ഖൽബിൽ നിറക്കാനുള്ളത്

ആമുഖം

‘ഹൃദയം’ (القلب) എന്ന് പ്രയോഗിക്കുമ്പോൾ രണ്ട് അർത്ഥങ്ങൾ ഉദ്ദേശിക്കപ്പെടാറുണ്ട്:

ഒന്ന്: ഭൗതികമായ ഹൃദയം. നെഞ്ചിന്റെ ഇടതുഭാഗത്ത് സ്ഥിതി ചെയ്യുന്ന, ശരീരത്തിലെ പ്രധാന അവയവമായ, രക്തം പമ്പ് ചെയ്യുന്ന മാംസക്കഷ്ണം. ഇത് മനുഷ്യരിൽ മാത്രം ഒതുങ്ങുന്നില്ല, മൃഗങ്ങൾക്കും ഈ അർത്ഥത്തിലുള്ള ഹൃദയമുണ്ട്. ഡോക്ടർമാരും അനാട്ടമി വിദഗ്ധരും പഠിക്കുന്നത് ഈ ഹൃദയത്തെക്കുറിച്ചാണ്.

രണ്ട്: ആത്മീയമായ ഹൃദയം. പണ്ഡിതന്മാർ ഇതിനെ വിശദീകരിച്ചിരിക്കുന്നത്, ഭൗതിക ഹൃദയവുമായി ഒരു പ്രത്യേക ബന്ധമുള്ള, റബ്ബാനിയായ, റൂഹാനിയായ (ദൈവികവും ആത്മീയവുമായ) ഒരു സൂക്ഷ്മ യാഥാർത്ഥ്യം എന്നാണ്. ആ ബന്ധം എങ്ങനെയുള്ളതാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ.

ഈ സൂക്ഷ്മ യാഥാർത്ഥ്യമാണ് (ആത്മീയ ഹൃദയം) മനുഷ്യന്റെ യഥാർത്ഥ സത്ത. അതുകൊണ്ടാണ് മനുഷ്യൻ മനുഷ്യനാകുന്നത്. കൽപ്പനകൾ സ്വീകരിക്കാനും വിലക്കുകൾ ഉപേക്ഷിക്കാനും അവനെ സജ്ജമാക്കുന്നത് അതാണ്. നല്ലതും ചീത്തയുമായ സ്വഭാവങ്ങളുടെ ഉറവിടവും അതുതന്നെ.

ഈ പഠനത്തിൽ ‘ഹൃദയം’ എന്ന് പറയുമ്പോൾ ഈ രണ്ടാമത്തെ അർത്ഥമാണ് ഉദ്ദേശിക്കുന്നത്. ഖുർആനിലും സുന്നത്തിലും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലും പ്രശംസിച്ചുകൊണ്ടോ ഇകഴ്ത്തിക്കൊണ്ടോ ഹൃദയത്തെക്കുറിച്ച് പരാമർശിക്കുമ്പോഴും, അതിന്റെ ജീവിതത്തെയും രോഗത്തെയും, നന്മയെയും തിന്മയെയും കുറിച്ച് സംസാരിക്കുമ്പോഴും ഈ അർത്ഥം തന്നെയാണ് വിവക്ഷിക്കുന്നത്.

ഹൃദയം ഒന്നുകൊണ്ട് നിറഞ്ഞാൽ പിന്നെ മറ്റൊന്നിന് അതിൽ ഇടമുണ്ടാകില്ല

ഹൃദയത്തിന് ഒരേയൊരു ദിശ മാത്രമേയുള്ളൂ. അത് ഒരു ഭാഗത്തേക്ക് തിരിഞ്ഞാൽ പിന്നെ മറ്റൊരു ഭാഗത്തേക്ക് തിരിയുകയില്ല. (ഇബ്നുൽ ഖയ്യിമിന്റെ മദാരിജുസ്സാലികീൻ 1/171, 3/349, റൗദത്തുൽ മുഹിബ്ബീൻ 288, ത്വരീഖുൽ ഹിജ്റതൈൻ 18, ശിഫാഉൽ അലീൽ 107, ഇബ്നു തൈമിയ്യയുടെ ജാമിഉൽ മസാഇൽ 1/162 എന്നിവ നോക്കുക)

അല്ലാഹു പറയുന്നു:

…مَّا جَعَلَ اللَّهُ لِرَجُلٍ مِّن قَلْبَيْنِ فِي جَوْفِهِ…

… യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. …(ഖു൪ആന്‍: 33/4)

ഹൃദയത്തിലേക്ക് ഒരു ചിന്തയോ, ഉദ്ദേശ്യമോ, സ്നേഹമോ പ്രവേശിക്കുമ്പോൾ, അതിന് വിപരീതമായ ചിന്തയും ഉദ്ദേശ്യവും സ്നേഹവും പുറത്തുപോകുന്നു. ഹൃദയം ഒരു പാത്രമാണ്, പാനീയങ്ങൾ പലതുണ്ട്. ഏതെങ്കിലും ഒരു പാനീയം കൊണ്ട് അത് നിറഞ്ഞാൽ പിന്നെ മറ്റൊന്നിന് അവിടെ സ്ഥാനമുണ്ടാകില്ല. ഏറ്റവും മുന്തിയ പാനീയം കൊണ്ട് പാത്രം നിറയണമെങ്കിൽ അത് ശൂന്യമായിരിക്കണം. ഇനി അതിൽ മറ്റെന്തെങ്കിലും നിറഞ്ഞിരിപ്പുണ്ടെങ്കിൽ, ആദ്യം അത് പുറത്തുകളഞ്ഞ ശേഷം മാത്രമേ പുതിയതിന് അവിടെ ഇടം പിടിക്കാൻ സാധിക്കുകയുള്ളൂ.

ഒരു സഞ്ചാരിക്ക് ഒരേ സമയം രണ്ട് സത്രങ്ങളിലും വീടുകളിലും താമസിക്കാൻ സാധ്യമല്ല, ഒരു വീടും സത്രവും ഒഴിച്ചിട്ടല്ലാതെ മറ്റൊന്ന് സ്വന്തമാക്കാനാവില്ല. അതുകൊണ്ട്, ഒരു അടിമക്ക് രണ്ട് ഹൃദയങ്ങളില്ല. ഒന്നുകൊണ്ട് അല്ലാഹുവിനെ അനുസരിക്കുകയും അവന്റെ കൽപ്പനകൾ പാലിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും, മറ്റേത് മറ്റുള്ളവർക്ക് വേണ്ടിയും ഉപയോഗിക്കാൻ സാധ്യമല്ല. മറിച്ച്, ഒരൊറ്റ ഹൃദയം മാത്രമേയുള്ളൂ. തവക്കുൽ (ഭരമേൽപ്പിക്കൽ), സ്നേഹം, തഖ്‌വ എന്നിവ റബ്ബിന് വേണ്ടി മാത്രമാക്കിയില്ലെങ്കിൽ, അത് മറ്റുള്ളവരിലേക്ക് തിരിഞ്ഞുപോകും.

ഹൃദയം അല്ലാഹുവിൽ വ്യാപൃതമാവുകയും, സത്യം മനസ്സിലാക്കുകയും, അവനിലേക്ക് അടുപ്പിക്കുന്ന വിജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുകയാണെങ്കിൽ അത് അതിന്റെ യഥാർത്ഥ സ്ഥാനത്ത് വെക്കപ്പെട്ടു. കാരണം, അതിനുവേണ്ടി മാത്രമാണ് അത് സൃഷ്ടിക്കപ്പെട്ടത്. എന്നാൽ അല്ലാഹുവിനെ അറിയുന്നതിൽ നിന്ന് അതിനെ തിരിച്ചുവിടുകയും സത്യം ഗ്രഹിക്കാതിരിക്കുകയും ചെയ്താൽ അത് തന്റെ റബ്ബിനെ മറന്നു. അപ്പോൾ അത് അതിന്റെ സ്ഥാനത്തല്ല, മറിച്ച് നഷ്ടപ്പെട്ട അവസ്ഥയിലാണ്! അതോടൊപ്പം അത് ശൂന്യമായിരിക്കുകയുമില്ല. മറിച്ച്, അത് നിരന്തരം പലതരം ചിന്തകളുടെയും വ്യാമോഹങ്ങളുടെയും താഴ്‌വരകളിൽ അലയുകയായിരിക്കും. ഇത് വളരെ അത്ഭുതകരമായ ഒരു കാര്യമാണ്! പ്രതാപവാനും യുക്തിമാനുമായ നമ്മുടെ റബ്ബ് എത്ര പരിശുദ്ധൻ!

ഈ അവസ്ഥ മനുഷ്യന് വെളിപ്പെടുന്നത് അവൻ സത്യത്തിലേക്ക് മടങ്ങുമ്പോഴാണ്. ഒന്നുകിൽ ദുനിയാവിൽ വെച്ച് തൗബ ചെയ്യുമ്പോൾ, അല്ലെങ്കിൽ ആഖിറത്തിലേക്ക് മടങ്ങുമ്പോൾ. അപ്പോഴാണ് താൻ എത്ര മോശം അവസ്ഥയിലായിരുന്നുവെന്നും, തന്റെ ഹൃദയം സത്യത്തിൽ നിന്ന് എത്രമാത്രം വഴിപിഴച്ചുപോയിരുന്നുവെന്നും അവൻ തിരിച്ചറിയുന്നത്. ചുരുക്കത്തിൽ, സത്യമല്ലാത്തതെല്ലാം മിഥ്യയാണ്. ഹൃദയത്തെ സത്യത്തിൽ ഉറപ്പിച്ചില്ലെങ്കിൽ പിന്നെ ബാക്കിയുള്ളത് മിഥ്യ മാത്രമാണ്.

ഹൃദയം മറ്റുള്ളവയിൽ നിന്നെല്ലാം പിന്തിരിഞ്ഞ് സത്യത്തിലും, വിജ്ഞാനത്തിലും, ദിക്‌റിലും മുന്നിടുമ്പോൾ അത് ഇബ്രാഹീമിന്റെ (عليه السلام) മില്ലത്തായ ‘ഹനീഫിയ്യ’ത്തിലായിരിക്കും. ‘ഹനഫ്’ എന്നാൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തിരിയുക എന്നാണ്. ‘ദീനുൻ ഹനീഫ്’ എന്നാൽ അല്ലാഹുവിങ്കലേക്ക് മാത്രം മുന്നിടുകയും അവനല്ലാത്തവയിൽ നിന്നെല്ലാം പിന്തിരിയുകയും ചെയ്യുക എന്നതാണ്. ഇതിന്റെ വക്താവിന്റെ ഹൃദയം ഉബൂദിയ്യത്ത് (അടിമത്തം) കൊണ്ട് നിറഞ്ഞതും, മോശം സ്വഭാവങ്ങളിൽ നിന്ന് ശുദ്ധമായതുമായിരിക്കും. അവൻ തന്റെ ആത്മാവ്, ഹൃദയം, ബുദ്ധി, അവയവങ്ങൾ എന്നിവ കൊണ്ടെല്ലാം റബ്ബിന്റെ യഥാർത്ഥ അടിമയായി മാറിയിരിക്കും. അവൻ സംസാരിച്ചാൽ അല്ലാഹുവിന്റെ സഹായത്തോടെയായിരിക്കും. അവൻ പ്രവർത്തിച്ചാൽ അല്ലാഹുവിന്റെ കൽപ്പന പ്രകാരമായിരിക്കും. എല്ലാ സമയത്തും എല്ലാ അവസ്ഥയിലും അവൻ അല്ലാഹുവിനൊപ്പവും, അല്ലാഹുവിന്റെ സഹായത്താലുമായിരിക്കും.

ഇവിടെ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:

ഒന്ന്: ഹൃദയം അറിവ്, ഉദ്ദേശ്യം, സ്നേഹം, പശ്ചാത്താപം എന്നിവയുടെ കേന്ദ്രമാണ്. ഈ കാര്യങ്ങൾ ഹൃദയത്തിൽ പ്രവേശിക്കണമെങ്കിൽ അതിന് വിശാലതയുണ്ടാകണം. അല്ലാഹു ഒരു അടിമയെ ഹിദായത്തിലാക്കാൻ ഉദ്ദേശിച്ചാൽ, അവന്റെ നെഞ്ചിനെ വിശാലമാക്കിക്കൊടുക്കും. അപ്പോൾ ഇവയെല്ലാം അതിൽ പ്രവേശിച്ച് അവിടെ ഇടംപിടിക്കും. ഇനി ഒരാളെ വഴിപിഴപ്പിക്കാനാണ് അവൻ ഉദ്ദേശിക്കുന്നതെങ്കിൽ, അവന്റെ നെഞ്ചിനെ ഇടുങ്ങിയതാക്കും. അപ്പോൾ അവയ്ക്ക് പ്രവേശിക്കാൻ ഇടം ലഭിക്കാതെ അത് പുറത്തുപോകും.

ഏതൊരു ശൂന്യമായ പാത്രത്തിലും എന്തെങ്കിലും ഇട്ടാൽ അത് നിറഞ്ഞ് ഇടുങ്ങുന്നു. എന്നാൽ ലോലമായ ഹൃദയം അങ്ങനെയല്ല. അതിലേക്ക് ഈമാനും വിജ്ഞാനവും ഒഴിക്കുന്തോറും അത് കൂടുതൽ വിശാലമാവുകയേയുള്ളൂ. ഇത് നമ്മുടെ റബ്ബിന്റെ ഖുദ്റത്തിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. അതുകൊണ്ട്, ഹൃദയത്തിനും നെഞ്ചിനും വിശാലത ലഭിക്കുക എന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്. അത് ഇടുങ്ങിപ്പോകുന്നത് ഏറ്റവും വലിയ ശിക്ഷയുമാണ്! വെള്ളത്തിന് പാത്രം പോലെയും, തേനിന് ഭരണി പോലെയും, മഴവെള്ളത്തിന് താഴ്‌വര പോലെയും ആണ് വിജ്ഞാനത്തിനും ഈമാനിനും ഹൃദയം.

അല്ലാഹു പറയുന്നു:

…أَنزَلَ مِنَ السَّمَاءِ مَاءً فَسَالَتْ أَوْدِيَةٌ بِقَدَرِهَا…

അവന്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകള്‍ അവയുടെ അളവനുസരിച്ച് ഒലിച്ചു. (ഖു൪ആന്‍: 13/17)

നബി ﷺ പറഞ്ഞു:

إِنَّ مَثَلَ مَا بَعَثَنِي اللَّهُ بِهِ مِنَ الْهُدَى وَالْعِلْمِ كَمَثَلِ غَيْثٍ أَصَابَ أَرْضًا، فَكَانَتْ مِنْهَا طَائِفَةٌ طَيِّبَةٌ، قَبِلَتِ الْمَاءَ؛ فَأَنْبَتَتِ الْكَلَأَ وَالْعُشْبَ الْكَثِيرَ …

അല്ലാഹു എന്നെ നിയോഗിച്ച സന്മാർഗ്ഗത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഒരു ഭൂമിയിൽ പതിച്ച മഴ പോലെയാണ്. അതിൽ ഒരു നല്ല ഭാഗം വെള്ളം സ്വീകരിച്ച് പുല്ലുകളും സസ്യങ്ങളും ധാരാളമായി മുളപ്പിച്ചു… (ബുഖാരി 79, മുസ്‌ലിം 2282)

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: “സലഫുകളിൽ ചിലർ ഇപ്രകാരം പറഞ്ഞതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്: ‘ഹൃദയങ്ങൾ ഭൂമിയിലെ അല്ലാഹുവിന്റെ പാത്രങ്ങളാണ്. അവയിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏറ്റവും ലോലമായതും, ഏറ്റവും നിർമ്മലമായതുമാണ്.’ ഇത് വളരെ നല്ലൊരു ഉപമയാണ്. കാരണം, ഹൃദയം ലോലവും മയമുള്ളതുമാണെങ്കിൽ വിജ്ഞാനം സ്വീകരിക്കാൻ വളരെ എളുപ്പമായിരിക്കും. വിജ്ഞാനം അതിൽ ഉറക്കുകയും, സ്ഥിരപ്പെടുകയും, സ്വാധീനം ചെലുത്തുകയും ചെയ്യും. എന്നാൽ ഹൃദയം കഠിനവും പരുക്കനുമാണെങ്കിൽ വിജ്ഞാനം സ്വീകരിക്കാൻ പ്രയാസമായിരിക്കും. അതോടൊപ്പം ഹൃദയം സംശുദ്ധവും, നിർമ്മലവും, സുരക്ഷിതവുമാകണം. എങ്കിലേ വിജ്ഞാനം അതിൽ വളരുകയും നല്ല ഫലം നൽകുകയും ചെയ്യുകയുള്ളൂ. അല്ലാത്തപക്ഷം, വിജ്ഞാനം സ്വീകരിച്ചാലും ഹൃദയത്തിൽ മാലിന്യവും ദുഷ്ടതയുമുണ്ടെങ്കിൽ അത് ആ വിജ്ഞാനത്തെ ദുഷിപ്പിക്കും. അത് കൃഷിയിലെ കളകൾ പോലെയായിരിക്കും. വിത്ത് മുളക്കുന്നതിനെ തടഞ്ഞില്ലെങ്കിലും, അത് നല്ല രീതിയിൽ വളരുന്നതിനെയും പുഷ്ടിപ്പെടുന്നതിനെയും തടയും. ഉൾക്കാഴ്ചയുള്ളവർക്ക് ഇത് വ്യക്തമായി മനസ്സിലാകും.” (അൽ-ഫതാവ 9/315).

രണ്ട്: മനുഷ്യൻ തന്റെ ശ്രദ്ധ ഒരു കാര്യത്തിലേക്ക് തിരിക്കുമ്പോൾ, അത് അവന് മറ്റുള്ളവയിൽ നിന്നുള്ള ഒരു മറയായിത്തീരുന്നു. ഹൃദയം ഒരു കാര്യത്തിലേക്ക് തിരിഞ്ഞാൽ, അതിലേക്കുള്ള ആകർഷണത്തിന്റെയും മറ്റുള്ളവയിൽ നിന്നുള്ള അകൽച്ചയുടെയും ശക്തിയനുസരിച്ച് അത് മറ്റുള്ളവയിൽ നിന്ന് പിന്തിരിയും. ദുനിയാവിലെ ഫിത്‌നകളിലും ദേഹേച്ഛകളിലും ഹൃദയം വ്യാപൃതമാവുകയും അത് ഹൃദയത്തെ കീഴടക്കുകയും ചെയ്താൽ, അവൻ തന്റെ അവകാശങ്ങൾ നഷ്ടപ്പെടുത്തി. അവന് ഉപകാരപ്രദമായ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെ പോയി. ഈ അവസ്ഥയിൽ അവൻ, ഭൂമിയിലേക്ക് നോക്കുന്ന കണ്ണ് പോലെയാണ്; മുന്നിലുള്ളത് കാണാൻ സാധിക്കില്ല. അല്ലെങ്കിൽ കണ്ണിൽ കരട് പോയത് പോലെയാണ്; വസ്തുക്കൾ കാണാൻ സാധിക്കില്ല. അതിനാൽ, തന്റെ ഹൃദയത്തിന്റെ നിർമ്മലതയും നന്മയും ആഗ്രഹിക്കുന്നവൻ തന്റെ ദേഹേച്ഛയെക്കാൾ അല്ലാഹുവിന് മുൻഗണന നൽകട്ടെ. കാരണം, ദേഹേച്ഛകളിലും സംശയങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഹൃദയങ്ങൾ അല്ലാഹുവിൽ നിന്ന് മറയിടപ്പെട്ടിരിക്കുന്നു; അത് എത്രത്തോളം കുടുങ്ങിക്കിടക്കുന്നുവോ അത്രത്തോളം മറയും വർദ്ധിക്കും. സ്നേഹത്തിന്റെ പൂർണ്ണത എന്നത്, അടിമ തന്റെ റബ്ബിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക എന്നതാണ്. അവൻ മറ്റുള്ളവരിലേക്ക് തിരിയുമ്പോഴെല്ലാം, അവന്റെ ഹൃദയത്തിന്റെ ഒരു കോൺ മറ്റൊരാൾക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു! അല്ലാഹുവല്ലാത്തവയിൽ എത്രത്തോളം വ്യാപൃതനാകുന്നുവോ, അത്രത്തോളം അല്ലാഹുവിനോടുള്ള സ്നേഹം കുറയും.

നബി ﷺ പറഞ്ഞു:

لَا تَدْخُلُ الْمَلَائِكَةُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ

നായയോ ചിത്രങ്ങളോ ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല. (ബുഖാരി 3322, മുസ്‌ലിം 2106)

അതായത്, ആദരണീയരായ മലക്കുകളെ വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് നായയും ചിത്രവും തടയുന്നു. അങ്ങനെയെങ്കിൽ, ദേഹേച്ഛകളാകുന്ന നായ്ക്കളും അവയുടെ ചിത്രങ്ങളും കൊണ്ട് നിറഞ്ഞ ഹൃദയത്തിൽ അല്ലാഹുവിനെക്കുറിച്ചുള്ള അറിവും, അവനോടുള്ള സ്നേഹവും, അവനെ ഓർക്കുന്നതിലെ മാധുര്യവും, അവന്റെ സാമീപ്യത്തിലുള്ള ആനന്ദവും എങ്ങനെ പ്രവേശിക്കും?!

വസ്ത്രത്തിന്റെയും ശരീരത്തിന്റെയും ശുദ്ധി, നമസ്കാരം ശരിയാകാനുള്ള ശർത്താണ്. അത് നഷ്ടപ്പെട്ടാൽ നമസ്കാരം ബാത്വിലാകും. അങ്ങനെയെങ്കിൽ, ഹൃദയം നജസാവുകയും (അശുദ്ധം) അതിന്റെ ഉടമ അതിനെ ശുദ്ധീകരിക്കാതിരിക്കുകയും ചെയ്താൽ, അവന്റെ നമസ്കാരം കൊണ്ട് അവനെങ്ങനെ പ്രയോജനം ലഭിക്കും?! ബാഹ്യമായ ശുദ്ധി ആന്തരികമായ ശുദ്ധിയുടെ പൂർത്തീകരണമല്ലേ?!

നമസ്കാരത്തിൽ ഖിബ്‌ലക്ക് നേരെ തിരിയുന്നത് നമസ്കാരം ശരിയാകാനുള്ള ശർത്താണ്. അങ്ങനെയെങ്കിൽ, ഖിബ്‌ലയുടെയും ശരീരത്തിന്റെയും റബ്ബിലേക്ക് ഹൃദയം തിരിക്കാത്തവന്റെ നമസ്കാരത്തെക്കുറിച്ച് എന്തുപറയാൻ?! അവന്റെ ശരീരം കഅ്ബയുടെ നേർക്കും, ഹൃദയം കഅ്ബയുടെ റബ്ബല്ലാത്തവരുടെ നേർക്കുമാണെങ്കിൽ! (മദാരിജുസ്സാലികീൻ 2/391).

ഹാരിസ് അൽ-അശ്അരി رَضِيَ اللَّهُ عَنْهُ നബിയിൽ ﷺ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നു:

فَإِذَا صَلَّيْتُمْ فَلَا تَلْتَفِتُوا؛ فَإِنَّ اللَّهَ يَنْصِبُ وَجْهَهُ لِوَجْهِ عَبْدِهِ فِي صَلَاتِهِ مَا لَمْ يَلْتَفِتْ

നിങ്ങൾ നമസ്കരിക്കുമ്പോൾ തിരിഞ്ഞുനോക്കരുത്. കാരണം, അടിമ തിരിഞ്ഞുനോക്കാത്തിടത്തോളം കാലം അല്ലാഹു തന്റെ മുഖം അടിമയുടെ മുഖത്തിന് നേരെയാക്കും. (തിർമിദി 2863)

 

പ്രൊഫ. ഡോ. സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ബിൻ ഉഥ്മാൻ അസ്സിന്ദി حَفِظَهُ اللَّهُ

قواعد في فقه القلوب ൽ നിന്നും എടുത്തത്.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *