ഖബ്ര്‍ ശിക്ഷക്ക് കാരണമാകുന്ന പാപങ്ങൾ

പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട യാഥാർത്ഥ്യമാണ് ഖബ്ര്‍ ശിക്ഷ. ഖബ്റിൽ ശിക്ഷിക്കപ്പെടാൻ കാരണമായ ചില പാപങ്ങളെക്കുറിച്ചും പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. അവ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.

1.ശിർക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ)

അല്ലാഹുവിന് തുല്ല്യനായി ഒരാളെ നിശ്ചയിക്കുന്നതാണ് ശി൪ക്ക് എന്ന് ഒറ്റ വാക്കില്‍ പറയാം. അഥവാ, അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കുന്നതാണ് ശി൪ക്ക്. ശിർക്ക് ചെയ്താൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതും ഗൗരവതരവുമാണ്. അവയുടെ തിക്തഫലം ആഖിറത്തില്‍ മാത്രമല്ല, ഖബ്ര്‍ ജീവിതത്തിലും അനുഭവിക്കേണ്ടി വരും. ശിർക്കിൽ മരിച്ചവർക്ക് ബർസഖീ ലോകത്ത് ശിക്ഷയുണ്ടെന്നറിയിക്കുന്ന ഒരു ഹദീസ് കാണുക:

عَنْ زَيْدُ بْنُ ثَابِتٍ قَالَ بَيْنَمَا النَّبِيُّ صلى الله عليه وسلم فِي حَائِطٍ لِبَنِي النَّجَّارِ عَلَى بَغْلَةٍ لَهُ وَنَحْنُ مَعَهُ إِذْ حَادَتْ بِهِ فَكَادَتْ تُلْقِيهِ وَإِذَا أَقْبُرٌ سِتَّةٌ أَوْ خَمْسَةٌ أَوْ أَرْبَعَةٌ – قَالَ كَذَا كَانَ يَقُولُ الْجُرَيْرِيُّ – فَقَالَ ‏”‏ مَنْ يَعْرِفُ أَصْحَابَ هَذِهِ الأَقْبُرِ ‏”‏ ‏.‏ فَقَالَ رَجُلٌ أَنَا ‏.‏ قَالَ ‏”‏ فَمَتَى مَاتَ هَؤُلاَءِ ‏”‏ ‏.‏ قَالَ مَاتُوا فِي الإِشْرَاكِ ‏.‏ فَقَالَ ‏”‏ إِنَّ هَذِهِ الأُمَّةَ تُبْتَلَى فِي قُبُورِهَا فَلَوْلاَ أَنْ لاَ تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِي أَسْمَعُ مِنْهُ ‏”‏ ‏.‏

സൈദിബ്നു സാബിതില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ബനൂനജ്ജാർ ഗോത്രക്കാരുടെ ഒരു തോട്ടത്തിൽ നബി ﷺ തന്റെ ഒരു കോവർ കഴുതയുടെ പുറത്തായിരിക്കെ സ്വഹാബികളിൽ ചിലർ തിരുമേനിയോടൊപ്പമുണ്ടായിരുന്നു. അന്നേരം കഴുത വഴിമാറി വിരണ്ട് ഓടുകയും തിരുമേനിയെ പുറത്തുനിന്ന് അത് തള്ളിയിടാറുമായി. അവിടെ ഏതാനും ഖബ്റുകൾ നബി ﷺ യുടെ ശ്രദ്ധയിൽപെട്ടു. നബി ﷺ ചോദിച്ചു:ഈ ഖബ്റുകളിലുള്ള ആളുകളെ ആര് അറിയും?. അപ്പോൾ ഒരാൾ പറഞ്ഞു: ഞാൻ (അറിയും). നബി ﷺ പറഞ്ഞു: എപ്പോഴാണ് ഇവർ മരണപ്പെട്ടത്? അയാൾ പറഞ്ഞു: ശിർക്കിലായിരിക്കെയാണ് അവർ മരണപ്പെട്ടത്. അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയം, ഈ സമുദായം തങ്ങളുടെ ഖബ്റുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് (ഞാൻ ഭയന്നില്ലായിരുന്നുവെങ്കിൽ,) ക്വബ്റിൽനിന്ന് ഞാൻ കേൾക്കുന്ന ശിക്ഷ നിങ്ങൾക്കുകൂടി കേൾപ്പിക്കുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യുമായിരുന്നു. (മുസ്ലിം : 2867)

2.അഹങ്കാരത്തോടെ വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കല്‍

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: بَيْنَمَا رَجُلٌ يَجُرُّ إِزَارَهُ مِنَ الْخُيَلاَءِ خُسِفَ بِهِ، فَهْوَ يَتَجَلْجَلُ فِي الأَرْضِ إِلَى يَوْمِ الْقِيَامَةِ

അബ്‌ദുല്ലാഹിബ്‌നു ഉമറില്‍ (റ) നിവേദനം. നബി ﷺ പറഞ്ഞു. ഒരാള്‍ അഹങ്കാരത്തോടെ തന്റെ വസ്ത്രം നിലത്തിഴച്ച് വലിച്ചുകൊണ്ടിരിക്കെ അയാള്‍ ഭൂമിയില്‍ ആഴ്‌ത്തപ്പെട്ടു. അന്ത്യനാള്‍ വരെ അയാള്‍ ഭൂമിയുടെ അഗാധതയിലേക്ക്‌ താഴ്‌ന്നു കൊണ്ടേയിരിക്കും. (ബുഖാരി:3485)

അഹങ്കാരത്തോടെ വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നവന് ഖബ്റില്‍ ശിക്ഷയുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ അഹങ്കാരത്തോടെയല്ലാതെ വസ്ത്രം നെരിയാണിക്ക് താഴെ ഇറക്കാമെന്ന് ആരും കരുതേണ്ടതില്ല. ഒരു പുരുഷന്റെ വസ്ത്രം അവന്റെ നെരിയാണിക്ക് താഴെയാകരുതെന്ന് ഇസ്ലാം ക൪ശനമായി വിലക്കിയിട്ടുള്ളതാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِزْرَةُ الْمُسْلِمِ إِلَى نِصْفِ السَّاقِ وَلاَ حَرَجَ – أَوْ لاَ جُنَاحَ – فِيمَا بَيْنَهُ وَبَيْنَ الْكَعْبَيْنِ مَا كَانَ أَسْفَلَ مِنَ الْكَعْبَيْنِ فَهُوَ فِي النَّارِ

അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്ലിമിന്റെ ഉടുമുണ്ട് കണങ്കാലിന്റെ പകുതി വരെയാണ്. അതിനും നെരിയാണികള്‍ക്കിടയിലും ആകുന്നതില്‍ കുഴപ്പമില്ല. നെരിയാണികള്‍ക്ക് താഴെ വരുന്നത് നരകത്തിലാണ്. (അബൂദാവൂദ് :4093 – സ്വഹീഹ് അല്‍ബാനി )

വസ്ത്രം നെരിയാണിക്ക് താഴ്ത്തിയിടുന്നത് അഹങ്കാരത്തില്‍ പെട്ടതാണെന്ന് നബി ﷺ പറഞ്ഞിട്ടുമുണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَإِيَّاكَ وَإِسْبَالَ الإِزَارِ فَإِنَّهَا مِنَ الْمَخِيلَةِ وَإِنَّ اللَّهَ لاَ يُحِبُّ الْمَخِيلَةَ

നബി ﷺ പറഞ്ഞു. വസ്ത്രം താഴ്ത്തിയിടുന്നത് നീ സൂക്ഷിക്കുക. അത് അഹങ്കാരത്തിന്റെ ഭാഗമാണ്. തീര്‍ച്ചയായും അല്ലാഹു അഹങ്കാരത്തെ ഇഷ്ടപ്പെടുന്നില്ല. (അബൂദാവൂദ് :4084 – സ്വഹീഹ് അല്‍ബാനി )

ശൈഖ് ഇബ്നു ബാസ്(റഹി) പറഞ്ഞു: ഏതു തരത്തില്‍ വസ്ത്രം താഴ്ത്തിയിട്ടവനെയും നബി ﷺ അഹങ്കാരമായിട്ടാണ് കണക്കാക്കിയിട്ടുളളത്. കാരണം അതില്‍ നിബന്ധന വെക്കാതെയാണ് അദ്ദേഹം പറഞ്ഞത്. വസ്ത്രം താഴ്ത്തിയിടുന്നതിനെ നീ സൂക്ഷിക്കുക. തീര്‍ച്ചയായും അത് അഹങ്കാരത്തില്‍ പെട്ടതാണ്. പാന്റായാലും തുണിയായലും നീളന്‍ കുപ്പായമായലും അത് താഴ്ത്തിയിടുന്നവന് ഈ താക്കീത് ബാധകമാണ്. ഒരിക്കലും വസ്ത്രം താഴ്ത്തിയിടുന്നതില്‍ ഇളവ് ലഭിക്കില്ല.

3.മൂത്ര വിസർജനശേഷം ശുദ്ധിവരുത്താതിരിക്കലും മറ സ്വീകരിക്കാതിരിക്കലും

മൂത്ര വിസർജനത്തിന് ശേഷം ശുദ്ധിവരുത്താതിരിക്കുക, മൂത്രം പൂർണമായി വിസർജിക്കാതെ ബാക്കി ഒലിച്ചിറങ്ങുന്ന രീതിയിൽ തിരക്കുകൂട്ടി നിർവഹിക്കുക, മൂത്രമൊഴിക്കുന്ന സ്ഥലത്തു നിന്ന് തിരിച്ചു തെറിക്കുന്നതിൽനിന്ന് മറസ്വീകരിക്കാതിരിക്കുക, മൂത്ര വിസർജനം നടത്തുമ്പോൾ നഗ്നത മറ്റുള്ളവർ കാണുന്നതിൽനിന്ന് മറസ്വീകരിക്കാതിരിക്കുക തുടങ്ങിയ തെറ്റുകളെല്ലാം വിശ്വാസികൾ സൂക്ഷിക്കേണ്ടതുണ്ട്. മൂത്രത്തിന്റെ വിഷയത്തിൽ ഖബ്റിൽ ശിക്ഷിക്കപ്പെടുമെന്ന് ഹദീസുകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം.

عَنِ ابْنِ عَبَّاسٍ، قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِقَبْرَيْنِ فَقَالَ:‏ إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ‏‏.

ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ രണ്ടു ഖബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ നബി ﷺ പറഞ്ഞു: തീർച്ചയായും അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നു. വലിയ(തിന്മ ചെയ്ത)തിലല്ല അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നത്. ശേഷം നബി ﷺ പറഞ്ഞു: എന്നാൽ അവരിൽ രണ്ടിൽ ഒരാൾ തന്റെ മൂത്രത്തിൽ നിന്ന് (മൂത്രം തിരിച്ച് തെറിക്കുന്നതിൽ നിന്ന്) മറ സ്വീകരിക്കുമായിരുന്നില്ല. (ബുഖാരി:218)

മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇപ്രകാരമാണ്:

لاَ يَسْتَنْزِهُ مِنْ بَوْلِهِ

അയാൾ മൂത്രത്തെതൊട്ട് അല്ലെങ്കിൽ മൂത്രത്തിൽനിന്ന് ശുദ്ധി പ്രാപിക്കുമായിരുന്നില്ല. (ഇബ്നുമാജ:1/374)

عَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ عَامَّةَ عَذَابِ الْقَبْرِ مِنَ الْبَوْلِ فَتَنَزَّهُوا عَنْهُ

ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ക്വബ്ർ ശിക്ഷയിൽ കൂടുതലും മൂത്രത്തിന്റെ (വിഷയത്തിലാണ്). അതിനാൽ നിങ്ങൾ മൂത്രത്തിൽ നിന്ന് ശുദ്ധിയാവുക’. ( ത്വബ്റാനി – സ്വഹീഹുല്‍ ജാമിഅ്:3002)

عَنْ أَبِي هُرَيْرَةَ ‏- رضى الله عنه ‏- قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏- اِسْتَنْزِهُوا مِنْ اَلْبَوْلِ, فَإِنَّ عَامَّةَ عَذَابِ اَلْقَبْرِ مِنْهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ മൂത്രത്തിൽ നിന്നും വെടിപ്പാകുക. കാരണം ക്വബ്ർ ശിക്ഷയിൽ ഏറ്റവും കൂടുതൽ അതിനാലാണ്.

4.ഏഷണിയും പരദൂഷണവും

ഒരു സത്യവിശ്വാസിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ദു൪ഗുണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘ഗീബത്ത്’ അഥവാ ‘പരദൂഷണം പറയല്‍’. തന്റെ സഹോദരനെകുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയുന്നതിനെയാണ് ‘പരദൂഷണം’ എന്ന് പറയുന്നത്. ഇസ്ലാം ഏറെ വെറുക്കുന്ന ഒരു കാര്യമാണിത്

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْغِيبَةُ ‏”‏ ‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ ذِكْرُكَ أَخَاكَ بِمَا يَكْرَهُ ‏”‏ ‏.‏ قِيلَ أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ قَالَ ‏”‏ إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്ന് അരുളി: നിന്റെ സഹോദരനെകുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്ലിം:2589)

തന്റെ സഹോദരനെ കുറിച്ച് ‘പരദൂഷണം’ പറയുന്നതിനെ, അവന്റെ ശവം തിന്നുന്നതിനോടാണ് വിശുദ്ധ ഖു൪ആന്‍ ഉപമിച്ചിട്ടുള്ളത്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺟْﺘَﻨِﺒُﻮا۟ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟﻈَّﻦِّ ﺇِﻥَّ ﺑَﻌْﺾَ ٱﻟﻈَّﻦِّ ﺇِﺛْﻢٌ ۖ ﻭَﻻَ ﺗَﺠَﺴَّﺴُﻮا۟ ﻭَﻻَ ﻳَﻐْﺘَﺐ ﺑَّﻌْﻀُﻜُﻢ ﺑَﻌْﻀًﺎ ۚ ﺃَﻳُﺤِﺐُّ ﺃَﺣَﺪُﻛُﻢْ ﺃَﻥ ﻳَﺄْﻛُﻞَ ﻟَﺤْﻢَ ﺃَﺧِﻴﻪِ ﻣَﻴْﺘًﺎ ﻓَﻜَﺮِﻫْﺘُﻤُﻮﻩُ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺗَﻮَّاﺏٌ ﺭَّﺣِﻴﻢٌ

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍ :49/12)

പരദൂഷണം പറയുന്നവ൪ക്ക് ഖബ്റില്‍ ശിക്ഷയുണ്ടായിരിക്കുമെന്ന് പ്രമാണങ്ങള്‍ മനസ്സിലാക്കി തരുന്നു.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لَمَّا عُرِجَ بِي مَرَرْتُ بِقَوْمٍ لَهُمْ أَظْفَارٌ مِنْ نُحَاسٍ يَخْمِشُونَ وُجُوهَهُمْ وَصُدُورَهُمْ فَقُلْتُ مَنْ هَؤُلاَءِ يَا جِبْرِيلُ قَالَ هَؤُلاَءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ وَيَقَعُونَ فِي أَعْرَاضِهِمْ

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മിഅ്‌റാജ് രാവിൽ ഞാൻ ചെമ്പിന്റെ നഖങ്ങളാൽ നെഞ്ചും മുഖവും മാന്തുന്ന ഒരു കൂട്ടം ആളുകൾക്കരികിലൂടെ കടന്നുപോയി. ഞാൻ ചോദിച്ചു. ജിബ്‌രീലേ(അ) ആരാണിവർ? അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മാംസം തിന്നുകയും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്തവരാണവർ. (അബൂദാവൂദ് 4878-സ്വഹീഹ് അല്‍ബാനി)

കുഴപ്പം സൃഷ്ടിക്കുന്നതിനുവേണ്ടി ജനങ്ങൾക്കിടയിൽ വാർത്തയുമായി നടക്കുന്നതിനാണ് നമീമത്ത് അഥവാ ഏഷണി എന്നു പറയുന്നത്. ജനമനസ്സുകളെ കള്ളക്കഥകള്‍ പറഞ്ഞ് വശ്വസിപ്പിച്ച് തെറ്റിക്കലാണ് ഏഷണിക്കാരന്‍ ചെയ്യുന്നത്. ഇസ്ലാമിൽ വളരെ വലിയ പാപമാണിത്. ഏഷണിക്കാരനും ഖബ്റില്‍ ശിക്ഷയണ്ട്.

عَنِ ابْنِ عَبَّاسٍ، قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِقَبْرَيْنِ فَقَالَ ‏”‏ إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ ‏”‏‏.

ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ രണ്ടു ക്വബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ നബി ﷺ പറഞ്ഞു: തീർച്ചയായും അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നു. വലിയ(തിന്മ ചെയ്ത)തിലല്ല അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നത്. ശേഷം നബി ﷺ പറഞ്ഞു: എന്നാൽ അവരിൽ രണ്ടിൽ ഒരാൾ തന്റെ മൂത്രത്തിൽ നിന്ന് (മൂത്രം തിരിച്ച് തെറിക്കുന്നതിൽ നിന്ന്) മറ സ്വീകരിക്കുമായിരുന്നില്ല. എന്നാൽ അപരനാകട്ടെ ഏഷണിയുമായി നടക്കുന്നവനായിരുന്നു.(ബുഖാരി:218)

കഅബ് ഇബ്നു മാലിക് (റ) പറഞ്ഞു: നിങ്ങൾ ഏഷണിയെ സൂക്ഷിക്കുക. നിശ്ചയം,ഏഷണിക്കാരന് ഖബ്ർ ശിക്ഷയിൽ നിന്ന് മോചനം ലഭിക്കുകയില്ല. [ موسوعة ابن ابي الدنيا ]

5.മോഷണവും ചതിച്ചെടുക്കലും

മോഷണത്തിലൂടെയും ചതിയിലൂടെയും സമ്പാദിക്കുന്നത് ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നതിന് കാരണമാകും.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ كَانَ عَلَى ثَقَلِ النَّبِيِّ صلى الله عليه وسلم رَجُلٌ يُقَالُ لَهُ كِرْكِرَةُ فَمَاتَ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ هُوَ فِي النَّارِ ‏”‏‏.‏

അബ്ദുല്ലാഹ് ഇബ്നു അംറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ യുടെ യാത്രാസാമഗ്രികൾ നോക്കിയിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അയാൾക്ക് കിർകിറഃ എന്ന് പറയപ്പെട്ടിരുന്നു. അയാൾ മരണപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയം, അയാൾ തീയിൽ കത്തിക്കരിയുന്നു. അപ്പോൾ അവർ (തിരഞ്ഞു) നോക്കി. അന്നേരം അയാൾ അപഹരിച്ചെടുത്ത ഒരു വസ്ത്രം കണ്ടെത്തി. (ബുഖാരി:3074)

عَنْ أَبِي هُرَيْرَةَ ‏- رضى الله عنه ‏- قَالَ: افْتَتَحْنَا خَيْبَرَ، وَلَمْ نَغْنَمْ ذَهَبًا وَلاَ فِضَّةً، إِنَّمَا غَنِمْنَا الْبَقَرَ وَالإِبِلَ وَالْمَتَاعَ وَالْحَوَائِطَ، ثُمَّ انْصَرَفْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم إِلَى وَادِي الْقُرَى، وَمَعَهُ عَبْدٌ لَهُ يُقَالُ لَهُ مِدْعَمٌ، أَهْدَاهُ لَهُ أَحَدُ بَنِي الضِّبَابِ، فَبَيْنَمَا هُوَ يَحُطُّ رَحْلَ رَسُولِ اللَّهِ صلى الله عليه وسلم إِذْ جَاءَهُ سَهْمٌ عَائِرٌ حَتَّى أَصَابَ ذَلِكَ الْعَبْدَ، فَقَالَ النَّاسُ هَنِيئًا لَهُ الشَّهَادَةُ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ بَلَى وَالَّذِي نَفْسِي بِيَدِهِ، إِنَّ الشَّمْلَةَ الَّتِي أَصَابَهَا يَوْمَ خَيْبَرَ مِنَ الْمَغَانِمِ لَمْ تُصِبْهَا الْمَقَاسِمُ لَتَشْتَعِلُ عَلَيْهِ نَارًا ‏”‏‏.‏ فَجَاءَ رَجُلٌ حِينَ سَمِعَ ذَلِكَ مِنَ النَّبِيِّ صلى الله عليه وسلم بِشِرَاكٍ أَوْ بِشِرَاكَيْنِ، فَقَالَ هَذَا شَىْءٌ كُنْتُ أَصَبْتُهُ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ شِرَاكٌ أَوْ شِرَاكَانِ مِنْ نَارٍ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഖൈബർ യുദ്ധദിവസം ഞങ്ങൾ നബിﷺയുടെ കൂടെ പുറപ്പെട്ടു. ഞങ്ങൾ യുദ്ധാർജിത സ്വത്തായിട്ട് പണവും വസ്ത്രവും ഭക്ഷണവുമാണ് നേടിയത്. സ്വർണവും വെള്ളിയും നേടിയില്ല. അങ്ങനെ ബനൂഖുബൈബ് ഗോത്രത്തിൽ പെട്ട രിഫാഅത്ത് ഇബ്നു സൈദ് എന്ന ഒരു മനുഷ്യൻ നബിﷺക്ക് മിദ്അം എന്നു വിളിക്കപ്പെടുന്ന ഒരു അടിമയെ നൽകി. അങ്ങനെ നബി ﷺ വാദികുറായിലേക്ക് തിരിച്ചു. അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ ഒട്ടകക്കട്ടിൽ ഇറക്കിവെക്കുന്നതിനിടയിൽ ഒരു അമ്പ് മിദ്അമിൽ തറക്കുകയും അത് അയാളെ കൊന്നുകളയുകയും ചെയ്തു. അപ്പോൾ ജനങ്ങൾ പറഞ്ഞു: അയാൾക്ക് മംഗളം, അയാൾക്കു സ്വർഗമുണ്ട്. അപ്പോൾ നബി ﷺ പറഞ്ഞു: അങ്ങനെയൊന്നുമല്ല കാര്യം. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, അയാൾ ഖൈബർ യുദ്ധദിവസം ഗനീമത്ത് സ്വത്തുക്കൾ വീതിക്കുന്നതിനുമുമ്പ് എടുത്ത മേലാട അയാളുടെമേൽ കത്തിയാളുകയാണ്. ഇത് ജനങ്ങൾ കേട്ടപ്പോൾ, ഒരാൾ ഒരു ചെരിപ്പിന്റെ വാറുമായി അല്ലെങ്കിൽ രണ്ടു വാറുകളുമായി നബിﷺയുടെ അടുത്തേക്കുവന്നു. അപ്പോൾ നബി ﷺ പറഞ്ഞു: തീകൊണ്ടുള്ള ചെരിപ്പുവാർ, അല്ലെങ്കിൽ തീകൊണ്ടുള്ള രണ്ടുചെരിപ്പുവാറുകൾ. (ബുഖാരി:4234)

അതിനാൽ, സമ്പാദ്യവും ഭക്ഷണവും നന്നാക്കുക. നിഷിദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അല്ലാഹു ഹലാലാക്കിയതിൽ തൃപ്തിപ്പെടുക. ഹറാമിൽനിന്ന് രക്ഷക്കായി അല്ലാഹുവോട് തേടുക.

6.കടബാധ്യതയോടെ മരണപ്പെടല്‍

കടം വാങ്ങിക്കൂട്ടി, ഭാരം മുതുകിൽ പേറി അന്ത്യയാത്രയാകുന്നത് ഭയക്കുക. കാരണം കടബാധ്യതയുള്ളവന്റെ പരലോകയാത്ര ഏറെ ദുഷ്കരമാണ്. കടത്തിനു കൈനീട്ടുവാൻ നിർബ ന്ധിതനായാൽ തന്നെ അത്യാവശ്യത്തിനുമാത്രം കടം കൊള്ളുക. അതു വീട്ടുവാൻ ഏറെ പരിശ്രമിക്കുക. കടബാധ്യതയുള്ളവനായി മരണപ്പെടുന്ന വ്യക്തി ഖബ്റിൽ ബന്ധിതനാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:കടം വീട്ടുന്നതുവരെ സത്യവിശ്വാസിയുടെ ആത്മാവ് അതുമായി ബന്ധിക്കപ്പെടും. (തിര്‍മിദി:1078)

عَنْ سَعْدِ بْنِ الأَطْوَلِ، أَنَّ أَخَاهُ، مَاتَ وَتَرَكَ ثَلاَثَمِائَةِ دِرْهَمٍ وَتَرَكَ عِيَالاً فَأَرَدْتُ أَنْ أُنْفِقَهَا عَلَى عِيَالِهِ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ إِنَّ أَخَاكَ مُحْتَبَسٌ بِدَيْنِهِ فَاقْضِ عَنْهُ ‏”‏ ‏.‏ فَقَالَ يَا رَسُولَ اللَّهِ قَدْ أَدَّيْتُ عَنْهُ إِلاَّ دِينَارَيْنِ ادَّعَتْهُمَا امْرَأَةٌ وَلَيْسَ لَهَا بَيِّنَةٌ ‏.‏ قَالَ ‏”‏ فَأَعْطِهَا فَإِنَّهَا مُحِقَّةٌ ‏”‏ ‏.‏

സഅ്ദ് ഇബ്നുൽ അത്വലിക്കൽനിന്ന് (റ) നിവേദനം: അദ്ദേഹത്തിന്റെ സഹോദരൻ മരണപ്പെട്ടു. മുന്നൂറ് ദിർഹമുകളാണ് അദ്ദേഹം (അനന്തര സ്വത്തായി) ഉപേക്ഷിച്ചത്. സന്താനങ്ങളെയും അയാൾ വിട്ടേച്ചിട്ടുണ്ട്. ഞാൻ ആ ദിർഹമുകൾ അദ്ദേഹത്തിന്റെ സന്താനങ്ങൾക്ക് ചെലവഴിക്കുവാൻ ഉദ്ദേശിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: താങ്കളുടെ സഹോദരൻ കടം കാരണത്താൽ ബന്ധിതനാണ്. താങ്കൾ അദ്ദേഹത്തിന്റെ കടം വീട്ടുക. ഞാൻ പോയി അദ്ദേഹത്തിന്റെ കടം വീട്ടി. ശേഷം തിരിച്ചുവന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ അദ്ദേഹത്തിന്റെ കടങ്ങൾ വീട്ടി. ഒരു മഹതി വാദിച്ച രണ്ടു ദീനാറുകൾ ഒഴികെ. അവർക്കാകട്ടെ, തെളിവൊന്നുമില്ല. നബി ﷺ പറഞ്ഞു:അവർക്ക് അത് കൊടുത്തുവീട്ടുക. കാരണം, അവർ സത്യസന്ധയാണ്. (സുനനു ഇബ്നുമാജഃ 15/2527 – അൽബാനിയും അർനാഊതും ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)

عن جابر بن عبد الله قال : توفي رجل فغسلناه وكفناه وحنطناه ثم أتينا به رسول الله – صلى الله عليه وسلم – ليصلي عليه ، فقلنا : تصلي عليه ؟ فخطا خطوة ثم قال: ” أعليه دين ؟ ” قلنا : ديناران ، فانصرف ، فتحملهما أبو قتادة ، فأتيناه ، فقال : أبو قتادة : الديناران عليّ ، فقال رسول الله : ” قد أوفى الله حقَّ الغريم وبرئ منهما الميت ؟ قال : نعم ، فصلى عليه ، ثم قال بعد ذلك بيومين : ” ما فعل الديناران ؟ ” قلت : إنما مات أمس ، قال : فعاد إليه من الغد فقال : قد قضيتها ، فقال رسول الله : الآن بردت جلدته “

ജാബിറില്‍(റ) നിന്നും നിവേദനം: ഒരാള്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്തു. ശേഷം അദ്ദേഹത്തിന് നമസ്കരിക്കാനായി നബി ﷺ അതിനടുത്തേക്ക് വന്നു. പിന്നെ നബി ﷺ ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരന് ഒരുപക്ഷേ കടം ഉണ്ടായേക്കാം. അപ്പോള്‍ അവ൪ പറഞ്ഞു: അതെ രണ്ട് ദീനാ൪. അപ്പോള്‍ തിരുമേനി അവിടെ നിന്നും പിന്തിരിഞ്ഞു. അബൂഖതാദയെന്ന് പറയുന്ന ഒരാള്‍ ഞങ്ങളില്‍ നിന്ന് എഴുന്നേറ്റ് പറയുകയുണ്ടായി. പ്രവാചകരെ അത് ഞാന്‍ ഏറ്റെടുത്തുകൊള്ളാം. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി. ആ രണ്ട് ദിനാ൪ നിന്റെ സമ്പത്തില്‍ നിന്നും നീ വീട്ടണം. മയ്യിത്ത് അതില്‍ നിന്നും നിരപരാധിയായിരിക്കുന്നു. അപ്പോള്‍ ഖതാദ അതെയെന്ന് മറുപടി പറഞ്ഞു. അങ്ങനെ നബി ﷺ അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചു. പിന്നീട് നബി ﷺ ഖതാദയെ കണ്ടപ്പോള്‍ ചോദിച്ചു: (മയ്യിത്ത് കടം വീട്ടാതെ പിന്തിപ്പിച്ച) ആ രണ്ട് ദീനാ൪ നീ എന്താണ് ചെയ്തത്. അദ്ദേഹം മറുപടി പറഞ്ഞു: തിരുദൂതരെ. അദ്ദേഹം ഇന്നലെയല്ലേ മരിച്ചത്.’ അടുത്ത ദിവസം വീണ്ടും കാണുകയും നീ എന്താണ് ആ രണ്ട് ദീനാ൪ ചെയ്തതെന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു. അല്ലയോ പ്രവാചകരെ, ഞാനത് വീട്ടിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി. ഇപ്പോഴാണ് അദ്ദേഹത്തിന്റെ(മയ്യിത്തിന്റെ) തൊലി തണുത്തത്.(ഹാകിം – മുസ്തദ്റക്)

ഏറെ അനുഗ്രഹങ്ങളും ആനുകൂല്യങ്ങളും സന്തോഷവാർത്തയായി അറിയിക്കപ്പെട്ട പുണ്യാളനാണ് ശഹീദ് (രക്തസാക്ഷി). ശഹീദിന്റെ ആദ്യരക്തം ചിന്തുമ്പോൾ തന്നെ അയാളോടു പൊറുക്കപ്പെടുകയും ഖബ്ർ ശിക്ഷയിൽനിന്ന് അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. എന്നാൽ ഖബ്റടക്കപ്പെടുന്ന ശഹീദ് കടക്കാരനാണെങ്കിൽ അയാൾക്ക് ഈ അനുഗ്രഹവും ആനുകൂല്യവും തടയപ്പെടും.

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلاَّ الدَّيْنَ

അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കടം ഒഴിച്ചുള്ള എല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും. (മുസ് ലിം: 1886)

ശഹീദിനുവരെ ബർസഖീലോകത്ത് കടം ഒരു ബാധ്യതയായി തന്റെ പിരടിയിൽ തൂങ്ങുമെന്നർഥം. മരിച്ചവരുടെ കടം വീട്ടുവാൻ ധൃതി കാണിക്കുക:

സമുറഃ ഇബ്ജുൻദുബിംൽ(റ) നിന്ന് നിവേദനം: “ഞങ്ങൾ നബി ﷺ യോടൊപ്പം ഒരു ജനാസ സംസ്കരണത്തിലായിരുന്നു. അപ്പോൾ തിരുമേനി ചോദിച്ചു: “ഇവിടെ ഇന്ന കുടുംബത്തിലെ ഒരാളെങ്കിലുമുണ്ടോ?’ തിരുമേനി ഇത് മൂന്നു പ്രാവശ്യം ചോദിച്ചു. അപ്പോൾ ഒരാൾ എഴുന്നേറ്റു. നബി ﷺ അയാളോടു പറഞ്ഞു: “ആദ്യത്തെ രണ്ടു തവണ എനിക്കു ഉത്തരം ചെയ്യുന്നതിനു താങ്കൾക്കു തടസ്സമായത് എന്താണ്? ഞാൻ ഒരു നന്മക്കു മാത്രമാണ് താങ്കളെ ഉറക്കെ വിളിച്ചത്. അയാളുടെ കുടുംബത്തിൽ നിന്നു മരിച്ച ഒരു വ്യക്തി തന്റെ കടംകാരണത്താൽ ബന്ധിതനാണ്.’ (നിവേദകൻ) പറയുന്നു: “അയാളുടെ കുടുംബക്കാരും അയാൾക്കു വേണ്ടി ദുഃഖിക്കുന്നവരും അയാളുടെ കടം വീട്ടുന്നതായി ഞാൻ കണ്ടു; യാതൊരാളും അയാളോടു യാതൊന്നും ചോദിച്ചുവരാത്തവിധം” (മുസ്തദുഅഹ്മദ് – അർനാഊത് സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

7.ശുദ്ധിയില്ലാതെ നമസ്കാരം നി൪വ്വഹിക്കല്‍
8.കഴിവുണ്ടായിട്ടും അക്രമിക്കപ്പെട്ടവനെ സഹായിക്കാതിരിക്കല്‍

നമസ്കാരം ശരിയാകുവാനുള്ള ശ൪ത്വുകളില്‍ പെട്ടതാണ് വലുതും ചെറുതുമായ അശുദ്ധികളില്‍ നിന്നും ശുദ്ധിയാകുക എന്നുള്ളത്. വലിയ അശുദ്ധി കുളിയിലൂടെയും ചെറിയ അശുദ്ധി വുളൂവിലൂടെയുമാണ് ശുദ്ധിയാക്കേണ്ടത്. ഇപ്രകാരം ശുദ്ധിയാകാതെ നമസ്കരിച്ചാല്‍ ഖബ്റില്‍ ശിക്ഷിക്കപ്പെടുന്നതാണ്.

عَنِ ابنِ مَسْعُودٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: أُمِرَ بِعَبْدٍ مِنْ عِبَادِ اللهِ أَنْ يُضْرَبَ فِي قَبْرِهِ مِائَةَ جَلْدَةٍ، فَلَمْ يَزَلْ يَسْأَلُ وَيَدْعُو حَتَّى صَارَتْ جَلْدَةً وَاحِدَةً، فَجُلِدَ جَلْدَةً وَاحِدَةً، فَامْتَلَأَ قَبْرُهُ عَلَيْهِ نَارًا، فَلَمَّا ارْتَفَعَ عَنْهُ قَالَ: عَلَامَ جَلَدْتُمُونِي؟، قَالُوا: إِنَّكَ صَلَّيْتَ صَلَاةً بِغَيْرِ طُهُورٍ، وَمَرَرْتَ عَلَى مَظْلُومٍ فَلَمْ تَنْصُرْهُ

ഇബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടിമകളിൽ ഒരാളെ ക്വബ്റിൽ വെച്ച് നൂറ് ചാടവാറടി അടിക്കാൻ കൽപ്പിക്കപ്പെട്ടു. അയാളാകട്ടെ, അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ അത് ഒരടിയായി ചുരുക്കപ്പെട്ടു. (ആ ഒരടി കൊണ്ട് തന്നെ) അവന്റെ ക്വബ്ർ അഗ്നിയാൽ നിറക്കപ്പെട്ടു. ആ ശിക്ഷ അവനിൽ നിന്ന് ഉയർത്തപ്പെട്ടപ്പോൾ അവന്ന് ബോധം തെളിഞ്ഞു. അപ്പോൾ അവൻ ചോദിച്ചു. എന്ത് തെറ്റിന് വേണ്ടിയാണ് എന്നെ അടിച്ചത് ? അപ്പോൾ പറയപ്പെടും: ‘നീ ശുദ്ധിയില്ലാതെ ഒരു നമസ്കാരം നിർവ്വഹിച്ചിരുന്നു. നീ അക്രമിക്കപ്പെടുന്നവന്റെ അരികിലൂടെ കടന്നു പോയിട്ടും അവനെ സഹായിച്ചില്ല.

അക്രമിക്കപ്പെട്ടവനെ സഹായിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയായിട്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. ഒരാള്‍ അക്രമിക്കപ്പെടുമ്പോള്‍ അത് തടയുവാനോ അല്ലെങ്കില്‍ അതിനെതിരെ പ്രതികരിക്കുവാനോ കഴിവുണ്ടായിട്ടും അത് ചെയ്യാത്തവന് ഖബ്റില്‍ ശിക്ഷയുണ്ടായിരിക്കുമെന്ന് മേല്‍ ഹദീസില്‍ നിന്ന് വ്യക്തമാണ്.

9.മയ്യിത്തിന്റെ കുടംബക്കാരുടെ അനിസ്ലാമികമായ കരച്ചില്‍

عَنِ ابْنِ عُمَرَ، عَنْ أَبِيهِ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ الْمَيِّتُ يُعَذَّبُ فِي قَبْرِهِ بِمَا نِيحَ عَلَيْهِ

ഇബ്നു ഉമര്‍(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മയ്യിത്ത് ഖബ്റില്‍ ശിക്ഷിക്കപ്പെടും, അയാൾക്ക് വേണ്ടി അട്ടഹസിച്ച് കരയുന്ന കാരണത്താല്‍. (ബുഖാരി:1292)

عَنْ عَبْدِ اللَّهِ، أَنَّ حَفْصَةَ، بَكَتْ عَلَى عُمَرَ فَقَالَ مَهْلاً يَا بُنَيَّةُ أَلَمْ تَعْلَمِي أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِنَّ الْمَيِّتَ يُعَذَّبُ بِبُكَاءِ أَهْلِهِ عَلَيْهِ ‏”‏ ‏.

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമ൪(റ) മരണാസന്നനായപ്പോള്‍ ഹഫ്സ(റ) കരഞ്ഞു. അപ്പോള്‍ ഉമർ(റ) പറഞ്ഞു: എന്റെ മകളേ, നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുള്ളത് നിനക്കറിയുകയില്ലേ? തീ൪ച്ചയായും മയ്യിത്ത് (ഖബ്റില്‍) ശിക്ഷിക്കപ്പെടും, അതിന്റെ ആളുകള്‍ അയാൾക്ക് വേണ്ടി (അട്ടഹസിച്ച്) കരയുന്ന കാരണത്താല്‍. ( മുസ്ലിം:927)

മയ്യിത്തിന്റെ ആളുകള്‍ മയ്യിത്തിന്റെ അടുക്കല്‍‌ അട്ടഹസിച്ച് കരയുന്ന കാരണത്താല്‍ മയ്യിത്ത് ഖബ്റില്‍ ശിക്ഷിക്കപ്പെടുമെന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. ഒരാള്‍ ചെയ്യുന്ന തിന്‍മകളുടെ പാപഭാരം മറ്റൊരാള്‍ വഹിക്കേണ്ടി വരികയില്ലെന്ന് വിശുദ്ധ ഖു൪ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ

പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. (ഖു൪ആന്‍: 39/7)

മേല്‍ ആയത്ത് പ്രസ്തുത ഹദീസിന് എതിരല്ലെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളതായി കാണാം.ആയത്തിന്റെ തേട്ടം പൊതുവിലാണ്. ഹദീസ് അതിനെ പ്രത്യേകമാക്കി. (ശൈഖ് ഇബ്നു ബാസ്(റഹി) മജ്മൂഉല്‍ ഫതാവാ :13/417 കാണുക)

ജാഹിലിയ്യാ കാലത്ത് മയ്യിത്തിന്റെ അടുക്കല്‍ കൂട്ടക്കരച്ചില്‍ നടത്തുമായിരുന്നു. അതിന് വേണ്ടി ആളുകള്‍ ഒരുമിക്കുമായിരുന്നു. ഇസ്ലാം അത് വിരോധിച്ചു. അതേപോലെ വിലാപത്താല്‍ മയ്യിത്തിന്റെ അടുക്കല്‍ ആ൪ത്തട്ടഹസിച്ച് കരയുന്നതും മുഖം മാന്തിക്കീറി മാറിടം പിള൪ത്തി ആ൪ത്തുവിളിച്ച് അലമുറയിടുന്നതുമെല്ലാം ഇസ്ലാം വിരോധിച്ചു. അപ്രകാരം ചെയ്യുന്നതിന് ആരെങ്കിലും വസ്വിയത്ത് നല്‍കുകയാണെങ്കില്‍ അവന് ഖബ്റില്‍ ശിക്ഷയുണ്ട്.

ഇസ്ലാം വിരോധിച്ച കരച്ചിലുകള്‍ മയ്യിത്തിന്റെ അടുക്കല്‍ വെച്ച് നടത്തരുതെന്ന് കുടംബക്കാരെ പഠിപ്പിക്കല്‍ ഓരോ സത്യവിശ്വാസികളുടെയും ബാധ്യതയാണ്. നാം മരിക്കുമ്പോള്‍ ഇസ്ലാം വിരോധിച്ച കരച്ചിലുകളും പ്രകടനങ്ങളും നമ്മുടെ കുടംബക്കാ൪ നടത്താന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നുവെങ്കില്‍, അവരോട് അത് പാടില്ലെന്ന് ഇപ്പോഴേ ഉപദേശിക്കേണ്ടതുണ്ട്. ഈ സാധ്യത മുന്നില്‍ കണ്ടിട്ടും അപ്രകാരം ഉപദേശിച്ചിട്ടില്ലെങ്കില്‍ കുടുംബക്കാരുടെ പ്രവൃത്തിമൂലം ഖബ്റില്‍ ശിക്ഷയുണ്ടാകുമെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളതായി കാണാം.

ഒരു മനുഷ്യനിലെ ഹൃദയ നൈര്‍മല്യത്തിന്റെ തെളിവാണ് അവന്റെ കരച്ചില്‍. അത് ഇസ്ലാം വിരോധിച്ചിട്ടില്ല മയ്യിത്തിന്റെ അടുക്കല്‍ നബി ﷺ കരഞ്ഞിട്ടുള്ളത് ഹദീസുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അവിടുത്തെ മകന്‍ മരിച്ചപ്പോള്‍, മകള്‍ മരിച്ചപ്പോള്‍, അനുചരന്‍മാര്‍ മരിച്ചപ്പോളെല്ലാം അവിടുന്ന് കരഞ്ഞിട്ടുണ്ട്.

ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ സഅ്ദ്ബ്നു ഉബാദയെ(റ) രോഗം ബാധിച്ചു. അപ്പോൾ നബി ﷺ അബ്ദുർറഹ്മാനുബ്നു ഔഫ്(റ), സഅ്ദ്ബ്നു അബീ വഖാസ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാൻ ചെന്നു. നബി ﷺ അദ്ദേഹത്തിന്റെയടുത്ത് പ്രവേശിച്ചപ്പോൾ കുടുംബങ്ങൾ ചുറ്റും കൂടി നിൽക്കുന്നത് കണ്ടു. നബി ﷺ ചോദിച്ചു: കഴിഞ്ഞോ? അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇല്ല. അപ്പോൾ നബി ﷺ കരഞ്ഞു. നബിﷺയുടെ കരച്ചിൽ കണ്ടു സദസ്യരും കരഞ്ഞു. അവിടുന്നു അരുളി:

أَلاَ تَسْمَعُونَ إِنَّ اللَّهَ لاَ يُعَذِّبُ بِدَمْعِ الْعَيْنِ، وَلاَ بِحُزْنِ الْقَلْبِ، وَلَكِنْ يُعَذِّبُ بِهَذَا ـ وَأَشَارَ إِلَى لِسَانِهِ ـ أَوْ يَرْحَمُ وَإِنَّ الْمَ-يِّتَ يُعَذَّبُ بِبُكَاءِ أَهْلِهِ عَلَيْهِ ‏”‏‏.‏ وَكَانَ عُمَرُ ـ رضى الله عنه ـ يَضْرِبُ فِيهِ بِالْعَصَا، وَيَرْمِي بِالْحِجَارَةِ وَيَحْثِي بِالتُّرَابِ‏.‏

നിങ്ങൾ ശ്രവിക്കുന്നില്ലേ? നിശ്ചയം അല്ലാഹു കണ്ണുനീരിന്റെ പേരിലോ മനസ്സിലെ ദു:ഖം കാരണമോ ശിക്ഷിക്കുകയില്ല. പക്ഷെ ഇതിന്റെ – നബി ﷺ നാവിലേക്ക് ചൂണ്ടിക്കൊണ്ട് – പേരിലാണ് അല്ലാഹു ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുക. മയ്യിത്ത് അതിന്റെ കുടുംബക്കാരുടെ കരച്ചിൽ മൂലം ശിക്ഷിക്കപ്പെടും. ഉമർ(റ) ഉറക്കെ കരയുന്നവരെ വടി കൊണ്ട് അടിക്കുകയും കല്ല് കൊണ്ട് എറിയുകയും മണ്ണ് വാരിയിടുകയും ചെയ്യാറുണ്ട്. (ബുഖാരി:1304)

10.ഖു൪ആന്‍ പഠിക്കുകയും അത് ഉപേക്ഷിച്ച് കളയുകയും ചെയ്യല്‍
11.നി൪ബന്ധ നമസ്കാരം നി൪വ്വഹിക്കാതെ കിടന്നുറങ്ങല്‍
12.കളവ് പ്രചരിപ്പിക്കല്‍
13.വ്യഭിചാരം
14.പലിശ ഭക്ഷിക്കല്‍

ചില പാപികൾ തങ്ങളുടെ ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നത് നബിﷺക്ക് സ്വപ്നത്തിലൂടെ കാണിക്കപ്പെടുകയുണ്ടായി.

حَدَّثَنَا سَمُرَةُ بْنُ جُنْدَبٍ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ ‏”‏ هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا ‏”‏‏.‏ قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ، وَإِنَّهُ قَالَ ذَاتَ غَدَاةٍ ‏”‏ إِنَّهُ أَتَانِي اللَّيْلَةَ آتِيَانِ، وَإِنَّهُمَا ابْتَعَثَانِي، وَإِنَّهُمَا قَالاَ لِي انْطَلِقْ‏.‏ وَإِنِّي انْطَلَقْتُ مَعَهُمَا. وَإِنَّا أَتَيْنَا عَلَى رَجُلٍ مُضْطَجِعٍ، وَإِذَا آخَرُ قَائِمٌ عَلَيْهِ بِصَخْرَةٍ، وَإِذَا هُوَ يَهْوِي بِالصَّخْرَةِ لِرَأْسِهِ، فَيَثْلَغُ رَأْسَهُ فَيَتَهَدْهَدُ الْحَجَرُ هَا هُنَا، فَيَتْبَعُ الْحَجَرَ فَيَأْخُذُهُ، فَلاَ يَرْجِعُ إِلَيْهِ حَتَّى يَصِحَّ رَأْسُهُ كَمَا كَانَ، ثُمَّ يَعُودُ عَلَيْهِ، فَيَفْعَلُ بِهِ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى‏.‏ قَالَ قُلْتُ لَهُمَا سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِي انْطَلِقْا. قَالَ: فَانْطَلَقْنَ فَأَتَيْنَا عَلَى رَجُلٍ مُسْتَلْقٍ لِقَفَاهُ، وَإِذَا آخَرُ قَائِمٌ عَلَيْهِ بِكَلُّوبٍ مِنْ حَدِيدٍ، وَإِذَا هُوَ يَأْتِي أَحَدَ شِقَّىْ وَجْهِهِ فَيُشَرْشِرُ شِدْقَهُ إِلَى قَفَاهُ، وَمَنْخِرَهُ إِلَى قَفَاهُ وَعَيْنَهُ إِلَى قَفَاهُ ـ قَالَ وَرُبَّمَا قَالَ أَبُو رَجَاءٍ فَيَشُقُّ ـ قَالَ ثُمَّ يَتَحَوَّلُ إِلَى الْجَانِبِ الآخَرِ، فَيَفْعَلُ بِهِ مِثْلَ مَا فَعَلَ بِالْجَانِبِ الأَوَّلِ، فَمَا يَفْرُغُ مِنْ ذَلِكَ الْجَانِبِ حَتَّى يَصِحَّ ذَلِكَ الْجَانِبُ كَمَا كَانَ، ثُمَّ يَعُودُ عَلَيْهِ فَيَفْعَلُ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى‏.‏ قَالَ قُلْتُ سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِي انْطَلِقْ‏.‏ فَانْطَلَقْنَا فَأَتَيْنَا عَلَى مِثْلِ التَّنُّورِ قَالَ فَأَحْسِبُ أَنَّهُ كَانَ يَقُولُ ـ فَإِذَا فِيهِ لَغَطٌ وَأَصْوَاتٌ ـ قَالَ ـ فَاطَّلَعْنَا فِيهِ، فَإِذَا فِيهِ رِجَالٌ وَنِسَاءٌ عُرَاةٌ، وَإِذَا هُمْ يَأْتِيهِمْ لَهَبٌ مِنْ أَسْفَلَ مِنْهُمْ، فَإِذَا أَتَاهُمْ ذَلِكَ اللَّهَبُ ضَوْضَوْا ـ قَالَ ـ قُلْتُ لَهُمَا مَا هَؤُلاَءِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏ قَالَ فَانْطَلَقْنَا فَأَتَيْنَا عَلَى نَهَرٍ ـ حَسِبْتُ أَنَّهُ كَانَ يَقُولُ ـ أَحْمَرَ مِثْلِ الدَّمِ، وَإِذَا فِي النَّهَرِ رَجُلٌ سَابِحٌ يَسْبَحُ، وَإِذَا عَلَى شَطِّ النَّهَرِ رَجُلٌ قَدْ جَمَعَ عِنْدَهُ حِجَارَةً كَثِيرَةً، وَإِذَا ذَلِكَ السَّابِحُ يَسْبَحُ مَا يَسْبَحُ، ثُمَّ يَأْتِي ذَلِكَ الَّذِي قَدْ جَمَعَ عِنْدَهُ الْحِجَارَةَ فَيَفْغَرُ لَهُ فَاهُ فَيُلْقِمُهُ حَجَرًا فَيَنْطَلِقُ يَسْبَحُ، ثُمَّ يَرْجِعُ إِلَيْهِ، كُلَّمَا رَجَعَ إِلَيْهِ فَغَرَ لَهُ فَاهُ فَأَلْقَمَهُ حَجَرًا ـ قَالَ ـ قُلْتُ لَهُمَا مَا هَذَانِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏ قَالَ فَانْطَلَقْنَا فَأَتَيْنَا عَلَى رَجُلٍ كَرِيهِ الْمَرْآةِ كَأَكْرَهِ مَا أَنْتَ رَاءٍ رَجُلاً مَرْآةً، وَإِذَا عِنْدَهُ نَارٌ يَحُشُّهَا وَيَسْعَى حَوْلَهَا ـ قَالَ ـ قُلْتُ لَهُمَا مَا هَذَا قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.فَانْطَلَقْنَا فَأَتَيْنَا عَلَى رَوْضَةٍ مُعْتَمَّةٍ فِيهَا مِنْ كُلِّ نَوْرِ الرَّبِيعِ، وَإِذَا بَيْنَ ظَهْرَىِ الرَّوْضَةِ رَجُلٌ طَوِيلٌ لاَ أَكَادُ أَرَى رَأْسَهُ طُولاً فِي السَّمَاءِ، وَإِذَا حَوْلَ الرَّجُلِ مِنْ أَكْثَرِ وِلْدَانٍ رَأَيْتُهُمْ قَطُّ ـ قَالَ ـ قُلْتُ لَهُمَا مَا هَذَا مَا هَؤُلاَءِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏قَالَ فَانْطَلَقْنَا فَانْتَهَيْنَا إِلَى رَوْضَةٍ عَظِيمَةٍ لَمْ أَرَ رَوْضَةً قَطُّ أَعْظَمَ مِنْهَا وَلاَ أَحْسَنَ‏.‏ ـ قَالَ ـ قَالاَ لِي ارْقَ فِيهَا‏.‏ قَالَ فَارْتَقَيْنَا فِيهَا فَانْتَهَيْنَا إِلَى مَدِينَةٍ مَبْنِيَّةٍ بِلَبِنِ ذَهَبٍ وَلَبِنِ فِضَّةٍ، فَأَتَيْنَا باب الْمَدِينَةِ فَاسْتَفْتَحْنَا فَفُتِحَ لَنَا، فَدَخَلْنَاهَا فَتَلَقَّانَا فِيهَا رِجَالٌ شَطْرٌ مِنْ خَلْقِهِمْ كَأَحْسَنِ مَا أَنْتَ رَاءٍ، وَشَطْرٌ كَأَقْبَحِ مَا أَنْتَ رَاءٍ ـ قَالَ ـ قَالاَ لَهُمُ اذْهَبُوا فَقَعُوا فِي ذَلِكَ النَّهَرِ‏.‏ قَالَ وَإِذَا نَهَرٌ مُعْتَرِضٌ يَجْرِي كَأَنَّ مَاءَهُ الْمَحْضُ فِي الْبَيَاضِ، فَذَهَبُوا فَوَقَعُوا فِيهِ، ثُمَّ رَجَعُوا إِلَيْنَا قَدْ ذَهَبَ ذَلِكَ السُّوءُ عَنْهُمْ، فَصَارُوا فِي أَحْسَنِ صُورَةٍ ـ قَالَ ـ قَالاَ لِي هَذِهِ جَنَّةُ عَدْنٍ، وَهَذَاكَ مَنْزِلُكَ‏.‏ قَالَ فَسَمَا بَصَرِي صُعُدًا، فَإِذَا قَصْرٌ مِثْلُ الرَّبَابَةِ الْبَيْضَاءِ ـ قَالَ ـ قَالاَ هَذَاكَ مَنْزِلُكَ‏.‏ قَالَ قُلْتُ لَهُمَا بَارَكَ اللَّهُ فِيكُمَا، ذَرَانِي فَأَدْخُلَهُ‏.‏ قَالاَ أَمَّا الآنَ فَلاَ وَأَنْتَ دَاخِلُهُ‏.‏ قَالَ قُلْتُ لَهُمَا فَإِنِّي قَدْ رَأَيْتُ مُنْذُ اللَّيْلَةِ عَجَبًا، فَمَا هَذَا الَّذِي رَأَيْتُ قَالَ قَالاَ لِي أَمَا إِنَّا سَنُخْبِرُكَ، أَمَّا الرَّجُلُ الأَوَّلُ الَّذِي أَتَيْتَ عَلَيْهِ يُثْلَغُ رَأْسُهُ بِالْحَجَرِ، فَإِنَّهُ الرَّجُلُ يَأْخُذُ الْقُرْآنَ فَيَرْفُضُهُ وَيَنَامُ عَنِ الصَّلاَةِ الْمَكْتُوبَةِ، وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يُشَرْشَرُ شِدْقُهُ إِلَى قَفَاهُ، وَمَنْخِرُهُ إِلَى قَفَاهُ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ فَيَكْذِبُ الْكَذْبَةَ تَبْلُغُ الآفَاقَ، وَأَمَّا الرِّجَالُ وَالنِّسَاءُ الْعُرَاةُ الَّذِينَ فِي مِثْلِ بِنَاءِ التَّنُّورِ فَإِنَّهُمُ الزُّنَاةُ وَالزَّوَانِي‏.‏ وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يَسْبَحُ فِي النَّهَرِ وَيُلْقَمُ الْحَجَرَ، فَإِنَّهُ آكِلُ الرِّبَا، وَأَمَّا الرَّجُلُ الْكَرِيهُ الْمَرْآةِ الَّذِي عِنْدَ النَّارِ يَحُشُّهَا وَيَسْعَى حَوْلَهَا، فَإِنَّهُ مَالِكٌ خَازِنُ جَهَنَّمَ، وَأَمَّا الرَّجُلُ الطَّوِيلُ الَّذِي فِي الرَّوْضَةِ فَإِنَّهُ إِبْرَاهِيمُ صلى الله عليه وسلم وَأَمَّا الْوِلْدَانُ الَّذِينَ حَوْلَهُ فَكُلُّ مَوْلُودٍ مَاتَ عَلَى الْفِطْرَةِ ‏”‏‏.‏ قَالَ فَقَالَ بَعْضُ الْمُسْلِمِينَ يَا رَسُولَ اللَّهِ وَأَوْلاَدُ الْمُشْرِكِينَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَأَوْلاَدُ الْمُشْرِكِينَ‏.‏ وَأَمَّا الْقَوْمُ الَّذِينَ كَانُوا شَطْرٌ مِنْهُمْ حَسَنًا وَشَطَرٌ مِنْهُمْ قَبِيحًا، فَإِنَّهُمْ قَوْمٌ خَلَطُوا عَمَلاً صَالِحًا وَآخَرَ سَيِّئًا، تَجَاوَزَ اللَّهُ عَنْهُمْ ‏”‏‏.‏

സമുറയില്‍(റ) നിന്ന് നിവേദനം : നബി ﷺ മിക്ക സന്ദ൪ഭങ്ങളിലും തന്റെ അനുചരന്‍മാരോട് ഇപ്രകാരം ചോദിക്കുമായിരുന്നു: നിങ്ങള്‍ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ? അങ്ങനെ ചിലരൊക്കെ കണ്ട സ്വപ്നങ്ങള്‍ വിവരിക്കുമായിരുന്നു. ഒരു ദിവസം രാവിലെ നബി ﷺ ഞങ്ങളോട് പറഞ്ഞു: ഇന്നലെ രാത്രി രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നിട്ട് ഞാന്‍ അവരോടൊപ്പം യാത്ര ചെയ്യണമെന്നാവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ അവരുടെ കൂടെ യാത്ര പുറപ്പെട്ടു. ഒരിടത്ത് ചരിഞ്ഞ് കിടക്കുന്ന ഒരാളുടെ സമീപം ഞങ്ങള്‍ എത്തിച്ചേ൪ന്നു. മറ്റൊരാള്‍ ഒരു കല്ലുമായി അവന്റെ സമീപം കുനിഞ്ഞ് നില്‍ക്കുകയും ആ കല്ല് കൊണ്ട് അവന്റെ തല തല്ലിതക൪ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ കല്ല് ദൂരേക്ക് ഉരുണ്ട് പോകുമ്പോള്‍ അയാള്‍ അതിനെ പിന്തുട൪ന്ന് ആ കല്ലെടുത്ത് തിരിച്ച് വരുമ്പോഴേക്കും കിടക്കുന്നവന്റെ തല പൂ൪വ്വസ്ഥിതി പ്രാപിച്ചിട്ടുണ്ടായിരിക്കും. അയാള്‍ തിരിച്ച് വന്ന് വീണ്ടും ആദ്യം ചെയ്തതുതന്നെ ആവ൪ത്തിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പറഞ്ഞു: സുബ്ഹാനല്ലാഹ്, ഇവ൪ ആരാണ് ? അവ൪ എന്നോട് പറഞ്ഞു: യാത്ര തുടരൂ.. നബി ﷺ പറയുന്നു : അങ്ങനെ ഞങ്ങള്‍ യാത്ര തുട൪ന്നു. പിന്നീട് ഞങ്ങള്‍ മല൪ന്ന് കിടക്കുന്ന ഒരാളുടെ സമീപം എത്തിച്ചേ൪ന്നു. അയാളുടെ സമീപത്ത് നില്‍ക്കുന്ന മറ്റൊരാള്‍ ഇരുമ്പിന്റെ ഒരു കൊളുത്ത് ദണ്ഢുമേന്തി ഇയാളുടെ മുഖത്തിന്റെ ഒരു വശത്ത് നിന്ന് വായയും മൂക്കും കണ്ണുകളും പിരടിവരെ കൊളുത്തി കീറുകയാണ്. ശേഷം മറുവശത്തേക്ക് മാറിനിന്ന് അവിടെയും ആദ്യത്തെപോലെ കൊളുത്തി കീറുന്നു. ഒരു വശത്ത് നിന്ന് വരമിക്കുമ്പോഴേക്ക് മറുവശം പൂ൪വ്വസ്ഥിതി പ്രാപിച്ചു വരുന്നു. പിന്നീട് ആദ്യത്തേതുപോലെ പ്രഥമ വശത്ത് തന്നെ വീണ്ടും ആവ൪ത്തിക്കുന്നു. ഞാന്‍ പറഞ്ഞു: സുബ്ഹാനല്ലാഹ്, ഇവ൪ ആരാണ് ? അവ൪ എന്നോട് പറഞ്ഞു: യാത്ര തുടരൂ.. അങ്ങനെ ഞങ്ങള്‍ യാത്ര തുട൪ന്നു. പിന്നീട് ഞങ്ങള്‍ അടുപ്പ് പോലുളള ഒരു ഗുഹയില്‍ ചെന്നെത്തി. നിവേദകന്‍ പറയുന്നു: അതില്‍ നിന്ന് ശബ്ദ കോലാഹലങ്ങള്‍ ഉയരുന്നുണ്ടായിരുന്നു എന്ന് പ്രവാചകന്‍ പറഞ്ഞതായി ഞാന്‍ ഓ൪ക്കുന്നു. ഞങ്ങള്‍ അതിലേക്ക് എത്തി നോക്കിയപ്പോള്‍ നഗ്നരായ കുറെ സ്ത്രീ പുരുഷന്‍മാരെ കാണുകയുണ്ടായി. അവരുടെ താഴ്ഭാഗത്ത് നിന്നും തീ ജ്വാലകള്‍ ഉയരുന്നുണ്ടായിരുന്നു. ആ തീ ജ്വാലകള്‍ തങ്ങളെ ബാധിക്കുമ്പോള്‍ അവ൪ അലറുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു: ആരാണിവ൪ ? അവ൪ എന്നോട് പറഞ്ഞു: മുന്നോട്ട് ഗമിക്കൂ..നബി ﷺ പറയുന്നു : ഞങ്ങള്‍ മുന്നോട്ട് നീങ്ങി ഒരു നദിക്കരയില്‍ എത്തിച്ചേ൪ന്നു. – നിവേദകന്‍ പറയുന്നു: ഈ നദീജലം രക്തം പോലെ ചുവന്നതായിരുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞുവെന്നാണ് ഞാന്‍ അനുമാനിക്കുന്നത് – ആ നദിയില്‍ ഒരാള്‍ നീന്തിക്കൊണ്ടേയിരിക്കുന്നു. നദിക്കരയില്‍ കുറെ കല്ലുകള്‍ സമീപത്ത് ശേഖരിച്ചുകൊണ്ട് മറ്റൊരാള്‍ നില്‍പ്പുണ്ട്. നീന്തുന്നവന്‍ കഴിയുന്നത്ര കല്ലുകള്‍ ശേഖരിച്ചുകൊണ്ട് ആളുടെ അരികിലേക്ക് അടുക്കുകയും അയാള്‍ക്ക് നേരെ വായ തുറക്കുകയും ചെയ്യുമ്പോള്‍ അവനെ കൊണ്ട് കല്ല് വിഴുങ്ങിക്കുന്നു. ദൂരേക്ക് നീന്തിയകന്ന് അവന്‍ വായ തുറന്ന് തിരിച്ച് വരുന്നു. അപ്പോഴെല്ലാം അവനെ കൊണ്ട് ഓരോ കല്ലുകള്‍ വിഴുങ്ങിക്കുന്നു. ഞാന്‍ ചോദിച്ചു: ആരാണിവ൪ ? അവ൪ പറഞ്ഞു: നടക്കൂ ..നടക്കൂ.. നബി ﷺ പറയുന്നു : ഞങ്ങള്‍ വീണ്ടും നടന്ന് വിരൂപിയായ ഒരു മനുഷ്യന്റെ അരികിലെത്തി. അദ്ദേഹത്തിന്റെ സമീപം അഗ്നിയുണ്ട്. അദ്ദേഹം അത് കത്തിക്കുകയും അതിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാന്‍ ചോദിച്ചു: ഇത് ആരാണ് ? കൂട്ടുകാ൪ എന്നോട് പറഞ്ഞു: യാത്ര തുടരട്ടെ.ഞങ്ങള്‍ യാത്ര തുട൪ന്നു. സമൃദ്ധമായ ഒരു പൂന്തോട്ടത്തിലെത്തി. വസന്ത കാലത്തേത് പോലെ അതില്‍ വിവിധ ഇനം പൂക്കളുണ്ട്. ആ പൂങ്കാവനത്തിന്റെ മധ്യത്തില്‍ നീളം കൂടിയ ഒരാള്‍ നില്‍പ്പുണ്ട്. ഉപരിഭാഗത്തോളം നീളം കൂടിയത് കാരണം എനിക്ക് അയാളുടെ ശിരസ് കാണാന്‍ സാധിച്ചില്ല. ഞാന്‍ മുമ്പൊരിക്കലും കാണാത്ത ധാരാളം കുഞ്ഞുങ്ങളും സമീപമുണ്ട്. ഞാന്‍ ചോദിച്ചു: ഇത് ആരാണ് ? അവ൪ പറഞ്ഞു: നടക്കുക.നബി ﷺ പറയുന്നു : ഞങ്ങള്‍ നടന്ന് ഒരു വൃക്ഷത്തിന്റെ അത്തെത്തിച്ചേ൪ന്നു. അതിനേക്കാള്‍ വലുതും മനോഹരവുമായ ഒരു വൃക്ഷക്കൂട്ടം ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. കൂട്ടുകാ൪ എന്നോട് പറഞ്ഞു: നിങ്ങള്‍ അതില്‍ കയറുക. ഞങ്ങള്‍ അതില്‍ കയറിയപ്പോള്‍ സ്വ൪ണ്ണം കൊണ്ടും വെള്ളികൊണ്ടും നി൪മ്മിച്ച ഒരു പട്ടണം കാണുകയുണ്ടായി. പട്ടണ കവാടത്തിലെത്തിയ ‍ഞങ്ങള്‍ അത് തുറക്കാനാവശ്യപ്പെടുകയും അത് തുറക്കപ്പെടുകയും ഞങ്ങള്‍ അതില്‍ പ്രവേശിക്കുകയും ചെയ്തു. ശരീരത്തിന്റെ കുറച്ച് ഭാഗം ആരും കാണാത്തവിധം അതീവ സൌന്ദര്യമുള്ളവരും കുറച്ച് ഭാഗം ആരും കണ്ടിട്ടില്ലാത്തവിധം അതീവ വൈരൂപ്യമുള്ളവരായ ചിലയാളുകള്‍ ഞങ്ങളെ അവിടെ വെച്ച വരവേറ്റു. എന്റെ കൂട്ടുകാ൪ അവരോട് പറഞ്ഞു: നിങ്ങള്‍ പോയി ആ നദിയില്‍ ചാടിക്കൊള്ളുക. പാല്‍ പോലെ തൂവെള്ള ജലവുമായി ഒരു നദി സമാന്തരമായി അതിലൂടെ ഒഴുകുന്നുണ്ടായിരുന്നു. അങ്ങനെ അവ൪ പോയി. ചാടിക്കുളിച്ച് തിരിച്ച് വന്നപ്പോള്‍ തങ്ങളുടെ വൈരൂപ്യമെല്ലാം വിട്ടുമാറി അതീവ സുന്ദരന്‍മാരായി തീ൪ന്നു. ഇതാണ് അനശ്വരമായ സ്വ൪ഗം. അതാണ് താങ്കളുടെ ഭവനം. ഞാന്‍ ദൃഷ്ടി ഉയ൪ത്തി നോക്കിയപ്പോള്‍ തൂവെള്ള കാ൪മേഘം പോലുള്ള ഒരു കൊട്ടാരം ദൃശ്യമായി. അവ൪ എന്നോട് പറഞ്ഞു: ഇതാണ് അങ്ങയുടെ വീട്. ഞാന്‍ അവരോട് പറഞ്ഞു: നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ, നിങ്ങള്‍ എന്നെ വിട്ടേക്കുക. ഞാന്‍ അതിലൊന്ന് പ്രവേശിക്കട്ടെ. കൂട്ടുകാ൪ പറഞ്ഞു: ഇപ്പോള്‍ നിങ്ങള്‍ക്കതിന് സാധ്യമല്ല. പിന്നീട് നിങ്ങള്‍ക്കതില്‍ പ്രവേശിക്കാം.

നബി ﷺ പറയുന്നു : ഞാന്‍ കൂട്ടുകാരോട് ചോദിച്ചു: ഇന്നേ രാത്രി മുഴുവന്‍ പല അല്‍ഭുതങ്ങളും കണ്ടുവല്ലോ. ഞാന്‍ കണ്ടതൊക്കെ എന്തായിരുന്നു? അവ൪ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് വിവരിച്ച് തരാം. ആദ്യമായി താങ്കള്‍ കണ്ട, കല്ല് കൊണ്ട് തക൪ക്കപ്പെട്ട മനുഷ്യന്‍ ഖു൪ആന്‍ പഠിക്കുകയും അത് ഉപേക്ഷിച്ച് കളയുകയും നി൪ബന്ധ നമസ്കാരം നി൪വ്വഹിക്കാതെ കിടന്നുറങ്ങുകയും ചെയ്ത വ്യക്തിയാണ്. വായയും മൂക്കും കണ്ണും പിരടി വരെ കീറപ്പെടുന്നതായി കണ്ട മനുഷ്യന്‍ അതിരാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി പ്രപഞ്ചം മുഴുവന്‍ കളവ് പ്രചരിപ്പിച്ചവനാണ്. അടുപ്പ് പോലുള്ള ഗുഹയില്‍ കണ്ട നഗ്നരായ സ്ത്രീ പുരുഷന്‍മാ൪ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. നദിയില്‍ നീന്തിക്കൊണ്ടിരിക്കുകയും കല്ല് ഭക്ഷിക്കുകയും ചെയ്തിരുന്ന മനുഷ്യന്‍ പലിശ ഭക്ഷിച്ചവനാണ്. തീ കത്തുകയും അതിന് ചുറ്റും കറങ്ങിത്തിരിയുകയും ചെയ്തിരുന്ന വിരൂപിയായ മനുഷ്യന്‍ നരകത്തെ കാക്കുന്ന മാലിക് എന്ന മലക്കാണ്. പൂങ്കാവനത്തില്‍ ദ൪ശിച്ച മനുഷ്യന്‍ ഇബ്രാഹിം(അ) ആണ്. അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ ശുദ്ധ പ്രകൃതിയില്‍ മരണപ്പെട്ട പൈതങ്ങളാണ്. (ബ൪ക്കാനിയുടെ നിവേദനത്തില്‍ ശുദ്ധ പ്രകൃതിയില്‍ ജനിച്ചവരാണ്) തദവസരം മുസ്ലിംകളില്‍ ചില൪ ചോദിച്ചു: ബഹുദൈവാരാധാകരുടെ പൈതങ്ങളോ? നബി ﷺ പറഞ്ഞു: ബഹുദൈവാരാധാകരുടെ പൈതങ്ങളും. കുറച്ച് ഭാഗം സുന്ദരമായും കുറച്ച് ഭാഗം വിരൂപമായും കാണപ്പെട്ടവ൪ സുകൃതവും അധ൪മ്മവും തമ്മില്‍ കൂട്ടിക്കല൪ത്തിയവരും, ശേഷം അല്ലാഹു വിട്ടുവീഴ്ച നല്‍കിയവരുമാണ്. (ബുഖാരി:7047)

 

         

  kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *