ശുദ്ധി
1. ത്വഹാറത്തിന്റെ പ്രാധാന്യവും വിഭജനവും:
‘ത്വഹാറത്ത്’ അഥവാ ‘ശുദ്ധി’ നമസ്‌കാരത്തിന്റെ താക്കോലും അതിന്റെ ഏറ്റവും പ്രബലമായ ശർത്വും (നിബന്ധന) ആകുന്നു. ശർത്വ് മശ്‌റൂത്വിനെ(ഏതൊരു കാര്യത്തിനാണോ ശ്വർത്വു നിശ്ചയിക്കപ്പെട്ടത് അതിനെ) മുൻകടക്കൽ അനിവാര്യമാണ്.
ത്വഹാറത്ത് രണ്ടു വിധത്തിലാണ്:
ഒന്ന്: ത്വഹാറത്തു മഅ്‌നവിയ്യഃ (ആത്മീയ ശുദ്ധി). ശിർക്കിൽനിന്നും തെറ്റുകളിൽനിന്നും ഹൃദയത്തെ കറുപ്പിച്ച എല്ലാ പാപക്കറകളിൽനിന്നും ഹൃദയത്തെ ശുദ്ധീകരിക്കലാകുന്നു അത്. ശാരീരിക ശുദ്ധിയെക്കാൾ ഏറ്റവും പ്രധാനമാണ് അത്. ശിർക്കാകുന്ന മാലിന്യമുള്ളതോടൊപ്പം ശാരീരികശുദ്ധി സാക്ഷാത്കരിക്കുവാൻ സാധിക്കില്ല. അല്ലാഹു പറഞ്ഞു:
إِنَّمَا ٱلْمُشْرِكُونَ نَجَسٌ
ബഹുദൈവവിശ്വാസികൾ അശുദ്ധർ തന്നെയാകുന്നു. (ഖു൪ആന്‍:9/38)
രണ്ട്: ത്വഹാറത്തുൻ ഹിസ്സിയ്യഃ (ബാഹ്യശുദ്ധി). താഴെവരുന്ന വരികളിൽ അതിനെക്കുറിച്ചുള്ള വിവരണമുണ്ട്.
2. ത്വഹാറത്തിന്റെ നിർവചനം:
വൃത്തി, മാലിന്യങ്ങളിൽനിന്നുള്ള ശുചീകരണം എന്നൊക്കെയാണ് ഭാഷയിൽ ത്വഹാറത്ത് അർഥമാക്കുന്നത്. റഫ്ഉൽഹദസും (അശുദ്ധിയെ ഉയർത്തൽ) ഇസാലത്തുന്നജാസഃയു(മാലിന്യങ്ങൾ നീക്കൽ)മാണ് ത്വഹാറത്തിന്റെ സാങ്കേതികഭാഷ്യം.
വലിയഅശുദ്ധിയാണെങ്കിൽ നിയ്യത്തോടെ ശരീരം മുഴുവൻ വെള്ളമുപയോഗിച്ചുകൊണ്ടും (കുളിച്ചും) ചെറിയ അശുദ്ധിയാണെങ്കിൽ വുദൂഇന്റെ അവയവങ്ങളിൽ വെള്ളം ഉപയോഗിച്ചുകൊണ്ടും (വുദൂഅ് ചെയ്തും) വെള്ളം ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ വെള്ളമുപയോഗിക്കുവാൻ കഴിയാതിരിക്കുകയോ ചെയ്താൽ വെള്ളത്തിനു പകരമായത് അഥവാ മണ്ണ് ഇസ്‌ലാം കൽപിച്ച നിലയ്ക്ക് ഉപയോഗിച്ചു കൊണ്ടും(തയമ്മും ചെയ്തുകൊണ്ടും) നമസ്‌കാരത്തെ തടയുന്ന അവസ്ഥയെ നീക്കലാണ് റഫ്ഉൽഹദസു(അശുദ്ധിയെ ഉയർത്തൽ)കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അതിനെക്കുറിച്ചുള്ള വിവരണം തയമ്മുമിന്റെ അധ്യായത്തിൽ വരുന്നുണ്ട്.
ശരീരത്തിൽനിന്നും വസ്ത്രത്തിൽനിന്നും സ്ഥലത്തുനിന്നും നജസിനെ നീക്കലാണ് ‘സവാലുൽ ഖബസ്’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
അപ്പോൾ, ത്വഹാറത്തുൻ ഹിസ്സിയ്യഃ (ബാഹ്യശുദ്ധി) രണ്ടു നിലയ്ക്കാണ്. 1) ത്വഹാറത്തു ഹദസ് (അശുദ്ധിയിൽനിന്നുള്ള ശുദ്ധി). ഇത് ശരീരത്തിനു പ്രത്യേകമാണ്. 2) ത്വഹാറത്തുഖബസ് (നജസിൽനിന്നുള്ള ശുദ്ധി). ഇത് ശരീരത്തിനും വസ്ത്രത്തിനും സ്ഥലത്തിനുമാകുന്നു.
‘ഹദസ്’ അഥവാ ‘അശുദ്ധി’ രണ്ടു നിലയ്ക്കാകുന്നു. ഹദസുൻ അസ്വ‌്ഗർ (ചെറിയ അശുദ്ധി). അതു വുദൂഇനെ നിർബന്ധമാക്കുന്നതാണ്. ഹദസുൻ അക്ബർ (വലിയഅശുദ്ധി). അതാകട്ടെ കുളിയെ നിർബന്ധമാക്കുന്നതാണ്.
കഴുകൽ നിർബന്ധമാകുന്നത്, വെള്ളം കുടയൽ നിർബന്ധമാകുന്നത്, തടവൽ നിർബന്ധമാകുന്നത് എന്നിങ്ങനെ നജസ് മൂന്നുതരമാകുന്നു.
ശുദ്ധി കൈവരിക്കാനുപയുക്തമായ വെള്ളം
ശുദ്ധി കൈവരിക്കുവാനും നജസ് നീക്കുവാനും അശുദ്ധി ഉയർത്തുവാനും ഒരു ദ്രവ്യം ആവശ്യമാണ്. അതത്രെ വെള്ളം. ത്വഹാറത്ത് കൈവരുത്തുന്നതിനുള്ള വെള്ളം ത്വഹൂറായതായിരിക്കണം. സ്വയം ശുദ്ധവും മറ്റൊന്നിനെ ശുദ്ധമാക്കുന്നതുമാകുന്നു ‘ത്വഹൂർ.’ സൃഷ്ടിക്കപ്പെട്ട അതേയവസ്ഥയിൽ ശേഷിക്കുന്ന വെള്ളമാകുന്നു അത്; മഴവെള്ളം, മഞ്ഞും ആലിപ്പഴവും അലിഞ്ഞുള്ളജലം എന്നിവ പോലെ ആകാശത്തിൽനിന്നു വർഷിച്ചതായാലും; പുഴ, അരുവി, കിണർ, സമുദ്രം എന്നിവയിലെ ജലംപോലെ ഭൂമിയിലുള്ളതായാലും ശരി.
…. وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُم بِهِۦ
നിങ്ങളെ ശുദ്ധീകരിക്കുന്നതിനുവേണ്ടി അവൻ നിങ്ങളുടെമേൽ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന (സന്ദർഭവും ഓർക്കുക) (ഖു൪ആന്‍:8/11)
وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً طَهُورًا
ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:25/48)
തിരുനബിﷺ പ്രാർഥിച്ചു:
اللَّهُمَّ اغْسِلْنِي مِنْ خَطَايَاىَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ
അല്ലാഹുവേ, വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴംകൊണ്ടും എന്റെ പാപങ്ങൾ നീ കഴുകിക്കളയേണമേ. (മുസ്ലിം:598)
സമുദ്രജലത്തെക്കുറിച്ചു തിരുമേനിﷺ പറഞ്ഞു:
هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ
അതിലെ വെള്ളം ശുദ്ധിയുള്ളതും അതിലെ ശവം (ആഹരിക്കുന്നത്) അനുവദനീയവുമാകുന്നു. (അബൂദാവൂദ്:83)
ത്വഹൂറായ വെള്ളം സ്വയം ശുദ്ധവും മറ്റൊന്നിനെ ശുദ്ധീകരിക്കുന്നതുമാകുന്നു. സുർക്ക, പെട്രോൾ, ജ്യൂസ്, നാരങ്ങനീര് പോലെയുള്ള വെള്ളമല്ലാത്ത ദ്രാവകങ്ങൾകൊണ്ട് ശുദ്ധികൈവരില്ല. കാരണം, അല്ലാഹു പറഞ്ഞു:
فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا
നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖത്ത് തയമ്മും ചെയ്തുകൊള്ളുക. (ഖു൪ആന്‍:25/48)
വെള്ളമല്ലാത്ത ദ്രാവകങ്ങൾകൊണ്ട് ശുദ്ധികൈവരുമായിരുന്നുവെങ്കിൽ വെള്ളം ലഭിക്കാത്തവനെ അതിലേക്കു പ്രേരിപ്പിക്കുമായിരുന്നു; മണ്ണുപയോഗിക്കുവാൻ പ്രേരണയേകുമായിരുന്നില്ല. ഈ കാലഘട്ടത്തിൽ ആധുനികമായുള്ള ശുചീകരണദ്രവ്യങ്ങൾ പോലുള്ള, നജസിനെ നീക്കുന്ന എല്ലാ ദ്രാവകങ്ങൾകൊണ്ടും നജസു നീക്കൽ സാധുവാകും.
3. നജസു കലർന്ന വെള്ളം
വെള്ളത്തിൽ നജസു കലരുകയും വെള്ളത്തിന്റെ മണം, രുചി, നിറം, എന്നീ മൂന്നു ഗുണങ്ങളിലൊന്നിനു മാറ്റം വരുത്തുകയുമായാൽ ആ വെള്ളം നജസാകുന്നു എന്നതിൽ ഇജ്മാഅ് (പണ്ഡിതാഭിപ്രായ ഐക്യം) ഉണ്ട്. അത് ഉപയോഗിക്കൽ അനുവദനീയമല്ല. അത് അശുദ്ധിയെ ഉയർത്തുകയോ നജസിനെ നീക്കുകയോ ചെയ്യുകയുമില്ല. എന്നാൽ വെള്ളം കൂടുതലുണ്ടാവുകയും അതിൽ നജസു കലർന്ന് അതിന്റെ മണം, രുചി, നിറം എന്നീ ഗുണങ്ങളിലൊന്നിനു യാതൊരു മാറ്റവും വന്നിട്ടില്ലെങ്കിൽ അത് നജസാവുകയില്ല. അതുകൊണ്ട് ശുദ്ധി കരഗതമാകും. വെള്ളം കുറച്ചാണെങ്കിൽ അത് നജസാവുകയും അതിനാൽ ശുദ്ധി കരഗതമാവുകയുമില്ല. രണ്ടു ക്വുല്ലത്തോ അതിൽ കൂടുതലോ ആണ് വെള്ളത്തിന്റെ കൂടിയ അളവ്. അതിനു താഴെയുള്ളത് വെള്ളത്തിന്റെ കുറഞ്ഞ അളവാണ്.
അതിന്നുള്ള തെളിവ് അബൂസഈദ് അൽഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽനിന്നുള്ള ഹദീസാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ الْمَاءَ طَهُورٌ لَا يُنَجِّسُهُ شَيْءٌ
വെള്ളം ശുദ്ധീകരണക്ഷമമാണ്. യാതൊന്നും അതിനെ നജസാക്കില്ല. (അഹ്മദ്, നസാഇ, തിര്‍മിദി)
ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്, തിരുദൂതർﷺ പറഞ്ഞു:
إِذَا بَلَغَ الْمَاءُ قُلَّتَيْنِ لَمْ يَحْمِلِ الْخَبَثَ
വെള്ളം രണ്ട് ക്വുല്ലത്ത് എത്തിയാൽ മാലിന്യത്തെ അത് വഹിക്കുകയില്ല. (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി)
4. ത്വാഹിർ (ശുദ്ധമായ ദ്രവ്യം) കലർന്ന വെള്ളം
വൃക്ഷത്തിന്റെ ഇലകൾ, സോപ്പ്, ക്ഷാരം, താളി, അല്ലെങ്കിൽ ഇതുപോലുള്ള ശുദ്ധമായ ദ്രവ്യങ്ങൾ കലർന്ന വെള്ളത്തിൽ പ്രസ്തുത ദ്രവ്യങ്ങൾ വെള്ളത്തെ അതിജയിച്ചിട്ടില്ലെങ്കിൽ ആ വെള്ളം ത്വഹൂറാകുന്നു എന്നതാണ് ശരിയായ അഭിപ്രായം. പ്രസ്തുത വെള്ളംകൊണ്ട് അശുദ്ധിയിൽനിന്നും നജസിൽനിന്നും ശുദ്ധിവരുത്തൽ അനുവദനീയവുമാകുന്നു. കാരണം, അല്ലാഹു പറയുന്നു:
وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ
നിങ്ങൾ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താൽ-അല്ലെങ്കിൽ നിങ്ങളിലൊരാൾ- മലമൂത്രവിസർജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പർക്കം നടത്തുകയോ ചെയ്തുവെങ്കിൽ -എന്നിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയതുമില്ലെങ്കിൽ-നിങ്ങൾ ശുദ്ധിയുള്ള ഭൂമുഖം തേടി (തയമ്മും ചെയ്തു)ക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. (ഖു൪ആന്‍:4/43)
ഇവിടെ വെള്ളം എന്നർഥമുള്ള ‘മാഅ്’ എന്ന പദം നകിറ (അക്ലിപ്ത നാമം) ആണ്. അതാകട്ടെ ‘നഫ്‌യി’(നിരാകരണം)ന്റെ സന്ദർഭത്തിലാണ് വന്നിട്ടുള്ളത്. മൊത്തത്തിൽ എല്ലാ വെള്ളവും എന്നതാണ് ഈ പ്രയോഗം അറിയിക്കുന്നത്. കലർപ്പില്ലാത്ത വെള്ളം, കലർപ്പുള്ള വെള്ളം എന്ന വ്യതാസം ഇവിടെയില്ല.
തിരുനബിﷺയുടെ പുത്രിയുടെ മൃതദേഹം കുളിപ്പിക്കുവാനൊരുങ്ങിയ സ്ത്രീകളോട് തിരുമേനിﷺ പറഞ്ഞു: “മൂന്നു പ്രാവശ്യമോ അഞ്ചു പ്രവശ്യമോ ആവശ്യമെന്നു തോന്നുന്നുവെങ്കിൽ അതിനെക്കാൾ കുടുതൽ പ്രാവശ്യമോ വെള്ളവും താളിയുമുപയോഗിച്ച് നിങ്ങൾ അവരെ കുളിപ്പിക്കുക. അവസാനത്തെ പ്രാവശ്യം അൽപം കർപ്പൂരവും ചേർക്കുക.’’
5. ശുദ്ധീകരണത്തിനുപയോഗിച്ച വെള്ളത്തിന്റെ വിധി
വുദൂഅ് ചെയ്യുന്നവന്റെ അവയവങ്ങളിൽനിന്നോ കുളിക്കുന്നവനിൽനിന്നോ ഒലിച്ചിറങ്ങിയ വെള്ളം പോലുള്ള, ശുദ്ധിവരുത്തുവാനുപയോഗിച്ച വെള്ളം (മാഉൻ മുസ്തഅ്മൽ) ശുദ്ധവും മറ്റൊന്നിനെ ശുദ്ധിയാക്കുന്നതുമാണ് എന്നതാണ് ശരിയായ അഭിപ്രായം. അഥവാ, മണം, രുചി, നിറം എന്നീ മൂന്നു വിശേഷണങ്ങളിലൊന്നിനു വ്യത്യാസം വരാത്ത കാലത്തോളം അത് അശുദ്ധിയെ ഉയർത്തുകയും നജസി നെ നീക്കുകയും ചെയ്യുവാൻ പര്യാപ്തമാണ്. പ്രസ്തുത വെള്ളം ശുദ്ധമാണെന്നതിന്റെ തെളിവ്:
أَنَّ النَّبِيَّ كان إِذَا تَوَضَّأَ النَّبِيُّ صلى الله عليه وسلم كَادُوا يَقْتَتِلُونَ عَلَى وَضُوئِهِ.
തിരുനബിﷺ വുദ്വൂഅ് ചെയ്താൽ തിരുമേനിയുടെ വദ്വൂഇനായി(വുദൂഅ് ചെയ്ത വെള്ളം) അവർ മത്സരിക്കുമായിരുന്നു. (ബുഖാരി:189)
താൻ വുദ്വൂഅ് ചെയ്ത വെള്ളം തിരുമേനി ജാബിറിന്ന് അദ്ദേഹം രോഗിയായപ്പോൾ ചൊരിഞ്ഞുകൊടുത്തിട്ടുണ്ട്. (ബുഖാരി:5651 – മുസ്ലിം:1616)
ശുദ്ധിവരുത്തുവാനുപയോഗിച്ച വെള്ളം നജസായിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യൽ അനുവദനീയമാകില്ല. തിരുനബിയും സ്വഹാബികളും അവിടുത്തെ ഭാര്യമാരും കോപ്പകളിൽനിന്നും ചെറിയ പാത്രങ്ങളിൽനിന്നും വുദൂഅ് ചെയ്യുമായിരുന്നു. കുഴിഞ്ഞ പാത്രങ്ങളിൽനിന്ന് കുളിക്കുമായിരുന്നു. ഉപയോഗിക്കുന്നവനിൽനിന്ന് വെള്ളത്തുള്ളികൾ ഇതിൽ തെറിച്ചുവീഴുന്നതിൽനിന്ന് ഈ പാത്രങ്ങളൊന്നും സുരക്ഷിതമല്ലല്ലോ. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനോട് തിരുനബിﷺ പറഞ്ഞു:
إِنَّ الْمُؤْمِنَ لاَ يَنْجُسُ
നിശ്ചയം, ഒരു മുസ്‌ലിം നജസാവുകയില്ല. (മുസ്‌ലിം:371)
മുസ്‌ലിം അപ്രകാരമാണെങ്കിൽ അവന്റെ കേവല സ്പർശനം വെള്ളത്തിന്റെ ശുദ്ധിയെ നഷ്ടപ്പെടുത്തുകയില്ല.
പുരുഷൻ കുളിച്ച് മിച്ചമുള്ള വെള്ളത്തിൽനിന്ന് സ്ത്രീക്ക് ശുദ്ധിവരുത്താം. ഇപ്രകാരം സ്ത്രീ കുളിച്ച് മിച്ചമുള്ള വെള്ളത്തിൽനിന്ന് പുരുഷനും ശുദ്ധിവരുത്താം. കാരണം മയ്‌മൂന رَضِيَ اللَّهُ عَنْها (തിരുനബിയുടെ പത്‌നി) കുളിച്ചു മിച്ചമുള്ള വെള്ളത്തിൽനിന്ന് തിരുമേനിﷺ കുളിക്കുമായിരുന്നു.
6. മനുഷ്യരുടെയും മൃഗങ്ങളുടെയും സുഅ്‌റുകൾ
‘സുഅ്ർ’ എന്നാൽ പാനം ചെയ്യുന്നവൻ പാനംചെയ്ത ശേഷം പാത്രത്തിൽ ശേഷിക്കുന്നതാകുന്നു. മനുഷ്യൻ ത്വാഹിറാകുന്നു(ശുദ്ധിയുള്ളവനാകുന്നു). അവൻ ശേഷിപ്പിക്കുന്ന വെള്ളവും ശുദ്ധമാകുന്നു. അവൻ മുസ്‌ലിമായാലും കാഫിറായാലും ശരി. ഇപ്രകാരം തന്നെയാണ് ജനാബത്തുകാരനും ഋതുമതിയും കുടിച്ച് ശേഷിപ്പിക്കുന്ന വെള്ളവും. തിരുനബിﷺ പറഞ്ഞു:
إِنَّ الْمُؤْمِنَ لاَ يَنْجُسُ
നിശ്ചയം, ഒരു മുസ്‌ലിം നജസാവുകയില്ല. (മുസ്‌ലിം:371)
ആഇശ رَضِيَ اللَّهُ عَنْها യിൽനിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്: “അവർ ആർത്തവകാരിയായിരിക്കെ പാത്രത്തിൽനിന്ന് വെള്ളം കുടിക്കുമായിരുന്നു. അപ്പോൾ തിരുദൂതർﷺ ആ പാത്രം എടുക്കുകയും അവർ വായവച്ചേടത്തു തന്റെ വായവച്ചു കുടിക്കുകയും ചെയ്തിരുന്നു. (മുസ്ലിം:300)
ആട്, മാട്, ഒട്ടകം എന്നീ വർഗത്തിൽപെട്ട, മാംസം ഭക്ഷിക്കപ്പെടുന്ന മൃഗങ്ങളും മാംസം ഭക്ഷ്യയോഗ്യമായ ഇതരമൃഗങ്ങളും ശേഷിപ്പിച്ച കുടിവെള്ളം ശുദ്ധമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. എന്നാൽ വന്യമൃഗങ്ങൾ, കഴുത തുടങ്ങിയുള്ള മാംസം ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങൾ ശേഷിപ്പിച്ച കുടിവെള്ളത്തിന്റെ വിഷയത്തിൽ ശരിയായ നിലപാട് അതു ത്വാഹിറാകുന്നു എന്നതാണ്. അവ കുടിക്കുന്നത് വെള്ളത്തിൽ സ്വാധീനിക്കുന്നില്ല. ഇപ്രകാരമാണ് പൂച്ച ശേഷിപ്പിച്ച വെള്ളവും. പാത്രത്തിൽനിന്നു വെള്ളം കുടിച്ച പൂച്ചയുടെ വിഷയത്തിൽ തിരുമേനിﷺ പറഞ്ഞു:
إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنَ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَاتِ
നിശ്ചയം, അതു നജസല്ല; പ്രത്യുത അത് നിങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു ജീവി മാത്രമാണ്. (അബൂദാവൂദ് : 75)
മാത്രവുമല്ല അത് വെള്ളം കുടിക്കുന്നതിനെതൊട്ട് സൂക്ഷ്മത പുലർത്തൽ മിക്കവാറും പ്രയാസകരമാകുന്നു. പൂച്ച ശേഷിപ്പിച്ച കുടിവെള്ളം നജസാണെന്നും അതു തലയിട്ട വസ്തുക്കൾ കഴുകണമെന്നും നമ്മൾ പറഞ്ഞാൽ അതിൽ മശക്ക്വത്താണ് (ഞെരുക്കം). മശക്ക്വത്താകട്ടെ ഈ സമുദായത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതുമാകുന്നു.
എന്നാൽ നായ ശേഷിപ്പിച്ച വെള്ളം നജസാകുന്നു. ഇപ്രകാരമാകുന്നു പന്നിയുടെതും. നായയുടെ വിഷയത്തിൽ ഇപ്രകാരം നിവേദനമുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا وَلَغَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيُرِقْهُ ثُمَّ لْيَغْسِلْهُ سَبْعَ مِرَارٍ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാളുടെ പാത്രത്തിൽ നായ നാവിട്ടാൽ പാത്രം ഏഴുതവണ കഴുകിക്കൊണ്ടാണ് അതിനെ ശുദ്ധി വരുത്തേണ്ടത്. ഏഴിൽ ഒന്നാമത്തെത് മണ്ണുകൊണ്ടായിരിക്കണം.’(മുസ്‌ലിം: 279)
പന്നിയുടെ ശിഷ്ടജലം നജസാകുവാൻ കാരണം അതിലുള്ള മലിനതയും മ്ലേച്ഛതയും വൃത്തിഹീനതയുമാണ്. അല്ലാഹു പറഞ്ഞു:
قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ
“(നബിയേ,) പറയുക: എനിക്ക് ബോധനം നൽകപ്പെട്ടിട്ടുള്ളതിൽ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാൻ പാടില്ലാത്തതായി യാതൊന്നും ഞാൻ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ…’’(ഖു൪ആന്‍:6/145)
ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
kanzululoom.com