പ്രതിക്രിയയും പ്രതിരോധവും ഇസ്ലാമില്‍

ഈ അടുത്ത് കേരളത്തിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചര്‍ച്ചയില്‍ ഇസ്ലാമില്‍ പ്രതിരോധവും പ്രതിക്രിയയും ഉണ്ടെന്നും, ഒരു മുസ്ലിം സംഘടനയുടെ ആളുകള്‍ നടത്തിയ കൊലപാതകം ഇസ്ലാമികമായി ന്യായീകരിക്കാവുന്നതാണെന്നുമെന്ന രീതിയില്‍ മുസ്ലിംകളില്‍ ചിലര്‍ പറയുന്നതായി കണ്ടു. ഇതിന് ഇസ്ലാമിക പ്രമാണങ്ങളുടെ പിൻബലമുണ്ടോയെന്നാണ് ഇവിടെ പരിശോധിക്കുന്നത്. ഫാസിസ്റ്റ് ശക്തികളുടെ അക്രമത്തെയോ അവരാണ് ആദ്യം കൊലപാതകം നടത്തിയതെന്ന വസ്തുതയെയോ വിസ്മരിക്കുകയല്ല, പ്രത്യുത മുസ്ലിം സംഘടനയുടെ ആളുകള്‍ നടത്തിയ കൊലപാതകം ഇസ്ലാമികമായി ന്യായീകരിക്കാവുന്നതാണോയെന്ന പരിശോധിക്കുകയാണ് ചെയ്യുന്നത്.

ഒന്നാമതായി, അന്യായമായ കൊലപാതകം ഇസ്ലാം നിഷിദ്ദമാക്കിയിട്ടുണ്ട്. ഒരാളെ അന്യായമായി കൊലപ്പെടുത്തുന്നത് ലോകത്തുള്ള മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്യമാകുന്നുവെന്നാണ് ഇസ്ലാമിന്റെ നിലപാട്. ആദ്യത്തെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഇക്കാര്യം ഖുർആന്‍ പറയുന്നത് കാണുക:

ﻣَﻦ ﻗَﺘَﻞَ ﻧَﻔْﺴًۢﺎ ﺑِﻐَﻴْﺮِ ﻧَﻔْﺲٍ ﺃَﻭْ ﻓَﺴَﺎﺩٍ ﻓِﻰ ٱﻷَْﺭْﺽِ ﻓَﻜَﺄَﻧَّﻤَﺎ ﻗَﺘَﻞَ ٱﻟﻨَّﺎﺱَ ﺟَﻤِﻴﻌًﺎ

… മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു …..,… (ഖു൪ആന്‍:5/ 32)

وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِىحَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ

അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്‌. (ഖു൪ആന്‍:6/151)

മാത്രമല്ല, ആര് അന്യായമായി കൊല നടത്തിയാലും അതിന്റെ ഒരു ഓഹരി ആദ്യത്തെ കൊലപാതകിക്ക് ലഭിക്കുകയും ചെയ്യും. കാരണം ആരെങ്കിലും ഒരു തിന്‍മക്ക് തുടക്കം കുറിച്ചാല്‍ ആ തിന്‍മയുടെ പ്രതിഫലവും ആ തിന്‍മയില്‍ നിന്ന് ആരൊക്കെ ഉപകാരമെടുക്കുന്നുവോ അതിന്റെ ഒരു പ്രതിഫലവും ലഭിക്കും.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَا مِنْ نَفْسٍ تُقْتَلُ ظُلْمًا إِلاَّ كَانَ عَلَى ابْنِ آدَمَ كِفْلٌ مِنْ دَمِهَا وَذَلِكَ لأَنَّهُ أَوَّلُ مَنْ أَسَنَّ الْقَتْلَ ‏‏

അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരാളും അക്രമമായി കൊല്ലപ്പെടുന്ന പക്ഷം ആ രക്തത്തില്‍ (രക്തം ചിന്തിയതിന്റെ ശിക്ഷയില്‍) നിന്നു ഒരു പങ്ക് ആദമിന്റെ ഒന്നാമത്തെ പുത്രന്റെ മേല്‍ ഇല്ലാതിരിക്കുകയില്ല. കാരണം, അവനാണു കൊല നടപ്പില്‍ വരുത്തിയവരില്‍ ഒന്നാമത്തെ ആള്‍. (തിർമിദി:2673)

കൊലപാതകം വന്‍പാപങ്ങളില്‍ പെട്ടതാകുന്നു. ഏഴ് വൻപാപങ്ങളെ വിശദീകരിച്ചപ്പോൾ നബി ﷺ മൂന്നാമതായി എണ്ണിയതി കൊലപാതകമാണ്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ اجْتَنِبُوا السَّبْعَ الْمُوبِقَاتِ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ‏”‏ الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്‌) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച്‌ (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:6857)

രണ്ടാമതായി, ഇവിടെയെല്ലാം അന്യായമായ കൊലപാതകം പാടില്ലെന്നാണ് ഇസ്ലാം പറയുന്നത്. അപ്പോള്‍ ന്യായമായ കൊലപാതകം ഇസ്ലാം അനുവദിച്ചിട്ടുണ്ടോ?

ﻣَﻦ ﻗَﺘَﻞَ ﻧَﻔْﺴًۢﺎ ﺑِﻐَﻴْﺮِ ﻧَﻔْﺲٍ ﺃَﻭْ ﻓَﺴَﺎﺩٍ ﻓِﻰ ٱﻷَْﺭْﺽِ ﻓَﻜَﺄَﻧَّﻤَﺎ ﻗَﺘَﻞَ ٱﻟﻨَّﺎﺱَ ﺟَﻤِﻴﻌًﺎ

… മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു …..,… (ഖു൪ആന്‍:5/ 32)

മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെയുള്ള കൊലപാതകങ്ങളാണ് അന്യായമായ കൊലപാതകം. മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ ഉള്ള കൊലപാതകങ്ങളാണ് ന്യായമായ കൊലപാതകം. ഇവിടെയാണ് ഇസ്ലാമിലെ പ്രതിക്രിയ കടന്നുവരുന്നത്. ഇതാകട്ടെ മുഹമ്മദ് നബി ﷺ ക്ക് മുമ്പേ നിലവിണ്ടായിരുന്നു. അല്ലാഹു തൗറാത്തിലൂടെ യഹൂദൻമാര്‍ക്ക് ഇത് നിയമമാക്കിയിരുന്നു. ഇക്കാര്യം വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിക്കുന്നത് കാണുക:

وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلْأَنفَ بِٱلْأَنفِ وَٱلْأُذُنَ بِٱلْأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٌ لَّهُۥ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ

ജീവന് ജീവന്‍, കണ്ണിന് കണ്ണ്‌, മൂക്കിന് മൂക്ക്‌, ചെവിക്ക് ചെവി, പല്ലിന് പല്ല്‌, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്‌. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍. (ഖുര്‍ആൻ:5/45)

പ്രതിക്രിയ നടത്തുന്നതില്‍ തൗറാത്തിലെ ഈ നിയമം തന്നെയാണ് ഇസ്‌ലാമില്‍ ഇപ്പോഴും നിലവിലുള്ളത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌ فَٱتِّبَاعُۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَٰنٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ ‎﴿١٧٨﴾‏ وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تَتَّقُونَ ‎﴿١٧٩﴾

സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍). (ഖു൪ആന്‍:2/178-179)

കൊലക്ക് പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ, അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. മേലേക്കിടയിലുള്ളവരായി ഗണിക്കപ്പെടുന്നവരെ താഴേക്കിടയിലുള്ളവര്‍ കൊലപ്പെടുത്തിയാല്‍ ഒന്നിലധികം പേരെ പകരം കൊല്ലുക, ഘാതകന്‍ അടിമയാണെങ്കില്‍ അവന്‍റെ യജമാനനെ കൊല്ലുക, സ്ത്രീയാണെങ്കില്‍ ഭര്‍ത്താവിനെയോ ബന്ധത്തില്‍പെട്ട ഏതെങ്കിലും പുരുഷനെയോ കൊല്ലുക എന്നിങ്ങനെയുള്ള അക്രമങ്ങളും അനീതികളും അംഗീകരിക്കപ്പെട്ടിരുന്നു. നേരെമറിച്ച് പ്രതാപത്തിലും ശക്തിയിലും താണ നിലവാരക്കാരെ ഉയര്‍ന്നവര്‍ കൊല്ലുന്ന പക്ഷം ഏതെങ്കിലും തരത്തിലുള്ള ഉപായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഘാതകനെ പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇങ്ങിനെയുള്ള ചില അനീതികള്‍ ഇന്നും ചില ജനവിഭാഗങ്ങളില്‍ നിലവിലുള്ളതാണ്. ഇത്തരം നീതികെട്ട സമ്പ്രദായങ്ങളെ ഉന്മൂലനം ചെയ്ത് കൊലക്കുറ്റത്തിനുള്ള പ്രതികാരത്തില്‍ സമത്വം പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ഈ വചനം മുഖേന അല്ലാഹു കല്‍പിക്കുന്നു. പ്രതിക്രിയ നടത്തല്‍ നിങ്ങളില്‍ നിയമിക്കപ്പെട്ടിരിക്കുന്നു. (كُتِبَ عَلَيْكُمُ الْقِصَاصُ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം കൊന്നവനെ കൊല്ലല്‍ നിര്‍ബന്ധമാണെന്നല്ല. പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കേണമെന്നാണ് ഉദ്ദേശ്യം. സ്വതന്ത്രന് സ്വതന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും എന്ന് പറഞ്ഞത് അതിന്‍റെ വിശദീകരണമത്രെ. പകരം കൊല്ലാതെ, പ്രായശ്ചിത്തം- തെണ്ടം-കൊണ്ട് മതിയാക്കുവാന്‍ വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നതും, അതിന് അവര്‍ക്ക് പ്രോത്സാഹനം നല്‍കപ്പെട്ടിരിക്കുന്നതും അതുകൊണ്ടാണല്ലോ. (അമാനി തഫ്സീ൪ : ഖു൪ആന്‍:2/178 ന്റെ വിശദീകരണത്തില്‍ നിന്ന്)

കൊല്ലപ്പെട്ടവന്‍റെ കൈകാര്യം നടത്തുന്നവര്‍ പ്രതിക്കൊല നടത്തുന്നതില്‍ ഇളവ് നല്‍കുന്ന പക്ഷം ഘാതകനെ പകരം കൊലചെയ്തുകൂടാ എന്നും ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ പിന്നെ സദാചാര മര്യാദയെ പിന്‍പറ്റലും, അവന് നല്ല നിലയില്‍കൊടുത്തു തീര്‍ക്കലുമാണ് വേണ്ടത്. അതായത് സദാചാര മുറപ്രകാരമുള്ള നഷ്ടപരിഹാരം – പ്രായശ്ചിത്തം – ഘാതകന്‍റെ പക്ഷത്തുനിന്ന് വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് കൊടുത്തുതീര്‍ക്കണം. അതില്‍ വീഴ്ചയോ, തര്‍ക്കമോ നടത്തിക്കൂടാ. ഭംഗിയായും നല്ലനിലയിലും അത് നിര്‍വ്വഹിക്കണം.

“തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്പ്” എന്ന വചനത്തിന്റെ പൊരുളായി ഇമാം ഖുർത്വുബി രേഖപ്പെടുത്തിയത്  لا يقتل بعضكم بعضا (നിങ്ങൾ പരസ്പരം കൊല്ലരുത്) എന്നാണ്. പിന്നെയാരാണ് പ്രതിക്രിയ നടപ്പാക്കേണ്ടത്? ഈ പ്രതിക്രിയ നടപ്പാക്കുന്നത് വ്യക്തികളോ സംഘടനകളോ അല്ല. ഇസ്ലാമിക രാജ്യത്തെ ഭരണാധികാരികളാണ് അത് നടപ്പാക്കുന്നത്.

ഇമാം ഖു‍ര്‍ത്വുബി رحمه الله പറയുന്നു:

لا خلاف أن القصاص في القتل لا يقيمه إلا أولوا الأمر ،

അന്നാട്ടിലെ ഭരണാധികാരിക്കാണ് പ്രതിക്രിയ നടപ്പിലാക്കാനുള്ള അധികാരം എന്ന കാര്യത്തിൽ പണ്ഡിതൻമാർക്ക് അഭിപ്രായ ഭിന്നത ഇല്ല. (ഖു‍ര്‍ത്വുബി)

اتفق أئمة الفتوى على أنه لا يجوز لأحد أن يقتص من أحد حقه دون السلطان ، وليس للناس أن يقتص بعضهم من بعض ، وإنما ذلك لسلطان أو من نصبه السلطان لذلك

ഭരണാധികാരി ഇല്ലാതെ ആരോടും പ്രതിക്രിയ ചെയ്യുന്നത് അനുവദനീയമല്ലെന്നും  പരസ്പരം പ്രതിക്രിയ ചെയ്യാൻ ആളുകൾക്ക് അവകാശമില്ലെന്നും ഫത്‌വ നൽകുന്ന ഇമാമുകൾ സമ്മതിക്കുന്നു, അത് ചെയ്യാനുള്ള അധികാരം ഭരണാധികാരിക്കോ അവർ നിയമിച്ചയാളുകൾക്കോ മാത്രമുള്ളതാണ്. അതിനുള്ള അധികാരം, അതുകൊണ്ടാണ് ആളുകളുടെ കൈകൾ പരസ്പരം എടുക്കാൻ ദൈവം അധികാരം നൽകിയത്. (ഖു‍ര്‍ത്വുബി)

ഇമാം ഇബ്നു ഖുദാമ رحمه الله പറയുന്നു:

وأمر الجهاد موكول إلى الإمام واجتهاده ، ويلزم الرعية طاعته فيما يراه من ذلك

വ്യവസ്ഥാപിതമായ ഇസ്ലാമിക ഭരണകൂടത്തിനും നേതൃത്വത്തിനും കീഴിലല്ലാതെ യുദ്ധമില്ല എന്ന കാര്യത്തില്‍ അഹ്ലുസ്സുന്നയിലെ ഒരു പണ്ഡിതനും തര്‍ക്കമില്ല. (അൽമുഗ്നി)

ഒരാൾ കൊല്ലപ്പെട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും പ്രതികാരം വീട്ടുക അറബികളുടെ സ്വഭാവം ആയിരുന്നു. അങ്ങനെ പരസ്പരമുള്ള കൊലപാതകങ്ങളിലൂടെ എല്ലാ ഗോത്രക്കാർക്കും ധാരാളം ആളുകളെ നഷ്ടപ്പെടുമായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നല്ലൊരു ജീവിതമുണ്ടാകുകയില്ല. അല്ലാഹു ‘പ്രതിക്രിയ’ നിയമമാക്കിയതോടെ ഭരണാധികാരി പ്രതിക്രിയ ചെയ്യുമ്പോൾ യഥാർത്ഥ കൊലയാളി മാത്രം ശിക്ഷിക്കപ്പെടുന്ന അവസ്ഥ സംജാതമാകും. അങ്ങനെ എല്ലാവരും അതിൽ സംതൃപ്തരായി അക്രമങ്ങൾ ഉപേക്ഷിച്ചു. അങ്ങനെ അവർക്ക് നല്ലൊരു ജീവിതമുണ്ടായി. “ഖിസാസ് നടപ്പാക്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്പ്‌” എന്ന് അല്ലാഹു പറഞ്ഞതിന്റെ താൽപ്പര്യം ഇതാണെന്ന് ഇമാം ഖു‍ര്‍ത്വുബി رحمه الله വിശദീകരിക്കുന്നുണ്ട്.

ഇനി പറയൂ, മുസ്ലിം സംഘടനയുടെ ആളുകള്‍ നടത്തിയ കൊലപാതകം ഇസ്ലാമിലെ പ്രതിക്രിയയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

കൊലക്ക് ഇസ്ലാമിക രാജ്യത്തെ ഭരണാധികാരികളാണ് പ്രതിക്രിയ നടപ്പാക്കുന്നത്. മാത്രമല്ല, കൊല ചെയ്തയാളിനെയാണ് പ്രതിക്രിയ ചെയ്യേണ്ടത്, അല്ലാതെ ആ കൊലയില്‍ യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളെയല്ല.

പ്രതിക്രിയ ചെയ്യുമ്പോൾ തന്നെ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് പ്രതിയോട് ക്ഷമിക്കാനും കുറ്റവിമുക്തനാക്കാനുമുള്ള അവസരം ഇസ്ലാം നൽകുന്നുണ്ട്. നമ്മുടെ നാട്ടില്‍ നടന്ന കൊലപാതകങ്ങള്‍ പ്രതിക്രിയയാണെന്ന് സങ്കല്‍പ്പിച്ചാല്‍തന്നെയും അതിനൊന്നിനും അവസരമില്ല.

കൊല ചെയ്തയാളിനെയാണെങ്കില്‍പോലും കുറെ ആളുകള്‍ ചേർന്ന് അയാളെ ആക്രമിച്ച് കൊല്ലുന്നത് ഇസ്ലാമിലെ പ്രതിക്രിയയില്‍ പെട്ടതല്ല. എങ്കില്‍ യഥാര്‍ത്ഥ ഘാതകനെയല്ലാതെ മറ്റാരെയെങ്കിലും കൊല്ലുമ്പോള്‍ അത് പ്രതിക്രിയ അല്ലെന്ന് മാത്രവുമല്ല ശിക്ഷാര്‍ഹവുമാണ്. അല്ലാഹു പറഞ്ഞതുപോലെ:

‎ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ ٱلْأَلْبَٰبِ لَعَلَّكُمْ تَتَّقُونَ

ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. (ഖു൪ആന്‍:2/179)

ഒരിക്കല്‍ കൊലയില്‍ നിന്ന് മാപ്പ് നല്‍കിയിട്ട് പിന്നെയും കൊലപ്പെടുത്തുക, ചില അവകാശികള്‍ മാപ്പ് നല്‍കിയ ശേഷം മറ്റേ അവകാശികള്‍ കൊല നടത്തുക, പ്രായശ്ചിത്തം വാങ്ങിയിട്ട് പിന്നെയും കൊലചെയ്യുക, യഥാര്‍ത്ഥ ഘാതകനെയല്ലാതെ മറ്റാരെയെങ്കിലും കൊല്ലുക, പ്രായശ്ചിത്തത്തിന്‍റെ സംഖ്യയില്‍ ആചാര വഴക്കത്തില്‍ കവിഞ്ഞ് ആവശ്യപ്പെടുക, പ്രായശ്ചിത്തം നല്‍കുവാന്‍ നിശ്ചയിച്ചിട്ട് അത് ശരിക്ക് കൊടുത്തു തീര്‍ക്കാതിരിക്കുക മുതലായ അനീതികളെക്കുറിച്ചുള്ള താക്കീതാണ് فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ (അതിന് ശേഷം ആരെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അവന് വേദനയേറിയ ശിക്ഷയുണ്ട്) എന്ന വാക്യം. (അമാനി തഫ്സീ൪ : ഖു൪ആന്‍:2/178 ന്റെ വിശദീകരണത്തില്‍ നിന്ന്)

ഇനി പ്രതിരോധത്തിന്റെ പേരിലാണ് ഇത്തരം കൊലപാതകങ്ങളെ ന്യായീകരിക്കുന്നതെങ്കില്‍ അതും ശരിയല്ല. പ്രതിരോധം ഇസ്ലാം അനുവദിച്ചിട്ടുള്ളതാണ്. ഒരു മനുഷ്യന്‍ തന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി മറ്റൊരാളെ പ്രതിരോധിക്കേണ്ടി വന്നാല്‍ പ്രതിരോധത്തിന്റെ ഘട്ടത്തില്‍ മറ്റെയാള്‍ കൊല്ലപ്പെട്ടാല്‍ അത് ശിക്ഷാര്‍ഹമായി ഇസ്ലാം കണക്കാക്കുന്നില്ല. ഈ പ്രതിരോധം നമ്മുടെ നാട്ടിലെ ഭരണ ഘടന വരെ വെച്ചു നൽകുന്നതാണ്. സ്വയം രക്ഷക്ക് വേണ്ടി, വീടുകളിലേക്ക് അതിക്രമിച്ചു കയറുന്നവരെ എതിർക്കാനും, നമ്മെ ആക്രമിക്കാന്‍ വരുന്നവരെ പ്രതിരോധിക്കാനുമൊക്കെ നമുക്ക് കയ്യിൽ കിട്ടുന്ന ആയുധമെടുക്കാം. ഇവിടെ ഇസ്ലാമികപരമായി ന്യായീകരിക്കുന്ന കൊലപാതകങ്ങളാകട്ടെ ഗൂഢാലോചനയുടെ ഭാഗമാണ്.

ഇനി പ്രതികാര നടപടികളുടെ ഭാഗമായിട്ടോണ് കൊലപാതകമെങ്കില്‍, പ്രതികാര നടപടി സ്വീകരിക്കാൻ ഭരണാധികാരിക്ക് മാത്രമേ അവകാശമുള്ളൂ എന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. വ്യക്തികളെയോ ആൾക്കൂട്ടങ്ങളെയോ പ്രതികാരനടപടികൾക്ക് അനുവദിച്ചാൽ വ്യാപകമായ കുഴപ്പമാണുണ്ടാവുക. അങ്ങനെ നിയമം കയ്യിലെടുക്കാൻ ഇസ്‌ലാം ആരെയും അനുവദിച്ചിട്ടില്ല. ഇസ്‌ലാമിക രാഷ്ട്രത്തട്ടിലാണെങ്കിൽ ഇങ്ങനെ നിയമം കയ്യിലെടുക്കുന്നവരെ കുറ്റവാളികളായി കണക്കാക്കുകയും ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ നൽകുകയും ചെയ്യും. ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ വിന്റെ മകൻ ഉബൈദുല്ലക്ക് ഇസ്‌ലാമിക രാഷ്ട്രം വിധിച്ച ശിക്ഷതന്നെ ഉദാഹരണം. അബൂലുഅലുഅ എന്ന് അറിയപ്പെട്ടിരുന്ന പേർഷ്യൻ അടിമയായ ഫൈറൂസാണ് ഇരുതലമൂർച്ഛയുള്ള കത്തികൊണ്ട് ഉമർ رَضِيَ اللَّهُ عَنْهُ വിനെ കുത്തിക്കൊന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയ്‌ക്ക് പന്ത്രണ്ട് മുസ്ലിംകൾക്ക് അയാൾ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരിൽ ഒൻപതു പേർ ഈ പരിക്കിനാൽ പിന്നീട് മരണപ്പെട്ടു. അബൂലുഅലുഅ സ്വയം തന്നെ കുത്തിച്ചാവുകയും ചെയ്തു. തന്റെ പിതാവ് കൊല്ലപ്പെട്ട വിവരമറിഞ്ഞ ഉബൈദുല്ലാഹ് ക്ഷുഭിതനാവുകയും തന്റെ പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ച് പുറത്തിറങ്ങുകയും ചെയ്തു. അബൂലുഅലുഅയുടെ വീട്ടിലെത്തി അയാളുടെ ഭാര്യയേയും മകളെയും അദ്ദേഹം കൊന്നു. വധഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സംശയിച്ച ക്രൈസ്തവനായിരുന്ന ജാഫ്‌നയെയും പാർസിയായിരുന്ന ഹുർമുസാനെയും ഉബൈദുല്ലാഹ് വധിച്ചു. ഉഥ്മാൻ رَضِيَ اللَّهُ عَنْهُ വിന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധികാരമേറ്റശേഷം ആദ്യമായി തീരുമാനിക്കേണ്ടി വന്ന കേസായിരുന്നു ഇത്. വിധി തീരുമാനിക്കുവാനായി അലി رَضِيَ اللَّهُ عَنْهُ, അംറ് ബ്‌നുൽ ആസ് رَضِيَ اللَّهُ عَنْهُ എന്നിവരടങ്ങുന്ന പ്രമുഖ സ്വഹാബിമാരുടെ ഒരു സംഘത്തെ ചുമതലപ്പെടുത്തി. നിയമം കയ്യിലെടുത്ത ഉബൈദുല്ലയെ   ദാക്ഷിണ്യമൊന്നുമില്ലാതെ വധശിക്ഷക്ക് വിധേയമാക്കണമെന്നായിരുന്നു അലി رَضِيَ اللَّهُ عَنْهُ യുടെ അഭിപ്രായം. കാരണം ഒരു വ്യക്തി നിയമം കയ്യിലെടുത്തിരിക്കുന്നു. എന്നാല്‍ അത് കുറച്ചുകൂടി ആലോചിച്ച് നടപ്പാക്കേണ്ടതെന്നായിരുന്നു അംറ്ബ്‌നുൽ ആസ് رَضِيَ اللَّهُ عَنْهُ അടക്കമുള്ള മറ്റുള്ളവരുടെ അഭിപ്രായം. ഉഥ്മാൻ رَضِيَ اللَّهُ عَنْهُ വിഷയം പഠിച്ചു. നിയമം കയ്യിലെടുത്ത ഉബൈദുല്ല കുറ്റവാളി തന്നെയാണ് എന്നും അദ്ദേഹം വധശിക്ഷ അർഹിക്കുന്നുവെന്നും എന്നാൽ മരണപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് വേണമെങ്കിൽ നഷ്ടപരിഹാരം വാങ്ങി അദ്ദേഹത്തിനു വധശിക്ഷയിൽ നിന്ന് ഇളവ് നല്കാമെന്നുമായിരുന്നു ഖലീഫയായ ഉസ്മാന്‍ رَضِيَ اللَّهُ عَنْهُ വിന്റെ വിധി. മരണപ്പെട്ടവർക്ക് അനന്തരാവകാശികളൊന്നുമില്ലാത്തതിനാൽ രാഷ്ട്രത്തിനാണ് നഷ്ടപരിഹാരം സ്വീകരിക്കാനുള്ള അവകാശം. നാല് പേര് വധിക്കപ്പെട്ടതിനാൽ ഓരോരുത്തർക്കും ആയിരം ദീനാർ (4.25 കിലോഗ്രാം സ്വർണം) വീതം, ആകെ നാലായിരം ദീനാർ നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു വിധി. പത്ത് വര്ഷക്കാലം ഇസ്‌ലാമികരാഷ്രത്തിന്റെ അധിപനായിരുന്ന ഉമറിന്റെ മകന്റെ പക്കൽ നഷ്ടപരിഹാരമായി നൽകാൻ ഈ തുകയുണ്ടായിരുന്നില്ല. തന്റെ സ്വന്തം സ്വത്തിൽ നിന്ന് ഈ തുക പൊതുഖജനാവിലേക്ക് അടച്ചാണ്‌ ഉഥ്മാൻ رَضِيَ اللَّهُ عَنْهُ , ഉബൈദുള്ളയെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചത്. സ്വന്തം പിതാവിന്റെ ഖാതകരോട് പ്രതികാരം ചെയ്യാൻ ഇസ്‌ലാമിക രാഷ്ട്രം അദ്ദേഹത്തിന്റെ മകനെ അനുവദിക്കുന്നില്ലെങ്കിൽ, നിയമം കയ്യിലെടുക്കാൻ ഇസ്‌ലാം ആരെയും ഒരവസരത്തിലും അനുവദിക്കുന്നില്ലെന്നാണ് അതിന്റെ അർഥം. ഇസ്‌ലാമികരാഷ്ടത്തിലില്ലാത്ത ഒരു അവകാശം മുസ്ലിമിന് ഇസ്‌ലാമികേതരമായ ഒരു രാജ്യത്തുണ്ടാവുകയില്ലെന്നുറപ്പാണല്ലോ.

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *