ഖബ൪ ശിക്ഷ യാഥാ൪ത്ഥ്യമോ?

മരണം മുതല്‍ ലോകാവസാനം വരെയുള്ള ഘട്ടമാണ് ഖബ൪ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്. ഖബ൪ ജീവിതത്തില്‍ നിന്ന് ഒരു മനുഷ്യനും ഒഴിവുണ്ടാകുകയില്ല.

ﺣَﺘَّﻰٰٓ ﺇِﺫَا ﺟَﺎٓءَ ﺃَﺣَﺪَﻫُﻢُ ٱﻟْﻤَﻮْﺕُ ﻗَﺎﻝَ ﺭَﺏِّ ٱﺭْﺟِﻌُﻮﻥِ ﻟَﻌَﻠِّﻰٓ ﺃَﻋْﻤَﻞُ ﺻَٰﻠِﺤًﺎ ﻓِﻴﻤَﺎ ﺗَﺮَﻛْﺖُ ۚ ﻛَﻼَّٓ ۚ ﺇِﻧَّﻬَﺎ ﻛَﻠِﻤَﺔٌ ﻫُﻮَ ﻗَﺎٓﺋِﻠُﻬَﺎ ۖ ﻭَﻣِﻦ ﻭَﺭَآﺋِﻬِﻢ ﺑَﺮْﺯَﺥٌ ﺇِﻟَﻰٰ ﻳَﻮْﻡِ ﻳُﺒْﻌَﺜُﻮﻥَ

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ.ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല, അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറ(ബ൪സഖ്) ഉണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:23/99-100)

മരണത്തിനും ഖിയാമത്തുനാളിനും ഇടക്കുള്ള കാലത്തെ അഥവാ മരണത്തോട് കൂടി അവസാനിക്കുന്ന ഐഹിക ജീവിതത്തിനും പുനരുത്ഥാനത്തോടു കൂടി ആരംഭിക്കുന്ന പാരത്രിക ജീവിതത്തിനും മദ്ധ്യേയുള്ള കാലഘട്ടത്തെയാണ് ‘ബ൪സഖ് ‘ എന്ന് പറഞ്ഞിട്ടുള്ളത്.

ബ൪സഖ് ഒരു സ്ഥിരസങ്കേതമല്ല. അത് പരലോകത്തേക്കുള്ള പ്രവേശനസ്ഥലമാണ്.

أَلْهَىٰكُمُ ٱلتَّكَاثُرُ ‎﴿١﴾‏ حَتَّىٰ زُرْتُمُ ٱلْمَقَابِرَ ‎﴿٢﴾

പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.  നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും. (ഖു൪ആന്‍:102/1-2)

ودل قوله: { حَتَّى زُرْتُمُ الْمَقَابِرَ } أن البرزخ دار مقصود منها النفوذ إلى الدار الباقية ، أن الله سماهم زائرين، ولم يسمهم مقيمين.

‘ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതു വരെ’ എന്നതില്‍ സന്ദര്‍ശിക്കുന്നവര്‍ എന്ന് പ്രയോഗിക്കുകയും സ്ഥിരവാസികള്‍ എന്ന് പറയാതിരിക്കുകയും ചെയ്തതിലൂടെ ബര്‍സക് (ഖബ്ര്‍ ജീവിതം) പരലോകത്തേക്കുള്ള പ്രവേശനസ്ഥലമാണെന്ന് മനസ്സിലാകുന്നു. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്‍ ഖബറില്‍ വെച്ച് , അതായതു മരണപ്പെട്ടതിന് ശേഷം പുനരുത്ഥാനത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ സുഖദുഃഖങ്ങള്‍ ഒന്നും കൂടാതെ കേവലം തനി നിദ്രയിലയിരിക്കുകയല്ല ചെയ്യുന്നതെന്നും, നേരെമറിച്ച് നല്ലവനാണെങ്കില്‍ അവന് സുഖസന്തോഷങ്ങളുടെയും, ദുഷിച്ചവനാണെങ്കില്‍ അവനു ഭയദുഖങ്ങളുടെയും അനുഭവങ്ങള്‍ പലതും അനുഭവപ്പെട്ടു കൊണ്ടിരിക്കുമെന്നും ഖുര്‍ആന്‍ കൊണ്ടും, ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണ്. പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട യാഥാർത്ഥ്യമാണ് ഖബ്ര്‍ ശിക്ഷ.

ഫിര്‍ഔനെയും അവന്റെ ആള്‍ക്കാരെയും സമുദ്രത്തില്‍ മുക്കി നശിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു.

ٱﻟﻨَّﺎﺭُ ﻳُﻌْﺮَﺿُﻮﻥَ ﻋَﻠَﻴْﻬَﺎ ﻏُﺪُﻭًّا ﻭَﻋَﺸِﻴًّﺎ ۖ ﻭَﻳَﻮْﻡَ ﺗَﻘُﻮﻡُ ٱﻟﺴَّﺎﻋَﺔُ ﺃَﺩْﺧِﻠُﻮٓا۟ ءَاﻝَ ﻓِﺮْﻋَﻮْﻥَ ﺃَﺷَﺪَّ ٱﻟْﻌَﺬَاﺏِ

നരകം, രാവിലെയും വൈകുന്നേരവും അവര്‍ അതിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക(എന്ന് കല്‍പിക്കപ്പെടും).(ഖു൪ആന്‍:40/46)

ഈ പ്രദര്‍ശിപ്പിക്കല്‍ ഖിയാമത്തുനാളിലെ സംഭവമായിട്ടല്ല പറഞ്ഞിരിക്കുന്നത്. കാരണം, അതേ ആയത്തില്‍ തന്നെ തുടര്‍ന്നു കൊണ്ട് ‘അന്ത്യനാള്‍ സംഭവിക്കുമ്പോള്‍, ഫിര്‍ഔന്റെ ആള്‍ക്കാരെ അതി കഠിനമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുവിന്‍’ എന്നു കല്‍പനയുണ്ടാകുമെന്ന് പറയുന്നു.അപ്പോള്‍ സമുദ്രത്തില്‍ മുങ്ങി നശിച്ചതിന് ശേഷം ഖിയാമത്തുനാളിന് മുമ്പായി ഫിര്‍ഔന്റെ ആള്‍ക്കാര്‍ക്ക് ചില പ്രത്യേക ശിക്ഷാനുഭവങ്ങള്‍ ഉണ്ടെന്നും, അത് അവരുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലമാകുന്ന നരക ശിക്ഷയല്ലെന്നും ഇതില്‍ നിന്നു വ്യക്തമാണ്.

ഈ പ്രദ൪ശനം ഉണ്ടാകുന്നത് മരണത്തിന് ശേഷം ഐഹിക ജീവിതത്തിനും പുനരുത്ഥാനത്തിനും ഇടക്കുള്ള ഘട്ടത്തില്‍ വെച്ച് അഥവാ ഖബറില്‍ വെച്ച് നടക്കുന്നതാണ്. മരണത്തിനും പുനരുത്ഥാനത്തിനുമിടയില്‍ ഒരുതരം ശിക്ഷാനുഭവം ഉണ്ടാകുന്നതാണെന്നുള്ളതിന് ഈ ആയത്ത് മതിയായ തെളിവ് നല്‍കുന്നു. ഈ ആയത്തിനെ ഇബ്നു കഥീർ رَحِمَهُ اللَّهُ വിശദീകരിക്കുന്നു:

ഇത്‌ കൊണ്ടുദ്ദേശം എല്ലാ രാവിലെയും എല്ലാ വൈകുന്നേരവും അവർക്ക്‌ കാണിക്കപ്പെടും എന്നാണു, അന്ത്യനാൾ സംഭവിക്കും വരെ (ഇത്‌ തുടരും), ഒപ്പം അവരോട്‌ പറയപ്പെടും, ഇതാണു നിങ്ങൾക്ക്‌ കിട്ടാൻ പോകുന്ന സ്ഥാനം. (തഫ്‌സീർ ഇബ്‌നു കഥീർ)

قال ابن زيد : هم فيها اليوم يغدى بهم ويراح إلى أن تقوم الساعة

ഇബ്നു സൈദ്‌ رَحِمَهُ اللَّهُ പറഞ്ഞു: ഇന്നും അവർക്കവിടെ (ഖബറിൽ) രാവിലെയും വൈകുന്നേരവും അത്‌ (നരകം) കണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു ; അത്‌ അന്ത്യനാൾ വരെ തുടർന്നുകൊണ്ടിരിക്കും. (തഫ്‌സീർ ഇബ്‌നു കഥീർ)

ﻳُﺜَﺒِّﺖُ ٱﻟﻠَّﻪُ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺑِﭑﻟْﻘَﻮْﻝِ ٱﻟﺜَّﺎﺑِﺖِ ﻓِﻰ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻭَﻓِﻰ ٱﻻْءَﺧِﺮَﺓِ ۖ ﻭَﻳُﻀِﻞُّ ٱﻟﻠَّﻪُ ٱﻟﻈَّٰﻠِﻤِﻴﻦَ ۚ ﻭَﻳَﻔْﻌَﻞُ ٱﻟﻠَّﻪُ ﻣَﺎ ﻳَﺸَﺎٓءُ

ഐഹിക ജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.(ഖു൪ആന്‍:14/27)

عَنِ الْبَرَاءِ بْنِ عَازِبٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ إِذَا أُقْعِدَ الْمُؤْمِنُ فِي قَبْرِهِ أُتِيَ، ثُمَّ شَهِدَ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، فَذَلِكَ قَوْلُهُ ‏{‏يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ‏}‏ ‏”‏‏.‏ حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ حَدَّثَنَا غُنْدَرٌ حَدَّثَنَا شُعْبَةُ بِهَذَا وَزَادَ ‏{‏يُثَبِّتُ اللَّهُ الَّذِينَ آمَنُوا‏}‏ نَزَلَتْ فِي عَذَابِ الْقَبْرِ

ബറാഅ(റ) നിവേദനം: നബി(സ) അരുളി: മുഅ്മിനിനെ അവന്‍റെ ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ (രണ്ടു മലക്കുകള്‍) വരും. അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും മുഹമ്മദ്(സ) അവന്‍റെ ദൂതനാണെന്നും അവരുടെ മുമ്പില്‍ അവന്‍ സാക്ഷ്യപ്പെടുത്തും. അതാണ് അല്ലാഹു പറഞ്ഞത്: സത്യവിശ്വാസികളെ അടിയുറച്ച് വചനത്തിന്മേല്‍ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തും. മറ്റൊരു നിവേദനത്തില്‍ ഇത് ഖബര്‍ ശിക്ഷയെ കുറിച്ച് അവതരിപ്പിക്കപ്പെട്ടതാണെന്ന് പറയുന്നു. (ബുഖാരി: 1369)

സത്യവിശ്വാസികള്‍ ഖബ്‌റില്‍ വെച്ച് ചോദ്യം ചെയ്യുമ്പോഴത്തെ അവസ്ഥയെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നല്ല ഈ ഹദീസുകളുടെ താല്‍പര്യം. ഇഹത്തിലും പരത്തിലും അല്ലാഹു സത്യവിശ്വാസിയെ പതറാതെ ഉറപ്പിച്ചു നിറുത്തുമെന്നു പറഞ്ഞതില്‍ ഖബ്‌റിലെ ജീവിതത്തിലെ ഉറപ്പിച്ചു നിറുത്തലും ഉള്‍പ്പെടുമെന്നു സാരം.

ﻭَﻣِﻤَّﻦْ ﺣَﻮْﻟَﻜُﻢ ﻣِّﻦَ ٱﻷَْﻋْﺮَاﺏِ ﻣُﻨَٰﻔِﻘُﻮﻥَ ۖ ﻭَﻣِﻦْ ﺃَﻫْﻞِ ٱﻟْﻤَﺪِﻳﻨَﺔِ ۖ ﻣَﺮَﺩُﻭا۟ ﻋَﻠَﻰ ٱﻟﻨِّﻔَﺎﻕِ ﻻَ ﺗَﻌْﻠَﻤُﻬُﻢْ ۖ ﻧَﺤْﻦُ ﻧَﻌْﻠَﻤُﻬُﻢْ ۚ ﺳَﻨُﻌَﺬِّﺑُﻬُﻢ ﻣَّﺮَّﺗَﻴْﻦِ ﺛُﻢَّ ﻳُﺮَﺩُّﻭﻥَ ﺇِﻟَﻰٰ ﻋَﺬَاﺏٍ ﻋَﻈِﻴﻢٍ

നിങ്ങളുടെ ചുറ്റുമുള്ള അഅറാബികളുടെ കൂട്ടത്തിലും കപട വിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌.പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌.(ഖു൪ആന്‍:9/101)

ഈ ആയത്തില്‍ വമ്പിച്ച ശിക്ഷ എന്ന് പറഞ്ഞിട്ടുള്ളത് പരലോക ശിക്ഷയെ കുറിച്ചാണ്. രണ്ട് തവണ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുള്ളതില്‍ ഒന്നാമത്തേത് ദുനിയാവിലെ ശിക്ഷയും രണ്ടാമത്തേത് ഖബറിലെ ശിക്ഷയുമാണെന്ന് ഇബ്നു അബ്ബാസ് (റ), ഹസന്‍ ബസ്വരി(റ) എന്നിവ൪ പറഞ്ഞിട്ടുണ്ട്.(ഫത്ഹുല്‍ ബാരി – വോള്യം 3)

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالْعَشِيِّ، إِنْ كَانَ مِنْ أَهْلِ الْجَنَّةِ فَمِنْ أَهْلِ الْجَنَّةِ، وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ، فَيُقَالُ هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ يَوْمَ الْقِيَامَةِ ‏”‏‏.‏

നബി (സ) പ്രസ്താവിച്ചതായി ഇബ്നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: ‘ നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍, രാവിലെയും വൈകുന്നേരവും അവന്റെ ഇരിപ്പിടം (വാസസ്ഥലം) അവന് പ്രദര്‍ശിപ്പിക്കപ്പെടും. അവന്‍ സ്വര്‍ഗക്കാരനാണെങ്കില്‍ സ്വര്‍ഗക്കാരില്‍ നിന്നും, അവന്‍ നരകക്കാരനാണെങ്കില്‍ നരകക്കാരില്‍ നിന്നുമായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക. ‘ ഖിയാമത്തു നാളില്‍ അല്ലാഹു നിന്നെ എഴുന്നേല്‍പ്പിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടം ഇതാണ് എന്ന് അവനോടു പറയപ്പെടുകയും ചെയ്യും.’ (ബുഖാരി:1379)

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّهُ حَدَّثَهُمْ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ إِنَّ الْعَبْدَ إِذَا وُضِعَ فِي قَبْرِهِ، وَتَوَلَّى عَنْهُ أَصْحَابُهُ، وَإِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ، أَتَاهُ مَلَكَانِ فَيُقْعِدَانِهِ فَيَقُولاَنِ مَا كُنْتَ تَقُولُ فِي الرَّجُلِ لِمُحَمَّدٍ صلى الله عليه وسلم‏.‏ فَأَمَّا الْمُؤْمِنُ فَيَقُولُ أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ‏.‏ فَيُقَالُ لَهُ انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ، قَدْ أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ، فَيَرَاهُمَا جَمِيعًا ‏”‏‏.‏ قَالَ قَتَادَةُ وَذُكِرَ لَنَا أَنَّهُ يُفْسَحُ فِي قَبْرِهِ‏.‏ ثُمَّ رَجَعَ إِلَى حَدِيثِ أَنَسٍ قَالَ ‏”‏ وَأَمَّا الْمُنَافِقُ وَالْكَافِرُ فَيُقَالُ لَهُ مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ فَيَقُولُ لاَ أَدْرِي، كُنْتُ أَقُولُ مَا يَقُولُ النَّاسُ‏.‏ فَيُقَالُ لاَ دَرَيْتَ وَلاَ تَلَيْتَ‏.‏ وَيُضْرَبُ بِمَطَارِقَ مِنْ حَدِيدٍ ضَرْبَةً، فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ يَلِيهِ، غَيْرَ الثَّقَلَيْنِ ‏”‏‏.‏

നബി (സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു: ‘ മനുഷ്യന്‍ ഖബറില്‍ വെക്കപ്പെടുകയും, അവന്റെ ആള്‍ക്കാര്‍ തിരിഞ്ഞു പോകുകയും ചെയ്‌താല്‍ അവരുടെ ചെരുപ്പിന്റെ ശബ്ദം അവന്‍ കേള്‍ക്കുന്നുണ്ടായിരിക്കും. ( അടുത്ത സമയം) അവന്റെ അടുക്കല്‍ രണ്ടു മലക്കുകള്‍ വരും. അവര്‍ അവനെ ഇരുത്തി അവനോടു ചോദിക്കും: ‘ ഈ മനുഷ്യനെ അതായതു, മുഹമ്മദിനെ കുറിച്ച് നീ എന്ത് പറഞ്ഞിരുന്നു?’ അപ്പോള്‍ സത്യവിശ്വാസി പറയും: ‘ അദ്ദേഹം അല്ലാഹുവിന്റെ അടിയാനും റസൂലുമാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’ അവനോടു പറയപ്പെടും : ‘ നരകത്തില്‍നിന്നും നിനക്കുള്ള (നിനക്ക് ഉണ്ടാകുമായിരുന്ന) ഇരിപ്പിടത്തിലേക്ക് നോക്കു. ഇതാ, അല്ലാഹു നിനക്ക് അതിനു പകരം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ഇരിപ്പിടം തന്നിരിക്കുന്നു.’ അങ്ങനെ, അവന്‍ അതു രണ്ടും (സ്വര്‍ഗ്ഗത്തിലെയും നരകത്തിലെയും ഇരിപ്പിടങ്ങള്‍) കാണും. എന്നാല്‍, കപടവിശ്വാസിയും അവിശ്വാസിയുമാകട്ടെ, അവനോടും ചോദിക്കപ്പെടും: ‘നീ ഈ മനുഷ്യനെപ്പറ്റി എന്തു പറഞ്ഞിരിക്കുന്നു? അവന്‍ പറയും: ‘എനിക്കറിഞ്ഞുകൂടാ, ആളുകള്‍ പറയും പ്രകാരം ഞാനും പറഞ്ഞിരുന്നു.’ അവനോടു പറയപ്പെടും: ‘നീ അറിഞ്ഞതുമില്ല, പിന്‍പറ്റിയതുമില്ല.’ അവന്‍ ഇരുമ്പിന്റെ ചുറ്റികകളാല്‍ അടിക്കപ്പെടും. അവന്‍ വമ്പിച്ച അട്ടഹാസം അട്ടഹസിക്കും. ഇരു സമുദായങ്ങള്‍ (മനുഷ്യരും ജിന്നുകളും ) അല്ലാത്തവരെല്ലാം അത് കേള്‍ക്കുന്നതാണ്. (ബുഖാരി:1374)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا قُبِرَ الْمَيِّتُ – أَوْ قَالَ أَحَدُكُمْ أَتَاهُ مَلَكَانِ أَسْوَدَانِ أَزْرَقَانِ يُقَالُ لأَحَدِهِمَا الْمُنْكَرُ وَالآخَرُ النَّكِيرُ فَيَقُولاَنِ مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ فَيَقُولُ مَا كَانَ يَقُولُ هُوَ عَبْدُ اللَّهِ وَرَسُولُهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ‏.‏ فَيَقُولاَنِ قَدْ كُنَّا نَعْلَمُ أَنَّكَ تَقُولُ هَذَا ‏.‏ ثُمَّ يُفْسَحُ لَهُ فِي قَبْرِهِ سَبْعُونَ ذِرَاعًا فِي سَبْعِينَ ثُمَّ يُنَوَّرُ لَهُ فِيهِ ثُمَّ يُقَالُ لَهُ نَمْ ‏.‏ فَيَقُولُ أَرْجِعُ إِلَى أَهْلِي فَأُخْبِرُهُمْ فَيَقُولاَنِ نَمْ كَنَوْمَةِ الْعَرُوسِ الَّذِي لاَ يُوقِظُهُ إِلاَّ أَحَبُّ أَهْلِهِ إِلَيْهِ ‏.‏ حَتَّى يَبْعَثَهُ اللَّهُ مِنْ مَضْجَعِهِ ذَلِكَ ‏.‏ وَإِنْ كَانَ مُنَافِقًا قَالَ سَمِعْتُ النَّاسَ يَقُولُونَ فَقُلْتُ مِثْلَهُ لاَ أَدْرِي ‏.‏ فَيَقُولاَنِ قَدْ كُنَّا نَعْلَمُ أَنَّكَ تَقُولُ ذَلِكَ ‏.‏ فَيُقَالُ لِلأَرْضِ الْتَئِمِي عَلَيْهِ ‏.‏ فَتَلْتَئِمُ عَلَيْهِ ‏.‏ فَتَخْتَلِفُ فِيهَا أَضْلاَعُهُ فَلاَ يَزَالُ فِيهَا مُعَذَّبًا حَتَّى يَبْعَثَهُ اللَّهُ مِنْ مَضْجَعِهِ ذَلِكَ ‏”‏ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മയ്യിത്തിനെ ഖബറടക്കിയാൽ അയാളുടെ അടുക്കൽ കറുത്തതും കണ്ണ് നീലയായതുമായ രണ്ട് മലക്കുകൾ വരും. ഒരാളുടെ പേർ മുൻ കറും മറ്റെയാളുടെത് നകീറുമെന്നാണ്. അവർ ചോദിക്കും: “ഇദ്ദേഹത്തെ(നബി)ക്കുറിച്ച് നിന്റെ അഭിപ്രായമെന്താണ്?’ അപ്പോൾ അയാൾ പറയാറുണ്ടായിരുന്നത് പറയും: “അദ്ദേഹം അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാകുന്നു. അല്ലാഹു അല്ലാതെ ഇലാഹില്ല എന്നും, മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു.’ അപ്പോൾ അവർ രണ്ടു പേരും പറയും: “നീ അങ്ങനെ പറഞ്ഞിരുന്നുവെന്ന് ഞങ്ങൾക്കറിയാം.’ എന്നിട്ട് അവന്റെ ഖബ്റിൽ 70 മുഴം നീളത്തിലും വീതിയിലും വിശാലത നൽകും. പിന്നീട് അതിൽ പ്രകാശം നൽകും. എന്നിട്ട് അയാളോട് പറയും: “നീ ഉറങ്ങുക.’ അപ്പോൾ അയാൾ പറയും: “ഞാൻ എന്റെ കുടുംബത്തിൽ ചെന്ന് അവരോട് വിവരം പറ യട്ടെ.’ അപ്പോൾ അവർ രണ്ടുപേരും പറയും: “നീ പുതുമാരൻ ഉറങ്ങുന്നതുപോലെ ഉറങ്ങുക.’ അവനെ അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ മാത്രമാണ് ഉണർത്തുക.. അവന്റെ കിടപ്പിൽനിന്ന് അല്ലാഹു ഉയിർത്തെഴുന്നേൽപിക്കും വരെ അത് തുടരും. ഇനി അവൻ കപടവിശ്വാസിയാണങ്കിൽ അവൻ പറയും: “ജനങ്ങൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിരുന്നു. അപ്പോൾ അവരെപ്പോലെ ഞാനും പറഞ്ഞു. എനിക്കറിയില്ല.’ അപ്പോൾ അവർ ഇരുവരും പറയും: “നീ അങ്ങനെ പറയുമെന്ന് ഞങ്ങൾക്കറിയാമായിരു ന്നു.’ അപ്പോൾ ഭൂമിയോട് കൽപനയുണ്ടാകും: “നീ അവനെ കൂട്ടിപ്പിടിക്കുക.’ അപ്പോൾ ഭൂമി അവനെ കൂട്ടിപ്പിടിക്കും. അങ്ങനെ അവന്റെ വാരിയെല്ലുകൾ പരസ്പരം കോർക്കും. അങ്ങനെ ആ അവസ്ഥയിൽ അവൻ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും; അവന്റെ കിടപ്പിൽനിന്ന് അല്ലാഹു ഉയിർ ത്തെഴുന്നേൽപിക്കുന്നതുവരെ. (തിർമിദി:1071)

عن البراء بن عازب قال: خرجنا مع النبي صلى الله عليه وسلم في جنازة رجل من الأنصار، فانتهينا إلى القبر ولما يلحد، فجلس رسول الله صلى الله عليه وسلم، وجلسنا حوله كأن على رؤوسنا الطير، وفي يده عود ينكت به في الأرض، فرفع رأسه فقال: استعيذوا بالله من عذاب القبر. مرتين أو ثلاثا

ബറാഅ്ബ്നു ആസിബ് (റ) പറയുന്നു: അന്‍സാരികളില്‍ പെട്ട ഒരാളുടെ ജനാസയുമായി പ്രവാചകനോടൊപ്പം ഞങ്ങളും പുറപ്പെട്ടു. ഖബ൪ കുഴിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പണി പൂ൪ത്തിയാകാത്തതുകൊണ്ട് പ്രവാചകനും ഞങ്ങളും അവിടെ ഇരിക്കുകയുണ്ടായി. തലയില്‍ ഒരു പക്ഷി ഇരിക്കുമ്പോള്‍ എത്രമാത്രം സൂക്ഷ്മതയോടെ ഇരിക്കുമോ അതുപോലെ നിശബ്ദരായി ഞങ്ങള്‍ നബിക്ക്(സ്വ) ചുറ്റും ഇരുന്നു. തിരുമേനിയുടെ കയ്യിലുണ്ടായിരുന്ന ഒരു കമ്പ് കൊണ്ട് ഭൂമിയില്‍ ഒരു ചെറിയ അടി അടിച്ച് തന്റെ തല ഉയ൪ത്തിക്കൊണ്ട് ഞങ്ങളോടായി പറഞ്ഞു: നിങ്ങള്‍ ഖബ൪ ശിക്ഷയില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുക. ഇതുതന്നെ തിരുമേനി രണ്ടോ മുന്നോ തവണ ആവർത്തിക്കുകയുണ്ടായി ……… (അഹ്മദ്)

عَنْ زَيْدُ بْنُ ثَابِتٍ قَالَ بَيْنَمَا النَّبِيُّ صلى الله عليه وسلم فِي حَائِطٍ لِبَنِي النَّجَّارِ عَلَى بَغْلَةٍ لَهُ وَنَحْنُ مَعَهُ إِذْ حَادَتْ بِهِ فَكَادَتْ تُلْقِيهِ وَإِذَا أَقْبُرٌ سِتَّةٌ أَوْ خَمْسَةٌ أَوْ أَرْبَعَةٌ – قَالَ كَذَا كَانَ يَقُولُ الْجُرَيْرِيُّ – فَقَالَ ‏”‏ مَنْ يَعْرِفُ أَصْحَابَ هَذِهِ الأَقْبُرِ ‏”‏ ‏.‏ فَقَالَ رَجُلٌ أَنَا ‏.‏ قَالَ ‏”‏ فَمَتَى مَاتَ هَؤُلاَءِ ‏”‏ ‏.‏ قَالَ مَاتُوا فِي الإِشْرَاكِ ‏.‏ فَقَالَ ‏”‏ إِنَّ هَذِهِ الأُمَّةَ تُبْتَلَى فِي قُبُورِهَا فَلَوْلاَ أَنْ لاَ تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِي أَسْمَعُ مِنْهُ ‏”‏ ‏.‏

സൈദിബ്നു സാബിതില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ബനൂനജ്ജാർ ഗോത്രക്കാരുടെ ഒരു തോട്ടത്തിൽ നബി ﷺ തന്റെ ഒരു കോവർ കഴുതയുടെ പുറത്തായിരിക്കെ സ്വഹാബികളിൽ ചിലർ തിരുമേനിയോടൊപ്പമുണ്ടായിരുന്നു. അന്നേരം കഴുത വഴിമാറി വിരണ്ട് ഓടുകയും തിരുമേനിയെ പുറത്തുനിന്ന് അത് തള്ളിയിടാറുമായി. അവിടെ ഏതാനും ഖബ്റുകൾ നബി ﷺ യുടെ ശ്രദ്ധയിൽപെട്ടു. നബി ﷺ ചോദിച്ചു:ഈ ഖബ്റുകളിലുള്ള ആളുകളെ ആര് അറിയും?. അപ്പോൾ ഒരാൾ പറഞ്ഞു: ഞാൻ (അറിയും). നബി ﷺ പറഞ്ഞു: എപ്പോഴാണ് ഇവർ മരണപ്പെട്ടത്? അയാൾ പറഞ്ഞു: ശിർക്കിലായിരിക്കെയാണ് അവർ മരണപ്പെട്ടത്. അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയം, ഈ സമുദായം തങ്ങളുടെ ഖബ്റുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് (ഞാൻ ഭയന്നില്ലായിരുന്നുവെങ്കിൽ,) ക്വബ്റിൽനിന്ന് ഞാൻ കേൾക്കുന്ന ശിക്ഷ നിങ്ങൾക്കുകൂടി കേൾപ്പിക്കുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യുമായിരുന്നു. (മുസ്ലിം : 2867

മലക്കുകൾ അവിശ്വാസിയുടെ ആത്മാവിനെ പിടിക്കുന്ന രംഗം വിശദീകരിക്കുന്ന ഹദീസിന്റെ അവസാന ഭാഗത്ത് മയ്യിത്തിന്റെ ശരീരത്തിലേക്ക്‌ റൂഹ് മടക്കുന്നതിനെ കുറിച്ച് പറയുന്നത് കാണുക:

فتعاد روحه في جسده ويأتيه ملكان فيجلسانه فيقولان له: من ربك؟ فيقول: هاه هاه، لا أدري فيقولان له: ما دينك؟ فيقول: هاه، هاه، لا أدري، فيقولان له: ما هذا الرجل الذي بعث فيكم؟ فيقول: هاه، هاه لا أدري، فينادي مناد من السماء أن كذب عبدي، فأفرشوا له من النار، وافتحوا له بابا إلى النار، فيأتيه حرها وسمومها ويضيق عليه قبره حتى تختلف فيه أضلاعه، ويأتيه رجل قبيح الوجه قبيح الثياب منتن الريح، فيقول أبشر بالذي يسوؤك هذا يومك الذي كنت توعد، فيقول: من أنت؟ فوجهك الوجه يجيء بالشر فيقول: أنا عملك الخبيث فيقول: رب لا تقم الساعة.

………………… അങ്ങനെ ശരീരത്തിലേക്ക് ആത്മാവിനെ മടക്കുന്നു. ആ സമയം രണ്ട് മലക്കുകള്‍ വന്നുകൊണ്ട് അരികില്‍ ഇരിക്കുകയും ചോദിക്കുകയും ചെയ്യുന്നു: ആരാണ് നിന്റെ രക്ഷിതാവ്? ഹാ ഹാ എനിക്കറിയില്ലെന്ന് മറുപടി പറയുന്നു. ആ സമയം ആകാശത്തുനിന്ന് ഒരു വിളിയാളമുണ്ടാകുന്നു: ‘അവന്‍ കളവ് പറഞ്ഞു, നരകത്തില്‍ നിന്ന് അവന് വിരിച്ചു കൊടുക്കുക, നരകത്തിലേക്ക് ഒരു വാതില്‍ അവന് തുറന്നു കൊടുക്കുക.’ അതിലൂടെ നരകത്തിന്റെ ചൂട് അവിടെ എത്തുകയായി. വാരിയെല്ലുകള്‍ പരസ്പരം കോ൪ത്ത് പോകുമാറ് ഖബറിനെ ഇടുക്കുന്നു. ഏറ്റവും മുഷിഞ്ഞ വസ്ത്രം ധരിച്ച് ദു൪ഗന്ധം പരത്തി വിരൂപ മുഖവുമായി ഒരാള്‍ അവിടേക്ക് കടന്നുവരുന്നു. അയാള്‍ പറയും: വളരെ മോശമായ പ്രയാസമുണ്ടാകുന്നതിനെ സംബന്ധിച്ച് സന്തോഷവാ൪ത്ത അറിയിക്കാന്‍ വന്നതാണ് ഞാന്‍, ഈ ദിവസത്തെ സംബന്ധിച്ചാണ് നിന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കുന്നു: തിന്മയുമായി കടന്നുവന്നിട്ടുള്ള താങ്കള്‍ ആരാണ്? അപ്പോള്‍ അദ്ദേഹം പറയുന്നു: ഞാനാണ് താങ്കളുടെ ചീത്തയായ മ്ലച്ഛമായ പ്രവ൪ത്തനങ്ങള്‍. അപ്പോള്‍ അദ്ദേഹം വിളിച്ചു പറയും: രക്ഷിതാവേ, ആ ഖിയാമത്ത് നാള്‍ സംഭവിക്കരുതേ. (അഹ്മദ്)

عَنِ ابْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ :‏ هَذَا الَّذِي تَحَرَّكَ لَهُ الْعَرْشُ وَفُتِحَتْ لَهُ أَبْوَابُ السَّمَاءِ وَشَهِدَهُ سَبْعُونَ أَلْفًا مِنَ الْمَلاَئِكَةِ لَقَدْ ضُمَّ ضَمَّةً ثُمَّ فُرِّجَ عَنْهُ ‏

ഇബ്നു ഉമർ(റ) നിന്ന്: അല്ലാഹു വിന്റെ റസൂൽ (സ) പറഞ്ഞു: അദ്ദേഹത്തിനുവേണ്ടിയാണ് സിംഹാസനം (അർഷ്) വിറകൊണ്ടതും, ആകാശ കവാടങ്ങൾ മലർക്കെ തുറക്കപ്പെട്ടതും എഴുപതിനായിരം മലക്കുകൾ സാക്ഷ്യം വഹിച്ചതും ,എന്നിട്ടും ഖബ്ർ ഒരു പ്രാവശ്യം ഞെരുങ്ങി,പിന്നീട് വിട്ടയക്കുകയും ചെയ്തു. (നസാഈ : 2055)

عن عائشة رضي الله أنها قالت : إن للقبر ضغطة لو كان احد ناجيا منها نجا سعد بن معاد.امام احمد.

ആയിഷയിൽ (റ) നിന്ന് നിവേദനം :നബി(സ്വ) പറഞ്ഞു: തീർച്ചയായും ഒരു ഞെരുക്കം ഉണ്ട് അതിൽ നിന്ന് ആരെങ്കിലും രക്ഷപ്പെടും ആയിരുന്നെങ്കിൽ സഅദ് ബ്നു മുആദ് (റ) രക്ഷപ്പെടുമായിരുന്നു. (അഹ്മദ് )

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ إِنَّمَا مَرَّ رَسُولُ اللَّهِ صلى الله عليه وسلم عَلَى يَهُودِيَّةٍ يَبْكِي عَلَيْهَا أَهْلُهَا فَقَالَ ‏ “‏ إِنَّهُمْ لَيَبْكُونَ عَلَيْهَا، وَإِنَّهَا لَتُعَذَّبُ فِي قَبْرِهَا ‏”‏‏.‏

ആയിശ(റ) നിവേദനം: നബി(സ) ഒരു യഹൂദി സ്ത്രീയുടെ ഖബറിന് അരികിലൂടെ നടന്നുപോയി. അവളുടെ കുടുംബങ്ങള്‍ അവളെ ചൊല്ലി കരയുന്നുണ്ടായിരുന്നു. നബി(സ) അരുളി: അവര്‍ അവളെച്ചൊല്ലി കരയുന്നു. അവളാകട്ടെ ഖബറില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. (ബുഖാരി:1289)

عَنْ أَسْمَاءَ بِنْتَ أَبِي بَكْرٍ ـ رضى الله عنهما ـ قَالَتْ قَامَ رَسُولُ اللَّهِ صلى الله عليه وسلم خَطِيبًا فَذَكَرَ فِتْنَةَ الْقَبْرِ الَّتِي يَفْتَتِنُ فِيهَا الْمَرْءُ، فَلَمَّا ذَكَرَ ذَلِكَ ضَجَّ الْمُسْلِمُونَ ضَجَّةً‏.‏

അസ്മാഉ (റ) നിവേദനം: ഒരിക്കല്‍ നബി(സ) പ്രസംഗിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. അങ്ങനെ മനുഷ്യന് അനുഭവിക്കേണ്ടതായ ഖബര്‍ ശിക്ഷയെക്കുറിച്ച് അനുസ്മരിപ്പിച്ചു. ഇതുകേട്ടപ്പോള്‍ ജനങ്ങളൊന്നടങ്കം ഉച്ചത്തില്‍ നിലവിളിച്ചു. (ബുഖാരി:1373)

عَنْ أَبِي أَيُّوبَ ـ رضى الله عنهم ـ قَالَ خَرَجَ النَّبِيُّ صلى الله عليه وسلم وَقَدْ وَجَبَتِ الشَّمْسُ، فَسَمِعَ صَوْتًا فَقَالَ : يَهُودُ تُعَذَّبُ فِي قُبُورِهَا

അബൂ അയ്യൂബ്(റ) നിവേദനം: ഒരു ദിവസം സൂര്യന്‍ അസ്തമിച്ചശേഷം നബി(സ) പുറപ്പെട്ടു. അപ്പോള്‍ നബി(സ) ഒരു ശബ്ദം കേട്ടു. നബി(സ) അരുളി: ജൂതന്മാര്‍ അവരുടെ ഖബറുകളില്‍ വെച്ച് ശിക്ഷിക്കപ്പെടുകയാണ്. (ബുഖാരി:1375)

عَنِ ابْنِ عَبَّاسٍ، قَالَ مَرَّ رَسُولُ اللَّهِ ـ صلى الله عليه وسلم ـ بِقَبْرَيْنِ جَدِيدَيْنِ فَقَالَ ‏ “‏ إِنَّهُمَا لَيُعَذَّبَانِ وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَنْزِهُ مِنْ بَوْلِهِ وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ

ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരിക്കൽ നബി(ﷺ) രണ്ട് ഖബറുകളുടെ അരികിലൂടെ നടന്നുപോകവെ ഇപ്രകാരം പറഞ്ഞു. അവർ രണ്ടാളും ശിക്ഷിക്കപ്പെടുകയാണ്. ശിക്ഷയുടെ കാരണം അത്ര വലുതല്ല. (എന്നാൽ അല്ലാഹുവിങ്കൽ അത് വലിയ കുറ്റമാണ്). ഒരാൾ ഏഷണി പരത്തിയിരുന്നു. മറ്റൊരാൾ മൂത്രമൊഴിക്കുമ്പോൾ മറഞ്ഞിരിക്കാറുണ്ടായിരുന്നില്ല. (ഇബ്നുമാജ:1/374)

عَنْ عَائِشَةَ، قَالَتْ دَخَلَتْ عَلَىَّ عَجُوزَانِ مِنْ عُجُزِ يَهُودِ الْمَدِينَةِ فَقَالَتَا لِي إِنَّ أَهْلَ الْقُبُورِ يُعَذَّبُونَ فِي قُبُورِهِمْ، فَكَذَّبْتُهُمَا، وَلَمْ أُنْعِمْ أَنْ أُصَدِّقَهُمَا، فَخَرَجَتَا وَدَخَلَ عَلَىَّ النَّبِيُّ صلى الله عليه وسلم فَقُلْتُ لَهُ يَا رَسُولَ اللَّهِ إِنَّ عَجُوزَيْنِ وَذَكَرْتُ لَهُ، فَقَالَ ‏ “‏ صَدَقَتَا، إِنَّهُمْ يُعَذَّبُونَ عَذَابًا تَسْمَعُهُ الْبَهَائِمُ كُلُّهَا ‏”‏‏.‏ فَمَا رَأَيْتُهُ بَعْدُ فِي صَلاَةٍ إِلاَّ تَعَوَّذَ مِنْ عَذَابِ الْقَبْرِ‏.‏

ആയിശ(റ) നിവേദനം: ‘ഒരിക്കൽ ജൂതന്മാരിൽ പെട്ട രണ്ടു പ്രായം ചെന്ന സ്ത്രീകൾ എന്റെ അടുക്കൽ വന്നു മരണപ്പെട്ടവർ ഖബറിൽ ശിക്ഷിക്കപ്പെടുമെന്ന് പറഞ്ഞു.അവർ കള്ളം പറയുകയാവും എന്ന് കരുതി ഞാൻ ആദ്യം അത് വിശ്വസിച്ചില്ല. അവർ തിരിച്ചു പോവുകയും റസൂൽ(ﷺ) വരികയും ചെയ്തപ്പോൾ ഞാൻ ഈ വിവരം മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം(ﷺ) പറഞ്ഞു : “അവർ സത്യമാണ് പറഞ്ഞത് മരിച്ചവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും എത്രത്തോളമെന്നാൽ അവർ ശിക്ഷിക്കപ്പെടുന്നത് എല്ലാ മൃഗങ്ങൾക്കും കേൾക്കുവാൻ സാധിക്കും “. അന്നുമുതൽ അദ്ദേഹം(ﷺ) നമസ്കാരത്തിൽ ഖബർ ശിക്ഷയിൽ നിന്ന് രക്ഷ തേടുന്നത് ഞാൻ കണ്ടു’.(ബുഖാരി:6366)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: بَيْنَمَا رَجُلٌ يَجُرُّ إِزَارَهُ مِنَ الْخُيَلاَءِ خُسِفَ بِهِ، فَهْوَ يَتَجَلْجَلُ فِي الأَرْضِ إِلَى يَوْمِ الْقِيَامَةِ

അബ്‌ദുല്ലാഹിബ്‌നു ഉമറില്‍ (റ) നിവേദനം. നബി ﷺ പറഞ്ഞു. ഒരാള്‍ അഹങ്കാരത്തോടെ തന്റെ വസ്ത്രം നിലത്തിഴച്ച് വലിച്ചുകൊണ്ടിരിക്കെ അയാള്‍ ഭൂമിയില്‍ ആഴ്‌ത്തപ്പെട്ടു. അന്ത്യനാള്‍ വരെ അയാള്‍ ഭൂമിയുടെ അഗാധതയിലേക്ക്‌ താഴ്‌ന്നു കൊണ്ടേയിരിക്കും. (ബുഖാരി:3485)

അഹങ്കാരത്തോടെ വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നവന് ഖബ്റില്‍ ശിക്ഷയുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لَمَّا عُرِجَ بِي مَرَرْتُ بِقَوْمٍ لَهُمْ أَظْفَارٌ مِنْ نُحَاسٍ يَخْمِشُونَ وُجُوهَهُمْ وَصُدُورَهُمْ فَقُلْتُ مَنْ هَؤُلاَءِ يَا جِبْرِيلُ قَالَ هَؤُلاَءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ وَيَقَعُونَ فِي أَعْرَاضِهِمْ

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മിഅ്‌റാജ് രാവിൽ ഞാൻ ചെമ്പിന്റെ നഖങ്ങളാൽ നെഞ്ചും മുഖവും മാന്തുന്ന ഒരു കൂട്ടം ആളുകൾക്കരികിലൂടെ കടന്നുപോയി. ഞാൻ ചോദിച്ചു. ജിബ്‌രീലേ(അ) ആരാണിവർ? അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മാംസം തിന്നുകയും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്തവരാണവർ. (അബൂദാവൂദ് 4878-സ്വഹീഹ് അല്‍ബാനി)

പരദൂഷണം പറയുന്നവ൪ക്ക് ഖബ്റില്‍ ശിക്ഷയുണ്ടായിരിക്കുമെന്ന് ഖബ്റില്‍ ശിക്ഷയുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

عَنِ ابْنِ عَبَّاسٍ، قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِقَبْرَيْنِ فَقَالَ:‏ إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ‏‏.

ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ രണ്ടു ഖബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ നബി ﷺ പറഞ്ഞു: തീർച്ചയായും അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നു. വലിയ(തിന്മ ചെയ്ത)തിലല്ല അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നത്. ശേഷം നബി ﷺ പറഞ്ഞു: എന്നാൽ അവരിൽ രണ്ടിൽ ഒരാൾ തന്റെ മൂത്രത്തിൽ നിന്ന് (മൂത്രം തിരിച്ച് തെറിക്കുന്നതിൽ നിന്ന്) മറ സ്വീകരിക്കുമായിരുന്നില്ല. (ബുഖാരി:218)

عَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ عَامَّةَ عَذَابِ الْقَبْرِ مِنَ الْبَوْلِ فَتَنَزَّهُوا عَنْهُ

ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ക്വബ്ർ ശിക്ഷയിൽ കൂടുതലും മൂത്രത്തിന്റെ (വിഷയത്തിലാണ്). അതിനാൽ നിങ്ങൾ മൂത്രത്തിൽ നിന്ന് ശുദ്ധിയാവുക’. ( ത്വബ്റാനി – സ്വഹീഹുല്‍ ജാമിഅ്:3002)

عَنْ أَبِي هُرَيْرَةَ ‏- رضى الله عنه ‏- قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏- اِسْتَنْزِهُوا مِنْ اَلْبَوْلِ, فَإِنَّ عَامَّةَ عَذَابِ اَلْقَبْرِ مِنْهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ മൂത്രത്തിൽ നിന്നും വെടിപ്പാകുക. കാരണം ക്വബ്ർ ശിക്ഷയിൽ ഏറ്റവും കൂടുതൽ അതിനാലാണ്.

عَنِ ابنِ مَسْعُودٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: أُمِرَ بِعَبْدٍ مِنْ عِبَادِ اللهِ أَنْ يُضْرَبَ فِي قَبْرِهِ مِائَةَ جَلْدَةٍ، فَلَمْ يَزَلْ يَسْأَلُ وَيَدْعُو حَتَّى صَارَتْ جَلْدَةً وَاحِدَةً، فَجُلِدَ جَلْدَةً وَاحِدَةً، فَامْتَلَأَ قَبْرُهُ عَلَيْهِ نَارًا، فَلَمَّا ارْتَفَعَ عَنْهُ قَالَ: عَلَامَ جَلَدْتُمُونِي؟، قَالُوا: إِنَّكَ صَلَّيْتَ صَلَاةً بِغَيْرِ طُهُورٍ، وَمَرَرْتَ عَلَى مَظْلُومٍ فَلَمْ تَنْصُرْهُ

ഇബ്നു മസ്ഊദിൽ(റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടിമകളിൽ ഒരാളെ ക്വബ്റിൽ വെച്ച് നൂറ് ചാടവാറടി അടിക്കാൻ കൽപ്പിക്കപ്പെട്ടു. അയാളാകട്ടെ, അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ അത് ഒരടിയായി ചുരുക്കപ്പെട്ടു. (ആ ഒരടി കൊണ്ട് തന്നെ) അവന്റെ ക്വബ്ർ അഗ്നിയാൽ നിറക്കപ്പെട്ടു. ആ ശിക്ഷ അവനിൽ നിന്ന് ഉയർത്തപ്പെട്ടപ്പോൾ അവന്ന് ബോധം തെളിഞ്ഞു. അപ്പോൾ അവൻ ചോദിച്ചു. എന്ത് തെറ്റിന് വേണ്ടിയാണ് എന്നെ അടിച്ചത് ? അപ്പോൾ പറയപ്പെടും: ‘നീ ശുദ്ധിയില്ലാതെ ഒരു നമസ്കാരം നിർവ്വഹിച്ചിരുന്നു. നീ അക്രമിക്കപ്പെടുന്നവന്റെ അരികിലൂടെ കടന്നു പോയിട്ടും അവനെ സഹായിച്ചില്ല.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ إِذَا فَرَغَ أَحَدُكُمْ مِنَ التَّشَهُّدِ الآخِرِ فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ الْمَسِيحِ الدَّجَّالِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ എല്ലാവരും (നമസ്കാരത്തില്‍ ) അവസാനത്തെ തശഹുദില്‍ (അത്തഹിയ്യാത്തില്‍) നിന്നു വിരമിച്ചാല്‍, അവന്‍ നാല് കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോട് രക്ഷ തേടികൊള്ളട്ടെ. നരകശിക്ഷയില്‍ നിന്നും, ഖബര്‍ ശിക്ഷയില്‍ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും കുഴപ്പത്തില്‍ നിന്നും, ദജ്ജാലിന്റെ കെടുതിയില്‍ നിന്നും.’ (മുസ്ലിം:588)

عَنْ ابْنَةُ خَالِدِ بْنِ سَعِيدِ بْنِ الْعَاصِ، أَنَّهَا سَمِعَتِ النَّبِيَّ صلى الله عليه وسلم وَهُوَ يَتَعَوَّذُ مِنْ عَذَابِ الْقَبْرِ‏.‏

ഖാലിദിന്‍റെ പുത്രിയില്‍(റ) നിന്ന് നിവേദനം: ഖബറിലെ ശിക്ഷയില്‍ നിന്ന് നബി ﷺ രക്ഷതേടുന്നത് അവ൪ കേള്‍ക്കുകയുണ്ടായി. (ബുഖാരി:1376)

ഓരോരുത്തനും ചെയ്ത കര്‍മ്മങ്ങളുടെ പ്രതിഫലം അനുഭവിക്കുന്നത് അവരവരുടെ വിചാരണ കഴിഞ്ഞ ശേഷം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പ്രവേശിക്കുന്നത് മുതല്‍ക്കാണല്ലോ. എന്നിരിക്കെ, ഖബറുകളില്‍ വെച്ച് ശിക്ഷ അനുഭവിക്കുന്നതിന്റെ ന്യായം എന്താണ് ? എന്ന് വല്ലവരും സംശയിച്ചേക്കാം. വാസ്തവത്തില്‍ പരലോകത്ത് വെച്ചു നല്‍കപ്പെടുന്ന രക്ഷാശിക്ഷകള്‍ തന്നെയാണ് കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലങ്ങള്‍. അതിനുമുമ്പുണ്ടാകുന്ന സുഖദു:ഖങ്ങളെല്ലാം ഓരോരുത്തന്റെയും കര്‍മ്മങ്ങള്‍ക്കനുസരിച്ച് അവരവരില്‍ പ്രത്യക്ഷപ്പെടുന്ന ചില അനന്തരഫലങ്ങള്‍ മാത്രമാകുന്നു.

മനുഷ്യന്‍, മരണശേഷം ഖബ്റുകളില്‍വെച്ച് ചോദ്യം ചെയ്യപ്പെടും, സത്യവിശ്വാസികള്‍ ചോദ്യത്തിന് ശരിക്ക് മറുപടികൊടുക്കും, അനന്തരം അവര്‍ക്ക് സുഖകരമായ അനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യും, അവിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും മറുപടി പറയുവാന്‍ സാധിക്കുകയില്ല, അങ്ങനെ അവര്‍ പലവിധ ശിക്ഷകളും അനുഭവിക്കുകയും ചെയ്യും എന്നീ വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കിടയില്‍ – യുക്തിവാദികളായ ചില കക്ഷിക്കാര്‍ക്കൊഴികെ – ആര്‍ക്കും ഭിന്നാഭിപ്രായമില്ലാത്തതാകുന്നു. ഭൌതിക കാഴ്ചപ്പാടിനപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളെല്ലാം തങ്ങളുടെ യുക്തിവാദങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയും പ്രസ്തുത വ്യാഖ്യാനത്തിന് നിരക്കാത്ത നിരക്കാത്ത ഹദീസുകളെല്ലാം പുറംതള്ളുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ മുസ്ലിംകളുടെ കൂട്ടത്തില്‍ ഇതില്‍ ഭിന്നാഭിപ്രായമുള്ളൂ.

ഖബറിലെ ശിക്ഷാനുഭവങ്ങളെ നിഷേധിക്കുന്നവര്‍ക്ക് അതിനുള്ള പ്രധാന ന്യായം , ‘ഖബറുകള്‍ തുറന്ന് നോക്കിയാല്‍ അവിടെ ശിക്ഷകളോ മറ്റ് വല്ലതുമോ നടക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല, ജഡമാണെങ്കില്‍ നശിച്ചു പോകുന്നു, ആത്മാവും എങ്ങോ പോയിക്കഴിഞ്ഞിരിക്കുന്നു, പിന്നീട് ശിക്ഷയും മറ്റും അനുഭവിക്കുവാന്‍ അവിടെ ആരാണുള്ളത്?’ എന്നാണ്. ഈ ന്യായം കേള്‍ക്കുമ്പോള്‍ ചില സാധാരണക്കാരും സംശയത്തിനു വിധേയരാകും. ബാഹ്യലോകവും യാഥാര്‍ത്ഥ്യലോകവും തമ്മിലും, ഭൗതികലോകവും ആത്മീയലോകവും തമ്മിലും ഉള്ള വ്യത്യാസത്തെപ്പറ്റി അല്പമെങ്കിലും ആലോചിക്കുന്ന പക്ഷം, യാതൊരു സംശയത്തിനും അവകാശമില്ല. മരണവേളയില്‍ കുറ്റവാളികളുടെ അടുക്കല്‍ മലക്കുകള്‍ വന്ന് ‘നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍’ എന്ന്‍ പറയുമെന്നും, അവരുടെ മുഖത്തും, പിന്‍പുറത്തും അടിക്കുമെന്നും മറ്റും അല്ലാഹു പറയുന്നു. (ഖു൪ആന്‍:6/93, 8/50) കുറ്റവാളികള്‍ തങ്ങളെ ഒന്നുകൂടി ഐഹിക ജീവിതത്തിലേക്ക് മടക്കിക്കൊടുക്കുവാന്‍ മരണവേളയില്‍ അപേക്ഷിക്കുകയും ചെയ്യും. (ഖു൪ആന്‍:23/99) ഇതൊന്നും നമുക്കു കാണുവാന്‍ കഴിയില്ല. നമുക്ക് കാണാന്‍ കഴിയില്ലെങ്കിലും ഇതെല്ലാം സത്യമാണല്ലോ.അതുപോലെ തന്നെയാണ് ഖബ്റിലെ അവസ്ഥയും.

ഇത്തരം വാദക്കാ൪ക്ക് ഇമാം നവവി(റ) നല്‍കുന്ന മറുപടി കാണുക. ‘ഇതൊന്നും (ഖബർ ശിക്ഷയെ) നിഷേധിക്കാൻ പോന്ന തെളിവുകളല്ല, സാധാരണ നിലയിൽ തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ടല്ലോ.ഉറങ്ങുന്നവൻ ആനന്ദങ്ങളും വിഷമങ്ങളും (സ്വപ്നത്തിൽ) അനുഭവിക്കുന്നു. (അവന്റെ അടുത്തിരിക്കുന്ന നമുക്ക്) അത്‌ അനുഭവപ്പെടുന്നുമില്ല. ഇനി ഉണർന്നിരിക്കുന്നവനും താൻ ചിന്തിക്കുന്ന പല വിഷയങ്ങളിലും ആനന്ദങ്ങളും വിഷമങ്ങളും അനുഭവിക്കുന്നു.എന്നാൽ അതും അവന്റെ അടുത്തിരിക്കുന്നവന്‍ അറിയുന്നില്ല. ഈ രൂപത്തിലായിരുന്നല്ലോ ജിബ്‌രീൽ നബി(സ)ക്ക്‌ വഹ്‌യ്‌ എത്തിച്ചിരുന്നത്‌.സദസ്യർ അതൊന്നും അറിഞ്ഞി-രുന്നില്ല. ഇതൊക്കെ വളരെ വ്യക്തമാണല്ലോ’.(ശറഹു മുസ്‌ലിം: 17/200)

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റ)പറയുന്നു. ‘(എല്ലാവർക്കും) അറിയുന്ന കാര്യമാണ്, ഒരു മനുഷ്യൻ ഉറങ്ങുമ്പോൾ അവന്റെ ആത്മാവ്‌ (സ്വപ്നത്തിൽ) എഴുന്നേറ്റ്‌ ഇരിക്കുന്നു , നിൽക്കുന്നു , നടക്കുന്നു , പോകുന്നു , സംസാരിക്കുന്നു , പല കാര്യങ്ങളും ചെയ്യുന്നു എന്നുള്ളത്. ഇങ്ങനെ (ഉറക്കത്തിൽ) ശരീരവും ഒപ്പം ആത്മാവും ആനന്ദിക്കുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്നു. അവന്റെ ശരീരം ഉറക്കത്തിലാണ്. കണ്ണുകൾ അടഞ്ഞിരിക്കും.

അവയവങ്ങൾ നിശ്ചലമാണ്. എന്നാൽ സ്വപ്നത്തിന്റെ കാഠിന്യം കൊണ്ട്‌ ചിലപ്പോൾ അവയവങ്ങൾ ചലിക്കും , എഴുന്നേൽക്കും , നടക്കും, സംസാരിക്കും, ഉറക്കെ നിലവിളിക്കും. ഇത്‌ പോലെ മരണപ്പെട്ടവനും ഖബറിൽ അനുഭവിക്കുന്നതാണ്. അവന്റെ (മരണപ്പെട്ടവന്റെ) ആത്മാവ്‌ എഴുന്നേറ്റിരിക്കുന്നു , ചോദ്യങ്ങൾ ചോദിക്കപ്പെടുന്നു , അനുഗ്രഹിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നു. ഇതൊക്കെ ഖബറിൽ കിടക്കുന്ന അവന്റെ ശരീരവുമായി ബന്ധപ്പെട്ടതാണ്’.(മജ്‌മൂഉ ഫതാവ : 24/376)

ഖബറിലെ അനുഭവങ്ങളെ നിഷേധിക്കുന്നവര്‍, അതിന് തെളിവായി ഖുര്‍ആനിലെ താഴെ പറയുന്ന ആയത്ത് തെളിവായി ഉദ്ധരിക്കാറുണ്ട്.

ﻗَﺎﻟُﻮا۟ ﻳَٰﻮَﻳْﻠَﻨَﺎ ﻣَﻦۢ ﺑَﻌَﺜَﻨَﺎ ﻣِﻦ ﻣَّﺮْﻗَﺪِﻧَﺎ ۜ ۗ ﻫَٰﺬَا ﻣَﺎ ﻭَﻋَﺪَ ٱﻟﺮَّﺣْﻤَٰﻦُ ﻭَﺻَﺪَﻕَ ٱﻟْﻤُﺮْﺳَﻠُﻮﻥَ

അവര്‍ പറയും : നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്‌? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്‌. (ഖു൪ആന്‍ : 36/52)

പുനരുത്ഥാന സമയത്ത് അവിശ്വാസികള്‍ പറയും: ‘ഞങ്ങളുടെ നാശമേ, ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത് ആരാണ് ?’. മരണപ്പെട്ടവര്‍ പുനരുത്ഥാന ദിവസം വരെ സുഖമോ ദു:ഖമോ ഒന്നും അറിയാതെ ഉറങ്ങി കിടക്കുകയായിരിക്കുമെന്നും, അതിനാല്‍ ഖബറുകളില്‍ ശിക്ഷാനുഭവങ്ങള്‍ ഉണ്ടാകുമെന്നു പറയുന്നതു ശരിയല്ലെന്നും ഖബ൪ ശിക്ഷയെ നിഷേധിക്കുന്നവ൪ വാദിക്കുന്നു.

എന്നാല്‍ വാസ്തവം എന്താണ്.പെട്ടെന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവ വികാസത്തില്‍ മനുഷ്യന്‍ അമ്പരന്നു പോകുന്നു. ഈ അവസരത്തില്‍ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും വളരെ വലുതായിരിക്കും. തങ്ങള്‍ ഇപ്പോള്‍ നേരില്‍ കണ്ടു കഴിഞ്ഞ ഈപരലോക ജീവിതത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതേവരെ ഖബറുകളില്‍ തങ്ങള്‍ ഉറങ്ങി വിശ്രമിച്ചു കിടക്കുകയായിരുന്നുവെന്നു അവര്‍ക്ക് തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യം നിമിത്തം അവര്‍ സ്വയം പറയും: ‘കഷ്ടമേ, ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത് ആരാണ്?’.ദൈവദൂതന്മാര്‍ തങ്ങളോടു പറഞ്ഞിരുന്നതെല്ലാം വാസ്തവമായിരുന്നുവെന്നും പരലോകം യാഥാര്‍ത്ഥ്യമാണെന്നും അവര്‍ക്ക് തികച്ചും ബോധ്യപ്പെട്ടിരിക്കയാണ്.

ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് മുഹമ്മദ് അമാനി മൌലവി (റഹി) രേഖപ്പെടുത്തിയത് കാണുക:

‘ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത് ആരാണ് ?’ എന്ന് പറഞ്ഞത് കൊണ്ട്, മരണ ശേഷം പുനരുത്ഥാനംവരെയുള്ള കാലത്ത് എല്ലാവരും ഖബ്റുകളില്‍ -ഓരോരുത്തരും അടക്കപ്പെട്ട സ്ഥാനങ്ങളില്‍- യഥാര്‍ത്ഥത്തില്‍ ഉറക്കത്തില്‍ തന്നെയായിരുന്നുവെന്നോ, ആ കാലത്ത് പാപികള്‍ക്ക് ശിക്ഷാമയമായ ചില അനുഭവങ്ങളും, സജ്ജനങ്ങള്‍ക്ക്‌ സുഖകരമായ ചില അനുഭവങ്ങളും ഉണ്ടായിരുന്നില്ലെന്നോ ധരിക്കേണ്ടതില്ല. സുഖകരമായ ഒരവസ്ഥക്കു ശേഷം, അതിനേക്കാള്‍ ഉയര്‍ന്ന തരത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരുമ്പോള്‍, അതിനു മുമ്പത്തെ അവസ്ഥയെ നിസ്സാരമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്ക് ശേഷം അതിനേക്കാള്‍ വമ്പിച്ച ഒരു വിഷമഘട്ടം നേരിടുമ്പോള്‍ മുമ്പത്തെ വിഷമം മറന്നു പോകലും മനുഷ്യന്റെ പതിവാണ്. എന്നിരിക്കെ, പരലോകത്തെ ശിക്ഷകളും, മുമ്പ് ഊഹിക്കുവാന്‍ പോലും സാധ്യമല്ലാതിരുന്ന പല യാഥാര്‍ത്ഥ്യങ്ങളും അനുഭവത്തില്‍ വരുമ്പോള്‍, അതിനു മുമ്പത്തെ ഏതനുഭവങ്ങളും കേവലം നിസ്സാരവും, സുഖകരമായി തോന്നാതിരിക്കുമോ? മഹ്ശറിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് മുമ്പായി അവര്‍ക്ക് അല്ലാഹു ഒരു യഥാര്‍ത്ഥ ഉറക്കം തന്നെ നല്‍കുന്നതാണെന്നു ഉബയ്യുബ്നു കഅബും (റ) മറ്റും പ്രസ്താവിച്ചതായി ഇബ്നു അബീഹാതിം (റ) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ വിഷയം കൂടുതല്‍ സ്പഷ്ടമാണ് താനും.(അമാനി തഫ്സീ൪:36/52 ന്റെ വിശദീകരണം)

{നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തിൽനിന്നും നമ്മെ എഴുന്നേൽപിച്ചതാരാണ്?} അതായത്: ക്വബ്‌റിലെ ഉറക്കത്തിൽനിന്ന് ആരാണ് നമ്മളെ എഴുന്നേൽപിച്ചത്? ചില ഹദീസുകളിൽ വന്നത് കാഹളത്തിൽ ഊതുന്നതിന് തൊട്ടു മുമ്പ് ക്വബ്‌റാളികൾ ഉറങ്ങുമെന്നാണ്. (തഫ്സീറുസ്സഅ്ദി)

മാത്രമല്ല, സജ്ജനങ്ങള്‍ക്ക്‌ സന്തോഷത്തിന്റേയും, ദുര്‍ജനങ്ങള്‍ക്ക്‌ സന്താപത്തിന്റേയും പല അനുഭവങ്ങള്‍ ഖബറില്‍ വെച്ച് ഉണ്ടാകുമെന്ന് അനേകം ഹദീസുകളില്‍ സ്പഷ്ടമായി പ്രസ്ഥാവിച്ചിട്ടുള്ളതുമാണ്.

ഇനി ഖബ്ർ ശിക്ഷയെ നിഷേധിക്കുവാൻ ഉന്നയിക്കപ്പെട്ട തെളിവുകളുടെയും ന്യായങ്ങളുടെയും നിജസ്ഥിതി നമുക്കൊന്ന് പരിശോധിക്കാം. ആദ്യത്തെ ആരോപണം അത് അല്ലാഹുവിന്റെ നീതിക്ക് എതിരാണ് എന്നാണ്. അതായത്, വിചാരണക്ക് മുമ്പ് തന്നെ ശിക്ഷ നൽകുകയെന്നത് അനീതിയാകുന്നു. വിചാരണയാകട്ടെ പരലോകത്താണ്, അപ്പോൾ അതിനുമുമ്പ് ഖബ്റിൽ ശിക്ഷിക്കുകയെന്നത് നീതിയല്ലല്ലോ എന്നതാണ് ഖബ്ർ ശിക്ഷ നിഷേധിക്കാനുള്ള സുപ്രധാന ന്യായം. ഇത് കേവലം ബുദ്ധിയെ പ്രമാണമാക്കി പടച്ചുണ്ടാക്കിയ പൊള്ളയായ വിശ്വാസസംഹിതയാണ്. എങ്ങനെയാണ് വിചാരണക്ക് മുമ്പുള്ള ശിക്ഷ അനീതിയാകുന്നത് ? അദ്ദേഹത്തിന്റെ കുറ്റം അദ്ദേഹത്തിന് തെളിയിക്കപ്പെടാത്തതിനാലാണത്. അതായത്, ഇഹലോകത്ത് തന്നെ ഒരാളുടെ കുറ്റം തെളിയിക്കപ്പെട്ടാൽ, എത്രയും പെട്ടന്ന് തന്നെ, താമസിയാതെ, അദ്ദേഹത്തെ ശിക്ഷിക്കാൻ അർഹരായവർ അർഹമായ ശിക്ഷ നൽകണമെന്നാണ് നീതിബോധം തേടുന്നത്. അല്ലാതെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ സുഖവാസത്തിൽ കഴിയണമെന്ന് ഒരാളും ആഗ്രഹിക്കില്ല.

എന്നാൽ മരിച്ചയാളുടെ വിഷയത്തിൽ അയാളെ മരിപ്പിക്കുമ്പോൾ തന്നെ അയാൾക്ക് ബോധ്യമാകും അദ്ദേഹം സന്മാർഗിയാണോ ദുർമാർഗിയാണോ എന്നത്. ഖുർആനിലെ ധാരാളം ആയത്തുകൾ അതിന് തെളിവാകുന്നു.

وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ

സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:8/50)

അപ്പോൾ, ശിക്ഷ മരണത്തോടെ ആരംഭിക്കുന്നുവെന്ന് ഖുർആനിക വചനത്തിൽ നിന്ന് തന്നെ വ്യക്തം.

എന്നാൽ, അവർക്കുളള കഠിനമായ ശിക്ഷ പരലോകത്താണുള്ളത്. അത് അന്നേക്ക് നീട്ടി വെച്ചത് എന്തിനാണ് ? അല്ലാഹു തന്നെ പറയുന്നു :

وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا۟ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا۟ مِن دُونِهِۦ مَوْئِلًا

നിന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു.അവര്‍ ചെയ്ത് കൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്‌. അതിനെ മറികടന്ന് കൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല. ഖു൪ആന്‍:18/58)

കഠിനമായ ശിക്ഷയെ അല്ലാഹു പരലോകത്തേക്ക് മാറ്റിവെച്ചത് വിചാരണ കഴിയാൻ വേണ്ടിയാണെന്ന് കരുതിയെങ്കിൽ തെറ്റി. മേൽ വചനത്തിൽ അത് അല്ലാഹുവിന്റെ കാരുണ്യമായാണ് പരിചയപ്പെടുത്തുന്നത്.

ഇനി അത് മാത്രവുമല്ല, ഏതൊരു മനുഷ്യനും ഖബ്റിൽ ഒരു പരീക്ഷണമുണ്ട്. തദടിസ്ഥാനത്തിലാണ് ഒരാൾക്ക് ഖബ്റിലെ രക്ഷാ-ശിക്ഷകൾ തീരുമാനിക്കപ്പെടുന്നത്. സത്യവിശ്വസികൾ അതിൽ വിജയിക്കുകയും, സത്യനിഷേധികൾ പരാജയപ്പെടുകയും ചെയ്യും.(സുപരിചിതമായ من ربك؟ ومن نبيك؟ وما دينك؟ തുടങ്ങിയ ചോദ്യങ്ങൾ)

ഇമാം അശ്അരി (റ) പറയുന്നു: ” മനുഷ്യർ ഖബ്റിൽ ജീവിപ്പിക്കപ്പെട്ട ശേഷം ഖബ്ർ ശിക്ഷ സത്യമാണെന്നും, ഖബ്റിൽ ചോദ്യം ചെയ്യപ്പെടുമെന്നും, അവൻ ഇഷ്ടപെടുന്നവരെ അവൻ ഉറപ്പിച്ചു നിർത്തുമെന്നതിൽ അവർ( മുസ്‌ലിം സമുദായം) ഏകാഭിപ്രായക്കാരാകുന്നു. ”

ഇമാം ഇബ്നു തൈമിയ്യ(റ) പറയുന്നു: അന്ത്യനാളിലും മരണത്തിനുമിടയിൽ ബർസഖിൽ പുണ്യവും ശിക്ഷയും ഉണ്ടെന്നതാണ്; മുൻഗാമികളുടെ ഒന്നടങ്കം (ആദ്യ മൂന്ന് തലമുറയിലെ സച്ചരിതർ), അഹ്ലുസുന്നത്തി വൽ ജമാഅത്തിൻ്റേയും നിലപാട്.”

സലഫുകള്‍ (മുന്‍ഗാമികള്‍) ഖബ൪ ജീവിതത്തെ ഭയപ്പെട്ടിരുന്നു. ഖബ൪ ജീവിതത്തില്‍ സുഖവും ശിക്ഷയുമൊന്നും ഇല്ലായിരുന്നുവെങ്കില്‍ അവ൪ ഖബ൪ ജീവിതത്തെ ഭയപ്പെടേണ്ടതില്ലല്ലോ.ഉസ്മാനുബ്നു അഫാന്‍(റ) ഖബ൪ കാണുമ്പോഴെല്ലാം വാവിട്ട് കരയുമായിരുന്നു. മഹ്ശറയെ കുറിച്ചോ നരകത്തെ കുറിച്ചോ പറയുമ്പോള്‍ അദ്ദേഹം ഇങ്ങനെ കരയാറുണ്ടായിരുന്നില്ല. ഒരിക്കല്‍ സ്വഹാബികള്‍ ചോദിച്ചു: ‘ഖബ്റിനെക്കുറിച്ച് പറയുമ്പോഴും ഖബ്ര്‍ കാണുമ്പോഴും മാത്രം അങ്ങിത്ര ഭയപ്പാട് കാണിക്കുന്നതെന്താണ്? പരലോകത്ത് ഭീതിതമായ മറ്റെന്തെല്ലാം രംഗങ്ങള്‍ വരാനിരിക്കുന്നുണ്ട്?’ ഉസ്മാന്‍(റ) പറഞ്ഞു: ‘പ്രിയരേ, പരലോക ജീവിതത്തിന്റെ തുടക്കമാണ് ഖബ്ര്‍. അവിടെ രക്ഷ ലഭിച്ചാല്‍ പിന്നീടെല്ലാം എളുപ്പമായി, ഇല്ലെങ്കില്‍ കുഴപ്പമായി എന്ന് നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഖബ്റിലെ എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഓര്‍ത്താണ് ഞാന്‍ കരയുന്നത്.’

ഖബ്ര്‍ ശിക്ഷക്ക് കാരണമായ പാപങ്ങളെ കുറിച്ചും ഖബ്ര്‍ ശിക്ഷയില്‍ നിന്ന് രക്ഷനേടാനുള്ള വഴിയും നബി(സ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. ഖബറില്‍ സുഖവും ദുഖവും ഉള്ളത് കൊണ്ടാണല്ലോ നബി (സ) അപ്രകാരം നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്. മരണപ്പെട്ടവര്‍ ഖബ്‌റില്‍ വെച്ച് ചോദ്യം ചെയ്യപ്പെടുമെന്നും ഖബറിലെ രക്ഷാ ശിക്ഷകള്‍ അനുഭവിക്കുന്നത് ദേഹവും ആത്മാവും കൂടിയാണെന്നുമാകുന്നു അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം.

അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസത്തില്‍ നിന്നും ആദ൪ശത്തില്‍ നിന്നും പിഴച്ച കക്ഷികളായിരുന്നു ‘ഖവാരിജുകളും’ ‘മുഅതസലികളും’. ഈ വിഭാഗക്കാ൪ മരണാനന്തരം ‘ഖബർ ശിക്ഷ’ ഇല്ലെന്ന് വിശ്വസിക്കുന്നവരായിരുന്നു. ഖു൪ആനിലും ഹദിസിലും വ്യക്തമായി സ്ഥാപിക്കപ്പെട്ട ഇക്കാര്യം നിഷേധിക്കാൻ അവരെ പ്രേരിപ്പിച്ചത് ഇതെല്ലാം ബുദ്ധിക്കെതിരാണ് എന്നതായിരുന്നു. ഹിജ്റ 128 ൽ മരണപ്പെട്ട, ഇസ്‌ലാമിൽ നിന്ന് പുറത്താണെന്ന് മുസ്‌ലിംകൾ ഏവരും അംഗീകരിക്കുന്ന, അഹ്ലുസ്സുന്നയിൽ നിന്ന് വ്യതിചലിച്ച വിഭാഗമായ ജഹമിയ്യാക്കളുടെ നേതാവായ ജഹമ് ബ്ൻ സഫ്വാനാണ് ആദ്യമായി ഖബ്ർ ശിക്ഷ നിഷേധിച്ച വ്യക്തി.കേരളത്തില്‍ സി.എന്‍ അഹമ്മദ് മൗലവിയും ചേകന്നൂ൪ മൗലവിയും ഖബ൪ ശിക്ഷയെ നിഷേധിച്ചവരായിരുന്നു. പ്രമാണങ്ങളേക്കാള്‍ ബുദ്ധിക്ക് പ്രാധാന്യം നല്‍ക്കുന്ന മുഅതസലീ ആദ൪ശം പേറുന്നവ൪ക്ക് ഇന്നും ദഹിക്കാത്ത ഒരു കാര്യമാണിത്.അത്തരക്കാരെ നാം കരുതി ഇരിക്കേണ്ടതാണ്.

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *