അനാദരിക്കാന്‍ പാടില്ലാത്ത 5 കാര്യങ്ങൾ

സത്യവിശ്വാസികള്‍ അനാദരിക്കുവാന്‍ പാടില്ലാത്ത  അഥവാ അവര്‍ പവിത്രമായി കരുതി ആദരിച്ചു പോരേണ്ടുന്ന  5 കാര്യങ്ങളെ വിശുദ്ധ ഖുര്‍ആൻ വിശദീകരിക്കുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحِلُّوا۟ شَعَٰٓئِرَ ٱللَّهِ وَلَا ٱلشَّهْرَ ٱلْحَرَامَ وَلَا ٱلْهَدْىَ وَلَا ٱلْقَلَٰٓئِدَ وَلَآ ءَآمِّينَ ٱلْبَيْتَ ٱلْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَٰنًا ۚ

സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്‌.) (ഖു൪ആന്‍:5/2)

(1) شَعَائِرَ اللَّـهِ (അല്ലാഹുവിന്റെ ചിഹ്നങ്ങള്‍)

ഇസ്‌ലാമിന്റെ പ്രത്യേക അടയാളമായി കരുതപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും പൊതുവില്‍ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണിത്. ഏതെങ്കിലും ഒരു മതത്തിന്റെയോ, സംഘടനയുടെയോ, സംസ്‌കാരത്തിന്റെയോ പ്രത്യേക അടയാളമായി കണക്കാക്കപ്പെടുന്നതെല്ലാം അതിന്റെ شَعَائِر (ചിഹ്നങ്ങള്‍) ആകുന്നു. ഹജ്ജ് – ഉംറഃ കര്‍മ്മങ്ങളോടും, മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യമെന്നു സന്ദര്‍ഭംകൊണ്ടു മനസ്സിലാക്കാം. അതാതില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളും ആദരവും ലംഘിക്കാതെ അതിന്റെ പവിത്രത സൂക്ഷിക്കല്‍ നിര്‍ബന്ധമാണെന്നു ചുരുക്കത്തില്‍ പറയാം. അല്ലാഹു പറയുന്നു:

وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ

ആരെങ്കിലും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയിൽ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍ : 22/32)

ഏതെങ്കിലും ഒരു മതത്തിന്റെയോ ഭരണകൂടത്തിന്റെയോ മറ്റോ നിയമങ്ങളെ ലംഘിക്കുന്നതിനെക്കാള്‍ ഗൗരവപ്പെട്ട ഒരു കുറ്റമായിട്ടാണ് അതിന്റെ ചിഹ്നങ്ങളെ അനാദരിക്കല്‍ കണക്കാക്കപ്പെടുക. ഇസ്‌ലാമിലും അതങ്ങിനെത്തന്നെ. ചിഹ്നത്തെ അനാദരിക്കുന്നതിന്റെ പിന്നിലുള്ളതു ധിക്കാരവും പരിഹാസവുമായിരിക്കും. ഇതാണതിനു കാരണം. നിയമം ലംഘിക്കുന്നതിനു കാരണം പലതും ആയിരിക്കാവുന്നതാണല്ലോ. അല്ലാഹുവിന്റെ ചിഹ്നങ്ങളെപ്പറ്റി മൊത്തത്തില്‍ പറഞ്ഞശേഷം അവയില്‍ ചിലതിനെ അല്ലാഹു പ്രത്യേകം തുടര്‍ന്നു പറഞ്ഞിരിക്കുകയാണ്:

(2) الشَّهْرَ الْحَرَامَ (പവിത്രമായ മാസം)

ദുല്‍ക്വഅ്ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം എന്നീ തുടര്‍ന്നുള്ള മൂന്നു മാസങ്ങളും റജബ് മാസവുമാണ് ഹറാമായ മാസങ്ങള്‍.

عَنْ أَبِي بَكْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا، أَرْبَعَةٌ حُرُمٌ، ثَلاَثٌ مُتَوَالِيَاتٌ، ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ ‏

അബൂബക്കര്‍ رضى الله عنه വിൽ നിന്നും നിവേദനം:  നബി ﷺ പറഞ്ഞു: നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, (അതായത്) ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബാണ് (നാലാമത്തേത്) (ബുഖാരി:4662)

ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമളാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് ‘റജബു മുളര്‍’ എന്ന് നബി ﷺ വ്യക്തമാക്കിയത്.

ഈ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അക്കാലത്തു യുദ്ധം നടത്തുന്നത് അതിനെ അനാദരിക്കലായിരിക്കും. പക്ഷേ, അക്കാലത്തു തന്നെ ശത്രുക്കള്‍ ഇങ്ങോട്ടുവന്ന് ആക്രമണം നടത്തിയാല്‍ അവരോടു പ്രത്യാക്രമണം നടത്തുന്നതിനു വിരോധമില്ല താനും.

ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَٰتُ قِصَاصٌ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ ‎

വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ (തിരിച്ചടിക്കുക.) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍ :2/194)

(3) الْهَدْي  (ബലി കര്‍മ്മത്തിനായി കഅ്ബയുടെ അടുക്കലേക്കു കൊണ്ടുപോകുന്ന മൃഗങ്ങൾ)
(4) وَالْقَلَائِد (ആ മൃഗങ്ങളുടെ പ്രത്യേക അടയാളമായിക്കൊണ്ട് അവയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയ വസ്തുക്കൾ)

കഅ്ബഃയുടെ അടുക്കലേക്കു ബലിമൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ അവയുടെ കഴുത്തില്‍ ചെരുപ്പോ, മരത്തൊലിയോ ഒരടയാളമായി കെട്ടിത്തൂക്കുന്ന പതിവു മുന്‍കാലത്തുണ്ടായിരുന്നു. ഹജ്ജിനും ഉംറഃക്കും പോകുന്ന ആളുകളും അതുപോലെ ചില അടയാളങ്ങള്‍ സ്വീകരിക്കലും പതിവുണ്ടായിരുന്നു. അന്യരുടെ കയ്യേറ്റത്തില്‍ നിന്നും അനാദരവില്‍നിന്നും സുരക്ഷിതത്വം ലഭിക്കലായിരിക്കും ഇതിന്റെ ഉദ്ദേശ്യം. ഇങ്ങിനെയുള്ള അടയാളങ്ങള്‍ക്കും ബലിമൃഗങ്ങള്‍ക്കും ഉപദ്രവം വരുത്തുന്നതോ, അവയെ നിസ്സാരപ്പെടുത്തുന്നതോ ആയ പ്രവൃത്തികളൊന്നും ചെയ്യരുതെന്നും, അവയൊക്കെ അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാണെന്നും സാരം. നബി ﷺ ഹജ്ജിനു പോയപ്പോള്‍ 60ല്‍ പരം ഒട്ടകങ്ങളെ ബലി മൃഗങ്ങളായി കൂടെ കൊണ്ടുപോവുകയും ദുല്‍ഹുലൈഫഃ എന്ന വാദില്‍ അക്വീക്വില്‍വെച്ച് അവിടുന്നു ഇഹ്‌റാമില്‍ പ്രവേശിക്കുകയും ബലി മൃഗങ്ങള്‍ക്കു അടയാളം കെട്ടുകയും ചെയ്തത് പ്രസ്താവ്യമാകുന്നു.

(5) آمِّينَ الْبَيْتَ الْحَرَامَ يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَانًا (അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടികൊണ്ട് അലംഘനീയ മന്ദിരമായ കഅ്ബഃയെ ഉന്നംവെച്ചു ചെല്ലുന്നവര്‍)

ഇവരെയും ഉപദ്രവിക്കുകയോ, തടയുകയോ, അപമാനിക്കുകയോ ചെയ്യരുതെന്നു താല്‍പര്യം. കഅ്ബഃയും അതിന്റെ പരിസര പ്രദേശമായ ഹറമും ഇബ്‌റാഹീം നബി  عليه السلام  മുതല്‍ക്കേ ഒരു അഭയ കേന്ദ്രവും, ഇസ്‌ലാമിന്റെ സങ്കേതവുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണു. അതുകൊണ്ട് ആ സ്ഥാനങ്ങളെ ഉന്നംവെച്ചു പോകുന്നവരോടു മര്യാദകേടായി വല്ലതും പ്രവര്‍ത്തിക്കുന്നതു വിരോധിക്കപ്പെട്ടിരിക്കുന്നു. ഹജ്ജിനോ ഉംറഃക്കോവേണ്ടി പോകുന്നവരെ മാത്രമല്ല, വല്ല ഉപജീവന മാര്‍ഗവും തേടി അങ്ങോട്ടു പോകുന്നവരെയും ഉപദ്രവിക്കാന്‍ പാടില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിപ്പോകുക (يَبْتَغُونَ فَضْلًا مِّن رَّبِّهِمْ وَرِضْوَانًا) എന്ന വാക്കില്‍ ഇതും ഉള്‍പ്പെടുമെന്നു പല വ്യാഖ്യാതാക്കളും ചൂണ്ടിക്കാട്ടിയിരിക്കുന്നു.

മേല്‍പറഞ്ഞ അഞ്ചു കാര്യങ്ങളും ഏറെക്കുറെ മുശ്‌രിക്കുകളും അംഗീകരിച്ചു വന്നിരുന്നു. അവര്‍ അംഗീകരിച്ചു വന്നിരുന്ന ആ നല്ല കാര്യങ്ങള്‍ മുസ്‌ലിംകളും കര്‍ശനമായി പലിക്കേണ്ടതുണ്ട്, ജാഹിലിയ്യാ സമ്പ്രദായങ്ങളെന്നുവെച്ച് അവയെ അവഗണിച്ചുകൂടാ.

 

അവലംബം : അമാനി തഫ്സീര്‍

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *