അല്ലാഹു തൗറാത്തിലൂടെ യഹൂദൻമാര്‍ക്ക് നിയമമാക്കിയ കാര്യം വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിക്കുന്നത് കാണുക:
وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ ٱلنَّفْسَ بِٱلنَّفْسِ وَٱلْعَيْنَ بِٱلْعَيْنِ وَٱلْأَنفَ بِٱلْأَنفِ وَٱلْأُذُنَ بِٱلْأُذُنِ وَٱلسِّنَّ بِٱلسِّنِّ وَٱلْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِۦ فَهُوَ كَفَّارَةٌ لَّهُۥ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ
ജീവന് ജീവന്‍, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍. (ഖുര്‍ആൻ:5/45)
പ്രതിക്രിയ നടത്തുന്നതില്‍ തൗറാത്തിലെ ഈ നിയമം തന്നെയാണ് ഇസ്‌ലാമില്‍ ഇപ്പോഴും നിലവിലുള്ളത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌ فَٱتِّبَاعُۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَٰنٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ ﴿١٧٨﴾ وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تَتَّقُونَ ﴿١٧٩﴾
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍). (ഖു൪ആന്‍:2/178-179)
وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا
അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു. (ഖുർആൻ:17/33)
പ്രതിക്രിയ നടത്തല്‍ നിങ്ങളില്‍ നിയമിക്കപ്പെട്ടിരിക്കുന്നു. (كُتِبَ عَلَيْكُمُ الْقِصَاصُ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം കൊന്നവനെ കൊല്ലല്‍ നിര്‍ബന്ധമാണെന്നല്ല. പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കേണമെന്നാണ് ഉദ്ദേശ്യം. സ്വതന്ത്രന് സ്വതന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും എന്ന് പറഞ്ഞത് അതിന്‍റെ വിശദീകരണമത്രെ. പകരം കൊല്ലാതെ, പ്രായശ്ചിത്തം- തെണ്ടം-കൊണ്ട് മതിയാക്കുവാന്‍ വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നതും, അതിന് അവര്‍ക്ക് പ്രോത്സാഹനം നല്‍കപ്പെട്ടിരിക്കുന്നതും അതുകൊണ്ടാണല്ലോ. (അമാനി തഫ്സീ൪ : ഖു൪ആന്‍:2/178 ന്റെ വിശദീകരണത്തില്‍ നിന്ന്)
وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ
ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍:42/40)
ശിക്ഷയുടെ മൂന്ന് തലങ്ങളാണ് ഈ വചനത്തിൽ പരാമർശിക്കുന്നത്. ഇതിന് മൂന്ന് തലങ്ങളുണ്ട്: നീതി, ശ്രേഷ്ഠമായത്, അക്രമപരമായത് എന്നിങ്ങനെ. നീതിയുടെ തലമെന്നത് തിന്മയ്ക്ക് പകരം തത്തുല്യമായത് ചെയ്യുക. കൂടുകയോ കുറയുകയോ ചെയ്യാതെ ജീവനു ജീവൻ, എല്ലാ മുറിവിനും തത്തുല്യമായത്. ധനമാണെങ്കിൽ തുല്യമായ ധനം. ശ്രേഷ്ഠതയുടെ തലമെന്നത് തിന്മ ചെയ്തവന് വിട്ടുവീഴ്ച നൽകുകയും രജ്ഞിപ്പുണ്ടാക്കുകയും ചെയ്യുക എന്നതാണ്. അതാണ് അല്ലാഹു പറഞ്ഞത്: {ആരെങ്കിലും മാപ്പ് നൽകുകയും രഞ്ജിപ്പ് ഉണ്ടാക്കുകയുമാണെങ്കിൽ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു} അവന് അല്ലാഹു മഹത്തായ പ്രതിഫലം നൽകും, ധാരാളമായി. എന്നാൽ വിട്ടുവീഴ്ചയ്ക്കും രഞ്ജിപ്പുണ്ടാക്കലിനുമെല്ലാം ചില നിബന്ധനകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്തവൻ വിട്ടുവീഴ്ചക്ക് അർഹനല്ലാതിരിക്കുകയോ മതപരമായി അവന്റെ ശിക്ഷ നടപ്പിലാക്കേണ്ടതുമാണെങ്കിൽ അവിടെ വിട്ടുവീഴ്ച നിർദേശിക്കപ്പെട്ടിട്ടില്ല. വിട്ടുവീഴ്ച ചെയ്യുന്നവന്റെ പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയാണെന്ന് പറഞ്ഞാൽ തന്റെ ദാസന്മാരോട് അവനിഷ്ടപ്പെടുന്ന പ്രകാരം പ്രവർത്തിക്കുന്നവരോട് അതുപോലെ അല്ലാഹു പ്രതികരിക്കും. തനിക്ക് അല്ലാഹു ഏത് രൂപത്തിൽ വിട്ടുവീഴ്ച നൽകണമെന്നാണോ ആഗ്രഹിക്കുന്നത് അതുപ്രകാരം അവർക്കും വിട്ടുവീഴ്ച നൽകണം. തന്നോട് അല്ലാഹു കാണിക്കണമെന്നാഗ്രഹിക്കുന്ന വിശാലത അവരോട് കാണിക്കണം. പ്രതിഫലം പ്രവർത്തനത്തിന്റെ അതേ തരത്തിൽ തന്നെയായിരിക്കും. എന്നാൽ അനീതിയുടെ തലം; അതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത്: {അക്രമം പ്രവർത്തിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല} മറ്റുള്ളവരോട് ഒരു കാരണവുമില്ലാതെ അക്രമം കാണിക്കുന്നവർ, അല്ലെങ്കിൽ അക്രമം ചെയ്തവരോട് അവൻ ചെയ്ത കുറ്റത്തെക്കാൾ അധികമായി (പ്രതിക്രിയ ചെയത്) അനീതി ചെയ്യുന്നവർ. (തഫ്സീറുസ്സഅ്ദി)
പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ പിന്നെ സദാചാര മര്യാദയെ പിന്‍പറ്റലും, അവന് നല്ല നിലയില്‍കൊടുത്തുതീര്‍ക്കലുമാണ് വേണ്ടത്. അതായത് സദാചാര മുറപ്രകാരമുള്ള നഷ്ടപരിഹാരം – പ്രായശ്ചിത്തം – ഘാതകന്‍റെ പക്ഷത്തുനിന്ന് വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് കൊടുത്തുതീര്‍ക്കണം. അതില്‍ വീഴ്ചയോ, തര്‍ക്കമോ നടത്തിക്കൂടാ. ഭംഗിയായും നല്ലനിലയിലും അത് നിര്‍വ്വഹിക്കണം. (അമാനി തഫ്സീര്‍ 2/178)
അക്രമിക്കപ്പെട്ടവന്റെ ഒരാവകാശമെന്ന നിലക്കും, സമുദായത്തിൽ നീതി നിലനിറുത്തുവാൻ ആവശ്യമെന്ന നിലക്കുമാണ് പ്രതികാരനടപടി അംഗീകരിക്കപ്പെട്ടിരിക്കുന്നത്; പക്ഷേ, അത് വാസ്തവത്തിൽ ഇങ്ങോട്ട് ചെയ്തതുപോലെയുള്ള അക്രമവും തിന്മയുംതന്നെയാണല്ലോ. അതിനാൽ കഴിവതും അത് ഒഴിവാക്കുകയും തൽസ്ഥാനത്ത് മാപ്പും വിട്ടുവീഴ്ചയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് മാന്യവും പുണ്യവുമായിട്ടുള്ളത്. (അമാനി തഫ്സീര്‍)
അല്ലാഹു പറഞ്ഞതുപോലെ:
وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّٰبِرِينَ
നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം. (ഖുര്‍ആൻ:16/126)
وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ
വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു. (ഖുര്‍ആൻ:42/43)
www.kanzululoom.com