സൂറ: ശൂറാ 39-43 ആയത്തുകളിലൂടെ ……
സജ്ജനങ്ങളുടെ ഗുണമായി അല്ലാഹു പറയുന്നു:
وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ
തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും. (ഖുര്‍ആൻ:42/39)
وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ أَيْ: وَصَلَ إِلَيْهِمْ مِنْ أَعْدَائِهِمْ هُمْ يَنْتَصِرُونَ لِقُوَّتِهِمْ وَعِزَّتِهِمْ، وَلَمْ يَكُونُوا أَذِلَّاءَ عَاجِزِينَ عَنِ الِانْتِصَارِ.
{തങ്ങൾക്ക് വല്ല മർദനവും നേരിട്ടാൽ} അതായത്: ശത്രുക്കളിൽ നിന്ന്. (രക്ഷാനടപടി സ്വീകരിക്കുന്നവർക്കും) ശക്തിയോടെയും പ്രതാപത്തോടെയും രക്ഷാനടപടി സ്വീകരിക്കുന്ന കാര്യത്തിൽ അവർ താഴ്ന്നുകൊടുക്കുകയോ അശക്തരാവുകയോ ഇല്ല. (തഫ്സീറുസ്സഅ്ദി)
അതായത്, അക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ, ഭീരുത്വവും ചപലതയും കാണിക്കാതെ, ധീരവും സമർത്ഥവുമായ നിലയിൽ അതിനെ ചെറുക്കുകയും പ്രതികാര നടപടികളെടുക്കുകയും ചെയ്യുക. എതിരാളിയോട് പ്രതികാരം ചെയ്യാതെ മാപ്പു നൽകുവാൻ പ്രോൽസാഹനം നൽകികൊണ്ടുള്ള കൽപനകളും, ഇപ്പറഞ്ഞതും തമ്മിൽ വൈരുദ്ധ്യമൊന്നുമില്ല. രണ്ടിന്റെയും സന്ദർഭങ്ങൾ വ്യത്യസ്തമാണ്.
മാപ്പു നൽകുന്നതിനെക്കുറിച്ചും പ്രതികാരനടപടി എടുക്കുന്ന പക്ഷം അതെങ്ങിനെയായിരിക്കണമെന്നും അടുത്ത വചനങ്ങളിൽ പ്രസ്താവിക്കുന്നു.
وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ
ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മ തന്നെയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. (ഖുര്‍ആൻ:42/40)
ഒരു തിന്മക്ക് പ്രതികാരം ചെയ്യുമ്പോൾ ഇങ്ങോട്ട് ചെയ്‌ത അതേ പ്രകാരത്തിൽ മാത്രമേ അങ്ങോട്ടും ചെയ്യാൻ പാടുള്ളൂ; അതിൽ കവിയുവാൻ പാടില്ല. തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാണ്. ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മ തന്നെയാകുന്നു എന്ന് പറഞ്ഞതിന്റെ താൽപര്യം അതാണ്.
وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّٰبِرِينَ
നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ച് കൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം. (ഖുര്‍ആൻ:16/126)
فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക്കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:2/194)
എന്നീ വചനങ്ങൾ ഈ വിഷയം കൂടുതൽ വ്യക്തമാക്കുന്നു. കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, പല്ലിന് പല്ല്, എന്നിങ്ങനെ കൃത്യമായിട്ടായിരിക്കണം പ്രതികാരം എന്നുള്ളത് ഇസ്‌ലാമിലെ ഖണ്ഡിതമായ നിയമമാണ്. പ്രതികാരം എടുക്കുന്നത് അക്രമി ഇങ്ങോട്ട് ചെയ്‌ത അതേ പ്രകാരത്തിലായിരിക്കയാൽ രണ്ട് ഭാഗക്കാരുടെ പ്രവർത്തനവും ഒരേ രീതിയിലുള്ളതായിരിക്കുമല്ലോ. അതു കൊണ്ടാണ് രണ്ടിനെക്കുറിച്ചും ‘തിന്മ’ എന്നും ‘അതിക്രമം’ എന്ന് (سَيِّئَة، ٱعْتَدَىٰ) അല്ലാഹു പറഞ്ഞിരിക്കുന്നത്.
അക്രമിക്കപ്പെട്ടവന്റെ ഒരാവകാശമെന്ന നിലക്കും, സമുദായത്തിൽ നീതി നിലനിറുത്തുവാൻ ആവശ്യമെന്ന നിലക്കുമാണ് പ്രതികാരനടപടി അംഗീകരിക്കപ്പെട്ടിരിക്കുന്നത്; പക്ഷേ, അത് വാസ്തവത്തിൽ ഇങ്ങോട്ട് ചെയ്തതുപോലെയുള്ള അക്രമവും തിന്മയുംതന്നെയാണല്ലോ. അതിനാൽ കഴിവതും അത് ഒഴിവാക്കുകയും തൽസ്ഥാനത്ത് മാപ്പും വിട്ടുവീഴ്ചയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് മാന്യവും പുണ്യവുമായിട്ടുള്ളത്. ആയത്തിന്റെ അടുത്തഭാഗം അതാണ് സൂചിപ്പിക്കുന്നത്.
മാപ്പ് നൽകിയതുകൊണ്ട് മതിയാക്കാതെ, നിലവിലുള്ള ശത്രുതാമനഃസ്ഥിതി അവസാനിപ്പിക്കുകയും നല്ലപെരുമാറ്റം വഴി സ്നേഹബന്ധം സ്ഥാപിക്കുകയും ചെയ്യുമ്പോൾ പ്രസ്‌തുത ഗുണം കൂടുതൽ മെച്ചപ്പെട്ടതായിത്തീരുകയും, പ്രതിയോഗിക്ക് അതൊരു ഗുണപാഠമായിത്തീരുകയും ചെയ്യുന്നു.
وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ ﴿٣٤﴾ وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ ﴿٣٥﴾
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. (ഖുർആൻ:41/34-35)
അതുകൊണ്ടുതന്നെയാണ് മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു എന്ന് പ്രത്യേകം പ്രസ്‌താവിക്കുന്നതും.
സൂറ: ശൂറാ 40 ാമത്തെ ആയത്ത് വിശദീകരിച്ച് ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله പറയുന്നു: ശിക്ഷയുടെ മൂന്ന് തലങ്ങളാണ് ഈ വചനത്തിൽ പരാമർശിക്കുന്നത്. ഇതിന് മൂന്ന് തലങ്ങളുണ്ട്: നീതി, ശ്രേഷ്ഠമായത്, അക്രമപരമായത് എന്നിങ്ങനെ. നീതിയുടെ തലമെന്നത് തിന്മയ്ക്ക് പകരം തത്തുല്യമായത് ചെയ്യുക. കൂടുകയോ കുറയുകയോ ചെയ്യാതെ ജീവനു ജീവൻ, എല്ലാ മുറിവിനും തത്തുല്യമായത്. ധനമാണെങ്കിൽ തുല്യമായ ധനം. ശ്രേഷ്ഠതയുടെ തലമെന്നത് തിന്മ ചെയ്തവന് വിട്ടുവീഴ്ച നൽകുകയും രജ്ഞിപ്പുണ്ടാക്കുകയും ചെയ്യുക എന്നതാണ്. അതാണ് അല്ലാഹു പറഞ്ഞത്: {ആരെങ്കിലും മാപ്പ് നൽകുകയും രഞ്ജിപ്പ് ഉണ്ടാക്കുകയുമാണെങ്കിൽ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു} അവന് അല്ലാഹു മഹത്തായ പ്രതിഫലം നൽകും, ധാരാളമായി. എന്നാൽ വിട്ടുവീഴ്ചയ്ക്കും രഞ്ജിപ്പുണ്ടാക്കലിനുമെല്ലാം ചില നിബന്ധനകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്തവൻ വിട്ടുവീഴ്ചക്ക് അർഹനല്ലാതിരിക്കുകയോ മതപരമായി അവന്റെ ശിക്ഷ നടപ്പിലാക്കേണ്ടതുമാണെങ്കിൽ അവിടെ വിട്ടുവീഴ്ച നിർദേശിക്കപ്പെട്ടിട്ടില്ല. വിട്ടുവീഴ്ച ചെയ്യുന്നവന്റെ പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയാണെന്ന് പറഞ്ഞാൽ തന്റെ ദാസന്മാരോട് അവനിഷ്ടപ്പെടുന്ന പ്രകാരം പ്രവർത്തിക്കുന്നവരോട് അതുപോലെ അല്ലാഹു പ്രതികരിക്കും. തനിക്ക് അല്ലാഹു ഏത് രൂപത്തിൽ വിട്ടുവീഴ്ച നൽകണമെന്നാണോ ആഗ്രഹിക്കുന്നത് അതുപ്രകാരം അവർക്കും വിട്ടുവീഴ്ച നൽകണം. തന്നോട് അല്ലാഹു കാണിക്കണമെന്നാഗ്രഹിക്കുന്ന വിശാലത അവരോട് കാണിക്കണം. പ്രതിഫലം പ്രവർത്തനത്തിന്റെ അതേ തരത്തിൽ തന്നെയായിരിക്കും. എന്നാൽ അനീതിയുടെ തലം; അതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത്: {അക്രമം പ്രവർത്തിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല} മറ്റുള്ളവരോട് ഒരു കാരണവുമില്ലാതെ അക്രമം കാണിക്കുന്നവർ, അല്ലെങ്കിൽ അക്രമം ചെയ്തവരോട് അവൻ ചെയ്ത കുറ്റത്തെക്കാൾ വർധിച്ച അനീതി ചെയ്യുന്നവർ. (തഫ്സീറുസ്സഅ്ദി)
وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ ﴿٤١﴾ إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ ﴿٤٢﴾
താന്‍ മര്‍ദ്ദിക്കപ്പെട്ടതിന് ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍ഗവുമില്ല. ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ മാത്രമേ (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളൂ. അത്തരക്കാര്‍ക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും.(ഖുര്‍ആൻ:42/41-42)
അക്രമത്തിനും കയ്യേറ്റത്തിനും വിധേയനായവൻ നിയമാനുസൃതം രക്ഷാനടപടി എടുക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്യുന്നത് തടയുവാനും, അതിനെപ്പറ്റി ആക്ഷേപിക്കുവാനും, അതിന്റെ പേരിൽ അവനെ അക്രമിക്കുവാനും പാടില്ല. നേരെമറിച്ച് വ്യക്തികളെ ആക്രമിക്കുക, നാട്ടിൽ അതിക്രമവും കുഴപ്പവും ഉണ്ടാക്കുക മുതലായവ ചെയ്യുന്ന ദ്രോഹികൾക്കെതിരിൽ മാത്രമേ അതെല്ലാം ചെയ്യാവൂ. ഇഹത്തിൽ വെച്ചുള്ള നടപടികൾക്ക് പുറമെ, അല്ലാഹുവിന്റെ അടുക്കൽ വെച്ചു അതികഠിനമായ ശിക്ഷക്ക് ഇവർ വിധേയരായിരിക്കും. എന്നതൊക്കെയാണ് 41, 42 എന്നീ ആയത്തുകളിൽ പ്രസ്‌താവിക്കുന്നത്. (അമാനി തഫ്സീര്‍)
“ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുകയും” എന്നതിൽ ജനങ്ങളോടുള്ള എത് അക്രമവും അനീതിയും ഇതിൽപെടും. ആ അക്രമം അവരുടെ രക്തത്തിലോ സമ്പത്തിലോ അഭിമാനത്തിലോ ഏതിലായാലും. (തഫ്സീറുസ്സഅ്ദി)
{وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ} (തങ്ങൾക്ക് വല്ല മർദനവും നേരിട്ടാൽ) എന്ന വചനവും { وَلَمَنِ انْتَصَرَ بَعْدَ ظُلْمِهِ }(താന്‍ മര്‍ദ്ദിക്കപ്പെട്ടതിന് ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം) എന്നീ വചനങ്ങളുമെല്ലാം അക്രമം അനിവാര്യമായും സംഭവിച്ചിരിക്കണം എന്നതിനെ അറിയിക്കുന്നു. (തഫ്സീറുസ്സഅ്ദി)
എന്നാൽ മറ്റൊരാളുടെമേൽ അക്രമം ഉദ്ദേശിച്ചാൽ അതായത് സംഭവിച്ചിട്ടില്ല എങ്കിൽ തുല്യമായ പ്രതിക്രിയ ചെയ്യാവതല്ല. മറിച്ച് അവനിൽനിന്നുണ്ടായ വാക്കിനും പ്രവൃത്തിക്കും ഒരു താക്കീത് നൽകലോ മര്യാദ പഠിപ്പിക്കലോ മാത്രമെ പാടുള്ളൂ. (തഫ്സീറുസ്സഅ്ദി)
അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (إِنّهُ لا يُحِبُّ الظَالِمِين) എന്ന വാക്യത്തിൽ ആദ്യമായി അക്രമം നടത്തിയവൻ മാത്രമല്ല, പ്രതികാര നടപടിയിൽ അതിര് കവിഞ്ഞവനും ഉൾപ്പെടുന്നു. (അമാനി തഫ്സീ൪)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْمُسْتَبَّانِ مَا قَالاَ فَعَلَى الْبَادِئِ مَا لَمْ يَعْتَدِ الْمَظْلُومُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് പേർ അന്യോന്യം പഴി പറയുമ്പോൾ അക്രമത്തിന് വിധേയനായവൻ അങ്ങോട്ടുള്ള മറുപടിയിൽ അതിര് വിട്ട് പറയാത്ത പക്ഷം, രണ്ട് പേരും, അന്യോന്യം പറഞ്ഞതിന്റെ കുറ്റം മുഴുവനും ആദ്യം പറയുവാൻ തുടങ്ങിയവന്റെ പേരിലായിരിക്കും. (മുസ്‌ലിം :2587)
وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ
വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു. (ഖുര്‍ആൻ:42/43)
43-ാം വചനത്തിൽ ക്ഷമയുടെയും, മാപ്പ് നൽകുന്നതിന്റെയും പ്രാധാന്യം ഒന്നുകൂടി ആവർത്തിച്ച് ഉണർത്തിയിരിക്കുകയാണ്. അത് മനോദാർഢ്യതയിൽനിന്ന് ഉളവാകുന്ന ഒരു മഹത്തായ ഗുണമാണെന്നും അല്ലാഹുവിന്റെ അടുക്കൽ അത് നിസ്സാരമല്ല – വളരെ വീര്യപ്പെട്ടതാണ് – എന്നുകൂടി ഊന്നിപ്പറയുന്നു. (അമാനി തഫ്സീര്‍)
{വല്ലവനും ക്ഷമിക്കുകയും} ആളുകളിൽനിന്നും തനിക്ക് നേരിടേണ്ടിവരുന്ന ഉപദ്രവങ്ങളിൽ. {പൊറുക്കുകയും} അവരിൽനിന്ന് സംഭവിച്ച കാര്യത്തിൽ അവർക്ക് വിട്ടുവീഴ്ച നൽകുക. {തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു} അല്ലാഹു ഊന്നൽ നൽകുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഇതെല്ലാം. മാത്രവുമല്ല, മഹാഭാഗ്യവും ക്ഷമയും ഉള്ളവർക്കല്ലാതെ അത് സാധ്യമെല്ലന്നും അവനറിയിച്ചിട്ടുണ്ട്. ഇത്തം കാര്യങ്ങൾ നിർവഹിക്കാനാവുന്നത് മനക്കരുത്തും മനോദൃഢതയുമുള്ളവർക്ക് മാത്രമാണ്; അതുപോലെ ബുദ്ധിയും ഉൾക്കാഴ്ചയും ഉള്ളവർക്കും. (തഫ്സീറുസ്സഅ്ദി)
തനിക്കെതിരെ വരുന്ന വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള കാര്യങ്ങളിൽ രക്ഷാനടപടി ഉപേക്ഷിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ആ ബുദ്ധിമുട്ടുകൾ സഹിക്കലും അതിന് വിട്ടുവീഴ്ച ചെയ്യലും നന്മകൊണ്ട് പ്രതിരോധിക്കലും അങ്ങേയറ്റം പ്രയാസകരമാണ്. എന്നാൽ സ്വന്തത്തോട് സമരം ചെയ്യുന്നവർക്കും അതിന് അല്ലാഹുവിന്റെ സഹായം തേടുന്നവർക്കും അല്ലാഹു എളുപ്പമാക്കിക്കൊടുത്തവർക്കും അത് നിഷ്പ്രയാസം ചെയ്യാനാവും. തുടർന്ന് ഒരാൾക്ക് അത് അതിന്റെ മധുരവും സദ്ഫലങ്ങളും ഹൃദയവിശാലതയും ആസ്വാദനവും അതിൽ അനുഭവപ്പെടുന്നു. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com