ടുകാരനായ പിശാചിനോട് ചേർന്ന് അല്ലാഹുവിന്റെ ഉദ്‌ബോധനങ്ങളെ അവഗണിക്കുന്നവന്റെ അവസ്ഥ ഇഹലോകത്ത് ഇതാണ്. വഴികേടും യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ കഴിയാതിരിക്കലുമൊക്കെയാണ്. പരലോകത്ത് തന്റെ രക്ഷിതാവിങ്കൽ ചെല്ലുമ്പോഴാകട്ടെ, അങ്ങേയറ്റം ദാരുണമാണ് അവന്റെ കാര്യം. അഗാധമായ ഖേദവും ദുഃഖവും തന്റെ കൂട്ടുകാരനായ പിശാചിനെ തള്ളിപ്പറയലും. അതൊന്നും അന്നത്തെ വിപത്തുകൾക്ക് പരിഹാരമല്ല. അതാണ് അല്ലാഹു പറഞ്ഞത്:

حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ

അങ്ങനെ നമ്മുടെ അടുത്ത് വന്നെത്തുമ്പോള്‍ (തന്‍റെ കൂട്ടാളിയായ പിശാചിനോട്‌) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോള്‍ ആ കൂട്ടുകാരന്‍ എത്ര ചീത്ത! (ഖുര്‍ആൻ:43/38)

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا ‎﴿٢٧﴾‏ يَٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا ‎﴿٢٨﴾‏ لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَٰنُ لِلْإِنسَٰنِ خَذُولًا ‎﴿٢٩﴾

അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു. (ഖുര്‍ആൻ:25/27-29)

അല്ലാഹു പറയുന്നു:

وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ

നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ നിങ്ങള്‍ ശിക്ഷയില്‍ പങ്കാളികളാകുന്നു എന്ന വസ്തുത ഇന്ന് നിങ്ങള്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല. (ഖുര്‍ആൻ:43/39)

നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ഉറ്റവരും നരകശിക്ഷയിൽ ഒരുമിച്ചാണെന്നത് ഉയിർത്തെഴുന്നേൽപ് നാളിൽ നിങ്ങൾക്കൊരു പ്രയോജനവും ചെയ്യില്ല. അക്രമത്തിൽ നിങ്ങൾ ഒന്നിച്ചായിരുന്നതിനാൽ ശിക്ഷയിലും നിങ്ങൾ ഒന്നിച്ചായി. വിപത്തുക്കളിലെ സമാശ്വസിപ്പിക്കൽ അവർക്ക് പ്രയോജനകരമല്ല. ഇഹലോകത്തെ ദുരന്തങ്ങളിൽ ഒന്നിച്ച് ശിക്ഷ അനുഭവിക്കുമ്പോൾ പരസ്പരമുള്ള ആശ്വസിപ്പിക്കൽ മൂലം ശിക്ഷ ലഘുവായി അനുഭവപ്പെടാം.  എന്നാൽ പരലോക വിപത്തിൽ ചെറിയൊരു ആശ്വാസത്തിനുപോലും വകയില്ല. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ സൗഖ്യം നൽകേണമേ. നിന്റെ കാരുണ്യത്താൽ നീ ആശ്വാസം നൽകേണമേ.

 

തഫ്സീറുസ്സഅ്ദി : സൂറഃ അസ്സുഖ്റുഫ് 36-39

 

www.kanzululoom.com

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.