ഫലസ്തീനും മസ്ജിദുൽ അഖ്സയും

ഫലസ്തീൻ അനുഗ്രഹീതമായ നാട്

وَلِسُلَيْمَٰنَ ٱلرِّيحَ عَاصِفَةً تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَٰلِمِينَ

സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും (നാം കീഴ്പെടുത്തികൊടുത്തു.) നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്‍റെ കല്‍പനപ്രകാരം അത് (കാറ്റ്‌) സഞ്ചരിച്ച് കൊണ്ടിരുന്നു. എല്ലാകാര്യത്തെപറ്റിയും നാം അറിവുള്ളവനാകുന്നു. (ഖു൪ആന്‍:21/81)

{ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا } وهي أرض الشام

{നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക്}അത് ശാമിന്റെ മണ്ണാകുന്നു. (തഫ്സീറുസ്സഅ്ദി)

وَنَجَّيْنَٰهُ وَلُوطًا إِلَى ٱلْأَرْضِ ٱلَّتِى بَٰرَكْنَا فِيهَا لِلْعَٰلَمِينَ

ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തിക്കൊണ്ട് പോകുകയും ചെയ്തു. (ഖു൪ആന്‍ :21/71)

{ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ ْ} أي: الشام

{ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക്} അത് ശാമകുന്നു. (തഫ്സീറുസ്സഅ്ദി)

സബഅ് ഗോത്രത്തിന്റെ ചരിത്രം വിവരിക്കവെ അല്ലാഹു പറഞ്ഞു:

وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَٰرَكْنَا فِيهَا قُرًى ظَٰهِرَةً وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ

അവര്‍ക്കും (സബഅ് ദേശക്കാര്‍ക്കും) നാം അനുഗ്രഹം നല്‍കിയ ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രയ്ക്ക് താവളങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. രാപകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ച് കൊള്ളുക. (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.) (ഖു൪ആന്‍:34/188

{وجعلنا بينهم وبين القرى التي باركنا فيها} بالماء والشجر ، هي قرى الشام

{അവര്‍ക്കും നാം അനുഗ്രഹം നല്‍കിയ ഗ്രാമങ്ങള്‍ക്കുമിടയില്‍}വെള്ളവും മരങ്ങളും കൊണ്ട് (അനുഗ്രഹം നൽകിയ) നാട് ശാമകുന്നു. (തഫ്‌സീർ ബഗ്‌വി)

عَنْ زَيْدِ بْنِ ثَابِتٍ، قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم نُؤَلِّفُ الْقُرْآنَ مِنَ الرِّقَاعِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ طُوبَى لِلشَّأْمِ ‏”‏ ‏.‏ فَقُلْنَا لأَىٍّ ذَلِكَ يَا رَسُولَ اللَّهِ قَالَ ‏”‏ لأَنَّ مَلاَئِكَةَ الرَّحْمَنِ بَاسِطَةٌ أَجْنِحَتَهَا عَلَيْهَا ‏”‏ ‏.‏

സൈദ് ബ്നു സാബിത് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കൂടെ (ഖുര്‍ആൻ രേഖപ്പെടുത്താൻ ഉപയോഗിച്ച) തുണികൾ  ഒരുമിച്ച് കൂട്ടുകയായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ശാമിന് മംഗളം. അപ്പോൾ ഞങ്ങൾ പറഞ്ഞു: ‘അത് എന്തിനാണ് അല്ലാഹുവിന്റെ റസൂലേ? നബി ﷺ പറഞ്ഞു: കാരണം റഹ്മാനായ (അല്ലാഹുവിന്റെ) മലക്കുകൾ അതിന്മേൽ ചിറക് വിരിച്ചിരിക്കുന്നു. (തിര്‍മിദി:3954)

ശാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സിറിയ, ലബ്‌നാൻ, ഫലസ്തീൻ, ജോർദാൻ എന്നീ നാടുകൾ ചേരുന്ന ഭൂപ്രദേശമാണ്. ഇസ്‌ലാം വന്നെത്തിയ ശേഷം വളരെയധികം കാലഘട്ടം ഒരേ ഭരണാധികാരിക്ക് കീഴിൽ വന്നിരുന്ന പ്രദേശങ്ങളായിരുന്നു ഇതെല്ലാം. എന്നാൽ പിന്നീട് പാശ്ചാത്യ അധിനിവേശങ്ങളുടെ ഭാഗമായി ഈ നാട് നാല് കഷ്ണങ്ങളായി വീതിക്കപ്പെടുകയാണുണ്ടായത്.

وَٱلتِّينِ وَٱلزَّيْتُونِ

അത്തിയും, ഒലീവും തന്നെയാണ സത്യം. (ഖുർആൻ:95/1-3)

أَقْسَمَ اللَّهُ بِالتِّينِ وَمَكَانِ نَبَاتِهِ، وَبِالزَّيْتُونِ وَمَكَانِ نَبَاتِهِ فِي أَرْضِ فِلَسْطِينَ التِّي بُعِثَ فِيهَا عِيسَى عَلَيْهِ السَّلَامُ.

അത്തിപ്പഴം കൊണ്ടും, അത് വളരുന്ന സ്ഥലത്തെ കൊണ്ടും, ഒലീവിനെ കൊണ്ടും അത് വളരുന്ന സ്ഥലത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ഈസാ عَلَيْهِ السَّلَام അയക്കപ്പെട്ട ഫലസ്ത്വീനാണ് ഉദ്ദേശം. (തഫ്സീർ മുഖ്തസ്വർ)

ഫലസ്തീനിലെ താമസക്കാര്‍

നൂഹ് നബി عليه السلام യുടെ സന്തതി പരമ്പരയിൽപെട്ട കൻകാനികളായ അറബികളായിരുന്നു ഫലസ്തീനിൽ ആദ്യമായി കുടിയേറി താമസിക്കുന്നത്. അവിടേക്കാണ് ഇബ്‌റാഹീം നബി عليه السلام സ്വദേശമായിരുന്ന ഇറാക്വില്‍ നിന്നു ഹിജ്ര പോന്ന് താമസമാക്കിയത്. അങ്ങനെ, അദ്ദേഹത്തിന്റെ കുടുംബം ആ ദേശക്കാരായിത്തീര്‍ന്നു. കുറെ കഴിഞ്ഞപ്പോള്‍, സൂറ:യൂസുഫില്‍ അല്ലാഹു വിവരിച്ച സുപ്രസിദ്ധ സംഭവങ്ങളെത്തുടര്‍ന്ന് യൂസുഫ് നബി  عليه السلام ഈജിപ്തിലെ ഒരു ഭരണാധികാരിയായിത്തീര്‍ന്നതോടെ അദ്ദേഹത്തിന്റെ പിതാവും ഇബ്‌റാഹീം നബി  عليه السلام  യുടെ പൗത്രനുമായ യഅ്ക്വൂബ് നബി عليه السلام  കുടുംബസമേതം ഈജിപ്തിലേക്ക് താമസം മാറ്റി.

കാലങ്ങൾ കഴിഞ്ഞപ്പോൾ ഈജിപ്തിൽ അവര്‍ ഖിബ്തി വര്‍ഗ്ഗക്കാരായ ഫറോവാ രാജാക്കളുടെ ഭരണത്തിന്‍ കീഴില്‍ ഒരു അടിമ വര്‍ഗ്ഗമായിത്തീര്‍ന്നു. അങ്ങിനെയിരിക്കെയാണ് – ഏകദേശം നാനൂറു കൊല്ലങ്ങള്‍ക്കു ശേഷം – മൂസാ നബി عليه السلام യുടെ കൂടെ ചെങ്കടല്‍ കടന്ന് ഫിര്‍ഔനില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത്.

ഇബ്‌റാഹീം നബി عليه السلام യുടെ മകനായ ഇസ്ഹാക്വ് നബി عليه السلام യുടെ മകന്‍ യഅ്ക്വൂബ് നബി عليه السلام യുടെ മറ്റൊരു പേരാണ് ‘ഇസ്‌റാഈല്‍’. അദ്ദേഹത്തിന് യൂസുഫ് നബി عليه السلام അടക്കം പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അവരുടെ സന്താന പരമ്പര കാലക്രമത്തില്‍ പന്ത്രണ്ട് ഗോത്രങ്ങളായിത്തീര്‍ന്നു. എല്ലാം യഅ്ക്വൂബ് നബി عليه السلام യുടെ സന്തതികളായതുകൊണ്ട് എല്ലാവര്‍ക്കും മൊത്തത്തില്‍ ‘ഇസ്‌റാഈല്‍ സന്തതികള്‍’, ‘ഈസ്‌റാഈല്യര്‍’ എന്ന് പറയപ്പെടുന്നു. ഈസ്‌റാഈല്യര്‍ എന്ന് പറയുന്നവര്‍ യഹൂദരല്ല. ഇസ്‌റാഈല്‍ സന്തതികളിൽ പെട്ട മൂസാ നബിയുടെ കാലത്തുണ്ടായിരുന്ന വിഭാഗമാണ് യഹൂദര്‍.

ചെങ്കടല്‍ കടന്ന്  രക്ഷപ്പെട്ട മൂസാ നബിയുടെ അനുയായികൾക്ക് ഫലസ്തീന്‍ പ്രദേശം  വാസസ്ഥലമായി ലഭിക്കുമെന്ന് മൂസാ നബി عليه السلام മുഖാന്തരം അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പക്ഷെ, വേഗത്തിലങ്ങു കടന്നുചെന്നു കുടിയിരിക്കുവാന്‍ സാദ്ധ്യമല്ലാത്ത പരിതഃസ്ഥിതിയായിരുന്നു അന്നവിടെയുള്ളത്. അന്ന് അവിടെ  ബഹുദൈവാരാധകരും അതികായന്മാരും ശക്തരുമായിരുന്ന അമാലിക്വഃ വര്‍ഗ്ഗക്കാര്‍  കുടിയേറിയിരിക്കുകയാണ്. അവരോട് യുദ്ധം ചെയ്ത് വിജയിച്ചിട്ട് വേണം ഇസ്രാഈല്യര്‍ക്കവിടെ പ്രവേശനം ലഭിക്കാന്‍. അതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിച്ചത് കാണുക:

يَٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَٰسِرِينَ ‎

എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്‌. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും. (ഖു൪ആന്‍ :5/21)

മൂസാ നബി عليه السلام യുടെ അനുയായികളാകട്ടെ – അവരുടെ മടിയും ഭീരുത്വവും അനുസരണക്കേടും നിമിത്തം – അതിനു തയ്യാറുമില്ല. അവരുടെ മറുപടി കാണുക:

قَالُوا۟ يَٰمُوسَىٰٓ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ ‎

അവര്‍ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്‌. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം. (ഖു൪ആന്‍ :5/21)

قَالُوا۟ يَٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَٰتِلَآ إِنَّا هَٰهُنَا قَٰعِدُونَ

അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്‌.(ഖു൪ആന്‍:5/24)

പരിശുദ്ധമായ ഫലസ്തീനിലേക്ക് പ്രവേശിക്കാനും അവിടെയുള്ള ദുഷ്ടരായ ജനതയോട് പൊരുതി വിജയിച്ച് ആ നാട്ടില്‍ താമസം ഉറപ്പിക്കാനുമുള്ള കല്‍പ്പന നിഷേധിച്ചതിന് അല്ലാഹു അവ൪ക്ക് ആ മണ്ണിലേക്കുള്ള പ്രവേശനം നാല്‍പ്പത് കൊല്ലത്തേക്ക് നിഷേധിച്ചു. അങ്ങനെ സ്വകുടുംബവുമായി ഒരിടത്ത് താമസമുറപ്പിക്കാന്‍ ഗതിയില്ലാതെ അവര്‍ സീനാ മരുഭൂമിയില്‍  അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടി വന്നു.

قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِى ٱلْأَرْضِ ۚ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْفَٰسِقِينَ ‎

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട് നാല്‍പത് കൊല്ലത്തേക്ക് അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്‌; തീര്‍ച്ച. (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തം വിട്ട് അലഞ്ഞ് നടക്കുന്നതാണ്‌. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്‌. (ഖു൪ആന്‍:5/26)

അനുയായികളുടെ ധിക്കാരവും അനുസരണക്കേടും കാരണം ഫലസ്തീനിൽ പ്രവേശിക്കുവാന്‍ മൂസാ നബി عليه السلام ക്ക് വിധിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന യൂശഉ് നബിയുടെ കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പല യുദ്ധങ്ങള്‍ക്കുശേഷം അവര്‍ ആ രാജ്യം ജയിച്ചടക്കിയതും, അതില്‍ കുടിയേറി താമസിച്ചതും, അവര്‍ക്കിടയില്‍ രാജ്യം ഭാഗിക്കപ്പെട്ടതും.

ഫലസ്തീനില്‍ പ്രവേശിക്കുമ്പോള്‍ അതിന്‍റെ പടിവാതില്‍ കടക്കുന്നത് അല്ലാഹുവിനോട് നന്ദിയും വിനയവും പ്രകടിപ്പിക്കുന്നവരായി തലതാഴ്ത്തി കുനിഞ്ഞു കൊണ്ടായിരിക്കണമെന്നും ഹിത്വതുന്‍ (ഈ പദത്തിന്‍റെ അര്‍ത്ഥം താഴ്ത്തുക, അല്ലെങ്കില്‍ ഇറക്കിവെക്കുക എന്നാകുന്നു) എന്ന് പറയണമെന്ന് അവ൪ കല്‍പിക്കപ്പെട്ടിരുന്നു. എങ്കിൽ അവരുടെ തെറ്റ് കുറ്റങ്ങള്‍ പൊറുത്തുകൊടുക്കുമെന്നും സുകൃതം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നന്മ നല്‍കുമെന്നും അല്ലാഹു അവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ചെയ്തത് നേരെമറിച്ചായിരുന്നു. അവര്‍ മുഴുവനും അല്ലെങ്കില്‍, അവരിലൊരു വിഭാഗം അഹങ്കാരപൂര്‍വ്വം വിജയഭേരി മുഴക്കിക്കൊണ്ടാണ് പ്രവേശിച്ചത്. അവരോട് കല്‍പിക്കപ്പെട്ട വാക്ക് പറഞ്ഞില്ലെന്ന് മാത്രമല്ല, പകരം മറ്റൊരു വാക്ക് പറയുകയും ചെയ്തു. ഈ ധിക്കാരത്തിന് അല്ലാഹു അവരില്‍ കടുത്ത ശിക്ഷ ഇറക്കി.

وَإِذْ قُلْنَا ٱدْخُلُوا۟ هَٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًا وَٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُولُوا۟ حِطَّةٌ نَّغْفِرْ لَكُمْ خَطَٰيَٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ ‎﴿٥٨﴾‏ فَبَدَّلَ ٱلَّذِينَ ظَلَمُوا۟ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَنزَلْنَا عَلَى ٱلَّذِينَ ظَلَمُوا۟ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ ‎﴿٥٩﴾‏

നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക).  എന്നാല്‍ അക്രമികളായ ആളുകള്‍ അവരോട് നിര്‍ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ് ഉപയോഗിച്ചത്‌. അതിനാല്‍ ആ അക്രമികളുടെ മേല്‍ നാം ആകാശത്തു നിന്ന് ശിക്ഷ ഇറക്കി. കാരണം അവര്‍ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത് തന്നെ. (ഖു൪ആന്‍:2/58-59)

ചുരുക്കത്തിൽ യഹൂദരല്ല ഫലസ്തീനിന്റെ യഥാര്‍ത്ഥ അവകാശികൾ. ഒരു നാട്ടിൽ ആദ്യമായി കുടിയേറിപാര്‍ത്തവര്‍ എന്നതിന്റെ അടിസ്ഥാനത്തിൽ കൻകാനികളാണ് ഫലസ്തീനിന്റെ ആദ്യഅവകാശികൾ. യഹൂദര്‍ക്ക് ഫലസ്തീനിൽ പ്രവേശിക്കാൻ അവസരം ലഭിച്ചതാകട്ടെ അല്ലാഹുവിന്റെ നിശ്ചയ പ്രകാരമായിരുന്നു. അതാകട്ടെ സത്യത്തിന്റെ ആദര്‍ശവുമായി ബന്ധപ്പെട്ടുമാണ്.

وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّٰلِحُونَ

ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് ഉല്‍ബോധനത്തിന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (ഖു൪ആന്‍:21/105)

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിച്ചപ്പോൾ യഹൂദര്‍ക്ക് അല്ലാഹു ഫലസ്തീൻ നിഷിദ്ധമാക്കി. പിന്നീട് അവര്‍ അനുസരണ കാണിച്ചപ്പോൾ അവര്‍ക്ക് ഫലസ്തീൻ ലഭിച്ചു. പിന്നീട് അവര്‍ തൗഹീദിന്റെയും സുന്നത്തിന്റെയും മാര്‍ഗത്തിൽ നിന്നും വ്യതിചലിച്ചപ്പോൾ അവര്‍ക്ക് ഫലസ്തീൻ നഷ്ടമായി. അതായത്  ബിംബാരാധനയും, ദൈവപ്രതിഷ്ഠകളും വരേയുള്ള ദുരാചാരങ്ങളും തോന്നിയവാസങ്ങളും അവരിൽ പടര്‍ന്നുപിടിച്ചപ്പോൾ അവര്‍ വീണ്ടും പുറത്താക്കപ്പെട്ടു.  ഇക്കാലത്ത് അവര്‍ക്കിടയിൽ പ്രവാചകന്‍മാര്‍ ഉണ്ടായിരുന്നില്ല. പിന്നീട് മറ്റൊരു പ്രവാചകനിലൂടെ അവരിൽ കുറച്ചാളുകൾ സത്യത്തിന്റെ മാര്‍ഗത്തിലൂടെ ചലിച്ചപ്പോൾ അവര്‍ക്ക് ശത്രുക്കളിൽ നിന്നും ഫലസ്തീൻ വീണ്ടെടുക്കാൻ കഴിഞ്ഞു. ഈ സംഭവം വിശുദ്ധ ഖുര്‍ആൻ 2/246-252 ആയത്തുകളിൽ വിവരിക്കുന്നുണ്ട്. ആ സംഭവത്തിലൂടെ  ദാവൂദ് عليه السلام ഇസ്‌റാഈല്യരുടെ രാജാവായിത്തീര്‍ന്നു. പിന്നീട് അദ്ദേഹത്തിന് പ്രവാചകത്വവും ലഭിക്കുകയുണ്ടായി. പക്ഷേ, ദാവൂദ് عليه السلام, അദ്ദേഹത്തിന്റെ പുത്രന്‍ സുലൈമാന്‍ عليه السلام എന്നീ ഭരണാധികാരികള്‍ മൊത്തം ഏകദേശം എണ്‍പതോളം വര്‍ഷം മാത്രമാണ് ആ നാട്ടില്‍ അധികാരം കയ്യാളിയിരുന്നത്.

മസ്ജിദുല്‍ അഖ്‌സ

അല്ലാഹുവിനെ ആരാധിക്കുന്നതിനായി ലോകത്ത് രണ്ടാമതായി നിർമ്മിച്ച ആരാധനാലയമാണ് ഫലസ്തീനിലുള്ള മസ്ജിദുല്‍ അഖ്‌സ (ബൈതുല്‍ മുഖദ്ദസ്). ആദ്യത്തെ ആരാധനാലം മക്കയിലുള്ള മസ്ജിദുല്‍ഹറാം ആകുന്നു. അതിന് ശേഷം 40 വര്‍ഷം കഴിഞ്ഞാണ് മസ്ജിദുല്‍ അഖ്‌സ നിര്‍മ്മിക്കുന്നത്.

عَنْ أَبِي ذَرٍّ، قَالَ ـ رضى الله عنه ـ قَالَ قُلْتُ يَا رَسُولَ اللَّهِ، أَىُّ مَسْجِدٍ وُضِعَ فِي الأَرْضِ أَوَّلُ قَالَ ‏”‏ الْمَسْجِدُ الْحَرَامُ ‏”‏‏.‏ قَالَ قُلْتُ ثُمَّ أَىٌّ قَالَ ‏”‏ الْمَسْجِدُ الأَقْصَى ‏”‏‏.‏ قُلْتُ كَمْ كَانَ بَيْنَهُمَا قَالَ ‏”‏ أَرْبَعُونَ سَنَةً،…. ‏”‏‏.‏

അബുദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പളളി ഏതാണ്. നബി ﷺ പറഞ്ഞു: (മക്കയിലുള്ള) മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി ﷺ പറഞ്ഞു: (ഫലസ്തീനിലുള്ള) ബൈത്തുല്‍ മുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി ﷺ പറഞ്ഞു: നാല്പത് കൊല്ലം ഇടവിട്ട്. (ബുഖാരി:3366)

മസ്ജിദുല്‍ അഖ്‌സ ആദ്യമായി നിർമ്മിച്ചത് ആരാണെന്ന കാര്യത്തിൽ പണ്ഢിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. മലക്കുകള്‍ മുമ്പേ അവിടെ മസ്ജിദുല്‍ അഖ്‌സ നിര്‍മിച്ചിരുന്നെന്നും പിന്നീട് ആദം عليه السلام നിര്‍മിച്ചുവെന്നും അതിനു ശേഷം ദാവൂദ് عليه السلام തുടങ്ങി പലരുടെയും കൈകളാല്‍ നിര്‍മിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.

പുണ്യം പ്രതീക്ഷിച്ചുള്ള സിയാറത്ത് യാത്ര പാടുള്ളത് മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതിലൊന്ന് മസ്‌ജിദുൽ അഖ്‌സയാണ്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂൽ ﷺ യുടെ പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189)

മസ്ജിദുൽ അഖ്‌സയിൽ വെച്ചുള്ള നമസ്കാരത്തിന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇതിൽ സ്വീകാര്യമായ ഹദീസുകളിൽ വന്നിട്ടുള്ളതിൽ പ്രബലമായത് 250 മടങ്ങ് എന്നാണ്. അതായത് മസ്ജിദുൽ അഖ്‌സയിൽ വെച്ചുള്ള നമസ്കാരത്തിന് മറ്റ് പള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ 250 മടങ്ങ് പ്രതിഫലമുണ്ട്.

മുഹമ്മദ് നബി ﷺ യുടെ അത്ഭുതകരമായ നിശാപ്രയാണം (ഇസ്‌റാഅ്), ആകാശാരോഹണം (മിഅ്‌റാജ്) എന്നീ സംഭവങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട വിശുദ്ധഗേഹമാണ്  ബൈത്തുല്‍ മുഖദ്ദസ്. വിശുദ്ധ ക്വുര്‍ആന്‍ 17ാം അധ്യായം ഒന്നാം വചനത്തില്‍ ഇങ്ങനെ കാണാം:

سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ

തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സയിലേക്ക് – അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു – നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.(ഖു൪ആന്‍ :17/1)

നബി ﷺ യുടെ ഇസ്‌റാഅ് വേളയിൽ അവിടുന്ന് മസ്ജിദുല്‍ അഖ്‌സയിൽ വെച്ച് നമസ്കാരം നിർവ്വഹിച്ചിട്ടുണ്ട്. നബി ﷺ യുടെ ആകാശാരോഹണം നടന്ന ഭാഗമുള്‍പ്പെടെയുള്ള ഒരു ലക്ഷത്തി നാല്‍പതിനാലായിരത്തോളം ചതുരശ്രമീറ്ററുള്ള വിശാലമായ സ്ഥലമാണ് ഇന്ന് ബൈത്തുല്‍ മക്വദ്ദിസ്.

ലോക മുസ്ലിംകളുടെ ഖിബ്‌ല മക്കയിലെ കഅ്ബയാണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ഖിബ്‌ല ഫലസ്തീനിലെ ബൈതുല്‍  മുഖദ്ദസ് ആയിരുന്നു. നബി ﷺ മക്കയിലായിരിക്കെ കഅ്ബ അവിടുത്തെ മുന്നിലുണ്ടായിരുന്നിട്ടും ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുഖദ്ദസ് തന്നെയായിരുന്നു നബി ﷺ യുടെയും അനുയായികളുടെയും ഖിബ്‌ല. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ കഅ്ബയിലേക്ക് ഖിബ്‌ല മാറ്റുവാനുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി.

عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ: صَلَّيْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم نَحْوَ بَيْتِ الْمَقْدِسِ سِتَّةَ عَشَرَ شَهْرًا أَوْ سَبْعَةَ عَشَرَ شَهْرًا ثُمَّ صُرِفْنَا نَحْوَ الْكَعْبَةِ ‏.‏

ബര്‍റാഅ്ബിന്‍ ആസിബ് رضى الله عنهما പറയുന്നു: ‘ഞങ്ങള്‍ നബി ﷺ യോടൊപ്പം ബൈതുല്‍ മുക്വദ്ദസിലേക്ക് മുന്നിട്ട് പതിനാറോ പതിനേഴോ മാസം നമസ്‌കരിച്ചു. ശേഷം ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടു’ ( മുസ്‌ലിം: 525)

عن عبدالله بن عباس قَالَ: كان رسولُ الله صلَّى اللهُ عليه وسلَّم يُصَلِّي بمكَّةَ نحوَ بَيتِ المقدِسِ والكَعبةِ بين يَدَيه، وبَعْدَما هاجر إلى المدينةِ سِتَّةَ عَشَرَ شَهرًا، ثمَّ انصرَفَ إلى الكَعبةِ.

ഇബ്‌നു അബ്ബാസ് رضى الله عنهما പറയുന്നു: നബി ﷺ മക്കയിലായിരിക്കെ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. കഅ്ബ നബി ﷺ യുടെ മുമ്പിലായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം 16 മാസം അതേ അവസ്ഥ തുടരുകയും പിന്നീട് കഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു. (അഹ്മദ്: 2991)

ഇസ്ലാമും ഫലസ്തീനും

ഇന്നത്തെ ഫലസ്തീന്‍ ഉള്‍പ്പെടുന്ന പൗരാണിക ശാമിന്  ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അജ്ഞാനകാലം മുതല്‍ തന്നെ മക്കയിലെ അറബികള്‍ക്ക് ഈ പ്രദേശവുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. ഒട്ടനവധി പ്രവാചകന്മാരുടെ കര്‍മഭൂമിയായിരുന്ന ആ പ്രദേശത്തെപ്പറ്റി നബി ﷺ ഇപ്രകാരം പറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ طُوبَى لِلشَّأْمِ

നബി ﷺ പറഞ്ഞു: ശാമിന് മംഗളം. (തിര്‍മിദി:3954)

اللَّهُمَّ بَارِكْ لَنَا فِي شَأْمِنَا

അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ നീ ബറകത്ത് ചൊരിയണേ (ബുഖാരി:7094)

ക്രിസ്താബ്ദം 313 മുതല്‍ ആരംഭിച്ച പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ (ബൈസന്റിയന്‍) ഭരണം എഡി 638-640 കാലഘട്ടംവരെ തുടര്‍ന്നു. അഥവാ മുഹമ്മദ് നബി ﷺ യുടെ കാലഘട്ടത്തില്‍ ഈ പ്രദേശം റോമക്കാരുടെ ആധിപത്യത്തിലായിരുന്നു. മുഹമ്മദ് നബി ﷺ യുടെ കാലഘട്ടത്തില്‍ ഈ പ്രദേശത്തിനടുത്തുവരെ മുസ്ലിംകൾ സൈനിക നീക്കം നടത്തിയിട്ടുണ്ട്. അറേബ്യന്‍ ഉപദ്വീപിനെ ഇസ്‌ലാമിന്റെ ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോമന്‍ സൈന്യവുമായി സഖ്യത്തിലുള്ളവരുമായി ശാമിലെ മുഅ്ത എന്ന സ്ഥലത്ത് വെച്ച് മുസ്ലിംകൾ പോരാടിയിട്ടുണ്ട്. ഇതാണ് മുഅ്ത യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.

മുഹമ്മദ് നബി ﷺ ക്കെതിരില്‍ റോമക്കാരും അറേബ്യന്‍ ക്രിസ്ത്യാനികളും സംഘടിക്കുവാന്‍ തീരുമാനിക്കുകയും അങ്ങനെ റോമക്കാരും അറേബ്യന്‍ ക്രൈസ്തവരും നബി ﷺ ക്ക് എതിരില്‍ പോരാടാനായി തബൂക്കിലേക്ക് പുറപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹിജ്‌റ ഒമ്പതിന് തബൂക്കിലേക്ക് അനുചരന്മാരെയും കൂട്ടി പുറപ്പെട്ടിരുന്നു. മാത്രമല്ല, ബൈതുൽ മുഖദ്ദസ് വിജയിച്ചടക്കുമെന്ന് അവിടുന്ന് പ്രചിക്കുകയും ചെയ്തിട്ടുണ്ട്.

عن عَوْفَ بْنَ مَالِكٍ رضي الله عنه قال: أَتَيْتُ النَّبِيَّ صلى الله عليه وسلم فِي غَزْوَةِ تَبُوكَ، وَهْوَ فِي قُبَّةٍ مِنْ أَدَمٍ فَقَالَ ‏ :‏ اعْدُدْ سِتًّا بَيْنَ يَدَىِ السَّاعَةِ، مَوْتِي، ثُمَّ فَتْحُ بَيْتِ الْمَقْدِسِ ……………..

ഔഫ് ബിൻ മാലിക് رضي الله عنه പറയുന്നു:ഞാൻ തബൂക് യുദ്ധത്തിൽ നബി ﷺ യുടെ അടുക്കൽ ചെന്നു. അവിടുന്ന് തോലിനാലുള്ള ഒരു ടെന്റിൽ ഇരിക്കുകയായിരുന്നു. നബി ﷺ പറഞ്ഞു. അന്ത്യദിനത്തിന് മുന്‍പായി ഞാന്‍ ആറു കാര്യങ്ങള്‍ എണ്ണുന്നു. എന്റെ മരണം, ബൈത്തുല്‍ മുഖദ്ദസിന്‍റെ വിജയം ……… (ബുഖാരി: 3176)

ഹിജ്റ വര്‍ഷം 16 ൽ (AD. 637ൽ) അമീറുൽ മുഅ്മിനീൻ ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ വിന്റെ ഖിലാഫത്തിൽ ബൈതുൽ മുഖദ്ദസ് വിജയിച്ചടക്കപ്പെട്ടു. ഉമർ رَضِيَ اللَّهُ عَنْهُ നേരിട്ടെത്തിയായിരുന്നു അവിടുത്തുകാരോട് സന്ധിചെയ്യുകയും അത് സന്ധിയിലൂടെ വിജയിച്ചടക്കുകയും ചെയ്തത്. മിഅ്റാജിന്റെ രാവിൽ നബി ﷺ നമസ്കരിച്ച സ്ഥലത്ത് അദ്ദേഹം നമസ്കരിക്കുകയും അവിടെ അദ്ദേഹം ഒരു പളളി നിർമ്മിക്കുകയും ചെയ്തു. അങ്ങനെ ഫലസ്തീന്‍ ഉള്‍പെടുന്ന പ്രദേശം ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി ചേര്‍ക്കപ്പെട്ടു.

وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّٰلِحُونَ

ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് ഉല്‍ബോധനത്തിന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (ഖു൪ആന്‍:21/105)

എ.ഡി 638 മുതല്‍ നീണ്ട 450 വര്‍ഷത്തിലേറെ ഇസ്‌ലാമിക ഭരണത്തിനു കീഴിലെ ആ സൗഹാര്‍ദാന്തരീക്ഷം ഫലസ്തീനിന്റെ മണ്ണില്‍ തുടര്‍ന്നു. എന്നാല്‍ എ.ഡി 1099ല്‍ കുരിശു യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്യര്‍ ജറുസലേം കീഴടക്കി. ആ പ്രദേശം കത്തോലിക്കരുടെ നിയന്ത്രണത്തിലായി. പിന്നീട് എ.ഡി 1187ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിൽ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശം ജയിച്ചടക്കി മുസ്‌ലിംകളുടെ കീഴിലായിത്തീര്‍ന്നു.  പിന്നീട് 1917 വരെ പ്രദേശം മുസ്‌ലിംകളുടെ ഭരണത്തില്‍ തുടര്‍ന്നു. എ.ഡി 1517 മുതല്‍ ആരംഭിച്ച് എ.ഡി 1917 വരെയുള്ള 400 വര്‍ഷം തുര്‍ക്കിയിലെ ഉസ്മാനിയ (ഒട്ടോമന്‍) ഖിലാഫത്തിന്റെ കീഴിലായിരുന്നു ഫലസ്തീന്‍ പ്രദേശം.

ഇസ്ലാമും ഫലസ്തീനുമായി അഭേദ്യമായ ബന്ധമുണ്ട്. ഈസാ നബി عليه السلام യുടെ പുനരാഗമനമുണ്ടാകുന്നതും ദജ്ജാല്‍ വധിക്കപ്പെടുന്നതുമെല്ലാം ഇവിടെയാണ്. നവ്വാസിബ്നു സംആൻ رَضِيَ اللَّهُ عَنْهُ നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഒരു ഹദീസില്‍ , ദജ്ജാലിന്റെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശേഷം പറയുന്നത് കാണുക:

إِذْ بَعَثَ اللَّهُ الْمَسِيحَ ابْنَ مَرْيَمَ فَيَنْزِلُ عِنْدَ الْمَنَارَةِ الْبَيْضَاءِ شَرْقِيَّ دِمَشْقَ بَيْنَ مَهْرُودَتَيْنِ وَاضِعًا كَفَّيْهِ عَلَى أَجْنِحَةِ مَلَكَيْنِ إِذَا طَأْطَأَ رَأَسَهُ قَطَرَ وَإِذَا رَفَعَهُ تَحَدَّرَ مِنْهُ جُمَانٌ كَاللُّؤْلُؤِ فَلاَ يَحِلُّ لِكَافِرٍ يَجِدُ رِيحَ نَفَسِهِ إِلاَّ مَاتَ وَنَفَسُهُ يَنْتَهِي حَيْثُ يَنْتَهِي طَرْفُهُ فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ

നബി ﷺ പറയുന്നു: അന്നേരം അല്ലാഹു അൽ മസീഹ്‌ ഇബ്‌നു മറിയമിനെ നിയോഗിക്കും. ദിമശ്ഖിന്റെ കിഴക്ക്‌ ഭാഗത്തുള്ള അല്‍ മനാറത്തുൽ ബൈളാഇന് (വെള്ള മിനാരത്തിന്) അരികിൽ മഞ്ഞ വർണ്ണങ്ങളുള്ള രണ്ട് വസ്ത്രങ്ങളിലായി രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈകൾ വെച്ച്‌ അദ്ദേഹം (ആകാശത്ത്‌ നിന്ന്) വന്നിറങ്ങും. അദ്ദേഹം തല താഴ്ത്തിയാൽ വെള്ളത്തുള്ളികൾ ഇറ്റുവീഴും. തലയുയർത്തിയാലോ തിളക്കമാർന്ന മുത്തുകൾ അദ്ദേഹത്തിൽ നിന്ന് ഉതിർന്ന് വീഴും അദ്ദേഹത്തില്‍ നിന്നുള്ള നിശ്വാസത്തിന്റെ മണമടിക്കുന്ന യാതൊരു കാഫിറിനും മരിക്കുകയല്ലാതെ നിവൃത്തിയില്ല. അദ്ദേഹത്തിന്റെ നിശ്വാസമാകട്ടെ, അദ്ദേഹത്തിന്റെ ദൃഷ്ടിയെത്തുന്നേടത്ത് ചെന്നെത്തും. അങ്ങനെ അദ്ദേഹം ദജ്ജാലിനെ അന്വേഷിക്കുകയും ബാബുലുദ്ദില്‍ ദജ്ജാലിനെ കണ്ടുമുട്ടുകയും ദജ്ജാലിനെ വധിക്കുകയും ചെയ്യും. (മുസ്ലിം:2937)

عَنِ العِرْبَاضِ بنِ سَارِيَةَ قَالَ: سَمِعْتُ رسُولَ اللَّهِ -ﷺ- يَقُولُ: «إنِّي عِنْدَ اللَّهِ مَكْتُوبٌ بِخَاتَمِ النَّبِيِّينَ، وَإنَّ آدَمَ عَلَيهِ السَّلامُ لَمُنْجَدِلٌ في طِينَتِهِ، وسَأُخْبِرُكُمْ بِأَوَّلِ ذَلِكَ: دَعْوَةُ أَبِي إبْرَاهِيمَ، وبِشَارَةُ أخِي عِيسَى، ورُؤْيَا أُمِّي التِي رَأَتْ حِينَ وَضَعَتْنِي أَنَّهُ خَرَجَ مِنْهَا نُورٌ أضَاءَتْ لَهَا مِنْهُ قُصُورُ الشَّامِ»

ഇർബാദ്വു ബ്നു സാരിയ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആദം عَلَيْهِ السَّلَامُകളിമണ്ണിൽ പുതഞ്ഞു കിടക്കുന്ന സന്ദർഭത്തിൽ നബിമാരിൽ അന്തിമ നബിയാണ് ഞാൻ എന്നത് അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെട്ട നിലയിലുണ്ട്. അതിന്റെ ആരംഭത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു നൽകാം: എന്റെ പിതാവായ ഇബ്രാഹീമിന്റെ പ്രാർത്ഥനയും, എന്റെ സഹോദരനായ ഈസയുടെ സന്തോഷവാർത്തയും, എന്നെ പ്രസവിച്ച വേളയിൽ എന്റെ ഉമ്മ കണ്ട സ്വപ്നവുമാണത്. ഉമ്മയിൽ നിന്ന് ഒരു പ്രകാശം പുറപ്പെടുകയും, അത് മുഖേന ശാമിലെ കൊട്ടാരങ്ങൾ പ്രകാശിക്കുകയും ചെയ്യുന്നതായിരുന്നു ഉമ്മയുടെ സ്വപ്നം. (അഹ്മദ്: 17163, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

സ്വപ്നത്തിൽ ശാം പ്രദേശം പ്രത്യേകമായി പരാമർശിക്കപ്പെട്ടതിനെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് ഇബ്‌നു കഥീർ رَحِمَهُ اللَّهُ  പറഞ്ഞു: നബി ﷺ യുടെ പ്രകാശം ശാമിനെ പ്രകാശപൂരിതമാക്കുമെന്ന് പ്രത്യേകമായി സ്വപ്നത്തിൽ ദർശിച്ചതിൽ ഇസ്‌ലാം ശാമിൽ നിലയുറപ്പിക്കുമെന്ന സൂചനയുണ്ട്. അവസാന കാലഘട്ടത്തിൽ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കേന്ദ്രമായി ശാം മാറുന്നതാണ്. ശാമിൽ തന്നെയാണ് ഈസ ബ്നു മർയം ഇറങ്ങുന്നതും. (തഫ്സീർ ഇബ്നു കഥീർ: 1/317)

ഫിലസ്തീനിലെ ജൂതകുടിയേറ്റം

യഅ്ക്വൂബ്  നബി عليه السلام യുടെ സന്തതിപരമ്പരയാണ് ഇസ്‌റാഈലികള്‍. എല്ലാ ജൂതന്മാരും ഇസ്‌റാഈലികള്‍ അല്ല. ലോകത്തെ ജൂതജനസംഖ്യയില്‍ 75%വും അഷ്‌കനാസി (Ashkenazi) വിഭാഗത്തില്‍ പെട്ടവരാണ്. യൂറോപ്പിലെ വിവിധ നാടുകളില്‍ ജീവിക്കുന്ന, കാലക്രമേണ ജൂതമതം സ്വീകരിച്ചവരാണ് ഈ വിഭാഗക്കാര്‍. ഇന്നത്തെ ഇസ്രായേലില്‍ ജീവിക്കുന്ന 30%ത്തോളം പേര്‍ ഈ വിഭാഗക്കാരാണ്. ജൂതരിലെ മറ്റൊരു വിഭാഗമാണ് മിര്‍സാഹി (Mirzahi) വിഭാഗം. മധ്യേഷ്യയിലെ (Middle east) അറബ് വംശജരുമായി ജനിതക ബന്ധമുള്ളവരാണിവര്‍. അപ്പോള്‍ ഈ ജൂത വിഭാഗങ്ങള്‍ക്കെല്ലാം ഫിലസ്തീന്‍ എങ്ങനെയാണ് ബൈബിളിലെ വാഗ്ദത്ത ഭൂമിയാവുക?

മുസ്‌ലിം ഭരണത്തിനു കീഴില്‍ എവിടെയെങ്കിലും ജൂതന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തതായി ചരിത്രത്തില്‍ തെളിവുകളില്ല. എന്നാല്‍ റഷ്യയിലും യൂറോപ്പിലും നടന്ന ആന്റിസെമിറ്റിസം നിലപാടുകളുടെ പേരില്‍ വ്യാപകമായ വിധത്തില്‍ ജൂതര്‍ പീഡനത്തിന് വിധേയരായിരുന്നു. അതിന്റെ ഏറ്റവും തീവ്രമായ രൂപമായിരുന്നു ജര്‍മനിയില്‍ നാസികള്‍ അധികാരത്തില്‍ വന്ന കാലത്തെ വംശശുദ്ധി വാദവും അതിനോടനുബന്ധിച്ചുണ്ടായ ജൂത വിരുദ്ധ നീക്കങ്ങളും. ജൂതരുടെ നിലനില്‍പിനെ പോലും ചോദ്യം ചെയ്യുന്ന വിധം അത് വളര്‍ന്നു. ജൂതര്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് ജൂതര്‍ക്ക് സ്വന്തമായ ഒരു രാഷ്ട്രം എന്ന ചിന്തക്ക് വിത്ത് പാകപ്പെട്ടത്. അത് അര്‍ജന്റീനയില്‍ സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും മധ്യേഷ്യയിലെ അറബ്‌ലോകത്ത് തീരാത്ത ഒരു പ്രതിസന്ധി സൃഷ്ടിക്കണമെന്ന പാശ്ചാത്യശക്തികളുടെ താല്‍പര്യവും ജൂതവിഭാഗത്തിന്റെ കുടില തന്ത്രങ്ങളുമാണ് പ്രസ്തുത രാഷ്ട്രം പലസ്തീനിന്റെ മണ്ണിലാവണമെന്നിടത്തേക്കെത്തിച്ചത്.

1880 ആയപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം ശക്തമായിത്തീര്‍ന്നു. അറബികളുടെ ആതിഥ്യമര്യാദയും പീഡിതരോടുള്ള അനുകമ്പയും അവരുടെ ലക്ഷ്യം എളുപ്പമാക്കി. പക്ഷേ, പിന്നീടത് ഒട്ടകത്തിന് കൂടാരത്തില്‍ സ്ഥലം നല്‍കിയ അറബിയുടെ അനുഭവമായി മാറുകയാണുണ്ടായത്. ഇതോടെ ചെറിയ തോതിലുള്ള ചെറുത്തുനില്‍പുകളും സംഘട്ടനങ്ങളും ആരംഭിച്ചു. സംഘമായി എത്തി ഭൂമി സ്വന്തമാക്കി അത് വളച്ചുകെട്ടി അവിടേക്ക് അറബികള്‍ക്ക് പ്രവേശനം പോലും നിഷേധിക്കുന്ന രീതിയാണ് ജൂതര്‍ സ്വീകരിച്ചത്. 1882ല്‍ റുമേനിയയില്‍ നിന്ന് കുടിയേറിയ 30 ജൂതകുടുംബങ്ങള്‍ കനാന്‍ താഴ്‌വരയിലെ റോഷ്പിനയില്‍ വളച്ചുകെട്ടി താമസമാക്കുകയും അവരുടെ ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ വെടിയേറ്റ് നിരപരാധിയായ ഒരു അറബ് പൗരന്‍ കൊല്ലപ്പെടുകയും ചെയ്തത് കടുത്ത സംഘട്ടനത്തിലേക്ക് നയിച്ചു. എങ്കിലും കുടിയേറ്റം പൂര്‍വോപരി ശക്തിയായി തുടര്‍ന്നു. 1897ല്‍ തിയോഡര്‍ ഹെര്‍സന്‍ എന്ന ആസ്ട്രിയക്കാരനായ ജേര്‍ണലിസ്റ്റ് ജര്‍മന്‍ ഭാഷയില്‍ Der judenstrat (the Jews state) എന്ന പേരില്‍ ജൂതര്‍ക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന് വാദിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം രചിച്ചു. യൂറോപ്പിലെ ആന്റിസെമിറ്റിസത്തിന് പരിഹാരം ഫലസ്തീന്‍ കേന്ദ്രമായുള്ള പ്രസ്തുത രാഷ്ട്രസ്ഥാപനമാണെന്ന് അയാള്‍ വാദിക്കുകയും യുഹൂദരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. ബ്രിട്ടന്റെ എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണ ഈ കാര്യത്തില്‍ ജൂതര്‍ക്ക് ലഭിക്കുകയും ചെയ്തു. എ.ഡി 1900 ആയപ്പോഴേക്കും ഗണ്യമായ ഭാഗം ഭൂമി ജൂതരുടെ കൈയിലായിത്തീര്‍ന്നു. സാധാരണ കച്ചവടത്തില്‍ വില്‍ക്കുന്നവനും വാങ്ങുന്നവനുമാണുള്ളതെങ്കില്‍, ഇവിടെ ഫലസ്തീനിയുടെ ഭൂമി ബ്രിട്ടന്‍ ജൂതനു വില്‍ക്കുക എന്ന തികച്ചും അസാധാരണമായ കച്ചവടമാണ് നടന്നത്. ഒന്നാം ലോകമഹായുദ്ധം വന്നെത്തിയപ്പോള്‍ യഹൂദരുടെ പൂര്‍ണ പിന്തുണ തങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന് ഇത്തരം നടപടികളിലുടെ സാധിക്കുകയും ചെയ്തു. അതായിരുന്നു അടിസ്ഥാനപരമായി അവരുടെ ലക്ഷ്യവും.

1917ല്‍ തുടങ്ങി 1920 ആയപ്പോഴേക്കും ഫലസ്തീന്‍ പൂര്‍ണമായി ബ്രിട്ടന്റെ അധീനതയിലാവുകയും ജൂതാധിനിവേശത്തിന് സര്‍വവിധ സഹായങ്ങളും നല്‍കുകയും ചെയ്തു. 1947 ആയപ്പോഴേക്കും ഫലസ്തീനികള്‍ക്ക് രൂക്ഷമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. മണ്ണിന്റെമക്കള്‍ നാട്ടില്‍നിന്ന് പുറത്താക്കപ്പെടാന്‍ തുടങ്ങി. സാധ്യമാവുന്ന ചെറുത്തുനില്‍പുകള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിലും സാമ്രാജ്യത്യ ശക്തികളുടെ മുഴുവന്‍ പിന്തുണയും അക്രമികളായ യഹൂദര്‍ക്കായിരുന്നു. അങ്ങനെയാണ് പ്രശ്‌നപരിഹാരമെന്ന പേരില്‍ യു.എന്‍ മുന്‍കൈയെടുത്തത് ഫലസ്തീനിന്റെ മണ്ണ് ഫലസ്തീന്‍, ഇസ്രായേല്‍ എന്നീ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കാന്‍ തീരുമാനമായത്; വിശുദ്ധ ക്വുദ്‌സ് യു.എന്നിന്റെ മേല്‍നോട്ടത്തില്‍ നിലനിര്‍ത്താനും. അങ്ങനെ തികച്ചും അന്യായമായി ലക്ഷക്കണക്കിന് ഫലസ്തീനികളെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിച്ചുകൊണ്ട് 1948 മെയ് 15ന് ഇസ്രായേല്‍ എന്ന  രാഷ്ട്രം രൂപംകൊണ്ടു; അന്നും ഇന്നും മധ്യപൂര്‍വേഷ്യയുടെ സമാധാനം കെടുത്തിക്കൊണ്ട്, ലോകസമാധാനത്തിന് ഭീഷണിയായിക്കൊണ്ട്.

ഇസ്രായേല്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയാണെന്നും അതുകൊണ്ട് യഹൂദര്‍ മുഴുവന്‍ അങ്ങോട്ട് നിങ്ങണമെന്നും ആഹ്വാനം ചെയ്ത തിയോഡര്‍ ഹെര്‍സിന്റെ ആഹ്വാനത്തെ തുടര്‍ന്ന്, റിട്ടേണ്‍ ടു സയണ്‍ (Return to Zion) എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. പൗരാണിക ജറുസലേമിലെ കുന്നുകളില്‍ ഒന്നിന്റെ പേരായിരുന്നു സയണ്‍ (Zion) എന്ന് പറയപ്പെടുന്നു. 1987ല്‍ സ്വിറ്റ്‌സര്‍ലാന്റിലെ ബാസലിനിന്‍ ജൂതരുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തുകൊണ്ട് ഫലസ്തീനില്‍ ജൂതരാഷ്ട്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള മൂവ്‌മെന്റിന് സയണിസം എന്ന് പേരിട്ടതും തിയോഡര്‍ ഹെര്‍സന്‍ തന്നെയായിരുന്നു. അബ്രഹാം പ്രവാചകന്റെ പിന്‍തലമുറ തങ്ങള്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മക്കയുള്‍പ്പെടെയുള്ള ജസീറത്തുല്‍ അറബ് മുഴുവനും അധീനപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സയണിസ്റ്റുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിക്രമിച്ചുകയറലും അധീനപ്പെടുത്തലും ഒരു തുടര്‍പ്രക്രിയയാക്കിക്കൊണ്ട് മിഡില്‍ ഈസ്റ്റിനെ സമാധാനമില്ലാത്ത ഒരു ഭൂപ്രദേശമാക്കി ആ രാഷ്ട്രം എന്നും നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല.

മുസ്ലിംകളോട് ചില ഓര്‍മ്മപ്പെടുത്തലുകൾ

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഫലസ്തീന്‍ പ്രദേശവും മസ്ജിദുല്‍ അക്വ്‌സയും ഏറെ പ്രാധാന്യമുള്ളതാണ് ഹിജ്‌റക്കു ശേഷം 16 മാസത്തിലധികം മസ്ജിദുല്‍ അക്വ്‌സയുടെ നേരെ തിരിഞ്ഞാണ് നബി ﷺ യും ﷺ സ്വഹാബികളും നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. പിന്നീട് കഅ്ബയുടെ നേരെ തിരിഞ്ഞുനില്‍ക്കാന്‍ അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴാണ് അതിന് മാറ്റം വന്നത്. ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തുണ്ടായ ശ്രദ്ധേയമായ നിര്‍മ്മാണ പ്രവൃത്തികള്‍ക്കു ശേഷം അമവീ ഖലീഫ അബ്ദുല്‍ മലികിന്റെ കാലത്തും ബൈതുൽ മുഖദ്ദസ് ഏറെ നവീകരിക്കപ്പെട്ടു. കുരിശുയുദ്ധത്തെത്തുടര്‍ന്ന് എ.ഡി 1099ല്‍ ജറുസലേം പിടിച്ചെടുക്കപ്പെട്ടപ്പോള്‍ പള്ളിയും വിശുദ്ധ നഗരിയും അവരുടെ അധീനതയിലായി. 1187ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അതിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ന് പുണ്യനഗരം ജുതരുടെ കൈവശമാണെങ്കിലും പള്ളിയുടെ അധികാരം ഫലസ്തീന്‍ മതകാര്യ വകുപ്പിനു കീഴിലാണ്.

ഫലസ്ത്വീൻ വിഷയം ഒരു ഭൂമിയുടെ വിഷയം മാത്രമല്ല, മറിച്ച് ഇസ്ലാമിക വിഷയമാണ്. ആ ഭൂമിയിൽ ജൂതന്മാർക്ക് ഒരു അവകാശവുമില്ല. ഇസ്റാഈൽ എന്നൊരു രാജ്യം  അവിടെ ഇല്ലായിരുന്നു. എല്ലാവരാലും ആട്ടിയോടിപ്പിക്കപ്പെട്ട ജൂതർക്ക് അഭയം നൽകിയവരാണ് ഫലസ്തീനികൾ. പക്ഷേ  പിന്നീട്, അഭയം നൽകിയവരെ ആക്രമിച്ച് ഫലസ്തീൻ ഭൂമിയുടെ നല്ലൊരു ഭാഗം പിടിച്ചെടുത്ത് അവിടെ ജൂതന്മാർ ഭരണകൂടം സ്ഥാപിച്ചു. അത് ചില വന്‍കിട ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ കൊണ്ടും പരിശ്രമം കൊണ്ടും മാത്രം സ്ഥാപിതമായതും, നിലനിന്നു പോരുന്നതുമാകുന്നു. ആ വന്‍കോയ്മകളുടെ താങ്ങും തണലും എപ്പോള്‍ ഇല്ലാതാകുന്നുവോ, അതോടെ അതിന്റെ നിലനില്‍പും അസാദ്ധ്യമായിത്തീരും.

ജൂതൻമാരിൽ ശിര്‍ക്കും ദുരാചാരങ്ങളും തോന്നിയവാസങ്ങളും പടര്‍ന്നുപിടിച്ചപ്പോൾ അവര്‍ക്ക് ഫലസ്തീൻ നഷ്ടപ്പെട്ടു. അതിൽ മുസ്ലിംകൾക്ക് പാഠമുണ്ട്. മുസ്ലിംകൾ തൗഹീദിലും സുന്നത്തിലും അടിയുറച്ച് നിൽക്കുന്ന കാലത്തേ അവര്‍ക്ക് ഫലസ്തീനും സര്‍വ്വ സ്വതന്ത്രമായി ഫലസ്തീനും ലഭിക്കുകയുള്ളൂ. ലോക മുസ്ലിംകൾ ഈ സത്യം മനസ്സിലാക്കണം. ഫലസ്തീൻ ഐക്യറാലിയും മറ്റും സംഘടിപ്പിക്കുന്നവരും ഇത് മനസ്സിലാക്കണം. എല്ലാവരും അല്ലാഹുവിന്റെ ഇടപെടലും സഹായവുമാണല്ലോ പ്രതീക്ഷിക്കുന്നത്.

قال شيخ الإسلام ابن تيمية رحمه الله:والرافضة كانوا من أعظم الأسباب في استيلاء النصارى قديمًا على بيت المقدس، حتى استنقذه المسلمون منهم

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:വളരെ മുമ്പ് ക്രിസ്ത്യാനികൾ ഖുദ്സ് പിടിച്ചെടുത്തതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ശിയാക്കളായിരുന്നു. അതിനു ശേഷം മുസ്ലീങ്ങൾ ക്രിസ്ത്യാനികളിൽ നിന്നും അത് മോചിപ്പിച്ചെടുത്തു. (മിൻഹാജുസ്സുന്ന: 7/414)

قال الإمام محمد ناصر الدين ‎الألباني رحمه الله : إن أراد المسلمون عودة ‎القدس فليغيروا : عقائدهم الفاسدة وأخلاقهم السيئة ..

ഇമാം മുഹമ്മദ്‌ നാസ്വിറുദ്ദീൻ അൽ അൽബാനി  رَحِمـهُ الله  പറഞ്ഞു : ഖുദ്‌സിന്റെ മടങ്ങി വരവ്‌ മുസ്ലിംകൾ ഉദ്ധേശിക്കുന്നുവെങ്കിൽ അവരുടെ ദുഷിച്ച വിശ്വാസങ്ങളും (അഖീദകളും), മോശം സ്വഭാവങ്ങളും (പെരുമാറ്റങ്ങളും) അവർ മാറ്റട്ടെ … [حاشية صحيح الترغيب والترهيب (١/ ١٨٧)]

ഫലിസ്തീനിയായ ശൈഖ് മുഹമ്മദ്‌ അല്‍ അമീന്‍ അല്‍ – ഹുസൈനി തന്‍റെ രാജ്യത്ത്‌ നിന്ന്‍ മതം പഠിക്കാന്‍ വന്ന ചില വിദ്യാര്‍ഥികളോടൊപ്പം കൂടിയിരിക്കുമ്പോള്‍ അവരില്‍ ഒരാള്‍ ചോദിച്ചു: എന്നാണ് ഫലസ്തീനിലേക്ക് നാം മടങ്ങിപ്പോവുക? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിലേക്ക്‌ മടങ്ങിയാല്‍ നിങ്ങള്‍ക്ക്‌ ഫലസ്തീനിലേക്ക് മടങ്ങിച്ചെല്ലാന്‍ കഴിയും! ( മതാ തഊദു ഇലയ്നാ ഫലസ്തീന്‍ – മുഹമ്മദ്‌ സഈദു റസ്ലാന്‍ )

ശൈഖ് ഇബ്നു ബാസ്  رحمه الله  പറഞ്ഞു :ഫലസ്തീൻ പ്രശ്നം അത് പൂർണമായും ഇസ്ലാമിക വിഷയമാണ്. ഇസ്‌ലാമിന്റെ ശത്രുക്കൾ ഇസ്ലാമിന്റെ പരിധിയിൽ നിന്നും അതിനെ പുറത്തതാക്കി അറബികളുടെ പ്രശ്നം എന്ന രൂപത്തിൽ ചുരുക്കി ചിത്രീകരിക്കാൻ അതിയായി പരിശ്രമിക്കുന്നുണ്ട്. അതിൽ ഒരു പരിധി വരെ അവർ വിജയിക്കുകയും ചെയ്തു.ഫലസ്തീൻ പ്രശ്നം പരിഹരിക്കാൻ മുസ്‌ലിം സമൂഹം കൈകോർക്കണം. അത് ഇസ്‌ലാമിന്റെ വിഷയമായി പരിഗണിക്കണം.ഫലസ്തീൻ ഭൂമി തിരികെ ലഭിക്കും വരെ ജൂതന്മാർക്കെതിരിൽ പോരാടാനും തയ്യാറാവണം. (ഫതാവാ ഇബ്നു ബാസ്)

قال الشيخ سليمان الرحيلي حفظه الله: من ظن أنه سيحرر الأقصى وينصر إخواننا في فلسطين من ليس من أهل السنة فهو جاهل بالشرع والواقع ، فمن ليس على السنة دماء أهل السنة عنده أحل من دماء اليهود ، واسألوا التاريخ القديم والواقع الأليم فيا إخواننا في كل مكان لا يخدعنكم المتلاعبون بقضية الأقصى وبعواطف المسلمين ، وتمسكوا بالسنة واجعلوا أيديكم مع أهل السنة

ശൈഖ് സുലൈമാൻ അർറുഹൈലീ حفظه الله പറയുന്നു: അഹ്ലുസ്സുന്നയുടെ വക്താക്കളല്ലാത്തവർ അൽഅഖ്സയെ വീണ്ടെടുക്കുമെന്നും, ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങളെ സഹായിക്കുമെന്നും ആരെങ്കിലും കരുതുന്നുവെങ്കിൽ അവൻ മതവും യാഥാർത്ഥ്യവും മനസ്സിലാക്കാത്ത വിവരദോഷിയാണ്. സുന്നത്തിൽ നിലകൊള്ളാത്തവനെ സംബന്ധിച്ചിടത്തോളം അവന്റെയടുക്കൽ അഹ്ലുസ്സുന്നയുടെ രക്തം യഹൂദരുടെ രക്തത്തെക്കാൾ നിസ്സാരമായിരിക്കും. അതറിയണമെങ്കിൽ പൂർവ്വകാല ചരിത്രവും സമകാലിക വിപത്തിനെയും നിങ്ങൾ ചേർത്തു വായിക്കണം. ലോകത്തുള്ള എല്ലാ സഹോദരങ്ങളോടും എനിക്ക് പറയാനുള്ളത് ; അൽ അഖ്സാ വിഷയത്തെയും, മുസ്ലിങ്ങളുടെ വൈകാരികതയെയും മുതലെടുക്കുന്നവർ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. നിങ്ങൾ സുന്നത്തിനെ മുറുകെപ്പിടിക്കുകയും അഹ്ലുസ്സുന്നയോടൊപ്പം അണി നിരക്കുകയും ചെയ്യുക. (ശൈഖിന്റെ ട്വിറ്ററിൽ 4/11/23 ൽ രേഖപ്പെടുത്തിയത്)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *