മുഹമ്മദ് നബി ﷺ പ്രവാചകനാണെന്നതിന്റെ തെളിവുകൾ

ലോകത്തിന് കാരുണ്യമായിക്കൊണ്ട് കടന്നുവന്ന അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി ﷺ. അദ്ധേഹം അല്ലാഹുവിന്റെ റസൂലാണെന്നതിന് ധാരാളം തെളിവുകളുണ്ട്. അതിൽ പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കുന്നു.

(ഒന്ന്) വിശുദ്ധ ഖുർആൻ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ : مَا مِنَ الأَنْبِيَاءِ نَبِيٌّ إِلاَّ أُعْطِيَ مَا مِثْلُهُ آمَنَ عَلَيْهِ الْبَشَرُ، وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَاهُ اللَّهُ إِلَىَّ فَأَرْجُو أَنْ أَكُونَ أَكْثَرَهُمْ تَابِعًا يَوْمَ الْقِيَامَةِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യരില്‍ വിശ്വാസം ഉണ്ടാക്കുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക്‌ ലഭിച്ചത്‌ അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്‌യ്‌) അത്രെ. അതുകൊണ്ട്‌ പരലോകദിനത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി:4981)

അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്‌യ്‌) എന്നത് വിശുദ്ധ ക്വുര്‍ആനാകുന്നു. അത് അല്ലാഹുവില്‍ നിന്നുള്ളതല്ലെന്നും മുഹമ്മദ് നബി ﷺ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും ആ൪ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ഇതുപോലുള്ള ഒരു ഖുര്‍ആന്‍ കൊണ്ടുവരട്ടെയെന്ന് ഖുര്‍ആന്‍ വെല്ലുവിളിച്ചു. അതിന് കഴിയില്ലെങ്കില്‍ ഖു൪ആനിലുള്ളതു പോലുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ ഖു൪ആന്‍ വീണ്ടും വെല്ലുവിളിച്ചു. അതിനും കഴിയില്ലെങ്കില്‍ ഖു൪ആനിലുള്ളതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ ഖു൪ആന്‍ വീണ്ടും വെല്ലുവിളിച്ചു.

أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَٰدِقِينَ

അതല്ല, അദ്ദേഹം (നബി) അത്(ഖു൪ആന്‍) കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. (ഖുര്‍ആന്‍: 52/33-34)

أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ

അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. (ഖുര്‍ആന്‍: 11/13)

وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ

നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനിനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌). (ഖുര്‍ആന്‍: 2/23)

ഖു൪ആനിലുള്ളതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ മുഴുവന്‍ മാനവ സമൂഹത്തോടുമായി ഖു൪ആന്‍ വെല്ലുവിളി നടത്തിയിട്ടും ഇന്നുവരെയും ഖു൪ആനിന്റെ ഈ വെല്ലുവിളി ഏറ്റെടുത്ത് ഇതു പോലെയുള്ള ഒരു അദ്ധ്യായമെങ്കിലും ചമച്ച് കൊണ്ടുവരാന്‍ ആ൪ക്കും കഴിഞ്ഞിട്ടില്ല. ലോകത്തിലുള്ള മുഴുവന്‍ സൃഷ്ടികളും ഒരുമിച്ചു കൂടിയാല്‍ പോലും ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായതിന് തുല്യമായ ഒരു അദ്ധ്യായം പോലും കൊണ്ടുവരാന്‍ കഴിയില്ലെന്നതാണ് ഈ വെല്ലുവിളിയിലൂടെ ഖു൪ആന്‍ പ്രഖ്യാപിക്കുന്നത്. മാനവരാശിയുടെ കര്‍ണപുടങ്ങളില്‍ ഖുര്‍ആനിന്റെ വെല്ലുവിളി അലച്ചുകൊണ്ടിരിക്കുന്നു. ലോകാവസാനംവരെ ഈ വെല്ലുവിളി ഖു൪ആനില്‍ അതേപടി അവശേഷിക്കുകതന്നെ ചെയ്യും. മറ്റു വേദഗ്രന്ഥങ്ങളുടെ ഭാഷകളെപ്പോലെ ഖുര്‍ആനിന്റെ ഭാഷ ഒരു നിര്‍ജ്ജീവ ഭാഷയല്ല. അത് ഇന്നും നിലനില്‍‌ക്കുന്ന അനേകം രാജ്യങ്ങളിലെ കോടികണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സംസാരഭാഷയാണ്. എന്നിട്ടും ആ൪ക്കുംതന്നെ ഖുര്‍ആനിന്റെ ഈ വെല്ലുവിളിക്കു മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുകയുമില്ല. ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതായതിനാലാണ് അതുപോലെയുള്ള ഒരു ഗ്രന്ഥമോ അദ്ധ്യായമോ കൊണ്ടു വരുവാന്‍ ആര്‍ക്കും കഴിയാത്തത്.

ഖുര്‍ആന്‍ കേവലമായ ഒരു മാനുഷിക രചനയായിരുന്നെങ്കില്‍ ഇത്തരമൊരു വെല്ലുവിളി നടത്താന്‍ ഖുർആനിന് സാധിക്കുമായിരുന്നില്ല. മനുഷ്യര്‍ മുഴുവന്‍ ഒന്നിച്ചു ചേര്‍ന്നാല്‍ പോലും തന്റെ രചനയിലെ ഒരു അധ്യായത്തിനു തുല്യമായ ഒരെണ്ണം കൊണ്ടുവരാന്‍ കഴിയില്ലെന്ന് പറയാന്‍ ഒരു മനുഷ്യനും ധൈര്യം വരില്ല. ഈ വെല്ലുവിളിയിലൂടെ ഖുര്‍ആനിന്റെ അമാനുഷികത പ്രകടമാക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ മനുഷ്യ൪ക്ക് കഴിയാത്ത സാഹചര്യത്തില്‍, ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നും അത് കൊണ്ടുവന്ന മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ബോധ്യപ്പെടുന്നു.

(രണ്ട്) നബി ﷺ യുടെ ജീവിതം

മുഹമ്മദ് നബി ﷺ യുടെ ജീവിതത്തില്‍ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും അത്യുത്തമമായ മഹനീയ മാതൃക കാണാവുന്നതാണ്. അദ്ധേഹത്തിന്റെ കൂടെ ജീവിച്ചവർതന്നെ അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

عن عائشة أم المؤمنين – رضي الله عنها- أن سَعدَ بن هِشامٍ سألها فقال : يَا أُمَّ المُؤمِنين : أنبئيني عن خُلقِ رسولِ اللهِ ﷺ ، قالت: أليس تقرَأُ القرآنَ؟ قال: بلى، قالت: فإن خُلُقَ نبيِّ اللهِ ﷺ كان القرآنَ

ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746)

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم أَحْسَنَ النَّاسِ خُلُقًا

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150)

നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)

قَالَ رَسُولَ اللَّهِ صلى الله عليه وسلم: بُعِثْتُ لأُتَمِّمَ حُسْنَ الأَخْلاَقِ‏

നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

(മൂന്ന്) നബി ﷺ യുടെ പ്രവചനങ്ങൾ

മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നതിന്റെ ധാരാളം തെളിവുകളിൽ ഒന്ന്, അവിടുന്ന് പറഞ്ഞ പ്രവചനങ്ങൾ സത്യമായി പുലരുന്നു എന്നതാണ്. അവിടുന്ന് പ്രവചിച്ച കാര്യങ്ങളൊക്കെ പുലർന്നുകൊണ്ടേയിരിക്കുന്നു. എത്രയെത്ര പ്രവചനങ്ങൾ. ഒരു ഉദാഹരണം കാണുക:

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَالَّذِي نَفْسِي بِيَدِهِ لاَ تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لاَ يَدْرِي الْقَاتِلُ فِيمَ قَتَلَ وَلاَ الْمَقْتُولُ فِيمَ قُتِلَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ഈ ലോകം അവസാനിക്കുകയില്ല ഒരു നാള്‍ വരുന്നത് വരെ. അന്ന് കൊല്ലുന്നവന് താന്‍ എന്തിനാണ് കൊല്ലുന്നതെന്നോ കൊല്ലപ്പെട്ടവന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ അറിയുകയില്ല. (മുസ്‌ലിം:20908)

(നാല്) നബി ﷺ യിലൂടെ വെളിപ്പെട്ട അൽഭുത സംഭവങ്ങൾ

പ്രവാചകന്മാരായി നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ തന്നെയാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന, സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. വ്യത്യസ്തങ്ങളായ മുഅ്ജിസത്തുകളാണ് ഓരോ പ്രവാചകനിലൂടെയും അല്ലാഹു പ്രകടമാക്കിയിട്ടുള്ളത്. മുഹമ്മദ് നബി ﷺ യിലൂടെയും അല്ലാഹു പലവിധത്തിലുള്ള അമാനുഷിക സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതാകട്ടെ മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്റെ തെളിവാണ്.ചന്ദ്രന്‍ പിളര്‍ന്ന സംഭവം ഇതിന് ഉദാഹരണമാണ്.

നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നതിനുമുമ്പ് നടന്ന അത്ഭുതകരമായ ഒരു സംഭവായിരുന്നു ഇത്.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ـ رضى الله عنه ـ قَالَ انْشَقَّ الْقَمَرُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم شِقَّتَيْنِ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ اشْهَدُوا ‏”‏‏.‏

അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കാലത്ത് ചന്ദ്രന്‍ രണ്ട് കഷ്ണങ്ങളായി പിളരുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ സാക്ഷികളാകുവിന്‍. (ബുഖാരി:3636)

രണ്ടായി പിളര്‍ന്ന ചന്ദ്രന്‍റെ ഒരു ഭാഗം ഒരു പര്‍വതത്തിന് മുകളിലും മറ്റൊരു ഭാഗം വേറെ ഒന്നിന്‍റെ മുകളിലും കാണുകയുണ്ടായി എന്നും വേറെ ചില നിവേദനങ്ങളില്‍ കാണാം. . മുകളിലേക്ക് നോക്കുമ്പോള്‍ ഓരോ ഭാഗവും ഓരോ പര്‍വതത്തിനു നേരെ മുകള്‍ഭാഗത്തായി കണ്ടു എന്നതാണ് ഉദ്ദേശിക്കപ്പെടുന്നത്. ഇതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ

ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. (ഖുർആൻ:54/)

നബി ﷺ യുടെ വിരലുകള്‍ക്കിടയില്‍നിന്നും വെള്ളം ഒലിച്ചിറങ്ങിയത് മറ്റൊരു ഉദാഹരണമാണ്.

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّهُ قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَحَانَتْ صَلاَةُ الْعَصْرِ، فَالْتُمِسَ الْوَضُوءُ فَلَمْ يَجِدُوهُ فَأُتِيَ رَسُولُ اللَّهِ صلى الله عليه وسلم بِوَضُوءٍ، فَوَضَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَهُ فِي ذَلِكَ الإِنَاءِ، فَأَمَرَ النَّاسَ أَنْ يَتَوَضَّئُوا مِنْهُ، فَرَأَيْتُ الْمَاءَ يَنْبُعُ مِنْ تَحْتِ أَصَابِعِهِ، فَتَوَضَّأَ النَّاسُ حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അസ്വ്ര്‍ നമസ്കാര സമയമായപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ കാണുകയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ വുദൂഅ് ചെയ്യാനുള്ള വെള്ളം അന്വേഷിക്കുന്നുണ്ട്, അങ്ങനെ വുദൂഇനുള്ള പാത്രം റസൂലി ﷺ ന് കൊണ്ടുവരപ്പെട്ടു. അങ്ങനെ റസൂല്‍ ﷺ ആ പാത്രത്തില്‍ തന്‍റെ കൈ വെച്ചു. ജനങ്ങളോട് അതില്‍നിന്ന് വുദൂഅ് ചെയ്യാന്‍ അവിടുന്ന് കല്‍പിക്കുകയും ചെയ്തു.” അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: “അങ്ങനെ അവരിലെ അവസാനത്തെ ആളും വുദൂഅ് ചെയ്യുന്നതുവരെ അവിടുത്തെ വിരലുകളുടെ താഴെനിന്നും വെള്ളം പൊടിയുന്നത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി:3573)

നബി ﷺ യും അനുചരന്മാരും ഒരു യാത്രയിലായിരുന്നു. മുന്നൂറോ അതിലധികമോ പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നമസ്കാരത്തിന്‍റെ സമയമായി. വുദൂഅ് ചെയ്യാന്‍ വെള്ളവുമില്ല. കൈയില്‍ സൂക്ഷിച്ചിരുന്നതെല്ലാം തീരുകയും ചെയ്തു. അവര്‍ പലയിടത്തും വെള്ളം അന്വേഷിച്ചു. വെള്ളം ലഭിച്ചില്ല. ഒരു സ്വഹാബിയുടെ കൈവശം മാത്രം അല്‍പം വെള്ളമുള്ള ഒരു പാത്രമുണ്ടായിരുന്നു. ആ പാത്രം നബി ﷺ യുടെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ ആ പാത്രത്തില്‍ തന്‍റെ പവിത്രമായ കൈ വെച്ചു. അതോടെ അത്ഭുതം സംഭവിച്ചു.അവിടുത്തെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം പൊട്ടിവരികയായി. ജനങ്ങളോട് അവിടുന്ന് വുദൂഅ് ചെയ്യുവാന്‍ കല്‍പിച്ചു. അവര്‍ എല്ലാവരും ആ പാത്രത്തില്‍നിന്ന് വുളൂഅ് ചെയ്തു.

ഇങ്ങനെ എത്രയെത്ര അൽഭുത സംഭവങ്ങൾ. ഈത്തപ്പനമുട്ടി തേങ്ങിക്കരഞ്ഞ സംഭവം, ഒട്ടകം തേങ്ങിയ സംഭവം, പാൽ വര്‍ദ്ധിച്ച സംഭവം,  ഭക്ഷണം വര്‍ദ്ധിച്ച സംഭവം, കാരക്ക വര്‍ദ്ധിച്ച സംഭവം തുടങ്ങി ഒട്ടനവധി അൽഭുത സംഭവങ്ങൾ. ഇതൊക്കെ തെളിയിക്കുന്നതാകട്ടെ, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും.

(നാല്) നബി ﷺ കൊണ്ടുവന്ന മത നിയമങ്ങൾ

നബി ﷺ കൊണ്ടുവന്ന മത നിയമങ്ങൾ സമ്പൂർണ്ണമാണ്. അത് ഏത് കാലക്കാർക്കും ഏത് ദേശക്കാർക്കും സ്വീകരിക്കാവുന്നതും അനുയോജ്യമായതുമാണ്. മനുഷ്യർ എഴുതിയുണ്ടാക്കിയ നിയമങ്ങളാക്കെ പല തവണ തിരുത്തുകയും പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇസ്ലാമാകട്ടെ, യാതൊരു മാറ്റത്തിരുത്തലുകളും ആവശ്യമില്ലാത്തവിധം അജയ്യമായി എന്നും തിളങ്ങി നിൽക്കുന്നു. ഇസ്ലാമിലെ ഏതെങ്കിലും ഒരു വിധി അനുയോജ്യമല്ലാത്തതാണെന്നോ നീതിയിലധിഷ്ഠിതമല്ലെന്നോ അതിനേക്കാൾ നല്ലത് ഇന്നതായിരുന്നുവെന്നോ സമർത്ഥിക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടുമില്ല. ഇനിയത് കഴിയുകയുമില്ല.

വളരെ ചെറിയൊരു കാര്യം മാത്രം ഉദാഹരണമായി സൂചിപ്പിക്കട്ടെ. ഇസ്ലാമിലെ അഭിവാദ്യം സലാം പറയലാണ്. അതിന് പകരമായി മനുഷ്യർ പല അഭിവാദ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെ എല്ലാ അവസരങ്ങളിലും പ്രയോഗിക്കാൻ പറ്റിയതല്ല. ഇസ്ലാമിലെ അഭിവാദ്യമായ സലാം എപ്പോഴും ഏത് അവസരത്തിലും, വിവാഹ വീട്ടിലും മരണവീട്ടിലും സന്തോഷത്തിന്റെ വേളയിലും ദുഖത്തിന്റെ വേളയിലും രാത്രിയിലും പകലുമെല്ലാം പറയാവുന്നതാണ്. അതെ, ഇസ്ലാമിലെ നിയമങ്ങൾ അത് ചെറുതാകട്ടെ വലുതാകട്ടെ അതൊക്കെ മനുഷ്യനുണ്ടാക്കിയതല്ല, മനുഷ്യരെ അറിയാവുന്ന മനുഷ്യരുടെ സൃഷ്ടാവായ അല്ലാഹു ഉണ്ടാക്കിയതാണ്. നബി ﷺ കൊണ്ടുവന്ന മത നിയമങ്ങളുടെ പൂർണ്ണത സൂചിപ്പിക്കുന്നത് അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്നാണ്.

 

 

kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *