രോഗിയുടെ നമസ്‌കാരം

ഒഴിവുകഴിവുള്ളവരുടെ നമസ്‌കാരം

ഒഴിവുകഴിവില്ലാത്തവർ നമസ്‌കരിക്കുന്ന രൂപത്തിൽ നമസ്‌കാരം നിർവഹിക്കുവാൻ സാധ്യമാകാത്ത രോഗികളും യാത്രക്കാരും ഭയപ്പാടുള്ളവരുമാണ് അഹ്‌ലുൽഅഅ്ദാർ അഥവാ ഒഴിവുകഴിവുകളുള്ളവർ. അല്ലാഹു അവർക്ക് ഇളവു നൽകിയിരിക്കുന്നു. അതിനാൽ അവർ അവർക്ക് സാധ്യമാകുന്നതിനനുസരിച്ചു നമസ്‌കരിക്കണം. അല്ലാഹു പറഞ്ഞു:

وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ

മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെമേൽ അവൻ ചുമത്തിയിട്ടില്ല. (ഖുർആൻ:22/78)

لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (ഖുര്‍ആന്‍:2/286)

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ

അതിനാൽ നിങ്ങൾക്കു സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. (ഖുർആൻ:64/16)

അതിനാൽ, മശക്ക്വത്ത് (ഞെരുക്കം) കാണപ്പെടുന്നതിനനുസരിച്ച് തയ്‌സീറും (എളുപ്പമാക്കലും) കാണപ്പെടും.

രോഗിയുടെ നമസ്‌കാര രീതി

ശാരീരിക ആരോഗ്യത്തിനു അസുഖം ബാധിച്ചവനാണ് അൽമരീദ്വ് അഥവാ രോഗി. അസുഖം ശരീരമാസകലമായാലും ഭാഗികമായാലും ശരി. ഏതു രീതിയിലാണെങ്കിലും നിർബന്ധ നമസ്‌കാരം നിന്നുകൊണ്ട് നിർവഹിക്കൽ രോഗിക്ക് അനിവാര്യമാണ്. തന്റെ മുതുകു നേരെ നിവർത്തുവാൻ സാധിക്കാത്തവിധം മുതുകിൽ രോഗമുള്ളവൻ റുകൂഅ് ചെയ്യുന്നവന്റെ രൂപത്തിലെങ്കിലും നിന്നുകൊണ്ട് നമസ്‌കരിക്കണം. അല്ലെങ്കിൽ ചുമരിലോ തൂണിലോ ചാരിക്കൊണ്ടോ അല്ലെങ്കിൽ വടിയിൽ ഊന്നിക്കൊണ്ടോ നിന്നു നമസ്‌കരിക്കണം. തിരുനബിﷺ പറഞ്ഞു:

إذا أمرتكم بأمر فأتوا منه ما استطعتم

ഞാൻ നിങ്ങളോട് ഒരു കാര്യം കൽപിച്ചാൽ നിങ്ങൾക്കു സാധ്യമായത്ര അതു നിങ്ങൾ എത്തിക്കുക. (ബുഖാരി,മുസ്ലിം)

രോഗിക്കു നിന്നു നമസ്‌കരിക്കുവാൻ സാധിച്ചില്ലെങ്കിൽ ഇരുന്ന് നമസ്‌കരിക്കണം. അതിനും സാധിച്ചില്ലയെങ്കിൽ കിടന്നുകൊണ്ട് നമസ്‌കരിക്കണം. നബി ﷺ ഇംറാൻ ഇബ്‌നു ഹുസ്വയ്‌ൻ رضي الله عنه വിനോട് പറഞ്ഞു:

صل قائماً، فإن لم تستطع فقاعداً، فإن لم تستطع فعلى جنب

താങ്കൾ നിന്നുകൊണ്ട് നമസ്‌കരിക്കുക. താങ്കൾക്ക് അതിനു സാധിച്ചില്ലയെങ്കിൽ അപ്പോൾ ഇരുന്നുകൊണ്ടു നമസ്‌കരിക്കുക. അതിനും താങ്കൾക്കു സാധിച്ചില്ലയെങ്കിൽ അപ്പോൾ കിടന്നുകൊണ്ടു നമസ്‌കരിക്കുക. (ബുഖാരി)

ഇതിനൊന്നിനും കഴിയാത്തവൻ തന്റെ അവസ്ഥക്കനുസരിച്ച് നമസ്‌കരിക്കട്ടെ. അല്ലാഹു പറഞ്ഞു:

فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ

അതിനാൽ നിങ്ങൾക്കു സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. (ഖുർആൻ:64/16)

നിയ്യത്തോടെ നമസ്‌കാരം നിർവഹിക്കുവാൻ കഴിവുള്ളതിനാൽ ആംഗ്യഭാഷയിൽ അവൻ നമസ്‌കരിച്ചാലും ശരി; ബുദ്ധിക്കു സ്ഥിരതയുള്ള കാലത്തോളം രോഗിയായ ഒരു വ്യക്തിയെത്തൊട്ട് നമസ്‌കാരം ഒഴിവാകുകയില്ല.

ഇരുന്നു നമസ്‌കരിക്കുന്ന രോഗി റുകൂഇലും സുജൂദിലും തന്റെ തലകൊണ്ട് ആംഗ്യം കാണിക്കുകയും റുകൂഇനെക്കാൾ സുജൂദിൽ തല കൂടുതൽ താഴ്ത്തുകയും ചെയ്യണം. തലകൊണ്ട് ആംഗ്യം കാണിക്കുവാൻ അശക്തനായാൽ തന്റെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കണം.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *