പരലോകത്തെ നിന്ദ്യര്‍

ഈ ഐഹിക ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ നിന്ദിക്കപ്പെടുന്നത് ഇഷ്ടപ്പെടാത്തവരാണ് മനുഷ്യരെല്ലാം. എങ്കില്‍ പരലോകത്ത് നിന്ദിക്കപ്പെടുന്നത് എത്ര അപമാനമായിരിക്കും. പരലോകത്ത് നിന്ദിക്കപ്പെടുന്ന സാഹചര്യത്തെ സത്യവിശ്വാസികള്‍ ഭയപ്പെടണം. ഇബ്രാഹിം നബിയുടെ(അ) ഒരു പ്രാ൪ത്ഥന കാണുക:

وَلَا تُخْزِنِى يَوْمَ يُبْعَثُونَ

അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ (ഖു൪ആന്‍:26/87)

ബുദ്ധിമാന്‍മാരുടെ പ്രാ൪ത്ഥന വിശുദ്ധ ഖു൪ആന്‍ എടുത്ത് കൊടുത്തിട്ടുള്ളത് കാണുക:

رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും.(ഖു൪ആന്‍:3/192)

رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَٰمَةِ ۗ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ

ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:3/194)

നരകത്തില്‍ പ്രവേശിക്കുന്നവരെല്ലാം നിന്ദ്യരാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ചില വിഭാഗം ആളുകള്‍ പരലോകത്ത് നിന്ദ്യരാണെന്ന് വിശുദ്ധ ഖു൪ആനും തിരുസുന്നത്തും എടുത്ത് പറഞ്ഞിട്ടുണ്ട്.

1.അഹങ്കാരികള്‍

قَالَ رَسُولُ اللَّهِ صلى الله عليه وسلم: … بَطَرُ الْحَقِّ وَغَمْطُ النَّاسِ

നബി ﷺ പറഞ്ഞു: അഹങ്കാരം എന്നാല്‍, യഥാര്‍ത്ഥത്തെ ധിക്കരിക്കലും , മനുഷ്യരോട് അവഗണന കാണിക്കലുമാകുന്നു.’ (മുസ്ലിം: 91)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: يُحْشَرُ الْمُتَكَبِّرُونَ يَوْمَ الْقِيَامَةِ أَمْثَالَ الذَّرِّ فِي صُوَرِ الرِّجَالِ يَغْشَاهُمُ الذُّلُّ مِنْ كُلِّ مَكَانٍ

അംറ് ബ്നു ശുഐബ്(അ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു. നബി ﷺ പറഞ്ഞു: അഹങ്കാരികളെ അന്ത്യനാളില്‍ മനുഷ്യരുടെ രൂപത്തിലും ഉറുമ്പുകളുടെ വലിപ്പത്തിലും അല്ലാഹു ഒരുമിച്ച് കൂട്ടുന്നതാണ്. എല്ലാ ഭാഗത്തുനിന്നും നിന്ദ്യത അവരെ മൂടിയിരിക്കും. …. (തി൪മിദി:37/2680)

2.ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തിയവന്‍

عَنْ أَبِي ذَرٍّ، قَالَ قُلْتُ يَا رَسُولَ اللَّهِ أَلاَ تَسْتَعْمِلُنِي قَالَ فَضَرَبَ بِيَدِهِ عَلَى مَنْكِبِي ثُمَّ قَالَ ‏ “‏ يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ وَإِنَّهَا أَمَانَةٌ وَإِنَّهَا يَوْمَ الْقِيَامَةِ خِزْىٌ وَنَدَامَةٌ إِلاَّ مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِي عَلَيْهِ فِيهَا ‏”‏ ‏.‏

അബൂദര്‍റില്‍(റ) നിന്ന് നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു: ‘തിരുദൂതരേ, എന്നെ നിങ്ങള്‍ ചുമതലയേല്‍പിക്കുന്നില്ലയോ?’ അപ്പോള്‍ നബി ﷺ തന്റെ കൈകൊണ്ട് എന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറയുകയുണ്ടായി: ‘ഓ, അബൂദര്‍റ്, താങ്കള്‍ ദുര്‍ബലനാണ്. തീര്‍ച്ചയായും അത് അമാനത്താണ്. തീര്‍ച്ചയായും പദവികളും സ്ഥാനങ്ങളും അര്‍ഹമായ രൂപത്തില്‍ ലഭിക്കുകയും അര്‍ഹമായ രൂപത്തില്‍ അത് നിറവേറ്റുകയും ചെയ്യാത്തവര്‍ക്കത് പരലോകത്ത് നിന്ദ്യതയും ഖേദവുമായിരിക്കും’. (മുസ്‌ലിം:1825)

3.ദ്വിമുഖന്‍മാര്‍ (ഇരട്ടമുഖമുള്ളവര്‍)

ഒരു വിഭാഗം ആളുകളുടെ കൂടുമ്പോള്‍ ഒരു നിലപാടും വേറൊരു വിഭാഗം ആളുകളുടെ കൂടുമ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്നവരാണ് ദ്വിമുഖന്‍മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നിലപാട് സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. ഇത് മുനാഫിഖുകളുടെ ലക്ഷണമാണ്.

عَنْ مُحَمَّدِ بْنِ زَيْدِ ، قَالَ أُنَاسٌ لاِبْنِ عُمَرَ إِنَّا نَدْخُلُ عَلَى سُلْطَانِنَا فَنَقُولُ لَهُمْ خِلاَفَ مَا نَتَكَلَّمُ إِذَا خَرَجْنَا مِنْ عِنْدِهِمْ قَالَ كُنَّا نَعُدُّهَا نِفَاقًا‏.‏

മുഹമ്മദ് ഇബ്‌നുസൈദില്‍(റ) നിന്ന് നിവേദനം: കുറേയാളുകൾ ഇബ്നു ഉമറിനോട്(റ) പറഞ്ഞു: ഞങ്ങൾ സുൽത്താൻമാരുടെ സന്നിധിയിൽ ചെല്ലുമ്പോളുള്ള സംസാരവും അവിടുന്ന് പുറത്തു വന്നാലുള്ള സംസാരവും വിഭിന്നമായിരിക്കും. ഇബ്നു ഉമ൪(റ) പറഞ്ഞു: ഇതൊക്കെ നബി ﷺ യുടെ കാലത്ത് കാപട്യമായിട്ടാണ് ഞങ്ങൾ കണക്കാക്കിയിരുന്നത്. (ബുഖാരി:7178)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ تَجِدُ مِنْ شَرِّ النَّاسِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ ذَا الْوَجْهَيْنِ، الَّذِي يَأْتِي هَؤُلاَءِ بِوَجْهٍ وَهَؤُلاَءِ بِوَجْهٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ജനങ്ങളില്‍ നീചന്‍മാരായി ഇരട്ടമുഖമുള്ളവരെ നിനക്ക് കാണാം. ജനങ്ങളില്‍ ഒരുകൂട്ടരെ ഒരു മുഖംകൊണ്ടും മറ്റൊരുകൂട്ടരെ മറ്റൊരു മുഖംകൊണ്ടും അഭിമുഖീകരിക്കുന്നവരാണവ൪. (ബുഖാരി: 6058)

عَنْ عَمَّارٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ كَانَ لَهُ وَجْهَانِ فِي الدُّنْيَا كَانَ لَهُ يَوْمَ الْقِيَامَةِ لِسَانَانِ مِنْ نَارٍ

അമ്മാറില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഇഹലോകത്ത് ആ൪ക്കെങ്കിലും ഇരട്ടമുഖമുണ്ടെങ്കില്‍ അവന് അന്ത്യനാളില്‍ തീയുടെ രണ്ട് നാവ് ഉണ്ടായിരിക്കും.(അബൂദാവൂദ് : 4873 – സ്വഹീഹ് അല്‍ബാനി)

4.ഖിബ്ലയുടെ ഭാഗത്തേക്ക് തുപ്പുന്നവന്‍

عَنْ حُذَيْفَةَ، أَظُنُّهُ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ:‏ مَنْ تَفَلَ تِجَاهَ الْقِبْلَةِ جَاءَ يَوْمَ الْقِيَامَةِ تَفْلُهُ بَيْنَ عَيْنَيْهِ

ഹുദൈഫയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഖിബ്ലയുടെ ഭാഗത്തേക്ക് ആരെങ്കിലും തുപ്പിയാല്‍ അന്ത്യനാളില്‍ അവന്റെ രണ്ട് കണ്ണുകള്‍ക്കിടയില്‍ അവന്‍ തുപ്പിയതുമായി അവന്‍ വരുന്നതാണ്. (അബൂദാവൂദ് : 3824 – സ്വഹീഹ് അല്‍ബാനി)

നമസ്കാരത്തില്‍ തുപ്പുന്നതിനെ കുറിച്ചാണ് ഇവിടെ പരാമ൪ശിച്ചിട്ടുള്ളതെങ്കിലും ഒരവസരത്തിലും ഖിബ്ലയുടെ ഭാഗത്തേക്ക് തുപ്പാതിരിക്കലാണ് സത്യവിശ്വാസികള്‍ക്ക് ഭൂഷണമായിട്ടുള്ളത്.

قال الإمام الألباني : وفي الحديث دلالة على تحريم البصاق إلى القبلة مطلقا ، سواء ذلك في المسجد، أو في غيره ، و على المصلي و غيره

ഇമാം അൽബാനി (റഹി) പറഞ്ഞു: പള്ളിയിലാകട്ടെ, മറ്റു സ്ഥലങ്ങളിലാവട്ടെ , നിസ്കരിക്കുന്നവനാകട്ടെ, അല്ലാത്തവനാകട്ടെ,ക്വിബ്‌ലക്ക് അഭിമുഖമായി തുപ്പൽ നിരുപാധികമായി നിഷിദ്ധമാണെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.

كما الإمام الصنعاني في ” سبل السلام ” ( 1 / 230 ) . قال ” و قد جزم النووي بالمنع في كل حالة داخل الصلاة وخارجها و في المسجد أو غيره

ഇമാം സ്വൻആനി(റഹി) പറഞ്ഞത് പോലെ, അദ്ദേഹം പറഞ്ഞു: ക്വിബ്‌ലക്ക് അഭിമുഖമായി തുപ്പൽ എല്ലാ സന്ദർങ്ങളിലും നിഷിദ്ധമാണെന്ന് ഇമാം നവവി (റഹി) തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. (അത്) നിസ്കാരത്തിലാവട്ടെ, അതിന് പുറത്താവട്ടെ , പള്ളിയിലാകട്ടെ, മറ്റിടങ്ങളിലാവട്ടെ.

قلت : و هو الصواب ، و الأحاديث الواردة في النهي عن البصق في الصلاة تجاه القبلة كثيرة مشهورة في الصحيحين وغيرها ، وإنما آثرت هذا دون غيره ، لعزته وقلة من أحاط علمه به . و لأن فيه أدبا رفيعا مع الكعبة المشرفة ، طالما غفل عنه كثير من الخاصة ، فضلا عن العامة ، فكم رأيت في أئمة المساجد من يبصق إلى القبلة من نافذة المسجد

ഇമാം അൽബാനി (റഹി) പറഞ്ഞു: അതാകുന്നു ശരിയായത്. നിസ്കാരത്തിൽ ക്വിബ്‌ലക്ക് അഭിമുഖമായി തുപ്പുന്നതിനെ വിലക്കി ഇരു സ്വഹീഹുകളിലും ( ബുഖാരി, മുസ്‌ലിം ) അവയല്ലാത്തതിലും വന്ന ഹദീസുകൾ ധാരാളവും, അവ (ജനങ്ങൾക്കിടയൽ വളരെ) പ്രസിദ്ധവുമാണ്. ഞാനിത് മാത്രം തിരഞ്ഞെടുത്തത്, അതിന്റെ പ്രശസ്തി കുറഞ്ഞത് കാരണത്താലും അതിനെക്കുറിച്ചുള്ള പൂർണ്ണമായഅറിവുള്ളവർ കുറവായതിനാലുമാണ്. പരിശുദ്ധ കഅബയോടുള്ള ഉയർന്ന ആദരവും ഇതിലുണ്ട്. സാധാരണക്കാരെ അപേക്ഷിച്ച് എത്രയെത്ര അറിവുള്ളവരാണ് അതിനെക്കുറിച്ച് അശ്രദ്ധയിലായിട്ടുള്ളത്. പള്ളി ജനാലിലൂടെ ക്വിബ്‌ലക്ക് അഭിമുഖമായി തുപ്പുന്ന എത്രയെത്ര ഇമാമുമാരെ ഞാൻ കണ്ടിട്ടുണ്ട്.

5. ഭാര്യമാ൪ക്കിടയില്‍ അനീതി കാണിക്കുന്നവന്‍

وَلَن تَسْتَطِيعُوٓا۟ أَن تَعْدِلُوا۟ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا۟ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ ۚ وَإِن تُصْلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്‌) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:4/129)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:സ്വഭാവഗുണം, ഭര്‍ത്തൃസ്‌നേഹം, സംസാരശൈലി, സൗന്ദര്യം, ആരോഗ്യം, അറിവ്, കാര്യപ്രാപ്തി എന്നിങ്ങനെയുളള പലഗുണങ്ങളുടെ തോതനുസരിച്ചായിരിക്കും ഭാര്യാ ഭര്‍ത്താക്കള്‍ തമ്മിലുളള സ്‌നേഹബന്ധവും ഇണക്കവും. പ്രസ്തുത ഗുണങ്ങളിലാണെങ്കില്‍, എല്ലാവരും ഒരേ തരക്കാരായിരിക്കുകയുമില്ല. സ്വാഭാവികമായ ഇക്കാരണത്താല്‍, ഒന്നിലധികം ഭാര്യമാരുളള ഒരാള്‍ക്ക് എല്ലാ നിലക്കും എല്ലാവരോടും ശരിക്കും തുല്യമായിപെരുമാറുവാന്‍ കഴിയുകയില്ലെന്നു സ്പഷ്ടമാകുന്നു. എന്നാല്‍ ഭക്ഷണം ,വസ്ത്രം,ഒന്നിച്ചുളള താമസം, ജീവിത സൗകര്യങ്ങള്‍ മുതലായ പല കാര്യങ്ങളിലും തുല്യ നിലകൈകൊളളുവാന്‍ പ്രയാസവുമില്ല. സ്ത്രീകള്‍ക്കിടയില്‍ പരിപൂര്‍ണമായ നീതിപാലിക്കുക സാധ്യമല്ലെന്നും അതുകൊണ്ട്കഴിയുന്നിടത്തോളം നീതിപാലിക്കലാണ് നിര്‍ബന്ധമുളളതെന്നും, നീതിപാലിക്കുവാന്‍ കഴിയുന്ന വിഷയങ്ങളില്‍ എല്ലാവരോടും തുല്യനില പ്രകടമാക്കണമെന്നും, അതില്‍ പക്ഷഭേദം കാണിക്കുവാന്‍ പാടില്ലെന്നുമാണ് ഇപ്പറഞ്ഞതിന്‍റെ ചുരുക്കം.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/129 ന്റെ വിശദീകരണം)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ إِذَا كَانَ عِنْدَ الرَّجُلِ امْرَأَتَانِ فَلَمْ يَعْدِلْ بَيْنَهُمَا جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ سَاقِطٌ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും അവ൪ക്കിടയില്‍ അവന്‍ നീതി കാണിക്കാതിരിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ ഒരു ഭാഗം വീണ നിലയില്‍ അവന്‍ വരുന്നതാണ്. (തി൪മിദി:1141)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : مَنْ كَانَتْ لَهُ امْرَأَتَانِ فَمَالَ إِلَى إِحْدَاهُمَا جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ مَائِلٌ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നിട്ട് അവന്‍ അവരില്‍ ഒരുവളിലേക്ക് ചാഞ്ഞാല്‍ , അന്ത്യനാളില്‍ ഒരു വശത്തേക്ക് ചാഞ്ഞ് കൊണ്ട് അവന്‍ വരുന്നതാണ്. (അബൂദാവൂദ് : 2133 – സ്വഹീഹ് അല്‍ബാനി)

6.കിടപ്പറ രഹസ്യം പരസ്യപ്പെടുത്തുന്നവന്‍

عَنْ سَعِيدٍ الْخُدْرِيَّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ مِنْ أَشَرِّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ الرَّجُلَ يُفْضِي إِلَى امْرَأَتِهِ وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا

അബൂസഈദുല്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ജനങ്ങളില്‍ വെച്ച് പരലോകത്ത് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നിന്ദ്യനായവന്‍ തന്റെ ഭാര്യയുമായി സംയോഗസുഖം ആസ്വദിക്കുകയും പിന്നീട് അവളുടെ രഹസ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുന്നവനുമാകുന്നു. (മുസ്ലിം:1437)

7.മരണപ്പെട്ടവ൪ക്ക് വേണ്ടി വിലപിച്ച് അട്ടഹസിച്ച് കരയുന്നവ൪

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ ‏”‏ أَرْبَعٌ فِي أُمَّتِي مِنْ أَمْرِ الْجَاهِلِيَّةِ لاَ يَتْرُكُونَهُنَّ الْفَخْرُ فِي الأَحْسَابِ وَالطَّعْنُ فِي الأَنْسَابِ وَالاِسْتِسْقَاءُ بِالنُّجُومِ وَالنِّيَاحَةُ ‏”‏ ‏.‏ وَقَالَ ‏”‏ النَّائِحَةُ إِذَا لَمْ تَتُبْ قَبْلَ مَوْتِهَا تُقَامُ يَوْمَ الْقِيَامَةِ وَعَلَيْهَا سِرْبَالٌ مِنْ قَطِرَانٍ وَدِرْعٌ مِنْ جَرَبٍ ‏”‏ ‏.‏

നബി ﷺ പറഞ്ഞു: ജാഹിലിയ്യ കാര്യത്തില്‍ പെട്ട നാല് കാര്യങ്ങള്‍ എന്റെ ഉമ്മത്തിലുണ്ട്. കുലമഹിമയില്‍ പെരുമ നടിക്കലും തറവാടിനെ പൊക്കിപറയലും നക്ഷത്രങ്ങള്‍ കാരണമാണ് മഴ ലഭിച്ചതെന്ന് വാദിക്കലും മരണപ്പെട്ടവ൪ക്ക് വേണ്ടി വിലപിച്ച് അട്ടഹസിച്ച് കരയലുമാണവ. (മരണപ്പെട്ടവരുടെ) രോദനത്താല്‍ അലമുറ കൂട്ടുന്നവള്‍ മരിക്കുന്നതിന് മുമ്പ് തൌബ ചെയ്തിട്ടില്ലെങ്കില്‍ അന്ത്യനാളില്‍ അവളുടെ മേല്‍ ഉരുകിയ ലോഹം കൊണ്ടുള്ള വസ്ത്രവും ചൊറിയുന്ന കുപ്പായവുമുണ്ടാകും. (മുസ്ലിം:934)

8.മതിയായത് ഉണ്ടായിരിക്കെ യാചിക്കുന്നവന്‍

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ:‏ من سأل وله ما يُغنيه جاءت مسألتُه يومَ القيامةِ خُدوشًا أو كُدوحًا في وجهِه

അബ്ദില്ലാഹിബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തനിക്ക് മതിയായത് ഉണ്ടായിരിക്കെ യാചിച്ചാല്‍ അന്ത്യനാളില്‍ മാന്തിക്കീറിയ മുഖവുമായിട്ടായിരിക്കും അയാള്‍ ഹാജരാകുക. (അഹ്മദ്:1/388 – സ്വഹീഹുല്‍ ജാമിഅ്:6255)

عَنْ عِمْرَانَ بْنِ حُصَيْنٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “مَسْأَلَةُ الْغَنِيِّ شَيْنٌ فِي وَجْهِهِ يَوْمَ الْقِيَامَةِ”

ഇംറാൻ ബിൻ ഹുസൈൻ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധനികന്റെ യാചന അവന്റെ മുഖത്തിന് അന്ത്യനാളിൽ അപമാനം നൽകുന്നതാണ്. (സ്വഹീഹുൽ ജാമിഅ്:5871)

9.പലിശ തിന്നുന്നവന്‍

ٱﻟَّﺬِﻳﻦَ ﻳَﺄْﻛُﻠُﻮﻥَ ٱﻟﺮِّﺑَﻮٰا۟ ﻻَ ﻳَﻘُﻮﻣُﻮﻥَ ﺇِﻻَّ ﻛَﻤَﺎ ﻳَﻘُﻮﻡُ ٱﻟَّﺬِﻯ ﻳَﺘَﺨَﺒَّﻄُﻪُ ٱﻟﺸَّﻴْﻄَٰﻦُ ﻣِﻦَ ٱﻟْﻤَﺲِّ

പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ (പരലോകത്ത്) എഴുന്നേല്‍ക്കുകയില്ല……..(ഖു൪ആന്‍ : 2/275)

لا يقومون من قبورهم يوم القيامة إلا كما يقوم المصروع حال صرعه وتخبط الشيطان له ; وذلك أنه يقوم قياما منكرا

‘പലിശ തിന്നുന്നവന്‍ അന്ത്യനാളിൽ ഖബ്റുകളില്‍ നിന്ന് എഴുന്നേറ്റ് വരുന്നത് ബാധയേറ്റവന്‍ പിശാച് അവനെ വീഴ്ത്തിയ സമയത്ത് എഴുന്നേറ്റ് വരുന്നത് പോലെയായയിരിക്കും. അതായത് വിഷമകരമായ (അഥവാ കണ്ടാല്‍ വെറുക്കുന്ന) നിലയിലായിരിക്കും എഴുന്നേറ്റ് വരിക. (തഫ്സീ൪ ഇബ്നു കഥീർ )

10.കാഫിറുകളും മുശ്രിക്കുകളും

ثُمَّ يَوْمَ ٱلْقِيَٰمَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تُشَٰٓقُّونَ فِيهِمْ ۚ قَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ إِنَّ ٱلْخِزْىَ ٱلْيَوْمَ وَٱلسُّوٓءَ عَلَى ٱلْكَٰفِرِينَ

പിന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ അവന്‍ അവര്‍ക്ക് അപമാനം വരുത്തുന്നതാണ്‌. എനിക്ക് പങ്കുകാരുണ്ടെന്ന് വാദിച്ച് കൊണ്ടായിരുന്നല്ലോ നിങ്ങള്‍ ചേരി പിരിഞ്ഞ് നിന്നിരുന്നത് അവര്‍ എവിടെ? എന്ന് അവന്‍ ചോദിക്കുകയും ചെയ്യും. അറിവ് നല്‍കപ്പെട്ടവര്‍ പറയും: ഇന്ന് അപമാനവും ശിക്ഷയും സത്യനിഷേധികള്‍ക്കാകുന്നു; തീര്‍ച്ച. (ഖു൪ആന്‍:16/27)

 

 

kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *