وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ إِنَّ ٱلْكَٰفِرِينَ كَانُوا۟ لَكُمْ عَدُوًّا مُّبِينًا ﴿١٠١﴾
നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു. (ഖു൪ആന്‍:4/101)
قَصْر (ഖസ്റ്) എന്നാല്‍ ‘ചുരുക്കുക’ എന്നര്‍ത്ഥം. നമസ്‌കാരം ചുരുക്കി നമസ്‌കരിക്കലാണ് ഇവിടെ വിവക്ഷ. ഖസ്റ് രണ്ടുവിധത്തിലുണ്ട്:
(1) നമസ്‌കാരത്തില്‍ റക്അത്തുകളുടെ എണ്ണം കുറച്ചും, ക്വിബ്‌ലക്ക് തിരിയാതെയും, റുകൂഉ്, സുജൂദ് മുതലായവ പൂര്‍ത്തിയാക്കാതെയും, നടന്നും ഓടിയും കൊണ്ടും എന്നിങ്ങനെ സാധാരണരൂപത്തില്‍ നിന്നും വ്യത്യസ്തമായ പല കുറവുകളും വരുത്തിക്കൊണ്ടും ചെയ്യുന്നത്. صلوة الخوف (ഭയപ്പെട്ടുകൊണ്ടുള്ള നമസ്‌കാരം) അഥവാ ‘ഭയപ്പാടിന്‍റെ അവസരത്തിലുള്ള നമസ്‌കാരം’ എന്ന പേരിലാണ് ഇത് സാധാരണ അറിയപ്പെടുന്നത്.
(2) നാലd റക്അത്തുള്ള നമസ്‌കാരം രണ്ട് റക്അത്ത് മാത്രം നമസ്‌കരിക്കുക. ഇത് ഒന്നാമത്തേതില്‍ ഉള്‍പെടുന്ന ഒരു പ്രത്യേക ഇനം തന്നെയാണെന്ന് പറയാമെങ്കിലും قَصْر (ചുരുക്കി നമസ്‌കരിക്കല്‍) എന്ന പേരില്‍ അറിയപ്പെടുന്നതും, യാത്രകളില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇതാകുന്നു. ഭയാവസ്ഥയിലുള്ള ആദ്യത്തെ ഖസ്റ് ക്വുര്‍ആന്‍ കൊണ്ടും, സമാധാനാവസ്ഥയിലുള്ള രണ്ടാമത്തെ ഖസ്റ് നബി ﷺ യുടെ സുന്നത്ത് കൊണ്ടും സ്ഥാപിതമായതാണ്.
عَنْ أُمَيَّةَ بْنِ عَبْدِ اللَّهِ بْنِ خَالِدٍ، أَنَّهُ قَالَ لِعَبْدِ اللَّهِ بْنِ عُمَرَ إِنَّا نَجِدُ صَلاَةَ الْحَضَرِ وَصَلاَةَ الْخَوْفِ فِي الْقُرْآنِ وَلاَ نَجِدُ صَلاَةَ السَّفَرِ فِي الْقُرْآنِ . فَقَالَ لَهُ ابْنُ عُمَرَ يَا ابْنَ أَخِي إِنَّ اللَّهَ عَزَّ وَجَلَّ بَعَثَ إِلَيْنَا مُحَمَّدًا صلى الله عليه وسلم وَلاَ نَعْلَمُ شَيْئًا وَإِنَّمَا نَفْعَلُ كَمَا رَأَيْنَا مُحَمَّدًا صلى الله عليه وسلم يَفْعَلُ .
ഉമയ്യ ബ്നു അബ്ദില്ലാഹിബ്നു ഖാലിദ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللهُ عَنْهُ വിനോട് ചോദിച്ചു: ഞങ്ങൾ (യാത്രയിലല്ലാതെ) വാസസ്ഥലത്തുള്ളപ്പോഴുള്ള നമസ്കാരത്തെ കുറിച്ചും ഭയത്തിന്‍റെ നമസ്കാരത്തെ കുറിച്ചും ഖുര്‍ആനിൽ കാണുന്നു, യാത്രയിലെ (ഖസ്റ്) നമസ്‌കാരത്തെ കുറിച്ച് ഖുര്‍ആനിൽ കാണുന്നില്ലല്ലോ? അപ്പോൾ അദ്ദേഹത്തോട് അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللهُ عَنْهُ ഇങ്ങിനെ ഉത്തരം പറഞ്ഞു: ‘സഹോദരപുത്രാ, അല്ലാഹു മുഹമ്മദ് നബി ﷺ യെ റസൂലായി അയച്ച അവസരത്തില്‍ നമുക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു. ഇപ്പോള്‍, നബി ﷺ എപ്രകാരം ചെയ്യുന്നതായി നാം കാണുന്നുവോ അതുപോലെ നാമും ചെയ്തുവരുന്നുവെന്ന് മാത്രം. (യാത്രയില്‍ ഖസ്റാക്കല്‍ നബി ﷺ നടപ്പില്‍ വരുത്തിയ ഒരു സുന്നത്താകുന്നു). (നസാഇ:1434)
‘ഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമസ്‌കാരം ഖസ്റാക്കുന്നതിന് തെറ്റില്ല’ എന്നാണ് അല്ലാഹു പറഞ്ഞത്. അപ്പോള്‍, യാത്ര എത്ര കണ്ട് ദൂരമുള്ളതായിരിക്കണമെന്നും, ഖസ്റാക്കണമെന്നു പറയാതെ തെറ്റില്ല എന്നു പറഞ്ഞ് മതിയാക്കിയ സ്ഥിതിക്ക് അത് ഉപേക്ഷിക്കുന്നതല്ലേ നല്ലതെന്നും സംശയിക്കപ്പെടാവുന്നതാണ്. യാത്രാദൂരത്തെ സംബന്ധിച്ചിടത്തോളം, ഇത്ര ദൂരം ഉണ്ടെങ്കിലേ യാത്രയിലെ ഖസ്റ് പാടുള്ളുവെന്ന് നിര്‍ണയിക്കുവാന്‍ തക്ക ഒരു തെളിവ് നബി ﷺ യുടെ സുന്നത്തില്‍ കാണുന്നില്ല. ചില രിവായത്തുകളും മറ്റും പരിശോധിക്കുമ്പോള്‍ യാത്രയുടെ ദൂരം പരിഗണിക്കപ്പെടേണ്ടതുണ്ടെന്നുവരുന്നതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ട്. അത് കേവലം സ്വാഭാവികവുമാണ്. എല്ലാം കൂടി പരിശോധിച്ചാല്‍ – പല മഹാന്മാരും പ്രസ്താവിക്കുന്നതുപോലെ – ഒരു നിശ്ചിത ദൂരം നിര്‍ണയിക്കുവാനില്ല എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, സാധാരണ ഗതിയില്‍ ഒരു യാത്രയെന്ന് വിശേഷിപ്പിക്കപ്പെടുമാറുള്ള ദൂരമുണ്ടെങ്കിലേ ഖസ്റാക്കുവാന്‍ പാടുള്ളുവെന്നും, അടുത്തടുത്ത സ്ഥലങ്ങളിലേക്കും, നിത്യാവശ്യങ്ങള്‍ക്കുമുള്ള പോക്കുവരവുകളിലും ഖസ്ര്‍ പാടില്ല എന്നും തീര്‍ച്ചയാണുതാനും. والله أعلم
മേല്‍ സൂചിപ്പിച്ച അഭിപ്രായങ്ങളും അവയുടെ തെളിവുകളുമെല്ലാം വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ക്വയ്യിം رحمه الله പറയുന്നു: ‘നബി ﷺ തന്‍റെ സമുദായത്തിന് നമസ്‌കാരം ഖസ്റാക്കുവാനും, നോമ്പ് ഉപേക്ഷിക്കുവാനും ഒരു നിശ്ചിത വഴി ദൂരം നിര്‍ണയിച്ചു കൊടുത്തിട്ടില്ല. അവര്‍ക്കത് നിരുപാധികം വിട്ടുകൊടുത്തിരിക്കുകയാണ്. തയമ്മുമിന്‍റെ കാര്യവും അങ്ങിനെത്തന്നെ. എന്നാല്‍, ഒരു ദിവസത്തെയും രണ്ട് ദിവസത്തെയും, മൂന്ന് ദിവസത്തെയും യാത്ര എന്നൊക്കെ നിര്‍ണയിച്ചുകൊണ്ടുള്ള രിവായത്തുകളാകട്ടെ, ഒന്നും ബലവത്തായി സ്ഥിരപ്പെട്ടിട്ടില്ല. (സാദുൽമആദ്)
‘ഖസ്റാക്കുന്നതിന് തെറ്റില്ല’ (ليس عليكم جناح) എന്ന വാക്കില്‍ നിന്ന് അത് ചെയ്യുകയും, ചെയ്യാതിരിക്കുകയും ആവാമെന്നേ വരുന്നുള്ളൂ. എങ്കിലും യാത്രകളിലെല്ലാം തന്നെ നമസ്‌കാരം ഖസ്റാക്കലായിരുന്നു നബി ﷺ യുടെ പതിവെന്ന് പല ഹദീഥുകളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. യാത്രകളില്‍ നാല് റക്അത്ത് നബി ﷺ പൂര്‍ത്തിയാക്കിയതായി തെളിഞ്ഞിട്ടുമില്ല. അതുകൊണ്ട് യാത്രകളില്‍ ഖസ്ര്‍ നിര്‍ബന്ധമാണെന്നു പോലും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. നിര്‍ബ്ബന്ധമില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഏതായാലും ഖസ്റാക്കലാണ് ഉത്തമമെന്നതില്‍ സംശയമില്ല. എന്നാല്‍ ‘നിങ്ങള്‍ക്ക് കുറ്റമില്ല’ എന്ന വാക്യത്തിലടങ്ങിയ സൂചനയെന്തായിരിക്കും? ഹജ്ജിലും, ഉംറയിലും സ്വഫാ – മര്‍വക്കിടയിലുള്ള ഓട്ടം നിര്‍ബ്ബന്ധമായിരുന്നിട്ടുകൂടി – സ്വഹാബികള്‍ക്ക് നേരിട്ട ചില സംശയങ്ങള്‍ നിമിത്തം – അതിനെക്കുറിച്ച് പ്രസ്താവിച്ചപ്പോഴും ‘തെറ്റില്ല’ എന്നാണ് അല്ലാഹു (അല്‍ ബക്വറഃ : 158ല്‍) പറഞ്ഞത്. അതുപോലെ, വളരെ പ്രാധാന്യം അര്‍ഹിക്കുന്ന നമസ്‌കാരത്തിന്‍റെ രൂപത്തില്‍ വല്ല കുറവും വരുത്തുന്ന വിഷയത്തിലും പലര്‍ക്കും സംശയം തോന്നുവാന്‍ അവകാശമുണ്ടല്ലോ. അതുകൊണ്ടായിരിക്കണം ഇവിടെയും അങ്ങിനെ പ്രയോഗിച്ചത്. الله أعلم
عَنْ يَعْلَى بْنِ أُمَيَّةَ، قَالَ قُلْتُ لِعُمَرَ بْنِ الْخَطَّابِ { لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَقْصُرُوا، مِنَ الصَّلاَةِ إِنْ خِفْتُمْ أَنْ يَفْتِنَكُمُ الَّذِينَ كَفَرُوا} فَقَدْ أَمِنَ النَّاسُ فَقَالَ عَجِبْتُ مِمَّا عَجِبْتَ مِنْهُ فَسَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ ذَلِكَ . فَقَالَ ” صَدَقَةٌ تَصَدَّقَ اللَّهُ بِهَا عَلَيْكُمْ فَاقْبَلُوا صَدَقَتَهُ ” .
യഅ്‌ല ബ്‌നു ഉമയ്യ رَضِيَ اللهُ عَنْهُ പറയുന്നു: ഞാൻ ഉമര്‍ ബ്നു ഖത്വാബ് رَضِيَ اللهُ عَنْهُ വിനോട് ചോദിച്ചു: ജനങ്ങള്‍ (ശത്രുക്കളില്‍ നിന്ന്) നിര്‍ഭയരായിത്തീര്‍ന്നിട്ടുള്ള സ്ഥിതിക്ക് {അവിശ്വസിച്ചവര്‍ നിങ്ങളെ കുഴപ്പത്തിലാക്കുന്നത് ഭയപ്പെട്ടാല്‍ നിങ്ങള്‍ക്ക് നമസ്‌കാരം ഖസ്റാക്കുന്നതിന് തെറ്റില്ല} എന്ന വചനത്തിന്‍റെ താല്‍പര്യം എന്താണ്? അപ്പോള്‍ ഉമര്‍ رَضِيَ اللهُ عَنْهُ പറഞ്ഞു: താങ്കൾക്ക് ആശ്ചര്യം (സംശയം) തോന്നിയപോലെ എനിക്കും തോന്നിയിട്ടുണ്ട്. അങ്ങനെ ഞാന്‍ നബി ﷺ യോട് അതിനെപ്പറ്റി ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഒരു സ്വദക്വഃയാണ് (ദാനമാണ്). അവന്‍റെ സ്വദക്വഃ നിങ്ങള്‍ സ്വീകരിച്ചു കൊള്ളുവിന്‍. (മുസ്‌ലിം:686)
അല്ലാഹു തന്നെ ചൂണ്ടിക്കാട്ടിയതുപോലെ, ശത്രുക്കള്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഖസ്ര്‍ അനുവദിക്കപ്പെട്ടതെങ്കിലും പിന്നീട് ആ അനുവാദം യാത്രകളിലെല്ലാം തുടര്‍ന്നു ഉപയോഗപ്പെടുത്തിക്കൊള്ളുവാന്‍ അല്ലാഹു സമുദായത്തിന് നല്‍കിയ ഒരു ഔദാര്യമാണത് എന്നത്രെ നബി ﷺ പറഞ്ഞതിന്‍റെ സാരം.
അവലംബം : അമാനി തഫ്സീര്‍ (സൂറ:നിസാഅ്, ആയത്ത് 101)
‘ജംഉം ഖസ്റും’ എന്ന വിഷയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്
kanzululoom.com