ഇമാം ഇബ്നുൽ ക്വയ്യിം رحمه الله തന്റെ إغاثة اللهفان من مصايد الشيطان എന്ന ഗ്രന്ഥത്തിൽ പറഞ്ഞു:
ക്വബ്റുകളുടെ വിഷയത്തിൽ നബി ﷺ യുടെ സുന്നത്തും, അവിടുത്തെ കൽപ്പനകളും വിലക്കുകളും സ്വഹാബത്തിന്റെ നിലപാടും ഇന്നത്തെ ബഹുഭൂരിപക്ഷം ആളുകളും ചെയ്യുന്നതുമായി ചേർത്ത് വെച്ച് നോക്കിയാൽ രണ്ടും നേർവിപരീതമാണെന്നും, ഒരിക്കലും ഒരുമിച്ച് കൂടാൻ പറ്റാത്ത വിധം പരസ്പര വിരുദ്ധമാണെന്നും കാണാൻ കഴിയും.
1) നബി ﷺ ക്വബ്റിലേക്ക് തിരിഞ്ഞ് നമസ്കരിക്കുന്നതിനെ വിലക്കി. ഇവരാകട്ടെ, ക്വബ്റിന്റെ അടുത്ത നമസ്ക്കരിക്കുന്നു.
2) ക്വബ്റുകൾ മസ്ജിദുകളാക്കുന്നതിനെ നബി ﷺ വിലക്കി. ഇവരാകട്ടെ, ക്വബ്റുകൾക്ക് മേൽ പള്ളികൾ നിർമ്മിക്കുകയും അല്ലാഹുവിന്റെ ഭവനങ്ങളോട് സാദൃശ്യമാകും വിധം ‘സന്ദർശന സ്ഥലങ്ങൾ’ എന്ന് പേരിടുകയും ചെയ്യുന്നു.
3) ക്വബ്റുകൾക്ക് മേൽ വിളക്ക് കത്തിക്കുന്നതിനെ നബി ﷺ വിലക്കി. ഇവരാകട്ടെ, ക്വബ്റിന് മേൽ വിളക്ക് കത്തിച്ച് വെക്കാനായി സ്വത്ത് വക്ഫ് ചെയ്യുന്നു.
4) അവയെ ആഘോഷിക്കുന്നതിനെ നബി ﷺ വിലക്കി. ഇവരതിനെ ആഘോഷിക്കുകയും തീർത്ഥാടന സ്ഥലമാക്കുകയും പെരുന്നാളിന് ഒരുമിച്ച് കൂടുന്നത് പോലെ, അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ അതിനായി ഒരുമിച്ച് കൂടുന്നു.
5) നബി ﷺ ക്വബ്ർ നിരപ്പാക്കാൻ കൽപ്പിച്ചു.
ഇമാം മുസ്ലിം رحمه الله തന്റെ സ്വഹീഹിൽ അലിയ്യ് ബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ, അബുൽ ഹയ്യാജ് അൽ അസദിയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ .
അല്ലാഹുവിന്റെ റസൂൽ ﷺ എന്നെ നിയോഗിച്ച കാര്യത്തിന് ഞാൻ നിന്നെയും നിയോഗിക്കട്ടെ. ഒരു രൂപവും നീ ചീന്തിക്കളയാതെ വിടരുത്. ഉയർന്ന് നിൽക്കുന്ന ഒരു ക്വബ്റും നീ നിരപ്പാക്കാതെ വിടരുത്.
ഇമാം മുസ്ലിം رحمه الله തന്റെ സ്വഹീഹിൽ തന്നെ സുമാമത്ത്ബ്നു ശുഫ്ഫയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:
كُنَّا مَعَ فَضَالَةَ بْنِ عُبَيْدٍ بِأَرْضِ الرُّومِ بِرُودِسَ فَتُوُفِّيَ صَاحِبٌ لَنَا فَأَمَرَ فَضَالَةُ بْنُ عُبَيْدٍ بِقَبْرِهِ فَسُوِّيَ ثُمَّ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَأْمُرُ بِتَسْوِيَتِهَا .
ഞങ്ങൾ റോമിലെ റൂദിസിൽ ഫളാലത്ത്ബ്നു ഉബൈദിന്റെ അടുത്തായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു കൂട്ടുകാരൻ മരണപ്പെട്ടു. അപ്പോൾ ഫളാലത്തുബ്നു ഉബൈദ് അദ്ദേഹത്തിന്റെ ക്വബ്ർ നിരപ്പാക്കാൻ കൽപ്പിക്കുകയും അങ്ങനെ നിരപ്പാക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: റസൂൽ ﷺ ക്വബ്ർ നിരപ്പാക്കാൻ കൽപ്പിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ഇന്നത്തെ ആളുകൾ ഈ രണ്ട് ഹദീഥുകൾക്കും എതിര് പ്രവർത്തിക്കുന്ന കാര്യത്തിൽ അതിര് കവിഞ്ഞിരിക്കുന്നു. ക്വബ്റുകൾ വീട് പോലെ ഉയർത്തുകയും അതിൻമേൽ ഖുബ്ബകൾ നിർമ്മിക്കുകയും ചെയ്യുന്നു.
6) നബി ﷺ ക്വബ്റുകൽ കുമ്മായമിടുന്നതും അതിൻമേൽ കെട്ടിയുയർത്തുന്നതും നിരോധിച്ചു.
ജാബിർ رَضِيَ اللَّهُ عَنْهُ പറഞ്ഞതായി ഇമാം മുസ്ലിം رحمه الله തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നു:
نَهَى رَسُولُ الله ﷺ عَنْ تَجْصِيصِ الْقَبْرِ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ
ക്വബ്റുകൾ കുമ്മായമിടുന്നതും അതിൻമേൽ ഇരിക്കുന്നതും അതിൻമേൽ കെട്ടിയുയർത്തുന്നതും റസൂൽ ﷺ വിലക്കി.
7) ക്വബ്റിൻമേൽ എഴുതുന്നതും റസൂൽ ﷺ വിലക്കി.
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഇമാം തിർമിദി رحمه الله യും അബൂദാവൂദ് رحمه الله യും തങ്ങളുടെ സുനനുകളിൽ ഉദ്ധരിക്കുന്നു.
أن رسول الله ﷺ نهى أن تجصص القبور، وأن يكتب عليها
ക്വബ്റുകൾ കുമ്മായമിടുന്നതും അതിൻ മേൽ എഴുതുന്നതും റസൂൽ വിലക്കി.
ഇക്കൂട്ടരാകട്ടെ, ക്വബ്റിൻമേൽ ബോർഡുകൾ സ്ഥാപിക്കുകയും അതിൻമേൽ ഖുർആനും മറ്റും എഴുതുകയും ചെയ്യുന്നു.
8) ക്വബ്റിൽ നിന്ന് എടുത്തതിലധികം മണ്ണ് കൂടുതൽ ഇടുന്നതും വിലക്കി.
അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ജാബിർ رَضِيَ اللَّهُ عَنْهُ വിൻ്റെ ഹദീഥിൽ ഇപ്രകാരം കാണാം.
أن رسول الله : نَهَى أَنْ يُجَصَّصَ الْقَبْرِ، أَوْ يُكْتَبَ عَلَيْهِ، أَوْ يُزَادَ عَلَيْهِ
ക്വബ്റുകൾ കുമ്മായമിടുന്നതും അതിൻ മേൽ എഴുതുന്നതും അതിൽ വർദ്ധിപ്പിക്കുന്നതും റസൂൽ ﷺ വിലക്കി.
ഇവരാകട്ടെ, ആ മണ്ണിന് പുറമെ കല്ലുകളും ഇഷ്ടികകളും കുമ്മായവുമെല്ലാം വർദ്ധിപ്പിക്കുന്നു.
ഉമറുബ്നുൽ അബ്ദിൽ അസീസ് رحمه الله ക്വബ്റിൻ മേൽ ഇഷ്ടിക കൊണ്ട് കെട്ടിയുയർത്തുന്നത് വിലക്കുകയും തൻ്റെ ക്വബ്റിൻമേൽ അങ്ങനെ ചെയ്യരുത് എന്ന് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇബ്റാഹീം അന്നഖാഈ رحمه الله പറഞ്ഞു: ക്വബ്റിൻമേൽ ഇഷ്ടിക വെക്കുന്നതിനെ അവർ വെറുക്കാറുണ്ടായിരുന്നു.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ തനിക്ക് മരണം ആസന്നമായപ്പോൾ തൻ്റെമേൽ കൂടാരം കെട്ടരുതെന്ന് വസ്വിയ്യത്ത് ചെയ്തു.
ക്വബ്റിൻമേൽ കൂടാരം കെട്ടുന്നത് ഇമാം അഹ്മദ് رحمه الله വെറുത്തിരുന്നു.
ഇത്രയും വിവരിച്ചതിൻ്റെ ഉദ്ദേശ്യം:
ക്വബ്റിനെ മഹത്വവൽക്കരിച്ച് കൊണ്ട് അവയെ ആഘോഷസ്ഥലമാക്കി മാറ്റുകയും അതിൻമേൽ വിളക്കുകൾ കത്തിക്കുകയും ആരാധനാലയങ്ങളും ഖുബ്ബകളും നിർമ്മിക്കുകയും ചെയ്യുന്നവർ റസൂൽ ﷺ യുടെ കൽപ്പനയെ ലംഘിച്ചവരും റസൂൽ ﷺ കൊണ്ടുവന്നതിന് എതിര് പ്രവർത്തിച്ചവരുമാണ്.
ഇതിലേറ്റവും ഗുരുതരം ക്വബ്റുകൾ സുജൂദിന്റെ കേന്ദ്രങ്ങളാക്കുന്നതും അതിൻമേൽ വിളക്ക് കത്തിക്കുന്നതുമാണ്. അത് വൻപാപങ്ങളിൽ പെട്ടതാണ്.
إغاثة اللهفان من مصايد الشيطان ൽ നിന്നും
www.kanzululoom.com