സ്വ‍ര്‍ഗ നരകങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്

ഈമാൻ കാര്യങ്ങളിൽ പെട്ട ഒന്നാണ് പരലോക വിശ്വാസം. പരലോക വിശ്വാസത്തിൻറെ പരിധിയിൽ വരുന്നതാണ് സ്വർഗ്ഗ നരകങ്ങളെ കുറിച്ചുള്ള വിശ്വാസം. സ്വർഗ്ഗ നരകങ്ങളെ സംബന്ധിച്ചുള്ള വിശ്വാസത്തിൻറെ ഭാഗമാണ് അവ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ ഇല്ലേ എന്ന വിഷയം. ഈ വിഷയത്തിൽ ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ സ്വർഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞുവെന്ന് ബോധ്യപ്പെടും.

فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَٰفِرِينَ

നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌. (ഖുര്‍ആൻ:2/24)

وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَٰفِرِينَ

സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖുര്‍ആൻ:3/131)

وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. (ഖുര്‍ആൻ:3/133)

سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു. (ഖുര്‍ആൻ:57/21)

ഈ ആയത്തുകളിൽ നിന്നെല്ലാം തന്നെ സ്വർഗ – നരകങ്ങൾ തയ്യാർ ചെയ്യപ്പെട്ടു കഴിഞ്ഞുവെന്ന കാര്യം വ്യക്തമായി തന്നെ മനസ്സിലാക്കാം. ഇവയ്ക്ക് പുറമേ വിശുദ്ധ ഖുര്‍ആൻ 4/93,102 – 9/89,100 – 33/8,29,35,44,57,64 – 48/6 – 58/15 – 65/10 – 76/31 തുടങ്ങി നിരവധി ആയത്തുകളിലൂടെ ഇതേ വിഷയം അല്ലാഹു പഠിപ്പിക്കുന്നുണ്ട്. മാത്രവുമല്ല ഹദീസിന്റെ ഗ്രന്ഥങ്ങളിൽ അനവധി തെളിവുകൾ ഈ വിഷയത്തിൽ നമുക്ക് .

സ്വഹീഹുൽ ബുഖാരിയിലെ സൃഷ്ടിയുടെ തുടക്കം (بدا الحلق) എന്ന അധ്യായത്തിൽ ‘സ്വർഗ്ഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, നരകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്’ എന്നിങ്ങനെ രണ്ട് അധ്യായങ്ങൾ തന്നെ കാണാം അതിലെ ഒരു ഹദീസ് കാണുക:

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِنَّ أَحَدَكُمْ إِذَا مَاتَ عُرِضَ عَلَيْهِ مَقْعَدُهُ بِالْغَدَاةِ وَالْعَشِيِّ، إِنْ كَانَ مِنْ أَهْلِ الْجَنَّةِ فَمِنْ أَهْلِ الْجَنَّةِ، وَإِنْ كَانَ مِنْ أَهْلِ النَّارِ فَمِنْ أَهْلِ النَّارِ، فَيُقَالُ هَذَا مَقْعَدُكَ حَتَّى يَبْعَثَكَ اللَّهُ يَوْمَ الْقِيَامَةِ

അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍, രാവിലെയും വൈകുന്നേരവും അവന്റെ ഇരിപ്പിടം (വാസസ്ഥലം) അവന് പ്രദര്‍ശിപ്പിക്കപ്പെടും. അവന്‍ സ്വര്‍ഗക്കാരനാണെങ്കില്‍ സ്വര്‍ഗക്കാരില്‍ നിന്നും, അവന്‍ നരകക്കാരനാണെങ്കില്‍ നരകക്കാരില്‍ നിന്നുമായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക. അവനോടു പറയപ്പെടും: ഖിയാമത്തു നാളില്‍ അല്ലാഹു നിന്നെ എഴുന്നേല്‍പ്പിക്കുന്നതുവരേക്കും നിന്റെ ഇരിപ്പിടം ഇതാണ്. (ബുഖാരി:1379)

സൃഷ്ടിക്കപ്പെട്ട സ്വർഗ്ഗ നരകങ്ങളാണ് ആ മനുഷ്യനെ അല്ലാഹു കാണിച്ചു കൊടുക്കുന്നതെന്ന് വിശദീകരണം ഇല്ലാതെ തന്നെ വ്യക്തമാണ്. അപ്രകാരം തന്നെ ഇസ്റാഅ് – മിഅ്റാജ് സംഭവം വിവരിക്കുന്ന സുദീർഘമായ ഹദിസിൽ ثم دخلت الجنة ‘പിന്നീട് ഞാൻ സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു’ എന്ന് തന്നെ നബി ﷺ പറഞ്ഞതായി വന്നിട്ടുണ്ട് സൃഷ്ടിക്കപ്പെടാത്ത ഒന്നിലേക്കുള്ള പ്രവേശനം അസംഭവ്യം ആണല്ലോ. മാത്രമല്ല സ്വർഗത്തിൽ ഉമര്‍ رَضِيَ اللَّهُ عَنْهُ വിന് ലഭിക്കാനിരിക്കുന്ന ഒരു മണിമാളികയും നബി ﷺ ദശിച്ചു എന്നും ഹദീസിൽ പറയുന്നുണ്ട്.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : دَخَلْتُ الْجَنَّةَ فَإِذَا أَنَا بِقَصْرٍ مِنْ ذَهَبٍ، فَقُلْتُ لِمَنْ هَذَا فَقَالُوا لِرَجُلٍ مِنْ قُرَيْشٍ‏.‏ فَمَا مَنَعَنِي أَنْ أَدْخُلَهُ يَا ابْنَ الْخَطَّابِ إِلاَّ مَا أَعْلَمُ مِنْ غَيْرَتِكَ ‏”‏‏.‏ قَالَ وَعَلَيْكَ أَغَارُ يَا رَسُولَ اللَّ

ജാബി൪ ഇബ്നു അബ്‌ദുള്ള رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ‘ഞാൻ സ്വർഗ്ഗത്തിൽ കടന്നു. അങ്ങനെ ഞാനൊരു സ്വർണ്ണ മാളികക്ക്അടുത്തെത്തി. ഞാൻ ചോദിച്ചു.: ‘ഇത് ആർക്കുള്ളതാണ് ? അപ്പോൾ അവിടെയുള്ളവർ പറഞ്ഞു : ‘ ഇത്‌ ഖുറൈശികളിൽ പെട്ട ഒരാളുടേതാണ് ‘. (ശേഷം നബി ﷺ പറഞ്ഞു ) : ‘ഖത്താബിന്റെ മകനേ, താങ്കളുടെ നീരസം (അനിഷ്ടം ) വിചാരിച്ച് ഞാൻ അതിൽ കടന്നില്ല. (ഇത്‌ കേട്ട) ഉമ൪ ഇബ്നു ഖത്താബ്‌ رَضِيَ اللَّهُ عَنْهُ പറഞ്ഞു : ‘റസൂലേ അവിടുത്തോട്‌ ഞാൻ നീരസം കാണിക്കുമോ ?’ (ബുഖാരി:7024)

ഇതിന് പുറമേ സ്വർഗ്ഗ നരകങ്ങളെ സൃഷ്ടിച്ചതിനുശേഷം ജിബ്രിൽ عليه السلام യോട് അവ പോയി കാണാൻ അല്ലാഹു പറഞ്ഞ സംഭവം  ഈ വിഷയത്തിലെ ഖണ്ഡിതമായി തെളിവുകളിൽ പെട്ടതാണ്.

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ “‏ لَمَّا خَلَقَ اللَّهُ الْجَنَّةَ وَالنَّارَ أَرْسَلَ جِبْرِيلَ إِلَى الْجَنَّةِ فَقَالَانْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لأَهْلِهَا فِيهَا قَالَ فَجَاءَهَا وَنَظَرَ إِلَيْهَا وَإِلَى مَا أَعَدَّ اللَّهُ لأَهْلِهَا فِيهَا قَالَ فَرَجَعَ إِلَيْهِ قَالَ فَوَعِزَّتِكَ لاَ يَسْمَعُ بِهَا أَحَدٌ إِلاَّ دَخَلَهَا ‏.‏ فَأَمَرَ بِهَا فَحُفَّتْ بِالْمَكَارِهِ فَقَالَ ارْجِعْ إِلَيْهَا فَانْظُرْ إِلَى مَا أَعْدَدْتُ لأَهْلِهَا فِيهَا قَالَ فَرَجَعَ إِلَيْهَا فَإِذَا هِيَ قَدْ حُفَّتْ بِالْمَكَارِهِ فَرَجَعَ إِلَيْهِ فَقَالَ وَعِزَّتِكَ لَقَدْ خِفْتُ أَنْ لاَ يَدْخُلَهَا أَحَدٌ ‏.‏ قَالَ اذْهَبْ إِلَى النَّارِ فَانْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لأَهْلِهَا فِيهَا ‏.‏ فَإِذَا هِيَ يَرْكَبُ بَعْضُهَا بَعْضًا فَرَجَعَ إِلَيْهِ فَقَالَ وَعِزَّتِكَ لاَ يَسْمَعُ بِهَا أَحَدٌ فَيَدْخُلُهَا ‏.‏ فَأَمَرَ بِهَا فَحُفَّتْ بِالشَّهَوَاتِ فَقَالَ ارْجِعْ إِلَيْهَا ‏.‏ فَرَجَعَ إِلَيْهَا فَقَالَ وَعِزَّتِكَ لَقَدْ خَشِيتُ أَنْ لاَ يَنْجُوَ مِنْهَا أَحَدٌ إِلاَّ دَخَلَهَا ‏”‏ ‏.‏

അബൂ ഹുറെയ്റ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറഞ്ഞു : അല്ലാഹു സ്വർഗ്ഗ നരകങ്ങൾ സൃഷ്ടിച്ചു. ജിബ്രീലിനെ സ്വർഗ്ഗത്തിലേക്കയച്ചുകൊണ്ട് പറഞ്ഞു. അതിലേക്കും അതിന്റെ അവകാശികൾക്ക് വേണ്ടി ഞാൻ തയ്യാറാക്കിയിരിക്കുന്നതിലേക്കു നോക്കുക. നബി ﷺ പറഞ്ഞു. അങ്ങനെ ജിബ്രീൽ പോയി സ്വർഗ്ഗത്തിലേക്കും, അതിന്റെ അവകാശികൾക്കുവേണ്ടി സജ്ജമാക്കിയതിലേക്കും നോക്കി. അദ്ദേഹം അല്ലാഹുവിന്റെയടുക്കലേക്ക് തന്നെ മടങ്ങിയെത്തിക്കൊണ്ടു പറഞ്ഞു. നിന്റെ മഹത്വത്തെ ഞാൻ പ്രകീർത്തിക്കുന്നു. അതിനെ കുറിച്ച് കേൾക്കുന്നവരാരും തന്നെ അതിൽ പ്രവേശിക്കാതിരിക്കില്ല. ഉടനെ, വിഷമകരമായ കാര്യങ്ങളാൽ അത് (സ്വർഗ്ഗം) വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അവൻ ആജ്ഞ പുറപ്പെടുവിക്കുന്നു. അനന്തരം അവൻ പറഞ്ഞു. അവിടേക്കു തന്നെ മടങ്ങി അതിന്റെ അവകാശികൾക്കു വേണ്ടി ഞാൻ തന്നെ എന്തു സജ്ജമാക്കിയിരിക്കുന്നുവെന്ന് നോക്കുക. നബി ﷺ പറഞ്ഞു: അങ്ങനെ അദ്ദേഹം അവിടേക്കു തന്നെ മടങ്ങിനോക്കുമ്പോൾ വിഷമകരമായ കാര്യങ്ങളാൽ അത് വലയം ചെയ്യപ്പെട്ടതായി കണ്ടു. അപ്പോൾ അവന്റെയടുക്കലേക്ക് തന്നെ മടങ്ങിച്ചെന്ന് പറഞ്ഞു: നിന്റെ പ്രതാപത്തെ ഞാൻ വാഴ്ത്തുന്നു. ആരും തന്നെ അതിൽ പ്രവേശിക്കുകയില്ലേയെന്ന് ഞാൻ ഭയപ്പെടുന്നു.
“നരകത്തിലേക്കു പോയി, അതിലേക്കും അതിന്റെ അവകാശികൾക്കുവേണ്ടി സജ്ജമാക്കിയതിലേക്കും നോക്കുക” എന്ന് അവൻ പറഞ്ഞു. അപ്പോഴത് ഒന്നിനുമീതെ ഒന്നായി അടുക്കുകളാക്കി നിർത്തിയിരിക്കുന്നത് കണ്ട് അദ്ദേഹം (ജിബ്രീൽ) അവന്റെയടുക്കലേക്ക് തന്നെ മടങ്ങിചെന്ന് കൊണ്ട് പറഞ്ഞു: നിന്റെ പ്രതാപത്തെ ഞാൻ വാഴ്ത്തുന്നു. അതിനെ കുറിച്ച് കേൾക്കുന്നവരാരും തന്നെ അതിൽ പ്രവേശിക്കുകയില്ല. ഉടനെ, ദേഹേഛ്ചകളാൽ അത് വലയം ചെയ്യപ്പെട്ടിരിക്കുന്നു വെന്ന് അവൻ ഉത്തരവ് പുറപ്പെടുവിക്കുന്നു. അവൻ പറഞ്ഞു: “അങ്ങോട്ടു തന്നെ മടങ്ങുക”. അപ്പോൾ അദ്ദേഹം (ജിബ്രീൽ) അങ്ങോട്ട് തന്നെ മടങ്ങി. എന്നിട്ടദ്ദേഹം പറഞ്ഞു: നിന്റെ പ്രതാപത്തെ ഞാൻ വാഴ്ത്തുന്നു. അതിൽ (നരകം) പ്രവേശിച്ചിട്ടല്ലാതെ ആരും പുറത്ത് കടക്കുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു. (തിർമിദി:2560)

ഈ വിഷയത്തിൽ ഒട്ടനവധി തെളിവുകൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ചിലത് മാത്രം താഴെ കൊടുക്കുന്നു.

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، رضى الله عنهما قَالَ خَسَفَتِ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَصَلَّى، قَالُوا يَا رَسُولَ اللَّهِ، رَأَيْنَاكَ تَنَاوَلُ شَيْئًا فِي مَقَامِكَ، ثُمَّ رَأَيْنَاكَ تَكَعْكَعْتَ‏.‏ قَالَ ‏:‏ إِنِّي أُرِيتُ الْجَنَّةَ، فَتَنَاوَلْتُ مِنْهَا عُنْقُودًا، وَلَوْ أَخَذْتُهُ لأَكَلْتُمْ مِنْهُ مَا بَقِيَتِ الدُّنْيَا

ഇബ്നു അബ്ബാസ് رضى الله عنهما പറയുന്നു: നബി ﷺയുടെ കാലത്ത് ഒരിക്കൽ സൂര്യഗ്രഹണം സംഭവിച്ചു. അദ്ദേഹം നമസ്കരിച്ചു. സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിൻറെ റസൂലേ, അങ്ങയുടെ സ്ഥലത്ത് നിൽക്കുമ്പോൾ അങ്ങ് എന്തെങ്കിലും എടുക്കാൻ ശ്രമിക്കുന്നതുപോലെ ഞങ്ങൾ കണ്ടു, എന്നിട്ട് അങ്ങ് പിൻവാങ്ങുന്നതും ഞങ്ങൾ കണ്ടു’. നബി ﷺ പറഞ്ഞു: എനിക്ക് സ്വര്‍ഗം കാണിക്കപ്പെട്ടു, അതിൽ നിന്ന് ഒരു കുല പഴം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാനത് എടുത്തിരുന്നെങ്കിൽ ഈ ലോകം നിലനിൽക്കുന്നിടത്തോളം നിങ്ങൾ അതിൽ നിന്ന് ഭക്ഷിക്കുമായിരുന്നു. (ബുഖാരി:748)

عَنِ ابْنِ عَبَّاسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ أُرِيتُ النَّارَ فَإِذَا أَكْثَرُ أَهْلِهَا النِّسَاءُ يَكْفُرْنَ ‏”‏‏.‏ قِيلَ أَيَكْفُرْنَ بِاللَّهِ قَالَ ‏”‏ يَكْفُرْنَ الْعَشِيرَ، وَيَكْفُرْنَ الإِحْسَانَ، لَوْ أَحْسَنْتَ إِلَى إِحْدَاهُنَّ الدَّهْرَ ثُمَّ رَأَتْ مِنْكَ شَيْئًا قَالَتْ مَا رَأَيْتُ مِنْكَ خَيْرًا قَطُّ ‏”‏‏.‏

ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: എനിക്ക് അല്ലാഹു നരകത്തെ കാണിച്ചുതന്നു. നോക്കുമ്പോള്‍ അതിലെ കുറ്റവാളികളില്‍ അധികം സ്ത്രീകളാണ്. കാരണം അവള്‍ നിഷേധിക്കുന്നവരാണ്. അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഔദാര്യങ്ങളെ നിഷേധിച്ചുകളയും. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവന്‍ നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന്നു യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ചെയ്തു തന്നിട്ടില്ല.’ (ബുഖാരി:29)

عَنْ عَائِشَةَ ـ رضى الله عنها ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ الْحُمَّى مِنْ فَيْحِ جَهَنَّمَ، فَأَبْرِدُوهَا بِالْمَاءِ

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പനി നരകാഗ്നിയുടെ അംശമാണ്. അതിനെ വെള്ളംകൊണ്ട് തണുപ്പിക്കുക. (ബുഖാരി: 3263)

ചുരുക്കത്തിൽ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിതമായി തെളിഞ്ഞതാണ് സ്വർഗ്ഗ നരകങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത്. പ്രമാണങ്ങൾക്ക് പ്രാമുഖ്യം കൽപ്പിക്കുന്ന അഹ്ലുസ്സുന്നയുടെ നിലപാടും ഈ വിഷയത്തിൽ ഇതുതന്നെയാണ്.

ഇമാം ത്വഹാവി رحمه الله പറയുന്നു : സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടവയാണ്. അവ ഒരിക്കലും നശിക്കുകയോ ഇല്ലാതാവുകയോ ചെയ്യില്ല.

ഇത് വിശദീകരിച്ചുകൊണ്ട് അല്ലാമാ ഇബ്നു അബിൽ ബസ്സ് رحمه الله പറയുന്നു : സ്വർഗ്ഗ നരകങ്ങൾ സൃഷ്ടിക്കപ്പെട്ടതാണെന്നും ഇപ്പോഴും നിലവിലുണ്ടെന്നുമുള്ള കാര്യത്തിൽ അഹ്ലുസുന്ന യോജിച്ചിരിക്കുന്നു. മുഅ്സലിയാക്കളും ഖദ്രിയാക്കളും പ്രത്യക്ഷപ്പെട്ട് അതിനെ നിഷേധിക്കുന്നത് വരേയ്ക്കും ഇതുതന്നെയായിരുന്നു അവസ്ഥ. (ശർഹുൽ അഖീദത്തി ത്വഹാവിയ്യാ : പേ: 420)

മുഅ്സലിയാക്കളും ഖദ്രിയാക്കളും വാദിക്കുന്നത് സ്വർഗ നരകങ്ങൾ അന്ത്യനാളിലാണ് സൃഷ്ടിക്കപ്പെടുക എന്നാണ്.

ഇബ്നു ഹജർ അസ്ഖലാനി رحمه الله പറയുന്നു :  അഹ്ലുസുന്നയിലെ മുഴുവൻ പണ്ഡിതന്മാരും സ്വർഗ്ഗ നരകങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന വിഷയത്തിൽ യോജിച്ചിരിക്കുന്നു. മുഅ്തസലികൾ മാത്രമാണ് ഇതിനെതിര് പറഞ്ഞിട്ടുള്ളത്. അവരെ ഖണ്ഡിക്കാനാണ് ഇമാ ബുഖാരി رحمه الله ഈ അദ്ധ്യായംതന്നെ നൽകിയത്. (ഫത്ഹുൽബാരി :8/46)

സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? അവ രണ്ടും ഇപ്പോഴും നിലവിലുണ്ടോ? ആ സ്വർഗത്തിൽ തന്നെയാണോ ആദം നബി عليه السلام യും ഹവ്വാ عليه السلام യും താമസിച്ചത്?

ശൈഖ് അബ്ദുർറസാക്വ് ബ്നു അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദർ حَفِظَهُ اللَّهُ പറയുന്നു: സ്വർഗ്ഗത്തെയും നരകത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. സ്വർഗ്ഗവും നരകവും ഇപ്പോഴും നിലവിലുണ്ട്. അല്ലാഹുവിനെ അനുസരിക്കുന്നവർക്ക് വേണ്ടിയാണ് സ്വർഗം ഒരുക്കപ്പെട്ടിട്ടുള്ളത്. അവനെ ധിക്കരിക്കുന്നവർക്ക് വേണ്ടിയാണ് നരകം ഒരുക്കപ്പെട്ടിട്ടുള്ളത്. സ്വർഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അവ രണ്ടും ഇപ്പോഴും നിലവിലുണ്ട് എന്നതും അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ വിശ്വാസമാണ്. ഈ വിശ്വാസത്തിന് ക്വുർആനിലും സുന്നത്തിലും ധാരാളം തെളിവുകളുമുണ്ട്. മുത്തക്വീങ്ങൾക്ക് വേണ്ടി സ്വർഗ്ഗം തയ്യാറാക്കപ്പെട്ടിരിക്കുന്നു എന്ന് ക്വുർആനിലെ ആയത്തുകളിലും അല്ലാഹു പറഞ്ഞിട്ടുണ്ട്. അതുപോലെത്തന്നെ നരകവും തയ്യാറാക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ, നരകവും സ്വർഗ്ഗവും സൃഷ്ടിക്കപ്പെടുകയും ഒരുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവ രണ്ടും ഇപ്പോഴും നിലവിലുണ്ട്. ഇനി ചോദ്യത്തിൽ പരാമർശിക്കപ്പെട്ടത് പോലെ, ഈ സ്വർഗ്ഗത്തിൽ നിന്ന് തന്നെയാണോ ആദം നബി عليه السلام യെ പുറത്താക്കിയത് എന്ന് ചോദിച്ചാൽ; ക്വിയാമത്ത് നാളിൽ മുഅ്മിനീങ്ങൾ പ്രവേശിക്കുന്ന സ്വർഗ്ഗം തന്നെയാണ് ആദം നബി عليه السلام താമസിച്ച സ്വർഗ്ഗവും എന്നതാണ് ശരിയായ പണ്ഡിതാഭിപ്രായം. (https://youtu.be/i_KY7JpwJag)

നരകത്തെപ്പറ്റി അത് അവിശ്വാസികള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു (أعدت للكافرين) എന്ന് ഇവിടെയും, ആലുഇംറാന്‍ 131 ലും പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തില്‍, നരകം നേരത്തെ തന്നെ അല്ലാഹൂ സൃഷ്ടിച്ചുവെച്ചിട്ടുണ്ടെന്ന് പണ്ഡിതന്‍മാര്‍ മനസ്സിലാക്കിയിരിക്കുന്നു. പല ഹദീഥുകളില്‍ നിന്നും ഇത് കൂടുതല്‍ ദൃഢപ്പെടുകയും ചെയ്യുന്നു. ഇതുപോലെ സ്വര്‍ഗത്തെപ്പറ്റി അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു (أعُدَّتْ لِلْمُتَّقِين) എന്ന് 3:133 ലും, സത്യ വിശ്വാസികള്‍ക്ക്‌ വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു (أعدت للذين آَمَنُوا) എന്ന് 57:21 ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ, മുഅത് സിലഃ വിഭാഗത്തില്‍പെട്ടവര്‍ ചില യുക്തി ന്യായങ്ങളുടെ പേരില്‍ ഇതിനോട് യോജിക്കുന്നില്ല. എന്നാല്‍, ഈ വക വിഷയങ്ങളില്‍ യുക്തിന്യായങ്ങള്‍ക്ക് സ്ഥാനമില്ലെന്നും, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വചനങ്ങളില്‍ കാണുന്നത് അതേപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഓര്‍ക്കേണ്ടതുണ്ട്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/24 ന്റെ വിശദീകരണം)

അതെ, സ്വ‍ര്‍ഗം വെറുമൊരു മോഹന വാഗ്ദാനമല്ല. അത് സത്യമാണ്. അത് സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനെ സൃഷ്ടിച്ച ശേഷം അതിനെ കുറിച്ച് അറിയിച്ച ശേഷമാണ് അത് നേടിയെടുക്കാനായി അല്ലാഹു അവന്റെ അടിമകളെ പ്രോൽസാഹിപ്പിച്ചിട്ടുള്ളത്.

നരകത്തിന്റെ കാര്യവും അങ്ങനെ തന്നെ. അത് ആളുകളെ പേടിപ്പിക്കാനായി വെറുതെ പറയുന്നതല്ല. അത് സത്യമാണ്. അത് സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനെ സൃഷ്ടിച്ച ശേഷം അതിനെ കുറിച്ച് അറിയിച്ച ശേഷമാണ് അതിനെ ഭയന്നുകൊണ്ട്  അതിലേക്കെത്തുന്ന പ്രവര്‍ത്തനങ്ങളിൽ നിന്ന് അകന്ന് നിൽക്കാനായി അല്ലാഹു അവന്റെ അടിമകളെ ഭയപ്പെടുത്തിയിട്ടുള്ളത്.

لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَٰعِبَادِ فَٱتَّقُونِ

അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തിയ്യിന്‍റെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍. (ഖുർആൻ:39/16)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *