മനുഷ്യ മനസ്സുകളും പിശാചും

ഹൃദയങ്ങള്‍ അഥവാ മനസ്സുകള്‍ മൂന്ന് വിധമാണ്:

(1) ഈമാനില്‍നിന്നും സര്‍വ നന്മകളില്‍നിന്നും മുക്തമായ ഹൃദയം. അത് ഇരുള്‍മുറ്റിയ ഹൃദയമാണ്. അതിലേക്ക് ‘വസ്‌വാസുകള്‍’ ഇട്ടുതരാന്‍ പിശാചിന് എളുപ്പമാണ്. കാരണം അത്തരം മനസ്സുകളെ പിശാച് തന്റെ താവളവും സ്വദേശവുമാക്കി താനുദ്ദേശിക്കുന്നത് നടപ്പിലാക്കും. പിശാചിന് പൂര്‍ണമായും സൗകര്യപ്പെട്ട രുപത്തിലായിരിക്കും അത്.

(2) ഈമാനിന്റെ പ്രകാശംകൊണ്ട് പ്രശോഭിതമാവുകയും അതിന്റെ വിളക്കുകള്‍ കത്തിച്ചുവെക്കുകയും ചെയ്ത ഹൃദയമാണ് രണ്ടാമത്തെത്. അതിന്മേല്‍ ദേഹച്ഛകളുടെ കൊടുങ്കാറ്റുകളും ആഗ്രഹങ്ങളുടെ ഇരുട്ടും അടിക്കുന്നുണ്ട്. പിശാച് അവിടെ വരികയും പോവുകയും ചെയ്യുന്നു. പലതരം വ്യാമോഹങ്ങളുമായി അവിടെയവിടെയെല്ലാം ചുറ്റിക്കറങ്ങുന്നുമുണ്ട്. പിശാചുമായുള്ള പോരാട്ടങ്ങളില്‍ ചിലപ്പോള്‍ വിജയവും മറ്റു ചിലപ്പോള്‍ പരാജയവുമായി അവസ്ഥകള്‍ മാറിമറിയുന്നു. ചിലരുടെതില്‍ ശത്രുവിന്റെ വിജയങ്ങളാണ് കൂടുതല്ലെങ്കില്‍ വേറെ ചിലരുടെതില്‍ ശത്രുവിന്റെ വിജയത്തിനു എണ്ണക്കുറവായിരിക്കും. മറ്റു ചിലരുടെതില്‍ സമാസമമായിരിക്കും.

(3) ഈമാന്‍കൊണ്ട് നിറഞ്ഞതാണ് മൂന്നാമത്തെ ഹൃദയം. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രഭപരത്തിയ ഹൃദയത്തില്‍നിന്ന് ദേഹേച്ഛകളുടെയും ആഗ്രഹങ്ങളുടെയും കരിമ്പടങ്ങള്‍ നീങ്ങിപ്പോയിട്ടുണ്ട്. കൂരിരുട്ടുകളെയെല്ലാം അതില്‍നിന്നും നീക്കി ആ പ്രകാശം ഗരിമയോടെ തെളിഞ്ഞ് ജ്വലിച്ചു നില്‍ക്കുന്നു! വസ്‌വാസുകള്‍ അതിന്റെ അടുത്തേക്ക് ചെന്നാല്‍ കത്തിക്കരിഞ്ഞുപോകും. നക്ഷത്രങ്ങളാല്‍ സുരക്ഷാവലയം സൃഷ്ടിക്കപ്പെട്ട ആകാശത്തെ പോലെയാണത്. അവിടേക്ക് കട്ടുകേള്‍ക്കാനായി പിശാച് ചെന്നാല്‍ തീജ്വാലകള്‍കൊണ്ട് എറിഞ്ഞാട്ടുന്നത് പോലെ.

സത്യവിശ്വാസിയെക്കാള്‍ പവിത്രത കൂടുതലുള്ളതൊന്നുമല്ല ആകാശം. അതിനാല്‍ ആകാശത്തിന് ഏര്‍പ്പെടുത്തിയതിനെക്കാള്‍ ശക്തവും സമ്പൂര്‍ണവുമായ അല്ലാഹുവിന്റെ സുരക്ഷ സത്യവിശ്വസിക്കുണ്ടാകും. വാനലോകം മലക്കുകളുടെ ആരാധനാസ്ഥലവും ദിവ്യസന്ദേശത്തിന്റെ കേന്ദ്രവുമാണ്. അവിടെ അനുസരണങ്ങളുടെ നിരവധി പ്രകാശങ്ങളുണ്ട്. സത്യവിശ്വാസിയുടെ ഹൃദയമാകട്ടെ തൗഹീദിന്റെയും (ഏകദൈവ വിശ്വാസം) സ്‌നേഹത്തിന്റെയും അറിവിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ്. അതില്‍ അവയുടെയെല്ലാം അനേകം പ്രകാശങ്ങളുണ്ട്. അതിനാല്‍ ശത്രുവിന്റെ കെണികളില്‍നിന്നും കുതന്ത്രങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടാന്‍ അത് ഏറ്റവും അര്‍ഹമാണ്. അവിടെനിന്ന് വല്ലതും തട്ടിയെടുക്കാന്‍ ശത്രുവിന് പെട്ടെന്ന് നിഷ്പ്രയാസം സാധിക്കുകയില്ല.

അതിനു നല്ലൊരു ഉപമ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് മൂന്ന് വീടുകള്‍; ഒരു വീട് രാജാവിന്റെതാണ്. അതില്‍ രാജാവിന്റെ നിധികളും സൂക്ഷിപ്പു സ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. മറ്റൊരു വീട് ഒരു ഭൃത്യന്റെതാണ്. അതില്‍ അയാളുടെ നിധികളും സൂക്ഷിപ്പുസ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. രാജാവിന്റ രത്‌നങ്ങളോ സൂക്ഷിപ്പുസ്വത്തുക്കളോ പോലെയുള്ളതൊന്നും അവിടെയില്ല. മൂന്നാമത്തെ വീട് ഒന്നുമില്ലാത്ത, ശുന്യമായ ഒന്നാണ്. അങ്ങനെ ഈ മൂന്നുവീടുകളില്‍ ഏതെങ്കിലും ഒന്നില്‍ കയറി മോഷ്ടിക്കാനായി ഒരു കള്ളന്‍ വന്നു. എങ്കില്‍ ഏത് വീട്ടില്‍നിന്നായിരിക്കും അയാള്‍ മോഷ്ടിക്കുക?

മൂന്നാമത്തെ ഒന്നുമില്ലാത്ത വീട്ടില്‍നിന്ന് എന്നാണ് നീ പറയുന്നതെങ്കില്‍ അതൊരിക്കലും ശരിയല്ല. കാരണം ഒന്നുമില്ലാത്ത, ശൂന്യമായ വീട്ടില്‍നിന്ന് എന്താണ് മോഷ്ടിക്കാന്‍ പറ്റുക? ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് ഇപ്രകാരം പറയപ്പെട്ടു: ‘ജൂതന്‍മാര്‍ പറയുന്നു; അവരുടെ പ്രാര്‍ഥനകളില്‍ പിശാച് വസ്‌വാസുണ്ടാക്കാറില്ലെന്ന്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ: ‘പൊളിഞ്ഞു ഫലശൂന്യമായി കിടക്കുന്ന ഹൃദയത്തില്‍ പിശാച് എന്ത് ചെയ്യാനാണ്?’ (അഹ്മദ് ‘സുഹ്ദി’ലും അബൂനുഐം ‘ഹില്‍യ’യിലും അലാ ഉബ്‌നു സിയാദില്‍നിന്നും ഇതിനോട് സമാനമായ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല- കുറിപ്പുകാരന്‍).

രാജാവിന്റെ വീട്ടില്‍നിന്നുമായിരിക്കും അവന്‍ മോഷ്ടിക്കുക എന്നാണ് നീ പറയുന്നതെങ്കില്‍ അതും ആസംഭവ്യമാണ്, നടക്കാന്‍ പോകുന്നതല്ല. കാരണം കള്ളന്മാര്‍ക്ക് അടുക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അവിടെ സുരക്ഷാ ക്രമീകരണങ്ങളും പട്ടാളക്കാരും കാവല്‍ക്കാരും ഒക്കെ ഉണ്ടാവും. രാജാവ് തന്നെയാണ് അതിന്റെ കാവല്‍ക്കാരനെങ്കിലോ എങ്ങനെയായിരിക്കും അതിന്റെ അവസ്ഥ? രാജാവിനു ചുറ്റും കാവല്‍ക്കാരും പട്ടാളവും ഒക്കെ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് കള്ളന് അവിടേക്ക് അടുക്കാന്‍ പറ്റുക?

അപ്പോള്‍ പിന്നെ കള്ളന് കയറാന്‍, ശേഷിക്കുന്ന മൂന്നാമത്തെ വീടല്ലാതെ വേറെ ഒരിടവുമില്ല. അങ്ങനെ കള്ളന്‍ അതിനെതിരിലായിരിക്കും തന്റെ ആക്രമണങ്ങള്‍ അഴിച്ചുവിടുക. ബുദ്ധിയുള്ളവര്‍ ഈ ഉദാഹരണം ശരിയാംവണ്ണം ചിന്തിച്ചു ഗ്രഹിക്കട്ടെ! എന്നിട്ട് അതിനെ ഹൃദയങ്ങളുമായി തട്ടിച്ചുനോക്കട്ടെ! തീര്‍ച്ചയായും ഹൃദയങ്ങള്‍ ഇതുപോലെതന്നെയാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.

സര്‍വ നന്മകളില്‍നിന്നും ഒഴിവായ ഹൃദയമെന്നത് സത്യനിഷേധിയുടെയും കപടവിശ്വാസിയുടെയും ഹൃദയമാണ്. അതത്രെ പിശാചിന്റെ ഭവനം! അതിനെ പിശാച് സ്വന്തമാക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. അതിനെ തന്റെ ആസ്ഥാനവും താമസസ്ഥലവുമാക്കിയ പിശാചിന് അതില്‍നിന്ന് എന്ത് മോഷ്ടിക്കാനാണ്? അതിലാണ് അവന്റെ ഖജനാവും സൂക്ഷിപ്പു സ്വത്തുക്കളും അവന്റെ ആശയക്കുഴപ്പങ്ങളും ഭാവനകളും ദുഷ്‌പ്രേരണകളുമെല്ലാം!

എന്നാല്‍ പടച്ചറബ്ബിനോടുള്ള ആദരവും ബഹുമാനവും സ്‌നേഹവുംകൊണ്ടും അവന്റെ നിരീക്ഷണത്തെ കുറിച്ചുള്ള ബോധത്താലും അവനോടുള്ള ലജ്ജ കാരണത്താലും ഹൃദയം നിറഞ്ഞ വ്യക്തിയുടെ കാര്യം; ഏത് പിശാചാണ് ആ ഹൃദയത്തിനുനേരെ കയ്യേറ്റത്തിനു ധൈര്യപ്പെടുക? അവിടെ നിന്ന് വല്ലതും മോഷ്ടിച്ചെടുക്കാന്‍ അവനുദ്ദേശിച്ചാല്‍ തന്നെ അവനെന്താണ് മോഷ്ടിക്കുക? പിന്നെ പരമാവധി അവനു ചെയ്യാനാവുക, ആ വ്യക്തിയുടെ ക്ഷീണത്തിന്റെയും അശ്രദ്ധയുടെയുമൊക്കെ ചില നേരങ്ങള്‍ മുതലാക്കുക എന്നത് മാത്രമാണ്. മനുഷ്യനെന്നുള്ള നിലയില്‍ അത്തരം സംഗതികള്‍ അനിവാര്യമാണല്ലോ. അതിനാല്‍ മാനുഷികമായ മറവി, അശ്രദ്ധ, പ്രകൃതി സംബന്ധമായ കാര്യങ്ങള്‍ പോലുള്ളവ അദ്ദേഹത്തിന്റെ കാര്യത്തിലും ഉണ്ടാവുന്നതാണ്.

‘സത്യവിശ്വാസിയായ എന്റെ അടിമയുടെ ഹൃദയത്തിനല്ലാതെ എന്നെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലത ആകാശത്തിനോ ഭൂമിക്കോ ഇല്ല’ എന്ന ചില റിപ്പോര്‍ട്ടുകള്‍ മുന്‍വേദങ്ങളിലുള്ളതായി വഹബ് ബ്‌നുല്‍ മുനബ്ബിഹ് رحمه الله പറഞ്ഞുവെന്നു പറയപ്പെടുന്നു’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ, മജ്മൂഉ ഫതാവ 18/122,376, പേജുകള്‍).

ഇത് ഇസ്‌റാഈലിയാത്തുകളില്‍ പെട്ടതാണ്. നബി ﷺ യില്‍നിന്നും സ്വികാര്യയോഗ്യമായ ഒരു പരമ്പരപോലും അതിനില്ല. ഹാഫിദുല്‍ ഇറാഖിയും അതിനു യാതൊരു അടിസ്ഥാനവുമുള്ളതായി അറിയില്ലെന്ന് പ്രസ്താവിക്കുന്നു (അല്‍മുഗ്‌നി അന്‍ ഹംലില്‍ അസ്ഫാര്‍ 2/713).

മറ്റൊരു ഹൃദയത്തിലാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനവും അവനോടുള്ള സ്‌നേഹവും തൗഹീദും ഈമാനും അവന്റെ വാഗ്ദാനങ്ങളിലും താക്കീതുകളിലും ഒക്കെയുള്ള വിശ്വാസവും അവയെല്ലാം സത്യമാണെന്ന ബോധവുമാണ്. അതോടൊപ്പം ദേഹേച്ഛകളും അതിന്റെതായ സ്വഭാവങ്ങളും പ്രകൃതങ്ങളും അതിലുണ്ട്.

ഈ രണ്ടു പ്രേരകങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന ഹൃദയം ചിലപ്പോള്‍ സത്യവിശ്വാസത്തിന്റെയും യഥാര്‍ഥജ്ഞാനത്തിന്റെയും അല്ലാഹുവിലേക്കുള്ള സ്‌നേഹത്തിന്റെയും അവനെ മാത്രം ലക്ഷ്യമാക്കിയുള്ള കര്‍മത്തിന്റെയും നേര്‍ക്ക് ആഭിമുഖ്യം പ്രകടിപ്പിക്കും. മറ്റു ചിലപ്പോഴാകട്ടെ ദേഹേച്ഛയുടെയും പിശാചിന്റെയും പ്രകൃതങ്ങളിലേക്ക് ചാഞ്ഞുപോകും. ഇത്തരം ഹൃദയങ്ങളിലാണ് പിശാചിന് താല്‍പര്യമുള്ളത്. അവന് അതില്‍ കയറിച്ചെല്ലാനുള്ള ഇടങ്ങളും അതിനുപറ്റിയ സാഹചര്യങ്ങളുമുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജയം നല്‍കുന്നു.

وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

സാക്ഷാല്‍ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്ന് മാത്രമാകുന്നു. (ഖു൪ആന്‍:3/126)

പിശാചിന് ഇവിടെ സൗകര്യപ്പെടുന്നത് തന്റെ ആയുധം അവിടെ കിടപ്പുള്ളതുകൊണ്ട് മാത്രമാണ്. അങ്ങനെ അവിടേക്ക് പിശാച് കടന്നുചെല്ലുകയും ആയുധം കൈവശപ്പെടുത്തുകയും അതുമായി അയാളോട് പോരാടുകയും ചെയ്യും. അവന്റെ ആയുധമെന്നത് ദേഹേച്ഛകളും സന്ദേഹങ്ങളുമാണ്. അഥവാ ശഹവാത്തുകളും ശുബുഹാത്തുകളും. അതേപോലെ വ്യാജമായ കുറെ വ്യാമോഹങ്ങളും ഭാവനകളും. അവയൊക്കെ ഒരു ഹൃദയത്തില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ പിശാച് അവിടേക്ക് കടന്നുവരികയും അവയെ കൈവശപ്പെടുത്തുകയും ചെയ്തുകൊണ്ട് ആ ഹൃദയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ഈ വ്യക്തിയുടെ പക്കല്‍ അത്തരം ആയുധങ്ങളെ പ്രതിരോധിക്കാനുള്ള അതിനെക്കാള്‍ മികച്ച, ഈമാനിന്റെ ശക്തമായ സന്നാഹങ്ങളുണ്ടെങ്കില്‍ വിജയംവരിക്കാന്‍ കഴിയും. ഇല്ലെങ്കില്‍ തന്റെ ശത്രുവിനായിരിക്കും തന്റെമേല്‍ ആധിപത്യം ലഭിക്കുക. ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ (അത്യുന്നതനും മഹാനുമായ അല്ലാഹുവിനെകൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

ഒരാള്‍ തന്റെ ശത്രുവിനു വീടിന്റെ വാതില്‍ തുറന്നുകൊടുക്കുകയും പ്രവേശിക്കാനനുവദിക്കുകയും അങ്ങനെ ആയുധങ്ങളെടുത്തു പോരാടാന്‍ സൗകര്യമൊരുക്കുകയും ചെയ്താല്‍ അയാള്‍ തന്നെയാണ് ആക്ഷേപാര്‍ഹന്‍.

‘നീ നിന്നെത്തന്നെ ആക്ഷേപിച്ചുകൊള്ളുക; വാഹനത്തെ കുറ്റംപറയേണ്ടതില്ല. സങ്കടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നീ മരണത്തെ പുല്‍കിക്കൊള്ളുക! നിനക്ക് യാതൊരു ഒഴിവുകഴിവുമില്ല.’

 

ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും

വിവർത്തനം: ശമീര്‍ മദീനി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *