രാവിലും പകലിലുമായി ഒരു ദിവസം നിർബന്ധമാക്കപ്പെട്ട നമസ്‌കാരങ്ങൾ അഞ്ചാകുന്നു. അതിൽ ഓരോ നമസ്‌കാരത്തിനും ഇസ്‌ലാം നിർണയിച്ച നിർണിത സമയമുണ്ട്. അല്ലാഹു പറഞ്ഞു:
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)
‘കിതാബൻ മൗക്വൂതൻ’ എന്നാൽ നിർണിതമായ സമയങ്ങളിൽ നിർബന്ധമാക്കപ്പെട്ടത് എന്നാണ്. അതിനാൽ സമയമാകുന്നതിനുമുമ്പ് നമസ്‌കാരം അനുവദനീയമാവുകയില്ല.
ﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺪُﻟُﻮﻙِ ٱﻟﺸَّﻤْﺲِ ﺇِﻟَﻰٰ ﻏَﺴَﻖِ ٱﻟَّﻴْﻞِ ﻭَﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ۖ ﺇِﻥَّ ﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ﻛَﺎﻥَ ﻣَﺸْﻬُﻮﺩًا
സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.(ഖു൪ആന്‍:17/78)
ഈ ആയത്തില്‍ അഞ്ച് നേരത്തെ നമസ്കാരത്തിന്റെ സമയം സൂചിപ്പിക്കുന്നുണ്ട്. ﻟِﺪُﻟُﻮﻙِ ٱﻟﺸَّﻤْﺲِ -സൂര്യന്‍ ആകാശമദ്ധ്യത്തില്‍ നിന്ന് തെറ്റിയത് മുതല്‍ – എന്നത് ളുഹ്൪ നമസ്കാരത്തിന്റെ സമയത്തിന്റെ ആരംഭത്തെ കുറിക്കുന്നു. അതായത് സൂര്യന്‍ ആകാശത്തിന്റെ മധ്യാഹ്നത്തില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങല്‍. അതിലേക്ക് അസ്൪ പ്രവേശിക്കുന്നു. ﺇِﻟَﻰٰ ﻏَﺴَﻖِ ٱﻟَّﻴْﻞِ – രാത്രി ഇരുട്ടുന്നത് വരെ – അതായത് രാത്രിയുടെ ഇരുട്ടിന്റെ ആരംഭം എന്ന വാക്ക് മഗ്രിബിന്റെയും, ഇശാഇന്റെയും സമയത്തെ കുറിക്കുന്നു. ﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ സുബ്ഹ് നമസ്കാരത്തിന്റെ സമയത്തേയും സൂചിപ്പിക്കുന്നു. അഞ്ച് നേരത്തെ നമസ്കാരങ്ങളുടേയും സമയം നബി(സ്വ) നമുക്ക് കൃത്യമായി പഠിപ്പിച്ച് തന്നിട്ടുണ്ട്.
ളുഹ്റിന്റെ സമയം
സൂര്യൻ മധ്യത്തിൽനിന്ന് തെറ്റിയത് മുതൽ ഒരു വസ്തുവിന്റെ നിഴൽ അതിന്റെ അതേ വലിപ്പത്തിൽ വരുന്നതുവരെ.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : وَقْتُ الظُّهْرِ إِذَا زَالَتِ الشَّمْسُ وَكَانَ ظِلُّ الرَّجُلِ كَطُولِهِ مَا لَمْ يَحْضُرِ الْعَصْرُ
അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു:ദ്വുഹ്‌റിന്റെ സമയം സൂര്യൻ മധ്യത്തിൽനിന്ന് തെറ്റിയതുമുതൽ ഒരാളുടെ നിഴൽ അയാളുടെ നീളത്തോളമാകുന്നതുവരെയാണ്; അസ്വ്‌റിന്റെ സമയം ആസന്നമാകാത്തിടത്തോളം മാത്രം. (മുസ്ലിം:612)
അപ്പോൾ ദ്വുഹ്‌റിന്റെ സമയം സവാലുശ്ശംസ് അഥവാ സൂര്യൻ ആകാശത്തിന്റെ മധ്യത്തിൽനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് തെറ്റിയതുമുതൽ ആരംഭിക്കും. ഓരോ വസ്തുവിന്റെയും നിഴൽ നീളത്തിൽ അതിനു സമമാകുന്നതുവരെ ദ്വുഹ്‌റിന്റെ സമയം നീണ്ടുനിൽക്കുകയും ചെയ്യും.
حديث جابر – رضي الله عنه – في إمامة جبريل للنبي – صلى الله عليه وسلم – في الصلوات الخمس في يومين، فجاءه في اليوم الأول فقال: ((قم فصلّه، فصلى الظهر حين زالت الشمس)) ثم جاءه من الغد للظهر فقال: ((قم فصله، فصلى الظهر حين صار ظل كل شيء مثله)) ثم قال له في اليوم الثاني: ((ما بين هاتين الصلاتين وقت))
ജിബ്രീൽ നബിയുടെ അടുക്കൽ വരികയും നമസ്കരിക്കാൻ ആവശ്യപ്പെടുകയും സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയ സന്ദർഭത്തിൽ റസൂൽ(സ്വ) ളുഹ്൪ നമസ്കരിക്കുകയും ചെയ്തു. രണ്ടാമത്തെ ദിവസം ജിബ്രീൽ റസൂലിന്റെ അടുക്കൽവന്ന് നമസ്ക്കരിക്കാൻ ആവശ്യപ്പെട്ടു. ഒരു വസ്തുവിന്റെ അതിന്റെ അതേ നീളത്തിൽ ആകുന്ന സമയത്ത് റസൂൽ(സ്വ) നമസ്കരിച്ചു. അടുത്ത ദിവസം പ്രവാചകൻ(സ്വ) പറഞ്ഞു : ഈ രണ്ട് നമസ്കാരത്തിന്റെ ഇടയിലാണ് ളുഹ്റിന്റെ സമയം.(അഹ്മദ്:330/3)
ദ്വുഹ്‌റിനെ അതിന്റെ ആദ്യസമയത്തുതന്നെ നിർവഹിക്കൽ സുന്നത്താണ്. എന്നാൽ ചൂടു കഠിനമാകുന്ന നാളുകളിൽ അതിനെ ഇബ്‌റാദിലേക്ക് അഥവാ അസ്വ‌്‌ർ നമസ്‌കാരത്തോടടുത്ത സമയത്തേക്ക് പിന്തിപ്പിക്കൽ സുന്നത്താണ്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : إِذَا اشْتَدَّ الْحَرُّ فَأَبْرِدُوا عَنِ الصَّلاَةِ، فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു: ചൂട് കഠിനമാകുകയാണെങ്കിൽ നിങ്ങൾ നമസ്കാരത്തെ തണുപ്പ് സമയത്തേക്ക് മാറ്റി വയ്ക്കുക. കാരണം ചൂടിന്റെ കാഠിന്യം അത് നരകത്തിൽ നിന്നുള്ള ആവിയുടെ ഭാഗമാകുന്നു. (ബുഖാരി:533)
ഇബ്നുബാസ്(റഹി) പറയുന്നു : യാത്രക്കാരനാണെങ്കും നാട്ടിലുള്ളവനാണെങ്കിലും ചൂട് കാലത്ത് നമസ്കാരത്തെ പിന്തിപ്പിക്കൽ സുന്നത്താക്കപ്പെടും. പക്ഷേ ജനങ്ങൾ ആദ്യസമയത്ത് തന്നെ നമസ്കരിക്കൽ പതിവാക്കുകയാണെങ്കിൽ അതിനെ പിന്തിപ്പിക്കൽ അവർക്ക് പ്രയാസകരമാകുന്ന കാരണത്താൽ അതിനെ മുന്തിക്കലാണ് അവ൪ക്ക് ശ്രേഷ്ടകരം. ചൂട് അല്ലാത്ത കാലത്ത് അതിന്റെ ആദ്യസമയത്ത് നമസ്കരിക്കലാണ് ഏറ്റവും ശ്രേഷ്ഠംകരം.
عَنْ أُمِّ فَرْوَةَ، قَالَتْ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم أَىُّ الأَعْمَالِ أَفْضَلُ قَالَ : الصَّلاَةُ فِي أَوَّلِ وَقْتِهَا ”
ഉമ്മു ഫ൪വയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ടകരമെന്ന് നബി (സ്വ) ചോദിക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ ആദ്യ സമയത്ത് നിർവ്വഹിക്കൽ…….. (അബൂദാവൂദ്: 426)
ഇബ്നുബാസ്(റഹി) പറയുന്നു : അതായത് സമയം പ്രവേശിച്ചതിനു ശേഷം ആദ്യ സമയം. അതിന്റെ മധ്യ സമയത്തോ അവസാന സമയത്തോ നമസ്കരിച്ചാൽ പ്രശ്നമില്ല. റസൂൽ(സ്വ) സമയത്തുതന്നെ നമസ്കരിക്കുമായിരുന്നു. രണ്ട് അവസരങ്ങള്‍ ഒഴികെ.
(ഒന്ന്)ഇശാ നമസ്കാരത്തിന് വേണ്ടി ജനങ്ങൾ പിന്തിയാല്‍ എല്ലാവരും ഒരുമിച്ചു കൂടുന്നതുവരെ പിന്തിപ്പിക്കുമായിരുന്നു.
(രണ്ട്)ചൂട് കഠിനമായാൽ ളുഹ്൪ പിന്തിപ്പിക്കുമായിരുന്നു
അസ്റിന്റെ സമയം
ദുഹ്റ്ന്റെ സമയം അവസാനിച്ചത് മുതൽ. അതായത് ഒരു വസ്തുവിന്റെ നിഴൽ അതിന്റെ നീളത്തില്‍ നിന്നും വിട്ടത് മുതൽ സൂര്യൻ മഞ്ഞനിറം ആകുന്നതുവരെ അല്ലെങ്കിൽ ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ ഇരട്ടിയാകുന്നത് വരെ. അത് സൂര്യന്‍ മഞ്ഞയാകുന്നതിനോട് അടുത്ത സമയമാകുന്നു. പക്ഷേ സൂര്യന്റെ മഞ്ഞനിറമാകലാണ് കൂടുതല്‍ അഭികാമ്യവും സമയ നിർണ്ണയത്തിന് അടിസ്ഥാനമാക്കിയിട്ടുള്ളതും. സൂര്യൻ മഞ്ഞനിറമാകുന്നതിന് മുമ്പ് അസ്൪ നമസ്കരിക്കല്‍ നിർബന്ധമാണ്.
وَوَقْتُ الْعَصْرِ مَا لَمْ تَصْفَرَّ الشَّمْسُ
നബി(സ്വ) പറഞ്ഞു: അസ്വ്‌റിന്റെ സമയമാകട്ടെ സൂര്യൻ മഞ്ഞവർണം പ്രാപിക്കാത്ത സമയമത്രയുമാകുന്നു. (മുസ്ലിം:612)
സൂര്യൻ മഞ്ഞവർണം പ്രാപിക്കുന്നതുവരെയാണ് അസ്വ‌്‌ർ നമസ്‌കരിക്കുവാനുള്ള ഉത്തമസമയം. എന്നാൽ നമസ്‌കരിക്കേണ്ടതായ നിർബന്ധസമയം സൂര്യൻ അസ്തമിക്കുന്നതോടെ അവസാനിക്കുകയും ചെയ്യും. അസ്വ്‌റിനെ അതിന്റെ ആദ്യസമയത്തുതന്നെ നിർവഹിക്കൽ സുന്നത്താണ്.
حديث جابر – رضي الله عنه – في إمامة جبريل للنبي – صلى الله عليه وسلم – قال: (قم فصله ، فصلى العصر حين صار ظل كل شئ مثله) ثم جاء في اليوم الثاني فقال( قم فصله ، فصلى )العصر حين صار ظل كل شئ مثليه
ജിബ്രീൽ നബിയുടെ അടുക്കൽ വരികയും നമസ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ നീളത്തിന് തുല്ല്യമായ അവസരത്തിൽ റസൂൽ(സ്വ) അസ്൪ നമസ്കരിച്ചു. അടുത്ത ദിവസം ജിബ്രീൽ വന്ന് നമസ്ക്കരിക്കാൻ ആവശ്യപ്പെട്ടു.
ഒരു വസ്തുവിന്റെ നിഴല്‍ അതിന്റെ ഇരട്ടിയാകുന്ന സന്ദ൪ഭത്തില്‍ റസൂൽ(സ്വ) അസ്൪ നമസ്കരിച്ചു. (തി൪മിദി:150)
അബൂബർസത്ത് (റ) പറയുന്നു:
وَالْعَصْرَ وَأَحَدُنَا يَذْهَبُ إِلَى أَقْصَى الْمَدِينَةِ ثُمَّ يَرْجِعُ وَالشَّمْسُ حَيَّةٌ
അസ്വർ നമസ്ക്‌കരിച്ചിരുന്നത് ഞങ്ങളിൽ ഒരാൾ മദീനയുടെ ഒരറ്റത്ത് പോയി (സൂര്യൻ അസ്തമിക്കുംമുമ്പ്) തിരിച്ചുവരുവാൻ സൗകര്യപ്പെടുന്ന സൂര്യൻ ജ്വലിച്ച് നിൽക്കുന്ന സമയത്തായിരുന്നു. (ബുഖാരി :541)
ഒരു വസ്തുവിന്റെ നിഴൽ അതിന്റെ നീളത്തിന് തുല്യമാകുന്നത് മുതൽ സൂര്യൻ മഞ്ഞ നിറം ആകുമ്പോൾ വരെയാണ് അസ്റിന്റെ തെരഞ്ഞെടുക്കപ്പെട്ട സമയം. നിർബന്ധ സാഹചര്യത്തിൽ സൂര്യൻ മഞ്ഞനിറം ആയത് മുതൽ അസ്തമിക്കുന്നത് വരേയും നമസ്കരിക്കാം.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ أَدْرَكَ مِنَ الصُّبْحِ رَكْعَةً قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ، وَمَنْ أَدْرَكَ رَكْعَةً مِنَ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു:സൂര്യൻ ഉദിക്കുന്നതിന് മുമ്പ് സുബ്ഹില്‍ നിന്ന് ഒരു റക്അത്ത് കിട്ടിയാൽ അവന് സുബ്ഹി കിട്ടിയിരിക്കുന്നു. ആർക്കെങ്കിലും സൂര്യന്‍ അസ്തമിക്കുന്നതിനു മുൻപ് ഒരു റക്അത്ത് കിട്ടിയാൽ അവന് അസ്൪ കിട്ടിയിരിക്കുന്നു. (ബുഖാരി :579)
ആരെങ്കിലും കരുതിക്കൂട്ടി നമസ്കാരത്തെ പിന്തിപ്പിക്കുകയാണെങ്കിൽ നമസ്കാരം അവന് ലഭിക്കും. പക്ഷേ അവൻ പാപിയായി തീരുന്നതാണ്.
قَالَ رَسُولَ اللَّهِ صلى الله عليه وسلم : تِلْكَ صَلاَةُ الْمُنَافِقِ يَجْلِسُ يَرْقُبُ الشَّمْسَ حَتَّى إِذَا كَانَتْ بَيْنَ قَرْنَىِ الشَّيْطَانِ قَامَ فَنَقَرَهَا أَرْبَعًا لاَ يَذْكُرُ اللَّهَ فِيهَا إِلاَّ قَلِيلاً
നബി(സ്വ) പറഞ്ഞു:അത് കപടവിശ്വാസിയുടെ നമസ്കാരമാണ്. അവൻ സൂര്യനെ പ്രതീക്ഷിച്ചിരിക്കുകയും അങ്ങനെ സൂര്യൻ ശൈത്വാന്റെ രണ്ട് കൊമ്പിന്റെ ഇടയിലായിരിക്കെ അവൻ എഴുന്നേറ്റ് നാല് റക്അത്ത് എണ്ണിതിട്ടപ്പെടുത്തി നമസ്കരിക്കുന്നതാണ്. അവർ അതിൽ അല്ലാഹുവിനെ അല്‍പ്പമല്ലാതെ സ്മരിക്കുന്നില്ല. (മുസ്ലിം:622)
മഗ്രിബിന്റെ സമയം
സൂര്യൻ അസ്തമിച്ചത് മുതൽ അസ്തമയ ശോഭ മറയുന്നതുവരെ.
وَوَقْتُ صَلاَةِ الْمَغْرِبِ مَا لَمْ يَغِبِ الشَّفَقُ
നബി(സ്വ) പറഞ്ഞു:അസ്തമയ ശോഭ മറയുന്നതുവരെയാണ് മഗ്രിബിന്റെ സമയം. (മുസ്ലിം:612)
മഗ്‌രിബിനെ അതിന്റെ ആദ്യ സമയത്തുതന്നെ നിർവഹിക്കൽ സുന്നത്താണ്. തിരുനബിﷺ പറഞ്ഞു:നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ മഗ്‌രിബ് നമസ്‌കാരത്തെ വൈകിപ്പിക്കാത്ത കാലമത്രയും എന്റെ ഉമ്മത്ത് നന്മയിലായിരിക്കും-അല്ലെങ്കിൽ ശുദ്ധപ്രകൃതിയിലായിരിക്കും.
حديث جابر – رضي الله عنه – في إمامة جبريل للنبي – صلى الله عليه وسلم انه جاءه المغرب فقال : قم فصله فصلى المغرب حين وجبت الشمس ثم جاءه في اليوم الثاني المغرب فقال وقتا واحدا لم يزل عنه
ജിബ്രീൽ നബിയുടെ അടുക്കൽ വരികയും നമസ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സൂര്യൻ അസ്തമിക്കുന്ന സന്ദർഭത്തിൽ റസൂൽ മഗ്രിബ് നമസ്കരിച്ചു. അടുത്ത ദിവസവും മഗ്രിബിന്റെ അതേ സമയത്ത് തന്നെ ജിബ്രീല്‍ വന്നു. (അഹ്മദ്:330/3)
عَنْ رَافِعِ بْنِ خَدِيجٍ قَالَ كُنَّا نُصَلِّي الْمَغْرِبَ مَعَ النَّبِيِّ صلى الله عليه وسلم فَيَنْصَرِفُ أَحَدُنَا وَإِنَّهُ لَيُبْصِرُ مَوَاقِعَ نَبْلِهِ.
റാഫിഅബ്നു ഖദീജില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു:റസൂലിന്റെ കൂടെ ഞങ്ങൾ മഗ്രിബ് നമസ്കരിക്കുമായിരുന്നു. ഞങ്ങൾ പിരിഞ്ഞു പോകുമ്പോൾ ഞങ്ങളുടെ അമ്പിന്റെ സ്ഥാനം വ്യക്തമായി കാണാമായിരുന്നു. (ബുഖാരി :559)
ഈ ഹദീസിനെ കുറിച്ച് ഇബ്നുബാസ്(റഹി) പറയുന്നു : മഗ്‌രിബ് നമസ്കാരം ധൃതിയിൽ പെട്ടെന്ന് നമസ്കരിക്കല്‍ സ്ഥിരപ്പെട്ട സുന്നത്താകുന്നുവെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
ഇവിടെ സാന്ദ൪ഭികമായി ചില കാര്യങ്ങള്‍ കൂടി ഉണ൪ത്തുന്നു. മഗ്രിബിന് മുമ്പ് സുന്നത്ത് നമസ്കാരം ഇല്ലെന്ന ധാരണയില്‍ വേഗം മഗ്രിബ് നമസ്കാരത്തിലേക്ക് പോകുന്നത് നമ്മുടെ നാടുകളിലെ പള്ളികളിലെ സ്ഥിരം കാഴ്ചയാണ്. മറ്റുള്ള നമസ്കാരത്തെ അപേക്ഷിച്ച് മഗ്‌രിബ് നമസ്കാരം ധൃതിയിൽ പെട്ടെന്ന് നമസ്കരിക്കല്‍ സുന്നത്താണെന്ന് പറയുമ്പോള്‍ തന്നെ നബിയും(സ്വ) സ്വഹാബത്തും മഗ്രിബിന് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം നി൪വ്വഹിച്ചിരുന്നു.
أن النبي صلى الله عليه وسلم صلى قبل المغرب ركعتين
റസൂല്‍(സ്വ) മഗ്രിബിന് മുമ്പ് 2 റക്അത്ത് നമസ്‌കരിച്ചിരുന്നു. (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ :591)
عَنْ عَبْدُ اللَّهِ الْمُزَنِيُّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ صَلُّوا قَبْلَ صَلاَةِ الْمَغْرِبِ ”. ـ قَالَ فِي الثَّالِثَةِ ـ لِمَنْ شَاءَ كَرَاهِيَةَ أَنْ يَتَّخِذَهَا النَّاسُ سُنَّةً
അബ്ദുല്ലാഹിബ്‌നു മുസനിയ്യില്‍(റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മഗ്‌രിബിനു മുമ്പ് നിങ്ങൾ 2 റകഅത്ത് സുന്നത്ത് നമസ്‌കരിക്കണം. മൂന്ന് പ്രാവശ്യം അതാവർത്തിച്ചു. ജനങ്ങള്‍ അതിനെ ഒരു നിത്യ നടപടിയായി എടുക്കുമെന്ന് ഭയന്ന് മൂന്നാം പ്രവശ്യം അവിടുന്ന് പറഞ്ഞു: അത് ഉദ്ദേശിച്ചവർക്ക്.(ബുഖാരി:1183)
وَكُنَّا نُصَلِّي عَلَى عَهْدِ النَّبِيِّ صلى الله عليه وسلم رَكْعَتَيْنِ بَعْدَ غُرُوبِ الشَّمْسِ قَبْلَ صَلاَةِ الْمَغْرِبِ
അനസിബ്നു മാലിക് (റ) പറയുന്നു: പ്രവാചകന്റെ കാലത്ത് സൂര്യന്‍ അസ്തമിച്ച ശേഷം മഗ്രിബ് നമസകാരത്തിന് മുമ്പായിട്ട് ഞങ്ങള്‍ രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു. (മുസ്ലിം:836)
عَنْ أَنَسِ بْنِ مَالِكٍ، قَالَ كُنَّا بِالْمَدِينَةِ فَإِذَا أَذَّنَ الْمُؤَذِّنُ لِصَلاَةِ الْمَغْرِبِ ابْتَدَرُوا السَّوَارِيَ فَيَرْكَعُونَ رَكْعَتَيْنِ رَكْعَتَيْنِ حَتَّى إِنَّ الرَّجُلَ الْغَرِيبَ لَيَدْخُلُ الْمَسْجِدَ فَيَحْسِبُ أَنَّ الصَّلاَةَ قَدْ صُلِّيَتْ مِنْ كَثْرَةِ مَنْ يُصَلِّيهِمَا
അനസില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ മദീനയിലായിരിക്കവെ, മഗ്രിബ് നമസ്കാരത്തിന് ബാങ്ക് വിളിച്ചാല്‍ അവ൪ തൂണുകളുടെ സമീപത്തേക്ക് ഓടിച്ചെന്ന് രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിച്ചിരുന്നു. ഒരു പരദേശി പള്ളിയില്‍ പ്രവേശിച്ചാല്‍, ഈ സുന്നത്ത് നമസ്കരിക്കുന്നവരുടെ ആദിക്യം മൂലം മഗ്രിബ് കഴിഞ്ഞിട്ടുണ്ടെന്നുപോലും വിചാരിക്കുമായിരുന്നു. (മുസ്ലിം:837)
സൂര്യന്‍ അസ്തമിച്ച് ആദ്യസമയം കഴിഞ്ഞാല്‍ മഗ്രിബിന്റെ സമയം കഴിഞ്ഞുവെന്നാണ് പലരും വിചാരിച്ചിട്ടുള്ളത്. അസ്തമയ ശോഭ മറയലാണ് മഗ്രിബിന്റെ അവസാന സമയം.
ഇശായുടെ സമയം
അസ്തമയ ശോഭ മാഞ്ഞത് മുതല്‍ രാത്രിയുടെ മധ്യഭാഗം വരെയാണ് ഇശായുടെ സമയം. നി൪ബന്ധ സാഹചര്യത്തിലാണെങ്കില്‍ ഫജ്൪ വെളിലാകുന്നതു വരെയും ആകാം.
وَوَقْتُ صَلاَةِ الْعِشَاءِ إِلَى نِصْفِ اللَّيْلِ الأَوْسَطِ
ഇശാ നമസ്കാരത്തിന്റെ സമയംരാത്രിയുടെ മധ്യഭാഗം വരെയാണ്. (മുസ്ലിം:612)
حديث جابر – رضي الله عنه – في إمامة جبريل للنبي – صلى الله عليه وسلم انه جاءه العشاء فقال قم فصله فصلى العشاء قم فصله فصلى العشاء حين غاب الشفق ثم في اليوم الثاني جاءه حين ذهب نصف الليل فصلى العشاء
ജിബ്രീൽ നബിയുടെ അടുക്കൽ വരികയും നമസ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നബി(സ്വ) സന്ധ്യാ വെളിച്ചം മറഞ്ഞ സമയം ഇശാ നമസ്കരിക്കുകയും ചെയ്തു. പിന്നീട് രണ്ടാം ദിവസം രാത്രിയുടെ പകുതിക്ക് ശേഷം ജിബ്രീല്‍ നബിയുടെ അടുക്കൽ വന്നു. നബി(സ്വ) ഇശാ നമസ്കരിക്കുകയും ചെയ്തു. (അഹ്മദ്:330/3)
രാത്രി (ഓരോ സ്ഥലങ്ങളിലും) വ്യത്യാസപ്പെട്ടിരിക്കും. രാത്രിയുടെ (മുഴുവന്‍) സമയം പത്ത് മണിക്കൂറാണെങ്കിൽ അഞ്ച് മണിക്കൂർ കഴിഞ്ഞാൽ രാത്രിയുടെ പകുതി അവസാനിച്ചു. രാത്രിയുടെ സമയം പന്ത്രണ്ട് മണിക്കൂർ ആണെങ്കിൽ ആറു മണിക്കൂർ കഴിഞ്ഞാൽ രാത്രിയുടെ പകുതിയായി. ഒരു മുസ്ലിമിന് രാത്രിയുടെ പകുതി കഴിയുന്നത് വരെ ഇശാ നിസ്കാരം വൈകിപ്പിക്കാൻ പാടുള്ളതല്ല. അവൻ അതിന് മുമ്പ് നിസ്കരിച്ചിരിക്കണം.
നി൪ബന്ധ സാഹചര്യത്തില്‍ ഉറങ്ങി പോയവനോ മറന്നുപോയവനോ ഫജ്൪ വെളിലാകുന്നതു വരെ നമസ്കരിക്കാം.
عَنْ أَبِي قَتَادَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَمَا إِنَّهُ لَيْسَ فِي النَّوْمِ تَفْرِيطٌ إِنَّمَا التَّفْرِيطُ عَلَى مَنْ لَمْ يُصَلِّ الصَّلاَةَ حَتَّى يَجِيءَ وَقْتُ الصَّلاَةِ الأُخْرَى فَمَنْ فَعَلَ ذَلِكَ فَلْيُصَلِّهَا حِينَ يَنْتَبِهُ لَهَا
അബൂഖതാദയില്‍(റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:ഉറക്കില്‍ ന്യൂനത ഇല്ല. ന്യൂനതയെന്നാല്‍ അടുത്ത നമസ്കാരം വരുന്നതുവരെ നമസ്കരിക്കാതിരിക്കലാണ്. ആരെങ്കിലും അപ്രകാരം ചെയ്യുയാണെങ്കില്‍ അവന് ഓ൪മ്മ വന്നാല്‍ അത് നമസ്കരിച്ചു കൊള്ളട്ടെ. (മുസ്ലിം:311)
പ്രയാസമൊന്നുമില്ലെങ്കിൽ സമയം വിട്ടു കടക്കാത്ത രീതിയിൽ ഇശാ നമസ്കാരത്തെ പിന്തിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. യാത്രാസംഘത്തിലും നാട്ടുകാരിലും ഒരാൾക്കും പ്രയാസമില്ല എന്ന് കണ്ടാലും പിന്തിക്കൽ തന്നെയാണ് നല്ലത്.
عَنْ عَائِشَةَ، قَالَتْ أَعْتَمَ النَّبِيُّ صلى الله عليه وسلم ذَاتَ لَيْلَةٍ حَتَّى ذَهَبَ عَامَّةُ اللَّيْلِ وَحَتَّى نَامَ أَهْلُ الْمَسْجِدِ ثُمَّ خَرَجَ فَصَلَّى فَقَالَ: إِنَّهُ لَوَقْتُهَا لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു:ഒരുദിവസം റസൂൽ(സ്വ) പള്ളിയിലെ ആൾക്കാർ ഉറങ്ങുന്നതുവരെയും രാത്രി അധികഭാഗം കഴിയുന്നതു വരെയും ഇശാ നമസ്കാരത്തെ പിന്തിപ്പിച്ചു. പിന്നീട് റസൂൽ(സ്വ) പള്ളിയിലേക്ക് പുറപ്പെടുകയും നമസ്കരിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: എന്റെ ഉമ്മത്തിന് പ്രയാസമാവില്ലായിരുന്നെങ്കില്‍ ഇതാണ് ഇശായുടെ സമയം.(മുസ്ലിം:638)
ഇശാ നമസ്കാരം ഇശാഇന്റെ അവസാന സമയത്തേക്ക് നീട്ടിവെക്കലാണ് ശ്രേഷ്ഠമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അതേപോലെതന്നെ റസൂൽ(സ്വ) തന്റെ ഉമ്മത്തിന് വേണ്ടി ഏറ്റവും ലഘുവായതിനെയാണ് പരിഗണിച്ചിരുന്നതെന്നും മനസ്സിലാകുന്നു.
وَالْعِشَاءَ أَحْيَانًا وَأَحْيَانًا، إِذَا رَآهُمُ اجْتَمَعُوا عَجَّلَ، وَإِذَا رَآهُمْ أَبْطَوْا أَخَّرَ
ചില സമയങ്ങളിൽ അവർ സ്വഹാബികൾ ഒരുമിച്ചു കൂടിയതായി കണ്ടാൽ റസൂൽ(സ്വ) പെട്ടെന്ന് നമസ്കരിക്കും. അവർ വൈകിച്ചതായി കണ്ടാൽ റസൂൽ(സ്വ) നമസ്കാരത്തെ പിന്തിപ്പിക്കും.(ബുഖാരി:560)
ഇശാ നമസ്കാരത്തിന്റെ സമയത്തിന്റെ കൃത്യനിഷ്ഠയുടെ പ്രാധാന്യമെന്നോണം റസൂൽ(സ്വ) ഇശാക്ക് മുമ്പ് ഉറങ്ങുമായിരുന്നില്ല.
وَكَانَ يَسْتَحِبُّ أَنْ يُؤَخِّرَ الْعِشَاءَ الَّتِي تَدْعُونَهَا الْعَتَمَةَ، وَكَانَ يَكْرَهُ النَّوْمَ قَبْلَهَا وَالْحَدِيثَ بَعْدَهَا
നിങ്ങൾ പാതിരാത്രിയെന്ന് വിളിക്കുന്ന സമയം വരെ ഇശാഇനെ പിന്തിരിപ്പിക്കാൻ റസൂൽ(സ്വ) ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ മുമ്പ് ഉറങ്ങാലും ശേഷം സംസാരിക്കലും റസൂൽ(സ്വ)വെറുത്തിരുന്നു.(ബുഖാരി:547)
ഇബ്നബാസ്(റഹി) പറയുന്നു: ഇശാ നമസ്കാരത്തിന് മുമ്പ് ഉറങ്ങുന്നത് വെറുക്കപ്പെട്ട കാര്യമാകുന്നു. ‘സുബ്ഹി നമസ്കാരം നഷ്ടപ്പെടാം’ എന്ന കാരണത്താല്‍ ഇശാക്ക് ശേഷം സംസാരിച്ചിരിക്കുന്നതും കറാഹത്താക്കപ്പെട്ടിരിക്കുന്നു.
സുബ്ഹിയുടെ സമയം
ഫജ്ർ നമസ്‌കാരത്തിന്റെ സമയം രണ്ടാം ഫജ്ർ ഉദിച്ചതുമുതൽ സൂര്യോദയംവരെയാകുന്നു. ഫജ്‌റിന്റെ ഉദയം ഉറപ്പായാൽ നമസ്‌കാരം പെട്ടെന്നു നിർവഹിക്കൽ സുന്നത്താകുന്നു.
റസൂൽ(സ്വ) പ്രഭാതത്തിന് മുമ്പുള്ള ഇരുട്ടിന്റെ സമയത്തായിരുന്നു സുബ്ഹി നമസ്കരിച്ചിരുന്നത്. സുബ്ഹി നമസ്കാരത്തിന്റെ നിശ്ചയിക്കപ്പെട്ട സമയം സൂര്യൻ ഉദിക്കുന്നത് വരെ ആകാം.
وَوَقْتُ صَلاَةِ الصُّبْحِ مِنْ طُلُوعِ الْفَجْرِ مَا لَمْ تَطْلُعِ الشَّمْسُ
സ്വുബ്ഹിന്റെ സമയം ഫജ്‌റിന്റെ ഉദയം മുതൽ സൂര്യന്‍ ഉദിക്കുന്നതു വരെയാകുന്നു.(മുസ്ലിം:612)
സുബ്ഹി നമസ്കാരം നേരത്തെയാക്കി പ്രഭാതത്തിന് മുമ്പുള്ള ഇരുട്ടിന്റെ സമയത്ത് നമസ്കരിക്കണമെന്നതിനെ ശക്തിപ്പെടുത്തുന്ന ഹദീസുകള്‍ കാണാം.
حديث جابر – رضي الله عنه – في إمامة جبريل للنبي – صلى الله عليه وسلم و فيه: ثم جاءه الفجر فقال : قم فصله ، فصلى الفجر حين برق الفجرأو قال سطع الفجر ثم جاءه من الغد حين أسفر جدا فقال له : قم فصله قصلى الفجر ثم قال : ما بين هذين وقت “
പ്രഭാത വെളിച്ചം പൊട്ടിവിടരുന്ന സമയം ജിബ്രീല്‍ റസൂലിന്റെ(സ്വ) അടുക്കൽവന്ന് നമസ്ക്കരിക്കാൻ ആവശ്യപ്പെട്ടു. പ്രഭാത വെളിച്ചം പ്രകാശിക്കുന്ന സന്ദർഭത്തിൽ റസൂൽ(സ്വ) സുബ്ഹി നമസ്കരിച്ചു അല്ലെങ്കിൽ പ്രഭാത വെളിച്ചം പരക്കുന്ന സന്ദർഭത്തിൽ. അടുത്ത ദിവസം പ്രഭാതം പ്രകാശിക്കുന്ന സമയം ജിബ്രീല്‍ റസൂലിന്റെ(സ്വ) അടുക്കൽവന്ന് നമസ്ക്കരിക്കാൻ ആവശ്യപ്പെട്ടു. റസൂൽ(സ്വ) സുബ്ഹി നമസ്കരിക്കുകയും ചെയ്തു. ശേഷം പറഞ്ഞു: ഈ രണ്ടിന്റേയും ഇടയിലാണ് സുബ്ഹിന്റെ സമയം. (അഹ്മദ്:330/3)
റസൂൽ(സ്വ) സുബ്ഹി നമസ്കാരത്തില്‍ ധൃതി കാണിക്കുകയോ അതിന്റെ സമയത്തെതൊട്ട് പിന്തിക്കുകയോ ചെയ്യുമായിരുന്നില്ല.
وَكَانَ يَنْفَتِلُ مِنْ صَلاَةِ الْغَدَاةِ حِينَ يَعْرِفُ الرَّجُلُ جَلِيسَهُ، وَيَقْرَأُ بِالسِّتِّينَ إِلَى الْمِائَةِ
ഒരു വ്യക്തി തന്റെ അടുത്തിരിക്കുന്ന വ്യക്തിയെ വ്യക്തമായി കാണുന്ന രീതിയിലായിരുന്നു അവ൪ പ്രഭാത നമസ്കാരത്തില്‍ നിന്നും പിരിഞ്ഞ് പോയിരുന്നത്. (ബുഖാരി:547)
റസൂൽ(സ്വ) പ്രഭാതത്തിന് മുമ്പുള്ള ഇരുട്ടിന്റെ സമയത്താണ് സുബ്ഹി നമസ്കരിച്ചതെന്ന് വ്യക്തം.
عَنْ جَابِرِ بْنِ عَبْدِ اَللَّهِ رَضِيَ اَللَّهُ عَنْهُمَا قَالَ:….. وَالصُّبْحَ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّيهَا بِغَلَسٍ
ജാബിറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) പ്രഭാതത്തിന് മുമ്പുള്ള ഇരുട്ടിന്റെ സമയത്താണ് സുബ്ഹി നമസ്കരിച്ചിരുന്നത്.
ഇബ്നബാസ്(റഹി) പറയുന്നു: غلس എന്നാല്‍ രാത്രിയുടെ അവസാന ഭാഗത്തെ ഇരുട്ട് നീങ്ങിയാലുണ്ടാകുന്ന വ്യക്തമായ പ്രഭാത വെളിച്ചമാണ്.
عَنْ رَافِعِ بْنِ خَدِيجٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: أَسْفِرُوا بِالْفَجْرِ فَإِنَّهُ أَعْظَمُ لِلأَجْرِ
റാഫിഅബ്നു ഖദീജില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങള്‍ സുബ്ഹി നമസ്കാരം നേരത്തെയാക്കുക, അത് മഹത്തായ പ്രതിഫലമുള്ളതാകുന്നു. (തി൪മിദി :154)
സുബ്ഹി നമ്സ്കാരത്തിന്റെ യഥാ൪ത്ഥ സമയത്തില്‍ ഒരു റക്അത്താണ് ലഭിച്ചതെങ്കിലും അവന് നമസ്കാരം ലഭിച്ചതായി കണക്കാക്കപ്പെടും.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ أَدْرَكَ مِنَ الصُّبْحِ رَكْعَةً قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ، وَمَنْ أَدْرَكَ رَكْعَةً مِنَ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു: സൂര്യൻ ഉദിക്കുന്നതിന് മുമ്പ് സുബ്ഹില്‍ നിന്ന് ഒരു റക്അത്ത് കിട്ടിയാൽ അവന് സുബ്ഹി കിട്ടിയിരിക്കുന്നു. ആർക്കെങ്കിലും സൂര്യന്‍ അസ്തമിക്കുന്നതിനു മുൻപ് ഒരു റക്അത്ത് കിട്ടിയാൽ അവന് അസ്൪ കിട്ടിയിരിക്കുന്നു.(ബുഖാരി :579)
നിർബന്ധമായ അഞ്ചുനമസ്‌കാരങ്ങളും നിർവഹിക്കുവാൻ മതപരമായി നിശ്ചയിക്കപ്പെട്ട സമയങ്ങളാകുന്നു ഇവ. അതിനാൽ സമയനിഷ്ഠ പാലിച്ചുകൊണ്ട് ഓരോ നമസ്‌കാരവും അതാതിന്റെ കൃത്യസമയങ്ങളിൽ യഥാവിധം സൂക്ഷിച്ചു നിർവഹിക്കലും അവ പിന്തിപ്പിക്കുന്നത് ഉപേക്ഷിക്കലും മുസ്‌ലിംകളുടെമേൽ നിർബന്ധമാകുന്നു. കാരണം നമസ്‌കാരങ്ങളെ അവയുടെ സമയങ്ങളെതൊട്ട് പിന്തിപ്പിക്കുന്നവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് അല്ലാഹു പറഞ്ഞു:
فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (ഖു൪ആന്‍:107/4-5)
فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا
എന്നിട്ട് അവർക്കുശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ‘ഗയ്യി’നെ അവർ കണ്ടെത്തുന്നതാണ്. (ഖു൪ആന്‍:19/59)
‘അൽഗയ്യ്’ എന്നാൽ നരകത്തിലുള്ള ഇരട്ടിയിരട്ടിയായുള്ള കഠിനമായശിക്ഷയും വിപത്തും നൈരാശ്യവുമാകുന്നു. അല്ലാഹുവേ, നിന്റെ കാവൽ!
عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلمأَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ” الصَّلاَةُ عَلَى وَقْتِهَا ”.
അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ.(ബുഖാരി: 527)
ഇബ്നബാസ്(റഹി) പറയുന്നു: മനപ്പൂ൪വ്വമാണ് ആരെങ്കിലും നമസ്കാരത്തെ പിന്തിപ്പിക്കുന്നതെങ്കില്‍ അവന്‍ കുറ്റക്കാരനായിതീരും.
നമസ്കാരം നിശ്ചയിക്കപ്പെട്ട സമയത്തെ തൊട്ടി മുന്തിക്കല്‍ അനുവദനീയമല്ല. അതേപോലെ നമസ്കാരം നിശ്ചയിക്കപ്പെട്ട സമയത്തെ തൊട്ടി പിന്തിക്കലും പാടില്ലാത്തതാണ്.
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു. (ഖു൪ആന്‍ :4/103)
ഏതെങ്കിലും വഖ്ത് നമസ്കാരം മനപ്പൂ൪വ്വമല്ലാത്ത കാരണങ്ങളാല്‍ നിശ്ചയിക്കപ്പെട്ട സമയത്ത് നമസ്കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത സമയത്ത് തന്നെ അത് ആദ്യം നി൪വ്വഹിക്കേണ്ടതാണ്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ عُمَرَ بْنَ الْخَطَّابِ، جَاءَ يَوْمَ الْخَنْدَقِ بَعْدَ مَا غَرَبَتِ الشَّمْسُ، فَجَعَلَ يَسُبُّ كُفَّارَ قُرَيْشٍ قَالَ يَا رَسُولَ اللَّهِ مَا كِدْتُ أُصَلِّي الْعَصْرَ حَتَّى كَادَتِ الشَّمْسُ تَغْرُبُ. قَالَ النَّبِيُّ صلى الله عليه وسلم “ وَاللَّهِ مَا صَلَّيْتُهَا ”. فَقُمْنَا إِلَى بُطْحَانَ، فَتَوَضَّأَ لِلصَّلاَةِ، وَتَوَضَّأْنَا لَهَا فَصَلَّى الْعَصْرَ بَعْدَ مَا غَرَبَتِ الشَّمْسُ، ثُمَّ صَلَّى بَعْدَهَا الْمَغْرِبَ
ജാബിറില്‍ (റ) നിന്ന് നിവേദനം: ഖന്തക്ക് യുദ്ധഘട്ടത്തില്‍ ഒരു ദിവസം സൂര്യന്‍ അസ്തമിച്ച ശേഷം വന്നിട്ടു ഉമര്‍ (റ) ഖുറൈശികളായ സത്യനിഷേധികളെ ശകാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ പ്രവാചകരേ, സൂര്യന്‍ അസ്തമിക്കും വരേക്കും എനിക്ക് അസര്‍ നമസ്കരിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ നബി(സ്വ) അരുളി: ഞാനും അതു നമസ്കരിച്ചിട്ടില്ല. ഉടനെ ഞങ്ങള്‍ ബുത്താഹാന്‍ മൈതാനത്തേക്ക് നീങ്ങി. അങ്ങനെ നബിയും(സ്വ) ഞങ്ങളും നമസ്കാരത്തിനുവേണ്ടി വുളു ചെയ്തു. എന്നിട്ട് സൂര്യന്‍ അസ്തമിച്ചശേഷം നബി(സ്വ) അസര്‍ നമസ്കരിച്ചു. ശേഷം മഗ്‌രിബ് നമസ്കാരവും. (ബുഖാരി:596)
യാത്രയുടെ സന്ദ൪ഭത്തില്‍ സുബ്ഹിയുടെ സമയത്ത് നബിയും(സ്വ) സ്വഹാബത്തും ഉറങ്ങിപ്പോയ സന്ദ൪ഭം ഹദീസില്‍ കാണാം. സൂര്യന്‍ ഉദിച്ച ശേഷമായിരുന്നു അവ൪ ഉണ൪ന്നത്.
ثُمَّ أَذَّنَ بِلاَلٌ بِالصَّلاَةِ فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم رَكْعَتَيْنِ ثُمَّ صَلَّى الْغَدَاةَ فَصَنَعَ كَمَا كَانَ يَصْنَعُ كُلَّ يَوْمٍ
…………. ശേഷം റസൂല്‍(സ്വ) ബിലാലിനോട് നമസ്കാരത്തിന് വേണ്ടി ബാങ്ക് കൊടുക്കാന്‍ കല്‍പ്പിച്ചു. ബാങ്കിന് ശേഷം റസൂല്‍(സ്വ) രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിക്കുകയും ശേഷം സുബ്ഹി നമസ്കരിക്കുകയും ചെയ്തു. (മുസ്ലിം:681)
عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” مَنْ نَسِيَ صَلاَةً فَلْيُصَلِّهَا إِذَا ذَكَرَهَا لاَ كَفَّارَةَ لَهَا إِلاَّ ذَلِكَ ” . قَالَ قَتَادَةُ وَأَقِمِ الصَّلاَةَ لِذِكْرِي .
അനസില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു: ആ൪ക്കെങ്കിലും നമസ്കാരം മറന്നതുകൊണ്ട് നഷ്ടപ്പെട്ടാല്‍ എപ്പോഴാണോ അവനത് ഓ൪മ്മ വരുന്നത് അപ്പോള്‍ അവനത് നി൪വ്വഹിച്ചു കൊള്ളട്ടെ. നമസ്കാരത്തിന് അതല്ലാത്ത ഒരു പ്രായശ്ചിത്തവുമില്ല. ഖതാദ പറഞ്ഞു: (അല്ലാഹു പറഞ്ഞിരിക്കുന്നു) എന്നെ ഓ൪ക്കാന്‍ വേണ്ടി നമസ്കാരം നി൪വ്വഹിക്കുക. (മുസ്ലിം:684)
kanzululoom.com